അഞ്ചുതമ്പുരാൻ കൊടുതി അഥവാ പാണ്ഡവപൂജ

നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും കലകളും കാത്തുസൂക്ഷിക്കുന്നതിൽ ഗിരിവർഗ്ഗ ജനതക്കും പിന്നോക്കപ്രദേശങ്ങളിലെ ജനങ്ങൾക്കും പ്രമുഖ സ്ഥാനമാണുളളത്‌. ഒരുപക്ഷേ നാഗരികരായ നാമുദ്‌ഘോഷിക്കുന്ന ആധുനികത അവരിലേക്ക്‌ എത്താത്തതു കൊണ്ടാവാമിത്‌.

ഇത്തരമൊരു പരമ്പരാഗതകലയാണ്‌ നെടുമങ്ങാട്ടു താലൂക്കിലെ മലവേടർക്കിടയിൽ പണ്ട്‌ നടപ്പുണ്ടായിരുന്ന പാണ്‌ഡവപൂജ അഥവാ അഞ്ചുതമ്പുരാൻ കൊടുതി. ഇതിൽ തലയാട്ടം കളിയും തട്ടിൽക്കളിയും ഉൾപ്പെടുന്നു.

തട്ടിൽക്കളി യുവാക്കളാണവതരിപ്പിക്കുന്നത്‌. മുളകൾ കൊണ്ട്‌ നിർമ്മിച്ച അഞ്ചു തട്ടുകളിലാണ്‌ കളി അരങ്ങേറുന്നത്‌. സന്ധ്യയോടെ ആളുകൾ എത്തിച്ചേരും. ചെണ്ട, മദ്ദളം തുടങ്ങിയ വാദ്യങ്ങളോടെ ‘ഒന്നാംകൊടുതി’ കഴിഞ്ഞാൽ തട്ടിൽക്കളിക്ക്‌ തുടക്കമായി. പാണ്ഡവരുടെ വേഷത്തിൽ അഞ്ചുപേർ തട്ടിൽക്കയറി മുറുകുന്ന വാദ്യമേളങ്ങൾക്കൊപ്പം ചുവടു വയ്‌ക്കുന്നു. ഇത്‌ ക്രമേണ വാദ്യക്കാരും കളിക്കാരും തമ്മിലുളള മത്സരമായി പരിണമിക്കുന്നു. ഒരുകൂട്ടർ തളർന്നു കഴിഞ്ഞാൽ മറ്റവർ ജയിച്ചതായി പ്രഖ്യാപിക്കുന്നു. വീണ്ടും മറ്റൊരു സംഘം തട്ടിലേറുന്നു. ഈ കളി പലവട്ടം തുടരുന്നു.

തലയാട്ടം കളി അവതരിപ്പിക്കുന്നത്‌ യുവതികളാണ്‌. തട്ടിൽക്കളിക്കിടയിലാണിത്‌ അരങ്ങേറുന്നത്‌. ഇതിനുപുറമെ കെട്ടുകല്യാണം, തെരണ്ടുകല്യാണം തുടങ്ങിയ സന്ദർഭങ്ങളിലും തലയാട്ടം നടത്താറുണ്ട്‌. സ്‌ത്രീകൾ മുടിയഴിച്ചിട്ട്‌ വട്ടത്തിൽ ചുറ്റിക്കളിക്കുന്നു. ഓണത്തിന്‌ വീട്ടിൽ വന്ന്‌ തലയാട്ടം നടത്തുന്ന യുവതികൾക്ക്‌ തല നിറയെ എണ്ണ വീഴ്‌ത്തിക്കൊടുക്കുന്ന സമ്പ്രദായവുമുണ്ട്‌.

അഞ്ചുതമ്പുരാൻ കൊടുതിയുടെ മുഖ്യസവിശേഷത കായികശേഷിയുടെ പ്രകടനമാണ്‌. തട്ടിലെ സർവ്വം മറന്നുളള കളിയും വാദ്യമേളങ്ങളും തമ്മിൽ മത്സരം മുറുകുമ്പോൾ കാഴ്‌ചക്കാരന്‌ അവാച്യമായ അനുഭൂതി ലഭിക്കുന്നു.

Generated from archived content: essay2_feb10.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here