ആവണീശ്വരം ഗ്രാമത്തിലെ പഴയഓടിട്ടതും ഓലമേഞ്ഞതുമായ വീടുകളൊക്കെ ഇന്നൊരോര്‍മ്മ മാത്രം. അവിടൊക്കെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളായിക്കഴിഞ്ഞു. അമ്പലത്തിനോട് ചേര്‍ന്ന് മുമ്പൊരു ചായപ്പീടികയും അമ്പലത്തിലേയ്‌ക്കാവശ്യമായ എണ്ണ, കര്‍പ്പൂരം, ചന്ദനത്തിരി, കുങ്കുമം, തിരിനൂല്‍, കളഭം, അതോടൊപ്പം മുറുക്കാന്‍, ബീഡി, സിഗററ്റ്, സോഡ ഇവയൊക്കെ വില്‍ക്കുന്ന ഒരു ചാര്‍ത്തും- അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. ചായപ്പീടിക ഇപ്പോഴും അങ്ങനെതന്നെ നില്‌പുണ്ടെങ്കിലും, തൊട്ടടുത്ത് തന്നെയുള്ള കുറെക്കൂടി വിസ്‌തൃതമായ സ്‌ഥലസൗകര്യങ്ങളുള്ള പുതിയൊരു ഹോട്ടല്‍ വന്നിരിക്കുന്നതിലാണ് ആള്‍ക്കാര്‍ കയറുന്നത്. എതിര്‍വശത്ത് ചെറിയൊരു കെട്ടിടത്തില്‍ പഴക്കട.
അമ്പലത്തിനും കുറെയൊക്കെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ചുറ്റുമതില്‍ മാധവന്‍ പോവുന്നതിന് മുന്നേ തീര്‍ന്നതാണെങ്കിലും മുന്‍വശത്തെ പഴയ ഗേറ്റ് പാടെ മാറിയിരിക്കുന്നു. ഗേറ്റിന്റെ രണ്ട്‌പാളികളിലുമായി തീര്‍ത്ത കൃഷ്‌ണരൂപത്തിന് പൂര്‍ണ്ണത കൈവരുന്നത് ഗേറ്റ് ചേര്‍ത്തടയ്‌ക്കുമ്പോള്‍ മാത്രമാണ്. മുറ്റത്തേക്ക് കയറുമ്പോള്‍ കാണുന്ന നടപ്പന്തല്‍ – അതും അടുത്തകാലത്ത് വന്ന മാറ്റങ്ങളില്‍ പ്രധാനമാണ്. നടപ്പന്തല്‍ അവസാനിക്കുന്നിടത്താണ് കരിങ്കല്ലില്‍ തീര്‍ത്ത ദീപസ്‌തംഭം.
അമ്പലത്തിന്റെ മുന്‍ ഭാഗത്ത് മതിലിനോട് ചേര്‍ന്ന് പുതിയൊരു കെട്ടിടം. ക്ഷേത്രസമിതി ഓഫീസ് ഇപ്പോള്‍ അവിടാണ്. പഴയ ഓലക്കെട്ടിടം അപ്രത്യക്ഷമായിരിക്കുന്നു. ക്ഷേത്ര സമിതി ഓഫീസിലെ മാനേജരുടെ സ്‌ഥാനത്ത് ദാമുവാശാന് പകരം വന്നിരിക്കുന്നയാള്‍, മുമ്പ് ക്ഷേത്രക്കമ്മിറ്റി മെമ്പറായിരുന്നു ഗോപാലപിള്ളയുടെ മകന്‍, രാമകൃഷ്‌ണന്‍ നായരാണ്. രാവിലത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ അയാള്‍ പിന്നീട് വരുന്നത് വൈകിട്ട് അഞ്ച് മണിക്ക് ശേഷം നടതുറക്കുന്നതോടെയാണ്. ദാമുവാശാനെപ്പോലെ ഏറെ സമയം അമ്പലത്തില്‍ ചിലവഴിക്കുന്നില്ല. പക്ഷേ, അത്യാവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ രാമകൃഷ്‌ണന്‍ നായര്‍ ചുമതലപ്പെടുത്തിയ ഒരു പയ്യന്‍ മണിയന്‍പിള്ള കൗണ്ടറിലിരിക്കും. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, പ്രത്യേകിച്ചൊരു പണിയും കിട്ടാത്തതിനാല്‍ ഇവിടെ വന്നിരിക്കുന്നെന്ന് മാത്രം. അമ്പലത്തിന്റെ മേൽക്കൂരയെല്ലാം പൊളിച്ചുമാറ്റി പുതിയ പട്ടികയും കഴുക്കോലും ഇട്ട് ഓട് മേഞ്ഞതിനാല്‍ കാഴ്‌ചയ്‌ക്ക് കാലത്തിനൊത്ത മാറ്റങ്ങളുള്‍ക്കൊള്ളാനായിട്ടുണ്ട്. ഈ മാറ്റത്തിനൊക്കെ കാരണക്കാരനായ ദാമുവാശാന്‍ ഇല്ല എന്നതും ഭക്തി സാന്ദ്രമായ ഓടക്കുഴല്‍ വായനയ്‌ക്ക് മാധവനില്ലല്ലൊ എന്നതും മാത്രമേ വിശേഷവിധിയായി പറയാനുള്ളു.
അമ്പലത്തില്‍ വച്ച് എമ്പ്രന്തിരിയും നമ്പീശനും പറഞ്ഞ വിവരങ്ങള്‍ മനസ്സിലിട്ട മാധവന്‍ കാറെടുത്ത് ബാക്കിയുള്ള പ്രദേശങ്ങള്‍ കൂടി കാണണമെന്ന മോഹത്തോടെ യാത്രതുടങ്ങി. പുതുപകിട്ടോടുകൂടിയ വിലകൂടിയ കാര്‍ നാട്ടുകാര്‍ക്കൊക്കെ കൗതുകമേറിയ ഒരു കാഴ്‌ചയായിരുന്നു. അങ്ങാടിക്കവലയിലെ ഇത്താക്കു മാപ്പിളയുടെ പഴയ കച്ചവടപ്പീടിക ഇപ്പോഴും അതേപടി നില്‌പുണ്ട്. മുമ്പ് ഓടിട്ട, ഒരു വശത്ത് ചാര്‍ത്തോടുകൂടിയ കെട്ടിടം അതേപടി ഇട്ടിരിക്കുന്നു. ചാര്‍ത്തില്‍ കാളവണ്ടി കേറ്റിയിട്ടിരിക്കുന്നു. കാളകളെ സമീപത്തെങ്ങും കണ്ടില്ല. ഇത്താക്കു മാപ്പിളയുടെ കച്ചവടം ഇപ്പോള്‍ പഴയ കെട്ടിടത്തിനോട് ചേര്‍ന്നുള്ള കൂറ്റനൊരു കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നഗരത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചെറിയൊരു പതിപ്പ്. ഒരു വീട്ടിലേയ്‌ക്കാവശ്യമായ ഏത് സാധനവും കിട്ടും. കെട്ടിടത്തിന്റെ മറ്റേ ഭാഗത്ത് സ്‌റ്റേഷനറിക്കടപോലൊന്ന്. ഗ്രാമത്തിലെ ജനങ്ങള്‍ അത്യാവശ്യ സൗന്ദര്യവര്‍ദ്ധകമായ സാധനങ്ങള്‍ വേണമെന്നുള്ളപ്പോള്‍ മുമ്പത്തെപ്പോലെ അമ്പലത്തിലെ ഉത്സവക്കാലം വരെ കാത്തിരിക്കേണ്ട. സോപ്പ്, ചീപ്പ്, കണ്ണാടി, കണ്‍മഷി, റിബ്ബണ്‍, പൊട്ട് തുടങ്ങി ഒരു ലേഡീസ് സ്‌റ്റോഴ്‌സ് പോലുള്ള ഒന്ന്. അങ്ങാടിക്കവലയില്‍ നിന്നും അധികം ദൂരെയെല്ലാതെ ഒരു സ്‌കൂളുള്ളതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഏറ്റവും പ്രയോജനപ്രദമായ ഒന്നായി മാറിയിരിക്കുന്നു. ഫലത്തില്‍ ഇത്താക്കുമാപ്പിള ഗ്രാമത്തിലേയ്‌ക്ക് കൊണ്ട് വന്നത് ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റ്.
കടയില്‍ പഴയത് പോലെ ഇത്താക്കുമാപ്പിള എപ്പോഴും വന്നിരിക്കാറില്ല. രണ്ടാണ്‍മക്കളുള്ളത് അത്യാവശ്യം പഠിത്തമൊക്കെ കഴിഞ്ഞ് അപ്പനെ സഹായിക്കാനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്നിരിക്കുന്നതിനാല്‍ ഇത്താക്ക് മാപ്പിള ഇപ്പോള്‍ വൈകിട്ട് മാത്രമേ തന്റെ സ്വന്തം സാമ്രാജ്യത്തിലേയ്‌ക്ക് വരികയുള്ളു. പക്ഷേ, വരികയാണെങ്കിലും ഒരിക്കലും ആ പ്രദേശത്തെ ഏക കാറുള്ള വ്യക്തിയാണെങ്കിലും നടന്നേവരികയുള്ളു. ഈ അരക്കിലോമീറ്റര്‍ ദൂരമെങ്കിലും നടന്നില്ലെങ്കില്‍ തന്റെ ആരോഗ്യത്തിന് കേടാവുമെന്നാണ് അയാള്‍ പറയാറ്.
പക്ഷേ, മാധവന്‍ കവലയില്‍ വന്നെന്നറിഞ്ഞപ്പോള്‍ – വിവരം ഫോണില്‍ക്കൂടി മൂത്തമകന്‍ ജോണിക്കുട്ടി വിളിച്ച് പറഞ്ഞപ്പോള്‍, കാറെടുത്ത് തന്നെ കടയിലേയ്‌ക്ക് മാപ്പിള കുതിച്ചെത്തി. താന്‍ വരുന്നതിന് മുന്നേ മാധവന്‍ പൊയ്‌ക്കളയുമോ എന്ന ശങ്കയായിരുന്നു, മനസ്സില്‍. നാട്ടിലെ ജന്‌മിയുടെ മുട്ടാളിത്തം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുത്ത മാധവനോടുള്ളത് മനസ്സ് നിറഞ്ഞ ആദരവ് മാത്രമാണ്.
കാറില്‍ നിന്നിറങ്ങിയ പാടെ തന്നെ ഓടി വന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറിന്നരികില്‍ ഒരു കസേരയിലിരിക്കുകയായിരുന്ന മാധവനെ രണ്ട്‌കൈകൊണ്ടും പിടിച്ചെഴുന്നേല്‌പിച്ച് ആലിംഗനം ചെയ്‌തു. ‘സന്തോഷോണ്ട്, ഇങ്ങോട്ടൊക്കെ ഒന്ന് വരാന്‍ തോന്നിയല്ലൊ. മുമ്പൊക്കെ സാധനങ്ങളെടുക്കാന്‍ അവിടെ വരുമ്പോള്‍ പലപ്പോഴും തിരക്കിയിട്ടുണ്ട്. ആര്‍ക്കും ശരിയായ വിവരം തരാനായില്ല. പിന്നറിഞ്ഞു, അമ്മാവന്റെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി അമ്മയേയും കൂട്ടി, ദൂരെയെവിടേയ്‌ക്ക് പോയിരിക്കയാണെന്നും. ഇതൊക്കെ പണ്ടത്തെ കഥ. ഇപ്പോ ഞാനങ്ങോട്ട് വരുന്നേയില്ല. കണ്ടോ എന്റെ മക്കള്‍ – അവരാണങ്ങോട്ട് വരുന്നെ. എന്നാലും വിവരങ്ങളൊക്കെ അറിയണൊണ്ട്. അമ്മാവനെ തൊരത്തി, നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചെടുത്തു അല്ലെ? എനിക്കറിയാരുന്ന, മാധവന്‍ കുഞ്ഞിനതിന് കഴിയുമെന്ന്. പിന്നെ പുതിയ പുതിയ ബിസിനസ്സൊക്കെ തുടങ്ങീന്നും എല്ലാടത്തും അടിവച്ചടിവച്ച് കയറുകയാണെന്നും ഒക്കെ അറിഞ്ഞു. എന്റെ കുഞ്ഞെ കുഞ്ഞിന് ദൈവംത്തമ്പുരാന്‍ അനുഗ്രഹിക്കും. ഈ നാട്ടിലെ അതിക്രമം കാട്ടണോരെ നേരിട്ടകഥ എനിക്കറിയാവുന്നതല്ലെ? ആ ജന്മിത്തമ്പുരാന്‍ – ആ മുട്ടാളാന്‍ – അവിടേം വന്നെന്ന് കേട്ടു. ഇപ്പേ അവരെപ്പറ്റി ഒന്നും കേക്കുന്നില്ല.
’അവരൊക്കെ ഒതുങ്ങിപ്പോയി. ഇപ്പോ അവിടെ പട്ടണത്തിത്തന്നെ മകനുമൊത്ത് കഴിയുന്നു. അങ്ങേരുടെ വേളി മരിച്ചതോടെ അവരുടെ സ്‌ഥിതി കൊറെ കഷ്‌ടത്തിലാന്നാ കേട്ടെ. ഇവിടുന്നുള്ള പാട്ടവും വരവും നെലച്ചില്ലെ? മകനാണേല്‍ എപ്പോഴും എന്തെങ്കിലും അസുഖം.‘
മാധവനങ്ങനെ പറഞ്ഞപ്പോള്‍ ഇത്താക്കുമാപ്പിള ഉള്ളുതുറന്നൊന്ന് ചിരിച്ചു.
’മോന്റെ അസുഖം – അറിയാല്ലോ – അന്നത്തെ മാധവന്‍- കുഞ്ഞിന്റെയാ പ്രയോഗം ശരിക്കും ഏറ്റു അല്ലെ?‘
പക്ഷേ മാധവന് മുഖത്ത് സന്തോഷമല്ല വന്നത്. ’അന്നിത്രയും വരണമെന്നൊന്നും കരുതി ചെയ്‌തതല്ല. അയാളുടെ മുഷ്‌ക്കും വഷളത്തവും കണ്ടപ്പോള്‍ ഒരാവേശത്തിന് ചെയ്‌തെന്ന് മാത്രം. അതിത്രയും ദോഷം ചെയ്യുമെന്നറിഞ്ഞില്ല.‘
”ഇല്ല കുഞ്ഞെ – കുഞ്ഞ് മനസ്‌താപപ്പെടേണ്ട – കിട്ടേണ്ടത് എവിടെ നിന്നാണേലും കിട്ടും. കുഞ്ഞല്ലായിരുന്നേല്‍ വേറാരെങ്കിലും. അത്രമാത്രം, പിന്നെ കൊറെ നാട്ടുകാരെ കൊള്ളയടിച്ച് സുഖിച്ച് കഴിഞ്ഞതല്ലെ-? കുറെ നാള്‍ കഷ്‌ടപ്പെടണമെന്നത് ദൈവവിധിയാ – അതിന് കുഞ്ഞെന്തിന് മനസ്‌താപപ്പെടണം.”
മാധവന്‍ തുടര്‍ന്നൊന്നും പറഞ്ഞില്ല. ആ വിഷയം തുടരാനാഗ്രഹമില്ലെന്നറിഞ്ഞതോടെ ഇത്താക്കു മാപ്പിളയും വിഷയം മാറ്റി.
’ആട്ടെ കുഞ്ഞിന്റെ വരവ് – എന്തെങ്കിലും ഉദ്ദേശം വച്ചാവുമല്ലോ – എന്താ വല്ല ബിസിനസ്സിവിടേം?‘ മാധവന്‍ ചിരിച്ചതേയുളു. പണ്ടത്തെയാചിരി ആരെയും വീഴിക്കുന്ന ചിരി.
’അങ്ങനെയൊന്നുമില്ല എനിക്കവിടെയുള്ള ബിസിനസ്സിനൊന്നിനും ഇവിടെ സ്‌ഥാനമില്ല. പെട്രോള്‍ പമ്പ്, സിനിമാതിയേറ്റര്‍, സ്‌കൂള്‍ – അതൊക്കെ ഇവിടെ വന്നാല്‍ ഓടില്ല. പിന്നെ വെറുതെ വന്നതാണെന്ന് പറയാന്‍ പറ്റില്ല. സിനിമാതിയേറ്റര്‍ രണ്ടെണ്ണം വന്നതോടെയാണ്, ഒരു സിനിമ പിടിച്ചാലെന്തായെന്ന മോഹം വരുന്നത്. അങ്ങനൊരെണ്ണം മനസ്സിലൊണ്ട്. അതിന്റെ മുന്നേ ഒരു പൂജ – അതിവിടെയീ അമ്പലനടയില്‍ വച്ച് വേണമെന്നൊരാഗ്രഹം. ഒന്നും തീരുമാനിച്ചില്ല. ഇപ്പോള്‍ ഇവിടെ വന്നതിന് ശേഷം ആദ്യമായിട്ടാണൊരാളോട് പറയുന്നത്. അങ്ങയോട് പറഞ്ഞില്ലെങ്കില്‍ അത് വലിയ കുറ്റബോധമുണ്ടാക്കും. നാട്ടില്‍ വെള്ളപൊക്കമുണ്ടായപ്പോള്‍ ആള്‍ക്കാര്‍ പട്ടിണികിടന്നില്ലെങ്കില്‍ – അതിന് കാരണക്കാരനായ ഒരാളോട്.‘
’ശ്ശോ – എന്താ കുഞ്ഞെ ഇത്? അന്ന് പഞ്ഞം വന്നപ്പോള്‍ സഹായിച്ചുന്നുള്ളത് വാസ്‌തവാ – ഒരാഴ്‌ചക്കാലം കുറെപേര്‍ക്ക് അരിയും സാമാനങ്ങളും കൊടുത്തു. അത്രല്ലേയുള്ളു. അതിന്റെ പണം പിന്നെ അവരെല്ലാം തരികേം ചെയ്‌തു. അല്ലാതെ വെറുതെ ദാനം ചെയ്‌തതല്ലല്ലൊ.-‘ ഇത്താക്ക് മാപ്പിള അങ്ങനെ പറഞ്ഞപ്പോള്‍ – ഈ മനുഷ്യനെപ്പോലുള്ളവരുണ്ടായിരുന്നെങ്കില്‍ – ഒരിടത്തും ആര്‍ക്കും ബുദ്ധിമുട്ടുവരില്ലെന്ന് തോന്നി.
അറുത്തകൈയ്‌ക്ക് ഉപ്പ്‌തേയ്‌ക്കാത്ത മനുഷ്യരുടെയിടയില്‍ ഇങ്ങനെ ചിലരൊക്കെയുള്ളത് കൊണ്ടാണ് വലിയകുഴപ്പങ്ങളൊന്നും കൂടാതെ കാര്യങ്ങള്‍ നടക്കുന്നത്.
’ആട്ടെ – എന്നത്തേയ്‌ക്കാ സിനിമ തൊടങ്ങണെ.?‘
’തിരുമാനിച്ചില്ല. ആദ്യം ഇവിടത്തെ മേല്‍ശാന്തിയോടും നമ്പീശനോടും ഒന്ന് പറഞ്ഞ് അനുവാദം വാങ്ങീട്ട് നല്ലൊരു ദിവസം നോക്കി പൂജനടത്തി തൊടങ്ങണം. അതിനാ വന്നത്.‘
’നന്നായി അങ്ങനൊരു ചിന്തമനസ്സില്‍ വരണമെങ്കില്‍ എത്ര ഉയര്‍ന്നാലും വന്നവഴിമറക്കാത്തവര്‍ക്കേ കഴിയൂ. കുഞ്ഞിന് എല്ലാവിധ അനുഗ്രഹങ്ങളും കിട്ടും. ഞങ്ങളെന്തൊക്കെയാണ് ചെയ്യേണ്ടതെണ്ടെന്ന് വച്ചാല്‍ പറയണം. ഞങ്ങള് ചെയ്‌തിരിക്കും.‘
സിനിമയില്‍ രാധയായിരിക്കും മുഖ്യകഥാപാത്രമെന്ന് മനസ്സിലുള്ളതെന്ന് മാധവന്‍ പറഞ്ഞില്ല.
ആദ്യം രാധയെക്കണ്ട് പറഞ്ഞൊറപ്പിച്ചിട്ടേ അതൊക്കെ ആരോടെങ്കിലും പറയാന്‍ പറ്റു. തിരുവാതിരകളിയിലും മോഹിനിയാട്ടത്തിലും പങ്കെടുക്കുന്നയാള്‍ ഈ വിഷയത്തില്‍ പിന്നോട്ട് പേവേണ്ട കാര്യമില്ല. എന്നാലും മനസ്സിലൊരു ശങ്ക. രാധയെ കണ്ടിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു. ഏന്തെങ്കിലും പിടിവാശി തുടങ്ങിയാല്‍ പിന്നെ പിന്‍തിരിപ്പിക്കാനാവില്ല. അത്‌കൊണ്ട് രാധയെക്കണ്ട് സംസാരിച്ചിട്ട് വേണം ബാക്കികാര്യങ്ങള്‍. പൂജനടത്തുന്ന കാര്യത്തില്‍ മേല്‍ശാന്തിക്കും ക്ഷേത്രക്കമ്മറ്റിക്കാര്‍ക്കും എതിര്‍പ്പില്ലെയെന്നായപ്പോള്‍- ഇത്താക്കു മാപ്പിളയെപോലുളള നാട്ടിലെ പ്രമാണിമാരുടെ സഹായം കിട്ടുമെന്നായപ്പോള്‍, ഇനി രാധയുടെ കാര്യത്തിലേ ഒരു തീരുമാനവാനുള്ളു.
’ആട്ടെ – സമയമിത്രയുമായല്ലൊ. ഇന്നെവിടെ തങ്ങാനാണ് തീരുമാനിച്ചെ? അതോ പോവുന്നോ?‘
”ഇന്നെവിടേം തങ്ങുന്നില്ല. ഇന്ന് തന്നെ മടങ്ങണം. അതിന് മുന്നേ കാവൂട്ടിയമ്മയുടെ വീട്ടിലൊന്ന് പോണം. അവിടിപ്പോള്‍ രാധമാത്രേ ഉള്ളൂന്നറിയാം.‘ ’ശരിയാ – കുഞ്ഞവിടെ പോണം. ഒന്ന്‌വല്ലേലും നാലഞ്ച് കൊല്ലം അവിടെ താമസിച്ചതല്ലേ? അവര് പോയേപിന്നെ ആ കൊച്ച് ഒറ്റയ്‌ക്കായി. എന്നാലും ആരെയും ആശ്രയിക്കാതെ സ്വന്തം കാലേല്‍ നില്‍ക്കണമെന്നു ചിന്താഗതിയുള്ളവര്‍ – ഇന്നത്തെ കാലത്ത് പെണ്ണുങ്ങളുടെയിടയില്‍ ആരും ഉണ്ടാവില്ല. മാധവന്‍ കുഞ്ഞ് പോയേപ്പിന്നെ പശുക്കളെ വളര്‍ത്തലും നിര്‍ത്തീന്ന് പറയാം. ഇപ്പോ ഒന്നോരണ്ടോക്കെയോ ഒള്ളു. പിന്നെ ഒരു തയ്യല്‍ മിഷന്‍ വാങ്ങി. ഇവിടെ ഞങ്ങള്‍ തുണിക്കടതുടങ്ങീപ്പം, ഒരു തയ്യല്‍ക്കടയും തുടങ്ങി. സ്‌കൂള് തൊടങ്ങിയതോടെ തയ്യലിന്റെ ആവശ്യംകൂടി. അന്നിവ്‌ടത്തെ കടയിലെ തയ്യല്‍ക്കാരുടെ അടുത്ത് കഷ്‌ടി ആറ്‌മാസം, ആ കൊച്ച് വന്ന് പഠിക്കുവാന്‍ വന്നു. ആറ്‌മാസം തികച്ചും വേണ്ടി വന്നില്ല – എല്ലാ ജോലീം പഠിച്ചു. പശുക്കളെ വിറ്റ രൂപയില്‍ കുറെയെടുത്ത് ഒരു തയ്യല്‍ മിഷന്‍ വാങ്ങി. ഇപ്പോ നല്ല വരവാ. ആകെയുള്ള ബുദ്ധിമുട്ട് – ആ കൊച്ചിന് താങ്ങാനാവാത്ത പണിയൊണ്ടെന്നുള്ളതാ. ഇപ്പോ വേറെ രണ്ട് കുട്ടികളും സഹായത്തിനൊണ്ട്. അതോണ്ട് – ആരെയും മുഷിമിപ്പിക്കാതെ വരുന്ന ഓര്‍ഡറുകളൊക്കെ സ്വീകരിക്കുന്നുണ്ട്. ഇവിടെ ഞങ്ങടെ കടയിലേക്കാളും ആള്‍ക്കാര്‍ക്ക് പോകാനിഷ്‌ടം അവിടയാ – എനിക്കതില്‍ സന്തോഷമേയുള്ളു. ആരെയും ആശ്രയിക്കാതെ സ്വന്തം കാലേല്‍ നില്‍ക്കണമെന്ന മോഹമുള്ളവള്‍ – അതും ഈ നാട്ടിലെത്ര പേരൊണ്ട്? സത്യം പറഞ്ഞാല്‍ ഇവിടെ വരുന്ന ചില ഓര്‍ഡറുകളൊക്കെ ഞാനങ്ങോട്ടാ വിടണെ? മറ്റുള്ളവരെപ്പോലെ പരദൂഷണം പറയാനും വഴക്കുണ്ടാക്കാനും നടക്കാതെ എന്തെങ്കിലും തൊഴില്‍ ചെയ്‌ത് ജീവിക്കണംന്ന ആ സ്വഭാവം ദൈവം അങ്ങനെയൊള്ളോരെ തൊണക്കും.‘
ഇത്താക്ക് മാപ്പിളയുടെ രാധയെപ്പറ്റിയുള്ള ആ വിവരണം കേട്ടപ്പോള്‍ മാധവന്‍ ഒരാശയക്കുഴപ്പത്തിലായി.
രാധയെ കാണുമ്പോള്‍ – എന്തായിരിക്കും അവളുടെ നിലപാട്. മുമ്പ് വന്നപ്പോള്‍ ചില അവിവേകൊക്കെ കാണിച്ചു. അതിന്റെ ദേഷ്യോം വഴക്കും ഇപ്പോഴും ഉണ്ടോ?
സിനിമ പിടിക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ – എന്തായിരിക്കും അവളുടെ നിലപാട്? നായികയായിട്ടവളെയാണ് കണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ -?
അവിടെ പട്ടണത്തില്‍ എത്രയോ പേര്‍ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുന്നു. ഒന്ന് സ്‌ക്രീനില്‍ മുഖം കാണിക്കാന്‍ വേണ്ടി, എന്തിനും തയ്യാറുള്ളവര്‍ – അതും പണവും പഠിപ്പും ഉള്ളവര്‍ തന്നെ ഉള്ളപ്പോള്‍ – മനസ്സില്‍ നായികയാവേണ്ടവള്‍ രാധയായിരിക്കണമെന്നമോഹം – അത് നടക്കുമോ?
Generated from archived content: radha26.html Author: priya_k
Click this button or press Ctrl+G to toggle between Malayalam and English