ഏഴ്‌

മാധവൻ വന്നിട്ട്‌ ഇപ്പോൾ രണ്ടാഴ്‌ച കഴിഞ്ഞിരിക്കുന്നു. ആദ്യം ഇവിടെവരുമ്പോഴുണ്ടായിരുന്ന ഈ പ്രദേശവുമായി ഇണങ്ങിച്ചേരാനുള്ള ബുദ്ധിമുട്ട്‌ കുറെയൊക്കെ മാറിയിരിക്കുന്നു. എന്നും വെളുപ്പിനെ നാല്‌ മണിക്കെഴുന്നേൽക്കുന്ന സ്വഭാവമുള്ള മാധവൻ വെളുപ്പിനെതന്നെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്‌ പുഴയോരത്തുള്ള അമ്പലത്തിന്റെ പരിസരത്തേയ്‌ക്ക്‌ പോവാറുണ്ട്‌. പുഴയിലൊരു മുങ്ങിക്കുളി. പിന്നെ ഇനിയും തുറന്നിട്ടില്ലാത്ത അമ്പലത്തിന്റെ നടയ്‌ക്കൽചെന്ന്‌ നിന്നൊരു പ്രാർത്ഥന – പിന്നെ മാധവൻ മതിൽക്കെട്ടിന്‌ പുറത്ത്‌ പുഴക്കടവിലേയ്‌ക്കുള്ള കൽപ്പടവുകളുടെ ആരംഭസ്‌ഥാനത്ത്‌ ഏറെക്കുറെ നടയ്‌ക്ക്‌ നേരെ തന്നെ നിന്നുകൊണ്ട്‌ തന്റെ വേണുവെടുത്തു പാടുകയായി.

നാദബ്രഹ്‌മത്തിന്റെ ഒരു മായാപ്രപഞ്ചം സൃഷ്‌ടിക്കാൻ തനിക്കാവുമെന്ന്‌ കൃഷ്‌ണഭഗവാന്റെ മുമ്പിലുള്ള ഈ സാധകംകൊണ്ട്‌ മാധവന്‌ ബോധ്യം വന്നിരിക്കുന്നു. കുശുമ്പും കുന്നായ്‌മയുമുളള നാട്ടിൻപുറത്തെ ഒരുപറ്റം ആൾക്കാർ മാധവൻ രാധയുടെ വീട്ടിലുള്ള ഈ താമസത്തെപ്പറ്റി അടക്കത്തിലും ചിലപ്പോൾ മാധവൻ കേൾക്കണമെന്ന താല്‌പര്യത്തോടെ മറ്റുള്ളവരുമായി പരദൂഷണം പറയുന്നത്‌ ഏറെക്കുറെ ബോധ്യം വന്നകാര്യമാണെങ്കിലും തനിക്കൊരിക്കലും പട്ടണത്തിലെ താമസക്കാലത്ത്‌ സാധിക്കാത്ത ഈ നാദോപാസന മാധവനെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്‌. ഇങ്ങനൊരു സൗഭാഗ്യം വന്നുചേർന്നതുകൊണ്ടാവണം, മാധവൻ ഇപ്പോൾ തന്നെ കാണുമ്പോൾ കൂടെയുള്ളവരുമായി അടക്കം പറയുന്നവരോടുള്ള നീരസം ഇല്ലാതായിട്ടുണ്ട്‌. നാട്ടുപ്രമാണിമാരായി ചമയുന്ന ചിലരും ക്ഷേത്രക്കമ്മറ്റിക്കാരിൽ ചിലരും ആദ്യമൊക്കെ സംശയത്തോടെയാണ്‌ നിരീക്ഷിച്ചതെങ്കിലും മാധവന്റെ വെളുപ്പിനെയുള്ള ഈ നാദേപാസന ഒട്ടൊരു താല്‌പര്യത്തോടെയാണ്‌ കാണുന്നത്‌. മാത്രമല്ല, മുൻപ്‌ ഈ പ്രദേശത്തുകാരിയായിരുന്ന ദേവകിയമ്മയുടെ മകനാണെന്നുള്ളത്‌ അഭിമാനപൂർവം കാണാനും അവരെ പ്രേരിപ്പിക്കുന്നു. പക്ഷേ, ഇങ്ങനൊരു ചിന്താഗതിയുള്ളവർ ഈ നാട്ടിലുണ്ടെന്നുള്ളത്‌ മാധവനറിയുന്നില്ല.

നടതുറന്ന്‌ നിർമ്മാല്യദർശനം കഴിയുന്നതോടെ മാധവൻ രാധയുടെ വീട്ടിലേയ്‌ക്ക്‌ മടങ്ങുന്നു. പിന്നെ കാപ്പി കുടികഴിഞ്ഞാൽ മറ്റെന്തെങ്കിലും ആവശ്യമില്ലെങ്കിൽ മാധവൻ പശുക്കളെയും കൂട്ടി പുഴത്തീരത്തെ പുൽമേട്ടിലോ അപ്പുറം കുന്നിൻ ചെരുവിലുള്ള മൈതാനത്തിലേയ്‌ക്കോ പോവാറുണ്ട്‌. മൈതാനത്തു പോയാൽ പശുക്കളെ പിടിച്ച്‌ കെട്ടണമെന്നോ, എപ്പോഴും ഒരു നോട്ടം വേണമെന്നോ ആഗ്രഹിച്ചിട്ടില്ല. എത്ര അടക്കമൊതുക്കമില്ലാത്ത ഇനമായാലും തന്റെ ഓടക്കുഴൽ കയ്യിലുള്ള കാലത്തോളം തനിക്ക്‌ അവയെപ്പറ്റി ആശങ്കവേണ്ടെന്ന്‌ അവന്‌ തോന്നിയിട്ടുണ്ട്‌.

പുഴത്തീരം -ഇപ്പോൾ ദൂരെയുള്ള കടവുകളിലോ, അപ്പുറമുള്ള നിലത്തിലോ ആരുമില്ല. നഗരത്തിന്റെ പകിട്ടും പത്രാസും എത്തിനോക്കാത്ത ഈ ഗ്രാമത്തിൽ വന്നതിന്‌ ശേഷമാണ്‌. ഏകാന്തതയുടെ ആഴവും വ്യാപ്‌തിയും സൗന്ദര്യവും – ചില സമയങ്ങളിൽ പേടിപ്പെടുത്തുന്ന നിശ്ശബ്‌ദതയും എന്തെന്ന്‌ മനസ്സിലായത്‌.

കയ്യിലുള്ള ഓടക്കുഴൽ തനിക്ക്‌ ശക്തമായ സംരക്ഷണം നൽകുന്ന ഒരായുധമാണെന്ന്‌ ബോദ്ധ്യമായത്‌ – ആദ്യം സംശയത്തോടെയും ചിലർക്ക്‌ പരദൂഷണം പറയാൻ പറ്റിയ വിഷയമെന്ന നിലയിൽ നിന്ന്‌ കൗതുകവും ആഹ്ലാദവും പകരുന്ന ഒരു വാദ്യോപകരണമാണെന്ന്‌ അമ്പലമുറ്റത്തും കുളിക്കടവിലും ഉള്ളവരുടെ പ്രതികരണങ്ങളിൽ നിന്ന്‌ അറിയാനിടയായതോടെയാണ്‌. അതോടെ തദ്ദേശവാസികളുടെയും സ്‌ത്രീജനങ്ങളിൽ നല്ലൊരു വിഭാഗത്തിന്റെയും പ്രിയപ്പെട്ടവനായിതീർന്നു. ഓടക്കുഴൽ വായന കേൾക്കാൻ വേണ്ടി മാത്രം രാവിലെ നാല്‌മണി മുതൽ ഉണർന്ന്‌ കിടക്കുന്ന ചില പെൺകുട്ടുകളുണ്ടെന്ന്‌ അറിഞ്ഞതോടെ ‘ഭഗവാനേ – കൃഷ്‌ണാ – അവിടുന്നെന്നെ ഇവിടത്തെ അന്തേവാസിയാക്കാൻ പോവുകയാണോ’ എന്ന്‌ ഒരിക്കൽ ആഹ്ലാദവും ആശങ്കയും കലർന്ന ഒരവസ്‌ഥയിൽ നടയ്‌ക്കൽ നിന്ന്‌ പ്രാർത്ഥിക്കുകയുണ്ടായി. ‘എനിക്ക്‌ മടങ്ങിയല്ലേ പറ്റൂ – ഇന്നല്ലെങ്കിൽ നാളെ’ അവൻ സ്വയം ചോദിക്കുകയുണ്ടായി. വത്സേച്ചിയെപ്പോലുള്ള ചുരുക്കം ചില മുതിർന്ന സ്‌ത്രീകൾക്ക്‌ മാത്രമാണ്‌ മാധവനിപ്പോൾ ഇഷ്‌ടമില്ലാത്ത വഷളൻ ചെക്കനായി ഇവിടെ കഴിയുന്നതെന്ന ആക്ഷേപമുള്ളത്‌. നാട്ടിലെ പെൺപിള്ളേരെ മയക്കുന്ന മാന്ത്രികക്കോലാണത്രെ ഈ ഓടക്കുഴൽ.

ആദ്യമവൻ ഓടക്കുഴൽ വായിച്ച്‌ പശുക്കളെ തെളിയിക്കും. പിന്നെ പൂച്ച, പട്ടി, പന്നീ വളർത്തുമൃഗങ്ങൾ. അതുവഴി അവൻ നാട്ടിലെ പെൺപിള്ളേരെ തന്നോടടുപ്പിക്കുന്ന കുരുത്തംകെട്ട കാലിചെക്കനാത്രെ മാധവൻ. അവൻ പണ്ടിവിടുണ്ടായിരുന്ന ദേവികയമ്മയുടെ മകനാണെന്ന്‌ പറയുന്നു? എന്ത്‌കൊണ്ടവനവിടെ നിന്നിങ്ങോട്ട്‌ പോന്നു. അതും എത്രയോ നാഴിക ദൂരേന്ന്‌. ഈ കൊച്ച്‌ പ്രായത്തിൽ തന്നെ എന്തൊക്കെയോ കുരുത്തംകെട്ട പണികൾവന്നിവിടെ ഒപ്പിച്ച്‌ കാണുക? ആർക്കറിയാം. കൊച്ചുപയ്യനാണെന്നൊന്നും കരുതേണ്ട. തറവാട്ട്‌ മഹിമയുള്ള പല കുടുംബത്തിലെയും പെൺപിള്ളേരെയാണിവൻ ഈ പ്രായത്തിൽ കാണും. അവന്റെ കയ്യിലെ ഈ മുളന്തണ്ടുണ്ടല്ലോ. അത്‌ മുളം തണ്ടൊന്നുമല്ല, അതവന്റെ – പിന്നെ വത്സേചി പറഞ്ഞ വാക്കുകൾ നാല്‌പേർ കേൾക്കെ പറയാൻ പറ്റുന്നവയല്ല.

പക്ഷേ, ഇതുകൊണ്ടൊന്നും കാവൂട്ടിയെ ഇളക്കാമെന്ന്‌ കരുതേണ്ട. ഈ രണ്ടാഴ്‌ച കൊണ്ട്‌ തന്നെ മാധവൻ കാവൂട്ടിയുടെ പോറ്റുമകനായിക്കഴിഞ്ഞു. അവന്‌ കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കിൽ – രാധയേക്കാളും നാലഞ്ച്‌ വർഷത്തെയെങ്കിലും മൂപ്പുണ്ടായിരുന്നെങ്കിൽ കാവൂട്ടി അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ അവനെത്രമാത്രം അവരുടെ ഹൃദയത്തിൽ കടന്ന്‌കൂടി സ്‌ഥാനമുറപ്പിച്ചുവെന്ന്‌ ഊഹിക്കാവുന്നതേ ഉള്ളു. കഴകക്കാരി ജാനുവമ്മയ്‌ക്ക്‌ ഇപ്പോൾ മാധവനോട്‌ ആദ്യമുണ്ടായിരുന്ന സംശയം കലർന്ന മനോഭാവമില്ല. കൃഷ്‌ണഭഗവാന്റെ മുന്നിൽനിന്നുള്ള ആ ഓടക്കുഴൽ വിളിമാത്രം മതി അവന്റെ ഉള്ളിലെ ഭക്തിയുടെ ആഴമറിയാൻ. ആദ്യമൊക്കെ വത്സേച്ചിയുടെ വാക്കുകൾ വിശ്വസിച്ച്‌ കാവൂട്ടിയമ്മയെ ഉപദേശിക്കാൻ പോയതിൽ അവർക്കിപ്പോൾ നേരിയ വിഷമമുണ്ട്‌. എങ്കിലും മാധവനതൊന്നും കാര്യമായിട്ടെടുത്തിട്ടില്ല. എന്നതിന്റെ സന്തോഷവും അവർക്കുണ്ട്‌.

പതിവില്ലാതെ മാധവനെ വൈകിട്ടത്തെ ദീപാരധനയ്‌ക്കും കണ്ടതോടെ, ക്ഷേത്രക്കമ്മിറ്റിയുടെ പ്രസിഡന്റ്‌ അദ്‌ഭുതംകൂറി. സാധാരണകാലത്തെ അമ്പലനടതുറക്കുന്നതിനും മുന്നേ പുഴയിൽ മുങ്ങിക്കുളിച്ച്‌ വന്ന്‌ ഓടക്കുഴൽ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. ഒരിക്കലും രാവിലത്തെ നാദേപാസനകാണാൻ പറ്റിയില്ലെങ്കിലും പാടുന്നയാളെ നേരിൽ ഒരിക്കൽ കാണാനിടയായപ്പോൾ – ഈ കൊച്ചുപയ്യനോ ഇത്രയും മനോഹരമായി ഓടക്കുഴൽ വായിക്കുന്നതെന്ന്‌ അദ്‌ഭുതപ്പെട്ടു.

‘എടോ-’അന്ന്‌ അയാൾ ചോദിച്ചു.

തനിക്കൊരു ദിവസം – രാവിലെ നടതുറന്നാൽ വെളുപ്പിനെയുള്ള പാട്ടിന്‌ പുറമെ ഉച്ചപ്പൂജയ്‌ക്കും പാടിക്കൂടെ?

അവൻ ഒന്ന്‌ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

എടോ – ഇത്‌ കൃഷ്‌ണന്റെ അമ്പലമല്ലെ? വ്യാഴാഴ്‌ച ദിവസങ്ങളിൽ ഉച്ചപൂജനേരത്തോ സന്ധ്യയ്‌ക്ക്‌ ദീപാരാധനയ്‌ക്കോ ഒരു ദിവസമെങ്കിലും പാടിക്കൂടെ? തനിക്കതിന്‌ മാത്രം എന്താ ജോലി?

അപ്പോഴും മാധവൻ ചിരിച്ചതേ ഉള്ളൂ. മറുപടി ഒന്നുംപറയുന്നില്ലെങ്കിലും അവന്റെയാ ചിരിയിലൂടെ അവർക്കവനിൽ നീരസമുണ്ടായില്ല എന്നതാണ്‌ വാസ്‌തവം. മേൽശാന്തികൊടുത്ത തീർത്ഥവും പ്രസാദവും വാങ്ങിപ്പോയതല്ലാതെ അവനൊന്നും മറുപടി പറഞ്ഞില്ല.

പക്ഷേ – എല്ലാവരെയും അത്‌ഭുതപ്പെടുത്തിക്കൊണ്ട്‌ അന്നേദിവസം തന്നെ മാധവൻ വൈകിട്ട്‌ വന്നു. ദീപാരാധനയ്‌ക്ക്‌ നടയടച്ചിരിക്കുന്നസമയത്താണ്‌ പാടിയതെന്ന്‌ മാത്രം. ശ്രീകോവിലിന്‌ മുന്നിൽ നിന്ന്‌ അല്‌പം ദൂരെമാറി നിന്ന്‌ പണ്ടെന്നോ പഠിച്ചിരുന്ന ശ്രീകൃഷ്‌ണഗീതം മനോഹരമായി ഓടക്കുഴലിൽ കൂടി വായിച്ചു. ആരോഹണാവരോഹണങ്ങളുടെ താളലയങ്ങളിലുള്ള നാദധാര നടയ്‌ക്കൽ തൊഴുത്‌ നിന്നവർക്ക്‌ പ്രത്യേകിച്ചും സ്‌ത്രീജനങ്ങൾക്ക്‌ എന്തെന്നില്ലാത്ത അനുഭൂതിയാണവരുടെയുള്ളിൽ ഉടലെടുത്തതെന്ന്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്‌ഥ. ഭക്തിയുടെ നിറവിലുള്ള ആഹ്ലാദനിമിഷങ്ങളായി അവ മാറി. മാധവനെ അവർക്കറിയാമെന്ന നിലയിലേയ്‌ക്ക്‌ അവന്റെ രണ്ടാഴ്‌ചത്തെ സാമീപ്യം അവരെകൊണ്ടെത്തിച്ചെങ്കിലും, എന്തിനവൻ വന്നു, നഗരത്തിൽ എവിടെ താമസിക്കുന്നു, അച്ഛനുമമ്മയ്‌ക്കും സുഖമാണോ – ഇതൊന്നും ചോദിച്ചറിയാനായിട്ടില്ല. ചോദിച്ചാലും ഫലമില്ല എന്നാണ്‌ ജാനുവമ്മ പറയുന്നത്‌ ഒന്നിനും മറുപടികൊടുക്കാതെ ഒഴിഞ്ഞു മാറുകയേ ഉള്ളു. കാവൂട്ടിയമ്മയും കൂടുതലായൊന്നും വിട്ടുപറയുന്നില്ല.

അവൻ ദേവകിയമ്മയുടെ മോനല്ലേ? അവനെത്ര ദിവസം വേണേലും ഇവിടെനിൽക്കാം. ഒന്നല്ലേലും ചെറുപ്പത്തിൽ ഏറെനാൾ ഞാനവരുടെ ഔദാര്യത്തിൽ കഴിഞ്ഞിട്ടുണ്ട്‌. പഴയ നോട്ടുബുക്കും പുസ്‌തകവും മാത്രമല്ല വേണമെങ്കിൽ പുതിയ പാവാടയും ബ്ലൗസും വരെ മേടിച്ചുതന്നിട്ടുണ്ട്‌. ദേവകിയമ്മയുടെ വീട്ടുകാർ എത്രദിവസം അവരുടെ വീട്ടിലെ ഭക്ഷണം കഴിച്ചിരിക്കുന്നു. പണമായി തന്നിട്ടുള്ള സഹായം വേറെ. അങ്ങനെയുള്ള ഒരാളുടെ മോൻ ഇവിടെ വരുമ്പോൾ മടക്കിവിടേണ്ട കാര്യമില്ല. ദേവകിയമ്മ സുഖമായിരിക്കുവെന്നും കുറെനാൾ മോനെ ഇവിടെ നിർത്തണമെന്നും മാത്രമേ പറഞ്ഞുവിട്ടിട്ടുള്ളു. കൂടുതലൊന്നറിയണമെന്നും തോന്നിയില്ല. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്‌ ദാമുവാശാൻ ഇതൊന്നും അന്വേഷിക്കാൻ പോയിട്ടില്ല. വന്നുചേർന്ന ഈ അവസരം കഴിയുമെങ്കിൽ ഈ അമ്പലത്തിന്റെ ആവശ്യത്തിനുപകരിക്കുന്നതാണെങ്കിൽ പ്രയോജനപ്പെടുത്തണം.

ദീപാരാധന സമയത്തെ പ്രാർത്ഥനാഗീതം വേണുഗാനമായി പാടിയത്‌, അത്താഴപുജയ്‌ക്കും ഉച്ചപൂജയ്‌ക്കും പാടാൻ പറ്റുമോ എന്നേ അറിയേണ്ടതുള്ളു.

ഇവിടുള്ള സമയം വൈകിട്ടത്തെ ദീപാരാധനസമയത്ത്‌ പാടാം. ഓടക്കുഴൽ വായന – ഏതെങ്കിലും ഒരുനേരം ഭഗവാന്റെ നടയ്‌ക്കൽ നിന്ന്‌ പാടുന്നത്‌ ഒരു പുണ്യകർമ്മമായിട്ടേ തോന്നിയിട്ടുള്ളു. പക്ഷേ എന്നും ഉണ്ടാവണമെന്ന നിർബന്ധം പിടിക്കരുത്‌.

അങ്ങനെയൊരു നിബന്ധനയേ അവൻ പറഞ്ഞുള്ളു.

‘അല്ലേലും അവൻ പാടാമെന്ന്‌ പറഞ്ഞല്ലോ അത്‌ തന്നെ ഭഗവാൻ കാണിച്ച്‌ തന്ന ഒരു വഴി – അല്ല അനുഗ്രഹം.’

‘അതേ – ഇത്‌ ഭഗവാൻ നമുക്ക്‌ തന്ന അനുഗ്രഹമാണ്‌. നമ്മളായിട്ട്‌ നിർബന്ധിക്കേണ്ട. എല്ലാം ഭഗവാൻ തന്നെ ശരിയാക്കികൊണ്ടുവന്നുകൊള്ളും.’

പ്രസിഡന്റിന്റെ അഭിപ്രായത്തെ മേൽശാന്തി ശങ്കരനെമ്പ്രാന്തിരി അങ്ങനെയാണ്‌ പ്രതിവചിച്ചത്‌.

‘ശരിയാ – നമ്മളാരും നിർബന്ധിക്കേണ്ട.’ ദാമുവാശാനും അത്‌ ശരിവച്ചു. അവരുടെ കണക്കുകൂട്ടൽ ശരിയായി വന്നു.

മാധവൻ എല്ലാ ദിവസവും നടതുറക്കുന്നതിന്‌ മുമ്പ്‌ – നിർമ്മാല്യ ദർശനത്തിന്‌ മുന്നേ പാടുന്ന പതിവ്‌ ഇപ്പോഴേ ഉണ്ട്‌. ഇപ്പോഴിതാ – വൈകിട്ടത്തെ ദീപാരാധന സമയത്തും പാടുന്നു. അത്താഴപൂജവരെ നില്‌ക്കാനവൻ താല്‌പര്യം കാട്ടുന്നില്ല. നിർബന്ധിക്കാനും പോയില്ല. ഒന്നുമല്ലേലും ഇടയ്‌ക്കകൊട്ടി പാടുന്ന പതിവിവിടില്ലല്ലൊ. അതിനു പറ്റിയ പാട്ടുകാർ അമ്പലവാസികളായിട്ടുള്ളവർ ഇവിടാരുമില്ല. ആരെയെങ്കിലും കൊണ്ട്‌ വന്ന്‌ ദിവസവും പാടിക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴില്ല.

ഒരിക്കൽ പോലും അമ്പലത്തിലെ നടത്തിപ്പുകളെക്കുറിച്ചോ അതിനുചുമതലപ്പെട്ടവരാരൊക്കെ എന്നതിനെക്കുറിച്ചോ അവരുടെ ചുറ്റുപാടുകളെക്കുറിച്ചോ അന്വേഷിക്കാറില്ല. സമയമാവുമ്പോൾ വരുന്നു. പാടുന്നു; ദീപാരധനത്തട്ട്‌ പുറത്തേക്ക്‌ കൊണ്ടുവരുമ്പോൾ കൈകൊണ്ട്‌ ആവാഹിച്ച്‌, കണ്ണിലും മുഖത്തും മുത്തി മടങ്ങുന്നു. തൊഴാൻ വരുന്ന പലർക്കും പ്രത്യേകിച്ചും സ്‌ത്രീജനങ്ങൾക്ക്‌ അവനെക്കുറിച്ചുള്ള വിവരങ്ങളറിയണമെന്നുണ്ട്‌. പക്ഷേ ആരോടും പ്രത്യേകിച്ചൊരു മമതയും കാട്ടാതെ, ആരുമായും അടുക്കാതെ – എന്നാൽ എല്ലാരോടും പുഞ്ചിരിച്ച്‌ – അത്യാവശ്യം ഒന്നോരണ്ടോ വാചകത്തിലുള്ള മറുപടിയൊതുക്കി മടങ്ങുന്നു. പിന്നെയും ചില സ്‌ത്രീകൾ അവരവനെചുറ്റിപ്പറ്റി എന്തൊക്കെയോ സ്വപ്‌നങ്ങൾ നെയ്യുന്നുണ്ട്‌. ഇനിയും കൗമാരപ്രായം വിട്ടിട്ടില്ലാത്ത അവനോട്‌ അവർക്ക്‌ തോന്നുന്ന വികാരം – അതിനെന്താണ്‌ പറയുക?

അവരിൽ പലരും സ്വയം ചോദിക്കാറുണ്ട്‌.

അവൻ എന്റെ സ്വന്തം ആള്‌.

ഇതുകൊണ്ട്‌ വന്ന ദോഷം വത്സേച്ചിയെപോലുള്ളവരുടെ വായടിത്തത്തിനാണ്‌. മുമ്പൊക്കെ കൗതുകം കലർന്ന അല്‌പസ്വല്‌പം എരിവും പുളിയുമുള്ള കൊച്ചു വർത്തമാനം കേൾക്കാൻ കൊതിക്കുമായിരുന്നെങ്കിലും വഷളത്തരം പറയുന്നത്‌ മാധവനെപ്പറ്റിയാവുമ്പോൾ അവർ പിൻവാങ്ങും.

മാധവൻ ഇവിടെയ്‌ക്കെത്രനാൾ ഉണ്ടാവും?

അവനോ, അവനിപ്പോൾ താമസിക്കുന്ന വീട്ടിലെ ഗൃഹനാഥയ്‌ക്കോ, രാധയ്‌ക്കോ നിശ്ചയമില്ലാത്ത ഒരു കാര്യം. പക്ഷേ, മാധവനിവിടെ ഉണ്ടാവണമെന്ന്‌ ജഗന്നിയന്താവ്‌ നിശ്ചയിച്ചെങ്കിൽ അതിനെ എങ്ങനെ തടയാനാവും? അതെ – അങ്ങനെയാണ്‌ സംഭവഗതികൾ വന്നുപെട്ടത്‌.

സന്ധ്യാസമയത്തെ ദീപാരാധന സമയത്തെ പാട്ടും കഴിഞ്ഞ്‌ മാധവൻ താമസിക്കുന്നിടത്തേയ്‌ക്ക്‌ വന്നതേഉള്ളു.

കാവൂട്ടിയമ്മ എന്തോ അസുഖമാണെന്ന്‌ പറഞ്ഞ്‌ മൂടിപുതച്ച്‌ കിടക്കുന്നു.

‘എന്താണസുഖം?’

മാധവന്റെ അന്വേഷണത്തിന്‌ രാധയ്‌ക്ക്‌ പ്രത്യേകിച്ചൊരുത്തരം നൽകാനായില്ല.

‘ഓ – ചെറിയൊരു നീരിളക്കപ്പനി. ഇടയ്‌ക്കങ്ങനെയൊക്കെ വരാറുണ്ട്‌. വീട്ടിലെയും പറമ്പിലെയും പണികഴിഞ്ഞ്‌ ചിലപ്പോൾ വിയർത്തുകുളിച്ച്‌ വരുന്ന അമ്മ വിയർപ്പാറണേന്‌ മുന്നേ കുളിക്കാറുണ്ട്‌. അതുകൊണ്ട്‌ വന്നതാ. അമ്മയോടെത്ര പറഞ്ഞാലും കേൾക്കില്ല.’

‘ഒരു കുരുമുളക്‌ കാപ്പി അനത്ത്‌. അതിൽ ഒന്ന്‌ രണ്ട്‌ കൃഷ്‌ണതുളസിയിലയും ഇട്ടാൽ നന്ന്‌. എന്നിട്ടതങ്ങ്‌ ചൂടോടെ കുടിക്കുക. പറ്റുമെങ്കിൽ കുറെ വെള്ളം തിളപ്പിച്ച്‌ ആവികൊള്ളുന്നതും നല്ലതാണ്‌. ’മാധവനെല്ലാം അറിയുന്ന പോലെ‘ അവന്റെ സന്ദർഭത്തിനൊത്തുള്ള പ്രായോഗികതയുടെ മുമ്പിൽ രാധയും കാവൂട്ടിയമ്മയും അത്‌ഭൂതംകൂറി. രാധയേക്കാളും നാലോ അഞ്ചോ വയസ്സിന്‌ ഇളപ്പമുള്ളവനാണ്‌ അവൻ. വെറുമൊരു പയ്യൻ. പക്ഷേ മുതിർന്നവരേക്കാളും കാര്യങ്ങൾ ഗൗരവത്തോടെ കാണുന്നു.

’രാധ വെള്ളമടുപ്പത്ത്‌ വയ്‌ക്ക്‌‘ തുളസിയില ഞാനിപ്പോഴേകൊണ്ടുവന്നേക്കാം.’ മാധവൻ മുറ്റത്തോട്ടിറങ്ങിയപ്പോൾ രാധ അടുക്കളയിലേയ്‌ക്ക്‌ കയറി. അരമണിക്കൂർ കഴിഞ്ഞ്‌ – മൂക്കും അടച്ച്‌പിടിച്ച്‌ ആവികൊണ്ട്‌, പിന്നെ ഒരു ഗ്ലാസ്‌ കുരുമുളക്‌ കാപ്പികുടിച്ചപ്പഴേയ്‌ക്കും കാവൂട്ടിയമ്മയുടെ ശരീരമാകെ വിയർത്തു കഴിഞ്ഞിരുന്നു. മാധവന്റെ ചികിത്സ ഫലിച്ചു.‘

കാവൂട്ടിയമ്മ സന്തോഷത്തോടെ പറഞ്ഞു.

’എന്നെ വൈദ്യനാക്കുവൊന്നും വേണ്ട. എനിക്കിങ്ങനെ വരുമ്പോൾ അമ്മയിങ്ങനെയൊക്കെ ചെയ്യാറുണ്ട്‌. ആ ഓർമ്മയാ -‘

’ഏതായാലും മാധവനീ സമയത്തിവിടുണ്ടായത്‌ നന്നായി. അല്ലേൽ രാധ എല്ലാത്തിനും ഓടേണ്ടിവന്നേനെ.‘

’അമ്മ ഇനി ഇത്തിരിചൂടുള്ള കഞ്ഞികുടിച്ച്‌ മൂടിപുതച്ച്‌ കിടന്നുറങ്ങൂ.. നേരം വെളുക്കുമ്പോഴേക്കും സുഖമായിട്ടെഴുന്നേൽക്കാൻപറ്റും.‘

പക്ഷേ, പാതിരാത്രിയോടടുത്ത സമയം രാധമാധവന്റെ വാതിൽക്കൽ തട്ടി – പരിഭ്രമത്തോടെയുള്ള ’മാധവാ‘ എന്ന വിളികേട്ട്‌ ഞെട്ടിയുണർന്ന മാധവൻ ഇപ്പോൾ കരയും എന്ന മുഖഭാവത്തോടെ കയ്യിലൊരു വിളക്കും പിടിച്ചു നില്‌ക്കുന്ന രാധയെയാണ്‌ കാണുന്നത്‌.

’എന്താ – എന്ത്‌ പറ്റി? നീയെന്താ ഈ അർദ്ധരാത്രിക്ക്‌ -? ‘അമ്മ – അമ്മയ്‌ക്ക്‌’ അത്രയും പറയാനേ രാധയ്‌ക്ക്‌ കഴിഞ്ഞുള്ളു. മാധവൻ രാധയോടൊപ്പം മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അമ്മയെയാണ്‌ കാണുന്നത്‌. മേശപ്പുറത്ത്‌ കത്തിച്ച്‌ വച്ച റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ കാവൂട്ടിയമ്മയുടെ വേറൊരുമുഖം മാധവൻ കണ്ടു. നെറ്റിയിൽ വിയർപ്പ്‌ – മുഖം ചിലപ്പോൾ കോടുന്നു ചിലപ്പോൾ വിറങ്ങലിക്കുന്നു.

‘എന്റെ കൃഷ്‌ണാ – എന്നെയെന്തിനിങ്ങനെ ഇട്ട്‌ വലയ്‌ക്കൺ?’

ആദ്യം ഒന്നുപകച്ചെങ്കിലും മാധവൻ സന്ദർഭത്തിനൊത്തുയർന്നു നെറ്റിയിൽ കൈവച്ച്‌ നോക്കിയ മാധവൻ വേഗം കുറെ തണുത്തവെള്ളം ഒരു പാത്രത്തിൽ കൊണ്ടുവന്ന്‌, തുണി നനച്ച്‌ നെറ്റിയിലിട്ടു. രാധയോട്‌ രണ്ട്‌ കഷ്‌ണം തുണി വേറെ കൊണ്ടുവരാൻ പറഞ്ഞ്‌ അടുക്കളയിലേയ്‌ക്കോടി. പിന്നെ തലേദിവസം സന്ധ്യക്ക്‌ തയ്യാറാക്കിയ കുരുമുളക്‌ കാപ്പി ചൂടാക്കി ഒരു ഗ്ലാസ്സിലാക്കി മുറിയിലേയ്‌ക്കുവന്നു.

‘രാധ – ഈ കാപ്പി അമ്മയ്‌ക്ക്‌ കൊടുക്ക്‌ – എന്നിട്ടാ തുണി നനച്ച്‌ മാറി മാറി ഇട്‌. ഞാനപ്പോഴേയ്‌ക്കും വൈദ്യനെ കിട്ടുമോന്ന്‌ നോക്കട്ടെ-’

അരനിമിഷം കൊണ്ട്‌, മുഖം കഴുകി – വേഷം മാറിയ മാധവൻ രാധയോട്‌ ഇവിടെ അടുത്തെവിടെയോ ഒരു വൈദ്യനില്ലേ – എന്താ അയാടെ പേര്‌?

‘അത്‌ – അമ്പലത്തിനപ്പുറം – ആ പുഴക്കടവിന്റെയും അപ്പുറത്താ – അങ്ങോട്ടുള്ള വഴി മാധവനറിയ്യോ-?

’എങ്ങനെങ്കിലും അയാളെ കൊണ്ടുവരണം – അമ്മയിങ്ങനെ കിടക്കുമ്പോൾ‘ നമ്മുടെ ദാമുവാശന്റെ വീടല്ലേ – അമ്പലത്തിന്‌ പടിഞ്ഞാറ്‌ വശത്ത്‌ -’

‘ങ്‌ – ഒരിക്കൽ അങ്ങേര്‌ ചൂണ്ടിക്കാണിച്ചു തന്നു.’

‘ആശാനെ കണ്ടാമതി, വൈദ്യരുടെ വീട്‌ പറഞ്ഞു തരും.’

‘അത്‌ ധാരാളം മതി – ഞാനെങ്ങനെയെങ്കിലും വൈദ്യരെ കൊണ്ടുവരാൻ നോക്കാം.’

വീടിന്റെ പിന്നാമ്പുറത്ത്‌ വെട്ടിവച്ചിരിക്കുന്ന ഓല കുറെയടുത്ത്‌ ഒരു വാഴനാര്‌ കൊണ്ട്‌ അടുപ്പിൽ നിന്ന്‌ കത്തിച്ച്‌ വീശി വീശി ഇരുട്ടിലൂടെ ഒരു കൊള്ളിയാന്റെ മിന്നൽ പ്രസരം വരുത്തിപ്പോകുന്ന മാധവനെ കണ്ട്‌ – രാധയ്‌ക്ക്‌ സങ്കടവും സന്തോഷവും – അതോടൊപ്പം അമ്മയുടെ കാര്യമോർത്തപ്പോഴുള്ള ആകാംക്ഷയും – അവൾ കട്ടിലിനോട്‌ ചേർത്തിട്ടിരുന്ന മേശപ്പുറത്ത്‌ വച്ചിരുന്ന കൃഷ്‌ണവിഗ്രഹത്തെ നോക്കി പറഞ്ഞു.

‘എന്തിന്‌ കൃഷ്‌ണാ ഇങ്ങനെ ഞങ്ങളെ പരീക്ഷിക്കുന്നു.?’

നീലനിറമുള്ള കൃഷ്‌ണവിഗ്രഹത്തിലെ പൂമാല വാടിയിരിക്കുന്നത്‌ കണ്ടു ഒരു കുറ്റബോധത്തോടെ രാധ പറഞ്ഞു.

‘കൃഷ്‌ണാ – പൊറുക്കണെ – ഇന്നലെ മാലചാർത്താൻ മറന്നു. എന്റെ കൃഷ്‌ണാ പൊറുക്കില്ലെ-?

നെറ്റിയിലെയും ദേഹത്തേയും ചൂടിന്‌ കുറവ്‌ കണ്ടപ്പോൾ രാധ തെല്ലൊന്നാശ്വസിച്ചു. ’കൃഷ്‌ണാ ഞങ്ങളെ ഉപേക്ഷിക്കരുതേ -!‘ കാവൂട്ടിയമ്മയുടെ ശ്വാസേച്ഛാസം മന്ദഗതിയിലായതുപോലെ. ഇപ്പോൾ അവർ അല്‌പം സ്വസ്‌ഥയായി കിടക്കുന്നു. പയ്യെ കണ്ണുകളടച്ചു.

രാത്രി ഏറെ നേരം ഉറക്കമിളച്ച ക്ഷീണവും പകലത്തെ അദ്ധ്വാനവുംകൊണ്ട്‌ രാധയും ക്ഷീണിതയായിരുന്നു. അവൾ കട്ടിലിനോട്‌ ചേർന്ന്‌ അമ്മയുടെ കാൽക്കലെന്നോണം തലചാച്ച്‌ നിലത്ത്‌ പടിഞ്ഞിരുന്ന്‌ – അറിയാതെ അറിയാതെ എന്നോണം മയക്കത്തിലേയ്‌ക്ക്‌ വീണു.

മുന്നിൽ തെളിയുന്നത്‌ കാളിന്ദി – സാഹസികനായ കൃഷ്‌ണൻ കൂലം കുത്തിയൊഴുകുന്ന ആറ്റിലേയ്‌ക്കാണ്‌ എടുത്ത്‌ ചാടുന്നത്‌. രൗദ്രഭാവം പൂണ്ട കാളിന്ദിയുടെ ചലനങ്ങൾക്കൊത്ത്‌ മുന്നോട്ട്‌ കുതിക്കുന്നില്ലെന്ന്‌ മാത്രം. കാളിന്ദി – അതിന്റെ മറ്റൊരു മുഖം കാണിച്ചു. കൃഷ്‌ണനിപ്പോൾ പടുകൂറ്റനൊരു സർപ്പത്തിന്റെ നെറുകയിൽ, അതും ഒറ്റക്കാലിൽ. മറ്റേക്കാൽ ചുവടുറപ്പിക്കാനാവാതെ വിഷമിക്കുന്നുണ്ട്‌. സർപ്പം ചീറ്റുന്ന ശബ്‌ദത്തിൽ സർവ്വചരാചരങ്ങളും പേടിച്ച്‌ വിറയ്‌ക്കുന്നു. സമീപത്തുള്ള ജീവികളിൽ പലതും അതിന്റെ ശ്വാസഛാസത്തിന്റെ തീക്ഷ്‌ണതയിൽ ബോധം നശിക്കുകയോ, ഇല്ലാതാവുകയൊ ചെയ്യുന്നു. കരുവാളിച്ച്‌ കിടക്കുന്ന ജീവികളെ കാണുന്നതോടെ കൃഷ്‌ണന്റെ ഭാവത്തിനും മാറ്റം വരുന്നു. മുഖത്തെ പുഞ്ചിരി മാഞ്ഞു ഒരു നോട്ടം – ആ നോട്ടത്തിൽ സർപ്പം മാത്രമല്ല, സർപ്പവാഹിനിയായ കാളിന്ദിയും ശ്വാസമടക്കുന്നു. തിരകളൊതുങ്ങുന്നു. ഒഴുക്കിന്റെ ശക്തി കുറയുന്നു. പയ്യേ ശാന്തമാവുന്നു. സർപ്പം തോൽവിസമ്മതിച്ച്‌ കൃഷ്‌ണന്റെ കാൽക്കലേയ്‌ക്ക്‌ വാലും മടക്കി അഭയം പ്രാപിക്കുന്നു.

’എന്താരാധേ – ഉറങ്ങിപ്പോയോ? അമ്മയ്‌ക്കെങ്ങനുണ്ട്‌?‘

ദാമുവാശാന്റെ ആ ചോദ്യം കേട്ടാണ്‌ രാധ ഞെട്ടിയുണർന്നത്‌. ദാമുവാശന്റെ ശബ്‌ദം അർദ്ധമയക്കത്തിലായിരുന്ന കാവൂട്ടിയമ്മയേയും ഉണർത്തി. പക്ഷേ, ഒന്നും സംസാരിക്കുന്നില്ല. സംസാരിക്കാനാവുന്നില്ല.

വൈദ്യൻ മുന്നോട്ട്‌ നീങ്ങി കട്ടിലിന്നരികിൽ കുനിഞ്ഞ്‌ നിന്ന്‌ കാവുട്ടിയമ്മയുടെ നാഡിപിടിച്ച്‌നോക്കുന്നു. നെറ്റിയിൽ കൈവയ്‌ക്കുന്നു. പിന്നെ കണ്ണിന്റെ കൃഷ്‌ണമണികൾ മാധവൻ നീട്ടിക്കാണിച്ച വിളക്കിന്റെ വെളിച്ചത്തിൽ പരിശോധിക്കുന്നു.

പുറകോട്ട്‌ മാറുന്നു.

മാധവനോടും രാധയോടും ചോദിക്കുന്നത്‌ കാവൂട്ടിയമ്മയ്‌ക്ക്‌ എന്താണെന്ന്‌ മനസ്സിലാവുന്നില്ല. വേഗം രാധയോട്‌ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ പറയുന്നു. പിന്നെ ദാമുവാശാനെ മുറിക്ക്‌ പുറത്ത്‌ കടത്തി അവർ തമ്മിൽ എന്തോ അടക്കം പറയുന്നു. അവരുടെ അടുക്കലേയ്‌ക്ക്‌ നീങ്ങണോ എന്ന്‌ സംശയിച്ചുനിന്ന മാധവനെ ദാമുവാശാൻ കൈകാട്ടി വിളിക്കുന്നു.

അവർ തമ്മിലെന്താണ്‌ സംസാരിക്കുന്നത്‌? തിളപ്പിച്ചവെള്ളവുമായി വരുന്ന രാധ ആ രംഗമാണ്‌ കാണുന്നത്‌. അടക്കിയ സംസാരം വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ദാമുവാശാന്റെ മുഖത്തെ ഭാവമെന്താണെന്ന്‌ രാധയ്‌ക്ക്‌ മനസ്സിലാവുന്നില്ല.

പെട്ടെന്ന്‌ കട്ടിലിലെ ഞരക്കം കേട്ട രാധ കാവുട്ടിയമ്മയുടെ അടുക്കലേയ്‌ക്ക്‌ തിരിയുന്നു. കാവുട്ടിയമ്മ അസ്വസ്‌ഥയാണ്‌. തിരിയാനും മറിയാനും വയ്യാത്ത അവസ്‌ഥ.

’അമ്മേ -! രാധയുടെ ആ വിളിയോടെ മാധവനും ദാമുവാശാനും കാവുട്ടിയമ്മയുടെ അടുക്കലേയ്‌ക്ക്‌ നീങ്ങുന്നു. വൈദ്യൻ ഓടിവന്ന്‌ കയ്യിൽ കരുതിയിരുന്ന ഒരു ഗുളിക കൈകൊണ്ട്‌ പൊടിച്ച്‌ രാധ കൊണ്ടു വന്ന വെള്ളം പകർന്ന്‌ ഗ്ലാസ്സിലേയ്‌ക്ക്‌ ഇട്ട്‌ നല്ലവണ്ണം ഇളക്കി – പിന്നെ ചൂടുവെള്ളമിരുന്ന പാത്രത്തിലേയ്‌ക്കും ഗ്ലാസിലേയ്‌ക്കും മാറി മാറി യൊഴിച്ചാറ്റി – കാവുട്ടിയമ്മയുടെ അടുത്തേയ്‌ക്ക്‌ നീങ്ങുന്നു.

കാവുട്ടിയമ്മയുടെ മുഖത്തെ ഭാവം കണ്ട്‌ വൈദ്യരും അന്ധാളിക്കുന്നു. എങ്കിലും മനസ്‌ഥൈര്യം കൈവിടാതെ കട്ടിലിനോട്‌ ചേർന്ന്‌ നിന്ന്‌ വാപൊളിക്കാൻ പറയുന്നു. പക്ഷേ, കണ്ണ്‌ മിഴിച്ച്‌ കിടക്കുന്ന കാവുട്ടിയമ്മയ്‌ക്ക്‌ ഒന്നിനും ആകുന്നില്ല. പയ്യേ വൈദ്യൻ കൈകൊണ്ട്‌ ആ ചുണ്ടുകളിലേയ്‌ക്കു ഗ്ലാസിലെ ഗുളികയിട്ട്‌ ചാലിച്ച വെള്ളം കൊടുക്കാൻ ശ്രമിക്കുന്നെങ്കിലും ഫലിക്കുന്നില്ല. കാവൂട്ടിയമ്മ ദയനീയമായി രാധയെ നോക്കുന്നു. സമീപത്ത്‌ നിൽക്കുന്ന മാധവനെ കാണുന്നു.

മാധവനോട്‌ എന്തോ സംസാരിക്കാനുണ്ട്‌. പക്ഷേ അതാണവരുടെ മുഖഭാവമെന്ന്‌ തിരിച്ചറിയുന്നത്‌ വൈദ്യർ മാത്രം. വൈദ്യർ മാധവനെ കാവൂട്ടിയമ്മയുടെ അടുത്തേയ്‌ക്ക്‌ നീക്കിനിർത്തുന്നു. മാധവൻ കട്ടിലിന്‌ താഴെ കുനിഞ്ഞ്‌നിന്ന്‌ കാവൂട്ടിയമ്മയുടെ കണ്ണുകളിലേയ്‌ക്ക്‌ നോക്കുന്നു. ഏതോ വിദ്യുദ്‌പ്രവാഹത്തിൽ ഷോക്കേറ്റവണ്ണം പെട്ടെന്ന്‌ കാവൂട്ടിയമ്മയുടെ കൈകൾ മാധവന്റെ കൈകളിൽ പിടിച്ചു.

‘കൃഷ്‌ണാ – മാധവൻ പറഞ്ഞു. ’രാധേ – ആ കൃഷ്‌ണവിഗ്രഹം ഇങ്ങോട്ടെടുക്കൂ.‘ രാധ വിങ്ങലോടെ മേശപ്പുറത്തെ കൃഷ്‌ണവിഗ്രഹം കാവൂട്ടിയമ്മയുടെ മുഖത്തേയ്‌ക്ക്‌ അടുപ്പിക്കുന്നു.

പെട്ടെന്ന്‌ രാധയുടെ നേരെ തിരിഞ്ഞ്‌ – പിന്നെ മാധവനെ നോക്കി ആ കൈകളിൽ പിടിച്ച്‌.

’കൃഷ്‌ണാ – നീ വേണമിവളെ – ‘ അതോടെ ചുണ്ടുകൾ കോടി, കണ്ണിലെ കൃഷ്‌ണമണികൾ ഇളകി മറിഞ്ഞു. പിന്നെ തല ഒരു വശത്തേയ്‌ക്ക്‌ ചെരിഞ്ഞു.

നിശ്ചലമായികിടക്കുന്ന കാവൂട്ടിയമ്മയുടെ അടുത്തേയ്‌ക്ക്‌ വൈദ്യർ നീങ്ങിനിന്ന്‌, മൂക്കിന്‌ താഴെയും ചുണ്ടത്തും വിരലുകൾ ചേർത്ത്‌ വച്ചു നോക്കുന്നു. എല്ലാം കഴിഞ്ഞു എന്ന അർത്ഥത്തിൽ വൈദ്യർ, ദാമുവാശാനെ നോക്കുന്നു. അല്‌പനേരം നിശ്ശബ്‌ദമായി നിൽക്കുന്ന രാധ. പിന്നെ ഒരലർച്ചയോടെ – അമ്മയുടെ ശരീരത്തിലേയ്‌ക്ക്‌ വീഴുന്നു. കൈകൾ കൊണ്ട്‌ ശരീരത്തെ കെട്ടിപ്പിടിച്ച്‌, മാറത്തേയ്‌ക്ക്‌ തലചാച്ച്‌ ഏങ്ങലടിച്ചു.

Generated from archived content: radha7.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here