സയന്‍സിന്റെ ഇന്നലെകള്‍

യൂക്ലിഡും ആര്‍ക്കിമിഡിസും

യൂക്ലിഡ് പ്രമുഖനായ ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്നു. ക്രിസ്തുവിന് മുന്‍പ് 330 നും 260 നും ഇടക്കാണ് അദ്ദേഹം ജീവിച്ചിരുന്നത്. യൂക്ലിഡിന്റെ ‘ എലമെന്റ്സ് ഓഫ് ജ്യോമട്രി ‘ ഏറെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ്. ഗ്രീക്ക് ജ്യാമിതിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ പഠനമാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടുവരെ പ്രസ്തുത പുസ്തകം ഒരു പ്രമാണ ഗ്രന്ഥമായി ഏവരും അംഗീകരിച്ചിരുന്നു.

ആര്‍ക്കിമിഡീസും ഒരു ഗണിത ശാസ്ത്രകാരന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം പുതിയതായി ചിലത് കണ്ടെത്തുക കൂടി ചെയ്തു. ‘ ആര്‍ക്കിമിഡീയന്‍ സ്ക്രൂ’ അദ്ദേഹമാണ് കണ്ടുപിടിച്ചത്. ജലവിതാനം എളുപ്പത്തില്‍ ഉയര്‍ത്താവുന്ന ഒരു രീതിയിലാണ് ഇതിലുള്ളത്. ഏതാണ്ട് 15 നൂറ്റാണ്ടുകളോളം ഈ സ്ക്രൂ ലോകം മുഴുവന്‍ ഉപയോഗിച്ചിരുന്നു. ഭൗതികശാസ്ത്രത്തില്‍ ആര്‍ക്കിമിഡീസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് ‘ ആര്‍ക്കിമിഡീസ് തത്വം’ വഴിക്കാണ്. ‘ ഒരു വസ്തു ഒരു ദ്രവത്തില്‍ താഴുമ്പോള്‍ അതിന് ഭാരക്കുറവ് തോന്നുന്നു. ഈ ഭാരക്കുറവ് വസ്തുവിനാല്‍ മാറ്റപ്പെടുന്ന ദ്രവത്തിന് തുല്യമായിരിക്കും ‘ ഇതാണ്‍ ആര്‍ക്കിമിഡിസ് തത്വം’

ഈ തത്വത്തിന്റെ കണ്ടുപിടുത്തം ആര്‍ക്കിമിഡീസിന്റെ മാതൃരാജ്യമായ സിസിലിയുടെ രാജാവിന്റെ ഒരു പ്രധാന പ്രശ്നം പരിഹരിക്കുന്നതിനു ‍സഹായകമായി. രാജാവ് ഉണ്ടാക്കിയ ഒരു പുതിയ സ്വര്‍ണ്ണക്കിരീടത്തില്‍ സ്വര്‍ണ്ണം കുറവുണ്ടെന്ന് ഒരു സംശയം. സ്വര്‍ണ്ണത്തില്‍ വെള്ളികൂടി കലര്‍ത്തി സ്വര്‍ണ്ണപ്പണിക്കാരന്‍ രാജാവിനെ പറ്റിച്ചു എന്നായിരുന്നു ശങ്ക. കിരീടത്തിന് കേടുവരാതെ ഇത് തെളിയിക്കാന്‍ രാജാവ് ആര്‍ക്കിമിഡീസിനോടു പറഞ്ഞു. എന്നാല്‍ വളരെക്കാലം അദ്ദേഹത്തിന് ഉത്തരം കണ്ടെത്താനായില്ല . എന്നാല്‍ ഒരു ദിവസം കുളിക്കുമ്പോള്‍ ജലവിതാനം തൊട്ടിയില്‍ പൊങ്ങുന്നതും താഴുന്നതും ആര്‍ക്കിമിഡീസ് കണ്ടു. മുങ്ങുമ്പോള്‍ സ്വന്തം ഭാരം കുറയുന്നതായും തോന്നി. കിരീടത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ആര്‍ക്കിമിഡീസ് കുളിക്കുന്നിടത്തു നിന്നു പരിപൂര്‍ണ്ണ നഗനായി സിരാക്യൂവിലെ വെയിലാറുന്ന തെരുവില്‍കൂടി രാജകൊട്ടാരത്തിലേക്കോടി ‘ യുറേക്കാ ! യുറേക്കാ! ‘ ( ഞാന്‍ അതുകണ്ടു പിടിച്ചു. ഞാന്‍ കണ്ടുപിടിച്ചു ) എന്നാര്‍ത്തു വിളീച്ചുകൊണ്ട് ആര്‍ക്കിമിഡീസ് ഓടുന്നത് ജനം അത്ഭുതത്തോടെ നോക്കി നിന്നു. ഖരവസ്തുക്കള്‍ വെള്ളത്തില്‍ താഴ്ത്തി അവയുടെ സാന്ദ്രത താരതമ്യം ചെയ്യാനൊരു വഴി അദ്ദേഹം കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കിരീടത്തിന്റെ വെള്ളത്തിലെ ഭാരം സ്വര്‍ണ്ണവും വെള്ളിയും കലര്‍ന്ന മിശ്രിതത്തിന്റെ ഭാരത്തില്‍ നിന്നും വിഭിന്നമായിരിക്കുമെന്ന് ആര്‍ക്കിമിഡീസ് കണ്ടു. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ സ്വര്‍ണ്ണപ്പണിക്കാരന് തക്ക ശിക്ഷ കിട്ടി. ആര്‍ക്കിമിഡീസിന് ഏറെ ബഹുമതികളും.

എരസ്തോസ്തനീസും ഭൂമിയുടെ വലുപ്പവും.

ബിസി 200 – ന്റെ ആദ്യപാദത്തില്‍ തന്നെ ഭൂമിയുടെ വലിപ്പം വളരെ കൃത്യമായി കണക്കു കൂട്ടുവാന്‍ കഴിഞ്ഞു. ആര്‍ക്കിമിഡീസിന്റെ ഒരു ശിഷ്യനായ എരസ്ത്തോസ്തനീസ് ആണ് ഇതിനുള്ള വഴി കണ്ടെത്തിയത് .അലക്സാഡ്രിയയുടെ നേരെ തെക്കു ഭാഗത്ത് ‘സീന്‍’ എന്നൊരു സ്ഥലമുണ്ടായിരുന്നു. ആസ്വാന്‍ എന്നാണ് ഇപ്പോഴത്തെ പേര്‍ . ഇവിടെ ഒരു പ്രത്യേക തരത്തിലുള്ള കിണര്‍ ഉണ്ടായിരുന്നു. മധ്യാഹ്ന സൂര്യന്‍ നേരെ തലക്കു മുകളില്‍ വരുന്ന സമയത്ത് കിണറിനുള്ളില്‍ ഒരു നിഴലും ഉണ്ടാകാറില്ല. ഒരു ഗ്നോമോണ്‍ ( സൂര്യഘടികാര സൂചി) ഉപയോഗിച്ച് എരത്തോസ്തനീസ് അലക്സാന്‍ഡ്രിയായില്‍ വച്ച് സൂര്യന്റെ കോണ്‍ അളന്നു. ആ സമയം സീനില്‍ സൂര്യന്‍ തലക്കു മുകളില്‍ ആയിരുന്നു. ഇതില്‍ നിന്നും രണ്ടു സ്ഥലങ്ങളിലേയും ലാറ്റിറ്റ്യൂഡ്സ് ( ഭൂമദ്ധ്യരേഖയുടെ തെക്കും വടക്കുമുള്ള അളവ്) തമ്മിലുള്ള വ്യതാസം അദ്ദേഹം മനസിലാക്കി. അടുത്തതായി അദ്ദേഹം ഒരാളെ തുല്യ ദൂരത്തില്‍ കാലടികള്‍ വച്ച് പരിശീലിപ്പിച്ചു. അലക്സാന്‍ഡ്രിയായ്ക്കും സീനിനും ഇടക്കുള്ള ദൂരം അളന്നു. ഈ അറിവിന്റെ സഹായത്തോടെ ഭൂമിയിടെ ചുറ്റളവ് നിര്‍ണ്ണയിക്കുവാന്‍ അദ്ദേഹത്തിനായി. പുരാതനരീതികള്‍ ഉപയോഗിച്ചാണെങ്കിലും ഭൂമിയുടെ ചുറ്റളവ് 38624 കി. മീറ്ററാണെന്ന് കണ്ടെത്താന്‍ എരത്തോസ്തനീസിനു കഴിഞ്ഞു. ഇന്ന് നമ്മള്‍ക്കറിയാവുന്ന 39911 കി. മീറ്ററിന് ഏതാണ്ട് തുല്യമാണ് ഇതെന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ക്രിസ്തുവിന് 200 കൊല്ലം മുമ്പു തന്നെ മനുഷ്യന് താന്‍ ജീവിക്കുന്ന ലോകത്തിന്റെ വലുപ്പത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നര്‍ത്ഥം.

ടോളമി : ജ്യോതിശാസ്ത്രവും ഭൂമിശാസ്ത്രവും

ജ്യോതിശാസ്ത്രപരമായ എല്ലാ വിധ പരികല്‍പ്പനകളിലൂടെയും അലക്സാന്‍ഡ്രിയന്‍ ശാസ്ത്രജ്ഞരുടെ ശാസ്ത്രീയാന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഏതാണ്ട് ക്രിസ്തുവര്‍ഷം 150 – ല്‍ അക്കാലത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമി ഒരു പുസ്തകം പുറത്തിറക്കി. ടോളമിയുടെ സ്വന്തം നിരീക്ഷണങ്ങളും അന്നുവരെയുള്ള വിവരങ്ങളും അദ്ദേഹം ആ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. സൂര്യന്റേയും ചന്ദ്രന്റേയും വലുപ്പവും ഗ്രഹങ്ങളുടെ ചലനങ്ങളെന്ന് ടോളമി വിശ്വസിച്ചിരുന്ന വിവരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. കാഴചയില്‍പ്പെട്ടിരുന്ന നക്ഷത്രങ്ങളും ഭൂമിയില്‍ നിന്ന് സൂര്യചന്ദ്രമാരിലേക്കുള്ള ദൂരവും അദ്ദേഹം കുറിച്ചു വച്ചു.

എന്നാല്‍ ടോളമിയുടെ പഠനം ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും മാത്രം ഒതുങ്ങി നിന്നില്ല. പ്രകാശത്തിന്റെ സ്വഭാവനിരീക്ഷണത്തിലും ഭൂപടനിര്‍മ്മിതിയിലും ടോളമി താത്പര്യം കാണിച്ചിരുന്നു. സ്വന്തം നിരീക്ഷണങ്ങളും കണ്ടുമുട്ടിയ സഞ്ചാരികളില്‍ നിന്നും കിട്ടിയ വിവരണങ്ങളും ഉപയോഗപ്പെടുത്തി അദ്ദേഹം ഒരു ഭൂമിശാസ്ത്ര ഗ്രന്ഥം രചിച്ചു. അന്നുവരെ അറിയപ്പെട്ടിരുന്ന ഭൂപട വിവരങ്ങളൊക്കെ അതിലുണ്ടായിരുന്നു. പുസ്തകത്തിന്റെ പരന്ന ഉപരിതലത്തില്‍ ഭൂമിയുടെ വൃത്താകൃതിയിലുള്ള ഉപരിതലം വരക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവും ടോളമി കണ്ടെത്തി.

ഇത്രയേറെ അറിവുകളുണ്ടായിട്ടും പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന ആദ്യകാല ശാസ്ത്രജ്ഞരുടെ വിശ്വാസം തന്നെ ടോളമിയും മുറുകെ പിടിച്ചു.

അക്കാലത്തെ ശാസ്ത്രീയ വിജ്ഞാനത്തിന് റോമാക്കാര്‍ ഒരു സംഭാവനയും നല്‍കിയില്ല. നിത്യ ജീവിതം പ്രായോഗികമായി മെച്ചപ്പെടുത്തുന്നതിലായിരുന്നു അവര്‍ക്ക് കൂടുതല്‍ താത്പര്യം. വെള്ളം കൊണ്ടു പോകുന്നതിനുള്ള ഓവുകളും ധാന്യം പൊടിക്കുന്നതിനുള്ള ജലയന്ത്രങ്ങളും അവര്‍ നിര്‍മ്മിച്ചു. മഹത്തായ റോമന്‍ സാമ്രാജ്യത്തിന് അത്യാവശ്യമുള്ളയിടത്തൊക്കെ റോമാക്കാര്‍ ദീപസ്തംഭങ്ങളും പണിതു. മികച്ച ശുചിത്വ ബോധത്തിന്റെ ഉടമകളായിരുന്ന അവരുടെ നിര്‍മ്മിതികളുടെ നീക്കിബാക്കികള്‍ ഇന്നും റോമിലുണ്ടെത്രെ. ഖനനത്തിലും റോമാക്കാരെ വെല്ലാന്‍ അന്ന് കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.

ചൈനയുടെ സംഭാവന

ബാബിലോണിയന്‍ കാലഘട്ടത്തത്തോളം ഏതാണ്ട് പഴക്കമുള്ള ഒരു സംസ്ക്കാരം ചൈനക്കും ഉണ്ടായിരുന്നു. അവര്‍ പേപ്പര്‍ കണ്ടു പിടിച്ചു. വിപുലമായ രീതിയില്‍ തന്നെ സില്‍ക്ക് നിര്‍മ്മാണവും നടത്തി. മരക്കട്ടകളുടെ സഹായത്തോടെ അച്ചടി ആരംഭിച്ചു. അവര്‍ക്ക് ജ്യോതിശാസ്ത്രത്തില്‍ ഏറെ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ഉള്ള അറിവ് മുഴുവനും ചൈനാക്കാര്‍ പ്രയോഗിച്ചത് ഭാവികാര്യങ്ങള്‍ പ്രവചിക്കാനായിരുന്നു . ഈ പ്രവചനം ജ്യോതിഷം എന്ന പേരിലാണ് ഇന്നറിയപ്പെടുന്നത്. പത്രമാസികകളില്‍ ജ്യോതിഷത്തിന് ഇക്കാലത്ത് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.

പൗരാണിക ചൈനാക്കാര്‍ സംഖ്യകളുടെ കാര്യത്തില്‍ കൂടുതല്‍ അഭിരുചി കാണിക്കുകയുണ്ടായി. അവര്‍ ഒരു മാന്ത്രികചതുരത്തിന് രൂപം കൊടുത്തു. ഒരു വലിയ ചതുരത്തിനുള്ളില്‍ വളരെ ചെറിയ ചതുരങ്ങള്‍ അവയ്ക്കുള്ളിലാകട്ടെ ഓരോ സംഖ്യയും. സംഖ്യകള്‍ കോണോടു കോണോ , ലംബമായോ തിരശ്ചീനമായോ ആയി കൂട്ടിനോക്കിയാലും ഒരു സംഖ്യ തന്നെയായിരിക്കും.

രസതന്ത്രം നൂറ്റാണ്ടുകളോളം വളരെ വിചിത്രമായ ഒരു വിഷയമായാണ് കരുതപ്പെട്ടിരുന്നത് ‘’ ആല്‍ക്കെമി’ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് . ഏകദേശം എ. ഡി നൂറാ‍ം ആണ്ടോടെ ആല്‍ക്കെമി അലക്സാന്‍ഡ്രിയയില്‍ രൂപം കൊണ്ടൂ. 15 നൂറ്റാണ്ടുകളോളം പഴയ രീതി തുടര്‍ന്നു. ഒരു ലോഹത്തെ മറ്റൊരു ലോഹമാക്കി മാറ്റാമെന്ന് ആര്‍ക്കെമിസ്റ്റുകള്‍ വിശ്വസിച്ചു. സാധാരണ ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുന്നതിനുള്ള ഒരു മാന്ത്രിക സമവാക്യം അവര്‍ തേടുകയായിരുന്നു. എല്ലാ അസുഖങ്ങളും മാറ്റാന്‍ കഴിവുള്ള ഒരു ഔഷധത്തെക്കുറിച്ചും ചൈനാക്കാര്‍ ഗവേഷണം നടത്തി. ഗവേഷണം നിഷ്ഫലമായിരുന്നെങ്കിലും പുതിയ രസതന്ത്ര പ്രക്രിയകള്‍ കണ്ടു പിടിക്കാനായി. ഒരു ഉദാഹരണം ഡിസ്റ്റിലേഷന്‍ ആണ്. ഇവയെല്ലാം ശതാബ്ദങ്ങളോളം രസതന്ത്രജ്ഞര്‍ക്ക് സഹായകമായി.

എട്ടാം നൂറ്റാണ്ടോടെ അറബികള്‍ ഗ്രീക്കുകാരുടെ ജോലി ഏറ്റെടുത്തു. രസതന്ത്രത്തില്‍ അവരുടെ മഹത്തായ കണ്ടുപിടിത്തങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ അവരുടെ നിരീക്ഷണരേഖകള്‍ വലിയ നേട്ടമായിരുന്നു. അറിവും ആശയങ്ങളും അക്കാലത്ത് വളരെ പതുക്കെ മാത്രമേ പ്രചരിച്ചിരുന്നുള്ളു. വിലപ്പെട്ട വിവരങ്ങളൊന്നും തന്നെ കൈമാറ്റം ചെയ്യപ്പെട്ടുമില്ല. അറബികളുടെ രേഖകളില്ലായിരുന്നെങ്കില്‍ ഗ്രീക്കു ചിന്തകളെല്ലാം അപ്രത്യക്ഷമാകുകയോ എന്നന്നേക്കുമായി നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു.

കണ്ടു പിടിത്ത രംഗത്ത് മന്ദീഭാവം

വളരെക്കുറച്ച് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ പിന്നീട് ഉണ്ടായുള്ളൂ. നൂറ്റാണ്ടുകളോ ഈ നില തുടര്‍ന്നു സ്വീകൃതമായ പല സിദ്ധാന്തങ്ങളും ഇക്കാലത്ത് ഉപേക്ഷിക്കപ്പെടുകയുണ്ടായി. ഭൂമി പരന്നതാണെന്ന് ഇക്കാലത്ത് ചിലരൊക്കെ വീണ്ടൂം വിശ്വസിക്കാന്‍ തുടങ്ങി. ക്രിസ്ത്യന്‍ പള്ളി മേധാവികള്‍ ശാ‍സ്ത്രപുരോഗതിയെ അന്ന് വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. സുവിശേഷപ്രസംഗം നടത്തുന്നതിനോ ആത്മാക്കളെ സംരക്ഷിക്കുന്നതിനോ ശാസ്ത്രത്തിന് സഹായിക്കാനാവില്ലെന്ന് അവര്‍ കരുതി. എങ്കിലും ഹിപ്പോയിലെ സെന്റ് അഗസ്റ്റിനേപ്പോലുള്ള കുറച്ചു പേര്‍ അന്നുവരെ അറിയപ്പെട്ടിരുന്ന ചില ശാസ്ത്രീയവസ്തുക്കള്‍ ശേഖരിച്ചു വെക്കുകയും ആദ്യകാല ശാസ്ത്ര പുസ്തകങ്ങളില്‍ പലതും ലാറ്റിനിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തു. 12 -ആം നൂറ്റാണ്ടോടു കൂടിയാണ് ശാസ്ത്രം വീണ്ടും പുരോഗമിക്കാന്‍ തുടങ്ങിയത്. സ്പെയിനിലെ ടോലെഡോ നഗരമായിരുന്നു ഇക്കാലത്തെ പഠനകേന്ദ്രം. വിവിധ ദേശക്കാരായ പണ്ഡിതരുടെ ഒരു പുതിയ തലമുറ തന്നെ ഇക്കാലത്ത് ഇവിടെ ഒത്തു കൂടി മൗലികമായ ഗ്രീക്ക് രചനകൊളൊക്കെ ഇവര്‍ തര്‍ജ്ജമ ചെയ്തു. അതോടെ പ്രാരംഭകാലത്തെ ശാസ്ത്രജ്ഞരുടെ സംഭാവനകളെല്ലാം ഏറെ അറിയപ്പെടാനിടയായി.

പെട്ടന്നാണ് ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത്. ജനങ്ങളില്‍ പുതിയ ചിന്താധാരകളുണ്ടായി. പുതിയ പല സിദ്ധാന്തങ്ങളും പുറത്തുവന്നു. ശാസ്ത്രീയ പഠനങ്ങള്‍ യന്ത്രങ്ങളിലും ഉപകരണങ്ങളിലും പ്രായോഗികമായ തോടെ സാങ്കേതിക ശാസ്ത്രവും മുന്നേറാന്‍ തുടങ്ങി. പുതിയ വസ്തുക്കള്‍ ഉണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമമാരംഭിച്ചു. ഒട്ടു വളരെ വ്യവസായങ്ങളില്‍ ജലശക്തി പ്രധാന ഘടകമായി. മരം കൊണ്ടുള്ള ഗീര്‍ചക്രങ്ങള്‍ വിവിധയിനം യന്ത്രങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ സഹായകമായി.

Generated from archived content: essay1_july30_12.html Author: pro-kesavanvellikulangara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here