അമ്മൂമ്മയോടൊപ്പമുള്ള എന്റെ അവധിക്കാലങ്ങൾ ഇന്ന് ഓർമ്മയിൽ മാത്രം. നഗരത്തിൽ വീർപ്പു മുട്ടി കഴിയുന്ന ഞാൻ അവധിക്കായി കാത്തിരിക്കും നാട്ടിൽ കഴിയുന്ന അമ്മൂമ്മയെ കാണാൻ. അതുപോലെ എന്നെ കൊണ്ടുചെല്ലാൻ അമ്മൂമ്മ അച്ഛനോട് തിരക്കുകൂട്ടും. നീണ്ട ഒരു പുഴ കടന്നുവേണം ഗ്രാമത്തിലെത്താൻ. മനോഹരമാണ് പുഴയും, പാടങ്ങളും, കുന്നുകളും, തോടും, തുറയും ഉള്ള ഈ കൊച്ചു നാട്. നഗരത്തിലെ ചൂടില്ല. തിരക്കില്ല. ആൾക്കൂട്ടമില്ല. ഗ്രാമത്തിലെത്തിയാൽ എനിക്ക് കൂടുതൽ ഉൻമേഷമില്ല. എങ്ങും പച്ചപ്പുമാത്രം. വീടിനുചുറ്റും ഓടലാണ് എപ്പോഴും. മാവും, പ്ലാവും, കുളങ്ങളും. ഇതു കാണുമ്പോൾ “വലിയ കുട്ടിയായിട്ടും നിനക്ക് കളിമാറുന്നില്ലാലോ” എന്നാണ് അമ്മൂമ്മ. അമ്മൂമ്മയും എന്നോടൊപ്പം കളിച്ചു ചിരിക്കുമ്പോൾ ഞങ്ങളിൽ ആരാണു കുട്ടി എന്നറിയാനാണു പ്രയാസം. എന്റെ അമ്മൂമ്മ സുന്ദരിയായിരുന്നു. എല്ലിച്ച ശരീരം. വെളുത്തു പഞ്ഞിപോലുള്ള തലമുടി. സ്വർണ്ണനിറം. കവിളത്തു മറുകുണ്ട് – ബ്യൂട്ടി സ്‌പോട്ടായി. സെറ്റ്‌മുണ്ടാണ് വേഷം. എപ്പോഴും ആഹ്ലാദവതി. നല്ല പെരുമാറ്റം സ്‌നേഹത്തിന്റെ നിറകുടം, വാത്സല്യവതി.
അമ്മൂമ്മയെ വളരെ ചെറിയ വയസ്സിൽ കല്യാണം കഴിച്ചുകൊണ്ടുവന്നതാ. അമ്മൂമ്മ അഞ്ചാന്തരംവരെയാ പഠിച്ചിട്ടുള്ളു. ഇപ്പോഴും ഒരു മലയാള പാഠപുസ്‌തകം സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിലെ കവിതകൾ മനഃപ്പാഠമാ. ഇടയ്‌ക്ക് ഓർമ്മ പുതുക്കാറുണ്ട്. നല്ല വായനാ ശീലം ഉണ്ടായിരുന്നു. ഇ.കെ. നായനാരുടെ ആത്‌മകഥ വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാട്ടിനോടും സിനിമയോടും കമ്പമായിരുന്നു. മമ്മൂട്ടി ആണ് ഇഷ്‌ടപ്പെട്ട നടൻ. സുന്ദരനാ എന്നു പറയും. വടക്കൻവീരഗാഥ എന്ന സിനിമയെപ്പറ്റി എപ്പോഴും പറയും. പണ്ടു വീടിനടുത്തുണ്ടായിരുന്ന ഓല മേഞ്ഞ സിനിമാ കോട്ടയിൽ പോയിരുന്ന് കഥകൾ പറയും. അമ്മൂമ്മയ്‌ക്ക് കഥപറയാൻ നല്ല കഴിവുണ്ട്. കേട്ടിരിക്കാൻ തോന്നും.
അങ്ങനെ കഥകൾ കേട്ടിരുന്ന് പുരാണങ്ങളെ കുറിച്ചുള്ള ധാരണ എനിക്കുണ്ടായി. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിതകളും, വൈലോപ്പിള്ളിയുടെ മാമ്പഴവും ഇടയ്‌ക്കിടെ ചൊല്ലും. ഓണത്തിനും വിഷുവിനും ചിലപ്പോൾ അവയെക്കുറിച്ചുള്ള ഇതിഹാസങ്ങൾ പറഞ്ഞുതരാറുണ്ട്. കൂടാതെ എപ്പോൾ ചെല്ലുമ്പോഴും ആരും കാണാതെ കുറച്ച് പോക്കറ്റ്‌മണി എനിക്ക് തരും. നഗരത്തിൽ ഞങ്ങളോടൊപ്പം ഇടയ്‌ക്കെല്ലാം താമസിക്കാൻ എത്താറുണ്ട്. അപ്പോൾതന്നെ പോകാൻ തിരക്കു കൂട്ടും, ഇവിടെ കുളവും, പറമ്പും, നിന്നു തിരിയാൻ ഇടവുമില്ല എന്ന വിഷമവും. “നാട്ടിൻപുറം നന്മകൾ സമൃദ്ധം” എന്ന കവിത ഇടയ്‌ക്കിടെ ചൊല്ലും. അമ്മൂമ്മ നല്ലൊരു വീട്ടുകാരിയായിരുന്നു. സ്വന്തമായി ഒരു കണക്കു പുസ്‌തകം ഉണ്ട്, അതിൽ എന്നും രാത്രി ചിലവുകൾ എഴുതും. “നമ്മുടെ ചിലവുകൾ നമ്മൾ അറിയണം” എന്ന വേദ വാക്യം. എപ്പോഴും ഫോൺ ചെയ്യും. എന്റെ പഠിപ്പിനെപ്പറ്റി അന്വേഷിക്കും. മാർക്ക് കൂടിയാൽ അഭിനന്ദനം, കുറഞ്ഞാൽ ശകാരവും, പെട്ടെന്നു പെയ്‌ത് ഇറങ്ങുന്ന കാലവർഷംപോലെ. അമ്മൂമ്മ പുത്തൻ തലമുറക്കാരോട് കൂട്ടുകൂടാനും ഇഷ്‌ടപ്പെട്ടിരുന്നു, അവരുടെ അഭിരുചികൾക്കു ഇണങ്ങാനും. എന്റെ കൂട്ടുകാർക്കും അമ്മൂമ്മയായിരുന്നു. ജാതിമത വ്യത്യാസങ്ങൾ ഒന്നും അമ്മൂമ്മയ്‌ക്ക് ഇഷ്‌ടമല്ല. അമ്മൂമ്മ നന്നായി പാചകം ചെയ്യും. ആരു വീട്ടിൽ വന്നാലും ഊണ് തയ്യാർ.
അമ്മൂമ്മയുടെ തണുത്ത വയറുതൊട്ടു കിടന്നുറങ്ങാൻ നല്ല രസമാ. എന്നും രാവിലെ 5 മണിക്ക് ഉണരും. പക്ഷെ, ഇപ്പോളെന്റെ അവധിയ്‌ക്ക് ഞാൻ ഒറ്റയ്‌ക്കാ. അമ്മൂമ്മ പോയി…….. മൂന്നാലുകൊല്ലം മുമ്പ്. 85 വയസ്സായപ്പോൾ. വളരെ വൈകിയാണ് അറിഞ്ഞത് അമ്മൂമ്മയ്‌ക്ക് അർബുദം ആയിരുന്നു എന്ന്….. മരുന്ന് കൊടുത്തു, അമ്മൂമ്മയുടെ ഓർമ്മ കുറഞ്ഞു തുടങ്ങി. ആരേയും തിരിച്ചറിയില്ല, ഒച്ചയിൽ കരയും. അവസാനം ആശുപത്രി കിടക്കയിൽ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ അമ്മൂമ്മ എന്നെ വിളിച്ചു…… എന്റെ മറുപടി കാത്തു നിൽക്കാതെ ആ വിളി നിന്നു. ആകാശത്തിൽ ഏതോ നക്ഷത്രമായി അമ്മൂമ്മ എന്നെ കാണുന്നുണ്ടാവാം….. “എന്നാ ഇനി എനിക്കു കാണാൻ അമ്മൂമ്മ വരിക…..?”
Generated from archived content: essay1_may27_10.html Author: priya_ravi