ഏഴാമത്തുകളി

പുരാതന കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ധാരാളം ജോലികൾക്കുശേഷം വിനോദത്തിനായി ആളുകൾ ഒട്ടേറെ സമയം കണ്ടെത്തിയിരുന്നു. ഈ വിനോദവേളകൾ വെറുതെ സമയം ചെലവഴിക്കാനായിരുന്നില്ല. ശാരീരികാധ്വാനത്തിനുശേഷം തുല്യമായ മാനസികോല്ലാസമായിരുന്നു അവർ ഇതിലൂടെ ലക്ഷ്യം വച്ചിരുന്നത്‌. ഇതിനായി അവർ ഒട്ടേറെ കളികളും കണ്ടെത്തിയിരുന്നു. ഇവ ഓരോ സമുദായത്തിനും വ്യത്യസ്‌തമായിരുന്നു എന്നതും ശ്രദ്ധേയമാണ്‌.

ഇത്തരത്തിലുളള ഒരു വിനോദമാണ്‌ നമ്പൂതിരിമാരുടെ സംഘക്കളിയോട്‌ സാമ്യമുളള ‘ഏഴാമത്തുകളി’. പക്ഷേ ഇതിൽ, നമ്പൂതിരിമാർക്കു പുറമെ അമ്പലവാസികളും നായന്മാരും പങ്കെടുക്കുന്നു. ഉടനീളം ഹാസ്യരസപ്രധാനമായ ഈ കല, രാത്രിയിൽ ഗൃഹാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നിലവിളക്കിനു ചുറ്റുമായാണ്‌ അരങ്ങേറുക. ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ അകമ്പടിയാവുന്നു.

ഗണപതി വന്ദനത്തോടെയാണ്‌ ഏഴാമത്തുകളി ആരംഭിക്കുന്നത്‌. തുടർന്ന്‌ ഒരാൾ എഴുന്നേറ്റ്‌ മറ്റുളളവർക്ക്‌ അയക്കോലിന്മേൽ കാക്ക, മോപ്പാള കേശവൻ, ഒഴുക്കത്തു വാലാട്ടി തുടങ്ങിയ ഹാസ്യാത്മകമായ പേരുകൾ നല്‌കുന്നു. അതുകഴിഞ്ഞാൽ താളമേളങ്ങളുടെ അകമ്പടിയോടെ വട്ടമിട്ടിരുന്ന്‌ പാട്ടുപാടുന്നു. ഇവ ചോദ്യ-ഉത്തര രൂപങ്ങളിലാണ്‌.

“ഞാൻ കുളിക്കും കുളമല്ലോ ഏറ്റുമാനൂർ തേവർ കുളം

നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാരാ.”

ഇതിന്റെ ഉത്തരം നൽകേണ്ടത്‌ ഇടതുവശത്തിരിക്കുന്നയാളാണ്‌.

“ഞാൻ കുളിക്കും കുളമല്ലോ, ശ്രീവൈക്കത്തു തേവർകുളം.

നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാരാ.”

ഇങ്ങനെ പ്രസിദ്ധ ക്ഷേത്രങ്ങളിലെ കുളങ്ങളെപ്പറ്റിയുളള ചോദ്യോത്തരങ്ങൾ തുടരുന്നു. ഉത്തരം പറയാനാവാത്തയാൾ അരങ്ങത്തുനിന്നും പോയി കാക്കാലൻ, കളളുകുടിയൻ തുടങ്ങിയ വേഷങ്ങൾ കെട്ടി ആൾക്കാരെ രസിപ്പിക്കും. നേരം വെളുക്കുവോളം ഈ കളി ഇങ്ങനെ തുടരാം.

സംഘക്കളിയിലെ ഇട്ടിക്കണ്ടപ്പനു തുല്യനായി ഏഴാമത്താക്കളിയിൽ കല്ലൂർ നായർ പ്രത്യക്ഷപ്പെടുന്നു. ആളുകളെ വിചാരണ ചെയ്‌ത്‌ ശിക്ഷ വിധിക്കുന്ന ഇയാൾ ചില ചോദ്യങ്ങൾ ചോദിക്കുന്നു; “ഏതു കായ്‌?” എന്ന ചോദ്യത്തിന്‌ ‘ചെയ്യായ്‌ക എന്നൊരു കായ്‌“, എന്നും ”ഏതില?“ എന്നതിന്‌ ”കഴുത്തില എന്നൊരില“ എന്നുമുളള മട്ടിലാവണം ചോദ്യ-ഉത്തരങ്ങൾ. ഇങ്ങനെ ഉത്തരം നല്‌കാൻ കഴിയാത്തവർ വിനോദവേഷം കെട്ടി അരങ്ങത്തുവന്ന്‌ ആളുകളെ രസിപ്പിക്കണം.

കൊച്ചിയിലെ അമ്പലവാസികൾക്കിടയിൽ നിലനിന്നിരുന്ന ’കൂട്ടപ്പാഠക‘ത്തിന്‌ ഏഴാമത്തുകളിയുമായി സാദൃശ്യമുണ്ടത്രെ.

ഒരു സമൂഹത്തിന്റെ സ്വത്വത്തിന്റെ നാശം പോലെ ഇന്ന്‌ നിശ്ശേഷം ഈ കളി പ്രചാര ലുപ്തമായിരിക്കുന്നു.

Generated from archived content: essay1_july20_11.html Author: priyaranjan_pazhamadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English