പതിനെട്ട്‌

മാധവന്‍ പോയി രണ്ടാം ദിവസം മാത്രമാണ്‌, അവന്റെ തിരോധാനത്തെക്കുറിച്ച്‌ നാട്ടുകര് അറിയുന്നത്‌. മാധവന്‍ പോകുന്ന അന്നുകൂടി പുലർച്ചെ ഓടക്കുൽ വായന നടത്തിയതുകൊണ്ട്‌, അന്നാരും മാധവന്റെ തിരോധാനം അറിഞ്ഞില്ല. സാധാരണയിലും നേരത്തേ- ബ്രഹ്‌മമുഹൂര്‍ത്തത്തിലായിരുന്നോ മാധവന്‍ വേണുഗാനമുതിര്‍ത്തത്‌ എന്ന സംശയമേ പലർക്കും ഉണ്ടായുള്ളു. വൈകിട്ട്‌ കാണാഞ്ഞപ്പോള്‍ ചിലപ്പോള്‍ ഏതെങ്കിലും അത്യാവശ്യകാര്യത്തിന്‌ ദൂരെയെവിടെങ്കിലും പോകുമ്പോള്‍ ഇങ്ങനെ സംഭവിച്ചിട്ടുള്ളതുകൊണ്ട്‌ ആരും പ്രത്യേകമായൊരന്വേഷണം നടത്തിയില്ല. പക്ഷേ, പിറ്റേദിവസം രാവിലെയും വായന കേട്ടില്ല എന്നായപ്പോള്‍ അന്വേഷണം തുടങ്ങി. ആദ്യത്തെ അന്വേഷണം എമ്പ്രാന്തിരിയില്‍ നിന്നായിരുന്നു. ‘എവിടെ വിദ്വാന്‍? ഇന്നലെ വൈകിട്ടും കണ്ടില്ലല്ലൊ, എന്താ വല്ല അസുഖമായിരിക്ക്വോ? രാധയേയും അമ്പലത്തിലേയ്‌ക്ക്‌ വന്നുകണ്ടില്ലല്ലൊ.’

അപ്പോഴാണ്‌ നമ്പീശനും, ദാമുവാശാനും അന്വേഷണത്തിന്‌ തുടക്കമിട്ടത്‌.

‘എന്താ – മാധവനെന്തെങ്കിലും അസുഖം?’

വൈകിട്ട്‌ രാധ താമസിക്കുന്നിടത്ത്‌ തന്നെ ചെല്ലേണ്ടി വന്നു, ദാമുവാശാന്‌. ‘അമ്മയ്‌ക്കെന്തോ അസുഖമാണെന്ന്‌ പറഞ്ഞാപോയെ; മിനിയാന്ന്‌ രാത്രി – അങ്ങ്‌ ദൂരെ പട്ടണത്തീന്ന്‌ പ്രായം ചെന്ന ഒരാള്‌ വന്നിരുന്നു. അങ്ങേർ മാധവനെ കണ്ടതോടെ പുഴക്കടവിലേയ്‌ക്ക്‌ പോയി എന്തൊക്കെയോ സംസാരിക്കുന്നതു കേട്ടു. പിന്നെ അങ്ങേര്‌ ഇവിടെ കേറാതെ പോവുകയായിരുന്നു. പിറ്റേന്ന്‌ വെളുപ്പിനെ മാധവനും പോയി – ഇപ്പോള്‍.’

രാധയ്‌ക്ക്‌ പറഞ്ഞ്‌ വന്നത്‌ മുഴുവനാക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും ഒരാള്‍ അന്വേഷണത്തിന്‌ വരാൻ കാത്തിരുന്ന പോലായിരുന്നു, രാധയുടെ വിതുമ്പൽ. അവളുടെ സങ്കടം കണ്ടതോടെ ദാമുവാശാനും എന്തൊക്കെയോ സംശയങ്ങള്‍. എന്തായിരിക്കും ടൗണില്‍ നിന്ന്‌ വന്നയാള്‍ പറഞ്ഞിരിക്കുക? മാധവനെ കണ്ടതും, അയാള്‍ ഉടനെതന്നെ പോയതും എന്ത്‌കൊണ്ടാവും? അമ്മയ്‌ക്കസുഖമാണെന്നത്‌ മാത്രമാണോ കാര്യം? ഒരിക്കല്‍ പോലും തന്റെ വീട്ടുകാരെക്കുറിച്ചോ, മറ്റു ബന്ധുക്കളെക്കുറിച്ചോ മാധവന്‍ സംസാരിച്ചതായി കേട്ടിട്ടില്ല, ഒരിക്കല്‍ മാത്രം അമ്മയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, കൊഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞു മാറുകയായിരുന്നു. മാധവന്‌ കൂടുതല്‍ പറയാന്‍ താല്‌പര്യമില്ലെങ്കില്‍ കൂടുതലൊന്നും ചോദിക്കേണ്ടെന്ന്‌ കരുതി. അമ്പലത്തിലെ കാര്യങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടക്കുന്നു. മാധവന്റെ വെളപ്പിനെയും പിന്നീട്‌ വൈകിട്ടുമുള്ള ഓടക്കുഴല്‍ വായനയും വെറുതെ ചടങ്ങുകളായിരുന്ന ഉത്സവപരിപാടികള്‍ ആഘോഷങ്ങളായി മാറിയതും, ആള്‍ക്കാര്‍ കൂടുതലായി വരുന്നതും, അമ്പലത്തില്‍ വരുമാനം കൂടുന്നതും, ഇടിഞ്ഞുപൊളിഞ്ഞു കിടന്നിരുന്ന അമ്പലത്തിന്റെ ചുറ്റുമതില്‍ കെട്ടാനായതും, അമ്പലക്കുളം തേകിവറ്റിച്ച്‌ വൃത്തിയാക്കാനായതും – നടവരവ്‌ കൂടിയതുകൊണ്ടാണ്‌. വരുമാനം കൂടുമ്പോള്‍ അമ്പലത്തിലെ കാര്യങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി നടത്താനും കഴിയുന്നു. നാട്ടിലെ മുടിചൂടാമന്നനായിരുന്ന ഭവത്രാതന്‍ നമ്പൂതിരിയുടെയും മകന്റെയും ഹുങ്കു അവസാനിപ്പിക്കാന്‍ കഴിഞ്ഞതോടെ മാധവന്‍ എല്ലാവർക്കും വേണ്ടപ്പെട്ടവനായി മാറി. അന്യമതസ്‌ഥരും മാധവനെപ്പറ്റി വളരെ കാര്യമായി അന്വേഷിക്കുന്നു. ആ മാധവന്‍ പെട്ടെന്നിങ്ങനെ ഒരു ദിവസം വെളുപ്പിനെ ആരെയും അറിയിക്കാതെ പോവുന്നത്‌ – തീര്‍ച്ചയായും – വല്ലാതെ വേദനപ്പെടുത്തുന്നു. കൂടുതലൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ ‘ശരി മാധവന്‍ വരട്ടെ – അമ്മയെ ഇത്രേ നാളും കാണാന്‍ പോവാഞ്ഞതെന്താണെന്ന്‌ ഞാന്‍ ചോദിച്ചിട്ടുണ്ട്‌.’ കൂടുതലൊന്നും പറയാന്‍ താല്‌പര്യമില്ലാത്തതുകൊണ്ട്‌ പിന്നന്വേഷിച്ചിട്ടുമില്ല. ഏതായാലും ആള്‌ വരട്ടെ – എന്നിങ്ങനെ പകുതി രാധയോടും പകുതി തന്നോടുതന്നെയും സംസാരിച്ചു കൊണ്ടാണ്‌ ദാമുവാശാന്‍ പോയത്‌.

ഇപ്പോള്‍ നട്ടം തിരിയുന്നത്‌ രാധയാണ്‌. ഇന്നലെമുതല്‍ പശുക്കളെ ഒന്നിനെയും ആലയില്‍ നിന്നിറക്കാന്‍ കഴിഞ്ഞിട്ടില്ല. വെട്ടിക്കൊണ്ടുവന്ന പുല്ല്‌ രണ്ട്‌ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ കൂടി കാണും. അത്‌ കഴിഞ്ഞാല്‍ -? പക്ഷേ, രാധയെ അത്‌ഭുതപ്പെടുത്തിയത്‌ അതൊന്നുമല്ല. കറക്കാനായി സുന്ദരിപശുവിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അനുസരണക്കേട്‌ – മുഴുവന്‍ കറക്കാന്‍ കഴിയാതെ മടങ്ങിപ്പോരുകയായിരുന്നു. പതിവായി പാല്‌ ചോദിച്ച്‌ വരുന്നവർക്ക്‌ എന്ത്‌ വേണമെന്നറിയാതെ വിഷമിച്ചു. കറവക്കാരന്‍ വരേണ്ട സമയമായിട്ടും കാണാതായതും രാധയെ വിഷമിപ്പിച്ചു. എന്താ കറവക്കാരനും മാധവന്റെ കൂടെ പോയോ?

കറവക്കാരന്‍ വന്നത്‌ പതിവിലും വൈകി. പശുക്കളെയെല്ലാം വെളിയിലോട്ടിറക്കിക്കെട്ടേണ്ട സമയവും കഴിഞ്ഞ്‌ പിന്നെയും ഏറെ നേരം കഴിഞ്ഞ്‌ അയാള്‍ കറവ കഴിഞ്ഞ്‌ തൊഴുത്തും വൃത്തിയാക്കിയാലേ ഇവറ്റയെ തിരിച്ച്‌ കേറ്റാന്‍ കഴിയൂ. പുറത്തേയ്‌ക്കിറക്കി തൊടിയിലെവിടെങ്കിലും കെട്ടാമെന്ന്‌ വച്ചാല്‍ ഒന്നിനും ഒരുണ്‍മേഷവുമില്ല. പതിവുള്ള ചങ്ങാതിയെ കാണാത്ത വിഷമം, ആ ഓടക്കുഴല്‍ നാദം കേള്‍ക്കാത്തതിലെ വേദന – ഇവയൊക്കെ രാധയ്‌ക്ക്‌ മാത്രമല്ല, ഇവറ്റകള്‍ക്കുമുണ്ട്‌. ഇന്നലെ പുല്‍ത്തൊട്ടിയിലിട്ട പുല്ലും തീറ്റയും മുഴുവന്‍ കഴിച്ചിട്ടില്ല. ഒരുത്സാഹക്കുറവ്‌ എല്ലാത്തിനും. മാധവാ – നീ ഞങ്ങളുടെയൊക്കെ ആരായിരുന്നു? ചങ്ങാതിയോ? – അതോ മേല്‍നോട്ടക്കാരനോ? അതോ സൂക്ഷിപ്പുകാരനോ? നീയിനി എന്നാണിങ്ങോട്ട്‌ വരിക? ഒരു ദിവസമേ കഴിഞ്ഞുള്ളുവെങ്കിലും ഒരു വർഷം കഴിഞ്ഞ അനുഭവം. കാലികള്‍ക്കാണെങ്കിലും മാധവനുണ്ടെങ്കിലേ ഉത്സാഹവും തിമിര്‍പ്പുമുള്ളു. ഞാനിനി എന്താ വേണ്ടെ? ഒന്ന്‌ പറഞ്ഞ്‌ തരാന്‍ വേണ്ടിയെങ്കിലും വാ മാധവാ.

തലയ്‌ക്കു കൈയും കൊടുത്തു രാധ എത്രനേരമങ്ങനെ ഇരുന്നെന്നറിഞ്ഞുകൂടാ. തൊഴുത്തു വൃത്തിയാക്കിയ കറവക്കാരന്‍ പറഞ്ഞു. ഞാന്‍ പോണു. ‘എനിക്കെന്നും രാവിലെ വരാന്‍ പറ്റീന്ന്‌ വരില്ല. കറക്കേണ്ട സ്‌ഥലങ്ങള്‍ കൂടി എങ്കിലും വരാം.’

‘അപ്പോ പിന്നെ പാലോ? – കാലത്തെയല്ലേ പാല്‌ ചോദിച്ചോണ്ട്‌ ആള്‌വരാ. അവരോടെന്ത്‌ പറയും.

’എന്തെങ്കിലും മാർഗ്ഗം ഉണ്ടാകും.‘ അതുപറഞ്ഞയാൾപോയി. അതെ എന്തെങ്കിലും മാർഗ്ഗം. എന്റെ കൃഷ്‌ണാ -ഇങ്ങനെ എന്നെ കഷ്‌ടപ്പെടുത്തല്ലെ.

ഇന്നെങ്കിലും പുഴക്കടവിലോട്ട്‌ പോണം. അലക്കാനുള്ള തുണികള്‍ കൂടിക്കിടക്കണു. ഇന്നലെ പോവാനൊത്തില്ല. ഈ വിചാരത്തോടെയാണ്‌ രാധ കടവിലോട്ട്‌ ചെന്നത്‌.

സമയം ഉച്ചയോടടുക്കുന്നു. ഈ സമയത്താരും കാണില്ലെന്നാണ്‌ കരുതിയത്‌. പക്ഷേ, രാധയുടെ കണക്ക്‌ കൂട്ടലുകള്‍ തെറ്റിച്ച്‌ ഇവിടെ ഇപ്പോഴും രണ്ടുമൂന്ന്‌പേര്‍.

’അല്ല – രാധയോ? – എന്താ ഈ നേരത്ത്‌?‘ ചോദിച്ചത്‌ താളിപ്പാടത്ത്‌ ജാനകിയമ്മ… ജാനകിയമ്മയ്‌ക്ക്‌ എപ്പോഴൊക്കെ വരാം, വരാതിരിക്കാം – എന്നൊന്നും ക്ലിപ്‌തതയില്ലാത്തതുകൊണ്ട്‌ എപ്പോള്‍ വേണമെങ്കിലും വരാം. പോകാം. പക്ഷേ, ജാനകിയമ്മയെപോലെയല്ലല്ലൊ രാധ എന്നും കാലത്തെ കുളിച്ച്‌ അമ്പലത്തില്‍ പോവുന്നവള്‍ അവള്‍ക്കെന്ത്‌പറ്റി? രാധ ഒന്നും മിണ്ടുന്നില്ലെന്ന്‌ കണ്ടപ്പോള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.

’ ഈ പെണ്ണിന്‌ ചെവീം കേള്‍ക്കില്ലാണ്ടായോ?

‘ങ്‌ഹാ – അതൊന്നുമല്ല കാര്യം -’ അങ്ങനെ പറഞ്ഞുകൊണ്ടാണ്‌ സരോജിനിയമ്മയുടെ വരവ്‌.

‘ങ്‌ എന്താ – എന്താണ്ടൊയെ?

’അപ്പോ ജാനമ്മയറിഞ്ഞില്ലെ? മാധവന്‍ പോയി -‘

’പോയോ? എങ്ങോട്ട്‌ -?‘

’എങ്ങോട്ടെന്നും എന്തിനെന്നുമുള്ള കാര്യം രാധയ്‌ക്കേ അറിയൂ – ജാനമ്മ അങ്ങനെ പറഞ്ഞപ്പോള്‍ – വീണ്ടും ഒരു ചോദ്യമിങ്ങോട്ടുണ്ടാവണ്ടാ എന്നു കരുതി രാധ പറഞ്ഞു.

‘മാധവന്‍ അമ്മേടെയടുക്കന്‍ പോയേക്കണു. സുഖാല്ലാന്ന്‌ കേട്ട്‌ പോയതാ. അതില്‍ കൂടുതലൊന്നുമറിഞ്ഞുകൂടാ’.

പക്ഷേ- രാധയുടെ മുന്‍കരുതലോടെയുള്ള വിശദീകരണം വെറുതെയായതേഉള്ളു.

‘നാലഞ്ച്‌ കൊല്ലായില്ലെ, മാധവനിവിടെ വന്നിട്ട്‌- ഇതിനിടയില്‍ ഒരിക്കലെങ്കിലും അമ്മയെവിടെയാണെന്നോ ഒന്നുമന്വേഷിച്ചില്ലല്ലൊ. ഇപ്പോന്താ – പെട്ടെന്നൊരസുഖോം, ഒരു പോക്കും?’ രാധ ഒന്നും മിണ്ടിയില്ല. ഇവരോട്‌ മിണ്ടാന്‍ പറ്റിയ സമയമല്ല. ഇനിയും അന്വേഷണം വരും. കുളിക്കാന്‍ ചിലപ്പോള്‍ ഇനിയും ചിലര്‍ വരും. അവരോടൊക്കെ മറുപടി പറയാനാവില്ല. കൊണ്ടുവന്ന തുണികള്‍ ശരിക്കും അലക്കാനായില്ല. മുഴുവനും പുഴയിലിട്ടൊന്നലമ്പി എടുത്തെന്നേയുള്ളു. വേഗം പോയില്ലെങ്കില്‍ അന്വേഷണം പിന്നെയും നീളും, എന്തൊക്കെ പറഞ്ഞാലും ഇവര്‍ക്ക്‌ തൃപ്‌തിയാവില്ല. വേഗം കുളിയും കഴിഞ്ഞ്‌ കയറാന്‍ നേരം വീണ്ടും വന്നു, ജാനമ്മയുടെ അന്വേഷണം.

‘അപ്പോ – ഇനി മാധവന്‍ വര്വോ?’

ഏതായാലും മറുപടി രാധയ്‌ക്ക്‌ പറയേണ്ടി വന്നില്ല. സരോജിനി തന്നെ പറഞ്ഞു. ‘അതെങ്ങനെ രാധ പറയും? അമ്മേടെ അടുക്കെ അതും സുഖൊല്ലാത്ത ആളെ കാണാന്‍ പോയാ – എപ്പേഴാ വരുവാന്നെങ്ങനെയാ അറിയ്യാ – ഏതായാലും വരും. വരാതെ പറ്റില്ലല്ലൊ. അല്ലെ, രാധെ?’ – കൂടുതലൊന്നും പറയാതെ രാധ മടങ്ങിപ്പോന്നു.

ഭക്ഷണത്തിനുള്ളത്‌ ഒന്നും ശരിയാക്കീട്ടില്ല. മാത്രമല്ല, കൂടെ താമസിക്കുന്ന സ്‌ത്രീ – അതിന്‌ കണ്ണിന്‌ കാഴ്‌ച കുറവാണെന്ന കുഴപ്പം മാത്രേയുള്ളു. എന്തൊക്കെ വികൃതികളാ കാട്ടണെ? തപ്പിനടന്ന്‌ അടുക്കളയില്‍ കയറി അടുപ്പത്തും ചുറ്റുവട്ടത്തും അടച്ചുവച്ചിരിക്കണ പാത്രങ്ങള്‍ തുറന്ന്‌ – എന്തൊക്കെയാണെന്ന്‌ മണത്തുനോക്കി – പിന്നൊരു കയ്യിട്ടുവാരലാ. മാധവന്റെ സഹായത്തില്‍ അടുക്കളയില്‍ മുകളിലൊരു ഇല്ലി മുളകൊണ്ട്‌ ഒരു തട്ടുണ്ടാക്കി, അതില്‍ പലകവിരിച്ച്‌ ഇപ്പോള്‍ പാകം ചെയ്‌ത ഭക്ഷണ സാധനങ്ങളും അച്ചാറും – മറ്റ്‌ പച്ചക്കറികളും അവിടെ വച്ചാൽല്‍ മാത്രമേ തള്ളയ്‌ക്ക്‌ എത്തിപിടിക്കാന്‍ പറ്റാതെ വരികയുള്ളു. എങ്കിലും എപ്പോഴെങ്കിലും ഓരോര്‍മ്മക്കുറവില്‍ എടുത്തുവയ്‌ക്കാന്‍ മറന്നാല്‍ അന്ന്‌ പിന്നെ കറികളൊന്നുമില്ലാതെ ഭക്ഷണം കഴിക്കേണ്ടിവരും.

രാധ ഓടിപ്പിടിച്ച്‌ വീട്ടില്‍ ചെന്നപ്പോള്‍ – ഭാഗ്യം – തള്ള കിടപ്പ്‌ തന്നെയാണ്‌. കുളിക്കാന്‍ പോരുമ്പോഴും കിടപ്പായിരുന്നു എന്ത്‌പറ്റി? ദേഹത്ത്‌ തൊട്ടു നോക്കുമ്പോല്‍ ചൂട്‌ ചെറിയ തോതില്‍ പനി.

വിളിച്ചുണര്‍ത്താതെ വേഗം കുരുമുളക്‌ കാപ്പിയിട്ട്‌ അതില്‍ തുളസിയിലയും ഇട്ട്‌ – തള്ളയ്‌ക്ക്‌ കൊടുത്തു. ആദ്യം അല്‌പം അനുസരണക്കേട്‌ കാട്ടിയെങ്കിലും, പിന്നെ കുടിച്ചുതീര്‍ത്തു. വീണ്ടും മൂടിപ്പുതച്ച്‌ കിടന്നു. വാസ്‌തവത്തില്‍ ഇവരെകൊണ്ട്‌ എന്താ പ്രയോജനം? നാട്ടുകാരുടെ വായടച്ച്‌ കെട്ടാന്‍ വേണ്ടി ദാമുവാശാനും നമ്പീശനും പറഞ്ഞപ്പോള്‍ ഇവരെ കൂടാതാമസിപ്പിച്ചെന്നേയുളളു. വാസ്‌തവത്തില്‍ ഇവരുള്ളത്‌ ശല്യമായി മാറിയിരിക്കുകയാണ്‌. മാധവനുള്ളപ്പോള്‍ പശുക്കളെ മേയ്‌ക്കാന്‍ കൊണ്ടുപോകുന്നതുകൊണ്ട്‌ എല്ലാത്തിനും സമയമുണ്ടായിരുന്നു. ഇപ്പോള്‍ ഇവരുടെ കാര്യം നോക്കാന്‍ തന്നെ ഏറെ സമയം വേണ്ടിവരുന്നു. പശുക്കളെ അഴിച്ച്‌ തൊടിയില്‍ കെട്ടാനോ, വെള്ളംകൊടുക്കാനോ തിരിച്ച്‌ തൊഴുത്തല് കെട്ടാനോ – ഒന്നിനും സമയം കിട്ടുന്നില്ല.

ഏതായാലും ആള്‌ ചെറിയൊരു മയക്കത്തിലേയ്‌ക്ക്‌ നീങ്ങിയെന്നായപ്പോള്‍, രാധ അടുക്കളയിലേയ്‌ക്ക്‌ കയറി.

വൈകിട്ട്‌ അമ്പലത്തിലേയ്‌ക്ക്‌ പോയത്‌ മാധവന്റെ പേരില്‍ ഒരു അര്‍ച്ചന നടത്തണമെന്ന ഉദ്ദേശത്തോടെയാണ്‌. പക്ഷേ , രാധയ്‌ക്ക്‌ അര്‍ച്ചനയുടെ ചീട്ടെഴുതിക്കാനായില്ല. അമ്പലമുറ്റത്തേയ്‌ക്ക്‌ കടന്നയുടനെ തന്നെ ഓഫീസില്‍ നിന്നും നമ്പീശനിറങ്ങിവന്നു. നമ്പീശന്റെ കൂടെ വേറെ രണ്ടുപേരും. പരിചയമുണ്ടെന്നല്ലാതെ ആരാണറിഞ്ഞുകൂടാത്തവര്‍.

‘രാധ വന്നത്‌ നന്നായി. രാധയെകാണാനിരിക്കുകയായിരുന്നു.’ നമ്പീശന്‍ രാധയെ കണ്ടയുടനെ പറഞ്ഞു. ഇവരിന്നലെ ടൗണിലെ ആശുപത്രിയില്‍ പോയിരുന്നു. ഇയാള്‍ക്ക്‌ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌ വേണം. അയാള്‍ക്ക്‌ ജോലിയായിരിക്കുന്നു. ആര്‍മിയിലാണ്‌. അതിനുവേണ്ടി പോയപ്പോഴാണ്‌ ഒരു വാര്‍ത്ത കേട്ടത്‌. ഭവത്രാതന്‍ നമ്പൂതിരി അവിടെ ഒരു വീട്‌ വാടകയ്‌ക്കെടുത്തിരിക്കുന്നു. മകന്റെ ചികിത്സ അവിടായിരുന്നല്ലൊ. മകന്‌വേണ്ടിയെടുത്തതാണ്‌. അന്ന്‌ മാധവന്റെ തല്ല്‌മേടിച്ച്‌ പോയേപ്പിന്നെ ആളിങ്ങോട്ട്‌ വന്നിട്ടില്ല. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഉള്ളില്‍ അതിന്റെ രോഷം ഇപ്പോഴുമുണ്ട്‌. നാട്ടില്‍ വന്നാല്‍ ആള്‍ക്കാരുടെ മുഖത്തെങ്ങനെ നോക്കുമെന്ന വേവലാതിയാണ്‌. മാധവനോട്‌ പകരം ചോദിച്ചിട്ട്‌ വേണമെന്ന്‌ കരുതി തക്കം കാത്തിരിക്കുകയായിരുന്നു. ഇന്നലെ അയാള്‍ മാധവനവിടെ ചെന്നിട്ടുണ്ടെന്നറിഞ്ഞ്‌ ആളെ സംഘടിപ്പിക്കുകയാണെന്നാ കേട്ടെ. അയാള്‍ക്കവിടെ പട്ടണത്തിലാരൊക്കെയോ സഹായികളുമുണ്ട്‌. ഞാന്‍ പറഞ്ഞ്‌ വന്നതതല്ല. മാധവനെന്നാ വരിക?‘

മാധവനെ ഉപദ്രവിക്കാന്‍ ഭവത്രാതന്‍ നമ്പൂതിരിയും മകനും ആള്‍ക്കാരെ സംഘടിപ്പിക്കുന്നുവെന്ന്‌ കേട്ടതോടെ രാധ പകച്ചുപോയി.

’ഈശ്വരാ – എന്തൊക്കെയാ കേള്‍ക്കണെ?‘ രാധ ഒട്ടൊരു സങ്കടത്തോടെ നെഞ്ചുരുകിതന്നെ പറഞ്ഞുപോയി.

’മാധവനടുത്തെങ്കിലും വരുമോ? എന്താന്ന്‌ വല്ലോം പറഞ്ഞോ?‘

’അറിയില്ല അമ്മാവാ – അമ്മയ്‌ക്ക്‌ സുഖല്ലാന്ന്‌ രണ്ട്‌ദിവസം മുമ്പൊരാള്‍ അവിടെ നിന്ന്‌ വന്ന്‌ പറഞ്ഞപ്പോള്‍ പോയതാ. അമ്മേടെ അടുക്കല്‍ പോയ ആള്‍ എന്നാ വരികാന്നെങ്ങനെ പറയും?‘

’എങ്കിലാരെയെങ്കിലും വിട്ടാലോ?‘

’മാധവന്റെ വീടെവിടാണെന്നാര്‍ക്കുമറിയില്ലല്ലൊ. ഭവത്രാതന്‍ നമ്പൂതിരിക്കുമറിയില്ല. മാധവനങ്ങോട്ട്‌ പോയെന്നറിഞ്ഞാല്‍, ഇവിടെയുള്ള ആരോവഴിയാണ്‌. അല്ലെങ്കില്‍ ആശുപത്രിയില്‍ ചെന്ന്‌ നമ്പൂരിയുടെ മകനെവിടാ താമസിക്കണേന്നന്വേഷിച്ചറിയണം. മകനിപ്പോള്‍ ആശുപത്രിയിലില്ലെങ്കിലും അയാളെവിടെ താമസിക്കുന്നെന്നുള്ളത്‌ അറിയാനാവൂലോ. അല്ല മാധവനിങ്ങോട്ട്‌ പോരുന്നുണ്ടെങ്കില്‍ ഈ അന്വേഷണം വേണ്ടിവരില്ല.

‘എനിക്കറിയില്ല അമ്മാവാ’ – അതും പറഞ്ഞ്‌ രാധ വിതുമ്പിപോയി. ഈ വിവരം ആശുപത്രിയിലെ ഓഫീസിൽ വന്ന ആരോ പറഞ്ഞ്‌ ഇവർ കേട്ടതാ. നമ്പൂരിയുടെ മകൻ ചികിത്സയിലവിടെ രണ്ടു വർഷം കിടന്നത്രെ. ഈ വിവരം കേട്ടപ്പോ ഒന്ന്‌ വിശദമായി തിരക്കാനിവർക്കും ആയില്ല. എന്തും പറഞ്ഞാ അവിടെആളെ വിടണെ -?

രണ്ട്‌ വര്‍ഷം ഭവത്രാതന്‍ നമ്പൂതിരിയുടെ മകനവിടെ കിടന്നെന്ന്‌ കേട്ടപ്പോള്‍ രാധയ്‌ക്ക്‌ പലസംശയങ്ങളും വന്നു. അത്ര മാരകമായിരുന്നോ അന്നത്തെ മാധവന്റെ പ്രയോഗം. ഒരടിപിടിക്കേസ്സില്‍ ഇത്രയും മാരകമായ സ്‌ഥിതിവിശേഷം വരുമോ?

‘അപ്പോ നമ്പൂതിരിയുടെ മകന്റെ അസുഖം മാറിയില്ലെ? മരുന്നിപ്പോഴുമുണ്ടോ?’

നമ്പീശനൊന്നു ചിരിച്ചതേയുള്ളു. പക്ഷേ രാധ പിന്നെയും അങ്ങേരെ നോക്കി അനങ്ങാതെ നില്‍ക്കുന്നതുകണ്ടപ്പോള്‍ ‘എന്താ – രാധെയീപ്പറയണെ? രാധയ്‌ക്ക്‌ ആ ആഭാസനെ അറിയില്ലേ? മാധവന്‍ ശരിക്കും അന്നുകൊടുത്തിരുന്നു. ഒന്നോ രണ്ടോ മാസം കിടന്നാലും പോവാന്‍ പറ്റാത്തവിധം കനത്തായിരുന്നു മാധവന്റെ ഇടിയും തൊഴിയും. പിന്നെ മാധവനെവിടെയാ പിടിച്ചതും തൊഴിച്ചതുമെന്നു ഇവിടുള്ളോര്‍ക്കെല്ലാം അറിയാം. അടിവേരിളകിക്കാണും. എന്നാലും ഇത്രേം നാളും അവനവിടെ കെടന്നത്‌ ആശുപത്രിയിലെ നേഴ്‌സുമാരുടെ മോറും നോക്കിയിരിക്കാനേ ആവുള്ളു. അത്ര ആഭാസനല്ലേ അവന്‍? എന്തൊക്കെ ചികിത്സ നടത്തിയാലും – അവന്റെ പഴയ തോന്ന്യാസമൊന്നും നടക്കില്ല. അത്രക്കും കിട്ടീട്ടൊണ്ട്‌.’

മാധവന്റെ പട്ടണത്തിലേയ്‌ക്ക്‌ എന്ത്‌മാത്രം ദൂരമുണ്ട്‌. ഒരു രാത്രി കൊണ്ടൊന്നും അവിടെത്തില്ല എന്നല്ലേ ഒരിക്കല്‍ പറഞ്ഞത്‌.

‘ഞങ്ങള്‍ ദാമുവാശാനെ വിവരം ധരിപ്പിച്ചിട്ടുണ്ട്‌. ആര്‍മിയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ അവിടായതുകൊണ്ട്‌ ഇയാള്‌പോയെന്നേ ഉള്ളു. പുഴകടന്ന്‌ – ഒരു പകല്‍ മുഴുവനും ബസ്സിലിരിക്കണത്രെ. അമ്പലത്തിലെത്തി രാധ അല്‌പം ഉച്ചത്തില്‍ തന്നെ വിളിച്ച്‌ പോയി.

’എന്റെ കൃഷ്‌ണാ – ഞങ്ങളെയിങ്ങനെ തീ തീറ്റിക്കല്ലെ?‘ പിന്നെ മൂകമായ ​‍പ്രാര്‍ത്ഥിച്ചു.

മാധവനാപത്തൊന്നും വരുത്തല്ലേ?-

Generated from archived content: radha18.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here