ഒരു നിയോഗമായി പടിപ്പുര

സാംസ്‌ക്കാരികതയുടെ നഗരമെന്നവകാശപ്പെടാൻ അർഹതയുളള നാടാണ്‌ പിറവം. തിരുപ്പിറവിയുടെ ശേഷിപ്പായി അംഗീകരിക്കപ്പെടുന്ന പിറവം പളളിയും അവിടത്തെ പൈതൽ നേർച്ചയും പളളിയോടു ചേർന്ന ക്ഷേത്രവും മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാവുന്നു.

സംസ്‌ക്കാരത്തിനും സൗഹാർദ്ദതയ്‌ക്കും അപ്പുറം പിറവവും പരിസരങ്ങളും ഐതിഹ്യത്തിലേയ്‌ക്കും നീളുന്നു. പിറവത്തിനോട്‌ അടുത്ത പ്രദേശമായ പാഴൂരിലാണ്‌ കേരളത്തിലെ പ്രശസ്ത മഹാദേവക്ഷേത്രങ്ങളിലൊന്നായ പാഴൂർ പെരും തൃക്കോവിൽ. ഈ ക്ഷേത്രം ഭക്തരെ ആകർഷിക്കുമ്പോൾ പുഴയ്‌ക്കക്കരെയുളള പാഴൂർ പടിപ്പുര എന്ന പാരമ്പര്യ ജ്യോതിഷ കേന്ദ്രം നാനാജാതി മതസ്ഥരുടെ അഭയ കേന്ദ്രമായി മാറുന്നു.

പാഴൂർ പടിപ്പുരയെപ്പറ്റിയുളള ഐതിഹ്യം നൂറ്റാണ്ടുകൾക്കപ്പുറത്തേക്കുപോലും നീളുന്നു. പ്രശസ്ത ജ്യോത്‌സ്യനും പണ്ഡിതനുമായിരുന്ന തലക്കളത്തൂർ ഭട്ടതിരിയിലേക്കാണ്‌ ഈ ഐതിഹ്യം എത്തുന്നത്‌. ഇ.ഡി. 12-13 നൂറ്റാണ്ടുകളിൽ (1237-‘95 എന്നും 1537-1637 എന്നും പക്ഷഭേദം) മലബാറിൽ തിരുനാവായയ്‌ക്കടുത്ത ആലത്തിയൂർ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഭട്ടതിരി, സ്വന്തം പുത്രന്‌ നിർണ്ണയിച്ച നീണ്ട ആയുർബലം തെറ്റിയപ്പോൾ തഞ്ചാവൂരിലെ ആൾവാരിൽനിന്ന്‌ കൂടുതൽ ജ്യോതിഷാഭ്യസനം നടത്തി പാരംഗതനായി.

അവസാനകാലത്ത്‌ ജാതിഭ്രഷ്‌ട്‌ തനിക്കുണ്ടാകുമെന്ന്‌ കണ്ടെത്തിയ ഭട്ടതിരി, അതൊഴിവാക്കാനായി നാടുചുറ്റി നടന്നു. ജാതിഭ്രംശം ഉണ്ടാകുമെന്ന്‌ പറഞ്ഞിരുന്ന ദിനം മുഴുവൻ കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചികളിയ്‌ക്കായി ചെലവിടാൻ നിശ്ചയിച്ചു. എന്നാൽ രാത്രിയിലുണ്ടായ അതിഭീകരമായ കാറ്റും കോളും മൂലം സുഹൃത്തുക്കളെല്ലാം സമീപത്തെ സ്വഭവനങ്ങളിൽ അഭയം തേടി. തനിച്ചായ ഭട്ടതിരിയും ഒരു തരത്തിൽ കര പറ്റി. ഇടിമിന്നൽ വെളിച്ചത്തിൽ ഒരു വീടിന്റെ ഉമ്മറത്ത്‌ ചുരുട്ടി വച്ചിരുന്ന പായ വിരിച്ച്‌ കിടന്നു. ക്ഷീണവും വിശപ്പും മൂലം ഉറങ്ങിപ്പോയി. രാത്രിയിൽ ഇടയ്‌ക്കെപ്പോഴോ പുറത്തിറങ്ങിയ ഗൃഹനായിക മദ്യപനായ തന്റെ ഭർത്താവ്‌ (എന്നും മദ്യപാനം ശീലമായുളള ഭർത്താവിനു വേണ്ടി വച്ചിരുന്നതാണാ പായ) തിരിച്ചെത്തിയതാണെന്നു കരുതി ഭട്ടതിരിക്കൊപ്പം കയറിക്കിടന്നു. പെട്ടെന്നുണ്ടായ ആവേശത്താൽ ഭട്ടതിരി, ആ സ്‌ത്രീയെ ഭാര്യയായി കരുതി.

പുലർന്നപ്പോഴാണ്‌ താൻ ഒരു കണിയാട്ടിക്കൊപ്പമാണ്‌ ശയിച്ചത്‌ എന്ന സത്യമറിഞ്ഞത്‌. വേഴ്‌ചയിലൂടെ തനിക്ക്‌ ജാതിഭ്രംശം സംഭവിച്ചതായി അദ്ദേഹം മനസ്സിലാക്കി. മിടുക്കനും പ്രശസ്തനുമായ പുത്രൻ ജനിക്കുമെന്ന അനുഗ്രഹത്തോടെ ഭട്ടതിരി പുറപ്പെട്ടു.

കണിയാട്ടിയുടെ പുത്രൻ പ്രശ്നത്തിലും ജാതകത്തിലും അദ്വിതീയനായി വളർന്നു. ഇവരുടെ പിന്മുറക്കാരത്രെ പാഴൂർ കണിയാന്മാർ.

പാഴൂർ കണിയാന്മാരുടെ വൈദഗ്‌ദ്ധ്യത്തെപ്പറ്റി പല കഥകളും ഉണ്ട്‌. അതിപ്രശസ്തനായിത്തീർന്ന കണിയാർ, അടുത്തൊരില്ലത്തെ ഗർഭിണിയായ അന്തർജ്ജനത്തിന്‌ പെൺകുഞ്ഞ്‌ ജനിക്കുമെന്ന്‌ പ്രവചിച്ചു. ഒൻപതു പെൺകുട്ടികൾക്കുശേഷം പത്താമതും പെൺകുഞ്ഞെന്ന്‌ പ്രവചിച്ചെങ്കിലും അപ്പോൾ അവിടെയെത്തിയ ഒരു ബ്രാഹ്‌മണൻ, നാല്പതു ദിവസത്തെ പൂജാകർമ്മങ്ങളിലൂടെ കുട്ടിയെ ആണാക്കി മാറ്റി. ’മൂന്ന്‌ മാസത്തിനുളളിൽ ഗർഭസ്ഥ ശിശുവിനെ ഇഷ്ടാനുസരണം സ്‌ത്രീയോ പുരുഷനോ ആക്കാമെന്നത്‌ ബ്രാഹ്‌മണന്റെ വേദമാഹാത്മ്യം ആണ്‌ എന്ന്‌ നമ്പൂതിരി പറഞ്ഞു. അന്തർജ്ജനത്തിന്റെ പ്രസവസമയത്ത്‌, പ്രസവത്തിനൊരുങ്ങുന്ന പശുവിന്‌ ‘നെറ്റിയിൽ ചാർത്തുളള കാളക്കിടാവായിരിക്കും’ എന്ന കണിയാരുടെ പ്രവചനത്തെ ‘വാലിൽ കൊടിയാണ്‌, നെറ്റിയിൽ ചാർത്തല്ല’ എന്ന്‌ നമ്പൂതിരി ഖണ്ഡിച്ചു. അന്തർജ്ജനത്തിന്റെയും പശുവിന്റെയും കാര്യങ്ങളിൽ പരാജയപ്പെട്ടത്‌ ‘ശാസ്‌ത്രം തെറ്റായതുകൊണ്ടല്ല; അത്‌ സംയുക്തികമായി പറയാത്തതുകൊണ്ടാണ്‌’ എന്ന്‌ നമ്പൂതിരി വ്യക്തമാക്കി. അപ്പോഴാണ്‌ അത്‌ പിതാവായ തലക്കളത്തൂർ ഭട്ടതിരിയാണെന്ന്‌ കണിയാർക്ക്‌ മനസ്സിലായത്‌. തുടർന്നുളള കാലം ഭട്ടതിരി കണിയാർക്കൊപ്പം കഴിഞ്ഞു.

പാഴൂർ പടിപ്പുരയിൽ ഇപ്പോൾ പ്രശ്നവിധികൾ നടത്തുന്നത്‌ സുരേന്ദ്രൻ ജ്യോത്‌സ്യർ ആണ്‌. ഭട്ടതിരിയുടെ ഉപദേശപ്രകാരം അദ്ദേഹത്തെ സംസ്‌ക്കരിച്ച സ്ഥലത്തിരുന്നാണ്‌ പ്രശ്‌നം പറയുന്നത്‌. ഇത്‌ സൂക്ഷ്‌മമായിരിക്കുമത്രെ. ഇത്‌ പടിഞ്ഞാറ്‌ ഭാഗത്താണ്‌. ഇതിന്റെ തെക്കുവശത്തായി, നേരെ മുന്നിൽ, പിതൃക്കളെ ആവാഹിച്ച പത്തൊമ്പത്‌ ശിലകളുണ്ട്‌. അനുഗൃഹീതരായ പിതൃക്കളെ സാക്ഷി നിർത്തിയാണ്‌ ഇവിടെ വിധികൾ പറയുക.

ഈ പടിപ്പുരയിൽ നിന്ന്‌ അല്പം മാറി കിഴക്കുഭാഗത്ത്‌ മറ്റൊരു പടിപ്പുരയുണ്ട്‌. ആ പടിപ്പുരയ്‌ക്കും മാഹാത്‌മ്യം കുറവല്ല. കണിയാർ പ്രശസ്തിയുടെ കൊടുമുടിയിൽ നില്‌ക്കുന്ന കാലത്ത്‌ രണ്ട്‌ ബ്രാഹ്‌മണർ അവിടെയെത്തി ഗ്രഹനില നോക്കാനാവശ്യപ്പെട്ടു. പഞ്ചാംഗവിധിയിൽ തൃപ്‌തരാകാതെ അവരുടെ ആവശ്യപ്രകാരം ഗണിച്ചു നോക്കിയപ്പോൾ വ്യത്യാസം വന്നു. ഓരോവട്ടം കവടി നിരത്തുമ്പോഴും ബ്രാഹ്‌മണർ ഇരിപ്പിടങ്ങൾ മാറുകയും പ്രശ്‌നവിധിയിൽ മാറ്റം വരുകയും ചെയ്‌തു. ഒടുവിൽ, ഇവർ സാധാരണ ബ്രാഹ്‌മണരല്ല എന്ന്‌ മനസ്സിലാക്കിയ കണിയാർ, അടിയന്‌ അകത്തുപോയി ഒരു ഗ്രന്ഥംകൂടി പരിശോധിക്കണമെന്നും അടിയൻ തിരിച്ചുവരുംവരെ നിങ്ങൾ ഇവിടെ ഉണ്ടാകണം എന്നും പറഞ്ഞ്‌ അകത്തുപോയി ആത്മഹത്യ ചെയ്‌തു. അത്‌ ബുധശുക്രന്മാർ വേഷം മാറി എത്തിയതായിരുന്നുവത്രെ. കണിയാർ തിരിച്ചു വരാത്തതിനാൽ ബുധ-ശുക്രന്മാർക്ക്‌ അവിടെത്തന്നെ കഴിയേണ്ടിവന്നു. ഇതാണ്‌ ഈ പടിപ്പുരയുടെ മാഹാത്മ്യം.

ജന്മാന്തരങ്ങളിലൂടെ കൈമാറിക്കിട്ടിയ വരദാനം പിൻതലമുറകളെ സാക്ഷി നിർത്തി കുടുംബ പരദേവതയ്‌ക്കുമുന്നിൽ വച്ച്‌ ജനസമൂഹത്തിന്‌ പകർന്നുകൊണ്ട്‌ ഇന്നും പാഴൂർ കണിയാന്മാർ സപര്യ തുടരുന്നു. അടുത്ത തലമുറയിലെ ആൺമക്കൾക്കു പകരം (ഉണ്ടാവാറില്ല) ജ്യേഷ്‌ഠാനുജന്മാരുടെയോ മക്കളുടെയോ മക്കളെ പരിശീലിപ്പിക്കുന്നു. സുരേന്ദ്രൻ ജ്യോത്‌സ്യർക്കൊപ്പമുളളത്‌ ജ്യേഷ്‌ഠപുത്രൻ അരുൺ ആണ്‌.

ഇവിടെ നിന്നും ഏറെയകലെയല്ല പാഴൂർ മഹാശിവക്ഷേത്രം. പഴയ പ്രൗഢിയുടെ ദേവസ്ഥാനങ്ങളിൽ ഇവിടെ കത്തുന്ന കൺവിളക്കുകൾക്ക്‌ ഇന്നും തിളക്കമേറെ. പടിപ്പുരയിൽ പ്രശ്‌നപരിഹാരം തേടുംമുമ്പ്‌ പാഴൂരപ്പന്‌ നേർച്ച നടത്തണമെന്നതാണ്‌ രീതി.

കാലത്തിന്‌ പിണഞ്ഞ ഒരു കൈത്തെറ്റ്‌ പക്ഷേ നാടിനും നാട്ടാർക്കും നല്‌കിയത്‌ ഒരു മഹത്തായ വിശ്വാസ കേന്ദ്രത്തെയാണ്‌. ഭട്ടതിരിയിൽ നിന്ന്‌ പത്തൊമ്പതു തലമുറകൾക്കിപ്പുറവും പാഴൂർ ജ്യോത്‌സ്യർമാർ തങ്ങളുടെ ദൗത്യം തുടരുന്നു. ഒരു നിയോഗംപോലെ.

Generated from archived content: essay_jan29.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English