വിദ്യ ആരംഭിക്കുമ്പോൾ

മനുഷ്യന്റെ വിശ്വാസങ്ങൾ അവന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കും വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളത്‌. അവന്റെ പ്രയാണ വീഥിയിലെ ദുർഘടഘട്ടങ്ങളിൽ ഇത്തരം വിശ്വാസങ്ങളാണ്‌ അവനെന്നും രക്ഷയേകിയിട്ടുള്ളത്‌.

ഈ വിശ്വാസങ്ങൾ അവനെന്നും ശക്‌തിയാവുന്നു. അതുകൊണ്ടാണ്‌ മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രധാനമായ വിദ്യാഭ്യാസത്തിന്റെ ആരംഭം മുതൽ തന്നെ അവൻ തന്റെ ദേവതകളെ ഉപാസിച്ചു തുടങ്ങുന്നത്‌.

ഹിന്ദു വിശ്വാസപ്രകാരം കന്നിമാസത്തിലെ വിജയദശമി നാളാണ്‌ വിദ്യാരംഭദിനം. ഈ ദിനത്തിൽ ചടങ്ങിന്‌ മുഹൂർത്തം നോക്കേണ്ടതില്ല എങ്കിലും രാവിലെ തന്നെയാണ്‌ എഴുത്തിനിരുത്തുക. സരസ്വതീക്ഷേത്രങ്ങൾക്കു പുറമെ തിരൂർ തുഞ്ചൻപറമ്പിലും ചിറ്റൂർ തുഞ്ചൻ മഠത്തിലും ഈ ചടങ്ങ്‌ നടത്താറുണ്ട്‌. ചിലർ സ്വഗൃഹങ്ങളിലോ സമീപത്തെ ആരാധ്യനായ പണ്ഡിതന്റെയോ അധ്യാപകന്റെയോ വീട്ടിലോ വച്ചും വിദ്യാരംഭം നടത്താറുണ്ട്‌. എഴുത്തിനിരുത്തുന്ന ആചാര്യൻ കുട്ടിയെ മടിയിൽ ഇരുത്തി കത്തിച്ച നിലവിളക്കിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന്‌ സ്വർണ്ണ മോതിരം കൊണ്ട്‌ നാവിൽ “ഹരിശ്രീ ഗണപതയെ നമ” എന്നെഴുതുന്നു. മുന്നിൽവച്ചിട്ടുളള അരിയിൽ ചൂണ്ടുവിരൽ (ചിലയിടങ്ങളിൽ മോതിരവിരൽ) കൊണ്ടെഴുതിക്കുന്നു ഈ അരികൊണ്ട്‌ ചോറോ പായസമോ ഉണ്ടാക്കി കുട്ടിക്ക്‌ നല്‌കണം. കുട്ടിയുടെ മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ്‌ ഈ ചടങ്ങ്‌.

ക്രിസ്‌ത്യൻ വിശ്വാസപ്രകാരം ഹരിശ്രീക്ക്‌ പകരം “ദൈവം തുണയ്‌ക്കുക” എന്നാണെഴുതുന്നത്‌. ഇവരും അരി ഉപയോഗിക്കുന്നു. മുസ്ലീങ്ങൾ എഴുത്തിനിരുത്തുന്നത്‌ ബക്രീദിന്‌ മുമ്പാണ്‌. ഓത്തു പുരയിൽ മാതാപിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൗരപ്രധാനികളുടെയും മുന്നിൽ വച്ച്‌ മൊല്ലാക്ക എഴുത്തിനിരുത്തുന്നു. കുട്ടിയുടെ വലത്തെ ഉള്ളംകയ്യിൽ കടുക്കമഷി കൊണ്ട്‌ മൊല്ലാക്ക എഴുതുന്ന സൂക്തങ്ങൾ നക്കി വയറ്റിലാക്കുന്നത്‌ പുണ്യമത്രെ. മൊല്ലാക്കയ്‌ക്ക്‌ ദക്ഷിണ നൽകുന്നതിന്‌ പുറമെ വെടിക്കെട്ടും സദ്യയും ഘോഷയാത്രയും എല്ലാം പതിവുണ്ട്‌.

വിശ്വാസപ്രമാണങ്ങളെന്തുതന്നെയായാലും ഈ ചടങ്ങുകൾക്കെല്ലാം ഒരൈക്യം കാണാം. സംസ്‌കൃത വാചകം കൊണ്ടാരംഭിക്കുന്ന ഹിന്ദു വിശ്വാസവും ദൈവംതുണ എന്നെഴുതുന്ന ക്രിസ്‌ത്യൻ സമ്പ്രദായവും ഖുറാൻ സൂക്തങ്ങളിൽ തുടങ്ങുന്ന മുസ്ലീം രീതിയും ഒടുവിൽ സമന്വയിക്കുന്നത്‌ ഒരു വൻശക്തിയുടെ മുന്നിലത്രെ.

Generated from archived content: oct1_essay3.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here