‘ഞാന്‍ – ഞാന്‍ -’ അത്രയേ മാധവന്‍ പറഞ്ഞുള്ളു.
‘വേഷം മാറീപ്പം ആദ്യം തിരിച്ചറിഞ്ഞില്ലാട്ടോ – എന്നാലും വന്നുലോ – എവിടാരുന്നു ഇത്രനാളും?’ മാധവന്‍ മുറ്റത്ത് നിന്ന് വരാന്തയിലേയ്‌ക്ക് കയറി. കയ്യിലിരുന്ന ബ്രീഫ്‌കേസ് വരാന്തയില്‍ വച്ച് അവന്‍ രാധയുടെ അടുത്തേക്ക് നീങ്ങി.
‘രാധയും മാറിയിരിക്കുന്നു. ഒത്ത ആളായി -ന്നാലും മുഖവും കണ്ണുകളും മുടിയും -ങ്ങ്‌നങ്ങ് മറക്കാന്‍ പറ്റോ?’ മാധവന്റെ ആ വാക്കുകളോടെ രാധ പൊട്ടിക്കരഞ്ഞു. ഒരുതവണ അവള്‍ മാധവനെ കൈകൊണ്ട് അടിക്കാന്‍ വരെ ഓങ്ങിയതാണ്. പെട്ടെന്നാണ് ഒരു ബോധോദയം. പഴയ ആ കുസൃതിക്കാരന്‍ മാധവനല്ല. ഒത്ത ഒരു പുരുഷന്‍. നാഗരിക വേഷവും ഇവന് ചേരും. ന്നാലും മുടിയില്‍ ഒരു പീലിച്ചുരുള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയീ വേഷം അഴിച്ച് മാറ്റി മഞ്ഞച്ചേലയും ഒരു തുളസിപ്പൂമാലയും പുറമെ ഏതെങ്കിലും നിറമുള്ള പൂക്കള്‍ കൊണ്ട് കൊരുത്തമാലയും – പിന്നെ കയ്യിലൊരോടക്കുഴലും – ശരിക്കു കൃഷ്‌ണനായിമാറും. വൃന്ദാവനത്തിലെ ഗോപികമാരെ മയക്കിയ കൃഷ്‌ണന്‍.
പക്ഷേ അതൊന്നും ചിന്തിക്കേണ്ട സമയമല്ലല്ലൊ ആളെത്തിയില്ലെ?. ‘ആട്ടെ – പോയിട്ടെത്ര വര്‍ഷായിന്നാ വിചാരം ? എവിടെയായിരുന്നു ഇത്രനാളും? ഇവ്‌ടത്തെ കാര്യങ്ങളൊക്കെ ഓര്‍ക്കാറുണ്ടോ?’ എന്റെ രാധേ ഞാന്‍ നിങ്ങളെയൊക്കെ മറന്നുന്നാവിചാരം? എന്റെ അവസ്‌ഥയെന്തായിരുന്നെന്ന് നിങ്ങളറിഞ്ഞാല്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. അമ്മയ്‌ക്ക് സുഖമില്ലായിരുന്നെന്ന കാര്യം അന്ന് ചക്രപാണി അമ്മാവന്‍ പറഞ്ഞില്ലെങ്കിലും അതും സത്യമായിരുന്നു. പിന്നെ – ആ ദുഷ്‌ടന്‍ ഞങ്ങളെ ശരിക്കും കഷ്‌ടപ്പെടുത്തി. കഷ്‌ടപ്പെടുത്തുകയല്ല, വേട്ടയാടുകയായിരുന്നു. അവന്റെ ഉപദ്രവം സഹിക്ക വയ്യന്നായപ്പോഴാ – അമ്മ ആളെ രഹസ്യമായി ഇങ്ങോട്ടുവിട്ടെ – അവന്റെ ലക്ഷ്യം ഞാനായിരുന്നു. ഞാനിവിടെ എവിടെങ്കിലും ഉണ്ടാവുമെന്നവന്‍ മനസ്സിലാക്കി. അതിനവന്‍ ആള്‍ക്കാരെ ചട്ടം കെട്ടിയതാ – അറിയാല്ലോ – അവന്റെ ലക്ഷ്യം എന്തായിരുന്നെന്ന്-?‘
‘ഞാനെങ്ങനെ അറിയാനാണ്? മാധവനൊന്നും ആരോടും പറഞ്ഞില്ലല്ലോ – മാധവന്റെമ്മേടെയടുക്കല്‍ നിന്നാ വരുന്നേന്ന് മാത്രം പറഞ്ഞു. പിന്നമ്മയോട് എന്തൊക്കെ മാധവനന്ന് പറഞ്ഞെന്ന് അമ്മയ്‌ക്ക് അറിയൂ.
‘അപ്പോൾ അമ്മ – ഒന്നും പറഞ്ഞിരുന്നില്ലെ?’
‘ഇല്ല – ഒന്നും – എന്റെമ്മയും മാധവന്റെമ്മയും ചെറുപ്പത്തില്‍ ഒരുമിച്ച് വളര്‍ന്നവരായിരുന്നെന്നും എന്നും കൂട്ടായിരുന്നെന്നും മാത്രം പറഞ്ഞുള്ളു. അമ്മയെന്തൊക്കെയോ എന്നില്‍ നിന്നു മറച്ച് വച്ചു. ഒരു പക്ഷേ, പിന്നീടെപ്പോഴെങ്കിലും പറയാമെന്ന് വിചാരിച്ചാവും. പെട്ടെന്ന് തന്നെ പോവുമെന്ന് അമ്മയറിഞ്ഞില്ലല്ലൊ.’
– അല്ല ഞാനങ്ങു മറന്നുപോയി. ഇത്രേം ദൂരേന്ന് വരുവല്ലേ? നല്ല ക്ഷീണം കാണും ഞാന്‍ കാപ്പിയിടാം. അല്ലെങ്കില്‍ നല്ല സംഭാരം ഏതാണെങ്കിലും താമസമില്ല വരൂ -‘
രാധ മുറിക്കകത്ത് കയറി, ആദ്യം ചെയ്‌തത്, കൃഷ്‌ണവിഗ്രഹത്തിന്റെ മുന്നില്‍ നമസ്‌കരിക്കുകയായിരുന്നു.
-ന്റെ കൃഷ്‌ണാ – അവസാനം മാധവന്‍ വന്നു. എന്നെ ഒത്തിരി തീ തീറ്റി.
-ന്റെ കൃഷ്‌ണാ ഇനിം മാധവനെ പറഞ്ഞുവിടല്ലേ.’
മാധവന്‍ ഈ സമയം ഒന്നുപകച്ചു. എന്താവേണ്ടത് ഇനിയും? രാധ കൊണ്ടുവന്ന സംഭാരം കുടിച്ചിട്ട് മാധവന്‍ വീണ്ടും വരാന്തയിലേയ്‌ക്ക് വന്നു. അവിടെയിട്ടിരുന്ന ഒരു സ്‌റ്റൂളില്‍ ബ്രീഫ്‌കേസ് വച്ച് – പിന്നെ തൊട്ടടുത്തുള്ള കസേരയിലിരുന്നു.
‘മാധവാ – അതൊക്കെ പിന്നെ. ആദ്യം തന്നെ ഇരുട്ട് വീഴണേന് മുന്നെ പുഴയില്‍ പോയി കുളിച്ചിട്ട് വാ – വന്നിട്ട് നമുക്കൊത്തിരി നേരമരിക്കാം. എനിക്കൊത്തിരി പറയാനുണ്ട്. രാത്രിമുഴുവന്‍ ഉറക്കമിളച്ചാലും പറഞ്ഞ് തീരില്ല.’
മാധവന്‍ പക്ഷേ – രാധ പറഞ്ഞതൊന്നും കേട്ടില്ല.
ഇതിനിടയില്‍ ആലയില്‍ അനക്കംതുടങ്ങിയിരുന്നു. പശുക്കള്‍ പലതും തലയാട്ടിളക്കുകയും തറയില്‍ ചവിട്ടി ബഹളമുണ്ടാക്കുകയും ചെയ്‌തു. കന്നുകുട്ടികള്‍ തുള്ളിച്ചാടുന്നു, എരുത്തില്‍ കേറ്റാന്‍ വിട്ടുപോയ ഒന്ന് മാധവന്റെ അടുക്കലെത്തിക്കഴിഞ്ഞു.
പക്ഷേ – മാധവന്‍ അതൊന്നും ശ്രദ്ധിച്ചില്ല. അവന്‍ വേറൊരു ലോകത്തായിരുന്നു. തന്നെ മുട്ടിയുരുമ്മുകയും പിന്നെ തുള്ളിച്ചാടുകയും ചെയ്‌ത കിടാവിനെ മാധവന്‍ ഗൗനിച്ചതേയില്ല.
കന്നുകുട്ടിയുടെ ബഹളം കേട്ട് രാധ പുറത്തേയ്‌ക്ക് വന്നു. മാധവന്‍ അതിനെ തിരിഞ്ഞുനോക്കുന്നില്ലെന്ന് കണ്ടതോടെ, രാധയുടെ മനസ്സ് വേദനിച്ചു. മാധവന്‍ പോവുമ്പോള്‍ കറുമ്പിപ്പശു പ്രസവിച്ചിട്ടേ ഉള്ളൂ. കുഞ്ഞിനെ കണ്ടിട്ടുണ്ട്. അത്രമാത്രം ഇന്നിപ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മാധവന്റെ അടുക്കലേയ്‌ക്ക് അതോടിച്ചെല്ലുന്നത് സ്‌ഥിരം പരിചയക്കാരിയെപ്പോലാണ്.
‘എന്താ-മാധവാ – കണ്ടില്ലെ? കറമ്പിപ്പശുവിന്റെ മോളാ – മാധവന്‍ പോവും നേരം പശു പെറ്റതേ ഉള്ളു. കുഞ്ഞായിരുന്നു – ന്നിട്ടും കണ്ടില്ലേ – നിന്നെ പരിചയമുള്ള ആളെപ്പോലെ ഓടിവന്നിരിക്കണെ. അത്‌ങ്ങളെയൊന്ന് കാണണ്ടെ?’
‘കാണണം – നിപ്പോ – ഈ രാത്രിവേണ്ട.’
‘ശരിയാ – ഇപ്പോള്‍ സന്ധ്യകഴിഞ്ഞനേരത്ത് ഓടക്കുഴല്‍ വായിക്കണ്ട. ഓടക്കുഴലുമായിട്ടേ അത്‌ങ്ങടെയടുക്കലടുക്കാവൂ – എത്രനാളായി കേട്ടിട്ട് – എനിക്കും കേക്കണംന്നൊണ്ട് – ഏതായാലും നാളെയാട്ടെ – ആട്ടെ, മാധവന്റെ ഓടക്കുഴലെവിടെ ? പഴയത് തന്നെയാണോ? -’
സത്യത്തില്‍ മാധവന്‍ പുതിയൊരു വിശേഷം കേക്കുന്നമാതിരി പകച്ചുനിന്നു.
ഓടക്കുഴലോ -?
‘എന്താ മാധവാ – ഒന്നു മിണ്ടാത്തെ? ഓടക്കുഴലില്ലെ -?
’ഇല്ല-‘
‘ങഹേ – രാധ സ്‌തബ്ധയായി നിന്നു. എന്തൊക്കെയോ അപ്രതീക്ഷിതമായത് സംഭവിക്കാന്‍ പോവുന്നു. മാധവന്‍ വേഷംമാറി, തനി നഗരവാസിയുടെ മട്ടാണ്. ക്രോപ് ചെയ്‌ത് ഒതുക്കിയ മുടി, മീശ – നീളമുള്ള ട്രൗസര്‍, ഷര്‍ട്ട് – കാലില്‍ ഷൂസ് – എല്ലാം കൊണ്ടും മാധവനിവിടെ എന്തൊക്കെയോ അസൗകര്യമുള്ള പോലെ പുഴയില്‍ കുളിക്കാന്‍ പോലും ഉത്സാഹം കാട്ടുന്നില്ല.
‘മാധവന്‍ ഓടക്കുഴല്‍ വേണ്ടെന്ന് വച്ചതാണോ?’
‘എന്റെ രാധെ – നീയെന്തായീപ്പറയണെ? എനിക്കതൊക്കെ നോക്കാന്‍ നേരംകിട്ടിയോ? ഞാന്‍ പറഞ്ഞില്ലെ. അമ്മയേയും കൊണ്ടോട്ടത്തിലായിരുന്നു – അവസാനം ഞങ്ങള്‍ ചെന്ന് താമസിച്ചത് – അവിടെ നഗരത്തില്‍ നിന്ന് ദൂരെ – കടപ്പുറത്തൊരു വീട്ടില്‍ – അമ്മയുടെ ചികിത്സയൊക്കെ അവിടെ ഒരു വൈദ്യന്റെ കീഴിലായിരുന്നു. എങ്ങനെയോ – അമ്മാവന്‍ വിവമരമറിഞ്ഞ് അങ്ങോട്ടും ആള്‍ക്കാരെവിട്ടു – പക്ഷേ -’
പിന്നെ മാധവനൊന്നും മിണ്ടിയില്ല. രാധയ്‌ക്ക് ചോദിക്കണംന്നുണ്ടായിരുന്നു. എന്നാണ് അമ്മയേയും കൂട്ടി പട്ടണത്തിലെ വീട്ടിലേയ്‌ക്ക് മടങ്ങി വന്നത്. അമ്മയുടെ അസുഖമൊക്കെ മാറിയോ? പക്ഷേ മാധവന്‍ കൂടുതല്‍ വിശദീകരിക്കാന്‍ താല്‌പര്യം കാട്ടാത്തതുകൊണ്ട് രാധ പിന്നൊന്നും ചോദിച്ചില്ല. എങ്കിലും അവള്‍ക്ക് തന്റെ നൃത്തത്തെപ്പറ്റി അമ്പലത്തിലെ ഉത്സവത്തെപ്പറ്റി – മാധവനില്ലാതെ പോയ ഉത്സവങ്ങള്‍ ജന്മാഷ്‌ടമി, – ദീപാവലി, വിഷു – തിരുവാതിര അങ്ങനെ പലതും. ഏതായാലും എല്ലാം കൂടി ചോദിക്കാനും പറയാനും നിരവധിയുണ്ട്. ഇപ്പോള്‍ വേണ്ട. ഒത്തിരി ദൂരത്തുനിന്നു വരുന്നു. നല്ല ക്ഷീണം കാണും. പെട്ടെന്നാണോര്‍ത്തത്. മാധവനെങ്ങനെവന്നു? ഇപ്പോള്‍ പണ്ടത്തെപ്പോലല്ല. പുഴകടന്ന് അക്കരെ പോവണ്ട. ഈ റോഡിലൂടെ ദിവസത്തില്‍ രണ്ട് നേരം ബസ് സര്‍വീസ് ഉണ്ട്, വളരെ അപൂര്‍വ്വമായി ലോറി വരും. ഉത്സവനാളിലാണ് കാറുകളൊക്കെ വരിക. കാളവണ്ടി – വല്ലപ്പോഴും ചരക്കെടുക്കാന്‍ പോവുമ്പോള്‍ മാത്രം. ഇത്താക്കു മാപ്പിളയ്‌ക്ക് ഇപ്പോള്‍ കാറും ലോറിയുമുണ്ട്. കാളവണ്ടി വല്ലപ്പോഴുമേ ഉപയോഗിക്കാറുള്ളു. കാറും ലോറിയുമൊക്കെ ആയെങ്കിലും മുമ്പുണ്ടായിരുന്ന കാളവണ്ടിയേയും – കാളകളേയും ഉപേക്ഷിച്ചിട്ടില്ല. ‘തലമറന്നെണ്ണ തേയ്‌ക്കരുതെ’ന്നാണ്- ഒരിക്കല്‍ വണ്ടിയേയും കാളയേയും വിറ്റുകൂടേന്നാരോ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി. ഇതൊക്കെ മാധവനോട് പറയാന്‍ കിടക്കുന്ന വിശേഷങ്ങളാണ്. പക്ഷേ – മാധവന്‍ വേറൊരു ലോകത്താണ്. ഇവിടത്തെ ഒരു കാര്യവും കേള്‍ക്കാനോ അറിയാനോ താല്‌പര്യമില്ല.
‘മാധവന്‍ കുളിക്കുന്നൊന്നുമില്ലെ? വേഷം മാറണ്ടെ? കുളിച്ച് വരുമ്പോഴേയ്‌ക്കും ഭക്ഷണം എടുത്ത് വയ്‌ക്കാം.’ മാധവന്‍ പിന്നെയും അനങ്ങാതിരുന്നു. രാധ അടുക്കളയില്‍ പോയി മടങ്ങി വന്നപ്പോഴും മാധവനാ ഇരിപ്പാണ്.
‘എന്ത്‌പറ്റി മാധവാ – വന്ന വേഷത്തില്‍ തന്നെ ഇപ്പോഴും –
’ഞാന്‍ കുളിക്കുന്നില്ല. ഇന്നിനി കുളിച്ചാല്‍ ശരിയാവില്ല.‘
’മാധവനെന്തോ – വലിയ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വേഷത്തില്‍ മാത്രമല്ല- സ്വഭാവത്തിലും – മുമ്പ് എവിടെപ്പോയിട്ട് വന്നാലും പാതിരാത്രിക്കാണേലും പുഴയില്‍ പോയി കുളിച്ചിട്ടേ ഭക്ഷണം കഴിക്കാറുള്ളു. വെളുപ്പിനെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ നട തുറക്കണേന് മുന്നേ പോയി ഓടക്കുഴല്‍ വായിക്കുവാര്‍ന്നു. അതൊക്കെ മറന്ന്‌പോയി.‘
‘ശരിയാ – അതൊക്കെ മറക്കേണ്ടിവന്നു. മറക്കേണ്ടി വന്നെന്നല്ല, മാറ്റേണ്ടി വന്നു. എപ്പോഴും സാത്വികനായിട്ടിരുന്നാല്‍ ജീവന്‍ വരെ പോകുമെന്നായപ്പോള്‍ – ഞാനിങ്ങനെ ഓടക്കുഴല്‍ വിളിയും അമ്പലത്തില്‍ ഭജനവുമായി കഴിഞ്ഞാല്‍ മതിയോ? എന്റെ ചുറ്റുപാടുകള്‍ അങ്ങിനെയായിരുന്നു. ആട്ടെ ഞാന്‍ മടങ്ങിവന്നത് ഇവിടെ തങ്ങാനല്ല. പോണം പക്ഷേ, രാധയും കൂട്ടുണ്ടാവണം.‘ ആശ്ചര്യവും സന്തോഷവും ആഹ്ലാദവും – അതോടൊപ്പം സങ്കടവും കലര്‍ന്ന ഒരൊച്ച – ഹൂയ് -! അങ്ങനൊന്ന് രാധയില്‍ നിന്നുയര്‍ന്നുവോ?
പക്ഷേ –
’മാധവാ – മാധവനെവിടെ വിളിച്ചാലും വരാം. അതിനല്‌പം സാവകാശം തരണം. ഇവിടന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോരാന്‍ പറ്റ്വോ? ചുരുങ്ങിയത് – ഒരാഴ്‌ച-‘
‘ഒരാഴ്‌ചയോ? ഒരു ദിവസംപോലും പറ്റില്ല. എനിക്കങ്ങനെ നിന്നാ പറ്റില്ല. നഷ്‌ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടിയിട്ടേ ഉള്ളു. എല്ലാം – ആ ദുഷ്‌ടന്റെ കയ്യിലായിരുന്നു – എന്റെച്ഛനെ കൊന്ന് എല്ലാം കൈക്കലാക്കിയാ ആ ദുഷ്‌ടന്റെ -‘
വീണ്ടും മാധവന്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ നിര്‍ത്തി. അല്‌പം കഴിഞ്ഞ് ഇപ്പോഴും തന്റെ മുഖത്തേയ്‌ക്ക് പകച്ചുനോക്കുന്ന രാധയുടെ നേര്‍ക്ക് തിരിഞ്ഞു.
’രാധയറിയണം- ഞാനിവിടായാല്‍ ശരിയാവില്ല. എന്റെ ബിസിനസ്സ് സ്‌ഥാപനങ്ങള്‍, ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ്, ബാങ്ക് – പിന്നെ എന്റെ മേല്‍നോട്ടത്തിലുള്ള ആശുപത്രി, സ്‌കൂള്‍ – ഇതൊക്കെ കയ്യില്‍ കിട്ടിയിട്ട് മാസം രണ്ടായെങ്കിലും – കാര്യങ്ങളൊന്നും അടുക്കും ചൊവ്വുമുള്ളതായിട്ടില്ല. പിന്നെ കേള്‍ക്ക് നീയങ്ങോട്ട് വരുമ്പോള്‍ ഈ വേഷം പറ്റില്ല. നിനക്കടിമുടി മാറ്റം വരണം രാധയ്‌ക്കൊന്നും മനസ്സിലാവുന്നില്ല. ഇവിടം വിട്ട് പോയിട്ട് ഏറെ നാളായിരിക്കുന്നു. ഇതുവരെ മാധവന്റെ ജീവന്‍ വരെ അപകടത്തിലായിരുന്നു. മാധവന് വേണ്ടി എന്നും എന്ന് പറഞ്ഞപോലെ അമ്പലത്തില്‍ പോവുന്നു. പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ സന്ധ്യനേരത്ത് കയറി വന്നിട്ട് – പറയുന്നു, വേഗം പോണംന്ന്. ഇല്ല എന്തൊക്കെയായാലും അത് നടപ്പില്ല. മാധവന്‍ വന്ന സന്തോഷം ആദ്യം അറിയിക്കേണ്ടത് ഭഗവാനെതന്നെ. ഭഗവാന്‍ തന്നെയാണല്ലോ മാധവനെ അപകടത്തില്‍ നിന്ന് രക്ഷിച്ചതും. ഇപ്പോള്‍ ഇവിടെ വരുത്തിയതും. പിന്നെ ഭഗവാന്റെ തിരുമുമ്പില്‍ ഒരു താലിചാര്‍ത്ത് – എന്നിട്ടേ മാധവന്റെ കൂടെ എങ്ങോട്ടാണേലും ഉള്ളു.
‘മാധവന്‍ വിളിച്ചാ വരും ഒറപ്പ്. പക്ഷേ ഇങ്ങനങ്ങ്‌പറ്റില്ല. ഭഗവാന്റെ തിരുമുമ്പിച്ചെന്ന് നാലുപേര്‍ കാണ്‍കെ ഒരു താലിചാര്‍ത്ത് എന്നിട്ടേ, വരാന്‍ പറ്റു. അമ്പലത്തിലെ ആള്‍ക്കാരെയും ദാമുവാശാനെയും നമ്പീശന്‍ ചേട്ടനെയും എമ്പ്രാന്തിരിയേയും എല്ലാവരെയും അറിയിക്കണം. എന്റെ ചില കൂട്ടുകാരുണ്ട്. അവരും വേണം. ഇവരുടെ മുന്നില്‍വച്ച് ഒരു താലികെട്ട് – അത് വേണം – എന്നിട്ടേവരൂ -’
മാധവന്റെ മുഖം ചുവന്ന് തുടുത്തു. തന്റെ ബിസിനസ്സ് ഏറ്റെടുത്തതിന് ശേഷമുള്ള പൊല്ലാപ്പ് – എല്ലാം നാളത്തെ കൊണ്ടുതീരും. അച്ഛന്റെ പേരിലുള്ള വസ്‌തുക്കളും ബിസിനസ്സും എല്ലാം കള്ളപ്രമാണങ്ങള്‍ ചമച്ച് സ്വന്തമാക്കിയിരിക്കുകയായിരുന്നു, ആ ദുഷ്‌ടന്‍. അതെല്ലാം കയ്യില്‍ കിട്ടിയിട്ട് രണ്ട് മാസമായെങ്കിലും തന്റെ പേരിലേയ്‌ക്കായിട്ടില്ല. അതിന് പഴയ പ്രമാണങ്ങള്‍ വേണം. വില്ലേജോഫീസിലെയും താലൂക്കോഫീസിലെയും ചില സര്‍ട്ടിഫിക്കറ്റുകള്‍ – അവയൊക്കെ ശരിയാക്കാന്‍ വക്കീലിനെ ഏല്‌പിച്ചിട്ടേയുള്ളു. നാളെയാണ് വക്കീല്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ രണ്ട് ദിവസത്തിനകം എല്ലാത്തിന്റെയും ഉടമ താനാകും. ഇവിടെയീ അമ്പലവിശേഷം കേട്ടിരുന്നാല്‍ ശരിയാവില്ല.
മാധവന്‍ രാധയുടെ നേര്‍ക്ക് നോക്കി. പഴയ മാതിരി ഒന്നരയും മുണ്ടും. മുടി നടുവിലേവകഞ്ഞിട്ടേ ഉള്ളു. നെറ്റിയിലൊരു പൊട്ടുണ്ട്. ചാന്ത്‌പൊട്ടായിരിക്കും. പഴയ മട്ടിലുള്ള ഒരു ബ്ലൗസുണ്ട്. ഈ വേഷത്തില്‍ പോയാല്‍ പറ്റില്ല. എല്ലാം അറിയാവുന്നത്‌കൊണ്ട് അത്യാവശ്യം വേണ്ട ചില റെഡിമേഡ് ഡ്രസ്സുമായിട്ടാ വന്നിരിക്കുന്നത്. നല്ലൊരാകാരം രാധയ്‌ക്കുണ്ട്. പക്ഷേ ഈ പഴഞ്ചന്‍ വേഷത്തില്‍, ചാണകത്തിന്റെ മണവുമായി എങ്ങനെ അങ്ങോട്ട് കൊണ്ട്‌പോവും.?
എങ്കിലും ആരെയും മോഹിപ്പിക്കുന്ന ആകാരം. അയാള്‍ എഴുന്നേറ്റു മുഖത്ത് ദൈന്യതയും വന്യതയും ആസക്തിയും ഒന്നൊന്നായി കടന്നുവരുന്നു. മാധവന് ഇങ്ങനൊരു പ്രകൃതം മുമ്പ് കണ്ടിട്ടില്ല. എങ്കിലും ഏറെനാള്‍ കൂടിയിട്ട് വരുന്നു. മാധവന്‍ വന്ന് കടന്നുപിടിച്ചതും തന്റെ ദേഹത്തോട്ട് ചേര്‍ത്തതും- രാധ അങ്ങനെ തന്നെനിന്നു കൊടുത്തു. മുഖത്തെ ഉച്ഛ്വാസം – ആ കണ്ണുകള്‍ – അവള്‍ പെട്ടെന്ന് വൃന്ദാവനത്തിലെ രാധയായി. അവളുടെ കൈകള്‍ അവനെ വരിഞ്ഞു. അതോടെ മാധവന്‍ ഒന്ന് സടകുടഞ്ഞെഴുന്നേറ്റത് പോലെ. ശക്തിയും ആവേശവും ആസക്തിയും ഒന്നിനൊന്ന് വര്‍ദ്ധിതമായതുപോലെ. അവന്റെ കൈകള്‍ അവളുടെ ദേഹമാസകലം പരതി. പയ്യെ ബ്ലൗസിന്റെ കുടുക്കഴിക്കാന്‍ ശ്രമിച്ചു.
പെരുമാറ്റത്തിലെ ഈ വ്യത്യസ്‌തത, ഈ ആസക്തി – ശക്തി അതവള്‍ക്ക് അപരിചിതമായി. മാധവനും താനും ഒന്നായി തീര്‍ന്ന ആ മഴക്കാലത്തെ ഓര്‍മ്മ – പുഴത്തീരത്ത് ആ ദേഹത്തോട് ചാഞ്ഞ് കയറിയ നാളുകള്‍ – പക്ഷേ – അന്ന് മാധവന് താനായിരുന്നു പ്രചോദനം ഇന്നോ-? അവന്റെ കൈകള്‍ ബ്ലൗസിനുള്ളിലേക്ക് കടന്ന നിമിഷം.
അവള്‍ അവനെ തള്ളിമാറ്റി.
‘എന്താ മാധവാ – ഇത്?
“ അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്? നിനക്കെന്ത്‌പറ്റി? നീ പണ്ടത്തെ രാധയല്ല?.
’മാധവനും പണ്ടത്തെയാളല്ല.‘
‘നീയിങ്ങോട്ടുവാ – നിന്റെയീ വേഷം മാറണം. അതിന് വേണ്ടിയാ ഞാനീ പുതിയ രീതിയിലുള്ള ഡ്രസ്സ് – അത് ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അതിന് മുന്നേ നിയിത് നോക്ക്. പട്ടണത്തിലെ ഒരു ക്ലബ്ബിലെ ഒരു ചടങ്ങാണ്. അവിടെ വരുന്ന ആണിന്റെയും പെണ്ണിന്റെയും വേഷം നോക്ക്. രാധ മുണ്ടും ബ്ലൗസും നേരെയാക്കി. അഴിഞ്ഞുപോയ മുടി വാരിക്കെട്ടി.
മാധവനിതിനോടകം ബ്രഫ്‌കേസ് തുറന്ന് കനമുള്ള ഒരു ബുക്ക് പോലുള്ള ഒന്ന് പുറത്തെടുത്തു എന്നിട്ട് തുറന്നു. ‘നോക്ക് ഈ ആല്‍ബത്തിലെ ഫോട്ടോകള്‍. ഞാന്‍ പറഞ്ഞല്ലോ അവിടത്തെ ക്ലബ്ബിലെ ഒരു ചടങ്ങിലെ പടങ്ങളാണ്.! അവിടെ നിന്നെപോലുള്ളവര്‍ ധരിക്കുന്നത് നിന്റെയീ വേഷമല്ല. ഒന്നരയും മുണ്ടും- ബ്ലൗസും – ഇതൊക്കെ അവിടെ കേട്ട് കേള്‍വിപോലുമില്ലാത്ത സാധനങ്ങള്‍. അത് പോലെ മുടിയിങ്ങനെ വാരിവലിച്ച് കെട്ടുകയല്ല. പിന്നെ ഈ മാതിരി പഴഞ്ചന്‍ തുണികൊണ്ട് തയ്‌ച്ച റൗക്കയും അതിന് മേലേ വലിയ ഉടുപ്പുപോലത്തെ ബ്ലൗസും നോക്ക് – നീയിത് നോക്ക്.’
രാധ, മാധവന്‍ നിവര്‍ത്തിവച്ച ആല്‍ബത്തിലേയ്‌ക്ക് കണ്ണു പായിച്ചതേ ഉള്ളു. അവള്‍ ചൂളിപ്പോയി. അരക്കെട്ട് കഷ്‌ടിച്ച് മറയ്‌ക്കുന്ന നേരിയ തുണികൊണ്ടുള്ള ട്രൗസര്‍- കക്ഷവും മുലയില്‍ പകുതിയും കാണിക്കുന്ന ഉടുപ്പ് – എല്ലാത്തിനും ഇറക്കം കുറവ്. വേറൊന്നില്‍ സാരിയും ബ്ലൗസുമാണ് വേഷമെങ്കിലും മറയ്‌ക്കേണ്ടതില്‍ പാതിയും മറയ്‌ക്കാത്ത വേഷം – തുടിച്ച് നില്‌ക്കുന്ന മാര്‍വിടം – വയറിന്റെ മുക്കാല്‍ ഭാഗവും കാണിച്ചുള്ള താഴ്‌ത്തി ഉടുത്ത സാരി – പൊക്കിള്‍കുഴിക്ക് താഴെയുള്ള നനുനനുത്ത രോമരാജി താഴോട്ട് പോവുന്നിടം വരെ വ്യക്‌തമായും കാണാം.
മാറിപ്പോവാന്‍ തുടങ്ങിയ രാധയെ വീണ്ടും മാധവന്‍ പിടിച്ചുനിര്‍ത്തി. ‘നോക്ക് – ക്ലബ്ബില്‍ എന്തെങ്കിലും ചടങ്ങുണ്ടാവുമ്പോള്‍ എന്നോടൊപ്പം ഡാന്‍സുചെയ്യുന്നവള്‍. മാധവന്റെ മാറിലേയ്‌ക്ക് ചാഞ്ഞ് നില്‍ക്കുന്ന ഒരുത്തി, അവളുടെ വേഷവും മറയ്‌ക്കേണ്ടതൊന്നും ശരിക്കും മറയ്‌ക്കാത്ത വിധമാണ്. അവള്‍ ഒരുകാല്‍ മാധവന്റെ പിന്നിലേയ്‌ക്ക് മടക്കി ഉയര്‍ത്തി വയ്‌ക്കുന്നു. മാധവന്റെ കൈ അവളുടെ അരക്കെട്ടിലേയ്‌ക്ക് നീളുന്നു. അവളോ അനിര്‍വചനീയമെന്ന് തോന്നുന്ന ഒരു നിര്‍വൃതിയില്‍ പാതികൂമ്പിയ കണ്ണുകളോടെ – അകലേയ്‌ക്ക് നോട്ടമെറിയുന്നു. ഇനിയുമുണ്ട് ഫോട്ടോകള്‍, രാധ മുഖംപൊത്തിക്കളഞ്ഞു. മാധവന്‍ പിന്നെയും ചിലതൊക്കെ പറയുന്നുണ്ട്. ’അവിടത്തെ പെണ്ണുങ്ങള്‍ അത്യാവശ്യം മദ്യപിക്കും. സിഗററ്റ് വലിക്കുന്നവരുമുണ്ട്.‘ നഗരത്തില്‍ രണ്ട്‌വര്‍ഷം ചിലവഴിച്ചപ്പോഴേയ്‌ക്കും മാധവനില്‍ വന്നമാറ്റം ഇപ്പോള്‍ രാധയ്‌ക്ക് മനസ്സിലാവുന്നുണ്ട്. അവള്‍ മുറിക്കകത്തേയ്‌ക്ക് നീങ്ങുകയായിരുന്നു.
’രാധ ഒരു ഗ്ലാസ്‌വെള്ളം കൊണ്ടുവാ- മാധവന്‍ വന്നപ്പോള്‍ സംഭാരമോ കാപ്പിയോ വേണ്ടതെന്ന് ചോദിച്ച ഉത്സാഹവതിയായ രാധയല്ലിപ്പോള്‍. ഇവിടെ വന്നിട്ടധികം നേരമായില്ല. അപ്പോഴേയ്‌ക്കും മാധവന്‍ രണ്ട്‌വര്‍ഷം മുമ്പിവിടം വിട്ടുപോയ മാധവനല്ല. മാധവന്റെ സംസാരത്തിലെ വ്യത്യസ്‌തത പോലും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. ഈ വേഷവും – പക്ഷേ – ഇനി ഈ മാധവനെ എങ്ങനെ ഉള്‍ക്കൊള്ളും.?
അവള്‍ ഒരു ഗ്ലാസ് വെള്ളവുമായി വന്നപ്പേയ്ക്കും മാധവന്‍ ഒരു കുപ്പിയെടുത്തു കഴിഞ്ഞു. ബ്രീഫ്‌കേസില്‍ നിന്നെടുത്ത എന്തോ ഒരുപകരണം കൊണ്ട് അടുപ്പ് തുറന്നപ്പോഴേയ്‌ക്കും അവള്‍ക്കന്നേവരെ അനുഭവപ്പെടാത്ത ഒരു വാസന അവിടെ പരന്നു. അവള്‍ ഗ്ലാസ് ബ്രിഫ്‌കേസ്സിനടുത്ത് വച്ച് മുറിക്കകത്തേയ്‌ക്ക് ഓടാന്‍ തുനിഞ്ഞതാണ്. മാധവനവളെ ബലമായി പിടിച്ചിരുത്തികഴിഞ്ഞു. ഗ്ലാസിലെ വെള്ളം പകുതിയോളം മുറ്റത്തേയ്‌ക്ക് കമഴ്‌ത്തി കുപ്പിചെരിച്ച് അതിലെ പാനിയം ഗ്ലാസിലേയ്‌ക്കൊഴിച്ചു. ഒരു കൈകൊണ്ട് രാധയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. ‘ഞങ്ങള്‍ പട്ടണത്തിലുള്ളവര്‍ ഭക്ഷണത്തിന് മുമ്പ് ഇത് കുറച്ച് കുടിക്കും. ക്ലബ്ബുകളില്‍ വരുന്ന സ്‌ത്രീകളും കഴിക്കാറുണ്ട്. രാധയല്‌പം കഴിച്ചുനോക്കു.’ അവന്‍ ഗ്ലാസിലെ പാനിയം അവളുടെ ചുണ്ടിനോടടുപ്പിച്ചതേ ഉള്ളു. അവള്‍ക്കതിന്റെ മണം സഹിക്കാവുന്നതിലപ്പുറം. എങ്ങനെയോ വായില്‍ വീണ പാനിയം അല്‌പം അറിയാതെ രുചിച്ചു പോയി. അവള്‍ തുമ്മി, മൂക്ക്‌ചീറ്റി – കൈകൊണ്ട് മാധവനെ തള്ളിമാറ്റി അകത്തേയ്‌ക്കാടി.
മാധവനും പിന്നാലെ ചെന്നു വലിച്ചടയ്‌ക്കാന്‍ തുടങ്ങിയ വാതില്‍ ബലമായി തള്ളിത്തുറന്ന് അവളെ കട്ടിലിലേയ്‌ക്ക് വീഴ്‌ത്തിക്കഴിഞ്ഞു. ഇതിനിടയില്‍ മാധവന്‍ ഗ്ലാസ് കാലിയാക്കി കഴിഞ്ഞു. ഇപ്പോള്‍ മാധവന്റെ മുഖത്തെ ഗന്ധംപോലും അവളെ വിമ്മിട്ടപ്പെടുത്തുന്നു. പക്ഷേ – മാധവനതൊന്നും വകവയ്‌ക്കുന്നതേയില്ല. കട്ടിലിലേയ്‌ക്ക് വീണ അവളെ പ്രാപിക്കാനുള്ള ശ്രമം ആദ്യമൊക്കെ ചെറുത്തു നിന്നെങ്കിലും അവന്റെ കായികശക്തിക്ക് മുമ്പില്‍ അവള്‍ പതറി. ചെറുത്തുനില്‍പ് ദുര്‍ബലമായപ്പോള്‍ ഒച്ചവയ്‌ക്കാനുള്ള അവളുടെ ശ്രമം പോലും വിഫലമായി. അപ്രതീക്ഷിതമായുണ്ടായ ഏതോ ഒരു വീഴ്‌ചയില്‍ – ക്ഷതം പറ്റി അനങ്ങാന്‍ പോലും ആവാത്ത അവസ്‌ഥ.
Generated from archived content: radha22.html Author: priya_k