ആറ്‌

‘എടീ ഞാൻ പറഞ്ഞില്ലെന്ന്‌ വേണ്ട. അവനെ നിങ്ങളിങ്ങനെ അന്ധമായി വിശ്വസിക്കരുത്‌. അത്‌ പോലെ നിന്റെ മോളെ ഇങ്ങനെ കയറൂരിവിടരുത്‌.’ വത്സേച്ചി ഇങ്ങനെ പറയുമ്പോൾ ആ മുഖത്തുണ്ടായിരുന്നത്‌ വെറുപ്പോ, കോപമോ – അതോ കൂട്ടുകാരിയുടെ മോൾ അബദ്ധത്തിൽ ചാടരുതെന്ന സന്ദേശമോ – എന്താണെന്ന്‌ കാവുട്ടിയമ്മയ്‌ക്ക്‌ മനസ്സിലായില്ല.

വത്സേച്ചിയ്‌ക്ക്‌ പ്രായം അമ്പതിനോടടുത്തെങ്കിലും ഇപ്പോഴും അണിഞ്ഞൊരുങ്ങിയാണ്‌ നടത്ത. കല്യാണം കഴിഞ്ഞ്‌ കുട്ടികൾ മൂന്നായെങ്കിലും താനിപ്പോഴും കന്യകയാണെന്ന ഭാവം നടത്തയിലും പെരുമാറ്റത്തിലും സംസാരത്തിലുമുണ്ട്‌. ഒരുവിധം കൊള്ളാവുന്ന ചെറുപ്പക്കാരെ കണ്ടാൽ – അവരുടെ പ്രായവ്യത്യാസം ഒരു പ്രശ്‌നമല്ല – ഇപ്പോഴും അവരെചുറ്റിപറ്റി നടക്കാനും അവരുമായി സൊള്ളാനും തക്ക അവസരം പാർക്കുന്നവളാണെന്നു കാവുട്ടിയമ്മയ്‌ക്കറിയാം. അവളുടെ ഈ സ്വഭാവഗുണം കൊണ്ടാണ്‌, അവളുടെ ഭർത്താവ്‌ അപ്പൂട്ടൻ എന്ന്‌ വിളിക്കുന്ന അപ്പൂക്കുട്ടൻ അവളെ ഉപേക്ഷിച്ച്‌ പോയതെന്ന്‌ ചുറ്റുവട്ടത്തും പലരും അടക്കത്തിൽ പറയാറുണ്ട്‌. ഇതെല്ലാം കൊണ്ടും ഇപ്പോഴുള്ള ഈ വത്സേച്ചിയുടെ ഉപദേശം കാവുട്ടിയമ്മ മുഖവിലയ്‌ക്കെടുക്കുന്നില്ല. എങ്കിലും നാട്ടുകാരിയാണെന്ന പരിഗണന വച്ചുകൊണ്ട്‌ മാത്രം അവർ അത്‌ കേൾക്കുകയാണ്‌.

‘വത്സേച്ചി – നീ ഇപ്പോയീ പറയണ കാര്യമറിഞ്ഞോണ്ടല്ല. ആ പയ്യന്റെ അമ്മ എന്റെ കൂടെ ചെറുപ്പത്തിൽ ഈ ചുറ്റുപാടുമൊക്കെ ഒരുമിച്ച്‌ നടന്നവളാണ്‌. കുഞ്ഞുനാളിൽ ഞങ്ങളൊരുമിച്ചായിരുന്നു നടത്തയും – ഓണക്കാലത്ത്‌ പൂപറിക്കലും – അമ്പലത്തിൽ പോക്കും പശുക്കളെ നോക്കാൻ പോകലും ഒക്കെ. അവളുടെ കല്യാണം കഴിഞ്ഞതോടെ അവളിവിടെ നിന്ന്‌ ദൂരെ പട്ടണത്തിൽ ഹോട്ടൽ നടത്തുന്ന ഭാസ്‌കരന്റെ കൂടെ പോയെന്ന്‌ വച്ച്‌ – അവളെന്റെ കളിക്കൂട്ടുകാരിയല്ലാതാകുന്നില്ല.’ വത്സേച്ചിയേക്കാൾ പ്രായക്കൂടുതൽ കാവൂട്ടിയമ്മയ്‌ക്കുണ്ട്‌. പക്ഷേ വത്സേച്ചി – തന്നേക്കാൾ പ്രായക്കൂടുതലുള്ളവരെയും പ്രായം കുറഞ്ഞവരെയും ഒക്കെ നീ എന്നും എടീ എന്നുമേ പറയാറുള്ളു. അതേ സമയത്ത്‌ തനിക്ക്‌ പ്രായക്കൂടുതലുണ്ടെന്നും വാർദ്ധക്യത്തിലേക്ക്‌ നടന്നടുക്കുകയാണെന്നും ഒന്നും സമ്മതിച്ചുതരില്ല. എല്ലാം തന്റെ വരുതിയിൽ താൻ പറയുന്നിടത്ത്‌ കാര്യങ്ങൾ നീങ്ങണം എന്ന താല്‌പര്യം മാത്രം. മാധവന്റെയടുക്കൽ തന്റെ വിളയാട്ടം നടപ്പില്ല എന്ന ബോദ്ധ്യപ്പെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌ ഇപ്പോൾ മാധവനെയും രാധയേയും ചേർത്ത്‌ ഇല്ലാക്കഥകൾ പെരുപ്പിച്ച്‌ പറയുന്നത്‌. വാസ്‌തവത്തിൽ അന്ന്‌ മാധവൻ – താനാവശ്യപ്പെട്ടപ്പോൾ, ഒരോടക്കുഴൽ വിളിനടത്തിയിരുന്നെങ്കിൽ – തന്നോട്‌ കൂടുതൽ സമയം മിണ്ടാൻ താല്‌പര്യം കാട്ടുകയും തന്നോടൊപ്പം കുറെ സമയം ചെലവഴിക്കാൻ തയ്യാറാവുകയും ചെയ്‌തിരുന്നെങ്കിൽ – തീർച്ചയാണ്‌, വത്സേച്ചി ഇപ്പോഴീ നിന്ദാവചനങ്ങൾ – അവനെക്കുറിച്ച്‌ പറയില്ലായിരുന്നു. രാധയെ അവന്റെടുക്കൽ വിടരുതെന്ന്‌ പറയില്ലായിരുന്നു. പക്ഷേ വത്സേച്ചിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നവരായിരുന്നു അന്നു കുളിക്കടവിലുണ്ടായിരുന്ന എല്ലാവരും. അവർക്കൊക്കെ പ്രധാനമായും പറയാനുള്ളത്‌ വേറൊരുകാര്യമായിരുന്നു. രാധയുടെ പ്രായക്കൂടുതൽ.

‘കാവൂട്ടിചേച്ചി എന്ത്‌ കണ്ട്‌കൊണ്ടാ, രാധയെ അവന്റൊപ്പം വിടണേ? അവൻ പയ്യനാന്ന്‌ കരുതിയാണോ? ശരിയാണ്‌ കൂടിവന്നാൽ പതിനഞ്ച്‌ വയസ്‌. പക്ഷേ പയ്യനാണെന്നു കരുതി സർവ സ്വാതന്ത്രോം കൊടുക്കരുത്‌, പട്ടണത്തീന്ന്‌ വന്നവനാ. എല്ലാം പഠിച്ചുകാണും.’ അമ്പലത്തിൽ മാലകെട്ടുന്ന ജാനമ്മ വാരസ്യാരുടെതാണ്‌ ഈ വാക്കുകൾ. കാലത്ത്‌ അമ്പലനടയടച്ചതിന്‌ ശേഷം ഉരുളിയും പാത്രങ്ങളും കഴുകാനായി പുഴക്കടവിൽ വരുമ്പോഴാണത്രെ പയ്യന്റെ ഓടക്കുഴൽ വിളിയും രാധയുടെ കിണുങ്ങലും.

‘എന്റേ ചേച്ചി – എന്റെ തൊലിയുരിഞ്ഞുപോയി. എന്താ ആ സമയത്തെ രാധേടെ മട്ടും ഭാവോം? ഏതോ സിനിമയിലൊക്കെ ഒണ്ടെന്ന്‌ പറയുന്ന പോലത്തെ കുഴഞ്ഞാട്ടോം – പാട്ടും ’പാട്ടോ?‘ അതിന്‌ മാധവൻ പാടിയില്ലല്ലൊ. അവനോടക്കുഴൽ വിളിച്ചതല്ലേ ഉള്ളു. അവനിപ്പോഴും എന്റെ കണക്കിൽ കൊച്ചുപയ്യനാ. ജാനുവിനറിയോ- ദേവകിയെ കല്യാണം കഴിക്കുമ്പം – രാധയ്‌ക്ക്‌ വയസ്‌ നാല്‌. അതിന്റെ പിറ്റേക്കൊല്ലാ ദേവകി മാധവനെ പെറ്റെന്ന്‌ കേട്ടെ. പട്ടണത്തിലായതുകൊണ്ട്‌ പോയിക്കാണാനൊന്നും പറ്റിയില്ല. ദേവകിയെ കല്യാണം കഴിച്ചേന്റെ പുറകെതന്നെ അവരുടെ കുടുംബോം പട്ടണത്തിലേയ്‌ക്ക്‌ പോയി. ദേവകിയുടെ മൂത്താങ്ങളയ്‌ക്ക്‌ അവിടെ കച്ചോടം സ്‌കൂളും ആശുപത്രീം ഒക്കെ ഒണ്ടത്രെ. അത്‌ നോക്കി നടത്താനൊക്കെ ഒരു സഹായത്തിനെന്ന്‌ പറഞ്ഞ്‌ മറ്റുള്ളോര്‌ പോയതാ പിന്നെ വന്നിട്ടില്ല.’

കാവൂട്ടിയമ്മയുടെ വിശദീകരണമൊന്നും വെടിവട്ടത്തിന്‌ വന്നവർക്കൊന്നും രസിക്കുന്നില്ല. അവർക്ക്‌ രാധയിലും മാധവനിലും കുറ്റം കണ്ടെത്തിയേ ഒക്കൂ. അത്‌ സ്‌ഥാപിച്ചെടുത്തേ ഒക്കൂ.

‘രാധയ്‌ക്കിപ്പോ വയസ്സെത്രയാ – ഒത്തപെണ്ണായി. വല്ലോന്റേം കൂടെ പറഞ്ഞു വിടാൻ നോക്കേണ്ടതിന്‌ പകരം ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടാലോ?’ കാവുട്ടിയമ്മയ്‌ക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു ഈ ആരോപണങ്ങൾ. ആ പയ്യനങ്ങ്‌ പട്ടണത്തീന്ന്‌ വന്നിട്ട്‌ ദിവസം രണ്ട്‌ കഴിഞ്ഞതേയുള്ളു. അപ്പോഴേയ്‌ക്കും എന്തൊക്കെയാ പറഞ്ഞു പരത്തുന്നെ. അവനെ വേഗം പറഞ്ഞു വിടണം. പയ്യനാന്നൊന്നും നോക്കണ്ട. ഇപ്പം പയ്യന്മാമാർക്കാ ഒളിഞ്ഞുനോട്ടോം, കൊച്ചുവർത്തമാനോം കൂടുതൽ‘ വത്സേച്ചിക്ക്‌ അവസാനം അതേ പറയാനുണ്ടായുള്ളു.

’ആദ്യം വത്സേച്ചി ശരിക്ക്‌ വേഷം കെട്ടിനടക്ക്‌. തുണിയുടുത്തിട്ടുണ്ടെന്നല്ലാതെ, അതിന്റെ പ്രയോജനം ഒണ്ടോ. ദേ- നോക്ക്‌ ബ്ലൗസോന്ന്‌ നോക്കിയേ – അടീല്‌ റൗക്ക കുടുക്കിട്ടിട്ടില്ല. അഴിച്ചിട്ടിരിക്കുവ. അതുപോലാ മുണ്ടിന്റെ അടീലേ ഒന്നരയുടുത്തേക്കണത്‌. ഇപ്പോ താഴെ വീഴും. തുടേടെ പകുതി കാണാം. കുറ്റം പറയുന്നോര്‌ ആദ്യം സ്വയം നന്നാവാൻ നോക്ക്‌.‘

കാവൂട്ടിയമ്മയുടെ ആ വാക്കുകൾ ധാരാളം മതിയായിരുന്നു വത്സേച്ചിക്ക്‌ കലിതുളളി സ്‌ഥലം വിടാൻ.

അതോടെ ജാനുവാരസ്യാരും കൂട്ടരും പിൻവാങ്ങി. വത്സേച്ചിയുടെ വേഷത്തെപ്പറ്റി അവർക്കും ആക്ഷേപം ഉണ്ട്‌. പുഴക്കടവിലാണേലും അക്കരെയോ, അപ്പുറത്തെ കടവിലോ, ആൺപിള്ളേരാരെങ്കിലും ഉണ്ടെങ്കിൽ പിന്നെ നോക്കണ്ട. അവരവിടന്ന്‌ കയറുന്നിടം വരെ വത്സേച്ചീടെ നീരാട്ട്‌ നീണ്ടു നിൽക്കും. കുളിക്കടവിൽ വെറെ പെണ്ണുങ്ങളില്ലെങ്കിൽ, എല്ലാം അഴിച്ചിട്ടോണ്ടായിരിക്കും മുങ്ങലും ഊളിയിടലും. ഇത്‌ കരയാകെ പ്രസിദ്ധമായ കാര്യമാണ്‌. വത്സേച്ചിയെ കൂട്ടുപിടിച്ച്‌ ഒരു കാര്യത്തിന്‌ ഇറങ്ങി പുറപ്പെട്ടാ ശരിയാവില്ലെന്ന്‌ നേരത്തേ തന്നെ അറിയാവുന്നകാര്യമാണ്‌. എന്ത്‌ ചെയ്യാം, ഇവിടെ കാവൂട്ടിയമ്മയുടെ അടുക്കൽ വന്നപ്പോ, അവരുണ്ട്‌ കേസ്‌ വിസ്‌താരത്തിന്‌. വത്സേച്ചി പോയതിന്റെ പിന്നാലെ ജാനുവാരസ്യാരും മറ്റുളേളാരും- പോയതോടെ കാവൂട്ടിയമ്മ ഒറ്റയ്‌ക്കായി.

ഏതായാലും ഇവരുടെ വാക്കുകൾ കേട്ട്‌ രാധയോടും മാധവനോടും ഈ വിഷയത്തെപ്പറ്റി മിണ്ടാതിരിക്കുന്നതാണ്‌ ഭംഗി. മാധവനാണെങ്കിൽ പട്ടണത്തിൽ നിന്ന്‌ വന്നിട്ട്‌ രണ്ട്‌ ദിവസമേ ആവുന്നുള്ളു – ഇപ്പോഴേ അവനോട്‌ രാധയോട്‌ മിണ്ടരുതെന്നൊക്കെ പറഞ്ഞാൽ?

രാധ പുല്ലുകെട്ടുമായി വന്ന്‌ നേരെ ആലയിലേയ്‌ക്കാണ്‌ പോയത്‌. പശുക്കളും കിടാങ്ങളും രാധയുടെ പിന്നാലെയില്ല. ഇനിയും മാധവൻ ആ പുഴയോരത്ത്‌ പശുക്കളെയും മേച്ച്‌ നിൽക്കുകയാണോ? ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയുടെ മകനാണെന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്‌ അവനെ ഈ ജോലിയേല്‌പിക്കുന്നത്‌ ഒരധികാരം പ്രയോഗിക്കുന്നതിന്‌ തുല്യമല്ലെ?

രാധ അവനോട്‌ കുറെ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നുവെന്നത്‌ സത്യമാണെന്ന്‌ കാവൂട്ടിയമ്മയ്‌ക്ക്‌ തോന്നിയിരുന്നു. തന്നേക്കാളും കൂടുതൽ അവനുമായിടപഴകാനുള്ള സൗകര്യം അവൾതന്നെ കണ്ടെത്തുകയാണോ? കേവലം രണ്ടു ദിവസത്തെ പരിചയം വച്ച്‌ അവനുമായത്രയും ഇടപെടുന്നത്‌ ശരിയാണോ? ഇക്കാര്യത്തെപ്പറ്റി രാധയോട്‌ ഒന്ന്‌ സംസാരിക്കുന്നതാണ്‌ ശരിയെന്ന്‌ കാവുട്ടിയമ്മയ്‌ക്ക്‌ തോന്നി.

പുൽതൊട്ടിയിൽ പുല്ലിറക്കി വച്ച്‌ എല്ലായിടത്തും തിന്നാൻ പാകത്തിന്‌ വിതറി. പിന്നെ കുറെ പുല്ല്‌ കെട്ടി തൊഴുത്തിനോട്‌ ചേർന്നു ചാർത്തിൽ നീക്കിവച്ചു. വീണ്ടും കൈകാലുകൾ കഴുകി വരാൻ പിന്നെയുമെടുത്തു കുറെ സമയം.

’എന്തേ മാധവൻ വന്നില്ല. ഇന്നുച്ചയ്‌ക്ക്‌പോലും ഒന്നും കഴിച്ചില്ലല്ലൊ‘ ബാഗിൽ കുറെ പഴം, പിന്നെ കുറെ വെള്ളം – അതൊക്ക മതീന്നാ പറയണെ. പക്ഷെ, ഞാൻ വരാൻ പറഞ്ഞു- വരുന്നുണ്ടെന്ന്‌ പറഞ്ഞ്‌ കൂടെ പോന്നതാ – എന്ത്‌ പറ്റിയോ, ആവോ?’

‘നീ പോണവഴിക്ക്‌ വത്സേച്ചിയെ മറ്റാരെയെങ്കിലും കണ്ടോ? ’

‘ഓ – രാധ എല്ലാം മനസ്സിലായെന്ന മട്ടിൽ ഒന്നു ചിരിച്ചു.

’ഇന്ന്‌ കണ്ടില്ല. ഇന്നലെയാ പുഴക്കടവീന്ന്‌ ആദ്യം എന്റെടുക്കൽ വന്നു. പിന്നെ മാധവന്റടുക്കൽ പോണകണ്ടു. ആ ഓടക്കുഴലൊന്നു വിളിക്കണത്രെ. മാധവൻ വിളിച്ചില്ല. മാധവന്റെ അമ്മയെ ചെറുപ്പന്നേ അറിയുമെന്നും കല്യാണം കഴിച്ചുപോവുമ്പം – വത്സേച്ചിയും വന്നിരുന്നെന്നും ഒക്കെ പറയണ കേട്ടു. മാധവൻ പാടണമെന്ന ആശയോടെ കൊച്ചുവർത്താനം പറഞ്ഞു നോക്കീതാ. എന്തോ മാധവനവരെ ഇഷ്‌ടല്ലാന്ന്‌ തോന്നണു. ആ സമയത്തെ മാധവന്റെ മുഖഭാവം കണ്ടാലറിയാം.‘

’എന്നിട്ട്‌ – മാധവനെന്തു പറഞ്ഞു?

‘എന്ത്‌ പറഞ്ഞെന്നറിയില്ല, പാടിയില്ല. അത്രമാത്രമറിയാം. പിന്നെ ഞാനിങ്ങ്‌ വേഗം പോന്നു. പശുക്കള്‌ വരുമ്പോഴേയ്‌ക്കും തൊഴുത്ത്‌ വൃത്തിയാക്കണാർന്നല്ലോ.’

കാവുട്ടിയമ്മ കുറെ നേരം എന്തോ ആലോചിച്ചിരുന്നു.

പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.

‘അപ്പോ – അതാണു കാര്യം.’

‘എന്താകാര്യം?’ അടുക്കളയിലേയ്‌ക്ക്‌ പോവാൻ തുടങ്ങുകയായിരുന്ന രാധ തിരിഞ്ഞു നിന്നു. എന്താ കാര്യം?‘

’അല്ല – ആളിവിടെ വന്നിരുന്നു. മാധവനെപ്പറ്റി കുറെ ഇല്ലാവചനം പറഞ്ഞു. പയ്യനാണേലും പട്ടണത്തീന്ന്‌ വന്നവനാ, അമിതമായി വിശ്വസിക്കരുത്‌. എല്ലാ വെളവും പഠിച്ചു കാണുന്നൊക്കെ.‘

രാധ പൊട്ടിച്ചിരിച്ചു. ’ആദ്യം അവരൊന്ന്‌ നേരാം വണ്ണം നടക്കാൻ നോക്കട്ടെ. എന്താ അവരുടെ ഉടുപ്പും നടപ്പും വർത്താനോം – മാധവനവരെ ഇഷ്‌ടപ്പെട്ടില്ലാന്നുള്ളത്‌ തീർച്ച – അതിന്റെ കെറുവാ.‘

കാവൂട്ടിയമ്മ കുറച്ച്‌ നേരം രാധയെ നോക്കിയിരുന്നു. മാധവനാക്കാളെത്ര വയസ്സിന്‌ മൂത്തതാവും ഇവൾ. അഞ്ചുവയസ്സെങ്കിലും കാണും. എന്നിട്ടെന്തൊക്കെ ഇല്ലാവചനങ്ങളു​‍ാ കെട്ടിയൊണ്ടാക്കണെ?

’രാധേ – ഏതായാലും നീ അവനുമായി കൂടുതലടുപ്പമൊന്നും കാണിക്കണ്ട. അവൻ കുഴപ്പക്കാരനാണെന്നല്ല, നമ്മുടെയാൾക്കാരല്ലെ? വത്സേച്ചിയുടെ സൈഡ്‌ പറയാൻ ജാനുവമ്മയും തങ്കവും ഒണ്ടാർന്നു. അതൊണ്ട്‌ പറഞ്ഞെന്നു മാത്രം.‘

’അമ്മയൊന്ന്‌ മിണ്ടാണ്ട്‌ പോണ്‌ണ്ടോ? എന്റെ കാര്യം നോക്കാൻ എനിക്കറിയാം. ആദ്യം അവരുടെ കാര്യം അവർ ശരിക്ക്‌ നോക്കി നടന്നാ മതി.‘

രാധ നേരെ അടുക്കളയിലേയ്‌ക്ക്‌ പോയി.

Generated from archived content: radha6.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here