പത്തൊന്‍പത്‌

മാധവന്‍ പോയിട്ട്‌ ഇപ്പോള്‍ വര്‍ഷമൊന്നാവാന്‍ പോകുന്നു. മാധവന്റെ തിരോധാനം അത്‌ഭുതം നിറഞ്ഞ ഒരു സമസ്യയായി മാറിയിരിക്കുന്നു. ദാമുവാശാനും നമ്പീശനും പലവിധത്തിലുള്ള അന്വേഷണങ്ങള്‍ ഇതിനിടയില്‍ നടത്തി. മാധവന്റെ അമ്മയേയും കാണാന്‍ കഴിയാതെയാണ്‌ മടങ്ങിയത്‌. ഓരോ അന്വേഷണത്തിന്റെയും അവസാനം ഓരോരോ കഥകളാണ്‌ മടങ്ങി വരുന്നവര്‍ പറയുന്നത്‌.

മാധവന്റെ അച്ഛന്‍ മരിച്ചതോടെ നഗരത്തിലെ ഒരു സ്‌കൂളില്‍ പഠിക്കുകയായിരുന്ന മകനെ അമ്മയുടെ നിര്‍ബന്ധപ്രകാരം ചക്രപാണിയുടെ രഹസ്യമായ നീക്കത്തിലൂടെയാണ്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ തങ്ങളുടെ ആവണീശ്വരം ഗ്രാമത്തിലേയ്‌ക്ക്‌ എത്തിച്ചത്‌. ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയായിരുന്ന കാവൂട്ടിയമ്മയുടെ അടുക്കല്‍ മാധവന്‌ സുരക്ഷിതത്വമുണ്ടാവുമെന്ന്‌ ദേവകിയമ്മ ഊഹിച്ചിരുന്നു. ഊഹം തെറ്റിയതുമില്ല. ഇവിടെ കഴിഞ്ഞ അഞ്ച്‌വര്‍ഷവും മാധവന്‍ സുരക്ഷിതനായിരുന്നുവെന്ന്‌ മാത്രമല്ല, ആവണീശ്വരം ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്‌തു. വളരെ ചുരുക്കം പേര്‍ – പ്രായം ചെന്ന ചില വത്സേച്ചിയെ പോലുളളവര്‍- പിന്നെ ഭവത്രാതന്‍ നമ്പൂതിരിയും മകനും അങ്ങനെ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം പേര്‍ അവര്‍ക്ക്‌ മാത്രമാണ്‌ മാധവനോട്‌ അസൂയയും ശത്രുതയും തോന്നിയിട്ടുള്ളു. നാടൊട്ടുക്ക്‌​‍മാധവന്റെ കൂടെയാണെന്ന്‌ കണ്ടപ്പോള്‍ – അടിപിടിക്കേസ്സില്‍പെട്ട്‌ ദൂരെ പട്ടണത്തില്‍ ചികിത്സയ്‌ക്ക്‌ പോയ ഭവത്രാതന്‍ നമ്പൂതിരിയുടെ മകന്‍ ഹിരണ്യന്‍ താമസിക്കുന്ന വാടകവീട്‌, പിന്നീട്‌ സ്വന്തമാക്കി ഭവത്രാതന്‍ നമ്പൂതിരിയും കുടുംബവും നഗരത്തിലേയ്‌ക്ക്‌ മാറുകയായിരുന്നു. പട്ടണത്തിലെത്തിയതിന്‌ ശേഷം മാത്രമാണ്‌, ഭവത്രാതന്‍ നമ്പൂതിരി മാധവന്റെ വീടും പട്ടണത്തിലാണെന്നും ബിസിനസ്സുകാരനും നാട്ടുപ്രമാണിയുമായ അമ്മാവന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടാനായി ആവണീശ്വരത്തേയ്‌ക്ക്‌ പോന്നതെന്നും അറിയുന്നത്‌. ദേവകിയമ്മയുടെയും മകന്റെയും നിലനില്‌പിനു ഭീഷണിയായ മാധവന്റെ അമ്മാവനുമായി ചങ്ങാത്തം കൂടി മാധവനെയും കുടുംബത്തെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമിട്ടെങ്കിലും ദേവകിയമ്മ എങ്ങനെയോ വിവരമറിഞ്ഞ്‌ -ഇനിയും മാധവന്റെ മണ്‍മറഞ്ഞ അച്ഛനോടുണ്ടായിരുന്ന കൂറ്‌ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ചക്രപാണിയെ ഗ്രാമത്തിലേയ്‌ക്ക്‌ വിട്ട്‌ മാധവനെ മാറ്റുകയായിരുന്നു.

ഇത്രയും വിവരങ്ങള്‍ ദാമുവാശാനും നമ്പീശനും കിട്ടിയെങ്കിലും മാധവനും അമ്മയും പട്ടണം വിട്ട്‌ – പിന്നീട്‌ പോയ അജ്ഞാത സ്‌ഥലത്തെക്കുറിച്ചുള്ള വിവരം കിട്ടാതെ പോയി. അതാണ്‌ അവരെ കുഴക്കുന്നതും. മാധവന്റെ അമ്മാവന്‍ മഹാദുഷ്‌ടനാണെന്നും തന്റെ ഇഷ്‌ടത്തിന്‌ എതിര്‌ നില്‍ക്കുന്ന ആരെയും വകവരുത്തുമെന്നും അറിഞ്ഞതോടെ – മാധവൻ ഇവിടെ നിന്നും പോയത്‌ നന്നായി എന്ന അഭിപ്രായമാണ്‌ ദാമുവാശനും നമ്പീശനുമുള്ളത്‌. പക്ഷേ അവര്‍ വേറൊരു വിവരവും കേട്ടിരിക്കുന്നു. മാധവന്റെ അമ്മാവന്റെ അടുക്കല്‍ ചങ്ങാത്തത്തിന്‌ ചെന്ന ഭവത്രാതന്‍ നമ്പൂരിയോട്‌ നാട്ടിലെ വസ്‌തുക്കളെല്ലാം കച്ചവടം ചെയ്‌ത്‌ കിട്ടുന്ന പണം തന്റെ ബിസിനസ്സിലിറക്കാന്‍ താല്‌പര്യപ്പെട്ടെന്നും തന്റെ സ്വത്തുക്കള്‍ വിറ്റുപോയാല്‍ തന്റെ ജന്മിത്വം അതോടെ അവസാനിക്കുമെന്നു മനസ്സിലായ ഭവത്രാതന്‍ നമ്പൂരി അതിന്‌ വിസ്സമ്മതം പറഞ്ഞപ്പോള്‍ മാധവന്റെ അമ്മാവന്‍ നിഷ്‌കരുണം നമ്പൂതിരിയെ – മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ചവുട്ടിപുറത്താക്കിയെന്നും – അങ്ങനെ നമ്പൂതിരിയും മകനും ഇപ്പോള്‍ ഇനി എവിടെപ്പോവുമെന്ന അങ്കലാപ്പില്‍ തങ്ങളുടെ നഗരത്തിലെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണെന്നും.

രാധ ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്‌. മാധവനെകാണണമെന്ന വാഞ്ച ഒരു വശത്ത്‌. പക്ഷേ, മാധവനിവിടുണ്ടെന്നറിഞ്ഞാല്‍ മാധവന്റെ അമ്മാവന്‍ അവനെ തുരത്തണമെന്ന മോഹവുമായി ഇവിടെയും വന്നുപദ്രവിച്ചെങ്കിലോ എന്ന പേടി ഒരുവശത്ത്‌. എല്ലാംകൊണ്ടും ഉത്സാഹംകെട്ട രാധ ഒന്നിനും താല്‌പര്യം കാട്ടാതെ ആരോടും വലിയ ചങ്ങാത്തത്തിന്‌ പോവാതെ ഒതുങ്ങിക്കഴിയാന്‍ നോക്കുന്നു. ആദ്യമൊക്കെ അമ്പലത്തിലേയ്‌ക്ക്‌ കാലത്തെ പോവുന്ന പതിവ്‌ നിര്‍ത്തിയിരുന്നെങ്കിലും, മാധവന്‌വേണ്ടി ദേവനെകണ്ട്‌ നിത്യേന പ്രാര്‍ത്ഥിച്ചെങ്കിലേ, അവന്‍ സുരക്ഷിതനാവൂ എന്ന തോന്നലില്‍ വീണ്ടും രാവിലെ തന്നെ കുളിച്ച്‌ കൃഷ്‌ണന്റെ മുമ്പില്‍ ആവലാതി ബോധിപ്പിക്കാനായി പോകാന്‍ തുടങ്ങി.

മാധവന്റെ തിരോധാനം ഒരു വാര്‍ത്താവിഷയമാക്കി എന്നും സജീവമായി നിലനിര്‍ത്താനാഗ്രഹിക്കുന്ന ഒരുകൂട്ടര്‍ ഇപ്പോഴും ഇവിടുണ്ട്‌. രാധയ്‌ക്കിത്‌ ബോദ്ധ്യമായത്‌ ഒരിക്കല്‍ പുഴക്കടവില്‍ ചെല്ലുമ്പോഴാണ്‌. രാവിലെ തന്നെ കുളിച്ച്‌ അമ്പലത്തില്‍ പോയതാണെങ്കിലും, തുണികള്‍ അലക്കാന്‍ പുഴയില്‍ പോവുന്നതാണ്‌ സൗകര്യമെന്ന്‌ കരുതി വീണ്ടും അങ്ങോട്ട്‌ ചെന്നതാണ്‌. വിഷയ ദാരിദ്ര്യത്തില്‍ വിമ്മിഷ്‌ടപ്പെട്ട്‌ കഴിയുകയായിരുന്നവര്‍, രാധ പുഴയില്‍ കുളിക്കാന്‍ ചെന്നപ്പോഴാണ്‌ പുതിയൊരു വിഷയത്തിലേയ്‌ക്ക്‌ കടന്നത്‌. ജാനകിയമ്മ അവിടെ തന്റെ വാക്‌സാമര്‍ത്ഥ്യം പുഴയിലിറങ്ങാന്‍ കുളിക്കുന്നവരും പടവുകളിലുമായിരിക്കുന്ന രണ്ട്‌ പേരോടായി വിളമ്പി ആധിപത്യം നേടുകയായിരുന്നു. രാധയ്‌ക്ക്‌ അതിശയവും അതോടൊപ്പം അരിശമുണ്ടായി. രാവിലെ വന്നാലും ഇവറ്റകളെ കാണാം. കുറെക്കഴിഞ്ഞ്‌ വരാമെന്ന്‌ വച്ചാലും ഇവരിവിടെയുണ്ടാകും. ഇക്കണക്കിന്‌ വൈകിട്ടും ഇവരെയിവിടെ കണ്ടെന്നുവരും. അല്ലെങ്കില്‍ നേരം പുലര്‍ന്നാല്‍ വൈകിട്ട്‌ വരെയും ഇവര്‍ പുഴയിലായിരിക്കുമോ? അവരില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ച്‌ തന്നെയാണ്‌ വന്നത്‌. ഒരിക്കലും മനസ്സിനെ കുത്തിനോവിക്കുന്ന ചോദ്യങ്ങളല്ലാതെ എന്താണിവര്‍ക്ക്‌ പറയാനുള്ളത്‌? മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പൊലിപ്പിച്ച്‌ പറയുക എന്ന സ്വഭാവം കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടുനടക്കുന്നവര്‍.

‘എന്ത്‌പറ്റി രാധയ്‌ക്ക്‌? ഇപ്പോള്‍ ഈ സമയത്താണോ കുളിയും തേവാരവുമൊക്കെ… ജാനമ്മയാണ്‌. നിങ്ങളെപ്പോഴും ഇവിടാണോ എന്നാണ്‌ ചോദിക്കേണ്ടത്‌. പക്ഷേ – അവരുടെ സ്വഭാവമല്ലല്ലോ, തനിക്ക്‌ ’കാലത്തെ കുളിച്ചതാ – തുണിയലക്കാനിപ്പോഴേ പറ്റിയുള്ളു.‘

’അതെന്താ -കാലത്തായാ – ഒറ്റവരവിന്‌ എല്ലാം കഴിച്ചൂടെ?‘ ഈ ചോദ്യം – പാറുക്കുട്ടിയുടെ വകയാണ്‌. നാട്ടിലെ ഏക വെളുത്തേടത്തി എന്നഭിമാനവും – അതോടൊപ്പം അതിന്റെ പൊല്ലാപ്പും പറഞ്ഞു നടക്കുന്നവര്‍. രാധയല്‍ൽ നിന്നൊരു കച്ചപോലും അലക്കാന്‍ തനിക്ക്‌ കിട്ടുന്നില്ല എന്ന പരാതി പലപ്പോഴും പറയാറുണ്ട്‌. ശരിയാണ്‌ തൊട്ടടുത്ത്‌ ഈ പുഴയുള്ളപ്പോള്‍ എന്തിനിവരെ ആശ്രയിക്കണം? മാത്രമല്ല, അവര്‍ കഴുകിയെടുക്കുന്നതിനേക്കാള്‍ വൃത്തിയായി അലക്കാമെന്ന്‌ ബോദ്ധ്യമുള്ളപ്പോള്‍, പിന്നീടിവരോട്‌ ഒരു കടപ്പാട്‌ വച്ചു പുലര്‍ത്തേണ്ട കാര്യവുമില്ല. പക്ഷേ രാധയ്‌ക്കുത്തരം വെളുത്തേടത്തിയോട്‌ പറയേണ്ടിവന്നില്ല. അതിന്‌ മുന്നേ തന്നെ ജാനമ്മ കേറി വീണു.

’അപ്പോ നീയെന്താ ഒന്നും അറിയാത്തപോലെ പറയണെ? അവള്‍ക്കിനി പണ്ടത്തെപ്പോലായാ മതിയോ?‘

’എനിക്കൊന്നും മനസ്സിലാവണില്ല, ജാനമ്മചേച്ചി – എന്താന്ന്‌ വച്ചാ തെളിച്ച്‌ പറ -‘

’മാധവന്‍ പോയതോടെ – രാധയ്‌ക്ക്‌ എന്തൊക്കെ ഉത്തരവാദിത്വങ്ങളാ ഒരു വീട്‌ മുഴുവനും ചുമലിലല്ലേ ? പശുക്കളെ നോക്കണം – പാല്‌ കറന്ന്‌ കിട്ടിയാല്‍ ആവശ്യക്കാര്‍ക്ക്‌ കൊടുക്കണം – അതിന്റെ കണക്ക്‌ വയ്‌ക്കണം – പിന്നെ പയ്‌ക്കള്‍ക്ക്‌ തീറ്റവെട്ടണം, പിന്നെവേണം അടുക്കളപ്പണിയും പുറംപണിയും. പോരാത്തതിന്‌ – ആ കണ്ണ്‌ കാണാന്‍ വയ്യാത്ത കെളവി – അതും പറഞ്ഞ്‌ ജാനമ്മ പാറുക്കുട്ടിയെ നോക്കി കണ്ണിറുക്കി – ഒരു ചിരി – ആ ചിരി കണ്ടതോടെ പാറുക്കുട്ടിയമ്മയും ചിരിച്ചു. ഈ സമയത്താണ്‌, വത്സേച്ചിയുടെ വരവ്‌ – ഇപ്പോള്‍ കയ്യിലൊരു വടിയുമുണ്ട്‌, മുമ്പത്തേതിനേക്കാള്‍ കുറച്ചവശയായിട്ടുണ്ട്‌. പക്ഷേ എന്തോ സുഖിപ്പിക്കണ വര്‍ത്തമാനം നടക്കുന്നോന്ന്‌ മനസ്സിലായപ്പോള്‍ അവരുടെ അവശതയൊക്കെ പമ്പകടന്നു.

‘എന്താ – പാറുക്കുട്ടി – നിനക്കൊരു ചിരി-’

‘അല്ലാ – മാധവന്‍ പോയതോടെ രാധയുടെ ജോലി ഭാരം കൂടിയകാര്യം പറയുകയായിരുന്നു. ’ഓ – രാധയ്‌ക്ക്‌ സുഖല്ലെ? ഇനിയിപ്പോ കണ്ണുകാണാന്‍ വയ്യാത്ത ആ കെളത്തിയെ പുറത്താക്കിയാ രാധയ്‌ക്കൊറ്റയ്‌ക്കവിടെ കഴിയാം.‘

ജാനമ്മയുടെ ആ പറച്ചില്‍ വിപിരീതാത്ഥത്തിലുള്ളതാണെന്ന്‌ രാധയ്‌ക്കറിയാം. അവള്‍ ഒന്നും മിണ്ടാതെ തുണികഴുകുന്ന ജോലിയില്‍ ശ്രദ്ധിച്ചു.

’മാധവന്റെ വല്ലവിവരോണ്ടോ?‘ ചോദ്യം വത്സേച്ചിയുടേതാണ്‌. ഒരു നല്ല വാക്ക്‌ ഇന്നേവരെ മാ​‍ധവനെപ്പറ്റി പറഞ്ഞിട്ടില്ലാത്ത വത്സേച്ചിക്ക്‌ മാധവനെപ്പറ്റി പറയാനെന്തെങ്കിലും കിട്ടുമെന്ന വിശ്വാസത്തിലാണീ ചോദ്യം.

’അറിയില്ല. അമ്മയേയും കൊണ്ട്‌ ഏതോ വൈദ്യന്റെയടുക്കല്‍ പോയിയെന്നേ അറിയാവൂ.‘

’ആരു പറഞ്ഞ്‌ കേട്ടവിവരാ -?‘

രാധ അതിന്‌ മറുപടി പറഞ്ഞില്ല. പറഞ്ഞാല്‍ അവര്‍ ചെവിക്കൊള്ളില്ല. എന്തു പറയുന്നതിന്‌ വിപരീതമായി മാത്രം കണക്കിലെടുക്കുന്ന ഒരു സത്വം..

’മാധവനിനി ഇങ്ങോട്ട്‌ വരുമെന്ന്‌ തോന്നണില്ല. അവന്‌ അവിടെ പട്ടണത്തില്‍ എത്രയോ പെണ്‍പിള്ളേരെ കിട്ടും. ഇവിടെയീ ചാണകത്തൊഴുത്തിനടുത്ത്‌ ചടഞ്ഞു കൂടേണ്ട കാര്യമെന്ത്‌? – പാറുക്കുട്ടിയമ്മ അങ്ങനൊരു നിഗമനത്തിലാണെത്തിയത്‌.

‘അതിവളെക്കൊണ്ടു കൊള്ളില്ലാഞ്ഞിട്ടാ -’ വത്സേച്ചിയാണ്‌. ‘അതെന്താ ചേച്ചി അങ്ങനെ പറേണെ?’ ജാനമ്മയ്‌ക്കും വിശദീകരണം കിട്ടിയേഒക്കൂ എന്ന മട്ടിലാണ്‌.

‘അതേ – ഇവളിത്തിരി തന്റേടം കാട്ടിയെങ്കില്‍ ഇപ്പോ ഒരു കൊച്ചിന്റെ തള്ളയായേനെ. അതെങ്ങനാ – മാധവനല്ലേ ആള്‌. കൊച്ചുണ്ടാവാതിരിക്കാനുള്ള മാര്‍ഗ്ഗൊക്കെ അറിയാതിരിക്ക്വോ? ഒന്നല്ലേലും പട്ടണത്തില്‍ കഴിഞ്ഞോനല്ലേ-? അങ്ങനെയൊക്കെ നോക്കിയിരുന്നു – അല്ലേ – രാധേ -’

പാറുക്കുട്ടിയമ്മയ്‌ക്ക്‌ ചിരിയാവരുന്നത്‌ – ‘എന്തൊക്കെയാ ഈ ചേച്ചിക്ക്‌ അറിയാന്‍ പാടില്ലാത്തത്‌. നമ്മുടെയൊക്കെ കാലത്ത്‌ ഇങ്ങനെ വല്ല കുന്ത്രാണ്ടോം കണ്ടുപിടിച്ചാരുന്നേല്‍ – വല്ല ഒന്നോരണ്ടോ എണ്ണത്തില്‍ നിര്‍ത്താരുന്നു. രാധയ്‌ക്ക്‌ പക്ഷേ ഒന്നിനെയെങ്കിലും വേണംന്നു വയ്‌ക്കാര്‍ന്നു. മാധവനും രാധയും ഒരുമിച്ച്‌ കഴിയുകയായിരുന്നതുകൊണ്ട്‌ – അവര്‍ക്ക്‌ എന്തുകൊണ്ട്‌ രാധയിതുവരെ പെറ്റില്ല – അതാണ്‌ വത്സേച്ചിക്കും പാറുക്കുട്ടിയമ്മയ്‌ക്കും അറിയേണ്ടത്‌.

’രാധ ഇതൊക്കെ കേട്ടോണ്ട്‌ നില്‍ക്കണൊണ്ടല്ലോ – നീയങ്ങ്‌ കേറിപ്പോരെ -‘ ആ ശബ്‌ദം കേട്ടിടത്തേയ്‌ക്ക്‌ നോക്കുമ്പോള്‍ രാധയുടെ കൂട്ടുകാരി – മാളുവാണ്‌ രാധയ്‌ക്കിവിടെയുള്ള ഏക തുണ.

സ്‌കൂളില്‍ തന്റെ ചങ്ങാതിയായിരുന്നു. ഇടയ്‌ക്ക്‌ രാധയുടെ പഠിത്തം അച്ഛന്റെ മരണത്തോടെ നിര്‍ത്തേണ്ടി വന്നെങ്കിലും മാളുവിന്റെ ചങ്ങാത്തം ഇപ്പോഴുമുണ്ട്‌. മാളു വിവാഹിതയായതോടെ പണ്ടത്തെപ്പോലെ ഇങ്ങോട്ട്‌ വരുന്നില്ലെന്ന്‌ മാത്രം. വത്സേച്ചിയ്‌ക്ക്‌ ആ ഇടപെടല്‍ ഇഷ്‌ടപ്പെട്ടില്ല. ജാനമ്മയ്‌ക്കും പാറുക്കുട്ടിയമ്മയ്‌ക്കും രസംപിടിച്ച സംഭാഷണം മുറിഞ്ഞു പോയതിലെ ഈര്‍ഷ്യതയുണ്ട്‌. ’ഓ – ഒരു പഠിത്തക്കാരി വന്നിരിക്കണ്‌. കല്യാണം കഴിഞ്ഞ്‌ ഇവിടന്ന്‌ പോയിട്ടും പിന്നേം ഇങ്ങോട്ട്‌ തന്നെ വന്നതെന്താ? അവിടെങ്ങും കുളവും കിണറുമില്ലേ? വത്സേച്ചി ഒരു തയ്യാറെടുപ്പോടെയാണ്‌ നില്‍ക്കുന്നത്‌. പക്ഷേ – മാളു വിട്ടു കൊടുത്തില്ല.

‘നാണല്ലല്ലോ – കെളത്തിത്തള്ളേ – ഇപ്പോഴും ഈ മാതിരി വര്‍ത്താനം പറഞ്ഞോണ്ട്‌ നടക്കാന്‍, സ്വന്തം കെട്ടിയോന്‍ ഇട്ടേച്ച്‌ പോയതല്ലേ? മക്കളൊരെണ്ണെങ്കിലും തിരിഞ്ഞു നോക്കണൊണ്ടോ? വല്ലേടത്തും കെടപ്പായ ആരുനോക്കും-?

’ഞാന്‍ പറേണത്‌ ഈ കൊച്ചിനോടാ – നാലഞ്ച്‌ കൊല്ലം ഒരു വീട്ടില്‍ കഴിഞ്ഞ ഇവരോട്‌ ഈ വിശേഷൊക്കെ ചോദിക്കണോണ്ട്‌ കൊഴപ്പൊന്നുമില്ല- അവക്കില്ല പ്രയാസം ഇപ്പോ ഈ വലിഞ്ഞു കേറിവന്നോക്കാ. – സംഗതി വഷളാവുമെന്ന്‌ കണ്ടപ്പോ – രാധ വേഗം തുണിപിഴിഞ്ഞ്‌ ബക്കറ്റിലാക്കി കയറി

‘മാളു – കുളികഴിയുമ്പം വീട്ടിലോട്ട്‌ വരണം. നമുക്കവിടെ സംസാരിക്കാം.’ മാളു രാധയെ സൂക്ഷിച്ചു നോക്കി. ഏതാനും നിമിഷം അവല്‍ തങ്ങളുടേതായ സ്‌കൂള്‍ ജീവിതത്തിന്റെ നടുക്കായിരുന്നു. പഠിക്കാന്‍ മിടുക്കിയായ രാധയ്‌ക്ക്‌ അച്ഛന്റെ മരണത്തോടെ നിന്ന്‌പോയ സ്‌കൂള്‍ ജീവിതം – വീണ്ടും കണ്ടെത്തിയ അനുഭവം. അന്നും സംഘര്‍ഷം നിറഞ്ഞ സമയത്തൊക്കെ മാളു സഹായത്തിനെത്തുമായിരുന്നു. പക്ഷേ അവരുടെ ആ ലോകം – അങ്ങനെയങ്ങ്‌ തുടരാന്‍ വത്സേച്ചി സമ്മതിച്ചില്ല.

‘എന്താ – ഞങ്ങടെയിടേന്നാകൊച്ചിനെ ഓടിച്ച്‌വിടാന്‍ വന്നതാണോ? തനിക്കവിടെയാരേം പിടിക്കാന്‍ കിട്ടീലേ-?

’ഇത്‌ ഞാന്‍ ജനിച്ച്‌ വളര്‍ന്ന നാട്‌ – എനിക്കിവിടേം വരാം എന്നെകൊണ്ടു പോയവീട്ടിലും ചെല്ലാം. ആരും തടയില്ല. അല്ലാതെ – വയസ്സ്‌ കാലത്ത്‌ -?

‘വയസ്സായാലെന്താ? എന്താകൊഴപ്പം? ഏയ്‌ കൊഴപ്പൊന്നുമില്ല, രണ്ട്‌ മൂന്ന്‌ തവണ മാധവന്റടുക്കലും ചങ്ങാത്തം കൂടാന്‍ ചെന്നപ്പോഴത്തെ വേഷോം മട്ടും – എല്ലാം എങ്ങനാണെന്ന്‌ എല്ലാവര്‍ക്കും അറിയാം.

’എടീ – മാധവന്റെടുക്കലല്ല ആരുടെയടുത്താണേലും വേണംന്ന്‌ വച്ച്‌ പോയാ – പോയതാ – കാര്യം കണ്ടേച്ചേ വത്സല പിന്‍വാങ്ങു.

സത്യത്തില്‍ ജാനമ്മയും പാറുക്കുട്ടിയും ചിരിച്ചുപോയി. ‘വത്സേച്ചി – മാധവന്റെടുക്കല്‍ ചങ്ങാത്തത്തിന്‌ ചെന്ന്‌ നാണം കെട്ട്‌ മടങ്ങിയ കഥ കരേലെല്ലാവര്‍ക്കും അറിയാം.’

‘ഒരു കൊടിച്ചിപട്ടിയെ നോക്കണപോലല്ലേ – നിങ്ങളെ നോക്കിയേ – കല്ലെടുത്തെറിഞ്ഞില്ലെന്ന്‌ മാത്രം. വേലനടക്കില്ലെന്നായപ്പോള്‍ മാധവനെപ്പറ്റി എന്തെല്ലാം വേണ്ടാതീനങ്ങളാ പറഞ്ഞു പരത്തിയേ ? എന്നിട്ടാരെങ്കിലും വകവച്ചോ. പോ തള്ളേ – വടീം കുത്തി പിടിച്ച്‌ ഓരോ വാതിക്കലും ചെന്ന്‌ മുട്ട്‌ -’ ജാനമ്മയും പാറുക്കുട്ടിയും പൊട്ടിച്ചിരിച്ചുപോയി. വത്സേച്ചി ഇപ്പോഴും റെഡിയെന്ന മട്ടിലാണ്‌ – വടികുത്തി നടക്കുകാണേലും വിചാരിക്കുന്നത്‌. കെട്ടിയ നായരും രണ്ട്‌ പെണ്‍മക്കളുള്ളത്‌ – അവരും ഉപേക്ഷിച്ചു പോയ കഥ അവര്‍ക്കൊക്കെ അറിയാം. മൂത്തമകളോട്‌ ഒരിക്കല്‍ വന്ന്‌ നില്‌ക്കാന്‍ പറഞ്ഞപ്പോ അവള്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ കരയിലൊക്കെ പാട്ടാണ്‌.

‘എന്തിനാ – അമ്മേടെ ഗൊണവതിയാരം കാണാനും കേള്‍ക്കാനുമോ? എനിക്കെന്റ ചൊല്ലിനും ചെലവിനും നോക്കാനിവിടെ ആളുണ്ട്‌. എന്റെ മോനുമുണ്ട്‌. ഞാന്‍ പോന്ന അവര്‍ക്കാരാ അവിടെ ? ’അതിനെന്താ – വല്ലപ്പോഴുമൊക്കെ അവരും പോന്നോട്ടെ – അതിന്‌ മകളാണെങ്കിലും പറഞ്ഞ വാക്കുകള്‍ നാലുപേര്‍ കേട്ടാല്‍ നിരക്കുന്നതല്ല.

‘എന്റെ കെട്ടിയോനെ – അതിനേം നോട്ടൊണ്ടോ – അമ്മയ്‌ക്കും മോള്‍ക്കും കൂടി ഒരാള്‌ – അതോടെ വത്സേച്ചിയുടെ പത്തി താണു. പിന്നെ മക്കളാരോടും വീട്ടില്‍ വന്ന്‌ നില്‌ക്കാന്‍ പറഞ്ഞിട്ടില്ല. അവരുടെയടുക്കല്‍ ചെന്നാല്‍ ഒരു നേരം പോലും ഭക്ഷണം കൊടുക്കാന്‍ കനിവ്‌ കാട്ടിയിട്ടില്ല. ഇക്കഥയൊക്കെ അറിയാവുന്നവരാ ജാനമ്മയും പാറുക്കുട്ടിയുമെങ്കിലും രാധയോട്‌ നേരിടാന്‍ വത്സേച്ചി വരുമ്പോള്‍ കൂട്ടുകൂടിയെന്നേ ഉള്ളൂ. പിന്നീട്‌ വത്സേച്ചി പലതും പറയുന്നുണ്ടെങ്കിലും – മാളുവിന്റെ ഭല്‍ത്സനം കേള്‍ക്കേണ്ടല്ലോ എന്ന്‌ കരുതി ജാനമ്മയും പാറുക്കുട്ടിയും ഒന്നും മിണ്ടിയില്ല.

’രാധയെ തുണികഴുകാന്‍ പോലും സമ്മതിക്കുന്നില്ല ഈ സത്വം ‘ അങ്ങനെ പറഞ്ഞുകൊണ്ടാണ്‌ മാളു കുളികഴിഞ്ഞ്‌ കയറിപ്പോയത്‌. ’ഇവളെയിപ്പോ എന്തിനിങ്ങോട്ട്‌ കെട്ടിയെടുത്തു.? ഇതും പറഞ്ഞ്‌ വത്സേച്ചി മുകളിലത്തെ പടവിലിരുന്നു. പാറുക്കുട്ടിയും ജാനമ്മയും ഒന്നും മിണ്ടിയില്ല. ഇവരോട്‌ വർത്തമാനം പറഞ്ഞാല്‍ തങ്ങളുടെ ജോലി തീരില്ലെന്ന്‌ മനസ്സിലാക്കി, അവള്‍ തുണികളലക്കി, കുളിയും കഴിഞ്ഞ്‌ കയറിപ്പോയി. വത്സേച്ചി – അപ്പോഴും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ അവിടെത്തന്നെയിരിപ്പാണ്‌.

Generated from archived content: radha19.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English