ഇരുപത്‌

രാധ വീട്ടില്‍ ചെന്നപ്പോള്‍ ദാമുവാശാനുണ്ട്‌ മുറ്റത്ത്‌. കൂടെ അമ്പലകമ്മറ്റിയിലെ ഇപ്പോഴത്തെ സെക്രട്ടറി ഗോപാലപിള്ളയുമുണ്ട്‌. മാധവനെപ്പറ്റി പുതിയ എന്തെങ്കിലും വിവരവും കൊണ്ടാണൊ എന്ന്‌ സംശയിച്ചപ്പോള്‍ ദാമുവാശാല്‍ വിഷയത്തിലേയ്‌ക്ക്‌ കടന്നു.

‘രാധയ്‌ക്കറിയാല്ലൊ ജന്മാഷ്‌ടമി വരുന്നു. രണ്ടാഴ്‌ചയേ ഉള്ളു. രാധ ഉണ്ടാവണം അമ്പലമുറ്റത്ത്‌.

’ഞാനെങ്ങനെ ഡാന്‍സ്‌ ചെയ്യും? ആരുപാടും? മാത്രമല്ല വേറാരും പാടിയ ശരിയാവുംന്ന്‌ എനിക്ക്‌ തോന്നണില്ല.‘ ദാമുവാശാല്‍ ഈ മറുപടി രാധയില്‍ നിന്നുണ്ടാവുമെന്ന്‌ നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നതാണ്‌.

’ശരിയാ രാധെ – മാധവനിത്തവണ ഉണ്ടാവില്ല. നമുക്കറിയാം. പക്ഷേ ആ പാട്ടിന്റെ ഓര്‍മ്മ നിനക്കുണ്ടാവുമല്ലൊ. നാദവും രാഗവും താളവും ഒക്കെ നിനക്ക്‌ കാണാപാഠമല്ലെ? ആ ഓര്‍മ്മയില്‍ നി ചുവട്‌ വച്ചാര്‍ മതി. പിന്നെ കല്യാണിക്കുട്ടിയമ്മ സഹായത്തിനുണ്ടാവും. ഒരു രണ്ട്‌ പാട്ടെങ്കിലും – ആ ഓര്‍മ്മയില്‍ നീ ഡാന്‍സു ചെയ്‌താല്‍ നീ ഭഗവാന്‌ നടത്തുന്ന ഒരര്‍ച്ചനയായി കരുതിയാല്‍ മതി. ഭഗവാന്‍ കൃഷ്‌ണന്റെ അനുഗ്രഹം നിനക്കുണ്ടാവും. അതുമാത്രമല്ല, മാധവനെ നമ്മള്‍ മറന്നിട്ടില്ല എന്നതോര്‍മ്മിക്കാനും അത്‌ സഹായിക്കും. രാധയുടെ മനസ്സ്‌ തുടുതുടുക്കുന്നു. മാധവന്‍ സമീപത്തുണ്ടെങ്കില്‍ ഓടക്കുഴല്‍ ആ ചുണ്ടത്ത്‌ അമരുമ്പോള്‍ അതിന്റെ സുഷിരങ്ങളില്‍ വിരല്‍ സ്‌പര്‍ശം ഏല്‍ക്കുമ്പോള്‍, ആ സമയത്തെ നൃത്തത്തിന്‌ കിട്ടുന്ന ചാരുത എങ്ങനെയായാലും ഉണ്ടാവില്ല. സദസ്യരുടെ മുന്നില്‍ നാണം കെടുന്നതിലും ഭേദം പിന്‍വാങ്ങുന്നതാണ്‌.

രാധ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

‘എന്തൊക്കെയായാലും അത്‌ ശരിയാവില്ല അമ്മാവാ – അമ്മാവനെന്നോട്‌ പൊറുക്കണം.’ അതോടെ അവള്‍ കരയാനാരംഭിച്ചു. കരഞ്ഞുകൊണ്ടുള്ള ഒരു സമ്മതം വേണ്ടെന്ന്‌ ദാമുവാശാല്‍ തീരുമാനിച്ചു. അവല്‍ പിന്‍വാങ്ങി. പോവാന്‍ നേരത്ത്‌ ഗോപാലപിള്ളയാണ്‌ സംസാരിച്ചത്‌.

‘രാധെ – നിന്റെ മനസ്സ്‌ ഭഗവാല്‍ തന്നെ തിരുത്തും. കാരണം ഭഗവാന്‍ കൃഷ്‌ണന്‌ മാധവനെ ഇഷ്‌ടമായിരുന്നു. നിന്നെയും,’ ദാമുവാശാനും ഗോപാലപിള്ളയും പോയതിന്‌ പിന്നാലെ മാളുവും എത്തി. വിവരമറിഞ്ഞപ്പോള്‍ മാളുവും പറയുന്നതതാണ്‌.

‘നിനക്കൊരിക്കലെങ്കിലും നൃത്തമഭ്യസിക്കാനായിട്ടില്ല. തിരുവാതിരപാട്ടിനൊത്ത്‌ ചുവടുവച്ച ശീലമേ നിനക്കുള്ളു. പക്ഷേ, നീയെങ്ങനെ നൃത്തക്കാരിയായെന്നോര്‍ക്കണം, മാധവന്‍ വന്നതുകൊണ്ടാണെന്നു നീ പറയും. പക്ഷേ, മാധവന്‍ പോയതോടെ നീ ആ ചുവടുവയ്‌പ്‌ മറക്കുമെന്ന്‌ എങ്ങനെ കരുതും? പഠിച്ചത്‌ മറക്കണമെങ്കില്‍ ഒരിക്കലും പിന്നീടത്‌ ചെയ്യാതിരിക്കണം. ഇവിടിപ്പോള്‍ നിനക്കത്‌ ചെയ്യാനുള്ള അവസരമാണ്‌ കിട്ടുന്നത്‌. അല്ലാതെ കുളക്കടവിലെ ആ പെണ്ണുങ്ങളെക്കൂട്ട്‌ പരദൂഷണം പറയൊന്നുമല്ലല്ലൊ നിന്റെ തൊഴില്‍. നിനക്കീ അവസരമൊക്കെ ഒരുക്കിയത്‌ ഈ കോവിലിലെ കൃഷ്‌നാണ്‌. നീയത്‌ ചെയ്യാതിരുന്നാല്‍ ഭഗവാനെ മറക്കുന്നതും ധിക്കരിക്കുന്നതും നീയാകും.

വത്സേച്ചിയെപ്പോലെ, ജാനമ്മയെപ്പോലെ, അല്ലെങ്കിലാ വെളുത്തേടത്തിയെപ്പോലെ മറ്റുള്ളവുടെ കുറ്റങ്ങള്‍ പറയുന്നതല്ല നിന്റെ തൊഴിലെന്ന്‌ മാളുവീണ്ടും പറഞ്ഞപ്പോള്‍ രാധയ്‌ക്ക്‌ ഒരു വീണ്ടു വിചാരമുണ്ടായി. ഭഗവാനൊരുക്കിയ അവസരം നിഷേധിക്കുന്നത്‌ ശരിയല്ല.

അമ്പലമുറ്റത്ത്‌ രാധയുടെ നൃത്തോത്സവം മൈക്കില്‍കൂടി അനൗണ്‍സ്‌ ചെയ്‌തപ്പോള്‍ നാട്ടുകാര്‍ക്കത്‌ വിശ്വസിക്കാനായില്ല. രാധയുടെ നൃത്തമോ? മാധവന്റെ പാട്ടില്ലാതെയോ?

പക്ഷേ രാധ നൃത്തം ചെയ്‌തു. കല്യാണിക്കുട്ടിയമ്മ, മാധവനോടക്കുഴലില്‍ വായിക്കുമായിരുന്നു ഭഗവസ്‌തുതികള്‍ പതിഞ്ഞ സ്വരത്തില്‍ സ്‌റ്റേജിന്റെ ഒരറ്റത്ത്‌ നിന്ന്‌ ചൊല്ലുമ്പോള്‍ പലപ്പോഴും രാധയ്‌ക്ക്‌ ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ട്‌ തന്നെ രാധയുടെ ചുവട്‌ വയ്‌പിന്‌ ചടുലതയോ പ്രസരിപ്പോ ഇല്ല. ഭാരം വഹിക്കുന്ന ഒരു യാത്രികയുടെ ഭാവം. അവള്‍ വേദിയില്‍ വച്ചിട്ടുള്ള കൃഷ്‌ണവിഗ്രഹത്തെ നോക്കിയാണ്‌ ചുണ്ടുകളനക്കുന്നത്‌. പക്ഷേ അവളുടെ നാവില്‍ നിന്നും വരുന്നത്‌ വേറെ വാക്കുകള്‍.

’എന്തിന്‌ കണ്ണാ നീ സത്യം പറയാതെ – തുറന്നൊന്നും മിണ്ടാതെ പോയി? നിന്റെ വ്യഥകള്‍ എന്റെയും വ്യഥകളല്ലായിരുന്നോ?‘ അവള്‍ മൂകമായി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. അമ്മാവന്റെ ഉപദ്രവത്തില്‍ നിന്നു രക്ഷനേടാന്‍ എവിടെ മറഞ്ഞെന്നുള്ള വിവരം പോലും നീയെന്നെ അറിയിച്ചില്ല? നിനക്കവിടെ കൂട്ടിന്‌ ഈയുള്ളവന്‍ വരില്ലായിരുന്നോ?

അതോടെ രാധ കരഞ്ഞുപോയി. അവള്‍ സ്‌റ്റേജില്‍ തന്നെ തളര്‍ന്നു വീണു. സദസ്യരുടെയിടയില്‍ ചില മുറുമുറുപ്പുകളുണ്ടായി.

’ഇത്‌ വേണ്ടായിരുന്നു. എത്രയൊക്കെയായാലും മാധവനുണ്ടായിരുന്നെങ്കിൽ അതൊരു രാധാകൃഷ്‌ണനൃത്തമായി മാറിയേനെ. ഇതിപ്പോള്‍. കൂടുതലൊന്നും പറയാനുള്ള അവസ്‌ഥ കൊടുക്കാതെ സ്‌റ്റേജില്‍ തിരുവാതിരകളി അരങ്ങേറിയപ്പോള്‍ ഭക്തജനങ്ങളുടെ മുറുമുറുപ്പ്‌ താനെയമര്‍ന്നു. പക്ഷേ, കല്യാണിക്കുട്ടിക്കും പഴയപോലെയുള്ള പ്രസരിപ്പില്ല. പ്രായവും ഏറുന്നു, ശിഷ്യകളാണെങ്കില്‍ അവസരത്തിനൊത്തുയരുന്നില്ല.

‘മാധവനുണ്ടായിരുന്നപ്പോ – ഈ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം സമയാസമയത്തിന്‌, നല്ല രീതിയില്‍ തന്നെ നടന്നിരുന്നു. ഇപ്പോൾ കണ്ടില്ലെ-?’

മാധവന്റെ കുറവ്‌ ഒരു കുറവാണെന്ന്‌ പലരും അഭിപ്രായപ്പെട്ടപ്പോള്‍ ദാമുവാശാനും നമ്പീശനും – സന്തോഷിക്കുകയാണുണ്ടായത്‌. അവനിവിടെ ഉണ്ടായിരുന്നപ്പോള്‍ കുറ്റം പറഞ്ഞവരാണ്‌ ഇപ്പോഴീ അഭിപ്രായം പറയുന്നത്‌.

‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയാതെ പോയവര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പാന്‍ തുടങ്ങിയിരിക്കുന്നു.’

പക്ഷേ ദാമുവാശാന്റെയും നമ്പീശന്റെയും ഈ ന്യായീകരണം പലര്‍ക്കും ദഹിക്കാതെ പോവുന്നു. അത്‌ മാധവനെ ചൊല്ലിയുള്ള കോലാഹലങ്ങളല്ല എന്ന്‌ മാത്രം.

അമ്പലത്തിന്റെ വരുമാനത്തില്‍ നിന്നും പിന്നെ നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത തുകയും – അതൊക്കെ ഇങ്ങനെ നിലവാരമില്ലാത്ത പ്രോഗ്രാമുകള്‍ക്ക്‌വേണ്ടി കളഞ്ഞുകുളിക്കണോ? തിരുവാതിരകളി കഴിഞ്ഞപ്പോള്‍ ദാമുവാശാന്‍ തന്നെ സ്‌റ്റേജില്‍ മൈക്കിന്റെ മുന്നില്‍ വന്നു.

‘ഭക്തജനങ്ങളെ ഇന്നിവിടത്തെ അഷ്‌ടമി ആഘോഷങ്ങളൊന്നും കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ മെച്ചമായില്ലെന്നെനിക്കറിയാം. നാല്‌വര്‍ഷം മുമ്പാണ്‌ നമ്മള്‍ അഷ്‌ടമിരോഹിണിനാള്‍ ഇങ്ങനത്തെ പരിപാടികള്‍ക്ക്‌ തുടക്കമിട്ടത്‌. അന്നീ അമ്പലത്തിന്റെ സ്‌ഥിതി ഇങ്ങനെയായിരുന്നില്ലെന്ന്‌ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അതിനുമുമ്പ്‌ അഷ്‌ടമിരോഹിണിയോ ദീപാവലിയോ, വിഷുവോ – ആ ദിവസങ്ങളൊക്കെ സാധാരണ ദിവസങ്ങളായി കടന്നുപോയതേ ഉള്ളു. ഇവിടെ നടയ്‌ക്കല്‍ തൊഴാന്‍ വരാന്‍ പോലും വളരെ ചുരുക്കം പേരേ ഉണ്ടായിട്ടുള്ളു. കാലത്തും വൈകിട്ടും അമ്പലം തുറക്കുന്നു. ഭഗവത്‌ പൂജനടത്തുന്നു. താഴെയുള്ള കഴകക്കാരി അമ്മിണിയമ്മ കൊണ്ടുവരുന്ന തുളസിമാല – അത്‌ മാത്രമായിരുന്നു ചാര്‍ത്താനുണ്ടായിരുന്നുള്ളു. വച്ച്‌നിവേദ്യം എന്നത്‌ പേരിന്‌ മാത്രം, അങ്ങനെയുള്ള അമ്പലം ഇന്നത്തെ ഈ നിലയിലേയ്‌ക്കെത്തിച്ചത്‌ നിങ്ങളൊക്കെ ആദ്യം വലിഞ്ഞുകയറി വന്നവനെന്ന്‌ പറയുമായിരുന്ന മാധവന്‍ ഇവിടെ വന്നതിന്‌ ശേഷമാണ്‌. മാധവന്റെ നാദോപാസന ആയപ്പോഴേയ്‌ക്കും തൊഴാനിവിടെ ആള്‍ക്കാരേറി. അമ്പലത്തിന്‌ വരുമാനമായി. സാധാരണ പൂജകള്‍ക്ക്‌ പുറമെ മറ്റു പൂജകളും ആവശ്യമാണെന്ന്‌ വന്നു. ഗണപതിഹോമം, ഭഗവതിസേവ – ഇവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വേണമെന്നായി. ഭഗവാന്റെ നാളില്‍ ഇന്നിവിടെ അരങ്ങേറിയതുപോലുള്ള വെറും തിരുവാതിരകളിമാത്രം പോരെന്നായി. ഒരുനേര്‍ച്ചയായി, ഗാനസുധ പ്രോഗ്രാം നടത്താനായി വാക്കുതന്നയാള്‍ ബസ്‌ സമരംമൂലം താമസിക്കുമെന്നായപ്പോള്‍ ഒരു മുട്ടുശാന്തിപോലെ മാധവനെക്കൊണ്ട്‌ പാടിച്ച ഓടക്കുഴല്‍ വായന അന്നായിരുന്നു ഈ അമ്പലം ശരിക്കുമൊരമ്പലമാണെന്ന്‌ ഭക്തജനങ്ങള്‍ക്ക്‌ തോന്നിയുള്ളു. അന്ന്‌ തുടങ്ങി ഇന്ന്‌ വരെ അമ്പലത്തിലെ കാര്യങ്ങള്‍ ഭംഗിയായി മുറപോലെ നടക്കുന്നു. നമ്മളതനുസരിച്ച്‌ പലപരിഷ്‌ക്കാരങ്ങളും വരുത്തി. വരുമാനം കൂടിയപ്പോള്‍ നമ്മള്‍ ആ തുക വെറുതെ പൊടിപൊടിച്ചു കളഞ്ഞില്ല. നോക്കു – ഈ സ്‌റ്റേജ്‌ പഴയത്‌ പോലാണോ? ഇടിഞ്ഞുപൊളിഞ്ഞ്‌ കിടന്ന ചുറ്റുമതില്‍ ശരിക്കും കെട്ടിയില്ലേ, ശ്രീകോവില്‍ പോലും കഴുക്കോല്‍ ദ്രവിച്ച്‌, ഓടൊക്കെ ഇളകി – ചോര്‍ച്ചയിലായിരുന്നില്ലെ? – അമ്പലത്തിലെ കുളവും കിണറും തേവിവറ്റിച്ച്‌ വൃത്തയാക്കിയില്ലെ? എന്തിന്‌ ഈ ദേവസ്വം ഭൂമിയിലെ തെങ്ങിന്റെയും മാവിന്റെയും പ്ലാവിന്റെയും ഒക്കെ ഉടമാവകാശം ഒരു ദാനം കിട്ടിയപോലെ ഭവത്രാതന്‍ നമ്പൂതിരിയുടെ ഇല്ലക്കാര്‍ അനുഭവിക്കുകയായിരുന്നില്ലെ? അങ്ങേരെചുറ്റിപറ്റി നിന്ന കുറെ ആള്‍ക്കാരുടെ അതിക്രമങ്ങളായിരുന്നു ഇവിടം. ഈ ഭൂമിയില്‍ നിന്നും ഒരു തേങ്ങപോലും എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. കുറെ മരങ്ങളെല്ലാം വിറ്റുമുടിച്ചു – പക്ഷേ – മാധവനിവിടെ വന്നതോടെ, ഭവത്രാതന്‍ നമ്പൂതിരിയുടെ മുഷ്‌കൊതുക്കി. ആഭാസനും തെമ്മാടിയുമായിരുന്ന മകനെ അടിച്ചോടിച്ചു – ഇതൊക്കെയായപ്പോള്‍ – ഈ നാടുണര്‍ന്നു. നമുക്ക്‌ എന്തും നേരിടാനുള്ള ധൈര്യമായി. അന്യാധീനപ്പെട്ട്‌ പോയീയെന്ന്‌ കരുതിയ ദേവസ്വം ഭൂമി തിരിച്ച്‌ കിട്ടി. നമ്മുടെ മതത്തിലുള്ളവര്‍ മാത്രമല്ല, അന്യമതസ്‌ഥര്‍ പോലും നമ്മളോട്‌ സഹകരിച്ചു. പക്ഷേ – മാധവന്‍ പോയിട്ടൊരുവര്‍ഷമായില്ല. അമ്പലത്തിന്റെ ഇന്നത്തെ അവസ്‌ഥ അത്‌ നിങ്ങളറിയണം. എന്നും പുലര്‍ച്ചെയുള്ള ഓടക്കുഴല്‍ വായന നിന്നു. വ്യാഴാഴ്‌ച ദിവസങ്ങളിലെ വൈകിട്ടത്തെ വായനയും നിന്നു ഇപ്പോള്‍ വരുമാനവും കുറയുന്നു. ഇതൊക്കെ നിങ്ങളറിയണം.

മാധവന്‍ വന്നതിനുശേഷം തുടങ്ങിവച്ച കാര്യങ്ങളൊക്കെ തുടര്‍ന്ന്‌ ഭംഗിയായി നടത്തണം. മാധവന്‍ വീണ്ടുമിവിടെ വരുമെന്നാണ്‌ നമ്മളൊക്കെ പ്രതീക്ഷിക്കുന്നത്‌. പക്ഷേ – മാധവനവിടെ കുടുംബമില്ല? അമ്മയുടെ അടുക്കല്‍ പോയതാണ്‌. എന്ന്‌ വരുമെന്ന്‌ നമുക്കെങ്ങനെ പറയാനാകും? സുഖമില്ലാത്ത അമ്മയുടെ അടുക്കല്‍ മാധവന്‌ നിന്നേ ഒക്കൂ. അതുകൊണ്ട്‌ മാധവനായി തുടങ്ങിവച്ച കാര്യങ്ങള്‍ – ഭംഗിയായി നടന്നുകിട്ടാന്‍ നിങ്ങളും സഹകരിക്കണം. മാധവനെ അനേഷിക്കാന്‍ നമ്മുടെയാള്‍ക്കാര്‍ വീണ്ടും പോകുന്നുണ്ട്‌. പറ്റുമെങ്കില്‍ കൂട്ടിക്കൊണ്ടുവരണം. പക്ഷേ – വന്നില്ലെങ്കിലും ഈ അമ്പലത്തിലെ കാര്യങ്ങള്‍ ഭംഗിയായി നടക്കണം. അല്ലെങ്കിന്‍ നമ്മള്‍ കാണിക്കുന്നത്‌ നെറികേടായി മാറും. മാധവനോട്‌ മാത്രമല്ല, ഭഗവാനോടും.’

ദാമുവാശാന്‍ കുറെയൊക്കെ വികാരഭരിതമായിട്ടാണ്‌ സംസാരിച്ചത്‌. പറയുന്നതില്‍ കാര്യമുള്ളതുകൊണ്ട്‌ – പ്രേക്ഷകര്‍ നിശ്ശബ്‌ദരായിരുന്നു. അമ്പലത്തിലെ കാര്യങ്ങള്‍ ഭംഗിയായി നടക്കണമെന്നാഗ്രഹിക്കുന്നവരായിരുന്നു, എല്ലാവരും തന്നെ. മാധവനെപ്പറ്റി പരദൂഷണം പറഞ്ഞവരും ഇപ്പോള്‍ മനസ്സ്‌ മാറ്റിയിരിക്കുന്നു. അതൊരു നല്ല ലക്ഷണമായി ദാമുവാശാന്‍ കാണുന്നു. ഭാവിയില്‍ ക്ഷേത്രത്തിന്റെ ഉന്നതിക്ക്‌ ഭക്തജനങ്ങളുടെ നല്ലമനസ്സും സഹകരണവും ആവശ്യമാണ്‌.

ദാമുവാശാന്‍ പിന്നീടും നഗരത്തില്‍ പോയി. മാധവന്റെ അമ്മാവന്റെ അതിക്രമങ്ങള്‍ ഏറിയിരിക്കുന്നു. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ എന്ത്‌ ക്രൂരകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത ആ ദുഷ്‌ടന്റെ അടുക്കല്‍ നിന്ന്‌ മാധവന്‍ അമ്മയേയും കൂട്ടി എവിടെ പോയിയെന്നത്‌ ഇപ്പോഴും ദുരൂഹത നിറഞ്ഞ ഒരു സമസ്യയായിട്ടാണ്‌ നഗരവാസികള്‍ കാണുന്നത്‌. വലിയ പെരുന്നാളും വിശേഷങ്ങളും വരുമ്പോള്‍ ഈ നഗരത്തില്‍ ചരക്കെടുക്കാന്‍ ഇത്താക്കു മാപ്പിള പോവാറുണ്ട്‌. ഇത്താക്കു മാപ്പിള ചരക്കെടുക്കുന്നത്‌ മാധവന്റെ അമ്മാവന്റെ സൂപ്പര്‍ മാര്‍ക്കറ്റിര്‍ല്‍ നിന്നാണ്‌. അവിടെയുള്ള ഓരോരുത്തരുടെ പെരുമാറ്റവും അടക്കിപ്പിടിച്ചുള്ള സംസാരവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്‌ രാധ മാത്രമല്ല, നാട്ടുകാരും അറിയരുത്‌. കാര്യങ്ങള്‍ ഗൗരവം കലര്‍ന്നതാണെന്ന്‌ അറിയാവുന്നവര്‍ ദാമുവാശാനും നമ്പീശനും – ഇത്താക്കുമാപ്പിളയും മാത്രം. എമ്പ്രാന്തിരിക്കോ ഗോപാലപിളളക്കോ വരെ ഇതൊന്നുമറിയില്ല. തല്‍ക്കാലം വേറാരും അറിയേണ്ട എന്ന്‌ പറഞ്ഞത്‌ ദാമുവാശാനാണ്‌. ഇത്താക്കു മാപ്പിളയും നമ്പീശനും അത്‌ ശരി വയ്‌ക്കുകയായിരുന്നു.

ദാമുവാശാന്‍ ഒന്നുകൂടി പറഞ്ഞു.

‘മാധവനിവിടെ വരും. എല്ലാം ഒന്നു കലങ്ങിത്തെളിയണം. എന്നും ഒരുപോലാവില്ലല്ലൊ.’

അമ്പലത്തിന്‍ നിന്ന്‌ മടങ്ങിയെത്തി മുറിയില്‍ വിളക്ക്‌ കത്തിച്ചപ്പോഴാണ്‌ ആലയില്‍ ഒരനക്കം. അപ്പോഴാണ്‌ വൈകിട്ട്‌ കന്നുകള്‍ക്കൊന്നും കൊടുക്കാതെയാണ്‌ നേരത്തേ തന്നെ അമ്പലത്തിലേയ്‌ക്ക്‌ പോയതെന്ന ഓര്‍മ്മവന്നത്‌. പോകുന്നതിന്‌ മുന്‍പ്‌ എല്ലാവര്‍ക്കും കൊപ്ര കലക്കി കൊടുക്കേണ്ടതായിരുന്നു. പിന്നെ തൊടിയില്‍ നിന്നും വെട്ടിക്കൊണ്ടുവന്ന പുല്ല്‌ പുല്‍ത്തൊട്ടിയിലിടണം. ഇതൊന്നും ഉണ്ടായില്ല. മാധവനില്ലാതെ എങ്ങനെ സ്‌റ്റേജില്‍ കയറുമെന്ന വിചാരം മനസ്സിലുണ്ടായിരുന്നതുകൊണ്ട്‌, അതൊക്കെ മറന്നുപോയി. അതൊരുതെറ്റാണ്‌. ഇപ്പോഴവന്‍ ശബ്‌ദമുണ്ടാക്കുന്നത്‌ കോപമോ പരിഭവമോ കാണിച്ചുകൊണ്ടാവണം. കൃഷ്‌ണവിഗ്രഹത്തിന്‌ മുന്നില്‍ തിരികൊളുത്തി വേഗമവള്‍ റാന്തലുമായി ആലയിലേയ്‌ക്ക്‌ വന്നു. അവള്‍ കന്നുകളും കുട്ടികളും കാട്ടുന്ന വെപ്രാളം കണ്ട്‌ കരഞ്ഞുപോയി.

‘ഇന്ന്‌ ഞാനെല്ലാം മറന്നുപോയി എന്റെ കൂട്ടരെ. എല്ലാം താളം തെറ്റുന്നു. എന്റെ മാധവാ – നീയത്‌ അറിയുന്നില്ലെ? നീ പരിലാളിച്ച നിന്റെ സുന്ദരിപശുവും കറുമ്പിയും നന്ദിനിയും നിന്റെ ഓമനകളായ കിടാക്കളും ഒക്കെ ഇന്നെന്നോട്‌ പരിഭവത്തിലാണ്‌. എല്ലാം നീയൊരുത്തന്‍ കാരണം എന്റെ മാധവാ – ഇവരുടെയീ സങ്കടമകറ്റാനെങ്കിലും നിയൊന്നുവാ….’

കന്നുകാലികള്‍ക്കെല്ലാം വെള്ളവും തീറ്റയുമൊരുക്കി ഓരോന്നിന്റെയും മുന്നിലതൊക്കെ വച്ച്‌കൊടുത്തു. എല്ലാത്തിന്റെയും നിറുകയിലും താടയിലും തലോടി നിന്നപ്പോള്‍ – അറിയാതെ തന്നെ അവള്‍ കരഞ്ഞുപോയി.

റാന്തല്‍ വെളിച്ചത്തിലാണെങ്കിലും രാധയുടെ മുഖത്ത്‌ തെളിഞ്ഞ ദുഃഖഭാവം അവറ്റകളും ഏറ്റ്‌ വാങ്ങിയതുപോലെ. അവയൊക്കെ സന്തോഷവും സങ്കടവും കലര്‍ന്ന ഭാവത്തോടെ തലയാട്ടി. നന്ദിനിപ്പശു അവളുടെ കൈകളില്‍ മുഖമുരസി. അടുത്ത സമയം കറുമ്പി അവളുടെ കയ്യില്‍ നക്കി. അഴിച്ചുവിട്ടിരുന്ന കിടാക്കള്‍ അവളുടെ ഒരു തലോടലിന്‌ വേണ്ടി രാധയുടെ അടുക്കലേയ്‌ക്ക്‌ നീങ്ങി.

എത്രനേരമാണ്‌ രാധ അവിടെ ചിലവഴിച്ചതെന്ന്‌ അവള്‍ക്ക്‌ തന്നെ ഓര്‍മ്മയില്ലാതെ പോയി. നിശീഥിനിയുടെ അന്തരാത്മാവിനെ തുളച്ച്‌ വരുന്ന പിന്നീട്‌ മെല്ലെമെല്ല കര്‍ണ്ണങ്ങളിലമൃതായിമാറുന്ന ഒരു സ്വാന്തനഗീതത്തിനായി രാധയും – അവളുടെ ഇപ്പോഴത്തെയീ സഖാക്കളും കാത്തിരുന്നു. മാധവനെ കാത്തിരിക്കുന്നത്‌ അവന്റെ പുല്ലാങ്കുഴല്‍ നാദത്തിനായി ചെവിയോര്‍ത്തിരിക്കുന്നത്‌ ഒരു ശീലമായി മാറ്റാന്‍ വേണ്ടി മാത്രം, മാധവനൊളിഞ്ഞിരിക്കുകയാണോ?

Generated from archived content: radha20.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English