കാതില്‍ വന്നു
കിന്നരിച്ചു കൊണ്ടിരിക്കുന്നു.
എന്റെയല്ലേ എന്നു
പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.
എന്താപ്പോ ചെയ്യാ ????
ജനിച്ചപ്പോളെ കൂടെ കൂടിയതാ,
തൂത്തെറിയാനും മേല !
കൂടെ ചെല്ലാമെന്നു വച്ചാല്‍ –
ചെയ്തു തീര്‍ക്കാന്‍ വളരെയധികം ബാക്കി !!!
പെറ്റൊഴിഞ്ഞ വയറും,
വഴിയോരക്കണ്ണുകളുമായി അമ്മ .
പ്രാരാബ്ധങ്ങള്‍ തോളിലേറ്റി ,
വേച്ചുവീഴാറായ അച്ഛന്‍.
സന്തോഷ സന്താപങ്ങള്‍ പങ്കിട്ട
സഹോദരങ്ങള്‍ .
ഇടക്കെപ്പോളൊക്കെയോ കൂടെക്കൂടിയ
മറ്റനവധി സഹചാരികള്‍.
തിരക്കേറിയ വീഥികളിലൂടെ ഒട്ടൊരു –
അശ്രദ്ധയാല്‍ നടക്കുമ്പോള്‍ ,
ജനബാഹുല്യം കൊണ്ട് ആടിക്കളിക്കുന്ന –
ഒരു ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ,
ഇടക്കൊരു നെഞ്ചുവേദന വരുമ്പോള്‍ ,
സംസാരത്തിനിടയില്‍ ഭക്ഷണം
തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ,
എന്തിനേറെ ഒരു ജലദോഷപ്പനി
വരുമ്പോള്‍ പോലും ,
അപ്പോളൊക്കെയും
എന്നെ തോണ്ടിക്കൊണ്ടിരിക്കും!!
കൂടെ പോരാറായോ എന്ന്
ചോദിച്ചു കൊണ്ടേ ഇരിക്കും.
ഇപ്പോള്‍ വെറുപ്പായി തുടങ്ങി എനിക്ക്
സമയബോധമില്ലാത്ത അശ്രീകരം.
എവിടെ നോക്കിയാലും കാണാം!!
നാശത്തിന്റെ കോമാളിത്തരങ്ങള്‍.
ഒന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ !
ചൂലെടുത്ത് അടിച്ചോടിച്ചേനെ
ഈ വൃത്തികെട്ട അസത്തിനെ.
പിന്നെ കരുതും ,
ചിലപ്പോളൊക്കെ ഈ സേവനം
എത്ര മഹത്തരമാണെന്നു !!!
അതുകൊണ്ട് …
അതുകൊണ്ട് മാത്രമാ “മരണമേ”
നിന്നെ വെറുതെ വിടുന്നത്.
Generated from archived content: poem3_feb1_14.html Author: priya_sankar