മാറ്റമില്ലെന്ന് കരുതപ്പെട്ട പലതും മാറിക്കഴിഞ്ഞു. പുഴയുടെ ഗതി മാറുമെന്നോ, പുഴ സമുദ്രത്തിലേയ്‌ക്കുള്ള വഴി മറക്കുമെന്നോ ആരെങ്കിലും കരുതുമോ? വഴിതെറ്റിവന്ന സഞ്ചാരി ആദ്യമായിട്ടാണ് ഇവിടെ വരുന്നതെങ്കില്‍ ആദ്യമായിട്ടാണ് ഈ പുഴയെ കാണുന്നതെങ്കില്‍ ഇതും ഒരു പുഴ. പുഴയുടെ ഗതി ഇങ്ങനെ ശുഷ്‌കിച്ചു പോയത് – പ്രഭവസ്‌ഥാനത്തിന് താഴെ ഒരണക്കെട്ട് വന്നത് കൊണ്ടാണെന്ന് അറിയുന്നവര്‍ – കുറെയൊക്കെ ഗ്രാമം വിട്ട് വെളിയില്‍ പോയിട്ടുള്ളവര്‍ക്കും കുറെയൊക്കെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്കും മാത്രം.
പുഴ ശുഷ്‌കിച്ച് പോയെങ്കിലും കാലം തെറ്റിവരുന്ന മഴക്കാലം പലപ്പോഴും വേറൊരു ഭാവവും പുഴയ്‌ക്ക് നല്‍കാറുണ്ട്.
ആവണീശ്വരഗ്രാമത്തില്‍ കൃഷ്‌ണന്റെ അമ്പലത്തിന് താഴെ അടുത്ത കാലത്ത് പണിതീര്‍ന്ന പാലത്തിലൂടെ ആദ്യമായൊരു വിദേശനിര്‍മ്മിതകാര്‍ വന്നത് പലര്‍ക്കും കൗതുകകരമായൊരു കാഴ്‌ചയായിരുന്നു. വളരെ അപൂര്‍വ്വമായി, ഉത്സവകാലത്ത് മാത്രം കണ്ടിരുന്ന കാറുകള്‍ ഇത്രയും മോടിയോ, കാഴ്‌ചയില്‍ എന്തെങ്കിലും വ്യത്യസ്‌തതയോ തോന്നിച്ചിരുന്നില്ല. പഴയ മോഡലുള്ള കാറുകള്‍. പക്ഷേ, ഈ പാലം വന്നതോടെ, നഗരത്തില്‍ നിന്നും ചിലപ്പോഴൊക്കെ പുതിയ ചില കാറുകള്‍ വരാറുണ്ട്. അവയൊന്നും ഇത്രമാത്രം മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ പറ്റിയ പകിട്ടോടു കൂടിയവയായിരുന്നില്ല.
നഗരത്തിലെ ഏതോ ഒരു സിനിമാക്കമ്പനിക്കുവേണ്ടി നിര്‍മ്മിക്കാന്‍ പോവുന്ന ഒരു ചലച്ചിത്രത്തിലെ നായകന്റെ വരവായിരുന്നു, കാറിലെന്ന് മനസ്സിലായത് ഇത്താക്കുമാപ്പിളയുടെ ലോറിയുടെ ഡ്രൈവര്‍ സ്‌കറിയ പറഞ്ഞപ്പോള്‍ മാത്രം. നഗരത്തിലെ സിനിമ കമ്പനിയുടെ ഉടമ ഒരു സുഭഗനായ ചെറുപ്പക്കാരന്‍ – നിരവധി വ്യവസായശാലകള്‍, ഫാക്‌ടറികള്‍, ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ അതോടൊപ്പം ഏതാനും സിനിമാശാലകള്‍- ഇവയൊക്കെ അയാളുടെ സ്വന്തമാണത്രെ. ഇപ്പോള്‍ അയാള്‍ വന്നിരിക്കുന്നത് ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥ സിനിമയാക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. കഥയും തിരക്കഥയും തയ്യാറായികഴിഞ്ഞു. പക്ഷേ, സിനിമയുടെ ഷൂട്ടിംഗ് ഈ അമ്പലത്തിലെ നടയ്‌ക്ക് മുന്നില്‍ വച്ച് തുടങ്ങണമെന്ന് നിര്‍മ്മാതാവ് ആഗ്രഹിക്കുന്നു. അതിന്‌വേണ്ടി അമ്പലക്കമ്മറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും മറ്റു ഭാരവാഹികളുമായുള്ള ചര്‍ച്ചയ്‌ക്കുവേണ്ടിയാണ് വന്നിട്ടുള്ളത്. കാറിന്റെ വരവ് അമ്പലത്തിന് മുന്നില്‍ വന്ന് നിന്നതോടെ ചുറ്റുപാടുമുള്ള ആള്‍ക്കാര്‍ പലരും അവിടെയെത്തിക്കഴിഞ്ഞു. കറുത്തനിറമുള്ള ഗ്ലാസ് വിന്റോ താഴ്‌ത്തി കാറിന്റെ പിന്നിലിരിക്കുന്ന ചെറുപ്പക്കാരന്‍ അവിടെകൂടിയ ഒരാളോട് ചോദിച്ചു.
‘ഇപ്പോഴും ദാമുവാശാന്‍ തന്നെയല്ലേ കമ്മറ്റിയുടെ പ്രസിഡന്റ്?’ ഉച്ചപൂജ കഴിഞ്ഞ് അമ്പലനടയടച്ച് തന്റെ സ്വന്തം ഇല്ലത്തേയ്‌ക്ക് മടങ്ങാന്‍ തുടങ്ങുകയായിരുന്ന പ്രായം ചെന്ന മേല്‍ശാന്തി ആദ്യം കാര്‍ വന്ന് നിന്നതും പിന്നീട് കുറെ ആള്‍ക്കാര്‍ ചുറ്റിനും കൂടിയതും കണ്ട് വിവരങ്ങള്‍ തിരക്കിയെങ്കിലും സിനിമയുമായി ബന്ധപ്പെട്ട ആള്‍ക്കാരാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ താല്‌പര്യം കാട്ടാതെ മടങ്ങാന്‍ തുടങ്ങുകായിരുന്നു. പക്ഷേ പരിചിതമായ ശബ്‌ദം – സുമുഖനായ ഈ ചെറുപ്പക്കാരന്‍ ആര് എന്നറിയാനായി തിരിഞ്ഞു നിന്നു.
ചെറുപ്പക്കാരന്റെ ആകാരം മനസ്സില്‍ ചിരപ്രതിഷ്‌ഠ നേടിയ ഒരുവനാണല്ലോ എന്നു തിരിച്ചറിവില്‍ തിരിഞ്ഞ് നിന്ന് ചോദിച്ചു.
‘മാധവനല്ലേ-?’
‘അതേ – ചെറുപ്പക്കാരന്‍ അങ്ങനെ പറഞ്ഞതോടെ എമ്പ്രാന്തിരി തിരിച്ച് ആള്‍ക്കൂട്ടത്തിന്നടുത്തേയ്‌ക്ക് വന്നു.
’എനിക്കാദ്യം പിടികിട്ടിയില്ലാട്ടോ? – വര്‍ഷമെത്രയായി – പത്തോ പന്ത്രണ്ടോ.‘
’പന്ത്രണ്ടല്ല കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് കഴിഞ്ഞു. – മാധവനാണേല്‍ ഇപ്പം തികഞ്ഞ പുരുഷനായിക്കഴിഞ്ഞു. അതുകൊണ്ട് എനിക്കും ആദ്യം കണ്ടു മനസ്സിലായില്ല.‘
അങ്ങോട്ട് നടന്നുവരികയായിരുന്ന നമ്പീശനാണിത് പറഞ്ഞത്.
’നിങ്ങളെയൊക്കെ തിരിച്ചറിയാനെനിക്ക് അത്ര ബുദ്ധിമുട്ടുണ്ടായില്ല. എങ്കിലും.
’അതെ – പ്രായം ഞങ്ങളെയൊക്കെ ഈ കോലത്തിലാക്കി. ഞാനും നമ്പീശനും ഇപ്പോഴും ഭഗവാന്റെ സന്നിധിയില്‍ എന്നുമുണ്ടാവും. രാവിലെ വന്നാല്‍ – ഇപ്പോഴീ സമയത്ത് ഉച്ചപൂജകഴിഞ്ഞ് നടയടച്ച് പോയാല്‍ – പിന്നെ വൈകിട്ട് അഞ്ച്‌മണികഴിഞ്ഞേ വരൂ-‘
’ഇപ്പോഴും ദാമുവാശാന്റെ കാര്യം ആരും പറഞ്ഞില്ല.‘
’ദാമുവാശാന്‍ പോയില്ലെ? ഇപ്പോള്‍ രണ്ട്‌വര്‍ഷം കഴിഞ്ഞു. ദാമുവാശാന്‍ പോണേന്റെ തലേദിവസോടെ അമ്പലത്തില്‍ വന്നതാ. സുഖമില്ലാത്ത അവസ്‌ഥയായിരുന്നു. കൈകാല്‍കഴപ്പും ക്ഷീണവും. എങ്കിലും എന്നും വരും. പോണേന്റെ തലേന്നോടെ മാധവന്റെ കാര്യം പറഞ്ഞതാ. മാധവനെ പിന്നെ കണ്ടില്ല എന്നതില്‍ വലിയ വ്യസനോണ്ടായിരുന്നു. മാധവനും ഇങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ താല്‌പര്യം കാട്ടിയില്ലല്ലൊ.‘ എമ്പ്രാന്തിരി അങ്ങനെ പറഞ്ഞതോടെ മാധവന്റെ മനസ്സില്‍ ഒരു കുറ്റബോധമുണ്ടായി. പ്രത്യേകിച്ചും ദാമുവാശാന്‍ ഇല്ല എന്നതാണ് മാധവനെ ഏറ്റവും കൂടുതല്‍ ഉലച്ചത്. എല്ലാ ഏടാകൂടത്തിലും തനിക്കെന്നും തുണയായിരുന്നത് ദാമുവാശാനയിരുന്നല്ലോ. നാട്ടുകാരില്‍ പലരും തനിക്കെതിരായിരുന്ന സമയത്ത് എന്നും തുണയായിനിന്നത് ദാമുവാശാനായിരുന്നു. ഭവത്രാതന്‍ നമ്പൂരിയുടെ മോനെ തല്ലിച്ചതച്ചത് ഒച്ചപ്പാടായപ്പോള്‍ ദാമുവാശാന്‍ ശക്തമായി തനിക്ക് പിന്നില്‍ നിന്നപ്പോള്‍ ജന്മിയോട് എതിര്‍വാക്കുരിയാടാന്‍ മടികാണിച്ച പലരും പിന്നീട് തനിക്കൊപ്പമായി. പിന്നെ ഈ അമ്പലത്തിനും നാടിനും ഗുണം വേണ്ടുന്ന എല്ലാ കാര്യങ്ങള്‍ക്കും ദാമുവാശാന്‍ മുന്നിട്ടിറങ്ങുമ്പോള്‍, പ്രായവ്യത്യാസം നോക്കാതെ തന്നെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യം കാണിച്ചതോടെ നാട്ടുകാരുടെയിടയിലുള്ള മുറുമുറുപ്പ് താനേ കെട്ടടങ്ങും. തനിക്കും ഈ നാട്ടില്‍ അഞ്ചുവര്‍ഷക്കാലം ഇവിടെ തലയെടുപ്പോടെ നില്‌ക്കാനായി.
’ആട്ടെ മാധവന്റെ വിശേഷങ്ങളൊക്കെ എന്തൊക്കെയാ?‘
’ഞാനിപ്പോള്‍ പട്ടണത്തിലാണ്.‘ ബിസിനസ്സാണ്.’
എന്താ ബിസിനസ്സെന്ന് വച്ചാല്‍ – ഞങ്ങളൊക്കെ തനി നാട്ടിന്‍ പുറത്തുകാര്‍ – ഇങ്ങനെ ബിസിനസ്സെന്ന് പറഞ്ഞാല്‍ ഒന്നും അറിയില്ല.
മാധവനല്‌പം വിഷമത്തിലായി. തന്റെ ബിസിനസ്സെന്തൊക്കെയാണെന്നും അവയൊക്കെ നോക്കിനടത്താന്‍ താനൊരാള്‍ മാത്രം മതിയില്ലെന്നും തുറന്നടിക്കാന്‍ മാധവനായി.
‘ഇവ്‌ട്‌ന്ന് പോയേ പിന്നെ അച്ഛന്‍ പണ്ടു നടത്തിയിരുന്ന ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ്, സ്‌കൂള്‍ – ഇവയൊക്കെ നോക്കി നടത്തേണ്ടിവന്നു. പിന്നെ ഞാനായി തുടങ്ങിയതാണ് പെട്രോള്‍ പമ്പും സിനിമയും.’ ‘സിനിമയോ?’ നമ്പീശന് അദ്‌ഭുതമായി. വല്ലപ്പോഴും നഗരത്തില്‍ ചെല്ലുമ്പോള്‍ സിനിമകളുടെ പോസ്‌റ്റുകള്‍ കണ്ടിട്ടുണ്ട്. ഒരിക്കൽ മാധവന്റെ പടവും കണ്ടിട്ടുണ്ടോ എന്നൊരു സംശയം. അങ്ങനൊരു പ്രതീക്ഷ മാധവനെകുറിച്ചില്ലാത്തതിനാല്‍ കൂടുതല്‍ കാര്യമായന്വേഷിച്ചുമില്ല. മാത്രമല്ല, ഒരു വെളുപ്പിനെ അമ്മയ്‌ക്ക് സുഖമില്ലെന്ന് കേട്ട് ഓടിപ്പോയ ആള്‍, ആദ്യത്തെ ഒന്ന് രണ്ട് വര്‍ഷം തങ്ങളുടെ ഇടയിലെ സംസാരവിഷയമായിരുന്നെങ്കിലും മാധവന്റെ പേര്‍ ഇപ്പോള്‍ കൂടുതലും ഓര്‍മ്മിക്കുന്നത് ഉത്സവകാലത്താണ്. പക്ഷേ നാട്ടുകാര്‍ക്ക് പലപ്പോഴും മാധവന്‍ സ്‌മരണകളില്‍ തുടിച്ച് നില്‍ക്കുന്നത് ഭവത്രാതന്‍ നമ്പൂതിരിയേയും കുടുംബത്തേയും നാട്ടില്‍ നിന്നോടിച്ചയാള്‍ എന്ന നിലയിലാണ്. ഭവത്രാതന്‍ നമ്പൂതിരിയുടെ ദുഷ്‌ചെയ്‌തികളാല്‍ പലപ്പോഴും പട്ടിണി കിടക്കേണ്ട അവസ്‌ഥയില്‍ നിന്ന് നാട്ടുകാരെ രക്ഷിച്ചയാള്‍ എന്ന ബഹുമതി അവരുടെ മനസ്സില്‍ എന്നുമുണ്ട്. ഇത്താക്ക് മാപ്പിള പറയുന്നത്, മലഞ്ചരിവിലുള്ള ഭൂമിയില്‍ മാധവന്‍ വരുന്നതിന് മുമ്പ് എന്നൊക്കെ ഏത്തവാഴകൃഷിയും മറ്റ് കപ്പ, ചേന മുതലായ പച്ചക്കറികളൊക്കെ നട്ടിട്ടുണ്ടോ, വിളവെടുപ്പ് സമയമാവുമ്പോള്‍, അവയിലെ സിംഹഭാഗവും തങ്ങളുടെ ഭൂമിയാണ് എന്ന ഹുങ്കോടെ ഇല്ലത്തേയ്‌ക്ക് കൊണ്ടുപോവുമായിരുന്നു. ആ അഹമ്മതിക്ക് അറുതി വരുത്തിയതും ആദ്യം ഭവത്രാതന്റെ മകനെയും – പിന്നെയാളെത്തന്നയും കെട്ടുകെട്ടിച്ചത്. മാധവനൊരുത്തനാണെന്നത് – അയാള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നു. പക്ഷേ ആ മാധവന്‍ – നഗരത്തിലെ തന്റെ അമ്മാവന്റെ ഭീഷണിയേയും അതിക്രമത്തേയും അതിജീവിച്ചെങ്കിലും പിന്നെന്ത്‌കൊണ്ട് ഇങ്ങോട്ട് വന്നില്ല. എന്നത് ഇടയ്‌ക്കൊക്കെ സ്വയം ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആള്‍ സിനിമയിലും കയറിപ്പറ്റിയിരിക്കുന്നു.
‘സിനിമ പിടുത്തമാണോ? അതൊത്തിരി പണച്ചിലവുള്ള ബിസിനസ്സല്ലേ?’ എമ്പ്രാന്തിരിക്ക് അറിയേണ്ടത് അതാണ്.
‘അതെന്താ തിരുമേനി അങ്ങനെ പറേണെ? ഹോട്ടലും സ്‌കൂളും പമ്പും ഒക്കെ നടത്തണയാള്‍ക്ക് സിനിമ പിടിക്കാനാണോ പണച്ചെലവ്?’ ഇങ്ങനെ നമ്പീശന്‍ എമ്പ്രാന്തിരിയോട് ചോദിച്ചെങ്കിലും, വിശദാംശങ്ങള്‍ അറിയണമെന്ന് അങ്ങേര്‍ക്കും താല്‌പര്യമുണ്ടായിരുന്നു. പക്ഷേ, മാധവന്‍ ഒന്ന് ചിരിച്ചതേയുള്ളു. ഈ ചിരി കണ്ടതോടെ നമ്പീശനും എമ്പ്രാന്തിരിയും പഴയക്കാലത്തേയ്‌ക്ക് മടങ്ങി.
ദാമുവാശാനും പിന്നെ അന്നത്തെ ക്ഷേത്രക്കമ്മറ്റിക്കാരും എന്നും ഉച്ചപൂജയോടനുബന്ധിച്ചും പിന്നെരാത്രി അത്താഴപൂജയ്‌ക്കും വേണുഗാനം പാടിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറയാതെ മാധവനന്ന് ചിരിച്ചൊഴിഞ്ഞതേയുള്ളു. ആ ചിരി മാധവനിപ്പോഴും സൂക്ഷിക്കുന്നു. ഈ മനുഷ്യനില്‍ നന്മയുടെ അംശം ചോര്‍ന്നിട്ടില്ല എന്ന സന്തോഷമായിരുന്നു, അവര്‍ക്ക്.
‘മാധവന് നല്ലതേ വരൂ – കഷ്‌ടപ്പാടുകളുടെ കാലത്ത് ഇവിടെവന്ന് ഭഗവാന്റെ മുന്നില്‍ പാട്ട് പാടി സന്തോഷിപ്പിച്ചതിന്റെ അനുഗ്രഹം മാധവന് എന്നും തുണയായിരിക്കും. ആ അനുഗ്രഹമാണ് എല്ലാ ദുഷ്‌ടശക്തികളെയും അകറ്റി മാധവനിന്നീ അഭിവൃദ്ധി നല്‍കിയത്.’
‘ആ ഓടക്കുഴല്‍ വായന ഇപ്പോഴുമുണ്ടോ?’
എമ്പ്രാന്തിരിയുടെ വിശദീകരണം മാതിരിയുള്ള പറച്ചിലില്‍ സന്തോഷിച്ച മാധവന്‍ അവസാനത്തെ ആ അന്വേഷണത്തോടെ ഒന്ന് പതറി. ഓടക്കുഴല്‍ വായനയിലൂടെ ഈ നാട്ടുകാരെയും ഭഗവാനെത്തന്നെയും പ്രീതിപ്പെടുത്താനായി എന്നാവുമ്പോള്‍, ആ ഓടക്കുഴലിനെന്ത് പറ്റിയെന്നിവര്‍ ചോദിക്കുന്നില്ലല്ലോ എന്ന ഒറ്റ സമാധാനമേ മാധവനിപ്പോഴുള്ളു. പക്ഷേ, ഈ ചോദ്യം ഇപ്പോള്‍ ഞാനും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
‘ആ ഓടക്കുഴലെവിടെ?’
ഇവ്‌ടന്ന് പോയി രണ്ട്‌വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ വന്നപ്പോള്‍, രാധ ഈ ചോദ്യം ചോദിച്ചതായിരുന്നു. അന്ന് രാധപറഞ്ഞു.
‘ആ ഓടക്കുഴലായിരുന്നു, മാധവന്റെ ശക്തി, മനസ്സും. ആ ഓടക്കുഴല്‍ നഷ്‌ടപ്പെട്ടോ?’ പക്ഷേ, തന്റെ മനസ്സില്‍ രാധയെ എങ്ങനെ വശത്താക്കാന്‍ പറ്റുമെന്ന ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളു.
എമ്പ്രാന്തിരിയും നമ്പീശനും വീണ്ടും അന്വേഷണം സ്‌ഫുരിക്കുന്ന മുഖഭാവത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തെങ്കിലും മറുപടികൊടുത്തേ ഒക്കൂ എന്നായി.
‘അവിടെ ഞങ്ങളുടെ തറവാട്ടില്‍ കാണണം. പിന്നീടെനിക്ക് പാടാന്‍ പറ്റിയിട്ടില്ല. അമ്മയുടെ ചികിത്സ, പിന്നെ അച്ഛന്റെ മരണത്തോടെ നഷ്‌ടപ്പെട്ട വസ്‌തുവും ബിസിനസ്സും തിരിച്ച് പിടിക്കാനുള്ള ഓട്ടം – ഇതൊക്കെക്കൊണ്ട് എനിക്ക് ഓടക്കുഴല്‍ വായനയെപറ്റി ഓര്‍ക്കാനേ സമയം കിട്ടിയില്ല. വസ്‌തുവും ബിസിനസ്സും തിരികെ കിട്ടിയതോടെ – പിന്നെ അവിടെയുള്ള പ്രശ്‌നങ്ങള്‍ – ഏതായാലും ഈ നാടിനെയും നാട്ടാരെയും ഭഗവാന്‍ കൃഷ്‌ണനെയും ഞാനെങ്ങനെ മറക്കാനാണ്?’
ഇങ്ങനൊക്കെ മാധവന്‍ അവരോട് പറഞ്ഞെങ്കിലും മാധവന്റെ മനസ്സിലൊരു കുറ്റബോധം നുരകുത്തുകയായിരുന്നു. 15 വര്‍ഷക്കാലം ഈ നാടിനെ മറന്നുവെന്നതിനേക്കാള്‍ ദാമുവാശാനെയും പിന്നെ – അതെ, ഇന്നും മനസ്സില്‍ ഒരു മുള്ളു തറയ്‌ക്കുന്ന നൊമ്പരമുണര്‍ത്തുന്ന രാധയേയും എങ്ങനെ മറക്കാന്‍ കഴിഞ്ഞുവെന്നത് വല്ലാതെ വേദനപ്പെടുത്തുന്നു. ഇനിയെങ്കിലും ദാമുവാശാന്‍ എങ്ങനെ മരിച്ചുവെന്നതിനെക്കുറിച്ചന്വേഷിക്കാതിരുന്നാല്‍ താനൊരു നികൃഷ്‌ട ജീവിയായി ആരെങ്കിലും മുദ്രകുത്തിയാല്‍-
‘ആട്ടെ ദാമുവാശാനെന്തായിരുന്നു അസുഖം? ഞാന്‍ കരുതിയത് ദാമുവാശാന്‍ ഇനിയും കുറെക്കാലം ഇവിടുണ്ടാവുമെന്നായിരുന്നു.’
‘പറഞ്ഞില്ലെ? പ്രത്യേകിച്ചൊരസുഖവും പറയാനില്ലായിരുന്നു. പിന്നെ ക്ഷീണം, പ്രായം കുറവായിരുന്നോ? ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ടയാളാ – ശരീരക്ഷീണവും ഇടക്കിടെയുണ്ടാകുന്ന ശ്വാസംമുട്ടലും വകവയ്‌ക്കാതെ മരിക്കണേന്റെ തലേന്ന്‌കൂടി അമ്പലത്തില്‍ വന്നിരുന്നു. ആ രാത്രിയാണ് മരണം. ഏതായാലും ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നുപോയത് തന്നെ നല്ല കാര്യമല്ലെ? ഭാര്യനേരത്തേ മരിച്ചുപോയിരുന്നു. പെണ്‍മക്കള്‍ രണ്ടുപേരുടെയും കല്യാണം നല്ലരീതിയില്‍ നേരത്തേ തന്നെ കഴിഞ്ഞിരുന്നു. ഒരു മകനുള്ളത് കുറെ കൃഷിയും പിന്നെ ഇവിടെത്തന്നെ അങ്ങാടിക്കവലയില്‍ ചെറിയ തോതില്‍ കച്ചവടവുമായി കഴിയുന്നു. അങ്ങനെയൊക്കെ വരുമ്പോള്‍ ദാമുവാശാന് സമാധാനിക്കാം. ചെയ്യേണ്ടതെല്ലാം സമയാസമയത്ത് ചെയ്‌തുതീര്‍ത്ത് ആര്‍ക്കും ബാദ്ധ്യതയില്ലാതെയാണ് വിട പറഞ്ഞതെന്ന്. എത്രപേര്‍ക്കീ ഭാഗ്യം കിട്ടും?’ ചോദ്യം തന്നോടാണോ എന്ന് മാധവന് സംശയം തോന്നി. തനിക്കേതായാലും ഈ ഭാഗ്യമുണ്ടാവില്ല തീര്‍ച്ച. ഭവത്രാതന്‍ നമ്പൂതിരിയെ ഓടിച്ചതോ, അച്ഛനെ വകവരുത്തിയ അമ്മാവനെ ഉന്മൂലനം ചെയ്‌തതോ, ഒന്നുമില്ല – അതൊക്കെ നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്നു നോക്കുമ്പോള്‍ തെറ്റായിരുന്നെന്ന് തോന്നുന്നില്ല. പക്ഷേ – 15 വര്‍ഷക്കാലത്തിനിടയ്‌ക്ക് ഇടയ്‌ക്ക് എപ്പോഴെങ്കിലും ഇങ്ങോട്ട് വരണമെന്ന് തോന്നാത്തത് ആദ്യത്തെ അപരാധം.
പിന്നെ – പിന്നെ ബാലചാപല്യങ്ങള്‍ വിടാത്ത തനിക്ക് ഉത്തരവാദിത്വവും പിന്‍ബലവും നല്‍കാന്‍ എന്നും രാധയുണ്ടായിരുന്നു. ആ രാധയായിരുന്നു മാധവന്റെ വളര്‍ച്ചയുടെ പിന്നില്‍. ആ രാധയെ ഇടയ്‌ക്കോര്‍മ്മിച്ചത് -? മനസ്സില്‍ ചിലപ്പോഴൊക്കെ രാധ കടന്നുവന്നത് മാദകമുണര്‍ത്തുന്ന ചിന്തകള്‍ ഉടലെടുക്കുമ്പോഴാണ്. അന്ന് രാത്രി വന്നപ്പോള്‍ രാധയുടെ മനസ്സിനെ ഉലയ്‌ക്കുന്ന ആകാരം കണ്ടതോടെ, ഇടക്കാലത്ത് തന്റെ ജീവിതത്തിലേയ്‌ക്ക് കടന്ന് വന്ന സ്‌ത്രീകള്‍ – അവരൊക്കെ രാധയെകാണുമ്പോള്‍ നാണിച്ച് മുഖം പൊത്തും, കടഞ്ഞെടുത്ത മാതിരിയുള്ള ഉടലും എപ്പോഴും പുഞ്ചിരിയും പ്രസാദത്മകത സ്‌ഫുരിക്കുന്ന മുഖഭാവവും നെറ്റിയിലെ ചാന്ത്‌പൊട്ടും മേലെയുള്ള കൃഷ്‌ണന്റെ അമ്പലത്തിലെ ചന്ദനക്കുറിയും നീണ്ടമുടിയും നക്ഷത്രത്തിളക്കമുള്ള വലിയ കണ്ണുകളും രാധയുടെ പ്രത്യേകതകളായിരുന്നു. പക്ഷേ, അവളുടെ വേഷം അതൊന്നിനോട് മാത്രം യോജിപ്പില്ലായിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള വേഷവിധാനം കൂടിയുണ്ടായിരുന്നാല്‍ ഇന്നിപ്പോള്‍ ഒരു ഫാഷനായിത്തീരുന്ന സൗന്ദര്യമത്സരത്തിലെ ജേതാക്കളൊക്കെ രാധയുടെ മുന്നില്‍ നിഷ്‌പ്രഭം. രാധയെ ആ വേഷത്തില്‍ സങ്കല്‌പിച്ചപ്പോഴൊക്കെ തന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടത് – പിന്നീടത് മൂലം വന്നുചേര്‍ന്ന അനിഷ്‌ടസംഭവങ്ങള്‍ – അതൊക്കെ ഇപ്പോഴും ഈ ഹൃദയത്തെ മുറിവേല്‌പിക്കുന്നു. നഗരത്തിലേയ്‌ക്ക് മടങ്ങി, ആ മുറിവുകളുയര്‍ത്തുന്ന വേദന ഇല്ലാതാക്കാന്‍ ഒരുതരം വാശിയോടെ തന്റെ ജീവിതത്തിലേയ്‌ക്ക് കടന്ന് വന്ന എല്ലാ സ്‌ത്രീകളെയും ഭോഗവസ്‌തുവായി മാത്രമാണ് കണ്ടത്. മദ്യവും മദിരാക്ഷിയും കൂടപ്പിറപ്പുപോലായപ്പോള്‍, ചെറുപ്പത്തില്‍ സ്വായത്തമാക്കിയ എല്ലാഗുണങ്ങളും നഷ്‌ടപ്പെട്ടതിന്റെ വേദനമാത്രമാണ് ഇപ്പോള്‍ – ഓരോ പുതിയ ബിസിനസ്സും തുടങ്ങുന്നതും അതില്‍ മുഴുകുന്നതും, മനസ്സിന്റെ പിരിമുറുക്കം അറിയാതിരിക്കാന്‍ മാത്രമാണ്. ഏറ്റവും അവസാനമാണ്, സിനിമ നിര്‍മ്മാണവും – അഭിനയവും വളരെ ചുരുക്കം സിനിമകളിലേ അഭിനേതാവായിട്ടുള്ളു. പക്ഷേ നാടൊട്ടുക്ക് പേരും പ്രശസ്‌തിയും ലഭിച്ചു കഴിഞ്ഞു. ആവണീശ്വരം പോലുള്ള ഈ ഗ്രാമത്തിലും തന്റെ പേരും പ്രശസ്‌തിയും വ്യാപിക്കാനും നിലനിര്‍ത്താനുമുള്ള ഒരു സിനിമ – അതില്‍ പക്ഷേ, രാധവേണം മുഖ്യവേഷത്തില്‍ തന്നോടൊപ്പം. ആ ചിന്തയാണ് ഇന്നീ ഗ്രാമത്തിലേയ്‌ക്ക് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. അതൊക്കെ എങ്ങിനെയാണ് അല്ലെങ്കില്‍ എന്തിനാണ് ഇവരോടൊക്കെ പറയുക.
രാധയുടെ അവസ്‌ഥ ഇപ്പോഴെന്താവും? അവള്‍ വിവാഹിതയായിരിക്കുമോ? തന്നേക്കാള്‍ നാലഞ്ച് വയസ്സിന് മൂത്തതാണ്. വിവാഹിതയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളുമായി ഭര്‍ത്താവൊത്ത് കഴിയുകയാണെങ്കിലോ? അങ്ങിനെയാണെങ്കില്‍ താനെടുക്കാന്‍ പോകുന്ന സിനിമയില്‍ അവള്‍ക്കഭിനയിക്കാന്‍ പറ്റാതെവരും. മാത്രമല്ല, ഈ പ്രായത്തില്‍ അവള്‍ക്ക് അന്നത്തെ സൗന്ദര്യവും ആകാരവും കാത്ത് സൂക്ഷിക്കാനായി എന്ന് വരില്ല.
മനസ്സിലൂടെ പെട്ടെന്ന് കടന്ന്‌വന്ന ചിന്തകള്‍, മാധവനെ വേറൊരു ലോകത്തേയ്‌ക്ക് നയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടിനെ നടുക്കിയ ജലപ്രളയത്തില്‍, കോരിച്ചൊരിയുന്ന മഴമൂലം ജനങ്ങളും ജന്തുവര്‍ഗ്ഗവും വീടുകളിലും എരുത്തുകളിലും തന്നെ അഭയം തേടി. പട്ടിണിമൂലം കോലംകെടുന്ന അവസ്‌ഥയാണ്. രാധയുടെ സങ്കടം കണ്ട് കന്നുകള്‍ക്ക് തീറ്റതേടി പുഴയോരത്തിന് തെക്കുമാറിയുള്ള കുന്നിന്‍ ചെരുവില്‍ അഭയസ്‌ഥാനം കണ്ടെത്തിയ സമയം. മഴ ഏല്‍ക്കാതെ, വെള്ളംകയറാതെ തീര്‍ത്തും പച്ചപ്പു തെളിഞ്ഞു കാണുന്ന മലംചെരിവില്‍ കഴിച്ചുകൂട്ടിയ ആ മണിക്കൂറുകള്‍ – അന്നത്തെ രാധ – ആദ്യമായി അവളുടെ ഉടലിന്റെ ചൂടുംചൂരും അറിഞ്ഞ മുഹൂര്‍ത്തങ്ങള്‍ – ആ ഓര്‍മ്മകള്‍ കടന്ന് വരുമ്പോള്‍.
വിത്തും കിളയുമേല്‍ക്കാതെ ദാഹാര്‍ത്തയായി കഴിഞ്ഞ ഭൂമികന്യക. അറിഞ്ഞോ അറിയാതെയോ – അന്നവളുമായി കഴിഞ്ഞ നിമിഷങ്ങള്‍ – നാഴികകള്‍ – ഒരു പകലിന്റെ പകുതിയും തങ്ങള്‍ – തങ്ങളുടേത് മാത്രമായ ലോകത്തായിരുന്നു. ആ രാധയാണ് ഇന്നും മനസ്സിലുള്ളത്.
അതേവരെ രാധ എന്നും തനിക്ക് ഗുരുസ്‌ഥാനിയായ മൂത്തസഹോദരിയായിരുന്നു. ദുരന്തങ്ങള്‍ വേട്ടയാടിയ ഒരു നാഗരികനായ ബാലന് അഭയം നല്‍കിയ അമ്മയുടെ സതീര്‍ത്ഥ്യയുടെ മകന്‍ – തന്നേക്കാള്‍ നാലോ അഞ്ചോ വയസ്സിന് മൂപ്പുള്ളവള്‍ –
പക്ഷേ ഭൂമിയും ആകാശവും പരസ്‌പരാകര്‍ഷണത്തില്‍പ്പെട്ട് – ലോകം തന്നെ തങ്ങളുടെ ചൊല്‍പ്പടിക്കെന്ന് തനിക്ക് കാണിച്ച് തന്ന അവള്‍ – അവള്‍ തന്റെ മൂത്തസഹോദരിയോ ഗുരുസ്‌ഥാനീയയോ അല്ലെന്ന് ബോദ്ധ്യം വന്ന ആ മുഹൂര്‍ത്തം, അന്നവളില്‍ താന്‍കണ്ടത് വികാരങ്ങള്‍ അലയടിക്കുന്ന ഗ്രാമത്തിലൂടെ ഒഴുകുന്ന പുളകിതയാവുന്ന നദിയെയാണ്. കാമുകന്റെ ലക്ഷ്യം നോക്കി കുതിക്കുന്ന സാഹസികയും മദാലസയും ഭോഗാലസയും ആയ നദി അവളായിരുന്നു രാധ.
ആ രാധയാണ് മാധവന്റെ മനസ്സിലുള്ളത്.
Generated from archived content: radha25.html Author: priya_k