ഓരോ മതത്തിന്റെയും നിലനില്പ് അതിന്റെ വ്യത്യസ്‌തമായ വ്യക്തിത്വത്തിലും സ്വത്വത്തിലും ആണ്. ഇവ ഓരോ മതത്തിന്റെയും തനതായ വിശ്വാസങ്ങളിലും കലകളിലുമാണ് കുടികൊളളുന്നത്. മതങ്ങൾക്കൊപ്പം രൂപം കൊണ്ട ഈ കലകളും ആചാരങ്ങളുമെല്ലാം മതങ്ങളുടെ വ്യാപനത്തിനൊപ്പം ലോകം മുഴുവൻ പ്രചരിച്ചു. ആയിരത്താണ്ടുകൾക്കുശേഷവും അവ നാം പൈതൃകസ്വത്തായി സൂക്ഷിക്കുന്നു.
ഇത്തരത്തിലുളള ഒരു കലാരൂപമാണ് മുസ്ലീം ജനതയുടെ മാത്രം സ്വത്തായ ദഫ്‌മുട്ട്. എന്നാലിത് പൂർണ്ണമായും മുസ്ലീം കലയല്ല. ക്രിസ്‌തുവിന് മുമ്പ് മൂന്ന് ശതാബ്‌ദങ്ങൾക്കപ്പുറംപോലും ദഫ് ഉപയോഗിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലികളും യൂറോപ്യന്മാരും പളളിപ്പെരുന്നാളുകളിലും പുരോഹിതരുടെ എഴുന്നളളത്ത് സമയങ്ങളിലും മാമ്മോദീസാ വേളകളിലും ദഫ് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. പിന്നീട്, യുദ്ധം, കല്യാണം, യുദ്ധാനന്തരസ്വീകരണം എന്നിവയിൽ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ദഫ് ജനകീയമായത്.
ആദ്യകാലങ്ങളിൽ ദഫിന്റെ രൂപം ചതുരമായിരുന്നു. ഇപ്പോൾ വൃത്താകൃതിയിലുളളവയാണ് ഉപയോഗിക്കുന്നത്. ഒരു ചാൺ വ്യാസത്തിൽ മരക്കുറ്റികൾ കുഴിച്ച് അതിന്റെ ഒരു വശത്ത് തോൽ വലിച്ചു കെട്ടിയുണ്ടാക്കുന്നതാണ് ദഫ്. വശങ്ങൾക്ക് നാലുമുതൽ ആറുവരെ അംഗുലം ഉയരമുണ്ട്. ചെത്തി മിനുക്കിയ കമ്പ് കൊണ്ടാണ് ദഫ് മുട്ടുന്നത്. ഗൾഫ് നാടുകളിൽ ചിലങ്ക കെട്ടിയ ദഫുകളും പ്രചാരത്തിലുണ്ട്. പല നാടുകളിലായി ദഫ്, ഉദുഫ്, തുഫ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
ദഫിന്മേൽ കൈകൊണ്ട് അഥവാ വടികൊണ്ട് താളം മുട്ടുമ്പോൾ കളിക്കാർ താളത്തിനൊപ്പം നാലുവശത്തേക്കും ചരിഞ്ഞ് ആടുന്നു. സലാത്തോടുകൂടിയാണ് തുടക്കം. നിലവിളക്കിന്റെ വെളിച്ചത്തിൽ പളളികളിലും വീട്ടുമുറ്റത്തും കുത്ത് റാത്തിബുകൾ അവതരിപ്പിക്കുമ്പോൾ ബൈത്തുക്കൊപ്പം ദഫും മറ്റൊരു വാദ്യോപകരണമാവുന്നു. അവസാനിക്കുമ്പോഴുളള പ്രാർത്ഥനയ്‌ക്കുമുമ്പ് ദ്രുതതാളം കൈക്കൊളളുന്നു. പുണ്യാളന്മാരായ ഹോജാമാർക്ക് നേർച്ച വാങ്ങുന്ന സംഘങ്ങളും മസൂരി പോലുളള മാരക രോഗങ്ങളകറ്റാനും ദഫ് മുട്ടാറുണ്ട്.
മുഹമ്മദ് നബിയുടെ കാലത്തുതന്നെ പെൺകുട്ടികൾ ദഫ് മുട്ടിയിരുന്നുവെന്ന് പറയപ്പെടുന്നു. ‘ഉല്ലാസവേളകളിൽ കൊട്ടിപ്പാടട്ടെ’ എന്ന് നബി അനുവദിച്ചതായി ചരിത്രം പറയുന്നു. മദീനയിലേക്ക് പലായനം ചെയ്തെത്തിയ നബിയെ അനുസാരി പെൺകുട്ടികൾ ദഫ് മുട്ടിയാണത്രെ വരവേറ്റത്.
ഇന്ത്യയിൽ, മുസ്ലീങ്ങൾക്കുമുമ്പ് ജൂത-ക്രിസ്തീയ വിഭാഗങ്ങൾ ഏർപ്പെട്ടിരുന്നതാണ് ദഫ്‌മുട്ട്. സംഘക്കളിയാണെങ്കിലും ഒരാൾക്കു മാത്രമേ ദഫ് ഉണ്ടായിരുന്നുളളൂ. മറ്റുളളവർ കൈയോ വടിയോ അടിക്കുന്നു. കേരളത്തിൽ ദഫ് എത്തിയത് ലക്ഷദ്വീപ് വഴിയാണ്.
ലോക ജനതയുടെ പരിണാമദശയിൽ അവർ കൈമാറ്റം ചെയ്‌ത കലകളിലൊന്നാണ് ദഫ്‌മുട്ട്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ദഫിന്റെ താളവും ഈണവും ലോകാന്ത്യം വരെ മുഴങ്ങും.
Generated from archived content: essay1_oct6.html Author: priyaranjan_pazhamadam