ഓണം പിറന്നാലും ഉണ്ണി പിറന്നാലും സദ്യ പാഴ്‌സലായി വാങ്ങുന്നതാണ് ഇന്ന് ഫാഷൻ.
എന്തിന്, വീട്ടിൽ നാലാൾ കൂടുതൽ വന്നാലും പാഴ്‌സലിനെ ആശ്രയിക്കുകയാണ് ഇന്ന് പലരും. നല്ല വിഭവങ്ങൾ നന്നായി വീട്ടിലുണ്ടാക്കാനുള്ള സമയവും സൗകര്യവുമില്ല എന്നതാണ് ഇതിന് പറയുന്ന ന്യായം. വാസ്‌തവത്തിൽ സമയവും സൗകര്യവും ഇന്നത്തെ തലമുറയ്‌ക്ക് കൂടുതലാണ്. ഇല്ലാത്തത് വിവരമാണ്. വിരുതുമാണ്. ഓരോ വിഭവവും ഓരോ ഉല്‌പന്നമാണ്. മൊബൈൽ ഫോണും കമ്പ്യൂട്ടറും പോലെ തന്നെ പ്രധാനവും സങ്കീർണ്ണവുമായ ഉല്‌പന്നം.
അത് നന്നായി തയ്യാറാക്കാൻ അടിസ്‌ഥാനപരമായ അറിവു വേണം. വൈദഗ്‌ദ്ധ്യവും വേണം. അറിവുള്ളയാൾക്ക് പരശീലനം കൊണ്ട് നല്ല വിഭവങ്ങൾ ഉണ്ടാക്കാനാകും. പരിശീലനത്തിനിടെ അറിവ് സ്വാഭാവികമായി ആർജിക്കുകയാണ് പരമ്പരാഗതമായ രീതി.
നല്ല പാചക പരിശീലനം യഥാർത്ഥത്തിൽ നല്ല ഒരു വിദ്യാഭ്യാസമാണ്. നല്ല എൻജിനീയറാകാനും നഴ്‌സാകാനും ഡോക്‌ടറാകാനും ടെക്‌നിഷ്യനാകാനും അടിസ്‌ഥാന പരിശീലനം സഹായിക്കും. മനുഷ്യൻ കണ്ടെത്തിയ ഏറ്റവും നല്ല മൗലിക വിദ്യകളാണ് പാചകകലകളിലുള്ളത്. എത്രയെത്ര വിഭവങ്ങൾ. എത്രയെത്ര പൊടിക്കൈകൾ. എത്രയോ വൈവിധ്യമാർന്ന ചേരുവകൾ. ഓരോന്നിന്റെയും നിർമാണത്തിന് ഒരേ സമയം സാങ്കേതിക വൈവിധ്യവും സൗന്ദര്യബോധവും സംസ്‌കാരബോധവും ആവശ്യമാണ്. നമ്മുടെ ഓരോ വിഭവവും ഓരോ കണ്ടെത്തലാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടുമാണ് വീട്ടിൽ പാചകം നിർത്തി നാം പാഴ്‌സലിനെ ആശ്രയിക്കുമ്പോൾ കൈമോശം വരുന്നത് ഈ സാംസ്‌കാരിക പൈതൃകമാണ്. നാടിന്റെ സ്വന്തം സമ്പത്താണ്. അതുകൊണ്ടുതന്നെ ഓരോ കുട്ടിയും ഓരോ മുതിർന്നവരും പാചകം പരിശീലിക്കണം, വിഭവങ്ങൾ വീട്ടിലൊരുക്കാൻ പഠിക്കണം. ഓരോ വിഭവവും ഉണ്ടാക്കുന്നത് ഓരോ പ്രോജക്‌ടായി കണ്ട് പരിശീലിക്കണം. പാചകത്തെ സ്വന്തം വീട്ടിൽ പുനപ്രതിഷ്‌ഠിക്കുകവഴി നാം നമ്മുടെ സംസ്‌കാരത്തെ പുനർജീവിപ്പിക്കുകയാണ്. അതോടൊപ്പം നമ്മുടെ ആരോഗ്യം ഉറപ്പാക്കുകയുമാണ്. അതുവഴി നാം വളരെയേറെ പണം ലാഭിക്കുകയും ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
താല്‌പര്യമുള്ളവർക്ക് ഈ പാചകകലകൾ അഭ്യസിച്ച് നല്ല തൊഴിലുമാക്കാം നല്ല നാടൻ തട്ടുകടകൾ മുതൽ മുന്തിയ ഹോംസ്‌റ്റേ സർവീസുകൾ വരെ നീണ്ടുപോകുന്നു ആ അവസരങ്ങളുടെ മേഖല.
ഏറ്റവും നന്നായി നമ്മുടെ നാടൻ വിഭവങ്ങൾ ഒരുക്കി നല്ല ഒരു കേരളീയ സദ്യ തയാറാക്കുന്നതിന്റെ വിശദാംശങ്ങളാണ് സുമ ടീച്ചർ ഈ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നത്. ടീച്ചർ ശൈലിയിൽ കിറുകൃത്യതയോടെ അവ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ദീർഘകാലത്തെ അനുഭവപരിചയം വഴി സ്വാഭാവികമായി ആർജിച്ച വിരുതുകളും വിദ്യകളും ഒരു ശാസ്‌ത്രാധ്യപികയുടെ സമീപനവും സമന്വയിപ്പിച്ച് ഒരു നാടൻ വീട്ടമ്മയുടെ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നതിനാൽ അതിന് നാടൻ സൗന്ദര്യവും ശാസ്‌ത്രീയമായ കൃത്യതയുമുണ്ട്. പാചകമറിയാവുന്നവർക്ക് ഇതൊരു നല്ല റഫറൻസ് ഗ്രന്ഥമാണ്. അറിയാത്തവർക്ക് ഒരു നല്ല സഹായിയും, പ്രത്യേകിച്ചും പുത്തൻ വീട്ടമ്മമാർക്കും പാചകനിക്ഷരരായ അവരുടെ ഭർത്താക്കന്മാർക്കും. ഈ നല്ല സംരംഭത്തിന് നല്ല സ്വീകരണമുണ്ടാകട്ടെ. നമ്മുടെ നാടൻ വിഭവങ്ങൾക്ക് ഈ ഗ്രന്ഥംവഴി കൂടുതൽ പ്രചാരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
Generated from archived content: book1_sep22_09.html Author: prof.s_sivadas