ഇരുപത്തിനാല്‌

മാധവന്‍ ആദ്യം കയ്യിലേയ്‌ക്ക്‌ വച്ച്‌ തന്നത്‌ ഇറുകിയ ഉടുപ്പും പിന്നെ ഒരു പാവാട പോലെ ഒന്നും. മാധവനതിന്‌ വേറൊരു പേരാണ്‌ പറഞ്ഞത്‌. ഉടുപ്പ്‌ കണ്ടപാടെ രാധ പറഞ്ഞു. ‘വേണ്ട അങ്ങനെ ശ്വാസം മുട്ടുന്നതരത്തിലുള്ള വേഷം എനിക്ക്‌ വേണ്ട.’

‘രാധ എന്താണ്‌ പറയുന്നത്‌? നിന്റെയീ വെള്ള മുണ്ടും അതിനടിയില്‍ പിന്നെ – നിങ്ങളെന്തൊക്കെയോ പറയുന്നല്ലോ. ഏതായാലും ഈ വേഷം അവിടെ പറ്റില്ല. എന്റെ സ്‌നേഹിതര്‍ ധാരാളം പേരവിടുണ്ട്‌. ഈ രണ്ട്‌വര്‍ഷക്കാലം ഞാന്‍ ഒളിവിലും ഓട്ടത്തിലുമായപ്പോള്‍ അവരൊക്കെയായിരുന്നു സഹായികര്‍. അവരുടെ മുന്നില്‍ ഞാനെങ്ങനെ രാധയെ ഈ വേഷത്തില്‍ കൊണ്ടുപോകും? ഇതൊക്കെ അഴിച്ചു മാറ്റിയേപറ്റു.’

‘രാധെ നീ കേള്‍ക്ക്‌ പട്ടണത്തിലെ പെണ്‍പിള്ളേരുടെ വേഷം ഇതൊന്നുമല്ല.’

‘ആ ഫോട്ടായില്‍ കണ്ടപോലത്തെ വേഷമല്ലെ? നാണമില്ലെ, അതുങ്ങള്‍ക്കിങ്ങനെ എല്ലാം തുറന്ന്‌ -’ രാധ പെട്ടെന്ന്‌ പറയാന്‍ വന്നത്‌ വിഴുങ്ങി. അവളെന്താണുദ്ദേശിച്ചതെന്ന്‌ മാധവനറിയാം.

‘നീ കണ്ട ഫോട്ടോകള്‍ ക്ലബ്ബിലെ അംഗങ്ങളുടെയാണ്‌. കൊച്ചുപെണ്‍പിള്ളേര്‍ മുതല്‍ കുറെ പ്രായമായവര്‍ വരെ അത്തരം വേഷമിടാറുണ്ട്‌.’

മാധവന്റെ ആ വേഷത്തെ ന്യായീകരിച്ചുള്ള – ഇറുക്കിയ ഉടുപ്പ്‌ ജീന്‍സും – പിന്നെ മിഡിയും ടോപ്പും – ട്രൗസറും കയ്യില്ലാത്ത ഷര്‍ട്ടും – ആ മാതിരി വേഷങ്ങളോട്‌ ഒരു താല്‌പര്യമില്ലെന്ന്‌ രാധ നേരത്തേതന്നെ സൂചിപ്പിച്ചതാണ്‌. പിന്നെയും മാധവന്‍ നഗരത്തിലെ വേഷവും പെരുമാറ്റവും എങ്ങനെ വേണമെന്ന്‌ പറയാന്‍ തുടങ്ങിയതേഉള്ളു.

‘മാധവാ – ഞാനൊന്നു ചോദിക്കട്ടെ – മാധവന്റെ അമ്മയും ഇതുപോലെത്തെ ട്രൗസറും ഉടുപ്പും – അല്ലെങ്കില്‍ മറ്റെന്തോ പോരൊക്കെ പറഞ്ഞല്ലൊ അതൊക്കെയാണോ ഇടണെ? തുണിയുടുക്കണത്‌ എന്തിനാണെന്ന്‌ മാധവന്‍ അമ്മയോട്‌ ചോദിക്ക്‌.’

രാധയുടെ ഈ വാക്കുകള്‍ മാധവനെ കുഴക്കി. എങ്കിലും വിട്ടുകൊടുത്തില്ല.

‘അമ്മയുടെ പ്രായമാണോ രാധയ്‌ക്ക്‌?’

‘മാധവന്‍ പറഞ്ഞില്ലെ പ്രായം ചെന്നവരും ചിലരൊക്കെ ആ വേഷം ഇടുമെന്ന്‌.’

‘വേണ്ട- രാധയ്‌ക്കാമാതിരി വേഷം വേണ്ടെങ്കില്‍ വേണ്ട. പട്ടണത്തില്‍ സാരിയും ബ്ലൗസും ഉപയോഗിക്കുന്നവരുന്നണ്ട്‌. അത്‌ കുഴപ്പമില്ലല്ലോ.

സാരിയും ബ്ലൗസും. അത്‌ രാധയ്‌ക്ക്‌ കുറെയൊക്കെ സുപരിചിതമാണ്‌. മാളു ഒരിടയ്‌ക്ക്‌ വിവാഹശേഷം ഭര്‍ത്താവുമൊരുമിച്ച്‌ ദൂരെവിടെയോ പോയി വന്നപ്പോള്‍ ഈ മാതിരി വേഷമിട്ട്‌ വന്നിട്ടുണ്ട്‌. പക്ഷേ, മാധവന്‍ ഫോട്ടോയില്‍ കാണിച്ചപോലെ മാറും വയറും പകുതിയും കാണിച്ച്‌, താഴ്‌ത്തിയിട്ടുള്ള വേഷമല്ല. അതോര്‍ത്തപ്പോള്‍ രാധയ്‌ക്ക്‌ ചൊടിച്ചു.

’ഛേയ്‌ – ആ ഫോട്ടോയില്‍ കാണുന്ന പോലാണോ? എന്തിനാ അതൊക്കെ അവറ്റകളുടക്കണെ? നാട്ടുകാരെ ബോധിപ്പിക്കാനോ?‘

‘ രാധ കുലീനമായ വേഷത്തിലേ നടക്കൂ എന്നാണെങ്കില്‍ – അത്‌ നല്ലതാണ്. തന്റെ ജീവിതസഖിയാവേണ്ടവള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌ഥമാവണം.

‘ശരി – രാധയ്‌ക്ക്‌ സാരിയും ബ്ലൗസും നന്നെ ചേരും‘

’അതെങ്ങനറിയാം? ഞാനിതിന്‌ മുമ്പ്‌ അതൊന്നും ഉടുത്തിട്ടില്ലല്ലോ‘.!

‘രാധ- വിഷമിക്കേണ്ട അങ്ങനൊരു ജോഡിയും കൊണ്ടുവന്നിട്ടുണ്ട്‌. രാധ അതെടുത്തുനോക്കണം. അതുടുക്കുമ്പോള്‍ ഈ തുണിയൊക്കെ മാറ്റി.’

‘ഛേയ്‌ – മാധവനെന്താ ഈ പറയണെ? സാരിയുടുക്കണേ- ഇതൊക്കെ അഴിച്ചുമാറ്റണംന്നോ?’

‘അതെ – വേണം – നിനക്ക്‌ മനസ്സിലാവില്ല. ഞാന്‍ സാരിയെടുത്ത്‌ തരാം. പിന്നെ ബ്ലൗസും -’ ബ്രീഫ്‌കേസില്‍ നിന്നും പുതിയ സാരിയും ബ്ലൗസും എടുത്തപ്പോള്‍ തന്നെ രാധയുടെ ഉള്ള്‌ കുളിര്‍ത്തു. പുതിയ ഡ്രസ്സിന്റെ മണം തന്നെ മനസ്സിന്‌ കുളിര്‍മയും സന്തോഷവും തരുന്നതാണ്‌. മാത്രമല്ല ആ നിറവും അതിന്‌ യോജിച്ച ബ്ലൗസും.

പക്ഷേ, വേറൊരു പ്രശ്‌നം – എങ്ങനെ അതുടുക്കും. ആരുടുപ്പിക്കും? രാധയുടെ ബുദ്ധിമുട്ട്‌ എന്താണെന്ന്‌ മാധവനൂഹിച്ചു. അയാള്‍ സാരി എടുത്ത്‌ വിടര്‍ത്തി – ഏറെക്കുറെ എങ്ങനെയാണുടുക്കേണ്ടതെന്ന്‌ രാധയ്‌ക്ക്‌ കാണിച്ച്‌ കൊടുത്തു. സാരിയുടുക്കുന്നതിന്‌ മുമ്പേ ധരിക്കേണ്ട അടിപ്പാവടയുടെയും അതിനുള്ളില്‍ പോവേണ്ട ചെറിയ വേഷവും – അതും കാണിച്ചുകൊടുത്തു. നിസ്സഹായയായി നില്‍ക്കുന്ന രാധയുടെ അവസ്‌ഥ മനസ്സിലാക്കിയ മാധവന്‍ അല്‌പം കടന്നകയ്യാണ്‌ ചെയ്‌തത്‌. രാധയുടെ ഉടുവസ്‌ത്രം ഓര്‍ക്കാപ്പുറത്തെന്നപോലെ അഴിച്ചുമാറ്റി. അതോടെ രാധ – ‘ഹോയ്‌’ എന്നൊച്ചവച്ചു. പിന്നെ സാരിയും പാവാടയും ബ്ലൗസുമെടുത്ത്‌ അകത്തേയ്‌ക്ക്‌ കയറി വാതിലടച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തു വാതില്‍ തുറക്കാന്‍. വാതില്‍ തുറന്ന്‌ ഡ്രസ്സ്‌ ചെയ്‌ത്‌ നില്‍ക്കുന്ന രാധയെ കണ്ടതോടെ മാധവന്‍ പൊട്ടിച്ചിരിച്ചു. ഇവിടെ ഇന്ന്‌ വന്നതിന്‌ ശേഷം മനസ്സറിഞ്ഞ്‌ ചിരിക്കുന്നത്‌ ഇപ്പോഴാണ്‌ തന്റെ വേഷം ശരിയല്ല എന്ന്‌ രാധയ്‌ക്കുംതോന്നി. മാധവന്റെ ചിരി കണ്ടതോടെ രാധയും നാണം കലര്‍ന്ന ഒരു ചിരിയിലേയ്‌ക്ക്‌ കൂപ്പുകുത്തി.

‘രാധ – ഇങ്ങ്‌ വാ – ഞാന്‍ കാണിച്ചു തരാം.’

‘വേണ്ട – എനിക്ക്‌ സാരീം വേണ്ട – മറ്റെ കുന്തം – പാവാട – അതൊന്നും വേണ്ട.’

‘അങ്ങനെ പറയല്ലെ രാധെ – രാധയ്‌ക്ക്‌ ഞാനല്ലാതെ വേറാരാ ഇത്‌ പറഞ്ഞു തരാനുള്ളെ? ഈ നാട്ടിന്‍ പുറത്ത്‌ ആരെങ്കിലും സാരിയുടുക്കണവിധം പറഞ്ഞുതരാന്‍ പറ്റ്വോ? രാധ എന്നെ വിശ്വസിക്ക്‌. രാധയുടെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോണ പുരുഷന്‍ എന്ന സ്വാതന്ത്ര്യം എനിക്ക്‌ തരൂ.’ മാധവന്റെ ആ പറച്ചില്‍ രാധ ഉള്‍ക്കൊണ്ടു ഒന്നുമല്ലേലും തന്റെ ജീവിത സഖാവായി മാറുന്നയാള്‍. ശരീരത്തില്‍ ഒന്ന്‌ തൊട്ടെന്ന്‌ വിചാരിച്ച്‌ വേവലാതിപ്പെടേണ്ട കാര്യമല്ല. കുറച്ച്‌ മുമ്പ്‌ മാധവന്‍ കാണിച്ചത്‌ ഒരു കടന്നാക്രമണമായിരുന്നു. അവിടെ സ്‌ത്രീയുടെ മാനത്തിന്‌ ക്ഷതം തട്ടിയപ്പോഴാണ്‌ പൊട്ടിത്തെറിച്ചത്‌. മാധവന്‍ ഇതിന്‌ മുമ്പും ഇവളുടെ ശരീരം എന്തെന്നറിഞ്ഞവനാണ്‌ മാധവനുമായി പൂര്‍ണ്ണമായും സഹകരിച്ചുകൊണ്ടുതന്നെ. പക്ഷേ കുറെ മുമ്പിലത്തെ മാധവന്‍ ഒരു കാട്ടാളനായിരുന്നു. ഒരാള്‍ക്കിങ്ങനെയും മാറ്റം വരാമോ? ഏതായാലും അതിനെപ്രതി മാധവന്‍ പശ്ചാത്തപിക്കുന്നുണ്ട്‌. തെറ്റ്‌ പറ്റിയെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ആ സ്‌ഥിതിക്ക്‌ ഇപ്പോഴീ പ്രശനത്തില്‍ മാധവന്റെ ഇടപെടല്‍ തെറ്റല്ല.

പിന്നീട്‌ മാധവന്റേത്‌ ഒരു വിദ്യാര്‍ത്ഥിക്ക്‌ അദ്ധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന പരിശീലനക്ലാസ്സായിരുന്നു. ക്ലാസ്‌റൂമില്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും മാത്രം.

പലപ്പോഴും രാധ ഇക്കിളികൊണ്ടു. മാധവന്റെ കൈകള്‍ ചിലപ്പോള്‍ തന്റെ സ്വകാര്യതയിലേയ്‌ക്ക്‌ കടന്ന്‌ വരുന്നുണ്ടോ എന്ന സംശയിച്ചു. പക്ഷേ യാദൃശ്‌ചികത മാത്രം. എങ്കിലും ഓര്‍ക്കാപ്പുറത്ത്‌ ആ വിരലുകള്‍ അറിയാതെയെന്നവണ്ണം ഒരു കൊള്ളിവയ്‌പുകാരന്റെയെന്നവണ്ണം നീങ്ങുന്നുവോ?

‘എന്താ മാധവാ ഇത്‌? പിന്നെയും-’

‘ഇല്ല രാധെ – പട്ടണത്തിലെ പല പെണ്‍പിള്ളേരെയും ഞാന്‍ കണ്ടിട്ടുണ്ട്‌. സാരിയുടുത്തും, ചുരിദാര്‍ ധരിച്ചും, പിന്നെ ഉടുപ്പും ജീന്‍സുമിട്ടുമൊക്കെ – പക്ഷേ, അവരൊന്നും രാധേടെ അടുക്കെ വരില്ല. ഒരു വലിയ കണ്ണാടി ഉണ്ടായിരുന്നെങ്കില്‍ ഞാനത്‌ ബോദ്ധ്യപ്പെടുത്തി തരാര്‍ന്നു‘.

മാധവന്റെ ആ വാക്കുകളോടെ അവളുടെ ഗൗരവം ചോര്‍ന്നു. മുഖത്ത്‌ ആരെയും മയക്കുന്ന പുഞ്ചിരി.

’രാധെ – ഞാന്‍ മുഖസ്‌തുതി പറയുകയല്ല നിന്റെ സൗന്ദര്യം ഈ സാരിയും ബ്ലൗസുമായതോടെ എത്രകണ്ട്‌ കൂടിയെന്നോ? നിന്റെ ഈ ഒതുങ്ങിയ അരക്കെട്ട്‌, തുടിച്ച്‌ നില്‍ക്കുന്ന മാറിടം, ശംഖ്‌ പോലത്തെ കഴുത്ത്‌, ചന്ദനമണം ഉതിര്‍ക്കുന്ന കവിളിണ – പിന്നെ ഈ ചുണ്ട്‌, കണ്ണുകള്‍ – രാധ തികച്ചും തനിക്കധീനമായി എന്ന്‌ തോന്നിയ നിമിഷത്തില്‍ മാധവന്‍ അല്‌പം ബലം പ്രയോഗിച്ച്‌ തന്നെ കട്ടിലിലേയ്‌ക്ക്‌ വീഴ്‌ത്തി. പിന്നെ.

ഇങ്ങനൊരു നിമിഷം വരണമെന്ന ആഗ്രഹിച്ച രാധ ഉണ്ടായിരുന്നു. പക്ഷേ-

‘മാധവാ – വേണ്ട ഇത്‌ ശരിയല്ല. ഞാന്‍ പറഞ്ഞില്ലെ. ഇനിയൊക്കെ ഭഗവാന്റെ മുന്നില്‍ വച്ച്‌ താലികെട്ടിയിട്ട്‌-’

പക്ഷേ – മാധവന്‍ ഇത്തവണ മുമ്പിലത്തെപ്പോലെ കടന്നാക്രമണമോ അതിക്രമമോ അല്ല നടത്തിയത്‌. അവളുടെ മൃദുലഭാവം കണ്ടറിഞ്ഞ്‌ – അവളുടെ വിശ്വാസത്തെ കയ്യിലെടുത്ത്‌ – പക്ഷേ – അപ്രതീക്ഷിതമായ ഒരു സംഭവം, മാധവന്‍ വീണ്ടും അവളിലേയ്‌ക്ക്‌ പടര്‍ന്ന്‌ കയറാനുള്ള ശ്രമം – അവന്‍ കട്ടിലിലേയ്‌ക്ക്‌ കാലെടുത്ത്‌ വയ്‌ക്കാനുള്ള തത്രപ്പാടിനിടയില്‍ തൊട്ടപ്പുറത്ത്‌ കട്ടിലിനോട്‌ ചേര്‍ത്ത്‌വച്ചിരുന്ന കൃഷ്‌ണവിഗ്രഹത്തിലാണ്‌ കാല്‌കൊണ്ടത്‌. അതോടെ എന്തോ നിലത്ത്‌ വീഴുന്നു.

അല്‌പം മുമ്പ്‌ കണ്ട സൗമ്യയായ രാധയുടെ വേറൊരു മുഖം ഈ അരണ്ട വെളിച്ചത്തിലും കാണാനായി. സര്‍വ്വശക്തിയുമെടുത്ത്‌ അവള്‍ മാധവനെ തള്ളിമാറ്റി. രാധയില്‍ നിന്നും ഈ ഒരു പ്രതികരണം മാധവന്‍ പ്രതീക്ഷിച്ചതല്ല. ചാടിയെഴുന്നേറ്റ രാധ ആദ്യം ചെയ്‌തത്‌ മാധവന്റെ ഉത്സാഹത്തില്‍ ഉടുത്ത സാരി അഴിച്ചെറിയുകയായിരുന്നു. മാധവന്റെ മുഖത്തോട്ട്‌ തന്നെ. പിന്നെ അടിപ്പാവാടയും ക്ഷണനേരംകൊണ്ട്‌ അഴിച്ച്‌ മാറ്റി. താന്‍ വിവസ്‌ത്രയായി, തീര്‍ത്തും നഗ്നയായാണ്‌ നില്‍ക്കുന്നതെന്ന കാര്യം മറന്ന്‌ രാധ അലറി.

‘എന്റെ കൃഷ്‌ണനെയാണ്‌ നീ തട്ടിത്താഴെയിട്ടത്‌. എനിക്കെന്നും തുണയും ആശ്രയവുമായ കൃഷ്‌ണന്‍ – ഇല്ല എനിക്കത്‌ സഹിക്കാനാവില്ല – വേഗം ഈ മുറിയില്‍ നിന്ന്‌ കടക്കണം.’

രാധയിങ്ങനെ കോപിച്ച അവസ്‌ഥയില്‍ പോലും അനാവരണം ചെയ്യപ്പെട്ട അവളുടെ ദേഹത്തിന്റെ വടിവും ആകാരവും നോക്കിക്കാണാനുള്ള അവസരം മാധവന്‍ കളഞ്ഞില്ല. പക്ഷേ, ആ ദേഹത്തൊന്നു സ്‌പര്‍ശിക്കണോ വേണ്ടയോ എന്ന്‌ സംശയിച്ചതേ ഉള്ളു – ‘പൊയ്‌ക്കോണം ഈ മുറീന്ന്‌ – ഞാനെന്നും വെളുപ്പിനെ ഉണരുമ്പോള്‍ കാണുന്ന കൃഷ്‌ണ വിഗ്രഹമാണ്‌ തറയില്‍ – അതിന്റെ കയ്യില്‍ പിടിച്ച ഓടക്കുഴല്‍-

’പെട്ടെന്ന്‌ രാധ കുനിഞ്ഞ്‌ നോക്കി. അതെ ഓടക്കുഴല്‍ വേര്‍പെട്ട്‌ തറയില്‍ കുറെ ദൂരെ മാറി. അത്‌ കണ്ടതോടെ അവള്‍ പൊട്ടിക്കരഞ്ഞു. പിന്നെ നിലത്ത്‌ കുനിഞ്ഞ്‌ സാരിയുടുക്കാന്‍ നേരം അഴിച്ചിട്ട മുണ്ടെടുത്തു കുടഞ്ഞുടുത്തു. അയയില്‍ കിടന്ന തോര്‍ത്തെടുത്ത്‌ ദേഹം മറച്ചു. പിന്നെ ദൂരെ കട്ടിലിന്റെ അടിയിലോട്ട്‌ മാറി കിടന്ന അവളുടെ കൃഷ്‌ണനെ കുനിഞ്ഞെടുത്തു.

കൃഷ്‌ണവിഗ്രഹം നിലത്ത്‌ വീണതില്‍ മാധവനും വിഷമമുണ്ട്‌. വിളറിയ മുഖത്തോടെ മാധവന്‍ അത്‌ നോക്കാനായി ശ്രമിച്ചപ്പോള്‍.

‘ദുഷ്‌ടാ – കടന്നോണം ഇവിടുന്ന്‌. നീയെന്ത്‌ ഭാവിച്ചോണ്ടാ ഇങ്ങോട്ടുവന്നെ? അഴിഞ്ഞാടാനാ – പട്ടണത്തിലെ കണ്ട അഴിഞ്ഞാട്ടക്കാരികളുടെ കൂടെ കിടന്ന ഓര്‍മ്മയിലായിരുന്നു, നിന്റെ ഇന്നത്തെ ഇവിടത്തെ നിന്റെയീ തെമ്മാടിത്തം. വേണ്ട – എല്ലാം – മതിയാക്കാം – ഇങ്ങനൊരുത്തനെ എനിക്ക്‌ വേണ്ട. പോ കടക്ക്‌ മുറീന്ന്‌ – രാധയുടെ മനസ്സ്‌ മാറില്ലെന്നുറപ്പായതോടെ മാധവന്‍ പയ്യെ മുറിക്ക്‌ പുറത്ത്‌ കടന്നു. തന്റെ കണക്കുകൂട്ടലുകളൊക്കെ പിഴച്ചു. പട്ടണത്തിലെ പെണ്ണുങ്ങള്‍ എങ്ങനൊക്കെ അണിഞ്ഞൊരുങ്ങി വന്നാലും രാധയോളം വരില്ല. പക്ഷേ തന്റെ ഇന്നത്തെ പ്രവൃത്തി – ഛേയ്‌- അവള്‍ തന്നെ എന്ത്‌ മാത്രം വെറുക്കുന്നുവെന്നതിന്റെ തെളിവാണ്‌ ’നീ‘യെന്ന വിളി. തന്നേക്കാള്‍ മൂന്ന്‌നാല്‌ വയസ്സിന്റെ മൂപ്പുണ്ടെങ്കിലും ഇന്നേവരെ നീയെന്ന്‌ വിളിച്ചിട്ടില്ല. എല്ലാം തന്റെ പിടിപ്പുകേട്‌ കൊണ്ട്‌ പറ്റിയത്‌. മാധവന്‍ വരാന്തയിലേയ്‌ക്ക്‌ വന്നു അവിടെ സ്‌റ്റൂളില്‍ ബാക്കിയായ മദ്യം, പിന്നെ ഗ്ലാസ്‌. ആദ്യം – അതെടുത്ത്‌ എറിയാനാണ്‌ ശ്രമിച്ചത്‌. പക്ഷേ അയാള്‍ വീണ്ടും ഗ്ലാസ്‌ നിറച്ചു. വെള്ളം പോലും ചേര്‍ക്കാതെ വായിലേയ്‌ക്കൊരു കമിഴ്‌ത്ത്‌. നെഞ്ചില്‍കൂടി പൊള്ളിയിറങ്ങുന്ന ദ്രാവകം – പക്ഷേ – എന്തൊക്കെയായാലും ഇന്നിനി സ്വസ്‌ഥത കിട്ടില്ലെന്ന്‌ മാധവനുറപ്പായി.

രാധ തറയില്‍ തന്നെയിരുന്നുകൊണ്ട്‌ കൃഷ്‌ണവിഗ്രഹം ദേഹം മറച്ച തോര്‍ത്ത്‌മുണ്ട്‌കൊണ്ട്‌ തുടച്ചു. പിന്നെ ഓടക്കുഴലെടുത്ത്‌ കൈകളില്‍ പിടിച്ച്‌, വീണ്ടും മേശപ്പുറത്തേയ്‌ക്ക്‌ വച്ചു. നിലത്ത്‌ വീണെങ്കിലും പൊട്ടിയില്ല എന്നതിനാല്‍ രാധയുടെ മനഃസമാധാനം കുറെയൊക്കെ വീണുകിട്ടി.

നിലത്ത്‌ കുമ്പിട്ട്‌കൊണ്ട്‌ രാധ കൃഷ്‌ണനെ നോക്കി വിലപിച്ചു.

’ഭഗവാനേ – ഈയുള്ളവളുടെ തെറ്റ്‌ പൊറുക്കണെ. മനഃപൂര്‍വ്വമല്ല അങ്ങനൊരു വീഴ്‌ചപറ്റി. ഇനി അതുണ്ടാവില്ല.‘

വീണ്ടും അവള്‍ കൃഷ്‌ണവിഗ്രഹത്തെ നോക്കി എന്തൊക്കെയോ അസ്‌പഷ്‌ടമായ സ്വരത്തില്‍ പറഞ്ഞു. അവളുടെ ഹൃദയവികാരങ്ങള്‍ അവിടെ പ്രകടമായിരുന്നു.

രാധ ആലോചിക്കുകയായിരുന്നു. എന്തിന്‌ ഈ നാട്ടിന്‍പുറം വിട്ട്‌ പോണം? ഈ പുഴ, അമ്പലം, ഭഗവാന്‍ കൃഷ്‌ണന്‍ – പിന്നെ തനിക്കെന്നും തുണയാകുന്ന കൂട്ടുകാരികള്‍ – കുറെ കുന്നായ്‌മയും കുശുമ്പും ഉണ്ടെങ്കിലും തനിക്ക്‌ വേണ്ടപ്പെട്ട കുറെ മുതിര്‍ന്ന സ്‌ത്രീകള്‍, ഒരമ്മാവന്റെയോ അച്ഛന്റെയോ സ്‌ഥാനത്ത്‌ നിന്ന്‌ ഉപദേശങ്ങള്‍ തരുന്ന ദാമുവാശാന്‍, ഒരു ദിവസം ചെന്നില്ലെങ്കില്‍ ’എന്തേ രാധയിന്നലെ വന്നില്ല. എന്ന്‌ ചോദിക്കുന്ന എമ്പ്രാന്തിരി, നമ്പീശന്‍ –

തിരുവാതിര കളിക്ക്‌ പോകുന്നില്ലെങ്കിലും ഇപ്പോഴും അതിനെപ്പറ്റി ഉപദേശങ്ങള്‍ തരുന്ന കല്യാണിക്കുട്ടിയമ്മ -പക്ഷേ – മാധവന്റെ നിലപാടാണ്‌ രാധയെ ഏറെ തളര്‍ത്തുന്നതും വേദനിപ്പിക്കുന്നതും.

ഇന്നത്തെ മാധവന്റെ പെരുമാറ്റവും സംഭാഷണവും ചെയ്‌തികളും എല്ലാം വേദനിപ്പിക്കുന്നതും വച്ചു പുലര്‍ത്തിയ പ്രതീക്ഷകള്‍ തകര്‍ക്കുന്നതുമായിരുന്നു. മാധവന്റെ പോക്ക്‌ ശരിയാണെങ്കില്‍ ഇപ്പോഴും പട്ടണത്തിലേയ്‌ക്ക്‌ പോവാന്‍ തയ്യാറാണ്‌. പക്ഷേ, താലികെട്ടി ഭാര്യയാക്കി പോവുന്ന മാധവനാണ്‌ മനസ്സിലിപ്പോഴും.

അവൾ വീണ്ടും ഭഗവാന്‍ കൃഷ്‌ണന്റെ പ്രതിരൂപമായി നില്‍ക്കുന്ന വിഗ്രഹത്തിന്റെ കാല്‍ക്കല്‍ തലമുട്ടിച്ചും വീണ്ടും തന്റെ സങ്കടങ്ങള്‍ പയ്യെപയ്യെ പറയാന്‍ തുടങ്ങി.

‘എനിക്കെന്റെ മാധവന്റെ തിരിച്ചുകിട്ടുമോ? അവള്‍ക്ക്‌ ആദ്യമായും അവസാനമായും ചോദിക്കാനുള്ളത്‌ അത്‌ മാത്രമാണ്‌. മാധവന്റെ അതിരുവിട്ട പ്രവൃത്തികളെ എന്ത്‌കൊണ്ട്‌ കൃഷ്‌ണാ നീ നേരെയാക്കുന്നില്ല? മാധവനൊരുമിച്ചൊരു ജീവിതം – കഴിഞ്ഞ ആറേഴ്‌ വര്‍ഷമായി അതായിരുന്നല്ലൊ എന്റെ പ്രാര്‍ത്ഥന.’

‘പക്ഷേ – മാധവനീ പറയുന്ന തരത്തിലുള്ള ആഭാസകരമായ വേഷത്തോടെ രാധ പോവില്ല.’ അത്‌ തീര്‍ച്ച. രാധ അത്‌ പറഞ്ഞത്‌ കുറച്ചുറക്കെത്തന്നെയായിരുന്നു. അവളുടെ മനസ്സിന്റെ വിക്ഷുബ്‌ത – അവളുടെ ശബ്‌ദത്തിലെ മുഴക്കം – ഉറച്ചതീരുമാനം വ്യക്തമാക്കുന്നു ആ പറച്ചില്‍.

ഇപ്പുറം വരാന്തയില്‍ താന്‍ ചെയ്‌തത്‌ കുറെ കടന്നകയ്യായിപ്പോയെന്ന്‌ ഇപ്പോഴും കുറ്റസമ്മതം നടത്താന്‍ തയ്യാറാവുന്ന മാധവന്റെ ചെവികളിലേയ്‌ക്ക്‌ ആ വാക്കുകള്‍ തുളച്ചുകയറി.

തന്റെ ജീവിതസഖിയായി വരേണ്ടവള്‍ നഗരത്തിലെ ആധുനിക സമ്പ്രദായങ്ങളോട്‌ ഇണങ്ങാന്‍ തയ്യാറല്ല എന്നത്‌ അവനെ വേദനിപ്പിക്കുകയും നിരാശയിലാഴ്‌ത്തുകയും ചെയ്‌തു. ഈ കുഗ്രാമത്തിലെ കഴിഞ്ഞ നൂറ്റാണ്ടിലെ വേഷവും മുടികോതിവയ്‌ക്കലും വിട്ടുമാറാത്ത പശുക്കളുടെ ഗന്ധവും – ഇല്ല രാധയ്‌ക്ക്‌ അതുപേക്ഷിക്കാനായില്ലെങ്കില്‍ – മാധവന്‍ വീണ്ടും കുപ്പിയിലേയ്‌ക്ക്‌ നോക്കി. ഇനിയും കുറച്ചുകൂടി കഴിക്കാനുള്ളത്‌ ബാക്കിയുണ്ട്‌. പക്ഷേ – തന്നെ രാധയില്‍ നിന്നകറ്റിയത്‌ – തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്‌ ഈ ദ്രാവകമാണെന്നുള്ള ഓര്‍മ്മ വന്നതോടെ – അയാള്‍ കുപ്പിയോടെ എടുത്ത്‌ ദൂരേയ്‌ക്കെറിഞ്ഞു.

Generated from archived content: radha24.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English