അഞ്ച്‌

ഉച്ചകഴിഞ്ഞ സമയം. പുഴയുടെ തീരത്തുള്ള പുല്ല്‌ നിറഞ്ഞ പ്രദേശം. തൊട്ടപ്പുറം നാട്ടിലെ അമ്പലത്തിലെ ശ്രീകോവിൽ കാണാം. അതിന്‌ ചുറ്റും മതിൽക്കെട്ട്‌ – മതിൽക്കെട്ടിനടുത്ത്‌ ചെറിയൊരു മൈതാനം പോലെ, ആ മൈതാനത്ത്‌ നിന്ന്‌ താഴോട്ട്‌ പുഴയിലേയ്‌ക്കുള്ള കൽപ്പടവ്‌. അവിടെ ഒന്ന്‌ രണ്ട്‌ പേർ കുളിക്കുന്നു. സ്‌ത്രീകളാണ്‌.

മാധവൻ മൂന്ന്‌ നാല്‌ പശുക്കളുമായി പുഴത്തീരത്തേയ്‌ക്ക്‌ വന്നിരിക്കുന്നു. പുല്ല്‌ കണ്ടപ്പോൾ ആദ്യമൊരു ആക്രാന്തത്തിന്‌ അവ അവിടെയും ഇവിടെയുമായി ഓരോന്ന്‌ കടിച്ചെങ്കിലും നിറഞ്ഞു നിൽക്കുന്ന പുൽകൂട്ടം കണ്ടതോടെ അവയുടെ ഓട്ടം നിന്നു. ഇപ്പോൾ സാവകാശം മേയുന്നു. പശുക്കുട്ടികളുടെ കഴുത്തിലും വണ്ണം കുറഞ്ഞ കയറുണ്ടെങ്കിലും അവയെ ബന്ധിച്ചിട്ടില്ല. മാധവൻ ചിലസമയം പശുക്കുട്ടികളുമായും സല്ലപിക്കുന്നുണ്ട്‌. ചെറിയതോതിലുള്ള പിടുത്തം, ഓട്ടം – പിന്നെ അവയുടെ ദേഹത്ത്‌ തലോടൽ. ഈയൊരവസ്‌ഥ കുറേനേരം നീണ്ടുനിൽക്കുന്നു. പിന്നെ മാധവൻ പുഴയുടെ തീരത്തേയ്‌ക്കിറങ്ങി മണൽപരപ്പിൽ പടിഞ്ഞിരിക്കുന്നു. ദൂരെയെവിടേയ്‌ക്കോ നോക്കി എന്തോ ആലോചിച്ചിരിക്കുന്നു. ആ മുഖത്ത്‌ സമ്മിശ്രഭാവങ്ങൾ മിന്നിമറയുന്നു.

ഗതകാലസ്‌മൃതികളിൽ മനസ്സിലേയ്‌ക്ക്‌ കടന്നുവരുന്ന പലതും വേദനപ്പെടുത്തുന്നതാണ്‌. അപ്പോഴൊക്കെ മാധവൻ അമർഷം കൊള്ളുന്നു. ഓർക്കാൻ സുഖമില്ലാത്ത ഒരു കാലഘട്ടം – അവിടെ അനുഭവിച്ച വേദനകൾ – അവഗണനകൾ – അവഹേളനം – അപമാനം എല്ലാം സഹിക്കാവുന്നതിന്റെ പാരമ്യത്തിലെത്തിയപ്പോഴുള്ള ഒരൊളിച്ചോട്ടം.

ഇവിടെയോ – ?

ഇനിയും ഒരു തീരുമാനമെടുക്കാൻ പറ്റാത്ത അവസ്‌ഥ.

എത്രനാളിവിടെ കഴിയണം? വേറൊരാളുടെ ഔദാര്യത്തിൽ കഴിയുകയെന്നത്‌ ഒരപമാനമായി മാധവന്‌ തോന്നുന്നു. അമ്മയുടെ ചെറുപ്പകാലത്തെ കൂട്ടുകാരിയാണെങ്കിലും അവരുടെ തണലിൽ ഒന്നോരണ്ടോ ദിവസം കഴിഞ്ഞാൽ പോരല്ലൊ.

പക്ഷേ, പട്ടണത്തിലേയ്‌ക്ക്‌ ചെന്നിട്ടോ?

അമർഷവും സങ്കടവും നിറഞ്ഞ സംഘർഷം – ഇവ എല്ലാംകൂടി എന്ത്‌ വേണമെന്നറിയാതെ – ഒരനിശ്ചിതാവസ്‌ഥയിലിരിക്കുമ്പോഴാണ്‌ രാധയുടെ വരവ്‌. കയ്യിൽ ഒരു കൂജ. ഒരു ഗ്ലാസ്‌ ഒന്ന്‌ രണ്ട്‌ പഴങ്ങൾ ഇവയൊക്കെ ഉൾക്കൊള്ളുന്ന ചെറിയൊരു കടലാസ്‌ ബാഗ്‌.

‘വരൂ – കാപ്പികഴിക്കാം.’

‘ഇടനേരത്തങ്ങനെ കാപ്പിയൊന്നും പതിവില്ല.’ മാധവനിപ്പോൾ പറഞ്ഞത്‌ രാധയുടെ ചോദ്യത്തിന്‌ എന്തെങ്കിലും മറുപടി കൊടുത്തേ ഒക്കൂ എന്നത്‌ കൊണ്ടാണ്‌.

‘പിന്നെ – പട്ടണത്തിൽ അച്‌ഛൻ വലിയ ഹോട്ടൽ മുതലാളിയാണെന്ന്‌ അമ്മ പറയണ കേട്ടു. അങ്ങനെയുള്ള ആളുടെ മകൻ ചായയും കാപ്പിയും കഴിക്കില്ലെന്നോ?’ ഇപ്പോൾ മാധവന്‌ അല്‌പം ആശങ്കയുണ്ട്‌. വന്നയന്ന്‌ രാധയുടെ അമ്മയുടെ ചിലചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞെങ്കിലും കൂടുതലെന്തെങ്കിലും ചോദിക്കാത്തതും കൂടുതലൊന്നും പറയാത്തതും നന്നായിയെന്ന മനോഭാവമാണിപ്പോൾ. എങ്കിലും അമ്മ ഏതെങ്കിലും വിധത്തിൽ വിവരമറിഞ്ഞിരിക്കുമോ? ഓ എങ്ങനെ അറിയാനാണ്‌? വന്നിട്ട്‌ രണ്ട്‌ ദിവസമല്ലേ ആയിട്ടുള്ളു. അമ്മയിൽ നിന്നും കൂടുതൽ വിവരങ്ങൾ രാധ അറിയാൻ വഴിയില്ല. എല്ലാം തുറന്ന്‌ പറയേണ്ടെന്ന്‌ വീട്ടിൽ നിന്ന്‌ പോരാൻ നേരത്ത്‌ അമ്മതന്നെയാണ്‌ പറഞ്ഞത്‌. അപ്പോൾ പിന്നെ രാധയുടെ അമ്മയ്‌ക്കു ഒരുവിധത്തിലും ഒന്നും അറിയാൻ വഴിയില്ല. അല്ലെങ്കിലും ഈ കുഗ്രാമത്തിൽ കഴിയുന്ന ഒരാൾക്ക്‌ അങ്ങ്‌ ദൂരെ പട്ടണത്തിൽ നിന്നെങ്ങനെ വിവരങ്ങളറിയാനാണ്‌? ഇങ്ങോട്ട്‌ പുഴയ്‌ക്കക്കരെ വരെ വന്നത്‌ കാളവണ്ടിയിൽ – ഒരു രാത്രിയും ഒരു പകലും നീണ്ടുനിൽക്കുന്ന യാത്ര. ഇവിടെ നിന്നാരും തന്നെ അങ്ങോട്ട്‌ പോവുകയോ, അവിടെനിന്നാരും ഇങ്ങോട്ട്‌ വരികയോ ഉണ്ടാവില്ല. അങ്ങനൊരാശ്വാസം കണ്ടെത്തിയതോടെ മാധവൻ സ്വസ്‌ഥനായി. മുൻപിൽ കാപ്പിയും പഴവുമായി വന്നു നിൽക്കുന്ന രാധയെനോക്കി പുഞ്ചിരിച്ചു.

‘വരൂ – ഇവിടിരിക്കൂ. നമുക്കൊരുമിച്ച്‌ കഴിക്കാം.’

‘ഞാൻ കഴിച്ചതാ-’

‘അതുകൊള്ളാം. ഇവിടെ ഞാനൊരാൾ ഒറ്റയ്‌ക്ക്‌ കഴിക്കുക. വേറൊരാൾ അത്‌ നോക്കി നിൽക്കുക. എനിക്കിഷ്‌ടമില്ല.’ രാധ ഒന്ന്‌ പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ മാധവന്റെ നീരസം ഇല്ലാതായി.

‘ഞാനും കൂടാം. പഴത്തിൽ ഒന്ന്‌ മാത്രം മതി. കാപ്പി വേണ്ട’ മാധവന്റെ സമീപത്തുതന്നെ രാധ ഇരുന്നു. ഗ്ലാസിലേയ്‌ക്ക്‌ കാപ്പി പകർന്നു. നിലത്ത്‌ ഒരിലയിൽ ഒന്ന്‌ രണ്ട്‌ പഴങ്ങൾ. കാപ്പികുടി കഴിഞ്ഞതോടെ രാധ ഉണർന്നു. അവൾ അനുനയത്തിൽ മാധവനോട്‌ പറഞ്ഞു.

‘ഇനി ആ ഓടക്കുഴൽ വായിക്ക്‌.

’ഇപ്പോഴോ – ഈ പട്ടാപ്പകലോ?

‘എന്താ പാട്ടുപാടാനൊക്കെ, രാത്രിയെന്നോ, പകലെന്നോ വ്യത്യാസമുണ്ടോ?

’ഉണ്ട്‌ സമയമല്ല, പ്രധാനം. സന്ദർഭവും നോക്കണം.‘

’ഓ‘ – രാധ പരിഭവിച്ചു. അവൾ കുറച്ചു ദൂരെ മാറി വഴിയരികിലുള്ള ഒരു മരത്തിനോട്‌ ചേർന്ന്‌ നിന്നു. ഇവിടെ വഴിയോട്‌ ചേർന്നുള്ള മതിൽ ഉയർത്തിക്കെട്ടിയിരിക്കുന്നു. വഴിയുടെ വളരെ ദൂരെന്നേ ഉള്ള കാഴ്‌ചയേ കാണാനാകൂ. ഇപ്പുറമാണെങ്കിൽ അമ്പലത്തിന്റെ മതിൽക്കെട്ട്‌ അതിനോട്‌ ചേർന്ന്‌ പുഴക്കടവിലേയ്‌ക്കുള്ള കൽപ്പടവ്‌. അവിടെയും ഇപ്പോഴാരുമില്ല. കടവിൽ താഴെ പുഴയിൽ ആരെങ്കിലും കുളിക്കുന്നുണ്ടോ? രാധ എത്തിനോക്കി. ആരെയും കാണാൻ പറ്റുന്നില്ല. കൽപ്പടവിന്‌ താഴെയാണ്‌ കുളിക്കടവെന്നതിനാൽ അവിടെയാരെങ്കിലും ഉണ്ടെങ്കിലും നോട്ടമിങ്ങോട്ടെത്തുകയില്ല.

രാധ പിണങ്ങിയെന്ന്‌ കണ്ടപ്പോൾ മാധവൻ അവളുടെ അടുത്ത്‌ ചെന്നു.

’നോക്കൂ – ഇപ്പോഴിവിടെയാരുമില്ല. ശരിയാ പക്ഷേ – അങ്ങ്‌ ദൂരേന്നേ – ആരെങ്കിലും വരികയാണെങ്കിൽ .

‘വരികയാണെങ്കിലോ?’ പട്ടണത്തിൽ കഴിഞ്ഞയാളാന്ന്‌ പറയുന്നു. ഇങ്ങനെ പേടിത്തൊണ്ടനായാലോ? വേറൊന്നുമല്ലല്ലൊ, ഒരോടക്കുഴൽ വായിക്കണം. ഒരാളങ്ങനെ കേട്ടിരിക്കണം. അത്രല്ലേയുള്ളൂ.

മാധവൻ രാധയുടെ അടുത്ത്‌ തന്നെ മരത്തിന്റെ വണ്ണമുള്ള ഒരു വേരിൽ ഇരുന്നു. പയ്യെ ഓടക്കുഴലെടുത്തു.

അയാൾ തന്റെ ഓർമ്മയിലുള്ള ഒരു മധുരഗാനം അതാണ്‌ തിരഞ്ഞെടുത്തത്‌.

ഓടക്കുഴലിലെ ദ്വാരത്തിനോട്‌ ചുണ്ടുകൾ ചേർത്തു. മറ്റു ദ്വാരങ്ങളിലേയ്‌ക്ക്‌ കയ്യിലെ വിരലുകൾ അടുപ്പിച്ചു.

വൃന്ദാവനത്തിലെ രാധയുടെ നൃത്തം. പഴയ ഏതോ ഒരു തമിഴ്‌ സിനിമയിലെ ഗാനമാണ്‌.

വൃന്ദാവനം പൂത്തുലഞ്ഞിരിക്കുന്നു. പൂക്കളുടെ സുഗന്ധമാണെവിടെയും. കാളിന്ദീനദീതീരത്ത്‌ നിന്നും വരുന്നകാറ്റ്‌ സുഗന്ധവാഹിനിയായി പ്രപഞ്ചമാകെ ചേതോഹാരമായ അനുഭൂതിയിലേയ്‌ക്ക്‌ കൊണ്ടെത്തിക്കുന്നു. വൃന്ദാവനത്തിൽ പൂക്കൂടകളുമായി വരുന്ന ഗോപികമാർ – അവർ ഓരോ മരത്തിന്റെ ചുവട്ടിലും എത്തുന്നു. പൂക്കൾ അവർക്ക്‌ പാകത്തിനെന്നവണ്ണം പൊഴിയുന്നു. നൃത്തമാടുന്ന ഗോപികമാർ- രാധയുടെ വരവപ്പോഴാണ്‌. അവൾ വന്നപ്പോഴേയ്‌ക്കും പൂക്കൾ തീർന്നു. ദുഃഖിച്ചിരിക്കുന്ന രാധ. കണ്ണന്റെ വരവപ്പോഴാണ്‌. അവൻ വേണുഗാനമൂതുന്നു. നാദധാരയിൽ രാധയ്‌ക്ക്‌ വേണ്ടിയെന്നോണം പൂക്കൾ പൊഴിക്കുന്നു. പൂക്കൾ പെറുക്കി തളർന്ന രാധ. അവൾ അവയിൽ നിന്നും ഏറ്റവും മനോഹരമായ പൂക്കൾകൊണ്ട്‌ കൊരുക്കുന്ന മാല. മാലകൈക്കലാക്കാൻ ഓടിയെത്തുന്ന മറ്റു ഗോപികമാർ – ഇല്ല – രാധ ആ മാല ആർക്കും കൊടുക്കുന്നില്ല. മാലയും കൊണ്ടുളള ഓട്ടത്തിനിടയിൽ ആർക്കും കൊടുക്കരുതെന്ന ഉദ്ദേശ്യത്തിൽ ദൂരേയ്‌ക്ക്‌ പൊക്കിയെറിയുന്നു. മാല വന്നുവീഴുന്നത്‌ കണ്ണന്റെ കഴുത്തിൽ. സ്‌തബ്‌ധയായി നിൽക്കുന്ന ഗോപികമാർ. നാണംപൂണ്ടു നിൽക്കുന്ന രാധ.

പെട്ടെന്നുളള ഉൾപുളകത്തിൽ രാധ രാധയെ മറന്നു. അവൾ കണ്ണന്റെടുക്കലേക്ക്‌ ഓടിയെത്തി. കണ്ണനോ – അവളെ മാറോട്‌ ചേർത്തു. വീണ്ടും ഒരു ഗാനം. ഇത്തവണത്തെ ഗാനത്തിന്‌ രാസലീലയുടെ അർത്ഥമുണ്ട്‌, ആഴമുണ്ട്‌, വ്യാപ്‌തിയുണ്ട്‌. ആ ഗാനാരോഹണത്തിന്റെ പാരമ്യത്തിൽ രാധ കൃഷ്‌ണന്റെ കവിൾ തന്റെ കവിളിനോട്‌ ചേർക്കുന്നു. മെല്ലെ ചുണ്ടുകൾ കണ്ണന്റെ ചുണ്ടുകളിലേയ്‌ക്ക്‌ എത്തിക്കാനായി ഉപ്പൂറ്റിയിൽ ഊന്നി പിന്നെ കണ്ണന്റെ കാൽ പാദത്തിൽ കയറി വന്ന്‌ കണ്ണൻ അവളുടെ കവിളിൽ ചുണ്ടുരസുമ്പോൾ വലം കൈകൊണ്ട്‌ പുറംതലോടുമ്പോൾ – അവർ ഒന്നെന്നപോലെ.

അന്തം വിട്ടുനിൽക്കുന്ന ഗോപികമാർ – പ്രപഞ്ചം തളിരിടുന്നത്‌ പോലെ – വാദ്യഘോഷം അന്തരീക്ഷത്തിൽ- വൃന്ദാവനത്തിന്‌ മുകളിലൂടെ കളഗാനം പൊഴിക്കുന്ന പക്ഷികൾ- പരസ്‌പരം മറന്ന്‌ പരിസരം മറന്ന്‌ ഒന്നായിത്തീർന്ന കൃഷ്‌ണനും രാധയും-

പാട്ടവസാനിച്ചിട്ടും രാധ എഴുന്നേറ്റില്ല. അവൾ കണ്ണടച്ചിരിക്കുന്നു. അവൾ മാധവന്റെ ദേഹത്തേയ്‌ക്ക്‌ ചാരിയാണിരിക്കുന്നത്‌. നാദബ്രഹ്‌മധാര സൃഷ്‌ടിച്ച അനുരണനത്തിന്റെ അത്‌ഭുതപൂർവ്വമായ ഒരു കൂടിച്ചേരൽ അവിടെ നടന്നു കഴിഞ്ഞു. ആ കൂടിച്ചേരലിൽ മാധവനും അനങ്ങാതിരുന്നു. തന്റെ മാറിലേയ്‌ക്കെന്നവണ്ണം കണ്ണുമടച്ച്‌ ചാഞ്ഞുവന്ന രാധയുടെ തല, അയാൾ മടിയിലേയ്‌ക്കെടുത്തു വച്ചു. ഓടക്കുഴലിന്റെ ദ്വാരം അവളുടെ അല്‌പം പിളർന്ന ചുണ്ടുകളിലേയ്‌ക്ക്‌ ചേർത്തു. ഒരു മന്ദഹാസം ആ മുഖത്ത്‌. ഇപ്പോഴവളുടെ കൈകൾ ആ ദ്ദേഹത്തെചുറ്റിവരിഞ്ഞിട്ടുണ്ട്‌. മാധവനോ, അവളുടെ മുടിയിഴകളിൽക്കൂടി വിരലോടിക്കുന്നു. പിന്നെ കവിളത്ത്‌, ചുണ്ടിൽ – ദേഹമാസകലം വളരെ മൃദുലമായി സ്‌പർശിച്ച്‌ കൊണ്ട്‌ നീങ്ങുന്ന വിരലുകൾ – പയ്യെ പയ്യെ അയാൾ അവളുടെ മുഖം മേലോട്ടുയർത്തി ആ ചുണ്ടുകൾ ചുണ്ടുകളെ ചേർത്തു. ഇപ്പോൾ രാധ ഉണർന്നു. നാണം പൂണ്ട ഒരു പുഞ്ചിരി ആ മുഖത്ത്‌. അവൾ വീണ്ടും കണ്ണകളടച്ചു. എന്നിട്ട്‌ ബലമായെന്നോണം മാധവന്റെ കഴുത്തിനു ചുറ്റും വരിഞ്ഞു.

പെട്ടെന്നെന്നോണം മാധവനുണർന്നു. മനസ്സിലുയർന്ന ഒരു താക്കീത്‌ – ഒരു ശാസന – അയാൾ രാധയുടെ കൈകൾ തന്റെ കഴുത്തിൽ നിന്നെടുത്ത്‌ മാറ്റി. പിന്നെ പയ്യെ അവളുടെ തലയെടുത്ത്‌ മാറ്റിവച്ച്‌ എഴുന്നേറ്റു. അതോടെ രാധയും പിടഞ്ഞെണീറ്റു. ദൂരേയ്‌ക്ക്‌ നോക്കുമ്പോൾ അവരെത്തന്നെ ഇമവെട്ടാതെ നോക്കുന്ന പശുക്കൾ. പശുക്കുട്ടികളും തുള്ളിച്ചാട്ടം നിർത്തി അവരെത്തന്നെ നോക്കുകയായിരുന്നു. അതോടെ രാധ കൂജയും ഗ്ലാസും എടുത്ത്‌ പുഴത്തീരത്തേയ്‌ക്ക്‌ നീങ്ങി. അപ്പുറം അമ്പലത്തിന്റെ താഴെയുള്ള കടവിൽ നിന്നും രണ്ടുപേർ മുകളിലോട്ട്‌ കയറിനിന്നു. രാധയും മാധവനും നിന്ന മരത്തിന്റെ ചുവട്ടിലേയ്‌ക്ക്‌ എത്തിനോക്കുന്നു.

‘എന്റെ കൃഷ്‌ണാ’ രാധ അറിയാതെ വിളിച്ചുപോയി.

‘ഇല്ല – അവർക്കവിടെനിന്നാൽ തങ്ങളെ കാണാൻ പറ്റുമായിരുന്നില്ല. മാധവനും താനും അവിടെ ഇരിക്കുകയായിരുന്നല്ലൊ.’ അവൾ സ്വയം സമാധാനിച്ചു.

എങ്കിലും ഒരു കുറ്റബോധം, ജാള്യത – അവരെങ്ങാനും തങ്ങളിങ്ങനെ ഇരിക്കുന്ന്‌ കണ്ടിരിക്കുമോ? തങ്ങൾ മരത്തണലിൽ നിന്ന്‌ താഴോട്ടിറങ്ങി കുറച്ചുകൂടി പുഴയോടടുത്തെവിടെങ്കിലുമായിരുന്നെങ്കിൽ അവർക്ക്‌ കാണാൻ പറ്റുമായിരുന്നു. അവർക്കെന്നല്ല, നിരത്തിലൂടെ പോവുന്നവർക്കും അമ്പലപ്പറമ്പിന്റെ പുറത്തുള്ള പുൽപ്പറമ്പിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ അവർക്കും കാണാമായിരുന്നു. ഇതിപ്പോൾ നിരത്തിനോട്‌ ചേർന്ന്‌ പൊക്കത്തിലുള്ള മതിലിന്‌ താഴെയുള്ള മരത്തിന്റെടുക്കലായിരുന്നു. പുഴയിൽ നിന്ന്‌ കയറി വന്ന രാധ, ഒരിക്കൽകൂടി ചുറ്റിനും നോക്കി. ദൂരെ ആരെങ്കിലുമുണ്ടോ? അവൾ ഒന്നുകൂടി നേരത്തെ തങ്ങളിരുന്ന സ്‌ഥലത്തേയ്‌ക്ക്‌ നീങ്ങി. അവിടെ മനഃപൂർവമെന്നോണം മരച്ചുവട്ടിൽ ഇരുന്നു. പിന്നെ പുഴയോടു ചേർന്നുള്ള അമ്പലക്കടവിലേയ്‌ക്ക്‌ നോക്കി. ആർക്കെങ്കിലും ഇങ്ങോട്ടൊരു നോട്ടം പായിക്കണമെന്ന്‌ തോന്നി നോക്കിയാൽ മാത്രം കാണാൻ പറ്റും. പക്ഷേ അവിടെയാ സ്‌ത്രീകൾ കുളിക്കുകയും തുണിയലക്കുകയുമായിരുന്നല്ലൊ. അവർക്കിങ്ങോട്ട്‌ നോക്കാനെപ്പോഴാ നേരം.

അവൾ പറഞ്ഞു ‘ഞാൻ പോട്ടെ. അമ്മ കാത്തിരിപ്പുണ്ടാവും.’ ഞാനും വരികയായി. ഇപ്പോൾകുറെനേരമായില്ലെ, അത്‌റ്റങ്ങൾ ഇങ്ങോട്ട്‌ വന്നിട്ട്‌. ഇനി ആലയിലേയ്‌ക്ക്‌ കൊണ്ട്‌ പോകാം.‘ ’മാധവൻ സാവകാശത്തിൽ വന്നാൽ മതി. എനിക്ക്‌ വീട്ടിലിത്തിരി പണിയുണ്ട്‌. രാധ മനഃപൂർവ്വമെന്നോണം മാധവൻ വരുന്നത്‌ വകവയ്‌ക്കാതെ നടന്നകന്നു. ഇനി മാധവനൊരുമിച്ചുള്ള നടത്ത- നാട്ടുകാരെകൊണ്ട്‌ എന്തിനാ വേണ്ടാത്തത്‌ പറയിപ്പിക്കണെ?

Generated from archived content: radha5.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here