മൂന്ന്‌

മൂന്ന്‌നാല്‌ പശുക്കളുമായി മാധവൻ പുഴത്തീരത്തേയ്‌ക്ക്‌ പോകുന്നു. പിന്നാലെ ഒരു ബാഗിൽ കുറെ പഴങ്ങളും കുടിക്കാൻ വെള്ളം നിറച്ച കൂജയും ഗ്ലാസും ഒക്കെയായി രാധ. മാധവന്റെ ഇട്ടിരിക്കുന്ന ഉടുപ്പ്‌ അല്‌പം പരുക്കനായ പരുത്തിവസ്‌ത്രം തയ്‌പിച്ച്‌ കൊണ്ടുള്ളതാണ്‌. മുൻവശത്ത്‌ രണ്ട്‌ സൈഡിലും ഓരോ പോക്കറ്റ്‌. മുണ്ടുടുക്കുന്നതിലുമുണ്ട്‌ വിശേഷത. അല്‌പം മഞ്ഞകലർന്ന കറുത്തകരയുള്ള മുണ്ട്‌. അതൊരു കാവി വസ്‌ത്രമല്ല. പക്ഷേ ആ മുണ്ടും ഷർട്ടും ധരിച്ച മാധവനെ കണ്ടാൽ പതിനഞ്ച്‌ വയസ്സുളള ഒരു കൗമാരക്കാരനായി തോന്നില്ല. കാര്യഗൗരവക്കാരനായ ഒരാൾ. ഒരോടക്കുഴൽ അവന്റെ ഉടുപ്പിന്റെ മുൻവശത്തെ പോക്കറ്റിലിട്ടിട്ടുണ്ട്‌. ചീകിവച്ച മുടി കാറ്റിൽ പറക്കാതിരിക്കാനെന്ന വണ്ണം നീളമുള്ള ഒരു ഉറുമാലും കൊണ്ട്‌ വട്ടം കെട്ടിയിട്ടുണ്ട്‌. ഇപ്പോഴും അനുസരണക്കേട്‌ കാണിക്കുന്ന ഏതാനും മുടിയിഴകൾ നെറ്റിയിലേയ്‌ക്ക്‌ ഊർന്നു കിടക്കുന്നു. പശുക്കളെ വഴിത്താരയിലേയ്‌ക്ക്‌ ഇറക്കിയതോടെ അവയുടെ നടത്തയ്‌ക്ക്‌ വേഗതയേറി. ഉത്സാഹം പൂണ്ടുള്ള നടത്ത. കുഞ്ഞുകിടാവിനെ മാത്രമേ വീട്ടിൽ അമ്മയുടെ അടുക്കൽ നിർത്തിയിട്ടുള്ളു. ബാക്കിയുള്ള പശുക്കളും കിടാവുകളും എല്ലാം പുഴത്തീരത്തുള്ള റോഡിലൂടെ നടക്കുകയാണ്‌. കുറെ ദൂരം ചെല്ലുമ്പോൾ ഒരു കയറ്റം. ആ കയറ്റം കയറി, നിരത്തിൽ നിന്നും വലത്തോട്ടു തിരിയുമ്പോൾ ഒരു കുന്നിൻപുറത്തേക്കുള്ള വഴി. കുന്നിനെ രണ്ടായി പകുത്തുള്ള വഴിയാണ്‌. ആ വഴി വീണ്ടും കുറെ ദൂരം ചെല്ലുമ്പോൾ മൈതാനം പോലൊരു സ്‌ഥലം. ഒരു വശം മുഴുവൻ കാടാണ.​‍്‌ മറ്റേവശത്ത്‌ വല്യൊരു പാറക്കെട്ട്‌. പാറക്കെട്ട്‌ കുറെയൊക്കെ കാട്‌ കൊണ്ട്‌ മറഞ്ഞിരിക്കുന്നു. മൈതാനം നിറച്ചും പുല്ലാണ്‌. ശരിക്കും പറഞ്ഞാൽ ഇളം പുല്ല്‌. മൈതാനത്തിന്റെ അരികിൽ കാടിനോട്‌ ചേർന്ന്‌ ചെറിയൊരു അരുവി ഒഴുകുന്നുണ്ട്‌. തെളിഞ്ഞവെള്ളം. അരുവിക്കരികിൽ അല്‌പം പൊന്തിയസ്‌ഥലം. മാധവൻ അവിടെ ഇരിപ്പായി. രാധയും പശുക്കളെ കാടിന്നരികിലേയ്‌ക്ക്‌ വിട്ട്‌ മാധവന്റെ അടുക്കൽ നിന്നു. പശുക്കിടാങ്ങൾ തുള്ളിച്ചാടി ഓടി നടക്കുന്നു. വളരെ അപൂർവ്വമായി മാത്രം എന്തെങ്കിലും തിന്നാൻ ഉത്സാഹം കാണിക്കുന്നു.

‘ഇത്രയും പുല്ലുണ്ടായിട്ടും ഇവിടാരും പശുക്കളെ കൊണ്ട്‌ വരില്ലെ?’

‘മിക്കവരുടെ വീട്ടിലും പശുമേയാൻ പറ്റിയ സ്‌ഥലം കാണും. പിന്നെ ഒന്നോ രണ്ടോ പശുക്കളേ എല്ലായിടത്തും ഉണ്ടാവൂ. അവയ്‌ക്കുള്ള തീറ്റ അവരുടെ തൊടിയിൽ തന്നെകിട്ടും. ചിലപ്പോൾ പുഴയിറമ്പത്തെ പുല്ലുള്ള ഭാഗത്തേയ്‌ക്ക്‌ പോകും. നമ്മൾ പോന്നവഴി – ഒരമ്പലം കണ്ടില്ലെ? ആ അമ്പലത്തിന്റെ പിന്നാമ്പുറത്തും മേയാൻ വിടും. ഇത്രയൊക്കെ പുല്ലുകിട്ടാൻ സൗകര്യൊക്കെ ഒക്കെ ഒളളപ്പം എന്തിനാ ഇങ്ങോട്ട്‌ വരണെ?

’അപ്പോ പിന്നെ രാധയെന്തിനാ ഇങ്ങോട്ട്‌ വരാൻ ഉത്സാഹം കാണിച്ചു.?

‘അത്‌ -? – അത്‌ ?

’ഞാൻ അധികവും തനിച്ചേ വരാറുള്ളു. പശുക്കളെ കൊണ്ടുവരില്ല. ഇവിടെ വന്നാൽ എളുപ്പത്തിൽ പുല്ല്‌ ചെത്താൻ പറ്റും? ഞാനൊരു വലിയ കുട്ടയുമായിട്ടാണ്‌ വരുന്നത്‌. അതിൽ പുല്ല്‌ വെട്ടിയിട്ട്‌ കൊണ്ട്‌ പോയാൽ രണ്ട്‌ മൂന്ന്‌ ദിവസം അവറ്റയ്‌ക്ക്‌ നല്ല തീറ്റ കിട്ടും.‘

പിന്നെ-

’എന്താ – പിന്നെ -‘

’ഓ – ഒന്നുമില്ല. അത്‌ പറഞ്ഞ്‌ രാധ ഒരു പശുക്കിടാവിനെ പിടിക്കാനെന്നമട്ടിൽ തിരിഞ്ഞു നടന്നു.

പശുക്കിടാവിനെ പിടിക്കാതെ തന്നെ രാധ തിരിച്ചു വന്നു.

പെട്ടെന്നെന്നോണം മാധവനെ നോക്കി പറഞ്ഞു.

‘ഇന്നിങ്ങോട്ടു വരാൻ ഒരു കാരണംണ്ട്‌.

’എന്താ അത്‌?

‘മാധവൻ ഓടക്കുഴൽ വായിക്കണം. ഇവിടാവുമ്പം ഇപ്പം ആരുമില്ല. നമ്മൾ രണ്ട്‌ പേർ മാത്രം. അപ്പോ എത്രനേരം വേണേലും വായിക്കാം. ഇന്നലെ സന്ധ്യമുതൽ അത്‌ കേൾക്കാൻ കൊതിക്ക്യാ….

’ഞാനിനി വൈകിട്ടേ മടങ്ങുന്നുള്ളൂ. രാധ അത്രയും നേരം ഇവിടിരിക്കണ്ട. അമ്മ അന്വേഷിക്കില്ലേ?‘ ’ഇന്നിപ്പം മാധവന്റെ കൂടെ വരുളളു എന്ന്‌ പറഞ്ഞാ പോന്നെ. പിന്നെ എന്തിനാ വൈകിട്ട്‌ വരെയാക്കണെ? ഉച്ചയാവുമ്പേഴേയ്‌ക്കും പോവാം. കുറെ പുല്ലു ചെത്തണം. ഏതായാലും ഇവിടം വരെ വന്നതല്ലെ?‘ മാധവൻ ഒന്നും മിണ്ടുന്നില്ല. എന്തോ ഒരനിശ്ചിതാവസ്‌ഥ ആ മുഖത്ത്‌ അല്‌പനേരം മാത്രം. പിന്നെ മാധവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഓടക്കുഴലെടുത്തു. വലത്തെ കൈവിരലുകൾ കുഴലിലെ ദ്വാരങ്ങളോട്‌ ചേർത്ത്‌ ഇടത്തെ കൈകൊണ്ട്‌ ചുണ്ടിനോട്‌ ചേർത്ത്‌ ഏതോ പ്രാചീനമായ ഒരു നാടോടിഗാനത്തിന്റെ ശീലുകൾ മാധവന്റെ ഓടക്കുഴൽ വായനയിലൂടെ പുറത്തേയ്‌ക്ക്‌ വരികയായി. ആ ചുണ്ടുകൾ, ആ കൈവിരലുകളുടെ ചലനങ്ങൾ – അവ ഉണർത്തുന്ന താളലയങ്ങൾ.

പുല്ലുചെത്തുവാനായി പോയ രാധ അവളെത്തന്നെ മറന്ന്‌ അനങ്ങാതെ നിന്നു. ഏറെ നേരം. അവളേതോ സ്വപ്‌നലോകത്തിലൂടെ സ്വർലോകത്തേയ്‌ക്കുള്ള യാത്രയിലായിരുന്നു. അപ്‌സരസുകൾ നൃത്തമാടുന്ന ഒരു സദസ്സിലേയ്‌ക്ക്‌ ചെന്ന്‌ ചേർന്നു. അവിടെയവൾക്ക്‌ അധികനേരം കാഴ്‌ചക്കാരിയാവാൻ കഴിഞ്ഞില്ല. സദസ്സിലിരിക്കുന്നതാരൊക്കെയാണ്‌. അവൾ ഓരോവശത്തേയ്‌ക്കും മാറി മാറി നോക്കി. വേദിയിൽ ആസ്‌ഥാനമണ്ഡപത്ത്‌ അതാ സ്വർണ്ണം പതിപ്പിച്ച കിരീടവും വജ്രശോഭയുള്ള മുഖവും.

കഴുത്തിലും കാതിലും ആടയാഭരണങ്ങളും ഇവയെല്ലാം അണിയാൻ പാകത്തിനുള്ള ശരീരവുമുള്ള ഒരാൾ. അയാൾ ഇരിക്കുന്ന സിംഹാസനത്തിന്‌ പിന്നിൽ രണ്ടുവശത്തുനിന്നും വെഞ്ചാമരം വീശുന്ന തോഴിമാർ. അവർ പോലും അതീവസൗന്ദര്യധാമങ്ങൾ – സദസ്സിൽ തൊട്ടുതാഴെ കഴുത്തിൽ രുദ്രാക്ഷമാലയും നെറ്റിയിൽ കുങ്കുമവും ചന്ദനവും പൂശിയ നീളമുള്ള മുടി പിന്നിലേയ്‌ക്ക്‌ കെട്ടിവച്ച നീണ്ടതാടിയുള്ള ഒരു മുനിയെ പോലൊരാൾ. രാജഗുരുവായിരിക്കണം. പിന്നെ മന്ത്രിമാർ – പടത്തലവന്മാർ – ആസ്‌ഥാനപണ്ഡിതന്മാർ – എല്ലാവരും വേദിക്കു താഴെ സദസ്സിന്റെ രണ്ട്‌ വശത്തുമായി അവരവർക്ക്‌ യോജിച്ച തരത്തിലുള്ള ഇരിപ്പിടങ്ങളിലമർന്നിരിക്കുന്നു. എല്ലാവരുടെയും കണ്ണുകൾ നൃത്തമാടുന്ന അപ്‌സരസ്സുകളിലേക്കാണ്‌. വർണ്ണശബളമായ വസ്‌ത്രങ്ങൾ ധരിച്ചുളള അപ്‌സരസ്സുകൾ – നൃത്തത്തിന്റെ ഓരോഘട്ടത്തിലും ഓരോ വർണ്ണപകിട്ടാർന്ന വേറെ വേഷങ്ങളിലേയ്‌ക്ക്‌ മാറുന്നത്‌ പോലെ. അന്തരീക്ഷത്തിൽ അലയടിക്കുന്ന പ്രഭാപുരം വേഷങ്ങൾക്കനുസരിച്ച്‌ മാറുന്നതാണോ, അതോ നൃത്ത സദസ്സിലേയ്‌ക്ക്‌ വീശുന്ന വെളിച്ചത്തിനനുസരിച്ച്‌ അപ്‌സരസ്സുകളുടെ വേഷം മാറുന്നതാണോ, ആ ഒരു സംശയമാണ്‌ കാഴ്‌ചക്കാരിയായ രാധയ്‌ക്ക്‌. എവിടെനിന്നാണ്‌ പാട്ടുകൾ വരുന്നതെന്നവൾക്കറിയില്ല. ആരോപാടുന്ന ഗാംഭീര്യവും മാധുര്യവും കലർന്ന ശബ്‌ദം – അത്‌ പാടുന്ന ഗായകനെ കാണാനേ കഴിയുന്നില്ല. പക്ഷേ അയാളുടെ നാദമാധുരി ആ അന്തരിക്ഷത്തിലെവിടെയും അലയടിക്കുന്നു. ഗാനത്തിന്റെ ഒരു ശീല്‌ കഴിഞ്ഞ്‌ അടുത്ത ശീല്‌ തുടങ്ങുന്ന ഇടവേളകളിലൊന്നിൽ രാധ ചുവടുവയ്‌ക്കാനാരംഭിച്ചു. അവളുടെ ചുവടുവയ്‌പുകളായതോടെ ഗാനത്തിന്റെ ആരോഹണാവരോഹണത്തിന്‌ വേറൊരു പ്രത്യേകതാളം വന്നു. ഇപ്പോൾ രാധയുടെ ചുവടുവയ്‌പിനനുസരിച്ച്‌, രാഗവായ്‌പ്‌ മാറുകയാണോ, അതോ ഗയകന്റെ പാട്ടിന്റെ ഈണത്തിനനുസരിച്ച്‌ രാധ ചുവടുവയ്‌ക്കുകയാണോ? ആ സംശയം ഉണ്ട്‌. ഗാനനിർചരി അതിന്റെ പാരമ്യത്തിലേയ്‌ക്ക്‌ കടക്കുന്നു. നൃത്തം ചെയ്യുന്ന അപ്‌സരസുകൾ മത്സരിച്ചെന്നവണ്ണം മികവ്‌ കാട്ടാൻ ശ്രമിക്കുന്നെങ്കിലും രാധ താളമേളലയങ്ങൾക്കനുസരിച്ചുള്ള ചുവടുവയ്‌പുകളോടെ അവരുടെ നേതൃസ്‌ഥാനത്തായി. അഭൗമായ – സംഗീത സാന്ദ്രമായ ഒരന്തരീക്ഷം. പ്രപഞ്ചമൊട്ടാകെത്തന്നെ ഈ നൃത്തവേദിയെ സാകൂതം നോക്കുന്നു. രാധ ഏതോ ആനന്ദലഹരിയിൽ – ആഹ്ലാദത്തിമർപ്പിൽ ആവേശത്തിൽ ഒരു നിമിഷം.

’എന്താ രാധേ ഇത്‌? ഇതെന്താ നീ ചെയ്യണെ?‘

മാധവന്റെ ആ ചോദ്യത്തോടെ അവളുണർന്നു. അവൾ അറിയാതെയെന്നവണ്ണം മാധവന്റെ കഴുത്തിനെ കൈകൾകൊണ്ട്‌ വരിഞ്ഞു. അയാളുടെ മാറിലേയ്‌ക്കെന്നവണ്ണം ചായുകയായിരുന്നു. നിനക്കെന്താ സ്‌ഥലകാലബോധം നഷ്‌ടപ്പെട്ടോ? ഭ്രാന്തു പിടിച്ചോ? നീയേത്‌ ലോകത്താണ്‌?

അദ്‌ഭുതമെന്ന്‌ പറയട്ടെ അവളുടെ മുഖത്ത്‌ ജാള്യതയുടെയോ, നണത്തിന്റെയോ കുറ്റബോധത്തിന്റെയോ യാതൊരു ലാഞ്ചനയുമില്ലായിരുന്നു.

മാധവന്റെ ഓടക്കുഴൽ വായന അത്രമാത്രം ഹൃദ്യമായിരുന്നു. ഞാനാ പ്രപഞ്ചത്തിൽ മുങ്ങിക്കുളിക്കുകയായിരുന്നു. ’എന്താ ഇത്‌? എവിട്‌ന്ന്‌ കിട്ടി ഈ കടുപ്പം കൂടിയ വാക്കുകൾ. സ്‌കൂളിലെ പഠിത്തം അച്‌ഛൻ മരിച്ചതോടെ നിർത്തേണ്ടിവന്നു എന്നും പറയണ കേട്ടു. പക്ഷേ ഇപ്പോഴത്തെ ഈ സംസാരം കേട്ടാൽ ഉയർന്ന വിദ്യാഭ്യാസം ലഭിച്ച ഒരുവളാണെന്നേ തോന്നു. പെട്ടെന്നാണവൾ ആ കാഴ്‌ചകാണുന്നത്‌. പശുക്കളൊന്നും തന്നെ മേയുന്നില്ല. ക്‌ടാക്കളൊന്നും തുള്ളിച്ചാടുകയോ ബഹളം കൂട്ടുകയോ ചെയ്യുന്നില്ല. എല്ലാം മാധവന്റെ മുഖത്തേയ്‌ക്ക്‌ നോക്കി നിൽക്കുന്നു. അവരിനിയും മാധവന്റെ ഓടക്കുഴൽ വായന കേൾക്കാൻ നിൽക്കുകയാണ്‌.

‘ദേ കണ്ടില്ലെ? അത്‌ങ്ങളുടെ നില്‌പ്‌? ഒറ്റയെണ്ണം ഒരാക്രാന്തവും കാണിക്കുന്നില്ല.’ പിന്നെ മാധവന്റെ നേർക്കു തിരിഞ്ഞു ചോദിച്ചു.

‘മാധവനൊന്നുകൂടി വായിച്ചുകൂടെ? കണ്ടോ, മിണ്ടാപ്രാണികളാണേലും അവറ്റകൾക്ക്‌ ഈ പാട്ട്‌ കേൾക്കാൻ കൊതിയാ.

’രാധയെന്തായീ പറയണെ? ഇവിടെ വന്നിട്ടെത്ര നേരായീന്നറിയ്യോ? പശുക്കളൊന്നും തന്നെ തിന്നിട്ടില്ല. രാധയാണേൽ പുല്ലും ചെത്തിയിട്ടില്ല. വന്നകാര്യം ശരിയാവട്ടെ – എന്നിട്ടാവാം ഓടക്കുഴൽ വിളിയൊക്കെ. രാധ കുറച്ച്‌ ദേഷ്യത്തിൽ തന്നെ പുല്ല്‌ ചെത്താനിറങ്ങി. പശുക്കളെ പുല്ലുമേയാൻ വിട്ടിട്ട്‌ മാധവൻ അരുവിലേയ്‌ക്കിറങ്ങി. കയ്യും കാലും മുഖവും കഴുകി. പിന്നെ രാധ കൊണ്ടുവന്ന ബാഗിൽ നിന്നും രണ്ടേത്തപ്പഴം എടുത്തു.

‘രാധേ വരൂ – ഈ പഴം കഴിച്ചിട്ട്‌ മതി. പുല്ല്‌ ചെത്തലൊക്കെ.’ രാധ മാധവന്റെ ആ വാക്കുകൾ ഗൗനിക്കാതെ പുല്ല്‌ ചെത്തുന്നു. പെട്ടെന്ന്‌ ഒരു കുറ്റബോധം. തങ്ങളുടെ അതിഥിയായി വന്നയാളാണ്‌ മാധവൻ. മാധവന്‌ അസുഖം വരുത്തുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടാവരുത്‌. മാത്രമല്ല. ഇന്നലെ സന്ധ്യയ്‌ക്ക്‌ വന്നുകയറിയതേയുള്ളു. ഇപ്പോഴേ പിണങ്ങാൻ പാടില്ല. എത്രനാളിവിടെ ഉണ്ടായാലും പിണങ്ങാൻ പാടില്ല.

രാധ മാധവന്റെ അടുത്തേക്ക്‌ നീങ്ങുന്നു. കയ്യിലുള്ള ഏത്തപ്പഴവും ഓറഞ്ച്‌ അല്ലിപൊളിച്ചതും വാങ്ങുന്നു. രാധ ബാഗിൽ നിന്നും രാമച്ചം ഇട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം കുപ്പിയിൽ നിന്നെടുത്ത്‌ ഗ്ലാസ്സിലാക്കുന്നു.

മാധവൻഃ ‘ഞാനും പുല്ലു ചെത്താൻ കൂടാം. നമുക്ക്‌ നേരത്തേതന്നെ പോവാം. അത്‌വരെ പശുക്കളും ക്‌ടാങ്ങളും മേഞ്ഞു തിന്നുകൊള്ളും.’

രാധ ഒന്നും മിണ്ടിയില്ല. ഒരു പരിചയവുമില്ലാതെ വന്നുകയറിയ ഒരാൾ, തികച്ചും നേരത്തോട്‌ നേരമായില്ല. അതിന്‌ മുന്നേ ചിരകാല പരിചിതരെപ്പോലെയുള്ള പെരുമാറ്റം. ചെറിയ തോതിലൊരു സൗന്ദര്യ പിണക്കത്തിനുപോലും തുടക്കമിട്ടേനെ. മുജ്ജന്മ ബന്ധം ഒരുകാരണമാകാം. രാധ അങ്ങനെ സമാധാനിക്കാനാണ്‌ ശ്രമിച്ചത്‌.

മാധവനും എന്തൊക്കെയോ ആലോചിക്കുന്നു. ഒരു പക്ഷേ താൻ വിചാരിച്ചതൊക്കെ തന്നെയാവാം ആ മനസ്സിലും. മനസ്സും മനസ്സും പരസ്‌പരം സംവേദിക്കുന്നു. ഏതോ അജ്ഞാതമായ ചില സന്ദേശങ്ങളോ വെളിപാടുകളോ മൗനമായിട്ടാണെങ്കിലും കൈമാറുന്നു. അവൾ അമ്പലത്തിലെ കൃഷ്‌ണഭഗവാനെയാണ്‌ മനസ്സിൽ കണ്ടത്‌. ഇതെല്ലാം കണ്ണന്റെ മായാവിലാസങ്ങളാണ്‌ അല്ലാതെന്ത്‌?.

Generated from archived content: radha3.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here