ഇരുപത്തിമൂന്ന്‌

പ്രപഞ്ചമാകെ ഇരുണ്ടിരിക്കുന്നു. എവിടെയും കറുപ്പ്‌ നിറം മാത്രം. ചക്രവാളം മുതല്‍ ചക്രവാളം വരെ കറുപ്പ്‌ സൃഷ്‌ടിച്ച മായികവലയത്തില്‍ എവിടെയെന്നോ എങ്ങോട്ടെന്നോ മനസ്സിലാവാത്തവിധം സ്വന്തം അച്ചുതണ്ടില്‍ ചലനരഹിതമായ നിമിഷം. ഇവിടെ കടലും കരയും ചക്രവാളവും എല്ലാം കറുപ്പ്‌നിറം പ്രാപിച്ച്‌ നിശ്ചലമായ അവസ്‌ഥയില്‍ ഭൂമി പിളര്‍ത്തിക്കൊണ്ട്‌, ഹൃദയം പിളര്‍ക്കുമാറ്‌ അത്യുച്ചത്തിലുള്ള ഗര്‍ജ്ജനവുമായി.

പെട്ടെന്നവള്‍ ഞെട്ടിയുണര്‍ന്നു. കണ്ടത്‌ സ്വപ്‌നമോ യഥാര്‍ത്ഥ്യമോ? മുന്നില്‍ ആര്‍ത്തട്ടഹസിക്കുന്ന സമുദ്രം. ചുട്ടു പഴുത്ത മണലാരണ്യങ്ങള്‍ പിന്നില്‍. ചെറുപ്പത്തില്‍ ഏതെങ്കിലും ദുഃസ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടിയുണരുമ്പോള്‍ അമ്മ പറഞ്ഞുതരാറുള്ള കീര്‍ത്തനമന്ത്രങ്ങള്‍ എല്ലാം മറന്നിരിക്കുന്നു. അതിന്റെ ശിക്ഷ. ഇതാ ഞാനനുഭവിച്ച്‌കഴിഞ്ഞു.

പിന്നെയും കുറെ നിമിഷങ്ങള്‍ വേണ്ടി വന്നു, എന്താണ്‌ സംഭവിച്ചതെന്നോര്‍മ്മവരാന്‍. അതോടെ ചുടുബാഷ്‌പം രാധയുടെ കണ്ണുകളില്‍ നിന്ന്‌ കുടുകുടെയൊഴുകി. നെഞ്ചുകുത്തിപിളരുന്ന വ്യഥയായിരുന്നു മനസ്സില്‍.

അവള്‍‍ പാടുപെട്ട്‌ എഴുന്നേറ്റിരുന്നു. ബ്ലൗസിന്റെ കുടുക്കുകള്‍ വിട്ടിരിക്കുന്നു. ഉടുത്തിരുന്ന മുണ്ട്‌ അഴിഞ്ഞ്‌ നിലത്ത്‌, മുടിയാകെ അഴിഞ്ഞുലഞ്ഞിരിക്കുന്നു. ശരീരത്തിലെവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന പോലുള്ള വേദന. വളരെപാടുപെടേണ്ടിവന്നു, കാലുകള്‍ നിലത്ത്‌ വയ്‌ക്കാന്‍. നേരെ നില്‍ക്കാന്‍ പറ്റുമോ എന്നവള്‍ ശങ്കിച്ചു.

കാലത്തിന്റെ കുത്തൊഴുക്കില്‍ വന്ന മാറ്റങ്ങള്‍ അവള്‍ക്കുള്‍ക്കൊള്ളാനായില്ല, ഇതായിരുന്നോ ഞാന്‍ സ്വപ്‌നം കണ്ട ജീവിതം ? ഇങ്ങനെയായിരുന്നോ തുടക്കം? ഇങ്ങനൊരനുഭവത്തിനോ അവസ്‌ഥയ്‌ക്കോ വേണ്ടിയായിരുന്നോ ഞാന്‍ ഭഗവാനെ ഭജിച്ചിരുന്നത്‌? കൃഷ്‌ണന്റെ മുന്നില്‍ ആദ്യം തിരുവാതിരകളിയും – പിന്നെ മാധവന്റെ ഓടക്കുഴല്‍ വിളിക്കനുസരിച്ച്‌ ചുവടുവയ്‌പും നടത്തിയത്‌? മാധവന്റെ ഓര്‍മ്മവന്നതോടെ അവള്‍ വീണ്ടും കരഞ്ഞു. രണ്ട്‌വര്‍ഷം മുമ്പ്‌വരെ ഏകദേശം അഞ്ച്‌വര്‍ഷത്തിന്‌ മേലെ മാധവനിവിടായിരുന്നു. ആ മാധവന്‍ സാത്വികനായിരുന്നു. മിതഭാഷിയായിരുന്നു. ആരെയും മയക്കുന്ന ഒരു പുഞ്ചിരി ആ ചുണ്ടില്‍ സ്‌ഥായിയായെന്നപോലെ ഉണ്ടായിരുന്നു. പക്ഷേ വിവേചനപൂര്‍വ്വം പെരുമാറാന്‍ അറിയാമായിരുന്നു. അവശ്യസന്ദര്‍ഭങ്ങളില്‍ കാര്യഗൗരവമനുസരിച്ച്‌ പെരുമാറാനും പ്രവൃത്തിക്കാനും മാധവന്‌ കഴിഞ്ഞിരുന്നു. അവസാനം – നാടിന്റെ സംരക്ഷകനായ ഭഗവാന്റെ ആ സ്‌ഥാനത്ത്‌ സമയോചിത മാറ്റങ്ങള്‍ വരുത്താന്‍ കാരണക്കാരനായത്‌ – ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്‌ കാരണക്കാരനായിമാറി, കയ്യിലെ ഓടക്കുഴല്‍ അതിന്റെ മന്ത്രധ്വനിയില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ നാടിന്‌ തന്നെ വന്നത്‌?

ദുഷ്‌ടശക്തികളോടേറ്റ്‌ മുട്ടുമ്പോള്‍ ഈ സൗമ്യന്‌ വേറൊരു മുഖവും ഭാവവുമായിരുന്നു. നാടിനെ കൊള്ളയടിച്ച്‌ സമ്പാദ്യമെല്ലാം സ്വരൂക്കൂട്ടിയിരുന്ന ഭവത്രാതന്‍ നമ്പൂതിരിയുടെ ജന്മിത്വത്തിന്റെ അടിവേരുകളിളക്കാന്‍ മാധവനായി. അതിന്‌ മുന്നേ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്‌ത്രീകളുടെ മാനം കാത്ത്‌ – നാട്ടിലേവരുടെയും കണ്ണിലുണ്ണിയായി മാറി.

പെട്ടെന്ന്‌ രാധയുടെ മുഖം കോപവും സങ്കടവും കൊണ്ട്‌ ചുവന്നുതുടുത്തു. ആ മാധവനോ – ഇന്നിവിടെ ഈ നിറഞ്ഞ സന്ധ്യാനേരത്ത്‌ ഭഗവല്‍നാമം ഉരുവിടേണ്ട സമയത്ത്‌-? പുഴക്കടവില്‍ അതിക്രമവും ആഭാസവും കാണിക്കാനൊരുങ്ങിയ ജന്‌മിയുടെ മകനും മാധവനും തമ്മിലിപ്പോഴെന്താ വ്യത്യാസം? മുമ്പ്‌ നാട്ടുകാരുടെ മാത്രമല്ല ഈ വീട്ടിലെ ആലയിലെ ഗോക്കളുടെവരെ രക്ഷകനും മാധവനായിരുന്നു. ആ മാധവന്‍ ഇന്നിവിടെ വന്നിട്ട്‌ ഈ നിമിഷം വരെ അതുങ്ങളുടെ അവസ്‌ഥയെന്തെന്ന്‌ തിരക്കിയില്ല. മാറ്റി പാര്‍പ്പിച്ചിരുന്ന കന്ന്‌കിടാവ്‌ അടുക്കല്‍ വന്നുരുമ്മിയിട്ടും പരിചിതഭാവത്തില്‍ തലയാട്ടി എന്തൊക്കെയോ സൗമ്യഭാഷയില്‍ ആശയവിനിമയത്തിന്‌ തുനിഞ്ഞിട്ടും മാധവനനങ്ങിയില്ല. ഇങ്ങനൊന്ന്‌ കാല്‍ക്കല്‍ വന്ന്‌ നില്‍ക്കുന്നുവെന്നതെന്തിനെന്ന്‌ പോലും അന്വേഷിച്ചില്ല? എവിടാണ്‌ മാധവാ കുഴപ്പം?

പട്ടണത്തിലേയ്‌ക്ക്‌ പോയതോടെ മാധവന്റെ സ്വഭാവത്തില്‍ അടിമുടി മാറ്റം വന്നിരിക്കുന്നു. അമ്മയെ സംരക്ഷിക്കാനായി പോയമാധവന്‍ , അമ്മാവനെ കീഴടക്കിയപ്പോള്‍ പറഞ്ഞുകേട്ട അമ്മാവന്റെ സ്വഭാവം മുഴുവന്‍ വശത്താക്കിയെന്നോ? മാധവന്റെ അമ്മാവനെന്ത്‌ പറ്റി? അക്കാര്യം ഇതേവരെ പറഞ്ഞിട്ടില്ല. അച്ഛനെ കൊന്നെന്ന്‌ പറയാറുള്ള മാധവന്‍ പകരം അമ്മാവനെയും കൊലചെയ്‌തന്നാണോ കരുതേണ്ടത്‌? അച്ഛന്റെ സ്വത്തുക്കളും പണവും വീടും കൈക്കലാക്കിയ അമ്മാവന്‍ ഇപ്പോള്‍ എവിടുണ്ട്‌? ഇരുമ്പഴിക്കുള്ളിലോ? അതോ മാധവനും അമ്മാവന്റെ ചതിപ്രയോഗങ്ങള്‍ വശത്താക്കി തിരിച്ചടിച്ചോ? ഒന്ന്‌ തീര്‍ച്ച അമ്മാവനിപ്പോള്‍ നഗരത്തിലില്ല. ഒന്നുകില്‍ നഗരംവിട്ട്‌ ദൂരേയ്‌ക്കെങ്ങോട്ടെങ്കിലും പോയിക്കാണും. അല്ലെങ്കില്‍ മാധവന്‍ തന്നെ അമ്മാവന്റെ കഥകഴിച്ചുകാണും. മാധവന്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു. ഭയരഹിതമായി എങ്ങും എവിടെയും സഞ്ചരിക്കാമെന്നുള്ളതും അമ്മാവന്‍ കൈവശപ്പെടുത്തിയ ഭാരിച്ച സ്വത്ത്‌ തിരിച്ചു കിട്ടിയതിന്റെ ഊറ്റവും മാധവന്റെ പ്രവര്‍ത്തികളിലുണ്ട്‌. മദ്യവും മദിരാക്ഷിയും കൂട്ടായതോടെ സ്വഭാവവും മാറിയിരിക്കുന്നു. നഗരത്തിലെ മാധവന്‍ പറഞ്ഞ ക്ലബ്ബുകളിലെ ആഘോഷത്തില്‍ പങ്കാളികളാവുന്ന സ്‌ത്രീകള്‍ മാധവന്റെ അഭീഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ താളം ചവിട്ടുന്നവരാണ്‌. ആ ഓര്‍മ്മയാണ്‌ മാധവനിപ്പോള്‍ ഇവിടെയും കാഴ്‌ചവച്ചത്‌.

ഇല്ല – ഈ മാധവനെ അംഗീകരിക്കാനാവില്ല. ഇങ്ങനൊരാള്‍ ഈ ജീവിതത്തിലേയ്‌ക്ക്‌ വരണ്ട. നഗരത്തിലേയ്‌ക്ക്‌ പോവണമെങ്കില്‍ മാധവന്‍ കുറെനാളെങ്കിലും ഇവിടുണ്ടാവണം. ഇവിടത്തെ ആള്‍ക്കാരുമായുള്ള മുന്‍പിലത്തെ സൗഹൃദവും ബന്ധവും പുതുക്കണം. അമ്പലത്തിലെ ചടങ്ങുകളോട്‌ ഇനി സഹകരിക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. മാധവനിവിടെ നില്‍ക്കാനാവില്ല. പക്ഷേ, അമ്പലത്തില്‍ വച്ച്‌ നാലാല്‍ കാണ്‍കെ ഈയുള്ളവളുടെ കഴുത്തില്‍ താലി ചാര്‍ത്തണം. അല്ലാതെ നഗരത്തിലേയ്‌ക്കില്ല. അങ്ങനെ മാധവന്‍ സമ്മതിക്കുകയാണെങ്കിലും ഇപ്പോഴീ കഴിഞ്ഞ അഴിഞ്ഞാട്ടം- എന്റെ കൃഷ്‌ണാ – എന്നാലും എങ്ങനെ പൊറുക്കാനാവും? അഞ്ച്‌വര്‍ഷം കൂടെ കഴിഞ്ഞ ഒരുവളോട്‌ – കളിക്കൂട്ടുകാരിയോട്‌ ചെയ്‌തത്‌ അതെങ്ങനെ പൊറുക്കാന്‍ പറ്റും? മാധവന്റെ ഒരു തലോടലിനുവേണ്ടി, ഒരു കെട്ടിപ്പിടുത്തത്തിന്‌വേണ്ടി, ആ ഉഛ്വാസവായു മുഖത്ത്‌ തട്ടാന്‍ വേണ്ടി – അന്നൊക്കെ എത്രനാള്‍ കൊതിച്ചിരുന്നു. ഒന്നോരണ്ടോ തവണ – അതെ അത്രയേ – ഒന്ന്‌ പുഴത്തീരത്ത്‌ വച്ചും പിന്നൊരിക്കല്‍ പശുക്കളെയുകൊണ്ട്‌, പുഴയ്‌ക്ക്‌മേലെയുള്ള കുന്നിന്‍ പുറത്തേയ്‌ക്ക്‌ പോയപ്പോള്‍ അവിടെവച്ചും. മാധവന്റെ ചൂടും ചൂരും അറിഞ്ഞത്‌ അന്ന് ‌മാത്രം. പിന്നൊരിക്കല്‍ ക്ഷേത്രത്തില്‍ വച്ച്‌ നൃത്തംചെയ്‌തു തളര്‍ന്നപ്പോള്‍ ആ കൈകളിലേയ്‌ക്ക്‌ തളര്‍ന്ന്‌ ചാഞ്ഞ്‌ വീണ സമയം. അല്ലാതെ മാധവനെന്നെങ്കിലും ഈയാളുടെ അടുത്തേയ്‌ക്ക്‌ വന്നിട്ടുണ്ടോ? മാധവന്റെ സ്വകാര്യമായ ഒരു നോട്ടത്തിന്‌വേണ്ടി, ഒരു തലോടലിന്‌ വേണ്ടി കൊതിച്ചപ്പോഴൊക്കെ അവനകന്നിട്ടേ ഉള്ളു. പക്ഷേ ഇന്ന്‌ കുറച്ച്‌ മുമ്പ്‌ – ഏത്‌ പൈശാചിക ശക്തിയാണ്‌ അവനെക്കൊണ്ടീ ഹീനമായ പ്രവൃത്തി ചെയ്യിച്ചത്‌?

രണ്ട്‌വര്‍ഷം നഗരത്തില്‍ കഴിഞ്ഞപ്പോഴും – ആദ്യമൊക്കെ അമ്മയേയും കൊണ്ട്‌ അമ്മാവന്റെ ആള്‍ക്കാരുടെ കണ്‍വെട്ടത്ത്‌ നിന്ന്‌ ഓടുകയായിരുന്നവന്‍ – വേട്ടനായ്‌ക്കളെപോലെ അവന്‍ എവിടെയും പിന്‍തുടരുമായിരുന്നെന്നും ജീവനും കയ്യില്‍ വച്ച്‌ കൊണ്ടുള്ള ഓട്ടമായിരുന്നെന്നും പറഞ്ഞവന്‍ – ആപത്തില്‍ നിന്നും രക്ഷപ്പെട്ട്‌ എല്ലാം സ്വന്തമാക്കിയപ്പോഴേയ്‌ക്കും മറ്റൊരു പൈശാചിക ശക്തിയായി മാറിയെന്നോ?

വീണ്ടും എരുത്തില്‍ അനക്കം. സന്ധ്യയ്‌ക്ക്‌ മുന്നേ വെള്ളം കൊടുത്ത്‌ പിന്നെ തീറ്റ പുല്‍തൊട്ടിയിലിട്ട്‌ കൊടുത്തതാണല്ലൊ. ഈയിടെയായി മറ്റാരേക്കാളും ശ്രദ്ധ പശുക്കളുടെ കാര്യത്തിലായിരുന്നു. സ്വന്തം കാര്യം പോലും പിന്നീടേ വന്നിട്ടുള്ളു.

വളരെ പ്രയാസപ്പെട്ടാണെങ്കിലും മുറിക്കകത്ത്‌ നിന്ന്‌ പുറത്ത്‌ വന്നു. ഇപ്പോഴും നടക്കുമ്പോള്‍ വേച്ചുപോകുന്നു. ഒരു കാട്ടാളന്റെ ആവേശവും അതിക്രമവുമല്ലായിരുന്നോ?

പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു. അപ്രതീക്ഷിതമായിട്ടുള്ള വികാരക്ഷോഭം ഒരു നിയന്ത്രണവുമില്ലാത്ത വേലിയേറ്റംപോലെ – മനസ്സ്‌ പ്രക്ഷുബ്ധമാകുന്നു. ഇനി ഈ മനസ്സ്‌ ശാന്തമാവുന്നതെപ്പോള്‍?

ഏറെ പ്രതീക്ഷകളുമായി കാത്തിരുന്നതാണ്‌. കാത്തിരിപ്പ്‌ സഫലമായ മുഹൂര്‍ത്തത്തില്‍ സമാഗമ സമയം ഒരവസ്‌മരണീയ മുഹൂര്‍ത്തമാക്കി മാറ്റണമെന്ന മനക്കോട്ടകള്‍ – അതാണിവിടെ തകര്‍ന്നത്‌. ഇനിയെന്തിന്‌വേണ്ടി മനക്കോട്ടകള്‍ കെട്ടണം? സ്വപ്‌നം കാണണം? കാത്തിരുന്ന്‌ രാത്രിസമയം വന്നണഞ്ഞ സ്വപ്‌നം പേടിസ്വപ്‌നമായി മാറുകയാണെങ്കില്‍ – സ്വപ്‌നം കാണണമെന്ന മോഹവുമായി ഉറങ്ങുന്നതാണപകടം. ഉറക്കമില്ലാത്തരാത്രികളാവും ഇതിലും ഭേദം.

പക്ഷേ – മുറ്റത്തേയ്‌ക്ക്‌ വന്നപ്പോള്‍ വരാന്തയിലെ റാന്തലിന്റെ വെട്ടത്തില്‍ മാധവന്‍ അവിടെ എരുത്തിന്‌ പുറത്ത്‌ പുല്‍ത്തൊട്ടിക്ക്‌ സമീപം കുനിഞ്ഞ്‌ കറമ്പിയുടെയും സുന്ദരിയുടെയും നിറുകയില്‍ തടവുന്നു. ചെവിപിടിച്ചു വലിക്കുന്നു, നെറ്റിയില്‍ തലോടുന്നു.

വരാന്തയിലെ റാന്തല്‍ നല്‍കുന്ന മങ്ങിയ ദൂരവെളിച്ചത്തിന്റെ നിഴലില്‍ അവറ്റകളുടെ സന്തോഷം കന്നുകുട്ടികളുടെ തുള്ളിച്ചാടല്‍- സന്ധ്യകഴിഞ്ഞ ഈ നേരത്താണെങ്കില്‍ പോലും മാധവന്‍ ഓടക്കുഴല്‍ വായിക്കുകയാണെങ്കില്‍ – അവയോടിവരും. വേണ്ടിവന്നാല്‍ കയര്‍പൊട്ടിച്ചു കൊണ്ടുതന്നെ. മാധവന്റെ കയ്യിലില്ലാതെ പോയത്‌ ആ ഓടക്കുഴലാണ്‌.

‘മാധവാ-’ രാധയുടെ ശബ്‌ദത്തിന്‌ ഇപ്പോഴും കുഴപ്പമില്ല. കുറച്ച്‌ മുമ്പ്‌ മാധവനില്‍ നിന്ന്‌ കിട്ടിയ അപ്രതീക്ഷിതമായ കടന്നാക്രമണത്തിന്‌ കരയാന്‍ മാത്രം ഒച്ചവച്ച രാധക്കിപ്പോള്‍ തന്റെ ആ പഴയ ശബ്‌ദം തിരിച്ച്‌ കിട്ടിയിരിക്കുന്നു. മാധവന്‍ മനസ്സുമാറി കന്നുകളുടെ അടുത്തേയക്ക്‌ ചെന്നതിന്റെ ആഹ്ലാദമാവാം.

‘മാധവാ – ആ ഓടക്കുഴലിനെന്തുപറ്റി?’

രാധ വരാന്തയില്‍ വന്നത്‌ മാധവനിറിഞ്ഞിട്ടില്ല. താന്‍ ചെയ്യുന്നത്‌ രാധയറിയരുതെന്ന്‌ മാധവാനാഗ്രഹിച്ചതുപോലെ. തെറ്റുചെയ്‌ത ഒരു കുട്ടിയുടെ ജാള്യത കലര്‍ന്ന ഭാവത്തോടെയാണ്‌ മാധവന്‍ തിരികെ വരാന്തയിലേയ്‌ക്ക്‌ കയറിയത്‌.

‘മാധവാ – ഞാന്‍ ചോദിച്ചത്‌ കേട്ടില്ലെ? ആ ഓടക്കുഴലിനെന്ത്‌പറ്റി?’ അറിയില്ല. അന്നിവിടെനിന്ന്‌ പോയതോടെ അത്‌ നഷ്‌ടപ്പെട്ടന്ന്‌ തോന്നുന്നു. അമ്മയെ അവിടെനിന്നു മാറ്റാന്‍ നോക്കുമ്പോള്‍ ഓടക്കുഴലും പീച്ചാംകുഴലും എവിടെവച്ചെന്നോ, ഇപ്പോഴതൊണ്ടോ എന്നൊന്നും അന്വേഷിച്ചില്ല. ഇപ്പോഴെന്തിന്‌ മുളംന്തണ്ട്‌ വെട്ടിമിനുക്കി, ഓടക്കുഴലുണ്ടാക്കണം? ഫ്‌ളൂട്ട്‌ തുടങ്ങി എത്രയോ സംഗീതോപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിക്കാന്‍ കിട്ടും. അന്നേരമാണോ ഓടക്കുഴല്‍.‘

’മാധവാ – ആ ഓടക്കുഴലായിരുന്നു, മാധവന്റെ മനസ്സ്‌, മാധവന്റെ ശക്തി. അത്‌പോയതോടെ മാധവന്‍, മാധവനല്ലാതാ​‍യി.‘

’രാധ എന്താ ഈ പറയണെ? ഒരു മുളംന്തണ്ടിലാണോ എന്റേ ഭാവി കിടക്കണെ? അതാണോ എന്റെ സ്വഭാവം നിശ്ചയിക്കണെ?‘

’അതില്ലാത്തതുകൊണ്ടാ – മാധവനീ അതിക്രമം കാട്ടിയെ. ഒരു പെണ്ണിന്റെ മാനം കവര്‍ന്നെടുക്കാന്‍ എങ്ങനെ മനസ്സുവന്നു, മാധവാ, ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല.‘

’രാധ എന്താ ഈ പറയണെ? നമ്മള്‍ തമ്മില്‍ ഇന്നാദ്യമൊന്നുമല്ലല്ലൊ ഓര്‍ക്കുന്നില്ലെ – പണ്ട്‌ ഒരാഴ്‌ച നീണ്ടുനിന്നു മഴമാറി നിന്ന സമയത്ത്‌ നമ്മള്‍ പശുക്കളെയും കൊണ്ട്‌പോയ ആ കുന്നിന്‍ ചെരുവില്‍, അന്നൊന്നും രാധയ്‌ക്ക്‌ തോന്നാത്ത ഈ മാനാഭിമാനം.

‘മാധവാ – നില്‍ക്ക്‌ അന്ന്‌ മാധവന്റെ ഒരു തലോടലിനോ ഒരു കെട്ടിപ്പിടുത്തത്തിനോ ഞാന്‍ കൊതിച്ചിട്ടുണ്ട്‌. ഒരു മുറിയില്‍ കഴിഞ്ഞിട്ട്‌ പോലും മാധവനൊരന്യനെപ്പോലായിരുന്നു. പുഴത്തീരത്തെയും കുന്നിന്‍ ചരിവിലെയും സംഭവങ്ങള്‍ നമ്മളൊന്നിക്കണമെന്നുള്ള ഭഗവാന്റെ തീരുമാനത്തിന്റെ തുടക്കമായിരുന്നു. പക്ഷേ – പിന്നീട്‌ മാധവന്‍ പലപ്പോഴും എന്നില്‍ നിന്നകന്നു. പലപ്പോഴും ഒറ്റയ്‌ക്കിരിക്കാനാണാഗ്രഹം. ദാമുവാശാനെയും എമ്പ്രാന്തിരിയേയും ഇത്താക്ക്‌ മാപ്പിളയേയും കാണുമ്പോള്‍ മാധവന്‍ മിതഭാഷിയായിരുന്നു. കാര്യഗൗരവത്തോടെ കാര്യങ്ങള്‍ നോക്കാന്‍ കഴിവുള്ളവനെന്ന്‌ അവള്‍ക്കുകൂടി തോന്നിയിരുന്നു. പക്ഷേ, എന്നോട്‌ മാത്രം അകല്‍ച്ച കാണിച്ചു. ഇന്നിപ്പോള്‍ എന്നോടീ കാണിച്ചത്‌ ഇത്രയും വര്‍ഷം തമ്മില്‍ കാണാതിരുന്നിട്ട്‌ പിന്നെ കണ്ടപ്പോഴുള്ള അതിയായ സ്‌നേഹം കൊണ്ടാണെന്ന്‌ ഞാന്‍ വിശ്വസിക്കണോ? – ഇല്ല ഞാനങ്ങനെ വിശ്വസിക്കണില്ല.

’ഈ രണ്ട്‌കൊല്ലം കൊണ്ട്‌ മാധവനാകെ മാറ്റം വന്നു. പണ്ടത്തെ മാധവനല്ല ഇപ്പോള്‍-‘

’ശരിയാ – പണ്ടത്തെ മാധവനല്ല. ഈ കുഗ്രാമത്തിലെപ്പോലെ ഒരു ജോഡി ഡ്രസ്സും കാലികളെ മേയ്‌ക്കലും ഓടക്കുഴലുമായി നടന്നാ പോരാ. അതൊക്കെ ഞാന്‍ മാറ്റിവച്ചു. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്‌, എന്റെച്ഛന്‍ നോക്കി നടത്തിയ വസ്‌തുവകകളും ബിസിനസ്സും പിന്നെച്ഛന്റെ ദുരന്തമരണത്തിന്‌ ശേഷം കൈമോശം വന്നവ – അതൊക്കെ തിരിച്ചു കിട്ടിയിട്ടേ ഉള്ളു. അതൊക്കെ നോക്കിനടത്തേണ്ട ബാദ്ധ്യത എനിക്കുണ്ട്‌. അ ചുറ്റുപാടില്‍ എന്റെ സ്വഭാവത്തിനു മാറ്റം വന്നിട്ടുണ്ട്‌. എന്റെ നടപ്പിനും പെരുമാറ്റത്തിനും വേഷത്തിനും ഒക്കെ മാറ്റങ്ങള്‍ വന്നു. രാധ അങ്ങോട്ട്‌ വരുമ്പോള്‍ രാധയുടെ വേഷത്തിനും പെരുമാറ്റത്തിനുമൊക്കെ ആ നാടിനനുസരിച്ചുള്ള മാറ്റം വേണം. രാധ അങ്ങോട്ട്‌ വരണം. ഒരു രാത്രിപോലും തങ്ങാനുള്ള സാവകാശം എനിക്കില്ല. അതുകൊണ്ട്‌-‘

’മാധവനെന്താണീ പറയണെ? ഞാനീ പശുക്കളെ ഇവിടെ ഇതേ പടിയിട്ടേച്ച്‌ ഈ രാത്രി മാധവന്റെ കൂടെ വരണമെന്നോ? ഇവറ്റകളെ കൊണ്ടുപോവാന്‍ പറ്റില്ലെങ്കില്‍ – എനിക്ക്‌ മാളുവിന്റെ അമ്മയേയോ കല്യാണിക്കുട്ടി അമ്മയേയോ കണ്ട്‌ – അവരെ ഇതൊക്കെ ഏല്‌പിക്കണം. ഈ വീടും തൊടിയും നോക്കാന്‍ പറ്റിയ ഒരാളെ കണ്ട്‌പിടിക്കണം. ദാമുവാശാനോടോ, എമ്പ്രാന്തിരിയോടോ, നമ്പീശനോടൊ പറഞ്ഞാല്‍ മതി. അവര്‌ നോക്കിക്കോളും. പക്ഷേ അതിനൊക്കെ കുറെ ദിവസം ഇവിടുണ്ടാവണം. പെട്ടെന്നൊക്കെയിട്ടെറിഞ്ഞ്‌ കൂടെവരാന്‍ പറ്റില്ല….!‘

’എന്റെ ബുദ്ധിമുട്ട്‌ എന്ത്‌കൊണ്ട്‌ രാധയറിയുന്നില്ല? നാളെ എനിക്ക്‌ വക്കീലിനെ കണ്ട്‌ പ്രമാണങ്ങളൊക്കെ ഒത്ത്‌നോക്കണം. ഏതൊക്കെ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമാണ്‌ വേണ്ടതെന്ന്‌ പരിശോധിച്ചിട്ട്‌ വേണം അടുത്ത നടപടി തുടങ്ങാന്‍. ഇനിയും കാലതാമസം വന്നാല്‍ എല്ലാം കൈവിട്ടുപോകും. എന്റെ അമ്മാവനുണ്ടാക്കിയ ആ കള്ളപ്രമാണങ്ങളാ ഇപ്പോഴും താലൂക്കാഫീസിലും വില്ലേജാഫീസിലും എല്ലായിടത്തും – അതൊക്കെ മാറ്റണം. ഇടയ്‌ക്ക്‌ ചെറിയൊരു സാവകാശം കിട്ടിയപ്പോള്‍ ഞാനിങ്ങോട്ട്‌ ഓടിപോന്നതാ. രാധയേം കെണ്ടേ ചെല്ലാവൂന്ന്‌ അമ്മ പറഞ്ഞിട്ടുണ്ട്‌.‘

മാധവന്റെ അമ്മ രാധയെ കാണണമെന്നകാര്യം ആദ്യമായിട്ടാണ്‌ ഇവിടെ പറയുന്നത്‌. ഇത്‌ വരെ മാധവന്റെ അമ്മയ്‌ക്ക്‌ പഴയകൂട്ടുകാരിയുടെ മകളെ അന്വേഷിച്ച ചരിത്രം മാധവനിവിടെ വന്ന്‌ ഇത്രയും നേരം ഇവിടെ ചിലവഴിച്ചിട്ടും പറഞ്ഞില്ല. മാധവന്റെ അമ്മ അന്വേഷിച്ചുവെന്ന്‌ കേട്ടപ്പോള്‍ രാധയുടെ ഹൃദയത്തെ അത്‌ വല്ലാതെ സ്‌പര്‍ശിച്ചു.

’മാധവന്‍ എന്നെ ഇവിടെനിന്നിറക്കികൊണ്ടുപോകാന്‍ വേണ്ടി കണ്ട അടവാണോ?‘

’രാധയെന്തേ ഇങ്ങനൊക്കെ പറയുന്നു? എന്റമ്മ നിന്നെപ്പറ്റി ചോദിക്കില്ലെന്നാ നീ കരുതിയെ? ഇത്രേം നാളിവിടെ കഴിഞ്ഞത്‌ അമ്മയ്‌ക്കറിയില്ലെന്നോ?‘

’അല്ല മാ​‍ധവാ- മാധവന്‍ സന്ധ്യയോടെ ഇവിടെ വന്നതല്ലേ? നേരം ഇത്രേമായി. ഇതുവരെ അമ്മയെ അമ്മാവന്‍ ബുദ്ധിമുട്ടിച്ചതും – നിങ്ങളൊക്കെ ദൂരെ കടപ്പുറത്ത്‌ ചിലവഴിച്ച കാര്യംവരെ പറഞ്ഞെങ്കിലും എന്നെ ചോദിച്ചതായി പറഞ്ഞില്ല. മാധവാ – ഞാന്‍ വരാം – തീര്‍ച്ചയായും വരാം. പക്ഷേ ഇപ്പോഴില്ലാ‘

മാധവന്‍ മൗനത്തിലേയ്‌ക്ക്‌ മുഖം പൂഴ്‌ത്തി. മാനസികമായൊരു സംഘര്‍ഷാവസ്‌ഥയിലാണിപ്പോള്‍. എങ്ങനാണ്‌ രാധയെ പറഞ്ഞു മനസ്സിലാക്കുക. അമിതാവേശത്തില്‍ ഓര്‍ക്കാപ്പുറത്ത്‌ പലതും ചെയ്‌തു. എല്ലാത്തിനും ഒരു സാവകാശം വേണമായിരുന്നു. എങ്കില്‍ – ഉറപ്പാണ്‌ – രാധ ഈ രാത്രിതന്നെ പോരുമായിരുന്നു – ഇപ്പോള്‍.’

പെട്ടെന്നാണ്‌ തന്റെ ബ്രീഫ്‌കേസില്‍ രാധയ്‌ക്കുള്ള പുതിയ ഡ്രസ്സുകള്‍ ഉള്ള കാര്യം ഓര്‍ത്തത്‌. വാസ്‌തവത്തില്‍ ഇന്ന് ‌തന്നെ മടങ്ങിപോകാന്‍ വന്നതുകൊണ്ട്‌ – ഇതോന്നും കൊണ്ടുവരേണ്ടതില്ല. പക്ഷേ – രാധയെ എങ്ങനെ ഈ വേഷത്തില്‍ കൊണ്ടുപോകും. അവിടെ ചെന്നിറങ്ങുമ്പോള്‍ – ഈ മുണ്ടും ബ്ലൗസും പിന്നിലേയ്‌ക്കുയര്‍ത്തികെട്ടിയ മുടിയും – പിന്നെ ചാണകത്തിന്റെ മണവും – അതുകൊണ്ട്‌ രാധയ്‌ക്ക്‌ വേണ്ട ഡ്രസ്സ്‌ വയ്‌ക്കാന്‍ വേണ്ടിയാണ്‌ ഈ ബ്രീഫ്‌കേസ്‌ കൊണ്ടുവന്നത്‌.

‘രാധ വരണം – ഞാന്‍ കൊണ്ടുവന്ന പുതിയ തുണിത്തരങ്ങള്‍ കാണണ്ടെ?

രാധ മാധവന്റെ ഈ വാദഗതിയോട്‌ യോജിച്ചു. നഗരത്തിലേയ്‌ക്ക്‌ പോവുമ്പോള്‍ അതിനനുസൃതമായൊരു മാറ്റംവേണം. പുതിയ തുണിത്തരങ്ങള്‍ ധരിച്ച്‌ വേണം ചെല്ലാന്‍. അമ്മയുടെ പെട്ടിയിലുള്ള പഴയ ആഭരണങ്ങള്‍ – കഴുത്തിലൊരു ചെയിന്‍. കൈകളില്‍ ഓരോജോഡി വള – പിന്നെ – പണ്ട്‌ നൃത്തത്തിന്‌ താനുപയോഗിച്ചിരുന്ന പാദസരം – ഇതൊക്കെ ഇട്ട്‌വേണം ചെല്ലാന്‍. പിന്നെ നിറമുള്ള കുറെ കുപ്പിവളകള്‍ പണ്ട്‌ ഉത്സവത്തിന്‌ മാധവനുള്ളപ്പോള്‍ വാങ്ങിവച്ചതാണ്‌ ഒരു കയ്യില്‍ അതും ഇടണം.

പുതിയ വേഷം അണിഞ്ഞ്‌ നില്‍ക്കുന്ന നാട്ടിന്‍പുറത്തുകാരിയായ ഒരുവളുമായി തന്നെ സാദൃശ്യം ചെയ്‌തതോടെ രാധയുടെ മുഖത്ത്‌ അറിയാതെയാണെങ്കിലും ഒരു പുഞ്ചിരി വിരിഞ്ഞു. കുറെമുമ്പ്‌ നടന്നതൊക്കെ അവള്‍ മറക്കാന്‍ തയ്യാറായി. നഗരത്തില്‍ ചെന്നാല്‍ മാധവന്റെ ആ കൂട്ടുകെട്ടൊക്കെ ഇല്ലാതാക്കാന്‍ തനിക്ക്‌ കഴിയും. ആ വിചാരം മനസ്സില്‍ കയറിയതോടെ ഇത്‌ വരെയുണ്ടായ അനിഷ്‌ടസംഭവങ്ങള്‍ അവളെ അലട്ടിയില്ല. രാധ മാധവന്റെടുക്കലേയ്‌ക്ക്‌ അവന്‍ ബ്രീഫ്‌കേസില്‍ നിന്നെടുക്കുന്ന തുണിത്തരങ്ങള്‍ എന്തൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയോടെ റാന്തലുമായി നീങ്ങി.

Generated from archived content: radha23.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here