ആക്ഷനുകൾ ഫ്രീസ്‌ ചെയ്യുമ്പോൾ

പ്രിയപ്പെട്ട രാഹുൽ, നീയിതു വായിക്കുന്നത്‌ ഒരു വെളുപ്പാൻ കാലത്തായിരിക്കും. അർദ്ധരാത്രി, പാതി അടഞ്ഞുപോയ കണ്ണുകളോടെ വന്നു കയറുന്ന നിന്റെ ചവിട്ടേറ്റ്‌ വാതിൽക്കൽ കിടക്കുന്ന മറ്റ്‌ കത്തുകൾക്കൊപ്പം ഇതും കിടക്കും; നേരം വെളുക്കുന്നതും കാത്ത്‌. മൂടൽമഞ്ഞ്‌ ഉമ്മവച്ച്‌ വിളറിയ നിന്റെ ജാലകത്തിനരികിലിരുന്ന്‌, ചുവന്ന പൂക്കൾ പടർന്ന ചായപ്പാത്രവും പിടിച്ച്‌ കത്തു വായിക്കുന്ന നിന്നെ എനിക്ക്‌ സങ്കല്പിക്കാൻ കഴിയുന്നു; നിന്റെ കണ്ണുകളിൽ ഇടയ്‌ക്കിടെ പൊന്തിവരുന്ന ഞെട്ടലുകളും, കൈയുകളിലെ മരവിപ്പും.

നമ്മൾ പോയ ഓരോ യാത്രയുംപോലെ ഇതും അവിസ്‌മരണീയമാക്കേണ്ടത്‌ എന്റെ ബാധ്യതയായിത്തീർന്നിരിക്കുന്നു രാഹുൽ. ഇപ്പോൾ എന്റെ ഇടത്തെ കയ്യിൽ ചാഞ്ഞ്‌ കിടന്ന്‌ മയങ്ങുന്നത്‌ നിന്റെ സ്വപ്നങ്ങളിലുളള അതേ കുട്ടിയാണെന്ന്‌ പറഞ്ഞാൽ നീ ചിരിക്കരുത്‌. സത്യമായും അവൾക്ക്‌ തേനിന്റെ നിറവും അമ്പരപ്പ്‌ നിറച്ച രണ്ട്‌ കണ്ണുകളുമുണ്ട്‌. അവളുടെ അമ്മ ജാലകക്കമ്പിയിൽ മുഖം ചായ്‌ച്ച്‌ വയലുകളെ നോക്കുകയാണ്‌. നീ ഒരിക്കൽ എന്നെ കൊണ്ടുപോകാമെന്ന്‌ പറഞ്ഞ അതേ വയലുകൾ. നിന്റെ നാട്ടിലെ വയലുകളും പുഴകളും എന്റെ കണ്ണുകൾക്ക്‌ പിടി തരാതെ പിന്നോട്ടോടിക്കൊണ്ടേയിരിക്കുന്നു; നിന്നെപ്പോലെ.

നീ പറയാറുളള ശങ്കരേട്ടനെപ്പോലെ ഒരാൾ ഇതാ എന്റെ തൊട്ടുമുന്നിൽ ചായ കുടിച്ചുകൊണ്ട്‌ എന്നെ നോക്കിയിരിക്കുന്നു; ഞാനയാളെയും.

എന്റെ ഇടത്തേ കൈയിൽ ചാഞ്ഞുറങ്ങുന്ന കുട്ടിക്ക്‌ നമുക്ക്‌ സപ്‌ന എന്നു പേരിടാം; അവളുടെ മഞ്ഞസാരി പുതച്ച, വീർത്ത വയറുളള അമ്മയെ രാധയെന്നും-നീ ചിരിക്കരുത്‌, ഈ ലോകത്ത്‌ ഏതു സ്‌ത്രീക്കും ചേരുന്ന ഒരേയൊരു പേര്‌ രാധയാണെന്ന്‌ ഞാൻ വീണ്ടും ആവർത്തിക്കുന്നു.

ശങ്കരേട്ടൻ സീറ്റിനടിയിലിരുന്ന കാർഡ്‌ബോർഡ്‌ പെട്ടി വലിച്ചുവെച്ച്‌ മെല്ലെ തുറന്നു. അതിനുളളിൽ പരിഭവത്തോടെ ഒരു നായ്‌ക്കുഞ്ഞ്‌ അയാളെ നോക്കി എന്തോ പറയുന്നു. പിന്നെ അയാൾ നീട്ടിയ പാൽപ്പാത്രം വറ്റിച്ച്‌ അവൻ മുറുമുറുത്ത്‌ കൊണ്ട്‌ പുറത്തേയ്‌ക്ക്‌ ചാടാൻ തുടങ്ങുന്നു. ശങ്കരേട്ടൻ അലിവോടെ അവനെ വീണ്ടും സീറ്റിനടിയിലേക്ക്‌ തളളുന്നു.

ഒരു കുലുക്കത്തിൽ എന്റെ മടിയിലേക്ക്‌ തെന്നിവീണുറങ്ങുന്ന സപ്‌നയെ ഞാനെങ്ങനെയാണുണർത്തുക? ഓരോ ഉണർത്തലും ഓരോ കൊലപാതകമാണെന്ന്‌ ഒരു വെളുപ്പാൻകാലത്ത്‌ നീ എന്നോടു ഫോണിൽ മൊഴിഞ്ഞത്‌ ഞാനോർത്തുപോയി.

ഞാൻ കൊല്ലം എത്തിക്കഴിഞ്ഞു. എനിക്കുചുറ്റും സർക്കാർ ജോലിക്കാരുടെ ഗന്ധമാണ്‌. ഒരു തളളലിൽ ഞാൻ വലത്തേക്ക്‌ ചരിഞ്ഞുപോയി. കാഴ്‌ച മറച്ച്‌ മുന്നിൽ നിൽക്കുന്ന മധ്യവയസ്‌കയെ നോക്കി എന്റെ മുന്നിലിരിക്കുന്ന പഞ്ചാബി അസ്വസ്ഥനാകുമ്പോൾ ഞങ്ങൾക്കിടയിലേക്ക്‌ ഹാർമോണിയപ്പെട്ടിയുമായി ഒരു കുട്ടി തെറിച്ചുനിന്നു. അവന്റെ ഹാർമോണിയത്തിന്റെ അലർച്ചയിൽ രാധയുടെ വയറ്റിലെ കുഞ്ഞ്‌ കണ്ണുകൾ മുറുക്കെ അടച്ച്‌ നിലവിളിക്കുമല്ലോയെന്ന തിരിച്ചറിവിൽ എന്റെ ഫൈവ്‌സ്‌റ്റാർ ഞാനവന്റെ കയ്യിലേക്ക്‌ ഒരു ഭീഷണിപോലെ തിരുകിവച്ചു.

ഞാൻ കൊല്ലം കടക്കുകയാണ്‌ രാഹുൽ. നീ അത്ഭുതപ്പെടുന്നുണ്ടാവും ഈ ഡൽഹിക്കാരിക്ക്‌ ഇവിടെന്തു കാര്യമെന്ന്‌. എന്റെ പനിക്കിടക്കക്കരികിൽ വച്ച്‌ നീ പറഞ്ഞ വാചകം- എന്റെ കാമുകി വല്ലപ്പോഴുമൊക്കെ ഒരു സർപ്രൈസ്‌ തരുന്നവളാകണം എന്ന്‌-പിന്നെ, ചുവന്ന സാരി ചുറ്റിയ നിന്റെ കാമുകിയെ എന്റെ മുന്നിലേയ്‌ക്ക്‌ വലിച്ചിട്ട്‌ ഇതാ നിനക്കൊരു സർപ്രൈസ്‌ എന്ന്‌ പറഞ്ഞത്‌…

ഈ കത്ത്‌ നിനക്കെങ്ങനെ കിട്ടുമെന്ന്‌ ഞാൻ തീരെ ചിന്തിക്കുന്നില്ല. കാരണം എന്റെ മടിയിലിരിക്കുന്ന ബാഗിലെ തുടിക്കുന്ന ഹൃദയം എന്നെ ഇത്തരം ബാലിശതകൾക്ക്‌ അനുവദിക്കുന്നില്ല. നീലയും ചുവപ്പും വയറുകൾ വരിഞ്ഞുമുറുക്കിയ ആ ഹൃദയത്തിന്റെ തുടിപ്പുകളെ എനിക്ക്‌ തൃപ്തിപ്പെടുത്തേണ്ടതുണ്ട്‌.

ഇത്‌ എന്റെ നിയോഗമാണ്‌. നിഗൂഢമായ ഒരു കായലും ഒരു മേൽപ്പാലവും എന്നിലേക്ക്‌ അടുക്കുകയാണ്‌. നാളെ സ്വാതന്ത്ര്യപ്പുലരിയിൽ, ഡൽഹിയിൽ പൊട്ടിച്ചിതറേണ്ട ഈ ഹൃദയം ഞാൻ ഇന്ത്യയുടെ കാലുകളിൽ മെല്ലെ ഒന്നു വയ്‌ക്കുകയാണ്‌. ഒരു ചെറിയ പോറൽ….

സുരേന്ദ്രനഗറിലെ പീടികത്തിണ്ണയിലിട്ട്‌ വെട്ടിനുറുക്കപ്പെടുന്ന കുട്ടിയെ തെരുതെരെ ക്യാമറയിലേക്ക്‌ ആവാഹിച്ചുകൊണ്ട്‌ നീ പറഞ്ഞത്‌ എനിക്ക്‌ മറക്കാനേ കഴിയില്ല. ആക്ഷനുകൾ ഫ്രീസ്‌ ചെയ്യുന്നതിന്റെ ത്രിൽ ഒന്നുവേറെ തന്നെയാണെന്ന്‌.

എന്റെ ചുറ്റും നിറയുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഗന്ധത്തെയും ഇനിയും ഉണരാത്ത, എന്റെ മടിയിലെ കുട്ടിയെയും, ഗർഭത്തിന്റെ നനവിൽ അലിഞ്ഞലിഞ്ഞു പോകുന്ന ഒരു നിലവിളിയെയും പാടിത്തീരാത്ത ഒരു പാട്ടിനെയും നിനക്ക്‌ സങ്കല്പിക്കാൻപോലും കഴിയാത്തവിധം ഞാൻ ഫ്രീസ്‌ ചെയ്യാൻ പോകുകയാണ്‌. ഫൈവ്‌സ്‌റ്റാർ മുറുകെപ്പിടിച്ച ഒരു കൈയ്യിനും പല്ലുപോയ ഹാർമോണിയപ്പെട്ടിക്കും അനുയോജ്യമായ ഒരു അടിക്കുറിപ്പ്‌ ചിന്തിച്ച്‌ സിഗരറ്റ്‌ പുകയ്‌ക്കുന്ന സബ്‌-എഡിറ്ററുടെ അസ്വസ്ഥതകളെ ഞാൻ നിനക്കു വിട്ടുതരുന്നു.

Generated from archived content: story1_aug19.html Author: priya_vr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here