മാധവന് ചക്രപാണിയെ വിളിക്കാന്‍ പോയിട്ട് ഏറെ നേരം കഴിഞ്ഞാണ് തിരിച്ചെത്തിയത് തനിയെ.
‘മാധവനെ അന്വേഷിച്ച് വന്നയാളെവിടെ പോയി?’
‘പോയി’
‘ങ്‌ഹേ-!’
അതിന് മാധവന്‍ മറുപടിയൊന്നും പറഞ്ഞില്ല. റാന്തല്‍ വെളിച്ചത്തില്‍ ആ മുഖത്ത് സ്‌തോഭകരമായ എന്തൊക്കെയോ ചിലത് മാറിമറിയുന്നുണ്ട്. അത് കണ്ടതോടെ തുടർന്നെന്തെങ്കിലും ചോദിക്കാന്‍ രാധയ്‌ക്ക് ഭയമായി. എങ്കിലും അടക്കിനിര്‍ത്താനാവാത്ത ആകാംക്ഷ രാധയെക്കൊണ്ട് വീണ്ടും ചോദിപ്പിച്ചു.
‘ആളെങ്ങനെപോവും? വന്നവണ്ടി – വണ്ടിക്കാരന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണല്ലോ പറഞ്ഞെ? പിന്നെ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാണ് പോയത്. ഇത്രയും പ്രായമായ ആള്‍ – അങ്ങേര്‍ക്ക് ക്ഷീണം വരില്ലെ?’ മാധവന്‍ അല്‌പനേരത്തേയ്‌ക്കൊന്നും മിണ്ടിയില്ല. രാധ തന്റെ മുന്നിൽത്തന്നെ ഒരു മറുപടിയും പ്രതീക്ഷിച്ച് നില്‍ക്കുകയാണെന്നറിഞ്ഞപ്പോള്‍ പറഞ്ഞു; ‘രാധ, ഭക്ഷണം എടുത്തു വെയ്‌ക്ക്. നേരത്തെ കിടക്കണം.’ രാധ, ഭക്ഷണം വിളമ്പി തളികയില്‍ വച്ചിട്ട് മാധവനെ വിളിച്ചു; ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴും മാധവന്‍ സ്‌തോഭകരമായ ചിന്തകളാല്‍ അസ്വസ്‌ഥനാണ്. എങ്കിലും രാധ ചോദിച്ചു.
‘പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇവിടെ വന്ന് ഒരു ഗ്ലാസ് വെള്ളം മാത്രമേ കുടിച്ചുള്ളു. ഈ വീട്ടില്‍ രാത്രി വന്ന മനുഷ്യനെ – അതും പ്രായം ചെന്നയാളെ മടക്കിവിട്ടത് ശരിയായില്ല.’
ഊണ് കഴിക്കാനായി കൊരണ്ടിപ്പലകയിലിരുന്ന മാധവന്‍, വേഗം തന്നെ എഴുന്നേറ്റു. ഒന്നും മിണ്ടാതെ തന്നെ പിന്നെ അയാള്‍ തന്റെ മുറിയിലേയ്‌ക്ക് പോയി.
അല്‌പംകൂടി തനിക്ക് കാത്തിരിക്കാമായിരുന്നു. ഭക്ഷണം കഴിഞ്ഞിട്ട് മതിയായിരുന്നു, ചോദ്യവും കുറ്റപ്പെടുത്തലും. രാധയ്‌ക്ക് വന്ന കുറ്റബോധം. എന്ത് ചെയ്യേണ്ടു എന്നറിയാതെ അവളെ നിന്നിടത്ത് തന്നെ നിര്‍ത്തി.
പിന്നെ മുഖംപൊത്തി വിങ്ങിപ്പൊട്ടി പറഞ്ഞു.
‘ഇപ്പോള്‍ ഞാനെന്ത് ചെയ്‌താലും കുറ്റം. എന്തിനെന്നെ നോവിക്കുന്നു? ഞാന്‍ ചെയ്‌ത തെറ്റെന്തെന്ന് പറഞ്ഞു തരൂ.’ ഇപ്പോള്‍ ഇതികര്‍ത്തവ്യമൂഢനായത് മാധവനാണ്. വാസ്‌തവത്തില്‍ രാധ എന്ത് തെറ്റാണ് ചെയ്‌തത്? അതിഥിയായി വന്ന ഒരാളെ നേരാവണ്ണം സല്‍ക്കരിക്കാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്. പോരാത്തതിന് പ്രായം ചെന്ന ഒരാള്‍. യാത്ര പോകുന്നത് ഭക്ഷണമൊന്നും കഴിക്കാതെയാണ്.
‘അത്താഴപ്പട്ടിണിക്കാരുണ്ടോ?’ എന്ന് മൂന്ന് പ്രാവശ്യം വിളിച്ച് ചോദിച്ചതിന് ശേഷമാണ് ഈ നാട്ടുകാര്‍ വൈകിട്ടത്തെ ഭക്ഷണം കഴിക്കൂ. അങ്ങനെയുള്ള സ്‌ഥിതിക്ക് അതിഥി പട്ടിണിയോടെ പോവുന്നതിന്റെ വിഷമം ഊഹീക്കാവുന്നതേ ഉള്ളു. ആ കുറ്റബോധത്തോടെ അയാള്‍ രാധയെ സമീപിച്ചു.
‘രാധേ നിന്റെ വിഷമം എനിക്കറിയാം. അങ്ങേര്‍ എന്റെ അമ്മാവന്റെ കാര്യസ്ഥനാണ്. പക്ഷേ അമ്മാവന്റെ ദുഷ്‌ടലാക്കൊന്നും അങ്ങേര്‍ക്കില്ല. ഇപ്പോള്‍ ഇവിടെ വന്നത് അമ്മാവനറിയാതെ രഹസ്യമായിട്ടാണ്. ഞാനിവിടെയുണ്ടെന്ന് അമ്മാവന്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനി ഞാനിവിടെ നിന്നാല്‍ എന്നേക്കാളും ഏറെ ബാധിക്കുക നിനക്കായിരിക്കും. നിനക്ക് മാത്രമല്ല ഈ നാട്ടിലെ ജനങ്ങളെ എല്ലാവര്‍ക്കും അത് ദോഷം ചെയ്യും. അത് പറയാനാണ് വന്നത്. ഇന്ന് പാതിരാത്രിയോടെ അങ്ങേര്‍ക്ക് നഗരത്തിലെത്തണം. പണ്ട് ഞാന്‍ വന്നപ്പോഴത്തെ പോലെ വഴി അത്ര ദുര്‍ഘടം പിടിച്ചതല്ല. അതുകൊണ്ട് വെളുപ്പിന് മുന്നേ എത്താനാവൂ. ഏത് നിമിഷവും അമ്മാവന്റെ ആള്‍ക്കാര്‍ എന്നെത്തേടിവരും. അവരെന്നെ കണ്ടുപിടിക്കുന്നതിന് മുന്നേ എനിക്കിവിടെ നിന്ന് മാറണം. ഞാനീരാത്രിയില്‍ തന്നെ പോയാലോ എന്നാണാലോചിച്ചത്. അവസാനം അത് വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അഞ്ചാറ് വര്‍ഷമായിട്ട് ഏഴര വെളുപ്പിന് മുന്നെ കുളിച്ച് അമ്പലം തുറക്കുന്നതിന് മുന്നേ ഓടക്കുഴല്‍ വായിക്കുന്നുണ്ട്. നാളെയും അത് ചെയ്‌തിട്ട് മടങ്ങും. ഞാനിങ്ങനെ പോവുന്ന കാര്യം രാധമാത്രം അറിഞ്ഞാല്‍ മതി. ഇവിടെ നിന്നാല്‍ എന്റെ നില പരുങ്ങലിലാണെന്ന കാര്യം ആരും അറിയരുത്. അത്യാവശ്യമായിട്ട് അമ്മയ്‌ക്ക് സുഖമില്ലാത്തതുകൊണ്ട് വെളുപ്പിനെ സ്‌ഥലം വിട്ടെന്നേ ആരന്വേഷിച്ചാലും പറയാവൂ – എന്താ രാധേ, എന്ത്‌മാത്രം വിഷമിച്ചാ ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്ന് മനസ്സിലാക്ക്.’ മാധവന്‍ പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ രാധ ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. താനിനി ഒറ്റയ്‌ക്കാണോ? ആ ഭയവും രാധയ്‌ക്കുണ്ട്. മാത്രമല്ല, മാധവന്‍ ഇനി പോയാല്‍ തിരിച്ച് വരുമോ? ആ മാതിരിചിന്തകള്‍ വന്നതോടെ രാധയ്‌ക്ക് സ്‌ഥലകാലബോധം പോലും നഷ്‌ടപ്പെടുമെന്ന അവസ്‌ഥ വന്നു. ഒരു തവണ അവള്‍ വീഴാന്‍ പോയതാണ്. പിന്നെ ചുമരിന്മേല്‍ ചാരി പിടിച്ചു നിന്നു. അവളുടെ സ്‌ഥിതികണ്ട് മാധവന്‍ അവളെ സമീപിച്ചു. ‘എനിക്കേതായാലും പോണം. ഞാന്‍ പോണത് അമ്മയ്‌ക്ക് സുഖമില്ലെന്നറിഞ്ഞോണ്ടാ. അങ്ങനെയേ എല്ലാവരും അറിയാവൂ. നഗരത്തില്‍ പോയി സ്‌ഥിതിഗതികളറിഞ്ഞിട്ട് എല്ലാം ഒന്ന് ശരിയാവുമ്പോള്‍ തിരിച്ച് വരും. ദാമുവാശാനേയോ എമ്പ്രാന്തിരിയെയേ, നമ്പീശനെയോ – ആരെയും കാണുന്നില്ല. കണ്ടാലപകടമാ. അവർക്കും ചിലപ്പോൾ ദോഷമാവും. അത് വേണ്ട. കാര്യങ്ങള്‍ ഭദ്രമാവുമ്പോള്‍ തിരിച്ച് വരും. ഇവിടെ വന്നതിന് ശേഷം അമ്മയെ കാണാന്‍ പോവാത്തത് എന്ത് കൊണ്ടാണെന്ന് ഇപ്പോഴെങ്കിലും രാധ മനസ്സിലാക്ക്. എല്ലാം നേരെയായിരുന്നെങ്കില്‍ മാസത്തിലൊന്നോ രണ്ടോ തവണയെങ്കിലും അമ്മയെ കാണാന്‍ പോവില്ലായിരുന്നോ? അവിടെ ഞാന്‍ നില്‌ക്കണ്ടാ എന്നത് അമ്മയുടെ ആവശ്യം കൂടിയായിരുന്നു. എന്നെപ്പറ്റി അമ്മയ്‌ക്കത്രയും പേടിയുണ്ട്. സത്യത്തില്‍ അമ്മയ്‌ക്ക് വേണ്ടി മാത്രാ – ഞാനിവിടെ നിന്ന് പോണെ. പക്ഷേ – ഞാനിവിടാണെന്നകാര്യം അമ്മാവനെങ്ങനെയറിഞ്ഞു?
’നിങ്ങള്‍ അമ്മാവനും മരുമകനും തമ്മിലുള്ള ശത്രുതയെന്താ? എനിക്കറിയാവുന്നതാണോ?‘
’അതെനിക്കുമറിയില്ല. ഇവിടുള്ള ആരും അതറിയരുതെന്ന് അമ്മയും ആഗ്രഹിക്കുന്നുണ്ട്. രാധയുടെ അമ്മയ്‌ക്ക് മാത്രമേ കുറച്ചെങ്കിലും അറിയാമായിരുന്നുള്ളു. ഇനി അവിടെ ചെന്നിട്ട് ഞാനമ്മയോട് ചോദിക്കും അമ്മാവനെന്തിനാ നമ്മളെയിങ്ങനെ ദ്രോഹിക്കണേന്ന്‘ – ’വേണ്ട. വഴക്കിനും പൊല്ലാപ്പിനും പോവണ്ട. കേട്ടിടത്തോളം മാധവന്റെ അമ്മാവന്‍ ഒരു ക്രൂരനാണെന്ന് തോന്നുന്നു. അങ്ങേരുമായേറ്റുമുട്ടണ്ട. അമ്മയെ കണ്ട് വേഗം പോന്നേളൂ.‘ ’ഞാനിവിടെ നിന്നു പ്രശ്‌നമാണെങ്കില്‍ പിന്നെങ്ങനെ പോരും. ഏതായാലും സത്യസ്‌ഥിതിയറിയട്ടെ. ഒന്നു പറയാം, എല്ലാം കലങ്ങിത്തെളിഞ്ഞാല്‍ ഞാനിവിടെവരും അതുറപ്പ്.‘
അപ്പോഴേ രാധയ്‌ക്ക് സമാധാനമായുള്ളു. മാധവനും വരണമെന്നുണ്ട്. എത്രയും വേഗം – ’എന്റെ കൃഷ്‌ണാ മാധവനെ കാക്കണേ – അവന്‍ പോയിട്ട് വേഗം തിരിച്ച്‌വരാനനുഗ്രഹിക്കണേ-‘ രാധ അല്‌പം ഉച്ചത്തില്‍ തന്നെ ആത്മഗതമായിപ്പറഞ്ഞു.
’രാധ ഏതായാലും ഭക്ഷണമെടുത്ത് വയ്‌ക്ക് – മാധവന്റെ ആ വാക്കുകളോടെ രാധയുടെ ഉള്ള് തണുത്തു. മാധവന്റെ സ്‌ഥിതിയറിയാമായിരുന്നെങ്കില്‍ ഞാനങ്ങനെ പെരുമാറുമായിരുന്നില്ല. രാധ അങ്ങനെ സമാധാനിച്ചു.
രാത്രിയിലും മാധവന്‍ എന്തൊക്കെയോ ആലോചനയിലായിരുന്നു. ഭക്ഷണം കഴിഞ്ഞു കിടക്കുന്നതിന് മുന്നേ അവന്‍ യത്രക്കുള്ള ഒരുക്കം നടത്തിയിരുന്നു. സത്യത്തില്‍ എന്താണൊരുങ്ങാനുള്ളത്. ഇങ്ങോട്ട് വരുമ്പോള്‍ ഒരു ജോഡി ഉടുപ്പും മുണ്ടും. പിന്നെ കാവിവസ്‌ത്രം ഓടക്കുഴല്‍ – ഇതെല്ലാമടങ്ങിയ ബാഗ്. അതേ സമയം അങ്ങോട്ട് പോവുമ്പോള്‍ ബാഗിനല്‌പം കനം കൂടിയിരിക്കുന്നു. ഉടുപ്പിന്റെയും തുണിയുടെയും എണ്ണം കൂടി. രാധയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെറിയൊരു ഭരണിയില്‍ അച്ചാര്‍ – പിന്നെ കുറെ മാമ്പഴം. എപ്പോഴും കാ ഫലമുള്ള മാവ്, ഈ വീട്ട് മുറ്റത്തുള്ള അനുഗ്രഹമായിട്ട് കാണുന്ന രാധ – അതിന്റെ കുറെ മാമ്പഴം മാധവന്റെ ബാഗിലേക്കയ്‌ക്ക് പൊതിഞ്ഞു വച്ചു. പിന്നെ ഭഗവാന്റെ പ്രസാദം. മാധവന്റെ അമ്മയെ കണ്ടിട്ടില്ലെങ്കിലും ആ അമ്മ ഇപ്പോള്‍ തന്റെയും അമ്മയായിരിക്കുന്നു.
രാത്രി രാധ രണ്ടുമൂന്നു തവണ മാധവന്റെ കട്ടിലില്‍ കയറി, അവന്റരികില്‍ കിടന്നാലോ എന്നാലോചിച്ചതാണ്. കുറെ നാളത്തേയ്‌ക്ക് മാറിനില്‍ക്കുകയല്ലേ? പോവുന്നതിന് മുന്നേ ഒരിക്കല്‍ ആ ദേഹത്തിന്റെ ചൂടും ചൂരും പെട്ടെന്ന് തന്നെ രാധ ആ ചിന്ത ഉപേക്ഷിച്ചു. മനസ്സ് വിക്ഷുബ്‌ധമായിരിക്കുമ്പോള്‍ – ആ മാതിരി വികാരങ്ങള്‍ക്ക് സ്‌ഥാനമില്ല. ഇതൊക്കെയാണെങ്കിലും അവള്‍ക്കുറങ്ങാനായില്ല, മാധവന്‍ പോയാല്‍?
കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് തനിക്കൊരു തുണ – ഒരു തണല്‍. എന്തിനും എവിടെയും അങ്ങനൊരാളുണ്ട് എന്ന ആശ്വാസം. ആ തുണയാണ് നഷ്‌ടപ്പെടാന്‍ പോവുന്നത്. നഷ്‌ടമോ? എന്തിനങ്ങനെ ചിന്തിക്കുന്നു? പോയി കുറെ കഴിഞ്ഞ് വരില്ലെ. മനസ്സ് വല്ലാതെ ആശങ്കപ്പെടുകയാണ്.
മാധവനും വിവിധ വിചാരങ്ങളാല്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു. ഈ നാടിനോട് എന്നന്നേയ്‌ക്കുമായി വിടപറയുകാണോ? അവിടത്തെ സ്‌ഥിതി എന്താവും?
രാധ ഉറങ്ങിയത് വളരെ താമസിച്ചാണ്. പൂര്‍ണ്ണമല്ലാത്ത ചില സ്വപ്‌നങ്ങള്‍ കണ്ടു. കണ്ട സ്വപ്‌നങ്ങള്‍ മടങ്ങിപ്പോവുകയാണോ? ഒന്നും ഒരു വ്യക്തത നല്‍കുന്നില്ല.
പുഴത്തീരത്തെ പാട്ട് – പിന്നെ അമ്പലപ്പറമ്പിലെ ഉത്സവത്തിന് മാധവന്‍ ഓടക്കുഴല്‍ വായിച്ചു. മാധവന്‍ വേണുവായിച്ചപ്പോള്‍ എത്ര തവണ നൃത്തം ചെയ്‌തു. നൃത്തത്തിന്റെ ബാലപാഠം പഠിച്ചിട്ടില്ലാത്ത ഞാന്‍ എങ്ങനെ നല്ലൊരു നര്‍ത്തകിയായി. ഞാന്‍ നൃത്തക്കാരിയായി മാറിയെങ്കില്‍ അതിന് കാരണം മാധവന്റെ ഓടക്കുഴല്‍ വായനയാണ്. ആ വായനയില്ലായിരുന്നെങ്കില്‍ ഞാന്‍ ചുവടുവയ്‌ക്കുമായിരുന്നോ? മാധവന്‍ തന്നെ പറഞ്ഞത് ഇവിടെ വന്നതിന് ശേഷമാണ്, അവനിത്രയും ഭംഗിയായി വായിക്കാന്‍ കഴിഞ്ഞതെന്നാണ്. ഏതായാലും ഭഗവത്സന്നിധിയില്‍ വച്ച് മാധവന്‍ നല്ലൊരു വേണുവായനക്കാരനായി. ഞാന്‍ നൃത്തക്കാരിയും. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളൊന്നിച്ചു. ഭഗവല്‍ കടാക്ഷത്താല്‍ – ആ അനുഗ്രഹത്താല്‍ അമ്പലത്തിലെ ഉത്സവം – രാധമാധവ സംഗമം – രാധാകൃഷണാഘോഷമായി മാറി. ഇപ്പോള്‍ അഞ്ചോ ആറോ രാധകൃഷ്‌ണ നൃത്താഘോഷം നടന്നു. ഭഗവാനെ എന്നെയും മാധവനെയും ഒന്നിപ്പിച്ച കൃഷ്‌ണ – എന്റെ മനസ്സിലെ ആഗ്രഹം സഫലമാവാന്‍ അനുഗ്രഹിക്കൂ.
വീണ്ടും നൃത്തം. നാദ-താളലയമേളത്തില്‍ – വാദ്യഘോഷങ്ങള്‍ ഉച്ചസ്‌ഥായിയായ ഭാവം വിട്ട് – മന്ദഗതിയിലാവുമ്പോള്‍ അവൾ മയങ്ങുന്നത് കൃഷ്‌ണന്റെ മടിയിലാണ്. നിറുകയില്‍ പീലിചൂടിയ, മഞ്ഞപ്പട്ടുടുത്ത – കഴുത്തില്‍ തുളസിപ്പൂമാലയണിഞ്ഞ കൃഷ്‌ണന്‍ – കൃഷ്‌ണന്റെ ഓടക്കുഴല്‍ വിളിയിലും താരാട്ട് പാട്ടിന്റെ സുഖമുണ്ട്. അവള്‍ പയ്യെ ചരിഞ്ഞ് തല കൃഷ്‌ണന്റെ മുല്ലപ്പൂമണക്കുന്ന ദേഹത്തോടമര്‍ത്തി പയ്യെ – പയ്യെ-
ആലയില്‍ നിന്നും പശുക്കുട്ടിയുടെ തുള്ളിച്ചാട്ടത്തിന്റെ ശബ്‌ദം കേട്ടാണ് രാധ ഉണര്‍ന്നത്.
എന്താണിപ്പോള്‍ ആലയില്‍ ഒരു ബഹളം?
നേരം വെളുക്കാനിനിയും നാഴികകള്‍ കുറെ പിന്നിടേണ്ടതുണ്ടെന്ന് ആകാശച്ചെരുവിലേയ്‌ക്ക് നോക്കി അവള്‍ ഊഹിച്ചു. മാധവന്‍ കിടക്കുന്ന മുറിയിലേയ്‌ക്ക്, ഇല്ല ജനലിനോട് ചേര്‍ന്നുള്ള കോസറിയില്‍ മാധവനില്ലാ എന്ത് -? മാധവന്‍ പോയോ? പെട്ടെന്നവള്‍ രാവിലെ താന്‍ പോവുന്നകാര്യം പറഞ്ഞത് ഓര്‍ത്തു. ഇത്രവെളുപ്പിനെ – ഇത്രനേരത്തേ പോയിരിക്കുമോ? വീണ്ടും ആലയില്‍ നിന്ന് ശബ്‌ദം, പശുക്കളുടെ തലയിട്ടിളക്കലും മൂളലും – അവള്‍ക്ക് തിരിച്ചറിയാം, അവള്‍ മൂലയ്‌ക്ക് താഴ്‌ത്തിവച്ചിരുന്ന റാന്തലിന്റെ തിരി തെളിച്ച് മുറ്റത്തേയ്‌ക്കിറങ്ങി. വാതില്‍ ചാരിയിരുന്നതിനാല്‍ മാധവന്‍ പുഴക്കടവിലായിരിക്കുമെന്നാണ് ഊഹിച്ചത്. ഇല്ല. ഇത്രയും നേരത്തേ പുഴയിലേയ്‌ക്ക് പോവാറില്ല. ആലയുടെ അടുക്കല്‍ ചെന്നപ്പോഴാണ് – മാധവന്‍ പശുക്കളുടെ മുഖത്ത് തലോടിയും കഴുത്തിലെ ആടയില്‍ പിടിച്ചും – അതെ മാധവന്‍ അവരോട് യാത്രചോദിക്കുന്നു. അയാള്‍ പോകുകയാണെന്ന കാര്യം അവറ്റകള്‍ക്കറിയില്ലല്ലൊ, കിടാക്കളുടെ കാര്യമോര്‍ക്കുമ്പോഴാണ് ഏറെ സങ്കടം. എത്ര അനുസരണക്കേട് കാട്ടിയാലും മാധവന്റെ വേണുഗാനത്തിന് മുമ്പില്‍ അവര്‍ ബഹളമൊതുക്കി, നല്ലകുട്ടികളായി തള്ളപ്പശുക്കളുടെ അടുക്കലേയ്‌ക്ക് നീങ്ങും. പിന്നെ രാധയ്‌ക്ക് എത്രനേരം വേണമെങ്കിലും പുല്ലു ചെത്താം. അതല്ലെങ്കില്‍ മാധവന്റെ പാട്ടുകേട്ട് മതിമറന്ന് ഈലോകംതന്നെ മറന്ന്, വിഹായസ്സിലേയ്‌ക്ക് ഉയര്‍ന്ന് നക്ഷത്രങ്ങളുടെ അടുക്കലേയ്‌ക്ക് പറന്ന് നീങ്ങും. മാധവന്‍ അവിടെയും ഓടക്കുഴല്‍ വായനയായിരിക്കും. അല്ല, ആണ്. മാധവന്‍ എത്രപെട്ടെന്നാണ് ഭൂമുഖത്ത് നിന്നും ആകാശത്തിലേയ്‌ക്ക് പറന്ന് മേലേമട്ടുപ്പാവില്‍ താരകങ്ങളുടെ ഇടയില്‍ പ്രശോഭിതനായി വിഹരിക്കുന്നത്. മാധവന്റെ ദര്‍ശനം തന്നെ. ഭഗവാന്‍ കൃഷ്‌ണന്റെ ദര്‍ശനവുമായി ചിലപ്പോള്‍ കാണാറുണ്ട്. മാധവന്‍ തന്നെ കൃഷ്‌ണന്‍. മാധവന്‍ കൃഷ്‌ണനായി മാറുമ്പോള്‍ ഇവള്‍ക്ക് രാധയാവാതെ പറ്റില്ലല്ലൊ.
മുറ്റത്ത് നിന്നും കയറി വന്ന മാധവനെകണ്ട് രാധ ഞെട്ടി. ഓര്‍ക്കാപ്പുറത്തെന്നോണമുള്ള ആ കയറി വരവിനാല്‍, രാധ പിന്നെ ഉണര്‍ന്നു. മാധവന്‍ ഇന്ന് സ്‌ഥലം വിടുകയാണെന്ന ഓര്‍മ്മ വന്നതോടെ രാധയുടെ കണ്ണുകള്‍ നിറഞ്ഞു.
‘എന്റെ കണ്ണാ – എന്നെ തനിച്ചാക്കല്ലെ ?’
അറിയാതെ എന്നപോല്‍ അവള്‍ പറഞ്ഞതങ്ങനെ. അത് കേട്ടതോടെ മാധവനും നിശ്ചലപ്രതിമപോലെ നിന്നു. അവളെ തുറിച്ച് നോക്കിക്കൊണ്ട് ഏതാനും നിമിഷം മാത്രം. പിന്നെ അയാള്‍ ഉണര്‍ന്നു.
‘രാധേ – ഞാന്‍ കുളിച്ചിട്ട് വരട്ടെ. എന്റെ ബാഗും ഡ്രസ്സുമെല്ലാം പാക്ക് ചെയ്‌തിട്ടുണ്ട്. കുളിച്ച് വന്നാല്‍ നില്‍ക്കില്ല. ’രാവിലെ – വെറും വയറ്റില്‍ പോവാനോ? ഞാനപ്പോഴേയ്‌ക്കും സുന്ദരിപശുവിനെ കറന്ന് വരാം. പിന്നെ മാധവന്‍ വരുമ്പോഴേയ്‌ക്കും പാല്‍ തിളപ്പിച്ച് വയ്‌ക്കാം. ‘പിന്നെ – പിന്നൊന്നും വേണ്ട കുറച്ച് പാല്‍. അത് ധാരാളം. അതിനപ്പുറം രാവിലെ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നും തയ്യാറാക്കണ്ട, മാത്രമല്ല, രാവിലെ ഞാന്‍ പാലല്ലാതെ ഒന്നും കഴിക്കാറില്ലല്ലോ – ഞാന്‍ വേഗം കുളിച്ച് വരട്ടെ.’
കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ മാധവന്‍ പുഴത്തീരത്തേയ്‌ക്ക് നടന്നു. ഇരുട്ടാണെങ്കിലും നാട്ട് വെളിച്ചത്തില്‍ മാധവന് കടവിലേയ്‌ക്കുള്ള വഴിയും പടവും സുനിശ്ചിതം. രാധ പശുവിനെ കറന്ന് പാല് തിളപ്പിച്ചനേരം കൊണ്ട് മാധവന്‍ കുളികഴിഞ്ഞ് വന്നുകഴിഞ്ഞു. പിന്നെ മുറിയില്‍ കയറി കൃഷ്‌ണവിഗ്രഹത്തിന് മുന്നില്‍ കൈകള്‍ കൂപ്പി കണ്ണുകളടച്ച് ഏതാനും നിമിഷം. പിന്നെ ഭഗവാന്റെ കാല് തൊട്ട് നിറുകയിലും നെഞ്ചത്തും വച്ച്. രാധ നീട്ടിയ പാല്‍ കുടിച്ച് – വേഗം തന്നെ യാത്രക്ക് തയ്യാറായി. ഡ്രസ്സ് ചെയ്‌ത് വന്നപ്പോഴേയ്‌ക്കും രാധ വീണ്ടും മൂകയായി. ഒന്നും പറയാനാവാതെ അവള്‍ കൃഷ്‌ണവിഗ്രഹത്തിന് മുന്നില്‍ അനങ്ങാതെ നിന്നു. എന്റെ കണ്ണനെ വേഗം തിരിച്ച് വരുത്തണേ- അവ പ്രാർത്ഥിച്ചത് അത്രമാത്രം.
‘രാധേ – ഞാനിറങ്ങുന്നു. എല്ലാം ഇന്നലെ പറഞ്ഞുകഴിഞ്ഞതാണ്. ഞാന്‍ അമ്മയ്‌ക്ക് സുഖമില്ലെന്നറിഞ്ഞ് പോണു. അത് മാത്രമേ മറ്റുള്ളവര്‍ അറിയൂ. അധികം താമസിയാതെ വരും. അതിലപ്പുറം രാധയ്‌ക്കൊന്നും അറിയില്ല. ഞാനിന്നലെ പറഞ്ഞ മറ്റ് വിവരങ്ങള്‍ ആരും അറിയാനും പാടില്ല. പിന്നെ – അമ്പലത്തിന്‍ മുന്നില്‍ ചെന്ന് നാദോപാസന നടത്തി – ഞാനത് വഴി പോവുകയേ ഉള്ളു. നേരം വെളുക്കുന്നത് വരെ കാത്തിരുന്നാല്‍ അന്വേഷണങ്ങള്‍ പലതും വരും. അത് വേണ്ട“. രാധ ഒന്നും മിണ്ടിയില്ല. പക്ഷേ പെട്ടെന്നെന്നോണം അവള്‍ ഓടി മാധവന്റെ മാറിലേയ്‌ക്ക് ചാഞ്ഞു. ആ കണ്ണുകള്‍ നിറഞ്ഞു. എന്തൊക്കെയോ പുലമ്പി. അമര്‍ത്തിയിട്ടും അമര്‍ത്താനാവാതെ വിങ്ങിപ്പൊട്ടി.
അല്‌പസമയം മാധവന്‍ രാധയുടെ ആലിംഗനത്തിന് വശംഗദനായി നിന്നു. അല്‌പസമയം മാത്രം. പിന്നെ ഉണര്‍ന്നു.
’കരയുന്ന മുഖത്തോടെ എന്നെ യാത്രയാക്കരുത്. ഇങ്ങനെ കരയാനാണ് ഭാവമെങ്കില്‍ –
‘അയ്യോ – ഇല്ല. ഞാന്‍ കരയില്ല. ഒരിക്കലും മാധവനെ ഞാന്‍ വിഷമിപ്പിക്കില്ല.’ രാധ മാധവന്റെ അടുക്കല്‍ നിന്നും മാറി, വരാന്തയിലെ അയക്കോലില്‍ നിന്നും തോര്‍ത്തെടുത്ത് മുഖം തുടച്ച് – പിന്നെ പ്രസന്നവദനയാവാന്‍ ശ്രമം നടത്തി – മാധവന്റെ നേരെ തിരിഞ്ഞു.
‘രാധേ – ഇനി എനിക്കൊന്നും പറയാനില്ല. എല്ലാം നല്ലതിനെന്ന് കരുതൂ. കഴിവതും വേഗം വരാം.’ മുറ്റത്ത് നിന്നും പുഴയോരത്തുള്ള നിരത്തിലേയ്‌ക്കിറങ്ങിയപ്പോള്‍ പശുക്കളുടെ ആലയില്‍ നിന്നും ചില അനക്കങ്ങള്‍. കാലികളാണെങ്കിലും, മാധവന്‍ തങ്ങളുടെ കളിക്കുട്ടുകാരന്‍ പോവുകയാണോ എന്ന് അവരും സംശയിക്കുന്നു. മാധവന്റെ പോക്കില്‍ വ്യാകുലയാകുന്നത് രാധമാത്രമല്ല.
Generated from archived content: radha17.html Author: priya_k
Click this button or press Ctrl+G to toggle between Malayalam and English