നാല്‌

പുഴത്തീരത്തുകൂടിയുള്ള റോഡിലൂടെ മാധവൻ പശുക്കളെയുംകൊണ്ട്‌ മടങ്ങുന്നു. രാധ വലിയൊരു കുട്ടയിൽ പുല്ല്‌വെട്ടികൂട്ടിയതുമായി തൊട്ടടുത്തുകൂടി. പശുക്കൾ ചിലത്‌ മുന്നിലാണെങ്കിൽ, ചിലത്‌ പിന്നാലെ. കിടാക്കൾ തുള്ളിച്ചാടി നടക്കുന്നു എന്നു പറയുന്നതാണ്‌ ശരി. പലപ്പോഴും കയ്യെത്തുന്ന ദൂരത്ത്‌ പോകുന്ന പശുക്കളെ പിടിച്ചു നിർത്താൻ മാധവൻ പാടുപെടുന്നുണ്ട്‌. ചില സമയങ്ങളിൽ അവറ്റകൾ തമ്മിലും കൊമ്പുകോർക്കുന്നു. വിശപ്പുമാറി, പള്ളനിറഞ്ഞ സന്തോഷം കൊണ്ടാവാം, ഈ കൊമ്പുകോർക്കൽ. പക്ഷേ വഴിയിലൂടെ ആരെയും നടത്താൻ സമ്മതിക്കാതെയുള്ള ഒരു വിളയാട്ടം പോലെ. ഇതിനിടയിൽ ഒന്ന്‌ രണ്ട്‌ തവണയെങ്കിലും തുളളിച്ചാടി ഓടുന്ന കിടാവുകൾ വഴിയിലൂടെ പോയ രണ്ടു കുട്ടികളയും ഒരു സ്‌ത്രീയെയും അറിയാതെയാണെങ്കിലും കൂട്ടിയിടിക്കുന്നുണ്ട്‌. ഒരു പയ്യന്റെ കയ്യിലെ സഞ്ചി നിലത്ത്‌ വീണ്‌ അതിലുണ്ടായിരുന്ന പലവ്യജ്ഞന സാധനങ്ങൾ നിലത്ത്‌ വീണു. അതോടെ സ്വതേ ശാന്തനായ മാധവന്റെ മുഖഭാവം മാറി. രാധ തന്റെ കൊട്ടയിറക്കിവച്ച്‌ ബാഗിൽ നിന്നും നിലത്ത്‌ വീണ സാധനങ്ങൾ വാരിയെടുത്ത്‌ ബാഗിലാക്കാൻ സഹായിച്ചു. ഒന്ന്‌ രണ്ട്‌ പശുക്കൾ ഇതിനോടെകം പുഴക്കടവിലേയ്‌ക്കാണ്‌ നീങ്ങുന്നത്‌. പുഴക്കടവിൽ ഏതാനും സ്‌ത്രീകൾ അവർ രാധയേയും മാധവനേയും സൂക്ഷിച്ചുനോക്കുന്നു. പിന്നീടെന്തൊക്കെയോ പറയുന്നു. ആകാംക്ഷ എന്നതിലുപരി സംശയഭാവമാണവരുടെ മുഖത്ത്‌. മാധവനെ കൈചൂണ്ടിയുള്ള ആ വർത്തമാനം ഏതായാലും കുറേനേരത്തേയ്‌ക്കുള്ള വക നൽകിയ സന്തോഷം പിന്നീടാമുഖത്ത്‌ തെളിഞ്ഞുവരാറുണ്ട്‌. ഒരുവൾ രാധയെ വിളിച്ച്‌ മാധവനെ ചൂണ്ടി ആരാണെന്ന്‌ ആംഗ്യഭാഷയിൽ ചോദിക്കുന്നു. രാധ കുട്ട തലയിലിരിക്കുന്നതിനാലാവാം ഒന്ന്‌ ചിരിക്കുന്നതേയുള്ളു.

പശുക്കളുടെ നിയന്ത്രണമില്ലാത്ത ഓട്ടവും കിടാക്കളുടെ പാച്ചിലും ഏറുന്നു എന്നു കണ്ടപ്പോൾ മാധവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഓടക്കുഴലെടുക്കുന്നു. നിമിഷനേരം കൊണ്ട്‌ ചുണ്ടോട്‌ ചേർത്ത്‌ വേറൊരു നാടൻ പാട്ടിന്റെ ഈണമിടുന്നു. തികച്ചും ഒരു മാന്ത്രികസ്‌പർശം വന്നുഭവിച്ചതുപോലെ. പെട്ടെന്നെന്നോണം പശുക്കളുടെ ഓട്ടം നിലച്ചു. തുള്ളിക്കളിക്കുകയായിരുന്ന കിടാക്കളും തിരിഞ്ഞ്‌ മാധവനെ നോക്കുന്നു. അതോടെ പുഴക്കടവിലെ ബഹളവും വർത്തമാനവും നിന്നു. അവരും മാധവനെ ഇമവെട്ടാതെയെന്നവണ്ണം നോക്കുന്നു. ചിലരുടെയെങ്കിലും മുഖത്ത്‌ അതിശയഭാവമാണുള്ളത്‌. അവരെല്ലാം മാധവന്റെ ഓരോചലനങ്ങളും സശ്രദ്ധം നിരിക്ഷിക്കുന്നു. ഇപ്പോൾ കുടുങ്ങിയത്‌ രാധയാണ്‌. മാധവനെ നോക്കുന്നവരെല്ലാം രാധയുടെ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ട്‌. അവൾക്ക്‌ മാധവനൊപ്പമോ, മാധവന്റെ പിന്നാലെയോ – എങ്ങനെയും നടക്കാനാവാത്ത ഒരു വിഷമസന്ധി. ഒന്നുകിൽ മാധവൻ പശുക്കളെയും കൂട്ടി വളരെമുന്നോട്ട്‌ പോയാലേ, അവൾക്ക്‌ മറ്റാരുടെയും നോട്ടം പറ്റാതെ നടക്കാനാവൂ. പക്ഷേ പശുക്കൾ മുന്നേ പോവുമ്പോൾ, വീട്ടിലെത്തിയാൽ അവറ്റയെ ആലയിലേക്കയക്കണമെങ്കിൽ മാധവനൊപ്പം നടന്നേ ഒക്കൂ.

മാധവന്റെ ഓടക്കുഴൽ വിളിയുടെ പ്രത്യേകത, പശുക്കൾ ഓട്ടമെല്ലാം നിർത്തി മാധവനെ സശ്രദ്ധം നിരീക്ഷിക്കുന്നുവെന്നതല്ല, എല്ലാം മാധവന്റെ പിന്നാലെ യാതൊരനുസരണക്കേടുമില്ലാതെ നടക്കുന്നുവെന്നതാണ്‌. ചെവിവട്ടം പിടിച്ച്‌, പാട്ടിന്റെ താളത്തിനൊപ്പം ചുവടുകൾ വച്ച്‌ നീങ്ങുന്നു. പശുക്കുട്ടികളും യാതൊരു ബഹളവുമില്ലാതെ മാധവനോടൊപ്പം നടക്കുന്നു.

മാധവന്റേത്‌ ഓടക്കുഴൽ വായനയായിരുന്നില്ല. മുളംതണ്ടിൽ നിന്നു പാട്ടിന്റെ പാലാഴി ഒഴുകുകയായിരുന്നു. അത്‌ ഏതോ പ്രാചീനമായ ഒരു നാടൻ പാട്ടിന്റെ ശീല്‌. അതോടെ അത്‌വരെയില്ലാതിരുന്ന കുളിർകാറ്റിന്റെ തലോടൽ എല്ലായിടത്തും. വെയിലിനും ശക്തികുറഞ്ഞിരിക്കുന്നു. മരങ്ങളുടെ ചില്ലകൾ ആഹ്ലാദതിമിർപ്പിൽ ആടിയുലയുന്നതുപോലെ. വഴിയിലൂടെ എതിർദിശയിലൂടെ നടന്നുവരുന്ന ചിലർ അപരിചിതനായ മാധവനെ സൂക്ഷിച്ചുനോക്കുന്നു. ചിലരെങ്കിലും രാധയോട്‌, ആരാ, ഏതാ എന്ന്‌ അടക്കത്തിൽ ചോദിക്കുന്നുണ്ട്‌. ഇങ്ങനൊരു ചോദ്യംവന്നാൽ എന്തുത്തരം നൽകണമെന്ന്‌ രാധയ്‌ക്കറിയില്ല. എന്തുത്തരമാണ്‌ പറയേണ്ടത്‌.? ബന്ധുവാണെന്നാണോ, അതോ പഴയകാല കുടുംബ ബന്ധുവിന്റെ മകനെന്നോ? ഈ വിവരം അമ്മ പറഞ്ഞു തന്നതുമില്ല. സത്യത്തിൽ അമ്മ പറയുന്ന ദേവകിയമ്മ, രാധയുടെ ആരായിട്ട്‌ വരും? ഒന്നും കാണാത്ത മട്ടിൽ – കേൾക്കാത്ത മട്ടിൽ ധൃതിപിടിച്ചെന്നവണ്ണം നടന്നു.

ഉച്ചഭക്ഷണത്തിനുള്ള സമയത്ത്‌ തന്നെ മടങ്ങണമെന്ന്‌ മാധവനാഗ്രഹമില്ലായിരുന്നു. പക്ഷേ, രാധ സമ്മതിച്ചില്ല. തലേദിവസം സന്ധ്യകഴിഞ്ഞ്‌ വന്ന ഒരാൾക്ക്‌ കുറെനാൾ താമസിക്കാൻ സൗകര്യം നൽകുന്നു എന്നതിന്റെ പേരിൽ ഇത്രയും ജോലി ഭാരം – അത്‌ ജോലിഭാരമായിട്ടേ ആരെങ്കിലും അറിഞ്ഞാൽ വ്യാഖ്യാനിക്കൂ- വച്ച്‌ കൊടുക്കുന്നത്‌ ശരിയല്ല. കുറെ ഏറെ നാളായി പുറംലോകം കാണാതിരിക്കുന്ന ഗോക്കൾക്ക്‌ വെളിംപ്രദേശത്ത്‌ അല്‌പനേരം മേയാനൊരിടം – അത്‌ കൊടുക്കണമെന്ന ആഗ്രഹവും അവറ്റയ്‌ക്ക്‌ ഒന്ന്‌രണ്ട്‌ ദിവസ ത്തേയ്‌ക്കാവശ്യമായ പുല്ല്‌ ചെത്തിയെടുക്കണമെന്ന താല്‌പര്യവും അത്രമാത്രമേ ഈ രാവിലത്തെ യാത്രയുടെ പിന്നിലുണ്ടായുള്ളു. പോരാത്തതിന്‌ അമ്മയുടെ വിലക്ക്‌ വയ്‌ക്കാതെയാണ്‌ ഈ യാത്ര. ഒന്ന്‌ രണ്ട്‌ ദിവസം കഴിഞ്ഞിട്ട്‌ മതിയെന്ന അമ്മയുടെ അഭിപ്രായം അവഗണിച്ചത്‌, മാധവന്റെ ഓടക്കുഴൽ വായന സ്വസ്‌ഥമായിരുന്ന്‌ കേൾക്കണമെന്ന മോഹം മനസ്സിൽ നാമ്പിട്ട്‌ കൊണ്ടത്‌ മാത്രം. അത്‌ സാധിച്ചല്ലോ എന്ന സന്തോഷം മനസ്സിലുണ്ട്‌. ‘എന്റെയീ ജീവിതത്തിൽ ഞാനേറെ ആഹ്‌ളാദിച്ച നിമിഷം – ഞാനേറെ എന്നെത്തന്നെ മറന്ന്‌ ഈ ലോകത്തെ തന്നെ മറന്ന്‌ സ്വർല്ലോകത്ത്‌ കഴിഞ്ഞ നിമിഷങ്ങൾ.’

‘ഇല്ല എനിക്കിനിയും ഈ അവസരങ്ങൾ വരണം. അത്‌ ഞാനായിട്ട്‌ മുടക്കില്ല. ഇല്ലാതാക്കില്ല.’

രാധ സ്വയമെന്നോണം മനസ്സിൽ പിറുപിറുത്തു.

ഇതിനിടയിൽ മദ്ധ്യവയസ്‌കയായ ഒരു സ്‌ത്രീ കുളിക്കടവിൽ നിന്നു വേഗം കയറിവന്ന്‌, രാധയ്‌ക്കൊപ്പം എത്തി. കുസൃതിത്തരം എന്നതിലുപരി എന്തോ വഷളത്തരം കണ്ടുപിടിക്കാനുള്ള ഒരു വ്യഗ്രത അവരുടെ നോട്ടത്തിലും ഭാവത്തിലും തെളിഞ്ഞു കാണാം. ഉടുത്തിരുന്ന മുണ്ട്‌ അവരുടെ ദുർമേദസ്സും പാടെ മറയ്‌ക്കുന്നില്ല. റൗക്കയ്‌ക്ക്‌ മീതെ ഇട്ടിരിക്കുന്ന നനഞ്ഞ രണ്ടാംമുണ്ട്‌ അവരുടെ അല്‌പമൊക്കെ ഇടിഞ്ഞുതൂങ്ങിയ സമൃദ്ധമായ മുലത്തടങ്ങൾ വെളിവാക്കുന്നുണ്ട്‌. ഒരു കൗമാരക്കാരൻ – അവന്റെ ഓടക്കുഴൽ വിളി അടുത്ത്‌ നിന്നും കേൾക്കണം എന്ന ഉദ്ദേശം എന്നതിലുപരി, തന്റെ അല്‌പമൊക്കെ അനാവൃതമായ ശരീരം അവന്റെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന വ്യഗ്രതയാണ്‌ ആ ഇളകിയാടിയുള്ള നടത്തത്തിന്‌ പിന്നിൽ.

‘രാധേ’ – ആ സ്‌ത്രീ – രാധയെവിളിച്ചു. പൂക്കുട്ട തലയിൽ വച്ചത്‌കൊണ്ട്‌ രാധ വളരെ പയ്യെ തിരിഞ്ഞ്‌ നോക്കുമ്പോൾ കാണുന്നത്‌ എന്തോ ഒരു കുറ്റം കണ്ടുപിടിച്ചേ എന്നമട്ടിലുള്ള ആ സ്‌ത്രീയുടെ ചിരിയാണ്‌.

‘എന്താ വത്സേച്ചി -’

‘ഓ – നിനക്കിപ്പം പുതിയ കൂട്ടൊക്കെ ആയല്ലൊ. ആരാ ഇത്‌’ രാധ വിഷമിച്ചു. നാവിനെല്ലില്ലാത്ത ഒരു സ്‌ത്രീയാണ്‌. എന്തും വിളിച്ചു പറയും. അധികവും വഷളത്തരമായിരിക്കും. മാത്രമല്ല അവരുടെ ഇപ്പോഴത്തെയീ നനഞ്ഞമുണ്ട്‌ ചുറ്റിയുള്ള വരവ്‌ തന്നെ സുഖമുള്ള കാഴ്‌ചയല്ല. അപരിചിതനായ ഒരുവൻ പയ്യനാണെങ്കിലും മുന്നിലുണ്ട്‌ എന്ന ചിന്തയൊന്നും ആ മുഖത്ത്‌ കാണാനില്ല. എങ്ങനെയും അവരെ ഒഴിവാക്കണമല്ലൊ എന്ന മട്ടിൽ പറഞ്ഞു. ‘അമ്മയുടെ വീട്ടിനടുത്തുള്ള ഒരാളാണ്‌. അങ്ങ്‌ ദൂരേന്ന്‌ വരുവാ. ഇവിടെ വന്നപ്പോ, ഈ പുഴത്തീരോം അവിടെയാ പുൽമേടും ഒന്ന്‌ കാണണമെന്ന്‌ പറഞ്ഞു അതോണ്ട്‌ അങ്ങോട്ടൊക്കെ പോയുള്ള വരവാ-’

‘ആട്ടെ – അമ്മയുടെ ആരാന്നു പറഞ്ഞെ?’

‘അതൊന്നും എനിക്കറിഞ്ഞുടാ – കൂടുതലൊന്നും ചോദിച്ചില്ല.’ ‘കൊള്ളാല്ലോടി നിന്റെ മനസ്സിലിരിപ്പ്‌.’ എന്ന്‌ മനസ്സിൽ കരുതി വത്സേച്ചി – മാധവന്റൊപ്പം മുന്നിലേയ്‌ക്ക്‌ ചെന്നു. ‘കുഞ്ഞേ – കുഞ്ഞെവിടുന്നാ?’

മാധവൻ ഇത്‌വരെ വേറൊരു ലോകത്തായിരുന്നു. ഒരു ഗാനം പാടിക്കഴിഞ്ഞു വേറൊന്ന്‌ പാടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ്‌ ഈ ‘ശല്യം’ കയറി വന്നത്‌. ഒട്ടും താല്‌പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

‘ഞാൻ കൊറച്ച്‌ ദൂരേന്നാ അമ്മ പറഞ്ഞിട്ട്‌ വന്നതാ – അമ്മയുടെ ചെറുപ്പത്തിലെ അടുത്തയാൾക്കാരാ – രാധയുടെ അമ്മയൊക്കെ.’

‘കുഞ്ഞിന്റെ അമ്മേടെ പേരെന്താ?’

‘ദേവകി.’

‘ദേവകി’ – ഇവിടെ പുൽപ്പുറത്തെ ദാസേട്ടന്റെ മകൾ – കല്യാണം കഴിഞ്ഞ്‌ പോയതാ. അങ്ങ്‌ ദൂരെ പട്ടണത്തിൽ ഹോട്ടൽ കച്ചവടാന്നാ പറഞ്ഞെ. ഒരു ഭാസ്‌കരൻന്ന്‌ പറഞ്ഞയാളായിരുന്നു കല്യാണം കഴിച്ചെ അവരാണോ?

‘ങ്‌- എന്ന്‌ മാധവൻ പറഞ്ഞതോടെ അവർ മാധവനൊപ്പം എത്തി.

’ആട്ടെ എന്താപേര്‌?

‘മാധവൻ’

‘ഓ നല്ല പേര്‌ ഭഗവാൻ കൃഷ്‌ണന്റെ പേര്‌. അതാണല്ലെ, കയ്യിൽ ഓടക്കുഴൽ. ഞാൻ കേട്ടു കേട്ടപാടെ പുഴക്കടവിൽ നിന്നും ശരിക്കും ഈറൻ മാറാതെയാപോന്നെ. മാധവൻ പയ്യെ ഓടക്കുഴൽ ഷർട്ടിന്റെ സൈഡ്‌ പോക്കറ്റിലിടാൻ തുടങ്ങുകയായിരുന്നു.

’അയ്യോ എന്നെ കഷ്‌ടത്തിലാക്കല്ലെ – ഒരു പാട്ട്‌ – ഒറ്റത്തവണ‘ ഇപ്പോഴും മാധവൻ അത്‌ വകവയ്‌ക്കുന്നില്ല. ഇന്നിപ്പോൾ പശുക്കൾ മേയുന്നസമയം മൈതാനത്ത്‌ വച്ച്‌ രണ്ടോമുന്നോ തവണ – എല്ലാം രാധയുടെ താല്‌പര്യത്തിനനുസരിച്ച്‌. പിന്നെ മടക്കത്തിൽ തുള്ളിയോടുന്ന പശുക്കളെ നിലയ്‌ക്ക്‌ നിർത്താൻ. സത്യത്തിൽ ഇനി വയ്യാ എന്നായിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞു. ഒന്നോ രണ്ടോ പഴങ്ങളും കുറെ വെള്ളവും അത്‌ മാത്രമായിരുന്നു ഇടയ്‌ക്ക്‌ കഴിക്കാനായത്‌. രാധയുടെ വീട്ടിൽ ചെന്നിട്ട്‌ വേണം ഭക്ഷണം കഴിക്കാൻ. ആ സമയത്താണ്‌ ഈ സാധനത്തിന്റെ എഴുന്നുള്ളത്ത്‌. അവർ ഇമവെട്ടാതെ മുഖത്തേയ്‌ക്ക്‌ നോക്കുകയാണ്‌.

നനഞ്ഞ മുണ്ടും റൗക്കയും ധരിച്ച്‌ – ഇളകിയാടുന്ന ഈ വേഷം നനഞ്ഞൊട്ടിക്കിടക്കുന്ന ദേഹത്തെ ശരിക്കും മറക്കുന്നില്ലെന്നതോപോട്ടെ, ഉള്ളതൊക്കെ പൊലിപ്പിച്ച്‌ കാണിക്കുകയാണ്‌. അവരുടെ നടത്തയ്‌ക്കൊപ്പം തുള്ളിച്ചാടുന്ന മുൻപിൻഭാഗങ്ങൾ പിന്നെ ദുർമ്മേദസ്‌ മുറ്റിനിൽക്കുന്ന അരക്കെട്ട്‌, അല്‌പം മുമ്പോട്ട്‌ ചാടിക്കിടക്കുന്ന വയർ – എല്ലാംകൊണ്ടും വീർപ്പുമുട്ടിക്കുന്ന ഒരു കാഴ്‌ച.

’എന്താ മാധവാ – ഒന്നു പാടിക്കൂടെ?‘

’ഇല്ല – ഇന്നെന്നെക്കൊണ്ട്‌ പറ്റില്ല. ഇനിയൊരിക്കലാട്ടെ.‘

വത്സേച്ചി ഇപ്പോഴും അടങ്ങുന്നില്ല. അവർ മാധവനൊപ്പം നടന്നു നീങ്ങുന്നു.

’ദേവകി ചേച്ചിയെ എനിക്ക്‌ നല്ല വണ്ണമറിയാം. ഞാൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾ, എന്നെയും കൂട്ടിയാണ്‌, അമ്പലത്തിലൊക്കെ പോവാറ്‌. എനിക്കൊത്തിരി കഥകൾ പറഞ്ഞുതരും. ചിലപ്പോൾ അമ്പലത്തിനടുത്തുള്ള ചായക്കടയിൽ നിന്ന്‌ കാപ്പിയും പലഹാരവും മേടിച്ചുതരും‘

മാധവൻ ഒന്നും മിണ്ടുന്നില്ല. മാത്രമല്ല, ഈ ശല്യം ഒഴിഞ്ഞുപോവാനെന്താ ഒരു മാർഗ്ഗമെന്ന്‌ കൂടി ചിന്തിക്കുന്നു.

കൂടെ നടന്നിട്ടും ഫലമില്ലെന്ന്‌ ചിന്തിച്ചാവും-

’ആട്ടെ മാധവനിവിടെ എത്തറ ദിവസമുണ്ടാവും.‘

’എത്തറദെവസായാലും നിങ്ങൾക്കെന്താ? കണക്ക്‌ ബോധിപ്പിക്കണോ?‘ രാധയാണ്‌. അഴിഞ്ഞാടിയ പോലുള്ള വത്സേച്ചിയുടെ ഈ നടത്ത തന്നെ അവൾക്ക്‌ കലിതുള്ളാൻ വകയുണ്ടായിരുന്നു. പോരാത്തതിന്‌ കുണുങ്ങികുണുങ്ങിയുള്ള സംസാരവും. ’അതെന്താ രാധേ, നെനക്കൊരു വിമ്മിഷ്‌ടം. ഞാനീ കൊച്ചനോട്‌, ആ കൊച്ചിന്റെ അമ്മേടെ വിശേഷം ചോദിച്ചതിനോ? ‘അതിന്‌ നിങ്ങൾ അമ്മേടെ വിശേഷൊന്നും ചോദിച്ചില്ലല്ലൊ. ചോദിച്ചത്‌ മുഴുവൻ കടയിലെ കാപ്പിയും പലഹാരവും വാങ്ങികഴിച്ച കഥയല്ലെ? എന്താ – വല്ലോം പിടുങ്ങാൻ വേണ്ടിയാണോ?’ ‘അതോടെ വത്സേച്ചിക്ക്‌ മതിയായി. അവർ ദേഷ്യത്തിൽ അവരുടെ തടിച്ച ശരീരം ഒന്നുകൂടി വെട്ടിച്ച്‌ തൊട്ടടുത്തുള്ള ഇടവഴിയിലേയ്‌ക്ക്‌ കടന്നുപോയി.

അവർ മറഞ്ഞുവെന്നായപ്പോൾ രാധ പറഞ്ഞു.’ വിശ്വസിച്ചു പോവരുത്‌. കല്യാണം കഴിഞ്ഞ്‌ രണ്ട്‌ കുട്ടികളുണ്ട്‌. കെട്ടിയ നായരെ വിടാണെന്നാർക്കും അറിയില്ല. ഇനികാണുമ്പം കുട്ടികളുടെ കാര്യം പറഞ്ഞ്‌ കാശ്‌ ചോദിക്കും.

‘എന്താ – എന്തുപറ്റി? കല്യാണം കഴിച്ചായാൾ അന്യനാട്ടിലു വല്ലോം ആണോ?.’

‘ങ്‌ഹും – അന്യനാട്‌ – ഇട്ടേച്ച്‌ പോയതാ. അത്രയൊണ്ട്‌ ഈ തള്ളേടെ കൊണവതിയാരം. അയാൾ കഷ്‌ടപ്പെട്ട്‌ പണിയെടുത്തോണ്ട്‌ വരണ കാശ്‌ മുഴുവനും വല്ലോരും കൊണ്ടുപോവ്വാന്നു വച്ചാൽ ? ’രാധ എന്തോ അബദ്ധം പറ്റിയമാതിരി നാക്ക്‌ കടിച്ചു.‘ ഒന്നും മിണ്ടുന്നില്ലെന്ന്‌ കണ്ടപ്പോൾ മാധവൻ വീണ്ടും ചോദിച്ചു.

’എന്താ — പകുതിക്ക്‌ വച്ച്‌ നിർത്തിയെ?

‘ഏയ്‌ – ഒന്നുമില്ല.’

മാധവൻ നിന്നു. രാധയുടെ മുഖത്തേയ്‌ക്ക്‌ സൂക്ഷിച്ചുനോക്കി. പുല്ലുകൊട്ട തലയിലില്ലായിരുന്നെങ്കിൽ അവളോടിപ്പോവുമായിരുന്നു മാധവന്റെ ഉദ്വേഗം നിറഞ്ഞ ആ നോട്ടം അത്രയ്‌ക്ക്‌ തീക്ഷ്‌ണമായിരുന്നു. ഒന്നുംമിണ്ടുന്നില്ലെന്ന്‌ കണ്ടപ്പോൾ മാധവൻ വീണ്ടും ചോദിച്ചു. ‘എന്താ പകുതിക്ക്‌ വച്ച്‌ നിർത്തിയെ.?’

‘ഏയ്‌ – ഒന്നുമില്ല’.

‘പറയുകയാണെങ്കിൽ മുഴുവനും പറയണം. അല്ലെങ്കിൽ പറയാതിരിക്കണം. ഇത്‌ -?’

ഇപ്പോൾ രാധയ്‌ക്ക്‌ എന്തെങ്കിലും മറുപടികൊടുത്തേ ഒക്കൂ എന്നായി. ‘എന്നാ കേട്ടോളൂ. – അവരുടെ സ്വഭാവം ശരിയല്ല. അയാൾ ചിലപ്പോൾ എന്തെങ്കിലും പണിക്ക്‌ ദൂരെ പോയാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വരൂ. ഒരു തവണ വന്നപ്പോൾ തൊണ്ടിയോടെ പിടിച്ചു. അയാൾ കൊണ്ട്‌വരണകാശ്‌ ചില വാല്യക്കാർക്കൊക്കെ കൊടുക്ക്വാ. വാസ്‌തവത്തിൽ വായ്‌പ മേടിച്ചതൊന്നുമല്ല കൊടുക്കുന്നെ. ചില ആഗ്രഹങ്ങൾ സാധിക്കണം. അതിനുവേണ്ടി -’ സാധാരണ പെണ്ണുങ്ങൾ കാശ്‌കൊടുത്തു കേട്ടിട്ടില്ല. പക്ഷേ ഇവിടെ മാധവൻ പിന്നൊന്നും മിണ്ടിയില്ല. ഒരു കൗമാരക്കാരന്‌ പലതും അറിയാനുള്ള ആഗ്രഹം കാണും. പക്ഷേ – ആ അറിയുന്ന കാര്യം സുഖമുള്ളതല്ലെങ്കിൽ -? അധികമൊന്നും അറിയേണ്ട എന്ന്‌ വയ്‌ക്കുന്നതാണ്‌ ശരി….

Generated from archived content: radha4.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here