പതിനഞ്ച്‌

രാധാമാധവ നൃത്ത പരിസമാപ്‌തിയില്‍ സംഭവിച്ച ആ ഒത്തുചേരല്‍ നാട്ടുകാരുടെയിടയില്‍ ഒരു സംഭാഷണവിഷയമായെങ്കിലും ആര്‍ക്കും അവരെ കുറ്റം പറയാനായില്ല. ഗാനവും നൃത്തവും അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍, പ്രേക്ഷകര്‍ എന്താഗ്രഹിച്ചുവോ – അതാണവിടെ സംഭവിച്ചത്‌. അവിടെ അവര്‍ വേദിയില്‍ കണ്ടത്‌ രാധയേയോ മാധവനെയോ ആയിരുന്നില്ല – ഭാഗവതത്തിലെ രാധാകൃഷ്‌ണസംഗമം അവിടെ നടന്നു, അത്രയേ ഉള്ളു. അങ്ങനെ കാണാനാഗ്രഹിച്ചതും സംഭവിച്ചതും. പക്ഷേ അതിന്‌ ശേഷം മാധവന്‍ പുഴത്തീരത്ത്‌ വച്ച്‌ മാദകഭാവമുണര്‍ത്തുന്ന ഗാനം വായിച്ചപ്പോള്‍ – നാട്ടിലെ സ്‌ത്രീകള്‍ – അവര്‍ കുടുംബിനിമാരെന്നോ, കന്യകമാരെന്നോ നോക്കാതെ ആ പുഴത്തീരത്തേയ്‌ക്ക്‌ എന്തിനോടിചെന്നു? നാട്ടുകാര്യസ്‌ഥന്മാര്‍ക്ക്‌ ചോദിക്കാനുള്ളത്‌ അതാണ്‌. വീട്ടിലെ പെണ്ണുങ്ങളെ നിലയ്‌ക്ക്‌ നിര്‍ത്താനായില്ല എന്നതിന്റെ കുറവായി ചിലരൊക്കെ ചൂണ്ടിക്കാട്ടിയപ്പോള്‍ (ഇപ്രകാരം കുറ്റാരോപണം നടത്തിയവര്‍ അവിവാഹിതരോ, ഭാര്യമരിച്ച ദുഃഖം പേറുന്നവരോ ആയിരുന്നു.) മറ്റു ചിലര്‍ക്ക്‌ നാടിന്റെ സദാചാരം കാടുകയറിയിരിക്കയാണെന്നും ഇപ്പോഴവിടെ നടമാടുന്നത്‌ കുടുംബന്ധങ്ങളിലെ വിള്ളലും അസ്വരസവും പുറത്തുകൊണ്ടു വന്ന അനാശാസ്യതയാണെന്നുമാണ്‌. പട്ടാപകലാണിത്‌ സംഭവിച്ചത്‌. ഉച്ചയുറക്കത്തിന്‌ തയ്യാറെടുത്തവരും കുഞ്ഞിനെ മുലയൂട്ടുന്നവരും വേറെചിലര്‍ ആലയില്‍ പശുവിനെ കുളിപ്പിക്കുന്നവര്‍ – അടുക്കളപ്പണി ഒതുക്കുന്നവര്‍ – അവരൊക്കെയാണ്‌ എവിടുന്നോ വന്ന ഒരുവന്‍ ഏതോ ഒരു മുളംതണ്ടില്‍ എന്തോ ഒന്ന്‌ പാടിയപ്പോള്‍ വീട്‌ വീട്ടിറങ്ങി ഓടിയിരിക്കുന്നത്‌. ഏറ്റവും അധികം സന്തോഷിച്ചത്‌ വത്സേച്ചിയാണ്‌. ഞാന്‍ പറഞ്ഞില്ലെ, നേരത്തേതന്നെ അവന്‍ വിളഞ്ഞ വിത്താണെന്ന്‌. പട്ടണത്തിലെ ആണുങ്ങള്‍ക്ക്‌ കൈക്കരുത്തുണ്ട്‌ ചങ്കൂറ്റമുണ്ട്‌. അവിടെയവന്റെ പിത്തലാട്ടം അവരുടെ കയ്യൂക്കിന്റെ മുന്നില്‍ വിലപ്പോയില്ല. തീര്‍ച്ചയാ. അവനെയവിടുന്ന്‌ തല്ലിയോടിച്ചതാ. ഇവിടെവന്നപ്പോ അവന്‍ പിന്നെയും ആ വിദ്യതന്നെ എടുത്തു. ഞാന്‍ പറഞ്ഞില്ലേ. ആദ്യമവന്‍ പശുക്കളെ മയക്കും. പിന്നെ പശുവിനെ കറക്കുന്ന പെണ്ണുങ്ങളെ അവരില്‍ അമ്മമാരെന്നോ, കല്യാണം കഴിക്കാത്തവരെന്നോ ഒരു നോട്ടവുമില്ല. അല്ല അനുഭവവും അതാണല്ലൊ.‘

’എന്നിട്ടെന്തേ വത്സേച്ചി അതില്‍പെട്ടില്ല.‘ കേള്‍വിക്കാരില്‍ ആരോ ചോദിച്ചപ്പോള്‍ വത്സേച്ചി പ്രതികരിച്ചത്‌ ഇങ്ങനെ. ’എന്നെയവന്‌ വേണ്ട – അവന്‌ നോട്ടം, പെട്ടെന്നാണ്‌ തന്റെ വിലയിടിക്കുന്ന വര്‍ത്തമാനമാണല്ലൊ പറഞ്ഞതെന്ന ബോധമുണ്ടായത്‌. ഉടനെതിരുത്തി. ‘എനിക്ക്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റി. എല്ലാര്‍ക്കും ആ കഴിവുണ്ടാകുമോ. ഭര്‍ത്താവിന്റെ കൂടെ കെടക്കയില്‍ കിടന്നോളു വരെ ഓടിയിറങ്ങിചെല്ലുവാര്‍ന്നോ? ആ പറഞ്ഞത്‌ കടവത്തെ മീനാക്ഷിയെപ്പറ്റിയാണ്‌. രണ്ട്‌ കുട്ടികളുടെ അമ്മയാണ്‌. ഒരാള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. രണ്ടാമത്തെ കുഞ്ഞിന്റെ മുലകുടി മാറിയിട്ടില്ല. ആ സ്‌ത്രീയാണ്‌ കുഞ്ഞും ഭര്‍ത്താവുമൊരുമിച്ച്‌ ഉച്ചയൂണും കഴിഞ്ഞുറങ്ങുന്ന നേരത്ത്‌ പുഴയോരത്തേയ്‌ക്കോടിചെന്നിരിക്കുന്നത്‌. ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ങ്‌ള്‌വേണം ഒരു തീരുമാനമെടുക്കാന്‍, വത്സേച്ചിയുടെ ഇപ്പോഴത്തെ ചോദ്യം ആ സമയം അവിടെയെത്തിയ ദാമുവാശാനോടായിരുന്നു. ദാമുവാശാന്റെ മുഖത്ത്‌ ദേഷ്യം ഇരച്ചുകയറി. വലിയ മഴയും വെള്ളപ്പൊക്കവുമൊക്കെ കഴിഞ്ഞ്‌ നാടൊന്ന്‌ പച്ചപിടിച്ച്‌ തുടങ്ങിയതേയുള്ളു. അപ്പോഴാണ്‌ മാധവന്റെ പുല്ലാങ്കുഴല്‍ വല്ല്യശല്യമാണെന്ന ആക്ഷേപമുയര്‍ത്തിയിരിക്കുന്നത്‌. അവനെന്ത്‌ ചെയ്‌തെന്നാ? അവനാരുടെയെങ്കിലും വീട്ട്‌മുറ്റത്ത്‌ ചെന്നോ? ആരെയെങ്കിലും കൈകാട്ടിവിളിച്ചോ? എന്താ – എന്താ നിങ്ങടെ നാവിറങ്ങിപ്പോയോ?

വലിയൊരാരവത്തിന്‌ തയ്യാറെടുത്ത്‌ വന്നവര്‍ ഒന്നുപിന്‍വാങ്ങി. എന്നാലും ചോദിച്ചുപോയി.

’ആശാനെ ഇവിടെ പുഴയോരത്ത്‌ വന്ന്‌ പാടീതോണ്ടാ ഇവിടെയീ ശല്യം. അപ്പുറം നിങ്ങടെ ഭാഗത്തോട്ടെങ്ങാനും വന്ന്‌ പാടി അവിടെയാപെണ്ണുങ്ങള്‍ ഇറങ്ങി പോയാര്‍ന്നേ അറിയാര്‍ന്നു.‘ നിങ്ങള്‍ക്കൊക്കെ എന്താ തോന്നവാര്‍ന്നെന്ന്‌-. ദാമുവാശാന്‍ – ആ പറഞ്ഞയാളെ നോക്കി. നാട്ടിലെ മരംവെട്ടുകാരാനാണ്‌ അല്ലറചില്ലറ പണിചെയ്‌ത്‌ കുടുംബം പോറ്റുന്നവന്‍.

’എടോ തന്നോടായതു കൊണ്ട്‌പറയാം. താന്‍ ശരിക്കും അധ്വാനിക്കുന്നോനാ – ജോലിചെയ്‌ത്‌ കുടുംബം പോറ്റണോന്‍. അതോണ്ടെനിക്കുറപ്പാ – തന്റെ പെണ്ണുമ്പിള്ള പോവില്ല. ഇവിടെയാ പയ്യന്‍ ഓടക്കുഴല്‍ വായിച്ചപ്പോ എറങ്ങിയോടിയ പെണ്ണുങ്ങടെ വീട്ടിലേ ആണുങ്ങള്‍ക്ക്‌ കഴിവില്ലാതെ പോയതെന്തോണ്ടാ? ഇവിടെയവരാ ശരിക്കും അദ്ധ്വാനിക്കണോര്‌. പശുക്കളെ മേച്ചും പാലുവിറ്റും, പുല്ലുവെട്ടിയും, തുണിയലക്കിയും, അമ്പലത്തിലെ കഴകപ്പണിചെയ്‌തും കുടുംബം പോറ്റണത്‌ പെണ്ണുങ്ങളായി പോയി. ആണുങ്ങള്‍ക്ക്‌ ദേഹമനക്കി പണി ചെയ്യാന്‍ വയ്യാ. വൈകിട്ടാവുമ്പം കെടപ്പറയിലേയ്‌ക്ക്‌ മാത്രം ചെന്നാപ്പോരാ – അതിനുള്ള അര്‍ഹതയും ഈ കുറ്റം പയണവര്‍ക്കൊണ്ടോ? പെണ്ണിന്റെ അദ്ധ്വാനം മൊതലാക്കി കഴിക്കോണോര്‍ക്ക്‌ പെണ്ണുങ്ങളെ നെലയ്‌ക്ക്‌ നിര്‍ത്താന്‍ പറ്റീന്ന്‌ വരില്ല. ഭവത്രാതന്‍ നമ്പൂതിരിടെ ആട്ടും തുപ്പും ഏല്‌ക്കാനേ നിങ്ങക്കൊക്കെ യോഗൊള്ളു. ആ അങ്ങാടിപ്പോയി വല്ലോം ചുമടെടുക്കാനോ കടയില്‍ നില്‍ക്കാനോ ഒന്നിനും ഇവറ്റെകൊള്ളില്ല. പോവില്ല, ദേഹമനങ്ങാതെ പെണ്ണുമ്പിള്ളമാരുടെ ഔദാര്യത്തില്‍ കഴിയണോര്‍ക്ക്‌ ഇങ്ങനെ വല്ലവനേം കുറ്റം പറയാനേ കഴിയൂ-‘ വലിയൊച്ചപ്പാടിനും ബഹളത്തിനും തയ്യാറായി വന്നവര്‍ – അധികവും ദാമുവാശാന്‍ പറഞ്ഞത്‌പോലെ വീട്ടിലെ സ്‌ത്രീകളുടെ അദ്ധ്വാനത്തിന്റെ ഫലം പങ്ക്‌പറ്റികഴിയുന്നോര്‍ – അവര്‍ക്കൊന്നും മിണ്ടാട്ടമില്ലാതെ പോയി.

പിന്നെയും മുറുമുറുത്തത്‌ വത്സേച്ചി മാത്രമാണ്‌. താനൊറ്റപ്പെട്ടു എന്നു ബോദ്ധ്യംവന്നപ്പോള്‍ അവര്‍ക്ക്‌ ദേഷ്യമിരട്ടിക്കുവാ ചെയ്‌തെ – ’അങ്ങനെയാണേല്‍ ഞാനും പോവേണ്ടല്ല? പോയില്ലല്ലൊ.‘ ’എന്താ – ഇയാളെ വല്ലോരും പിടിച്ച്‌ നിര്‍ത്തിയോ? പിടിച്ചു നിര്‍ത്താനാരുമില്ലല്ലൊ പിന്നെന്താ പോയാല്‍ -? ‘എനിക്ക്‌ സ്വയം പിടിച്ച്‌ നില്‌ക്കാനൊള്ള കഴിവൊക്കെ ഈശ്വരന്‍ തന്നിട്ടുണ്ട്‌.’

‘ഓ – കഴിവുള്ളോള്‌. അവനീ പ്രദേശത്ത്‌ വന്നയിടയ്‌ക്ക്‌ ഒരുതവണ പാടീപ്പോ – ദേവകിയമ്മേടെ ചങ്ങാത്തോം പറഞ്ഞോണ്ട്‌ ചെന്നതൊക്കെ ആരും മറന്നിട്ടില്ല. കാവുട്ടിയമ്മ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌ നേരാംവണ്ണം തുണിപോലും ദേഹത്തിടാതെ കൊഞ്ചിക്കൊഴഞ്ഞോണ്ട്‌ ചെന്നകാര്യം. എന്നാ ഒന്നുകേട്ടോ – അവന്‍ പയ്യനാണേലും വകതിരിവുള്ളോനാ – കൊഞ്ചലും കൊഴച്ചിലും അവന്റെയടുത്ത്‌ വെലപ്പോവില്ല.’

ഒരു ഷോക്കേറ്റത്‌ പോലെയായി വത്സേച്ചി. കുറച്ച്‌ മുമ്പ്‌വരെ രംഗം കയ്യടക്കി വച്ചിരിക്കുകയായിരുന്നു. തന്നെ വിലവയ്‌ക്കാത്ത പെണ്ണുങ്ങളേം അത്‌വഴി നാട്ടുകാരേം ഒക്കെ താന്‍ പറയണവാക്കിന്‌ വിലയുണ്ടെന്ന്‌ ബോദ്ധ്യപ്പെടുത്തുകയായിരുന്നു, ഇത്‌ വരെ ഇപ്പോള്‍ – ഇതാ എല്ലാം കീഴമേല്‍ മറിയുന്നു.

‘എന്ന – കേട്ടോളൂ’ ദാമുവാശാന്‍ കുറച്ചുച്ചത്തില്‍ തന്നെ എല്ലാവരോടുമായി പറഞ്ഞു.

‘അവന്‍ വന്നേപ്പിന്നെയാ – ഈ അമ്പലത്തില്‍ – ഇത്രം ആളും അനക്കോം ഉണ്ടായത്‌. രാവിലെ ഭഗവാന്‍ കൃഷ്‌ണനെയുണര്‍ത്താനും , രാത്രി നടയടയ്‌ക്കുമ്പോള്‍ ഉറക്കാനും അവന്റെ പാട്ടിന്‌ കഴിവുണ്ടെന്ന്‌ ഭഗവാനറിയാം. അതിന്റെ ഐശ്വര്യോം ഈ നാടിനുണ്ടായി. മുമ്പൊക്കെ വെള്ളപ്പൊക്കോം, മഴയും കാറ്റും വന്നാ ഇങ്ങനാണോ സ്‌ഥിതി? ഇപ്പോ ആര്‍ക്കും ഒന്നും നഷ്‌ടപ്പെട്ടില്ലല്ലോ. തെമ്മാടിത്തംകാട്ടിയ ഭവത്രാതന്‍ തിരുമേനീടെ സന്തതിയെ നെലയ്‌ക്ക്‌ നിര്‍ത്തീത്‌ അവനല്ലേ? ആ വങ്കന്‍ തിരുമേനീടെ തത്സ്വരൂപം കാണാന്‍ പറ്റിയില്ലെ? അയാളും കാകാശിന്‌ സഹായം ചെയ്‌തില്ലാന്ന്‌ വച്ച്‌, ഈ നാട്ടിലെ ജനങ്ങള്‍ പട്ടിണി കെടന്നോ? ഇത്താക്കുമാപ്പിളയുടെ സഹായം നിങ്ങക്കൊക്കെ കിട്ടീത്‌ മറന്നുപോയോ? അതൊക്കെയീ മാധവന്‍ ഇവിടെ വന്നതിന്‌ ശേഷല്ലേ-? എന്നാ-കേട്ടോളു – മാധവനിവിടെ നിന്നെങ്ങും പോവുന്നില്ല. അവന്‍ ഇവിടെവരണംന്നുള്ളതും – അവന്റെ പാട്ടുകേള്‍ക്കണമെന്നുള്ളതും ഭഗവാന്റെ ആഗ്രഹമാ – അതനുസരിച്ചേകാര്യങ്ങളും നടക്കൂ. കൊടിച്ചിപ്പട്ടിയെപ്പോലെ ഓരിയിട്ടോണ്ടൊന്നും സൂര്യനുദിക്കാതിരിക്കില്ല.’

ആള്‍ക്കൂട്ടം ഒരോന്നായി പിരിഞ്ഞുതുടങ്ങി. അവര്‍ക്ക്‌ പിരിഞ്ഞ്‌പോവുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. അധികംപേരും വീട്ടിലെ പെണ്ണുങ്ങള്‍ അധ്വാനിക്കുന്നതുകൊണ്ട്‌മാത്രം അവരുടെ ഔദാര്യത്തില്‍ കീഴില്‍ കഴിയുന്നോര്‍. അവരെ ഒന്ന്‌ ശാസിക്കാനോ, ഒന്ന്‌ കൈവയ്‌ക്കാനോ ആര്‍ക്കും കഴിയാതെ പോയത്‌, തങ്ങളുടെ നാളത്തെ അന്നം വഴിമാറിപോവരുതെന്ന ഒറ്റക്കാരണംകൊണ്ട്‌ മാത്രം.

പുഴയോരത്തേയ്‌ക്ക്‌ ഓടിപോയ സ്‌ത്രീകളില്‍ പലരെയും ദാമുവാശാന്‍ പിന്നീട്‌ കണ്ടു. ചിലരോടെങ്കിലും ആശാന് പറയേണ്ടി വന്നു.

‘എന്ത്‌ ഭാവിച്ചോണ്ടാ നിങ്ങള്‌? ആ മനുഷ്യനെ ഓടിക്കണംന്ന്‌ നിങ്ങള്‍ക്കെന്തെങ്കിലും പരിപാടിയുണ്ടോ? നാണമുണ്ടോ നിങ്ങള്‍ക്ക്‌ കിടക്കപ്പായീന്ന്‌ കൊച്ചിനേം താലികെട്ടിയവനേം മറന്ന്‌ ഒരോടക്കുഴല്‍ പാട്ട്‌ കേട്ടെന്ന്‌ പറഞ്ഞ്‌ അവന്റടുക്കലേയ്‌ക്ക്‌ ഓടിച്ചെല്ലാന്‍? എന്താ ഇയാടെ കെട്ടിയോന്‍ ഇപ്പോള്‍ കൊള്ളരുതാത്തോനായോ? അത്‌പോലെ താനോ? – ദാമുവാശാന്‍ ഇപ്പോള്‍ പറഞ്ഞത്‌ ജാനകികുട്ടിയോടാണ്‌. കുഞ്ഞിന്‌ മുലയൂട്ടുന്ന സമയത്താണ്‌ അതിനെ മുറിക്കകത്ത്‌ തനിച്ചാക്കി, നേരാംവണ്ണം മാറ്‌പോലും മറയ്‌ക്കാതെ ഓടിയത്‌.?

’എന്ത്‌ പറ്റീടോ തനിക്ക്‌? തന്റെ ആമ്പ്രന്നോന്‍ ഷാപ്പിപ്പോയതിന്റെ ദേഷ്യം താന്‍ തീര്‍ത്തത്‌ ഇങ്ങനെയാ? ആ കൊച്ച്‌ വീടിന്റെ വരാന്തേന്ന്‌ മുറ്റത്തേയ്‌ക്ക്‌ പിടഞ്ഞ്‌ വീണാരുന്നേലെന്താകുമായിരുന്നു സ്‌ഥിതി?‘

ദാമുവാശാന്‍ എന്തെങ്കിലും പറയുന്നെങ്കില്‍ കിറുകൃത്യമായി കാരണം ചൂണ്ടിക്കാണിക്കാനൊണ്ടെങ്കിലേ അങ്ങനെ പറയൂ. അതുകൊണ്ട്‌ ദാമുവാശാന്റെ വര്‍ത്താനം കേള്‍ക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. ബഹളമൊട്ടൊന്നു കുറഞ്ഞുവെന്ന്‌ കണ്ടപ്പോള്‍ ദാമുവാശാന്‍ പിന്നെ പോയത്‌ മാധവന്റെയടുക്കലോട്ടാണ്‌.

’എന്താടോ ഈ കേള്‍ക്കണെ? താനോടക്കുഴലുവായിക്കണേനാര്‍ക്കും എതിരില്ല. പക്ഷേ, അതിനൊക്കെ ഒരു സമയോം, ചുറ്റുവട്ടോം ഒക്കെ നോക്കണ്ടെ? എന്തെങ്കിലും ഒരു കാരണൊണ്ടാക്കി തന്നെ ഇവ്‌ടന്ന്‌ പറഞ്ഞുവിടാന്‍ പലരും പയറ്റണ്‌. അതിനുള്ള വളം താന്‍ വച്ചുകൊടുക്കാണ്ടിരുന്ന മതി.‘

മാധവന്‍ ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. കഴിയുന്നതും ഉള്ളിലേയ്‌ക്ക്‌ വലിയുന്ന സ്വഭാവമാണ്‌. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ ആളെ നിസ്സാരമായി കണ്ടവര്‍ക്കൊക്കെ അബദ്ധം പറ്റി. ഭവത്രാതന്‍ നമ്പൂതിരിയുടെ ഹുങ്ക്‌കുറയ്‌ക്കാനും, ഒരുകണക്കിന്‌ കുറെ നാളത്തേയ്‌ക്കാണെങ്കിലും അയാളെ ഇവിടെ നിന്ന്‌ മാറ്റിനിര്‍ത്താനും മാധവനായി.

കുറെ ദൂരം പോയ ദാമുവാശാന്‍ വീണ്ടും തിരിച്ചുവന്നു. ’എടോ മാധവാ – തനിക്കറിയാല്ലോ – ദീപാവലി. ഇവിടെ ചിരാതില്‍ വിളക്കുവയ്‌ക്കുക മാത്രേ ഉണ്ടായിരുന്നുള്ളു. ഇത്തവണ അതല്ല, ഒരു കൈകൊട്ടിപ്പാട്ട്‌ പരിപാടിയുണ്ട്‌. കല്യാണിക്കുട്ടിക്ക്‌ കുറെ ശിഷ്യകളുള്ളത്‌ അറിയാല്ലോ – അവരുടെ അരങ്ങേറ്റം അന്നേദിവസത്തേയ്‌ക്ക്‌ വച്ചിരിക്കുന്നു. തന്റെ സഹായോം വേണ്ടിവരും.‘ ഏത്‌ വിശേഷദിവസത്തിനുവം മാധവന്റെ സാന്നിദ്ധ്യം അനിവാര്യമായതുപോലെ ആയി. മാധവന്‍ പേടിക്കുന്നതും അതാണ്‌. എന്നും ഇവിടെത്തന്നെ കഴിയേണ്ടിവരുമെന്നോ?

ദീപാവലി നാളിലെ കല്യാണികുട്ടിയമ്മയുടെ ശിഷ്യകളുടെ കൈകൊട്ടിക്കളിയും പാട്ടും അരങ്ങേറിയപ്പോഴും വേദിയുടെ ഒരരികില്‍ മാധവനുണ്ടായിരുന്നു. പശ്ചാത്തലഗാനംപോലെ – ചിലപ്പോള്‍ പെണ്‍കുട്ടികളുടെ ‍ചുവടുവയ്‌പിനും താളത്തിനും ശ്രുതിമീട്ടുന്നതുപോലെ വേണുനാദം ഉയരുന്നത്‌ വേറിട്ടൊരനുഭവമായിരുന്നു.

തെളിഞ്ഞ കാലാവസ്‌ഥ – ആകാശത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങള്‍ – അമ്പലത്തിന്റെ മതില്‍കെട്ടിന്മേല്‍ – ചുറ്റിനും കത്തിച്ച്‌ വച്ച ചിരാതുകള്‍. നക്ഷത്രങ്ങള്‍ ഭൂമിയിലേയ്‌ക്കിറങ്ങിവന്നതോ എന്ന്‌തോന്നും. തികച്ചും അനാര്‍ഭാടമായി തുടങ്ങിയ ഒരു ചടങ്ങ്‌. പക്ഷേ ദീപാലംകൃതമായി ഭൂമിദേവി – ഏറെ മനോഹരിയും സന്തുഷ്‌ടവതിയും ആയികാണപ്പെട്ടു. അരമണിക്കൂര്‍ നേരത്തെ കൈകൊട്ടിപ്പാട്ടിനുശേഷം – അല്‌പം വിശ്രമം. അടുത്ത പരിപാടി തുടങ്ങുകയായി. രാധയുടെ നൃത്തം. മാധവന്റെ ഓടക്കുഴല്‍ വിളി. സദസ്യര്‍ ഈ ഒരവസരത്തിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ രാധ ഭൂമുഖത്താണ്‌. കാരാഗ്രഹത്തില്‍ കാലങ്ങളോളം കിടന്ന തരുണീമണികളെ മോചിപ്പിച്ചതിന്റെ ആഹ്ലാദം – നാടെങ്ങും ഉത്സവലഹരി. പക്ഷേ – ആഹ്ലാദത്തിന്റെ തിരയടി പെട്ടെന്ന്‌തന്നെ സങ്കടക്കടലായി മാറുന്നു. പ്രതീക്ഷകള്‍ മങ്ങുന്നു. ദുഷ്‌ടനും വിടനും ക്രൂരനുമായ രാജാവിന്റെ കാരാഗ്രഹത്തില്‍ നിന്നും മോചിതരായിട്ടും സ്‌ത്രീകള്‍ക്ക്‌ അഭയം ലഭിക്കുന്നില്ല. വീട്ടിലും നാട്ടിലും തിരസ്‌കൃതരായ അവര്‍ പിന്നീടെവിടെപ്പോകും. കൃഷ്‌ണനെ വിളിച്ചു തന്നെ കേഴുന്നു. ശ്രീകൃഷ്‌ണ വിഗ്രഹത്തിനു മുന്നില്‍ കുഴഞ്ഞ്‌ വീണവര്‍ കേഴുന്നു.

കൃഷ്‌ണാ – ഞാനിനി എവിടെപോകും.

സ്‌റ്റേജില്‍ രാധ – ആ നാട്ടിലെ മുഴുവന്‍ തിരസ്‌കൃതരുടെയും പ്രതിനിധിയായിട്ടാണ്‌ വന്നിരിക്കുന്നത്‌.

മാതാപിതാക്കളും പാണിഗ്രഹണം നടത്തിയ പുരുഷനും കുടുംബാഗങ്ങളും മറ്റുബന്ധുക്കളും ആര്‍ക്കുംവേണ്ട. തങ്ങളൊക്കെ ഏറെക്കാലം രാജാവിന്റെയും മന്ത്രിയുടെയും സേനാധിപന്മാരുടെയും മറ്റ്‌കാര്യക്കാരുടെയും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്ക്‌ വഴങ്ങിക്കഴിയേണ്ടിവന്നതിനാല്‍ കളങ്കപ്പെട്ടിരിക്കുന്നു. കളങ്കപ്പെട്ടവളെ പടിക്ക്‌പുറത്ത്‌ നിര്‍ത്തുകയേ പരിഹാരമായുള്ളു. കളങ്കപ്പെട്ടവള്‍ തിരിച്ചുവന്നാല്‍ പിന്നെയും അനര്‍ത്ഥങ്ങളുണ്ടാകും, നാശങ്ങളുണ്ടാകും. ജീവിതം എന്നും നരകതുല്യമായിരിക്കും. അവര്‍ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ തിരസ്‌കൃതരായ ഞങ്ങള്‍ എവിടെപ്പോകും.?

കൃഷ്‌ണവിഗ്രഹത്തില്‍ കെട്ടിപ്പിടിച്ച്‌ കണ്ണീരൊഴുക്കുന്ന രാധ. രാധ ഇവിടെ കളങ്കപ്പെട്ട നാട്ടിലെ എല്ലാ സ്‌ത്രീകള്‍ക്ക്‌ വേണ്ടിയാണ്‌ കണ്ണീരൊഴുക്കുന്നത്‌. പ്രേക്ഷകരും ആ വികാരവിക്ഷുബ്‌ധമായ അന്തരീക്ഷം ഏറ്റുവാങ്ങിയപോതുപോലെ. പ്രാര്‍ത്ഥന അവിരാമം തുടര്‍ന്നു. കൃഷ്‌ണവിഗ്രഹത്തിലെ പാദസ്‌പര്‍ശമേറ്റ കണ്ണീര്‍പ്പുഴ മറ്റൊരു കാളിന്ദിയായി മാറി.

കാണാമറയത്ത്‌ നിന്നൊരു വേണുഗാനം. മെല്ലെമെല്ലെ അതൊരു സാന്ത്വന ഗീതമായിമാറുന്നു. കൃഷ്‌ണവിഗ്രഹത്തെ കെട്ടിപിടിച്ച്‌ കരയുന്ന രാധയ്‌ക്ക്‌ അതൊരു തലോടലായി മാറുന്നു. ആശ്വാസം പകരുന്നു. സ്‌ത്രീകളില്‍ പലരും വേണുഗാനമുതിര്‍ത്തവനെ തിരക്കുന്നു. പക്ഷേ, ആളെ നേരില്‍കാണാനാവാതെ വിങ്ങുന്നഹൃദയത്തോടെ ചോദിക്കുന്നു.

’കൃഷ്‌ണാ – നീയെവിടെ‘ വീണ്ടും വീണ്ടും ആ ചോദ്യം ചോദിക്കുന്നു. ദേഹത്തൊരു സ്‌പര്‍ശമേറ്റുവോ? സ്‌പര്‍ശം രാധയ്‌ക്ക്‌ മാത്രമല്ല, എല്ലാവര്‍ക്കും അവരുടെ മുന്നില്‍ ഏറ്റിരിക്കുന്നു അവസാനം – നിലാവില്‍ കുളിച്ചുനില്‍ക്കുന്ന പ്രപഞ്ചത്തിന്റെ വിധാതാവായി മാറിയ കൃഷ്‌ണന്‍ എല്ലാവരുടെ മുന്നില്‍ വന്നിരിക്കുന്നു. ഗോപികമാര്‍ക്ക്‌ എല്ലാവര്‍ക്കും ഓരോകൃഷ്‌ണനെയാണ്‌ കാണാനാവുന്നത്‌. ഓരോരുത്തരും തന്റെ സ്വന്തമാണ്‌ കൃഷ്‌ണനെന്ന്‌ കരുതുന്നു. പതിനാറായിരം ഗോപികമാര്‍ക്കും പതിനാറയിരം കൃഷ്‌ണന്‍, അവരുടെ ഉള്ളില്‍ ചിരപ്രതിഷ്‌ഠനേടിയ കൃഷ്‌ണനെ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന സ്വാര്‍ത്ഥത കലര്‍ന്ന അഹങ്കാരവും സന്തോഷവും അവരുടെ മുഖത്ത്‌. ഗോപികമാര്‍ എല്ലാവരും തലചാച്ചിരിക്കുന്നത്‌ കൃഷ്‌ണന്റെ മാറിലാണ്‌. തേന്മാവിന്മേല്‍ പടര്‍ന്ന മുല്ലവള്ളികണക്കെ, ഇഴകിച്ചേര്‍ന്ന്‌, ഋതുഭേദങ്ങള്‍ ഓരോന്നും വസന്തമായി മാറുന്ന ശുഭ അന്തരീക്ഷത്തിന്‌ സൗരഭ്യവാഹിനിയായ ഇളംങ്കാറ്റ്‌ അകമ്പടി വന്നു. എല്ലാം ശുഭപര്യവാസിയായി മാറിയിരിക്കുന്നു. അവഗണിക്കപ്പെട്ടവര്‍ക്കും അവഹേളിക്കപ്പെട്ടവര്‍ക്കും ആശ്രയം നല്‍കുന്ന കൃഷ്‌ണ വിഗ്രഹത്തെ നോക്കി സദസ്യര്‍ കൈകൂപ്പി. കടന്നപോയത്‌ അവരുടെ സമയവിവരപ്പട്ടികയിലില്ലാതെ പോയ മുഹൂര്‍ത്തങ്ങളായിരുന്നു. ’കൃഷ്‌ണ – കൃഷ്‌ണ – നീയേ അഭയം.‘

രാധയുടെ ചുവട്‌വയ്‌പും മാധവന്റെ വേണുഗാനവും അതിന്റെ പരിസമാപ്‌തിയിലെത്തിയിട്ടും – സദസ്യര്‍ പിന്നെയും ആ ഇരിപ്പിരുന്നു. അവര്‍ക്ക്‌ ആശ്രയമായി കണ്ട കൃഷ്‌ണന്‍- അവരോടൊപ്പമുണ്ടാവണമെന്നു ദീപ്‌തമായ ഒരഭിനിവേശം – അവര്‍ക്കെല്ലാമുണ്ടായിരുന്നു. കാരണം അവരും ഗോപികമാരായിരുന്നു. ഓരോതരത്തിലുള്ള അവഗണനയും അവഹേളനവും ഇപ്പോഴും ഏറ്റുകൊണ്ടിരിക്കുന്നവന്‍.

അമ്പലത്തിലെ ഉത്സവങ്ങള്‍ പിന്നെയും മാറിമാറിവന്നു. കൈകൊട്ടിപ്പാട്ടും, തിരുവാതിരികളിയും, ഭാഗവതപാരായണവും എല്ലാമുണ്ടായാലും – എല്ലാവരും എന്നും കാത്തിരുന്നത്‌ രാധാമാധവ ഗാന-നൃത്താഘോഷമായിരുന്നു. രാധയും മാധവനും തങ്ങളുടെ നാടിന്റെ സ്വന്തമാണെന്ന്‌ കാണാന്‍ തുടങ്ങിയതോടെ ചിലര്‍ക്കെങ്കിലും രാധയോട്‌ അസൂയയുണ്ടായിരുന്നു. ചില യുവാക്കള്‍ക്ക്‌ മാധവനോടും നിരസമുണ്ടായിരുന്നു. പക്ഷേ, എല്ലാവര്‍ക്കും ക്ഷേത്രക്കമറ്റിക്കാരെ ഭയമായിരുന്നു. പ്രത്യേകിച്ച്‌ ദാമുവാശാന്റെ കാര്‍ക്കശ്യം കലര്‍ന്ന നോട്ടത്തെ, ആരെയും കീഴ്‌പെടുത്തുന്ന വാക്‌പാഠവത്തെ, ആ ഭാവത്തിന്‌ എങ്കിലും എന്നെങ്കിലും ഒരു മാറ്റം വരുമെന്നവര്‍ കാത്തിരുന്നു. അവരുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമായിരിക്കണം – ഒരു വൈകുന്നേരം – ഗ്രാമത്തിന്റെ പുഴയോരത്തുള്ള മണ്‍വീഥിയിലൂടെ ഒരു കാളവണ്ടി, ദൂരേന്നേ വരുന്നത്‌ പലരും കണ്ടു. വളരെ അപൂര്‍വ്വമായി ഇത്താക്കു മാപ്പിളയുടെ അങ്ങാടിയിലുള്ള കടയിലേയ്‌ക്ക്‌ പലവ്യജ്ഞനങ്ങളുമായി ഇങ്ങനെ വരുന്നത്‌ കണ്ടിട്ടുണ്ട്‌. അങ്ങനെയൊരു വരവായിരിക്കും ഈ കാളവണ്ടിയെന്നേ എല്ലാവരും കരുതിയുള്ളു. പക്ഷേ കാളവണ്ടി, പുഴക്കടവിനോട്‌ ചേര്‍ന്ന്‌ – രാധയുടെ മുന്നില്‍ വന്ന്‌ നിന്നതും പ്രായം ചെന്ന ഒരാള്‍ വണ്ടിയില്‍ നിന്നിറങ്ങി രാധയുടെ വീട്ടുമുറ്റത്തേയ്‌ക്ക്‌ കയറുന്നതും വളരെ ചുരുക്കം ചിലരെ കണ്ടുളളു. നേരം സന്ധ്യയാവുന്നു. അങ്ങാടിയിലേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ മുമ്പ്‌ പുഴയോരത്തൊരു കുളി. പിന്നെ അമ്പലത്തിലെ കൃഷ്‌ണദര്‍ശനം. അതിന്‌ വേണ്ടി വന്ന ആരെങ്കിലുമാണെന്നേ കരുതിയുള്ളു. മുമ്പും അപൂര്‍വ്വമായി ഇങ്ങനെ ചില യാത്രികര്‍ വന്നിട്ടുണ്ട്‌. പക്ഷേ വണ്ടിയില്‍ നിന്നിറങ്ങിയ ആള്‍ മുറ്റത്തേയ്‌ക്ക്‌ കയറി വന്നതോടെ രാധയുടെ വലത്തെകണ്ണ്‌തുടിച്ചു. എന്തോ അപശകുനമായ വാര്‍ത്തയും കൊണ്ടായിരിക്കുമോ ആള്‍ വരുന്നത്‌?

Generated from archived content: radha15.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English