പതിനാറ്‌

അതിഥി മുറ്റത്തേയ്‌ക്ക്‌ വന്നിട്ട്‌ ചോദിച്ച ആദ്യ ചോദ്യംഃ

‘കാവൂട്ടിയമ്മയുടെ വീടല്ലേ?“

’അതെ‘ എന്നു ഉത്തരം രാധ പറഞ്ഞത്‌ സംശയഭാവത്തോടെയാണ്‌. പ്രായം ചെന്ന മനുഷ്യനാണ്‌. എങ്കിലും പ്രായത്തിന്റെയോ ഇത്രയും ദൂരം യാത്രചെയ്‌തതിന്റെയോ ക്ഷീണം മുഖത്തില്ല. മറുപടി പറഞ്ഞു കഴിഞ്ഞ്‌ കുറെ കഴിഞ്ഞാണ്‌, രാധ ഒര്‍ത്തത്‌ അതിഥിയോട്‌ അകത്തേയ്‌ക്ക്‌ വരാനോ, കൂടുതലെന്തെങ്കിലും പറയാനോ ശ്രമിച്ചില്ല എന്ന്‌. ’കാവൂട്ടിയമ്മ എന്റെ അമ്മയാണ്‌. ഇപ്പോള്‍ ഇല്ല. ആട്ടെ ഇങ്ങോട്ട്‌ കയറിയിരിക്കൂ.‘ അതിഥി കാലിലെ മെതിയടി അഴിച്ച്‌ മാറ്റി തിണ്ണയിലിട്ട്‌ വരാന്തയിലേയ്‌ക്ക്‌ കയറി. ഇപ്പോഴാണ്‌ ആളെ ശരിക്കും കാണാന്‍ കഴിഞ്ഞത്‌. ശരിക്കും ഒരൊത്ത മനുഷ്യന്‍. ഒരു പടയാളിയുടെയോ, പടനയിക്കുന്നവന്റെയോ ഒക്കെ രൂപം. പുരാണങ്ങള്‍ വായിച്ച്‌ മനസ്സിലേയ്‌ക്ക്‌ കയറിയിട്ടുണ്ട്‌.

’കാവൂട്ടിയമ്മ മരണപ്പെട്ടവിവരം അറിയാം. മകളാണ്‌, അല്ലെ, രാധ‘

’അതെ‘

’ഞാന്‍ ചക്രപാണി. അങ്ങ്‌ ദൂരെ പട്ടണത്തില്‍ നിന്നു വരുവാണ്‌. എനിക്ക്‌ മാധവനെയാണ്‌ കാണേണ്ടത്‌.

‘അങ്ങേതായാലും ഇരിക്കൂ. ഞാന്‍ കുടിക്കാന്‍ സംഭാരമോ അതോ കാപ്പിയോ എന്താവേണ്ടത്‌ പറഞ്ഞാല്‍ കൊണ്ടുവരാം.

’എനിക്കിതൊന്നും വേണ്ട. ഒരു ഗ്ലാസ്‌ തണുത്തവെള്ളം. അത്‌ മാത്രം മതി.‘

വെള്ളമെടുക്കാനായി രാധ അകത്തേയ്‌ക്ക്‌ പോയി. ചക്രപാണി വരാന്തയിലെ കസേരയില്‍ ഇരുന്ന്‌, പിന്നീട്‌ ചുറ്റിനും നോക്കി. മാധവനെന്താണിവിടെ ജോലി. സന്ധ്യാസമയത്ത്‌ ആളെ കാണുന്നില്ലല്ലൊ. മനസ്സിലൂടെ വേറെയും ചിന്തകള്‍ കടന്നുകയറി. അന്ന്‌ പന്ത്രണ്ട്‌ വയസ്സുകാരന്‍ – അയാളെ രഹസ്യമായി നാടുകടത്തുകയായിരുന്നു. ഫലത്തില്‍ അവനൊരു ശിക്ഷകൂടിയായിരുന്നു. അവന്റെ കുസൃതിത്തരം ആര്‍ക്കൊക്കെയാണ്‌ ദോഷങ്ങള്‍ വരുത്തിവച്ചത്‌. അവന്റെ അച്ഛന്‍ മരിച്ചുപോയ ദുഃഖത്തില്‍ കഴിയുന്നതിനേക്കാളും വേദന ദേവകിയമ്മയ്‌ക്ക്‌ മാധവനെ ചൊല്ലിയായിരുന്നു. മൂത്തസഹോദരന്‌ കനകാധരന്‍ പേരിനെ അന്വര്‍ത്തമാക്കന് വേണ്ടി സകലതും വെട്ടിപ്പിടിച്ച്‌ കനകമാക്കി മാറ്റാനുള്ള വ്യഗ്രത. ബിസിനസ്സില്‍ പങ്കാളിയായിക്കൂടി ദേവകിയമ്മയുടെ ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കി, പിന്നീട്‌ അയാളെ സഹായിക്കാനെന്ന പേരില്‍ നഗരത്തിലുണ്ടായിരുന്ന ബിസിനസ്സ്‌ സ്‌ഥാപനങ്ങള്‍ – സ്വര്‍ണ്ണം പണയം സ്വീകരിച്ച്‌ പണം കൊടുക്കുന്ന ബാങ്ക്‌, ടെക്‌സ്‌റ്റയില്‍ ഷോപ്പ്‌, സ്‌കൂള്‍ എല്ലാം സ്വന്തമാക്കിമാറ്റി. കേസ്സ്‌ ഒരുവിധം ഒത്തുതീര്‍പ്പായപ്പോഴേയ്‌ക്കും നന്ദകുമാര്‍ – അക്ഷരാര്‍ത്ഥത്തില്‍ പാപ്പര്‍. നന്ദകുമാറിനെ കേസ്സി കുടുക്കുകയായിരുന്നുവെന്നത്‌ അയാളറിഞ്ഞത്‌ വളരെ വൈകി മാത്രം. അയാള്‍ക്കും ദേവകിക്കും മാധവനും തറവാട്ടില്‍ കഴിയാണമെങ്കില്‍ കനകാധരന്റെ ദാക്ഷിണ്യം വേണമെന്നായപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും, തന്റെ വസ്‌തുവും സ്വത്തും തട്ടിയെടുക്കാനുള്ള കനകാധരന്റെ ശ്രമമായിരുന്നെന്നും അറിവായപ്പോള്‍ ആകെ തളര്‍ന്നുപോയ നന്ദകുമാര്‍ അവസാനം ജീവനൊടുക്കുകയായിരുന്നത്രെ.

ദേവകിയമ്മയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ഒരുദിവസം സ്‌കള്‍വിട്ടുവന്ന മാധവനെ രാത്രിക്ക്‌ രാത്രി ഇങ്ങോട്ടെത്തിക്കാനുള്ള സഹായം ചെയ്‌തുകൊടുത്തത്‌. കനകാധരന്റെ വിശ്വസ്‌തനെന്ന ലേബലുള്ളതിനാല്‍ മാധവന്‍ എങ്ങോട്ട്‌ പോയെന്ന ചോദ്യം തന്നോടുണ്ടാവുകയില്ലെന്നാണ്‌ കരുതിയിരുന്നത്‌. പക്ഷേ, ദേവകിയമ്മയുടെ വസതിക്ക്‌ മുന്നിലുള്ള പുഴക്കടവില്‍ ഒരു വഞ്ചിവന്നുവെന്നും ആരോ അതില്‍ക്കയറി രക്ഷപ്പെട്ടുവെന്നുമുള്ള വാര്‍ത്ത പരക്കാനിടയായപ്പോള്‍ കനകാധരന്‍ ആദ്യം വിളിച്ച്‌ ചോദിച്ചത്‌ തന്നോടായിരുന്നു. മലഞ്ചരക്ക്‌ വ്യാപാരം നടക്കുന്ന ദിവസങ്ങളില്‍ ചിലസമയം കിഴക്കുള്ള ഗ്രാമപ്രദേശങ്ങളിലെ ചില കച്ചവടക്കാര്‍ വന്നുപോവാറുണ്ടായതിനാല്‍ അവരിലാരെങ്കിലും ആയിരിക്കുമെന്ന തന്റെ മറുപടി കനകാധരന്‍ വിശ്വസിച്ചുവോ? അറിയില്ല. പക്ഷേ, അയാള്‍ കിഴക്കുനിന്നു സാധാരണ വരാറുള്ള കച്ചവടക്കാരെ വിളിച്ച്‌ വരുത്തി ചോദിച്ചെങ്കിലും അവരെല്ലാം ഇവിടത്തെ ഒരു പയ്യന്‍ തങ്ങളുടെ വള്ളത്തില്‍ തിരിച്ച്‌ പോവുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന്‌ സത്യം ചെയ്‌തു പറഞ്ഞപ്പോള്‍ മാത്രമാണ്‌ കനകാധരന്‌ സമാധാനമായത്‌’. മാധവനെ കാണാതായ ദിവസം രാത്രികഴിഞ്ഞപ്പോള്‍, പുഴയ്‌ക്കക്കരെ ഒരു ബാലന്റെ മൃതശരീരം കണ്ടെന്നും, പിന്നീടവിടത്തന്നെ അജ്ഞാത ജഡം എന്ന്‌ കണക്കാക്കി അവിടത്തെ കരപ്രമാണികളും നാട്ടുകാരും ചേര്‍ന്ന്‌ ശ്‌മാശാനത്തില്‍ കൊണ്ട്‌ ചിതയൊരുക്കി ദഹിപ്പിച്ചെന്നു കേട്ടപ്പോള്‍, കനകാധരന്റെ അന്വേഷണം ആ വശത്തേയ്‌ക്കും നീണ്ടു. അതോടെ പലതും തിരനീക്കി തെളിഞ്ഞു വരുന്നു. നന്ദകുമാര്‍ ആത്മഹത്യചെയ്യുകയായിരുന്നോ? – അതോ –

‘ദാ – വെള്ളം’ രാധ കൊണ്ടുവന്ന വെള്ളം ചക്രപാണിക്ക്‌ നേരെ നീട്ടി.

‘മാധവനെവിടെപ്പോയതാണ്‌?’

എന്താണ്‌ മാധവനെ അന്വേഷിക്കുന്നതെന്ന്‌ രാധയ്‌ക്കറിയില്ല. പട്ടണത്തില്‍ നിന്ന്‌ വരുന്നയാള്‍. ഒരു പക്ഷേ മാധവന്റെ ബന്ധുക്കള്‍. മാധവന്റെ അച്ഛനായിരിക്കുമോ? മാധവന്റെ അച്ഛനെയും അമ്മയേയും കൂടപ്പിറപ്പുകളെയും കുറിച്ച്‌ ഇതേവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അമ്മയോടെന്തൊക്കയോ സംസാരിച്ചിട്ടുണ്ട്‌. അമ്മ പറഞ്ഞിട്ട്‌ വന്നതാണെന്നും പറഞ്ഞു. ദേവകിയമ്മയാണെന്നാണ്‌ അമ്മയുടെ പേരെന്നും പറഞ്ഞാലറിയാം. അതില്‍ കൂടുതലൊന്നും പറഞ്ഞിട്ടില്ല. എല്ലാം പറഞ്ഞത്‌ അമ്മയോട്‌ മാത്രം. ഇങ്ങനെ അജ്ഞാതനായ ഒരാള്‍ ഇവിടെ താമസിക്കുന്നത്‌ എന്തിന്‌ വേണ്ടി?

മാധവനിവിടെ വന്നിട്ട്‌ വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞു. നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. ഭഗവാന്‍ കൃഷ്‌ണന്റെ അനുഗ്രഹം കിട്ടിയ പയ്യന്‍, അതാണ്‌ എല്ലാവരും പറയുന്നത്‌. അവരൊന്നും മാധവന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ താല്‌പര്യപ്പെട്ടില്ല എന്നതാണ്‌ ഏറ്റവും അതിശയകരമായ വസ്‌തുത.

‘മാധവനെവിടെപ്പോയി? വീണ്ടും ചക്രപാണി ചോദ്യം ആവര്‍ത്തിച്ചു. ഇവിടെ തൊട്ടപ്പുറം കൃഷ്‌ണന്റെ അമ്പലമുണ്ട്‌. അവിടെ സന്ധ്യയ്‌ക്ക്‌ ദീപാരാധന സമയത്ത്‌ വേണുഗാനാലപനം ഉണ്ട്‌. വ്യാഴാഴ്‌ച ദിവസങ്ങളില്‍ അത്താഴപ്പൂജ സമയത്തും വായിക്കും.’ ‘അതൊരു നല്ലകാര്യമാണ്‌. അവിടെ വച്ചും ഓടക്കുഴല്‍വായിക്കുമായിരുന്നു. പക്ഷേ, അമ്പലത്തില്‍ വായിച്ചതായിട്ട്‌ ഓര്‍മ്മയില്‍ വരുന്നില്ല.

’ഇനി ഇപ്പോള്‍ വിളിച്ചുകൊണ്ടുവരാന്‍ ആളെ വിടാനില്ല.‘

’വേണ്ട ഭഗവത്സന്നിധിയിലെ ചടങ്ങ്‌ മുടക്കേണ്ട. അത്‌ കഴിഞ്ഞ്‌ വരുമ്പോള്‍ കാണാം.‘ ഇനിയെന്താണ്‌ വേണ്ടത്‌? മുന്‍വശത്തിങ്ങനെ പ്രായം ചെന്ന ഒരാളിരിക്കുമ്പോള്‍ എങ്ങനെയാണ്‌ മറ്റ്‌ ജോലികള്‍ക്ക്‌ പോവാനാവുക. രാത്രി ഭക്ഷണം ഒരാള്‍ക്ക്‌ കൂടിവേണം. അതും ശരിയാക്കാനുണ്ട്‌.’ രാധയുടെ മനോഗതം ഊഹിച്ചിട്ടാവണം ചക്രപാണി എഴുന്നേറ്റു.

‘മോളുടെ ജോലി മുടക്കേണ്ട. ഞാനീ മുന്‍വശത്തെ പുഴയുടെ തീരത്തേയ്‌ക്കൊന്ന്‌ പോയിട്ട്‌ വരാം. വന്ന വണ്ടിക്കാരന്‌ ഇവിടെ അടുത്തെവിടെയോ ഒരു ബന്ധുവീടുണ്ടത്രെ. അയാള്‍ വണ്ടിയും കാളയുമായങ്ങോട്ട്‌ പോവും. പിന്നെന്റെ കാര്യം അത്‌ മാധവന്‍ വരട്ടെ.’

ചക്രപാണി മുറ്റത്തേയ്‌ക്കിറങ്ങി പുഴത്തീരത്തേയ്‌ക്ക്‌ നീങ്ങിയപ്പോള്‍ രാധ അടുക്കളയിലേയ്‌ക്ക്‌ നീങ്ങി. എങ്കിലും രാധയുടെ ഹൃദയത്തുടിപ്പ്‌ അവൾക്ക്‌ തന്നെ വ്യക്തമായി കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു.

‘എന്തിനാണിങ്ങേര്‍ മാധവനെ അന്വേഷിക്കുന്നത്‌.’

ചോദ്യം പലതവണ സ്വയം ചോദിക്കുക എന്നതല്ലാതെ ഉത്തരം കണ്ടെത്താനാവില്ലല്ലൊ. ഉത്തരം കണ്ടെത്തണമെങ്കില്‍ മാധവന്‍ വരണം. അതിനിനിയും കുറെസമയം പിടിക്കും. മാധവന്‍ പക്ഷേ, പ്രതീക്ഷിച്ചതിലും നേരത്തേവന്നു. ചക്രപാണി പുഴത്തീരത്തായതിനാൽ മാധവന്‍ വന്നതറിഞ്ഞില്ല. രാധ പറഞ്ഞാണ്‌ ആള്‍ പുഴത്തീരത്താണെന്നറിയുന്നത്‌. ‘ആരാണത്‌? മാധവന്റെ ആരായിട്ട്‌ വരും?’

‘എന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോഴും അങ്ങനെയാണ്‌. ഏതായാലും അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരട്ടെ.’ കൂടുതലൊന്നും പറയാതെ നേരെ പുഴത്തീരത്തേയ്‌ക്ക്‌ നീങ്ങി. മാധവന്‍ ദൂരെനിന്നേകണ്ടു ചക്രപാണി, പുരുഷന്മാരുടെ കുളിക്കടവില്‍ മുകളിലത്തെ പടിയിലിരുന്ന്‌ ചുറ്റുപാടും വീക്ഷിക്കുന്നു. സന്ധ്യകഴിഞ്ഞ നേരത്താണ്‌ ചക്രപാണി ഇവിടെ എത്തിയത്‌. മിക്കവീടുകളിലും മുനവ‍ശത്ത്‌ അറയ്‌ക്ക്‌ നേരെ വരാന്തയില്‍ സന്ധ്യാദീപം കൊളുത്തിയ നിലവിളക്കുകള്‍. കത്തിച്ചുവച്ച നിലവിളക്കുകളുടെ വെട്ടത്തില്‍ ചാണകമിട്ട്‌ മെഴുകി വൃത്തിയാക്കിയ തിണ്ണയും വരാന്തയും. ചില വീടുകളില്‍ മുന്‍വശത്തെ തുളസിത്തറകളിലും ചെറുദീപങ്ങള്‍ കത്തുന്നു. ഇവിടെയൊക്കെ വിളക്കിന്‌ രണ്ടുവശത്തുമായിരുന്ന്‌, നാമം ചൊല്ലുന്നവര്‍. കൊച്ചു കുട്ടികളും പ്രായം ചെന്നവരും – അധികവും സ്‌ത്രീകള്‍. ചില വീടുകളില്‍ വിളക്കുക്കത്തിച്ച്‌ കണ്ടില്ലെങ്കിലും -പ്രാര്‍ത്ഥനാഗാനം മുറിക്കകത്ത്‌ നിന്ന്‌ കേൾക്കാം. ഭക്തിസാന്ദ്രമായ അന്തരീക്ഷം. ഈ ഗ്രാമത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്നേ കണ്ട കാഴ്‌ചകളും മനസ്സിന്‌ കുളിർമ നൽകുന്നതായിരുന്നു.

സന്ധ്യയ്‌ക്ക്‌ മുന്നേ പശുക്കളെയും കുട്ടികളെയും തെളിച്ച്‌ ആലയിലേയ്‌ക്ക്‌ പോകുന്നവര്‍. പണികഴിഞ്ഞ്‌ വന്ന്‌ പുഴയിലിറങ്ങി കുളിച്ച്‌ വീട്ടിലേയ്‌ക്ക്‌ ചെല്ലാന്‍ തിരക്കുകൂട്ടുന്ന പുരുഷന്മാര്‍, കുളിച്ച്‌ കുഞ്ഞുങ്ങളേയും കൂട്ടി അമ്പലത്തിലേയ്‌ക്ക്‌ പോവുന്നവര്‍, വീടും മുറ്റവും വൃത്തിയാക്കി വിളക്ക്‌ കത്തിക്കാനൊരുങ്ങുന്ന സ്‌ത്രീകള്‍ – ഒരിടത്തും ആരും ചടഞ്ഞുകൂടിയിരിക്കുകയോ, കവലകള്‍തോറും കുത്തിയിരുന്ന്‌ പരദൂഷണം പറയുകയോ ചെയ്യുന്നില്ല. എല്ലാവരും ഓരോരോ ജോലികളിള്‍ വ്യാപൃതരാണ്‌. നഗത്തില്‍ നിന്ന്‌ അടുത്തകാലത്താണ്‌ ഈ മാതിരി ദൃശ്യങ്ങളൊക്കെ അകന്ന്‌ പോയത്‌. പരിഷ്‌ക്കാരങ്ങളും ആര്‍ഭാടങ്ങളും വന്നതോടെ നഗരത്തില്‍ ഇപ്പോള്‍ സ്‌നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ ലാഞ്ചനപോലും ആരിലും കാണില്ല എന്നായിരിക്കുന്നു. പരസ്‌പരം സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഒരു ജനത, കാണുമ്പോള്‍ ചിരിച്ച്‌ വര്‍ത്തമാനം പറഞ്ഞ്‌ പിരിയുന്നവര്‍. പലപ്പോഴും പോരടിക്കാനുള്ള കാരണമാണന്വേഷിക്കുന്നത്‌.

ഈശ്വരാ ആ മാതിരി ആർഭാടങ്ങളും അനാചാരങ്ങളും ഇങ്ങോട്ടു വരാതിരിക്കട്ടെ.

ചക്രപാണിയുടെ മനോരാജ്യത്തിന്‌ വിരാമമിടാന്‍ പെട്ടെന്നുള്ള മാധവന്റെ ആഗമനം കാരണമായി.

‘അമ്മാവാ – അമ്മാവനെന്താ വന്നിട്ട്‌ ഇവിടെ വന്നിരിക്കുന്നെ? വരൂ – നമുക്ക്‌ വീട്ടിലേയ്‌ക്ക്‌ പോവാം.’ ചക്രപാണി മാധവനെ സൂക്ഷിച്ച്‌ നോക്കി. പണ്ടത്തെ ആ കുസൃതിക്കാരന്‍ പയന്‍‍. എപ്പോഴും അടുത്ത കുസൃതിയെന്താന്ന്‌ അന്വേഷിച്ച്‌ നടക്കുന്ന – എപ്പോഴും ആരുടെയെങ്കിലും പരാതി ദേവകിയമ്മയുടെ അടുത്തെത്തിക്കാം കാരണമുണ്ടാക്കി നടക്കുന്നവര്‍ – അവനോ ഇവന്‍? കാണുമ്പോള്‍ തന്നെയറിയാം ഇവനാകെ പാകം വന്നിരിക്കുന്നെന്ന്‌.

‘അമ്മാവന്‍ വെറും കയ്യും വീശിയാണോ വന്നെ? എവിടെ ബാഗോ, പൊട്ടിയോ അതൊക്കെ എവിടെ വച്ചു?’

‘മാധവാ – അതൊക്കെ പിന്നെ പറയേണ്ട കാര്യങ്ങള്‍, നിന്നെ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി, നീയാകെ ഇരുത്തം വന്ന ഒരുവനായി മാറിയിരിക്കുന്നെന്ന്‌. വാ നിന്നോടെനിക്ക്‌ കുറെ സംസാരിക്കാനുണ്ട്‌.’

‘അതിനെന്താ – എന്തെല്ലാം വിശേഷങ്ങളാണ്‌ അറിയാനിരിക്കുന്നത്‌. അങ്ങോട്ട്‌ – അവിടെ വന്നിട്ടാകാം -’ ചക്രപാണി വീണ്ടും മാധവനെ സൂക്ഷിച്ചു നോക്കി. പിന്നെ പെട്ടെന്നെന്നോണം എഴുന്നേറ്റ്‌ അവനെ കൈപിടിച്ച്‌ പടവിലിരുത്തി, അടുത്തുതന്നെ അയാളും ഇരുന്നു.

‘എനിക്ക്‌ നിന്നോട്‌ കാര്യമായിത്തന്നെ സംസാരിക്കാനുണ്ട്‌. അതിവിടെ വച്ചാവാം.’

Generated from archived content: radha16.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here