കാളി – സ്ര്തീത്വത്തിന്റെ ഭിന്നഭാവം

പ്രാചീനകാലം മുതൽക്കെ മനുഷ്യർ അമ്മ എന്ന ദൈവത്തിന്റെ ആരാധകരാണ്‌. ദേശാന്തരങ്ങളിൽ പുലർത്തുന്ന വ്യത്യസ്തതയ്‌ക്കപ്പുറം എല്ലാ ആരാധനകളിലും സ്‌ത്രീ അഥവാ മാതാവ്‌ പരമപ്രധാനസ്ഥാനം പുലർത്തുന്നു. ഭാരതം, ഈജിപ്ത്‌, റോം, ഗ്രീസ്‌ എന്നിവിടങ്ങളിൽ പുരാതനകാലം മുതൽക്കേ നിലനില്‌ക്കുന്ന ആചാരരീതികൾ മാതൃഭക്തിയുടെ വ്യക്തമായ തെളിവുകളാണ്‌.

ഭാരതീയരുടെ പ്രാചീനദൈവമാണ്‌ കാളി എന്ന ദേവത. ദ്രാവിഡ സംസ്‌ക്കാരത്തിന്റെ അവിഭാജ്യഘടകമത്രെ ഈ ദേവി. മാതൃഭാവത്തിൽ സർവ്വേശ്വര ശക്തിയായ ഈ ദേവി ക്രൂരയും കുപിതയും ആണ്‌. ദേവ്യുപാസനയുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ സർവ്വോത്‌കൃഷ്‌ടമായ ദുർഗ്ഗാസപ്തശതിയിൽ സമരദേവതയായ ദുർഗ്ഗയുടെ കരാള ഭാവം ദർശിക്കാം.

പുരാണ വിശ്വാസപ്രകാരം കാളിയാണ്‌ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവും ഭാഗധേയ വിധാതാവും. ആദ്ധ്യാത്മികമായി സത്‌, ചിത്‌, ആനന്ദം എന്നീ ഭാവങ്ങളുൾക്കൊളളുന്നതാണ്‌ കാളീദേവി. ഇതിൽ ചിത്‌ സാത്വികഗുണവും സത്‌ രാജസഗുണവും ആനന്ദം താമസഗുണവുമുളളതാണ്‌. കാളീദേവിയുടെ അനേകം വ്യത്യസ്‌ത രൂപങ്ങളിൽ സത്‌ മഹാലക്ഷ്‌മിയായും ചിത്‌ മഹാസരസ്വതിയായും ആനന്ദം മഹാകാളിയായും ആരാധിക്കപ്പെടുന്നു.

ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും കാളീപൂജ ഇന്നും തുടരുന്നു. ഗ്രാമീണ വിശ്വാസമാണ്‌ ഈ ദേവതയ്‌ക്ക്‌ ഏറെ പ്രാധാന്യം നല്‌കുന്നത്‌. ദശവിദ്യകൾ എന്നറിയപ്പെടുന്ന പത്തു കാളീരൂപങ്ങൾ വ്യത്യസ്‌തമാർന്ന വിഗ്രഹങ്ങളിലൂടെ ഇന്ത്യ മുഴുവൻ ആരാധിക്കപ്പെടുന്നു. ശിവന്റെ അഥവാ മഹാകാലന്റെ ശക്‌തിയാണ്‌ മഹാകാലി അഥവാ മഹാകാളി. കാലസ്വരൂപനായ ഈശ്വരന്റെ ശക്തിയാണത്‌. കറുത്തവളാണ്‌ കാളി. ചാമുണ്‌ഡ, കാളിക, കണ്‌ഠകാളി എന്നീ പേരുകളിലും കാളി ആരാധിക്കപ്പെടുന്നു.

ബംഗാളാണ്‌ കാളീപൂജയുടെ പ്രധാനകേന്ദ്രം. ഇവിടെ ആരാധിക്കപ്പെടുന്നത്‌ കൂടുതൽ ഉഗ്രയും ഭീതിദായകയുമായ ദേവിയെയാണ്‌. ചക്രപൂജയും താന്ത്രികപൂജയും ആണ്‌ മുഖ്യമായ ആരാധനാവിധികൾ. സ്‌ത്രീപുരുഷന്മാർ ഇടകലർന്നിരുന്നാണ്‌ ചക്രപൂജ നടത്തുന്നത്‌. മദ്യം, മാംസം, മത്‌സ്യം, മുദ്ര, മൈഥുനം എന്നിവയുൾപ്പെട്ട ‘പഞ്ചമകാരസേവ’ കാളീസേവയുടെ ഒരു അടിസ്ഥാനചടങ്ങാണ്‌. ജന്തുബലിയും അശ്ലീലഭാഷണവും ഇതിലുൾപ്പെടുന്നതിനാൽ ഇത്‌ പ്രാകൃതമാണെന്ന്‌ ആരോപിക്കപ്പെടുന്നു. സ്‌ത്രീപുരുഷ സംയോഗത്തിന്റെ വിവിധ ചിത്രങ്ങളും ശില്പങ്ങളും പല രാജ്യങ്ങളുടെയും ചരിത്രാതീതകാലം മുതൽ കാണപ്പെടുന്നു. മതവിശ്വാസങ്ങളുടെ ബഹിഃപ്രകാശനങ്ങൾക്ക്‌ രതിയുമായുളള ബന്ധത്തെയാണിവ സൂചിപ്പിക്കുന്നത്‌.

താന്ത്രികപൂജ അതീവ രഹസ്യമത്രെ. താന്ത്രികപൂജയിലും പഞ്ചമകാരസേവ കടന്നു വരുന്നു. പക്ഷേ ജന്തുബലി പോലുളള ചടങ്ങുകൾ ദേവിയെ അതിക്രൂരയാക്കി ചിത്രീകരിക്കാനിടയാക്കി. പുത്രവത്‌സലയായ മാതാവ്‌, ക്രൂരയായ ശിക്ഷക എന്നീ ദ്വന്ദ്വവൈരുദ്ധ്യത്തെപ്പറ്റി പാശ്ചാത്യചിന്തകനായ ആൾഡസ്‌ ഹക്‌സ്‌ലി ആശ്ചര്യപൂർവ്വം പ്രസ്‌താവിച്ചിട്ടുണ്ട്‌.

ബംഗാളിലെ മാംഭ്രം ജില്ലയിലെ ഓറോവൻ എന്ന പ്രാകൃതസമൂഹം ചണ്ഡി എന്ന പേരിലാണ്‌ കാളിയെ ആരാധിക്കുന്നത്‌. അതിപ്രാചീനരീതി തുടരുന്ന ഇവർ വിഗ്രഹങ്ങൾ ഉപയോഗിക്കാറില്ല. ശാക്തേയന്മാർ എന്ന കാളീസേവകർ മൂന്ന്‌ ഭാവങ്ങളിലാണ്‌ ദേവിയെ പൂജിക്കുന്നത്‌. ഇച്ഛാശക്തിയുടെ ആത്മ നിയന്ത്രണങ്ങൾ ഉൾക്കൊളളുന്ന ‘പശുഭാവ’വും ലൈംഗികതയ്‌ക്കും മറ്റ്‌ തീവ്രവികാരങ്ങൾക്കും മേൽ വിജയം നേടുന്ന ‘വീരഭാവ’വും പൂർണ്ണമായ ആത്മീയസിദ്ധി നേടി ഇഷ്‌ടദേവതയെ മുഖാമുഖം കാണുന്ന ‘ദിവ്യഭാവ’വും ആണ്‌ ഇവ.

കേരളത്തിലും കാളീപൂജ വളരെ പ്രചാരം നേടിയിട്ടുണ്ട്‌. സേവാക്രമത്തിൽ, കേരളം ചില തനതായ ചടങ്ങുകൾ പിന്തുടരുന്നു. ഇവിടെയും പ്രാകൃതമെന്നാരോപിക്കപ്പെടുന്ന ‘പഞ്ചമകാരസേവ’ ഒരു പരിധിവരെയെങ്കിലും പ്രധാനമാണ്‌. ബുദ്ധമതാനുയായികളെ തുരത്തിയ ആക്രമണകാരികളുടെ വിജയമായി കരുതുന്ന കൊടുങ്ങല്ലൂർ കാവുതീണ്ടലിലെ ഭരണിപ്പാട്ടും (പൂരപ്പാട്ട്‌) ചേർത്തല ഭഗവതിയെ ബലമായി പിടിച്ചിരുത്തിയ വില്വമംഗലത്തു സ്വാമിയാരുടെ പുലയാട്ടും അശ്ലീല സാഹിത്യത്തിന്റെ ചില ദൃഷ്‌ടാന്തങ്ങളാണ്‌.

ദേവീപ്രീതിയ്‌ക്കായി പാന, കളമെഴുത്തും പാട്ടും, മുടിയേറ്റ്‌ തുടങ്ങിയ അനുഷ്‌ഠാനകലകളാണ്‌ നടത്താറുളളത്‌. ഇവ പാരമ്പര്യമായി മിക്കവാറും എല്ലാ ഭഗവതി ക്ഷേത്രങ്ങളിലും ഇന്നും തുടരുന്നു. പാനയുടെ പ്രധാനചടങ്ങ്‌ കുരുതി തർപ്പണമാണ്‌. മുമ്പ്‌ ഉപയോഗിച്ചിരുന്ന രക്തത്തിന്‌ പകരമായി ഇപ്പോൾ ചുണ്ണാമ്പുവെളളത്തിൽ മഞ്ഞൾ ചേർത്താണ്‌ കുരുതി ഉണ്ടാക്കുന്നത്‌.

കളമെഴുത്തുപാട്ടിൽ ദേവിയുടെ ചിത്രം വരച്ച്‌ സമീപമിരുന്ന്‌ ‘ദാരികവധം’ എന്ന ഗദ്യ-പദ്യ സമ്മിശ്രമായ ദേവീസ്‌തുതി പാടുന്നു. പാനപ്പാട്ടുകാരൻ കുറുപ്പ്‌ ഇവിടെ അതിവിദഗ്‌ദ്ധനായ ഒരു ചിത്രമെഴുത്തുകാരനായി മാറുന്നു. അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി തുടങ്ങിയവ ചേർത്ത്‌ നാല്‌ അഥവാ എട്ട്‌ അഥവാ പതിനാറ്‌ കൈകളോടുകൂടിയ ചൈതന്യം തുളുമ്പി നില്‌ക്കുന്ന ദേവീചിത്രം പൂർത്തിയാക്കാൻ മൂന്നു മണിക്കൂറെങ്കിലും എടുക്കും.

മുടിയേറ്റിൽ കാളി തന്റെ ജന്മോദ്ദേശ്യം പൂർത്തിയാക്കുന്നു. മുടി (കിരീടം) ഏറ്റുന്ന(തലയിൽ)ന്നതാണ്‌ മുടിയേറ്റ്‌. നാടരൂപമാർന്ന ഈ അനുഷ്‌ഠാനകലയിൽ ദാരികനെ കാവിനുചുറ്റും ഓടിച്ച്‌, കൊന്ന്‌ കുടൽമാല വലിച്ചു പുറത്തെടുക്കുകയും ചോര കുടിക്കുകയും ചെയ്യുന്നു. ചുടുകാട്ടിലമ്മയെന്നും വസൂരിമാലയമ്മയെന്നും പോർക്കളത്തിലമ്മയെന്നും കൂടി പേരുകളുളള ദേവിയുടെ പ്രീതിയ്‌ക്കായി വെളളാട്ടും തീയാട്ടും നടത്തുന്നു. മണ്ണാന്മാരും പാണന്മാരും ആണ്‌ ഇത്‌ നടത്തുന്നത്‌. ദേവ്യാരാധനയുടെ മറ്റ്‌ രൂപങ്ങളായി വേലയും പൂരവും താലപ്പൊലിയും അരങ്ങേറുന്നു. ഗ്രാമം മുഴുവൻ കാവിൽ ഒത്തുകൂടുന്ന ആഘോഷങ്ങളാണിവ. തട്ടകം (സാധാരണയായി ഒരു ഗ്രാമം) എന്നറിയപ്പെടുന്ന ക്ഷേത്രപരിധിക്കുളളിൽ വസൂരിരോഗം ഉണ്ടായാൽ ദേവിക്ക്‌ പട്ടുംകൂറയും ചാർത്തുകയും തെയ്യാട്ടം അല്ലെങ്കിൽ പാന കഴിക്കുകയും ചെയ്യുന്നു.

ആരാധനകൾക്കും പൂജാവിധികൾക്കും അപ്പുറം കലയിലും സാഹിത്യത്തിലും പുരാതനകാലം മുതൽക്കുതന്നെ കാളീസേവ നിറഞ്ഞു നില്‌ക്കുന്നു. ലിപിയുടെ ഉത്ഭവത്തിനുംമുമ്പ്‌ രൂപംകൊണ്ട ഗാനശാഖയാണ്‌ ഭദ്രകാളിപ്പാട്ടുകൾ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇവയുടെ പഴക്കം ഇപ്പോഴും അജ്ഞാതമാണ്‌. ആരാധനയ്‌ക്കൊപ്പം കളംപാട്ട്‌ എന്ന ചിത്രകലയും തോറ്റംപാട്ട്‌ എന്ന ഗാനശാഖയും ആരംഭിച്ചിരിക്കാം. കാളി നായികയും ദാരികൻ നായകനുമാണ്‌ കാളിപ്പാട്ടുകളിൽ. ഇവ അത്ര പ്രാചീനമല്ലെന്ന്‌ കരുതപ്പെടുന്നു. ദാരികവധം, ദാരുകൻ തോറ്റം, കളംപാട്ട്‌, ഭദ്രോല്പത്തി, പാനത്തോറ്റം എന്നീ പാട്ടുകൾ ഇന്നും നിലനില്‌ക്കുന്നു. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹ്യ പരിണാമപ്രക്രിയകളിൽ ഇവ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗണനീയ സ്ഥാനം അർഹിക്കുന്നു. ‘ചിലപ്പതികാര’ത്തിലെ വീരനായികയായ കണ്ണകിയാണ്‌ കൊടുങ്ങല്ലൂരമ്മയായി മാറിയതെന്ന ചരിത്ര-ഐതിഹ്യ സമ്മേളിതമായ ധാരണ, കേരളത്തിലെ ആദ്ധ്യാത്മിക ഭാവപ്രഭാസിതമായ ചരിത്രരചനാ പ്രക്രിയയുടെ ഒരു പ്രധാനഘടകമായിത്തന്നെ നിലകൊളളുന്നു.

ആചാരങ്ങളും പൂജാവിധികളും എന്തുതന്നെയായാലും സ്‌ത്രീ എന്ന ഭാവത്തിന്‌ സമൂഹം നല്‌കുന്ന പൂർണ്ണമായ മാനസികാംഗീകാരമാണ്‌ കാളീപൂജയുടെ അടിസ്ഥാനം. ദേശാന്തരങ്ങൾക്കിടയിലും കാളിക്കുളള ‘അമ്മ’ എന്ന സ്ഥാനം സാർവ്വത്രികമാണ്‌. ഒരു വ്യക്തിയുടെ മാതാവിനെപ്പോലെ സമൂഹത്തിന്റെ മാതാവായി രക്ഷിക്കാനും ശിക്ഷിക്കാനും ഈ അമ്മയ്‌ക്കും പൂർണ്ണ അധികാരമുണ്ട്‌.

Generated from archived content: essay_kali.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English