കൂത്ത്‌

കേരളത്തിന്‌ സ്വന്തമെന്നവകാശപ്പെടാവുന്ന കുറെ കലാരൂപങ്ങൾ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവ്വികർ വികസിപ്പിച്ചെടുത്തിരുന്നു. അന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ സംഗമകേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലൂടെയായിരുന്നു അവ പ്രധാനമായും വളർന്നത്‌.

പുരാതന ക്ഷേത്രകലകളിൽ കൂത്ത്‌ എന്ന കലാരൂപത്തിന്‌ പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്‌. ചാക്യാർ എന്ന പ്രത്യേക സമുദായാംഗം അവതരിപ്പിക്കുന്ന കഥാപ്രസംഗമാണിത്‌. കൂത്തിന്‌ കൂടിയാട്ടം എന്ന മറ്റൊരു വകഭേദം കൂടിയുണ്ട്‌. കൂത്ത്‌ ഏകാഭിനയവും കൂടിയാട്ടം നാടകതുല്ല്യമായ അനേകാഭിനയവുമാണ്‌. നങ്ങ്യാർ കൂടിചേർന്ന്‌ അവതരിപ്പിക്കുന്ന കൂടിയാട്ടത്തിലെ വിദൂഷകനാണ്‌ ചാക്യാർ.

‘ശ്ലാഘ്യവാക്ക്‌’ (സ്തുത്യർഹമായ വാക്‌ചാതുരിയുളളവർ) ആണ്‌ ചാക്യാർ. ‘ചാക്കൈ’ (നൃത്തവിശേഷം) + ആർ (ഒരു ആദരസൂചക സംജ്ഞ) ആണ്‌ ചാക്യാർ ആയതെന്ന്‌ പ്രശസ്‌ത ഭാഷാപണ്ഡിതൻ ഡോ.ഇളംകുളം കുഞ്ഞൻ പിളള വിലയിരുത്തുന്നു.

നൈമിശാരണ്യത്തിൽ ഭാഗവതത്തെ ആസ്പദമാക്കി സൂതൻ നടത്തിയ കഥാപ്രസംഗത്തെ അനുകരിച്ചാണ്‌ ചാക്യാർ കൂത്ത്‌ പ്രബന്ധക്കൂത്ത്‌ അവതരിപ്പിക്കുന്നത്‌. ചമ്പുക്കളിൽ നിന്നും സംസ്‌കൃത പ്രബന്ധങ്ങളിൽ നിന്നും എടുത്ത പദ്യം ചൊല്ലി നർമ്മരസം കലർത്തി അർത്ഥം പറയുന്നതാണിതിന്റെ ശൈലി. നമ്പ്യാർ പ്രയോഗിക്കുന്ന മിഴാവും നങ്ങ്യാർ പ്രവർത്തിപ്പിക്കുന്ന കുഴിതാളവും കൂത്തിന്‌ താളനിബദ്ധത നല്‌കുന്നു. കൂത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്‌ നിശ്ചിത പരിധിയില്ല എന്നതാണ്‌. കഥാവ്യാഖ്യാനത്തിന്റെയും വിവരണങ്ങളുടെയും ഇടയ്‌ക്ക്‌ വ്യതിചലിച്ച്‌ സാമൂഹിക-രാഷ്‌ട്രീയ വിമർശനങ്ങളിലേക്ക്‌ അത്‌ നീളുന്നു. ആരെയും വിമർശിക്കാനുളള ചാക്യാരുടെ അധികാരത്തെ ആരും ചോദ്യം ചെയ്യാറില്ല.

ക്ഷേത്രകലയുടെ പവിത്രതയും പരിശുദ്ധിയും ഈ കലാരൂപം നിലനിർത്തുന്നു. മിഴാവും കുഴിത്താളവും ദേവവാദ്യങ്ങളത്രെ. ദേവനെ പുറത്തേയ്‌ക്കെഴുന്നളളിച്ചാൽ പിന്നെ കൂത്ത്‌ നടത്താൻ പാടില്ല. ക്ഷേത്രമുറ്റത്തെ പ്രത്യേക വേദിയിലാണ്‌ കൂത്ത്‌ നടത്തുന്നത്‌. ഭരതമുനിയുടെ നാട്യശാസ്‌ത്രപ്രകാരം (രണ്ടാം അധ്യായം) പഞ്ചപ്രാസാദങ്ങളിലൊന്നായ നാട്യപ്രാസാദമാണ്‌ കൂത്തമ്പലം. ഇവിടെ കൂത്ത്‌ മാത്രമാണ്‌ അരങ്ങേറുന്നത്‌. അണിയറയും അതിനു മുന്നിൽ കൂത്തു പറയുന്ന മണ്ഡപവും ഇവിടെയുണ്ട്‌. മൂന്നു വശങ്ങളിലൂടെയും കാണികൾക്ക്‌ പരിപാടി ആസ്വദിക്കാവുന്ന സംവിധാനമാണ്‌ കൂത്തമ്പലത്തിനുളളത്‌.

കൂത്ത്‌ പലവിധമുണ്ട്‌. ക്ഷേത്രത്തിലെ കലശത്തിനൊപ്പം കലശക്കൂത്ത്‌ നടത്തുന്നു. സന്താനലാഭത്തിനായി മത്തവിലാസം കൂത്തും, സർവ്വകാര്യസാധ്യത്തിനായി അംഗുലീയാങ്കം കൂത്തും നടത്തുന്നു. മാന്ത്രാങ്കം കൂത്ത്‌ നാടിന്റെയും ജനതയുടെയും ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടിയാണ്‌. ബ്രഹ്‌മചാരിക്കൂത്ത്‌, സൂത്രധാരൻ കൂത്ത്‌, പുരുഷാർത്ഥക്കൂത്ത്‌, തോല്പാവക്കൂത്ത്‌, നങ്ങ്യാർ കൂത്ത്‌, പറക്കും കൂത്ത്‌ എന്നിങ്ങനെ പലവിധത്തിലുളള കൂത്തുകൾ അവതരിപ്പിക്കപ്പെടുന്നു. ഇവ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്‌. എങ്കിലും പ്രബന്ധക്കൂത്താണ്‌ സർവ്വസാധാരണം. ഇത്‌ കൂടുതൽ ഹാസ്യാത്മകവും അതുകൊണ്ടുതന്നെ, ജനപ്രിയവുമാണ്‌.

കേരളീയരെയും മലയാള സാഹിത്യത്തെയും സംബന്ധിച്ചിടത്തോളം കൂത്ത്‌ ഒരു കലാരൂപത്തിനപ്പുറം പ്രാധാന്യം ഉളളതാണ്‌. തുളളൽ എന്ന സാഹിത്യശാഖയുടെ രൂപീകരണത്തിന്‌ കാരണമായത്‌ കൂത്തായിരുന്നുവത്രെ. കൂത്ത്‌ വേദിയിൽ മിഴാവ്‌ കൊട്ടുമ്പോൾ ഉറങ്ങിപ്പോയ കുഞ്ചൻ നമ്പ്യാരെ ചാക്യാർ കണക്കിന്‌ കളിയാക്കി. പിറ്റേന്ന്‌ അതേ ക്ഷേത്ര മൈതാനിയിൽ, കൂത്ത്‌ നടക്കുമ്പോൾ ബദൽ രൂപമായ തുളളലുമായി കുഞ്ചൻ നമ്പ്യാർ രംഗത്തെത്തുകയായിരുന്നു എന്ന്‌ പറയപ്പെടുന്നു. ഇതായിരുന്നു തുളളൽ പ്രസ്ഥാനത്തിന്റെ തുടക്കം.

ഒരു ദൈവീക കലാരൂപത്തിനപ്പുറം കൂത്തിന്‌ കലാ-സാംസ്‌ക്കാരികമായി വളരെ പ്രാധാന്യമുണ്ട്‌. കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായി വളർന്ന കൂത്ത്‌, ഒരു കാലത്ത്‌ നമ്മുടെ ക്ഷേത്രമുറ്റത്തെ അനിവാര്യമായ പരിപാടികളിലൊന്നായിരുന്നു. ഇന്നും പാരമ്പര്യത്തിന്റെ സ്‌മരണകളുണർത്തി ചില ക്ഷേത്രങ്ങളിൽ ഈ കലാരൂപം അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട, കൂടൽ മാണിക്യം, തൃശൂർ വടക്കുംനാഥൻ എന്നീ ക്ഷേത്രങ്ങളിലും കിടങ്ങൂരും ഹരിപ്പാട്ടുമുളള സുബ്രഹ്‌മണ്യക്ഷേത്രങ്ങളിലും മൈതാനത്തെ കൂത്തമ്പലങ്ങൾ ഈ കലയുടെ സംരക്ഷണ വേദികളാണ്‌.

ജനതയുടെ അഭിരുചികളും താത്‌പര്യങ്ങളും മാറിമറിഞ്ഞ കാലപ്രവാഹത്തിൽ കൂത്തിന്റെ സ്ഥാനം ഇന്നലെകളുടെ ക്ഷേത്രമുറ്റത്തെങ്ങോ ഓർമ്മ മാത്രമായി. അമ്പലമുറ്റത്തെ വേദികളിൽപോലും കാതടപ്പിക്കുന്ന ശബ്‌ദഘോഷങ്ങളുടെ ഗാനമേളകൾ മനുഷ്യമനസ്സിനെ ഉന്മാദാവസ്ഥയിലേക്കെത്തിക്കുമ്പോൾ നാമറിയാതെ തളളിപ്പറയുന്നത്‌ നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെയാണ്‌. അർത്ഥശൂന്യമായ ആധുനിക സംസ്‌ക്കാരത്തെ ഉൾക്കൊണ്ടതിനാൽ നമുക്ക്‌ നഷ്‌ടമായത്‌ ഒരു പൗരാണിക പാരമ്പര്യമായിരുന്നു. ഇനിയൊരു നാളെയിൽ പഴയ പുരാണത്തിന്റെ പുനരാഖ്യാനത്തിലൂടെ ദേവസന്നിധിയിൽ മോക്ഷം തേടി കൂത്ത്‌…..

Generated from archived content: essay_koothu.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here