സ്വരവര്‍ണ്ണങ്ങള്‍

സ്വരത്തിനു നിറമുണ്ടോ നിറഭേദങ്ങളുണ്ടോ? ഉണ്ട്.

നിറം മാത്രമല്ല സംഗീതവും താളവും രാഗവുമെല്ലാംമനുഷ്യസ്വരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ആഴ്ചയവസാനം , അകലെ കഴിയുന്ന മക്കളുടെ സ്നേഹാന്വേഷണങ്ങള്‍ മുറിഞ്ഞും മുറിയാതെയും തെളിഞ്ഞും തെളിയാതെയും ഫോണിലൂടെ പ്രായമായ മാതാപിതാക്കളുടെ കാതുകളിലും ഹൃദയത്തിലും എത്തിച്ചേരുമ്പോള്‍ സ്വരത്തിന് മഴവില്ലിന്റെ നിറവും സൗന്ദര്യവും ഉള്ളതായി അനുഭവപ്പെടും. സ്വരത്തിന് സ്പര്‍ശന ശക്തിയുണ്ടെന്ന് അനുഭവപ്പെടുന്ന നിമിഷങ്ങളും ധാരാളം. കൊച്ചുമക്കളുടെ കിളിക്കൊഞ്ചലുകള്‍ ശ്രവിക്കുന്ന മുത്തശ്ശിയുടെ മനസ്സില്‍ ആ കുഞ്ഞിക്കൈകളുടെ സ്പര്‍ശനമാണ് അനുഭവപ്പെടുക. I Love Grandma എന്ന് അവ്യക്തമായി ഉരുവിടുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്കവാറും ഒരു തിരുത്തല്‍ ശബ്ദവും ഉണ്ടാകും. ഗ്രാന്‍ഡ്മാ എന്ന സായ്പ്പിന്റെ പ്രയോഗം കേരളത്തനിമയില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന മുത്തശ്ശി മനസിന് ഹിതകരമാവുകയില്ലെന്ന തിരിച്ചറിവില്‍ ഗ്രാന്‍ഡ്മാ എന്നല്ല മോളെ അമ്മമ്മ എന്നു പറയു എന്ന് അമ്മയോ അച്ഛനോ അവളെ തിരുത്തുന്നുണ്ടാകാം. ഗ്രാന്‍ഡ്മാ ആയാലും മുത്തശ്ശിയോ അമ്മമ്മയോ അച്ഛമ്മയോ ആയാലും സ്നേഹത്തിന്റെ ഒരു മഹാഗോപുരം പ്രകാശിതമാകുന്നത് അകലെ ഇരിക്കുന്ന കുഞ്ഞുമനസിന് വേഗം മനസിലാകും. മുത്തശ്ശിയുടെ ചക്കരക്കുട്ടിയാണോ അമ്മയുടെ പൊന്നുമോളാണോ എന്ന സ്നേഹാന്വേഷണങ്ങളിലെ ചക്കരയുടേയും പൊന്നുവിന്റേയും ഒന്നും അര്‍ത്ഥം പിടികിട്ടില്ലെങ്കിലും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്നേഹത്തിന്റെ വര്‍ണ്ണ ഭംഗികള്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്നതായി അവള്‍ക്കനുഭവപ്പെടും. മൈലുകള്‍ക്കപ്പുറത്തിരുന്ന് മുത്തശ്ശി മനസ്സിന്റെ സ്നേഹം മുഴുവന്‍ പേരക്കുട്ടി അനുഭവിച്ചറിയുന്നു. ആ കൊച്ചു മനസ്സിന്റെ ആകുലതകളും നൊമ്പരങ്ങളുമെല്ലാം ഒരു ചിണുങ്ങലിന്റെ സ്വരഭേദങ്ങളിലൂടെ മുത്തശ്ശിക്കും മനസിലാവുന്നു. അമ്മ വഴക്കു പറഞ്ഞതും അച്ഛന്‍ കടുപ്പിച്ച് നോക്കിയതും പാവക്കുട്ടിയുടെ ഉടുപ്പ് കീറിപ്പോയതും എല്ലാമായി എത്ര ആവലാതികളാണ് അമ്മമ്മയുടെ മുന്‍പില്‍ നിരത്തുക. മുത്തശ്ശിയും പേരക്കുട്ടികളും തമ്മിലെ സംസാരത്തിന്റെ സ്വരത്തില്‍ മഴവില്ലിന്റെ നിറങ്ങളേഴും അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും. അത് പതിനെട്ടുകാരന്‍ പ്രഫഷണല്‍ വിദ്യാര്‍ത്ഥിയോടായാലും പതിനെട്ടുമാസക്കാരന്‍ കുസൃതിക്കാരനോടായാലും പതിനെട്ടുമാസക്കാരന്‍ കുസൃതിക്കാരനോടായാലും ഒരേ ചന്തമുള്ള നിറങ്ങള്‍ കലര്‍ന്നതുതന്നെയാകും.

കായികരംഗത്തെ കളികളുടെ ആസ്വാദനത്തില്‍ എതിര്‍ചേരികളില്‍ നിലകൊള്ളുന്ന ഒരു മുത്തശ്ശിയേയും അവരുടെ പതിന്നാലുകാരന്‍ ചെറുമകനേയും എനിക്കറിയാം. ലോകകപ്പുവേളകളില്‍ അവരുടെ പൊരിഞ്ഞ വാക് സമരത്തിന് ഞാന്‍ സാക്ഷിയായിരുന്നു. ജര്‍മ്മന്‍ ടീമിന്റെ കടുത്ത ആരാധകനായ ചെറുമകനോട് സ്പെയിനിന്റെ കൂടിയ വിജയ സാധ്യതകളെപ്പറ്റി പറഞ്ഞ് അവനെ ചൊടിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. ക്രിക്കറ്റ് സീസണില്‍ സച്ചിന്റെ മാസ്മരികപ്രഭാവത്തേയും ആര്‍ക്കും എത്തിപ്പിടിക്കാന്‍ പോലും പറ്റാത്ത ലോക റെക്കോര്‍ഡുകളെപ്പറ്റിയും വാചാലയാകുന്ന മുത്തശ്ശിയുടെ മുന്‍പില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയുടെ നിലവാരത്തെക്കുറിച്ച് പറഞ്ഞ് പേരക്കുട്ടി ഒരു വീറുള്ള പോരാട്ടം നടത്തുന്നതും കാണാം. എഴുപതുകളിലേക്ക് കടന്നു നില്‍ക്കുന്ന ഈ മുത്തശ്ശി റോജര്‍ ഫെഡററുടെ കടുത്ത ആരാധികയാണ്. ചെറുമകന്‍ നഡാലിന്റേയും പോരേ പൂരം ! രണ്ടു പേരും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഒരു പൊരിഞ്ഞ പോരാട്ടം തന്നെ നടക്കും. പക്ഷെ ആ വഴക്കിന്റെ ശബ്ദതരംഗങ്ങളിലാകെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും കനകരേണുക്കള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ആ സ്നേഹത്തിന്റെ നിറങ്ങള്‍ അവന്റെ മനസ് തിരിച്ചറിയുന്നുമുണ്ടാവും.

ചരിത്രത്താളുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് ഇറങ്ങിവരുന്ന ചില അവിസ്മരണീയ സംഭവങ്ങളുണ്ടല്ലോ. 1915 -ല്‍ ബ്രട്ടീഷ് രാജാവിനെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഒപ്പു വെപ്പിച്ച സ്വാതന്ത്ര്യത്തിന്റെ തീട്ടൂരം എന്നു പ്രസിദ്ധി നേടിയ പ്രമാണ രേഖ അതിലൊന്നാണ്. അതിനേക്കാള്‍ തീക്ഷ്ണമായ ഒന്നാണ് 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആശായാവിഷ്ക്കാരമായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ത്രിമൂര്‍ത്തികള്‍. ഈ ഉദ്ഘോഷണത്തോടെ ബാസ്റ്റില്‍ തടവറയിലേക്കു ഇരച്ചു കയറിയ ജനത്തിന്റെ ശബ്ദത്തിന് മേഘസ്ഫോടനത്തിന്റെ ഉഗ്രതയായിരുന്നു. അതിന് ഒരു നിറമുണ്ടായിരുന്നെങ്കില്‍ അതിന്റേത് തീജ്ജ്വാലയുടെ കനത്ത നിറം തന്നെ ആയിരുന്നിരിക്കും. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം ജെറ്റിസ് ബര്‍ഗ് യുദ്ധ ഭുമിയില്‍ എബ്രഹാം ലിങ്കണ്‍ നടത്തിയ ഹ്രസ്വമായ പ്രഭാഷണം ലോക ചരിത്രത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയതാണ്. When alice towards none ; with charity for all എന്ന് അവസാനിച്ച ആ പ്രസംഗം യുദ്ധഭൂമികയിലെ പരാജിത മുറിവുകള്‍ക്ക് മേല്‍ പുരട്ടിയ സുഗന്ധമാര്‍ന്ന ചന്ധനലേപം മാത്രമായിരുന്നില്ല. മാനവികതക്ക് ഒരു പുതുഭാഷ്യം ചമയ്ക്കുകയുമായിരുന്നു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഗിരിപ്രഭാഷണത്തിന്റെ വശ്യവര്‍ണ്ണങ്ങളുടെ ഒരു പുനര്‍ ആവിഷ്ക്കാരം കൂടിയായിരുന്നു ജെറ്റിസ്ബര്‍ഗ്ഗിലെ ഹൃദയം കവരുന്ന ആ വാക്യങ്ങള്‍. ഗലീലിയന്റെ ഗിരിപ്രഭാഷണത്തിന്റെ ശബ്ദവീചികളുടെ നിറക്കൂട്ടുകള്‍ എന്തായിരുന്നിരിക്കാം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞു തീര്‍ത്തപ്പോല്‍ കരുണാമസൃണരേപ്പറ്റി സൂചിപ്പിച്ചപ്പോല്‍ നീതിക്കു വേണ്ടി സ്വയം ത്യാഗം ചെയ്യുന്നവരെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍ ശാന്ത ഗംഭീരമായ ആ ശബ്ദതരംഗങ്ങള്‍ സ്വാംശീകരിച്ച നിറമേതാകാം? ഗലീലിത്തടാകത്തിന്റെ നീലനിറമായിരുന്നുവോ? അതോ, ഒലീവുമലയുടെ ഹരിതഭംഗിയോ? തീര്‍ച്ചയില്ല. ഗദ്സമേനിലെ തീവ്രവേദനയിലെ പ്രാര്‍ത്ഥനാശബ്ദത്തിന്റേയും കാല്‍ വരിക്കുന്നിലേക്കുള്ള യാത്രയില്‍ തന്റെ മേല്‍ സഹതാപം ചൊരിഞ്ഞവര്‍ക്കു നല്‍കിയ സാന്ത്വനവചസ്സുകളുടേയും വര്‍ണ്ണഭേദങ്ങള്‍ മാനവഹൃദയങ്ങളില്‍ നിറഞ്ഞു നിന്നാല്‍ ഈ ലോകം കൂടുതല്‍ വര്‍ണ്ണഭംഗിയുള്ളതാകുമായിരുന്നു.

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച ലാലാ ലജ്പത് റായ് യുടെ ശബ്ദത്തിലെ ദൃഢതക്കു ഒരു കഠിന നിറമുണ്ടായിരുന്നില്ലേ? ഇന്നും നമുക്കത് ഏറ്റുപറഞ്ഞ് അഭിമാനിക്കാന്‍ ആഗ്രഹമില്ലേ? അതില്‍ നിന്നും മറ്റൊരു ആവേശത്തിര ഉയിര്‍കൊണ്ടു എഴുപതു വര്‍ഷങ്ങള്‍‍ക്കു മുന്‍പ് അഹിംസയുടെ പ്രവാചകന്‍ ഉയര്‍ത്തിവിട്ട ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം. ഈ ആഹ്വാനത്തിന്റെയത്ര തീവ്രവും തീക്ഷ്ണവുമായ ഒരു ശബ്ദതരംഗം 20 -ആം നൂറ്റാണ്ട് അനുഭവിച്ചിട്ടുണ്ടാവില്ല. ആ ശബ്ദത്തിന്റെ നിറക്കൂട്ട് ഭാരതജനതയുടെ ഹൃദയങ്ങളിലേക്ക് പതഞ്ഞൊഴുകി അഹിംസയുടെ പെരുമ മനസിലാക്കിയ ലോകം തന്നെ ഈ ആഹ്വാനത്തിന്റെ ശക്തിയില്‍ അതിശയിച്ച് കണ്മിഴിച്ചു നിന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ക്കിടയില്‍ ബ്രട്ടീഷ് ജനതയോട് വിയര്‍പ്പും കണ്ണീരും രക്തവുമേ നിങ്ങള്‍ക്കായി നല്‍കാനുള്ളു എന്നു തുറന്നുപറഞ്ഞ അവരുടെ ആദരവ് നേടിയെടുത്ത വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഗാന്ധിജിയുടേയും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്ന ജനകോടികളുടേയും ക്വിറ്റ് ഇന്ത്യ മന്ത്രത്തിന്റെ അതി തീക്ഷ്ണ്മായ നിറം മനസിലാക്കി ആ തീക്ഷ്ണനിറം ഉള്ളം കയ്യില്‍ വാങ്ങിയിട്ട് ബ്രട്ടീഷ് സാമ്രാജ്യത്തെ കീറിമുറിക്കാന്‍ അദ്ദേഹം തയ്യാ‍ല്ലായിരുന്നുവെന്നു മാത്രം.

അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്ന ഒരു ജനതയുടെ സ്വരങ്ങള്‍ മുഴുവന്‍ വാരിക്കൂട്ടിക്കൊണ്ട് ചരിത്രവുമായുള്ള അനുപമസമാഗമത്തെപ്പറ്റി തരളഭാവങ്ങളോടേ സംസാരിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വരത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിറഭംഗി ഒരു ഭാരതീയനും മറക്കാനാവില്ല. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാകയുടെ ചുവടെ നിന്ന് സ്വതന്ത്ര ഭാരതത്തെ അഭിസംബോധന ചെയ്ത ജവഹര്‍ലാലിന്റെ ശബ്ദത്തിലെ മനോജ്ഞവര്‍ണ്ണങ്ങള്‍ ഇന്നും മുതിര്‍ന്ന തലമുറയുടെ ഓര്‍മ്മകളില്‍ ചാരുത ചാര്‍ത്തുന്നില്ലേ?

ശ്രുതിതാളങ്ങളുടെ അകമ്പടിയോടെ എത്തുന്ന സ്വരതരംഗങ്ങളുടെ നിറക്കൂട്ടുകളെപ്പറ്റി ഓര്‍മ്മിക്കുമ്പോള്‍‍ ഒരു പാടു മുഖങ്ങള്‍ മനസിലേക്കു കടന്നു വരുന്നു. ഹിന്ദി സംഗീത ലോകത്തെ വാനമ്പാടി ലതാമങ്കേഷ്ക്കര്‍, നമ്മുടെ സ്വന്തം ചിത്ര, എസ് ജാനകി, നനുനനുത്ത സ്വരത്തില്‍ വിരഹവേദനകള്‍ നമ്മിലേക്ക് ഒഴുക്കിവിട്ട ഗീതാ ദത്ത്, ഒരു പത്തുവയസുകാരിയുടെ അരുമ കൊഞ്ചലോടെ പിടിച്ച് മടിയിലിരുത്താന്‍ തോന്നുന്ന പാകത്തില്‍ സുജാത, തൊട്ടടുത്തു തന്നെ മകള്‍ ശ്വേത, അങ്ങനെ എത്ര വ്യത്യസ്ത വ്യക്തിത്വങ്ങളും അവരുടെ വ്യതിരിക്ത ശബ്ദമാധുരിയും.

സൈഗാളിനേയും പങ്കജ് മല്ലിക്കിനേയും താലത് മുഹമ്മദിനേയും മുഹമ്മദ് റാഫിയേയും മുകേഷിനേയും മഹേന്ദ്ര കപൂറിനേയും ഒക്കെ മനസിലിരുത്തി പൂജിക്കുന്ന പഴയ തലമുറ പറയും അവരുടെയെല്ലാം ശബ്ദഗാംഭീര്യത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന മഴവില്‍ നിറങ്ങളുടെ സൗകുമാര്യത്തെക്കുറിച്ച് നമ്മുടെ സ്വന്തം ഗന്ധര്‍വ ഗായകന്റെ മണിവീണാ നാദത്തിന്റെ ഭാവസാന്ദ്രതയില്‍ കലരാത്ത ഏതു ചായക്കൂട്ടാണ് ചിത്രകാരന്മാര്‍ക്ക് കാണിച്ചു തരാനുള്ളത് എത്ര തലമുറകളുടെ പ്രണയഭാവങ്ങളാണ് ഗാനഗന്ധര്‍വന്റെ ശബ്ദ ഗാംഭീര്യത്തിലൂടെ നിറച്ചാര്‍ത്തണിഞ്ഞത്.

ശബ്ദതരംഗങ്ങളില്‍ ഒരു രാഗ പ്രപഞ്ചം തന്നെ തീര്‍ത്ത് മനുഷ്യഹൃദയങ്ങളെ ധന്യമാക്കിയ സംഗീത സാമ്രാട്ടുകള്‍ ക്ക് സംഗീത സാഗരത്തിന്റെ തീരങ്ങളില്‍ നിന്നു കൊണ്ട് അതു സൃഷ്ടിക്കുന്ന വര്‍ണ്ണമാലികകളെ ഓര്‍ത്ത് ആയിരം പ്രണാമങ്ങള്‍.

കമിതാവിന്റെ കാതുകളിലേക്ക് പകരുന്ന കാമുകിയുടെ രാഗസ്വരത്തിന് ശബ്ദത്തേക്കാള്‍ ഏറെയുള്ളത് വര്‍ണ്ണപ്പൊലിമയല്ലേ? ഐ ലവ് യു അല്ലെങ്കില്‍ ഐ മിസ് യു എന്നോതുന്ന കാതര ശബ്ദത്തിന്റെ അതേ വര്‍ണ്ണ രാജികള്‍‍ തന്നെയാണ് എഴുപതിലെത്തി നില്‍ക്കുന്ന പ്രിയനോട് ദാ ഈ മരുന്ന് കഴിച്ചേ എന്നോ, ഇപ്പോ ചായ വേണോ എന്നു ചോദിക്കുന്ന അറുപത്തഞ്ചു കഴിഞ്ഞ ഭാര്യയുടെ ശബ്ദത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നത്. ശബ്ദത്തിന്റെ കാതരഭാവം ഒരു കാര്യഭാവത്തിന് വഴിമാറിയിരിക്കാം. രണ്ടു ജീവിതങ്ങളെ പൊതിഞ്ഞു നിന്ന് ഒന്നാക്കി മാറ്റിയ വര്‍ഷങ്ങള്‍‍ വരുത്തുന്ന ശബ്ദവ്യതിയാനവും വര്‍ണ്ണ വ്യത്യാസവും മാത്രമാണത്. മനസിനുള്ളിലെ പ്രേമഭാവം ഒന്നു തന്നെ.

മുത്തശ്ശിമാരുടെ കുട്ടു, മോനു, മുത്തേ, ചക്കരേ, പൊന്നു എന്നു തുടങ്ങി തേനൂറുന്ന വിളികളിലും എടാ ചെക്കാ എന്ന പരുക്കന്‍ വിളിയിലുമെല്ലാം സ്നേഹത്തിന്റെ വര്‍ണ്ണപ്പൊടി തൂവിക്കിടക്കുന്നു പഴയ പരുക്കന്‍ ശബ്ദത്തിലെ സ്നേഹമാധുര്യം തിരിച്ചറിഞ്ഞ് ഹൃദയത്തിലേറ്റു വാങ്ങുന്ന കുഞ്ഞു തലമുറ സമൂഹത്തിന്റെ പ്രതീക്ഷയും നിറവുമുള്ള ജീവിതത്തിന്റെ വാഗ്ദാനവുമാണ്.

മനുഷ്യ ജന്‍മത്തിന്റെ ഹ്രസ്വയാത്രയില്‍ കാതിലെത്തിച്ചേരുന്ന ശബ്ദവീചികളില്ലെല്ലാം സംഗീതമുണ്ട്. ആ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വര്‍ണ്ണക്കൂട്ടുകളും.

കടപ്പാട് : മൂല്യശ്രുതി

Generated from archived content: essay1_jan22_13.html Author: pro_leelamma_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English