വീടിന്റെ പിന്നാമ്പുറത്തുള്ള പറമ്പിന്റെ വേലിയോട് ചേർന്നുള്ള ഭാഗത്തായിരുന്നു രാധയുടെ അമ്മയുടെ ചിതയൊരുക്കിയത്. ആളിക്കത്തുന്ന ചിതക്കരികിൽ നിന്ന് അല്‌പം മാറി നിർന്നിമേഷനായി നിൽക്കുന്ന മാധവൻ. എല്ലാം ദാമുവാശാൻ പറയുന്ന പോലെയായിരുന്നു. കാവൂട്ടിയമ്മയ്‌ക്ക് ബന്ധുക്കളായുള്ളവരിൽ ആണുങ്ങൾ ആരും ഇല്ലായിരുന്നു. കർമ്മങ്ങൾ ചെയ്യാനും ചിതയ്‌ക്ക് തീ കൊളുത്താനും മാധവൻ മതിയെന്ന് തീരുമാനിച്ചത് ദാമുവാശാനാണ്. അപൂർവ്വം ചിലർക്കെങ്കിലും മുറുമുറുപ്പുണ്ടായിരുന്നു. അന്യനാട്ടുകാരനൊരുവൻ – ഏതാനും ദിവസം മുമ്പുമാത്രം ഇവിടെ വന്നുചേർന്നവൻ – കാവുട്ടിയമ്മയുടെ ചെറുപ്പത്തിലെ സഹപാഠിയും കളിക്കൂട്ടുകാരിയുമായിരുന്ന ദേവകിയുടെ മകനാണെന്ന് പറയുന്നു – ദേവകിയുടെ വിവാഹം കഴിഞ്ഞുപോയതിന് ശേഷം ഏകദേശം പത്ത് പതിനാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നേവരെ ദേവകിയെ പിന്നീട് കാവൂട്ടിയമ്മ കണ്ടിട്ടില്ല. അങ്ങനെ പിന്നീട് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരാളുടെ മകനെക്കൊണ്ട് എന്തിനീ സ്വന്തം മകൻ ചെയ്യുന്നമാതിരിയുള്ള കർമ്മങ്ങൾ ചെയ്യിക്കുന്നു. സ്‌ത്രീകളുടെ ഇടയിലും മുറുമുറുപ്പുണ്ടായിരുന്നു.
‘ഇവൻ വന്നതോടെയാണ് കാവൂട്ടിയമ്മയുടെ തലവര അവസാനത്തെ വരയായി മാറിയത്. ഇവൻ വന്നത് തന്നെ അവരെ കൊല്ലാൻ വേണ്ടിയായിരുന്നോ?’
പക്ഷേ, നാട്ടുപ്രമാണിയായ ദാമുവാശാന്റെ മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല.
മനുഷ്യൻ അവന്റെ കഴിവ് തെളിയിക്കേണ്ടത്, നിർണ്ണായക മുഹൂർത്തങ്ങളിൽ ചെയ്യുന്ന മനുഷ്യോചിതമായ പ്രവൃത്തികളിലൂടെയാണ്. ഇത്രയും വർഷമായി അവരവിടെ എങ്ങനെ കഴിയുന്നെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ? അവരുടെ ബന്ധുക്കളും സ്വന്തക്കാരുമായവർ പലരും ഇവിടില്ലായിരുന്നോ? കാവൂട്ടിയമ്മയുടെ ഭർത്താവ് മരിച്ചിട്ട് വർഷമെത്രകഴിഞ്ഞു? അവരെങ്ങനെ കഴിയുന്നു, രാധയുടെ സ്‌ഥിതിയെന്ത് – ഇതാരെങ്കിലും തിരക്കിയോ? ഇപ്പോൾ ഈ പിറുപിറുക്കുന്നവർ അന്യനൊരുത്തൻ ഇവിടെ വന്ന് ഇവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു എന്ന വേവലാതികൊണ്ടല്ലെ? വാസ്‌തവത്തിൽ അങ്ങനൊരുമോഹം മാധവനില്ല എന്നറിയുക. കാവൂട്ടിയമ്മയുടെ അന്ത്യമടുത്തപ്പോൾ ഒരു ദൈവനിശ്ചയം പോലെയാണ് മാധവൻ വന്നത്. നിങ്ങളാരും ഇക്കാര്യത്തിലിനി വേവലാതിപെട്ടിട്ടുകാര്യമില്ല. മുതിർന്നവരും കരപ്രമാണിമാരും വേറെയും ചിലരിവിടുണ്ട്. വേണ്ടതെന്താണെന്ന് അവർ തീരുമാനിക്കട്ടെ.
ദാമുവാശാന്റെ വഗ്‌ധോരിണിക്ക് മുന്നിൽ മാധവനെതിരെ തലയുയർത്തിയവർ പത്തിമടക്കി മടങ്ങി. വിശാലമായ ഒരേക്കറിനടുത്ത് വരുന്ന ഭൂമി – അതും പുഴയോരത്ത് – പിന്നെ ഈ വീട് – ഇവ മറുനാട്ടീന്ന് വന്നവൻ കൊണ്ടുപോവുമല്ലൊ എന്ന ആധിയെടുത്തവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലാതായി.
ചിത കത്തിയമർന്ന് – എല്ലാവരും മടങ്ങിയെന്നായപ്പോൾ ദാമുവാശാൻ മാധവനെ അടുത്ത് വിളിച്ച് പറഞ്ഞു.
‘അറിയാല്ലൊ നെനക്ക് പ്രായം കുറവാണെന്നൊന്നും നോക്കണ്ട. നീ വേണമീ കുടുംബം നയിക്കാൻ. രാധയ്‌ക്ക് ഒരുത്തനിവിടെ വരണത് വരെ നീയിവിടുണ്ടാവണം. അതിനുശേഷം – ഇയാളെന്താണെന്ന് വച്ചാ നോക്കിക്കോളാ – ഇപ്പോൾ നീയാണിവൾക്കൊരാശ്രയം.’
ക്ഷേത്രസമിതിയിലെ ആൾക്കാരും കരയോഗക്കാരും – മറ്റ് നാട്ടുപ്രമാണിമാരും എല്ലാവരും ഏറെക്കുറെ ഈ അഭിപ്രായമുതിർത്തപ്പോൾ മാധവന് ഒരു തീരുമാനമെടുത്തേ ഒക്കൂ എന്നായി.
ഇനിയും പതിനഞ്ച് പോലും തികഞ്ഞിട്ടില്ല മാധവന്. ഇവിടെ കുറെ നാൾ കഴിയണം – അങ്ങനെ കഴിയേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. നഗരത്തിൽ വലിയ ഹോട്ടൽ നടത്തുന്നവരും സ്‌കൂളും നഴ്‌സറിക്ലാസ്സുകളും എല്ലാം – പിന്നീട് ചെറിയതോതിൽ കച്ചവടം – പക്ഷേ – അതിൽ നിന്നും കുതിച്ച് കയറ്റമുണ്ടായതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. തനിക്കും കുടുംബത്തിനും നില്‌ക്കക്കള്ളിയില്ലാതായി. ദുരൂഹസാഹചര്യത്തിലുള്ള അച്ഛന്റെ മരണം കൂടിയായപ്പോൾ – പിന്നത്തെ അവസ്‌ഥ – അതെങ്ങനെയാണിവരോട് പറയുക. അമ്മയാണെങ്കിൽ അവിടത്തെകാര്യം അതിരുവിട്ടൊന്നും പറയരുതെന്ന നിർദ്ദേശം തന്നാണ് വിട്ടതും.
ഏതായാലും എന്നും ഇവിടെ തങ്ങാനാവില്ല. കുറച്ചുനാൾ – അതെ കുറച്ച് നാൾ മാത്രം – അത്രയേ ഇവിടെ തങ്ങുന്നുളളു. പിന്നെ രാധ- ഇനി അവളും സ്വയം പലതും ആലോചിച്ച് ചെയ്യേണ്ടതുണ്ട്. അവൾക്ക് പ്രായം ഇരുപതിനോടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു വിവാഹം അവൾക്ക് തരപ്പെട്ടാൽ മതിയായിരുന്നു. എങ്കിലിവിടെ നിന്ന് തനിക്ക് തടിയൂരാം.
സന്ധ്യ കഴിഞ്ഞിട്ടും രാധ മുറിക്കകത്ത് നിന്നും പറുത്തിറങ്ങിയിട്ടില്ല. മാധവനിവിടെ ഉണ്ടാവുമെന്ന് ദാമുവാശാൻ പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ സന്തോഷം അതോടൊപ്പം നടുക്കവും തോന്നി. താനൊറ്റയ്‌ക്കല്ലല്ലോ എന്ന സന്തോഷമായിരുന്നെങ്കിൽ അന്യനൊരുത്തനെ ആൺതുണയില്ലാത്ത വീട്ടിൽ കഴിയാൻ സമ്മതിക്കുന്നതിനെപ്പറ്റി ഇനി ആൾക്കാൾ എന്തൊക്കെ പറയുമെന്ന പേടിയാണ് തൊട്ടുപിന്നാലെ വരുന്നത്. വത്സേച്ചിയെപ്പോലെ നാക്കിനെല്ലിലാത്ത ഒരു കൂട്ടർ ഇപ്പോഴും ഇവിടുണ്ട്. ദാമുവാശാനെപ്പോലുള്ളവരുടെ മുന്നിൽ തലയുയർത്താനാവില്ല എന്നത് കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്നു. എന്നിട്ടും ഇനി എന്തൊക്കെ പറച്ചിലുകളാണ് കേൾക്കേണ്ടിവരിക. ആകുലപ്പെട്ട് നിന്ന രാധയെ ആശ്വസിപ്പിച്ചത് മാധവൻ തന്നെയാണ്“ അമ്മപോയി, കർമ്മങ്ങൾ കഴിയുന്നത്‌വരെ ദുഃഖമാചരിക്കണം, ശരിയാണ്. പക്ഷേ, അതിനിങ്ങനെ വീട്ടിൽ അടച്ച് പൂട്ടിയിരുന്നാൽ ശരിയാവുമോ? അമ്മയുടെ ആഗ്രഹം നിറവേറണമെങ്കിൽ അമ്മപോവുന്നതിന് മുന്നേ വീടെങ്ങനെ വൃത്തിയും മെനയുമായി കിടന്നിരുന്നോ അതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കണം. അമ്മയുടെ കുഴിമാടത്തിൽ സന്ധ്യക്ക് തിരികൊളുത്തണം. എനിക്കതേ പറയാനുള്ളൂ. രാധപേടിക്കേണ്ട, കാര്യങ്ങളെല്ലാം ഒരു ചിട്ടവട്ടത്തിലാവുന്നത് വരെ ഞാനിവിടെ ഉണ്ടാകും. ഞാനിട്ടിട്ട് ഓടിപ്പോവുമെന്ന് പേടിക്കേണ്ട, മാധവന്റെ വാക്കുകൾ ആശ്വാസം പകരുന്നത് തന്നെ. ഇത്‌വരെ എവിടെയും അമ്മ ഉണ്ടായിരുന്നു. ഒരു നിഴൽപോലെ അമ്മയുടെ നോട്ടമെത്തിയിരുന്നു ഇനി അത്‌പോരാ. സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചേ ഒക്കൂ.
എങ്കിലും അന്യനൊരുത്തൻ ഇവിടെ വന്ന് കുടികൊള്ളുന്നത് എങ്ങനെ മറ്റുള്ളവർ സ്വീകരിക്കുമെന്ന ആശങ്ക ഇപ്പോഴുമുണ്ട്. രാധയുടെ ആശങ്ക അസ്‌ഥാനത്തല്ല എന്ന് തെളിയിക്കുന്ന വിധത്തിലുള്ള സംഭാഷണമാണ്, പിറ്റേന്ന് കുളിക്കടവിൽ ചെന്നപ്പോൾ ഉണ്ടായത്. ചോദ്യങ്ങൾ വന്നത് വത്സേച്ചിയിൽ നിന്നല്ലെങ്കിലും മുള്ള്‌തറച്ച വേദനയാണുണ്ടായത്.
ചോദിച്ചത് മറ്റാരുമല്ല പഠിക്കുന്നസമയം തന്റെ കൂട്ടുകാരിയായിരുന്നവൾ മാളു. തന്റെ എല്ലാവേദനകളും ഒരിടക്കാലത്ത് അവളോടായിരുന്നു പങ്കുവച്ചത്. സ്‌കൂൾ അദ്ധ്യാപകരായ അച്ഛനമ്മമാരുടെ ഏകമകളായിരുന്ന മാളു. ഒരിക്കലും മറ്റുള്ളവരെപോലെ പരദൂഷണം പറയാനോ, കൊച്ചുവർത്തമാനം പറയാനോ ഒന്നിനും മെനക്കെടാത്തവൾ. ആകെയുള്ള ഒരു പ്രത്യേകത സിനിമാക്കമ്പക്കാരിയാണെന്നതാണ്.
അതിന് പട്ടണത്തിൽ വരുന്ന സിനിമ കണ്ടില്ലെങ്കിൽതന്നെ അതിന്റെ വിശേഷണങ്ങൾ പറഞ്ഞുനടക്കാൻ വളരെയധികം താല്‌പര്യം കാട്ടുന്നു. സിനിമകാണുന്നത് ഒഴിവ് സമയത്ത് വല്ലപ്പോഴും അമ്മാവൻ പട്ടണത്തിൽ നിന്ന് പെങ്ങളെയും മകളെയും തങ്ങളുടെ താമസസ്‌ഥലത്തേയ്‌ക്ക് കൊണ്ടുപോകുമ്പോൾ മാത്രം. ഒന്നോരണ്ടോ സിനിമ കാണാനുള്ള അവസരമേ ഈ ഒഴിവ് കാലത്ത് ലഭിക്കൂ. എങ്കിലും ഒരൊൻപത് സിനിമ കണ്ടവിശേഷമായിരിക്കും പറയുക. ഏതെങ്കിലും സിനിമയിലെ നൃത്തത്തെപ്പറ്റിയുള്ള വിശദീകരണമാണ് രാധയ്‌ക്ക് കേൾക്കാനിഷ്‌ടം. അറിയാതെ തന്നെ അവളുടെ കാലുകൾ ചലിക്കും. ചിലപ്പോൾ ആരുമില്ലെങ്കിൽ അവൾ മാളു പറഞ്ഞ ചുറ്റുപാടുകൾ മനസ്സിൽ സൂക്ഷിച്ച് വയ്‌ക്കാറുണ്ട്. കൃഷ്‌ണന്റെ കൂടെ നൃത്തം വയ്‌ക്കുന്ന രംഗങ്ങളാണ് മനസ്സിൽ ഉരുത്തിരിയുക. അങ്ങനെയുളള തന്റെ ഓരേ ഒരു കൂട്ടുകാരിയെന്ന് പറയാവുന്ന മാളുവിന്റെ അപ്രതീക്ഷിതമായ ചോദ്യം.
‘രാധേ – മാധവൻ നിന്റെ വീട്ടിൽ പൊറുക്കുന്നതിന് നിനക്ക് വിഷമമില്ലേ?’
‘എന്തിന് വിഷമിക്കണം? എന്റമ്മയുടെ ഇവിടത്തെ ഒരേഒരു കൂട്ടുകാരിയല്ലാർന്നോ? നമ്മൾ തമ്മിലുള്ള അടുപ്പമായിരുന്നു എന്റമ്മയ്‌ക്ക് മാധവന്റെ അമ്മയുമായിട്ടുണ്ടായിരുന്നത്’, എന്തേ നീയങ്ങനെ ചോദിക്കാൻ?
മാളു അല്‌പസമയം രാധയെ സൂക്ഷിച്ചുനോക്കി. കുളികഴിഞ്ഞ് കയറുകയായിരുന്നു. പിന്നെ തന്റെ നനഞ്ഞ തുണിയും ബ്ലൗസും കയ്യിലെടുത്ത് മടങ്ങാനായി ശ്രമം.
‘അല്ല – മാളു – നീയെന്താ അത് ചോദിച്ചേ?. എന്റമ്മ മാത്രമല്ല നമ്മുടെ ദാമുവാശാനും, കരയോഗക്കാരും ഒക്കെ – മാധവനോട് എന്റെ വീട്ടിൽ കൊറെ നാളത്തേയ്‌ക്ക് നില്‌ക്കണംന്നാ പറഞ്ഞെ?
മാളുവിപ്പോഴും ഒന്നും പറയുന്നില്ല. കുളിക്കടവിൽ നിന്നും മുകളിലെത്തിയെന്നായപ്പോൾ – ഡ്രസ്സ്‌മാറി പുഴയിലേയ്‌ക്കിറങ്ങാൻ നിൽക്കുകയായിരുന്ന രാധ, ദേഹം ഒരുതോർത്ത്‌മുണ്ട് ചുറ്റി മറച്ച് മാളുവിന്റെ അടുക്കലെത്തി.
’മാളു – നീയിപ്പോ ഈ പറേണെന്റെ കാര്യന്താ? നിന്റെ അമ്മയോ അച്ഛനോ അങ്ങനെന്തെങ്കിലും പറഞ്ഞോ?
‘അയ്യോ – ന്റച്ഛനും അമ്മയുമോ? അവരിതൊന്നും അന്വേഷിക്കാറില്ല. മാത്രല്ല, മാധവന്റെ കോവിലിന് മുന്നിലെ ഓടക്കുഴൽവിളി കേട്ട് തുടങ്ങിയതോടെ – മാധവനിവിടെ വന്നത് കോവിലിലെ കൃഷ്‌ണഭാഗവാന്റെ നിശ്ചയമായിരുന്നെന്നാണ്.
’പിന്നെന്താ – നെനക്ക് മാത്രയിട്ടെന്റെ കാര്യത്തിലൊരു വെഷമം? അറിയാല്ലോ – നീയായിരുന്നു എന്റെ ഓരേ ഒരുകൂട്ടുകാരി, പഠിക്കുമ്പോൾ. അച്ഛൻ മരിച്ചതോടെ പഠിത്തം നിർത്തിയില്ലായിരുന്നേൽ ഇപ്പോഴും നമ്മളൊരുമിച്ചായിരുന്നേനെ കോളജിലേയ്‌ക്കുള്ള പോക്കും വരവും.‘
ഇപ്പോൾ കുഴങ്ങിയത് മാളുവാണ്. രാധയിപ്പോഴും തന്റെ ഒരേ ഒരു കൂട്ടുകാരിയാണെന്നത് അഭിമാനത്തോടെയാണ് മനസ്സിൽ സൂക്ഷിക്കുന്നത്.
’രാധേ – മറ്റൊന്നുംകൊണ്ടല്ല, നീയൊരു മുതിർന്ന പെൺകുട്ടിയല്ലെ? നിന്നേക്കാളും പ്രായക്കുറവ് അവനുണ്ട്. അവന്റെ മൂക്കിന് താഴെ കറുപ്പ്‌രാശി വരുന്നതേയുള്ളു. എന്നാലും പയ്യനാണേലും അവനിവിടെ നിന്റെ കൂടെ തങ്ങുന്നെന്ന് കേട്ടപ്പോൾ ആൾക്കാരെന്തെക്കെയാ പറയുന്നെന്ന് കേട്ടോ?‘
’ആൾക്കാരെന്ത് വേണേലും പറയട്ടെ. മാളൂട്ടിക്കെന്താ തോന്നണെ? മോശമായ അഭിപ്രായാണൊ?
‘എന്റെ രാധേ – ഞാൻ കേട്ടകാര്യം പറഞ്ഞൂന്നേയുള്ളു. എനിക്ക് നിന്നെപ്പറ്റി എന്നും നല്ലതേ തോന്നിയിട്ടുള്ളു. അങ്ങനെയുള്ള നിന്നെപ്പറ്റി ഇവിടെ ചിലരൊക്കെ പറയണെ കേട്ടപ്പോ-
പെട്ടെന്ന് രാധ മാളുവിന്റെ തോളത്തേയ്‌ക്ക് ചാഞ്ഞു. അവളുടെ കണ്ണിൽ നിന്നും കുടുകുടെ നീർപ്രവാഹമുണ്ടായി. അല്‌പസമയം – അല്‌പസമയം മാത്രം. പിന്നയവൾ ശാന്തയായി.
മാളു – രാധയെ ചേർത്ത്‌പിടിച്ചു പറഞ്ഞു.
’എന്റെ രാധേ – എനിക്ക് നിന്നെപ്പറ്റി ഒരു സംശയോം ഇല്ല, ഒരലോഹ്യവും ഇല്ല. ഞാൻ കേട്ട വിവരം നിന്നോട് പറയാതിരിക്കുന്നത് ശരിയല്ലാന്ന് തോന്നി. ഞാനൊന്നും പറയാതെ മനസ്സിൽ ഒളിച്ചുവച്ചാൽ പിന്നെന്തോന്നാടീ – നമ്മൾ കൂട്ടുകാരാണെന്ന് പറേണെ?‘ നിർന്നിമേഷയായി നിൽക്കുന്ന രാധ. അവളുടെ കണ്ണുനീർതോർന്നിട്ടില്ല.
’രാധേ, നീ പോയി കുളിക്ക്. ആ മുഖമൊന്ന് തുടക്ക്. ഇങ്ങനൊരു വർത്താനം ആരെങ്കിലും പറഞ്ഞാൽ നീയത് കേട്ടതായി നടിക്കരുത്. നീപോ – ധൈര്യായിട്ട് പോ….‘
രാധയുടെ മനസ്സ് തണുത്തതിപ്പോഴാണ്. അവൾ പയ്യെ കടവിലേയ്‌ക്കിറങ്ങി ചുറ്റുമുള്ളവർ – ചിലർ കുളികഴിഞ്ഞവരാണ് വേറെ ചിലർ പുഴയിലേയ്‌ക്കിറങ്ങി നിന്ന് ദേഹത്ത് സോപ്പ് പതപ്പിക്കുന്നു. ഇനിയൊരു കൂട്ടർ തുണി സോപ്പിട്ട് നനയ്‌ക്കുന്നു. പക്ഷേ അവരെല്ലാവരുടേയും നോട്ടം രാധയുടെ നേർക്ക് തന്നെ. പിന്നീടവർ അർത്ഥം വച്ച് ചില നോട്ടങ്ങൾ പരസ്‌പരം മാറുന്നു. ഒളിച്ച്‌വച്ച നിഗൂഢമായ പുഞ്ചിരി ചിലരുടെ മുഖത്ത്.
’എന്താ രാധെ – സുഖമല്ലെ?‘
’ങും-‘ അവൾ ആ ഒറ്റമൂളലിൽ മറുപടിയൊതുക്കി.
’ഇപ്പം പശുക്കളെ നോക്കുന്നതാരാ? ഒരുവളുടെ ചോദ്യമാണ്.
‘മാധവൻ നോക്കിക്കോളും-’
‘അപ്പോ – മാധവനിവിടെ സ്‌ഥിരായിട്ട് നിൽക്കാൻ പോവാ?’
പുഴയിൽ നിന്നും മുങ്ങിനിവർന്ന ഒരുവൾക്കറിയേണ്ടത് അതാണ്.
‘അറിയില്ല, പോണെവരെ ഇവറ്റെനോക്കും. അത്രേ എനിക്കറിയാവൂ-’
‘ങും-’ അർതഥം വച്ചുള്ള മൂളൽ –
പക്ഷേ – രാധ അത് ഗൗനിക്കാനേ പോയില്ല, അവൾ കുളിക്കാനായി പുഴയിലേയ്‌ക്കിറങ്ങി.
Generated from archived content: radha8.html Author: priya_k