ഒരാഴ്‌ചയ്‌ക്ക് മേലെ നീണ്ടുനിന്ന കോരിച്ചൊരിഞ്ഞ – ഇടിയും മിന്നലും കാറ്റും ഇല്ലാത്ത – ശക്തമായി പെയ്‌ത മഴ ഇപ്പോള്‍ ഓര്‍മയായി. നാട്ടുകാര്‍ക്കൊന്നേ പറയാനുള്ളു. സാധാരണഗതിയില്‍ ഇത്രയും വലിയ മഴപെയ്യുമ്പോള്‍ ചക്രവാളമാകെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിയും മിന്നലും കാറ്റും പതിവുണ്ട്. കൃഷിയിടങ്ങള്‍ പലതും നശിക്കും, മരങ്ങള്‍ പലതും പിഴുതെറിയപ്പെടും. വാഴയും തെങ്ങും കവുങ്ങുമെല്ലാം കാറ്റത്ത് ഒടിഞ്ഞ് മറിഞ്ഞ് നശിക്കും. വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടങ്ങള്‍ വെള്ളം കയറി നാമാവശേഷമാകും. പക്ഷേ, അത്‌ഭുതമെന്നേപറയേണ്ടു – മഴ നീണ്ടുനിന്നുവെന്നല്ലാതെ ഇപ്പറയുന്ന നാശനഷ്‌ടങ്ങളൊന്നുമുണ്ടായില്ല. ഒരാഴ്‌ചക്കാലം ആര്‍ക്കും ജോലിക്ക് പോവാനൊത്തില്ല. കാലികളും മറ്റുവളര്‍ത്തു മൃഗങ്ങളും, ആലകളില്‍ കരുതിയിരുന്ന തീറ്റകൊണ്ട് തൃപ്‌തിപ്പെട്ടു. കുറച്ചെങ്കിലും പട്ടിണിയുടെ രുചിയറിയാന്‍ തുടങ്ങിയത് നാട്ടുകാര്‍ക്കായിരുന്നു. ഭവത്രാതന്‍ നമ്പൂതിരിയുടെ സഹായം ഇങ്ങനുള്ള സന്ദര്‍ഭങ്ങളിലെങ്കിലും കിട്ടുമെന്ന പ്രതീക്ഷ തകര്‍ന്നെന്ന് മാത്രമല്ല പണ്ഡിതനായ ഈ ധനാഢ്യന്റെ ഉളളിന്റെ ഉള്ളില്‍ പുച്‌ഛവും വെറുപ്പും ഗര്‍വ്വും അധികാരാധാര്‍ഷ്‌ട്യതയും മലീമസമായ സ്വഭാവവിശേഷവുമാണ് കുടികൊള്ളുന്നതെന്ന് അറിയാനായി. അതേ സമയം മുരട്ടുസ്വഭാവക്കാരനെന്ന് ധരിച്ച് വച്ചിരുന്ന ഇത്താക്കുമാപ്പിളയുടെ നന്മ നിറഞ്ഞ വശം കാണാന്‍ കഴിഞ്ഞു.
സന്തോഷിക്കാന്‍ ഏറെയുണ്ടായിരുന്നത് രാധയ്‌ക്കാണ്. മാധവന്റെ മനസ്സു തുറന്ന് കാണാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷം. മാധവനെപ്പോഴും മുഖം തിരിഞ്ഞുനില്‌പായിരുന്നു. ഓരോതവണയും ഏതെങ്കിലും കാരണവശാല്‍ മാധവനോട് അടുക്കാന്‍ ശ്രമിച്ചാലും, മാധവന്‍ തെന്നിയകന്ന് മാറുകയായിരുന്നു. ഒരു പിടികിട്ടാമനസ്സാണ് അവനുള്ളത് എന്ന ധാരണ മാറ്റിയെടുക്കാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. വീണ്ടും ഇതുപോലൊരു കാലാവസ്‌ഥ വന്നുപെടാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു.
പണ്ട് പഠിച്ച തിരുവാതിരകളിയുടെ ഓര്‍മ്മയില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായി മാധവന്റെ ഗാനത്തിനനുസരിച്ച് ചുവടു വയ്‌ക്കാന്‍ കഴിഞ്ഞുവെന്നത് എങ്ങനെയെന്ന് അവള്‍ക്കിപ്പോഴും മനസ്സിലാവുന്നില്ല. അടുത്ത അമ്പലത്തിലെ ഉത്സവത്തിന് എങ്ങനെയും മാധവന്റെ പാട്ടിനൊത്ത് ചുവടുവയ്‌ക്കണമെന്നവളാഗ്രഹിച്ചു. അവളാഗ്രഹിച്ച പോലെ തന്നെ അതിനുള്ള അവസരം വന്നുചേരുകയായിരുന്നു. അമ്പലത്തിലെ അഷ്‌ടമിരോഹിണി ദിനം ചെറിയതോതില്‍ മാത്രം വിശേഷാല്‍ പൂജകള്‍ മാത്രമായി ഒതുങ്ങിനിന്ന ആഘോഷം – അതൊക്ക വിട്ട് ചെറിയൊരുത്സവത്തിന്റെ ശേലിലേയ്‌ക്ക് വരുത്തിയാലെന്തായെന്നാണ് അമ്പലക്കമ്മറ്റിക്കാരുടെ ഇപ്പോഴത്തെ പ്ലാന്‍, വലിയ പ്രളയത്തെ അനുസ്‌മരിക്കുന്ന മഴയും വെള്ളപ്പൊക്കവുമുണ്ടായിട്ടും അധികം നാശനഷ്‌ടങ്ങളുണ്ടായില്ല എന്നതിന്റെ നന്ദിസൂചകമായി ചെറിയതോതിലൊരാഘോഷം – അത് വേണ്ടേ, എന്നാണ് ദാമുവാശാന്റെ ചോദ്യം. നമ്പീശനും എമ്പ്രാതിരിയും – എല്ലാവരും ആ അഭിപ്രായക്കാരായി മാറിയപ്പോള്‍, മാധവനും അതിന്റേതായ വഴിയിലൂടെ തന്നെ നീങ്ങി.
‘ഏതായാലും മാധവന്‍ ഇയാളുടെ കയ്യിലെ സ്‌റ്റോക്കൊക്കെ എടുത്തോളു. ഇത്തവണ എങ്ങനെയും സന്ധ്യകഴിഞ്ഞാല്‍ – ദീപാരാധനയ്‌ക്ക് ശേഷം – പിന്നീടത്താഴപ്പൂജയ്‌ക്ക് നടയടക്കുന്നത്‌വരെ മാധവന്റെ വേണുഗാനമുണ്ടാകും. മാധവന്‍ സഹകരിക്കണം. ദാമുവാശാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മാധവന് എതിരഭിപ്രായമാന്നുമുണ്ടായില്ല. പക്ഷേ – പിന്നീടൊരിക്കല്‍ മാധവന്‍ എമ്പ്രാതിരിയോട് പറഞ്ഞു. ’ഒന്നോരണ്ടോ കീര്‍ത്തനങ്ങള്‍ ഓടക്കുഴല്‍ വായനയില്‍ക്കൂടി ആലപിക്കുന്നത് കേള്‍ക്കാനാളുണ്ടാകും. പക്ഷേ, പിന്നീടങ്ങോട്ട് എത്ര ഇമ്പമായി വായിച്ചാലും അതൊക്കെ കേള്‍ക്കാനുള്ള ക്ഷമ ആള്‍ക്കാര്‍ക്കുണ്ടാകുമോ?
‘ഒരു പരിപാടി എന്നൊക്കെ പറയുമ്പോള്‍ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണ്ടെ? ഒന്ന് രണ്ട് കീര്‍ത്തനങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ – കൂടിവന്നാല്‍ പത്തുമിനിട്ട് – ദാ എന്ന് പറയുന്നനേരം കൊണ്ട് തീരും. എമ്പ്രാതിരി, മാധവന്‍ ഒരു മണിക്കൂര്‍ നേരം പാടണമെന്നൊന്നും ആവശ്യപ്പെട്ടില്ല.
പക്ഷേ, പിറ്റേന്ന് ദാമുവാശാൻ മാധവനെ സമീപിച്ചു പറഞ്ഞു.
’മാധവന്റെ രാവിലത്തെ ഓടക്കുഴല്‍ വിളി നാട്ടിലെല്ലാവര്‍ക്കും ഇഷ്‌ടമാണ്. അത് കുറെനേരം കൂടി നീണ്ടെന്നുവച്ചാല്‍ – എന്താ അത് നല്ലതല്ലെ?‘ മാധവന് പറയണമെന്നുണ്ടായിരുന്നു. രാധ നൃത്തം ചെയ്യുമെന്ന്. പക്ഷേ എങ്ങനെ വിവരം ദാമുവാശാനെ പറഞ്ഞ് മനസ്സിലാക്കും? രാധയുടെ വീട്ടില്‍ മാധവന്‍ പൊറുക്കുന്നെന്ന ആക്ഷേപം കെട്ടടങ്ങിയതേ ഉള്ളു. ഇനി മാധവന്‍ കൂടി രാധയുടെ കാര്യത്തില്‍ താല്‌പര്യമെടുക്കുന്നെന്നു, വരുമ്പോള്‍, അതിന് വരുന്ന വ്യാഖ്യാനം വേറെയാകും. ഇപ്പോള്‍ രാധയുടെ മുറിയില്‍ കഴിയുന്നത് അമ്പലത്തിലെ അടിച്ച് തളിക്കാരി. കല്യാണിക്കുട്ടിക്ക് സുഖമില്ലാതായപ്പോഴാണ് കുഞ്ഞിലക്ഷ്‌മിയുടെ ബന്ധു വന്നുതുടങ്ങിയത്. കുഞ്ഞിലക്ഷ്‌മിയുടെ ഒരകന്ന ചാര്‍ച്ചക്കാരിയാണ്. കണ്ണിനു കാഴ്‌ചക്കുറവുണ്ടെങ്കിലും കൂട്ടിനൊരാള്, രാധയേയും മാധവനേയും പറ്റി ആക്ഷേപം പറയുന്നവര്‍ക്ക് അവള്‍ മാത്രമല്ല, രാധയ്‌ക്ക് അന്തികൂട്ടിനൊരാളും കൂടിയുണ്ടെന്ന് പറയാനൊരാള് – അത്രയേ അവരെ അവിടെ താമസിക്കാന്‍ ദാമുവാശാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നിലുള്ളു. എങ്കിലും രാധയുടെ കാര്യത്തില്‍ താന്‍ കൂടുതല്‍ താല്‌പര്യമെടുക്കുന്നുവെന്ന ആക്ഷേപം ഉണ്ടാവരുതെന്ന് മാധവനാഗ്രഹമുണ്ട്.
രാധ നൃത്തം ചെയ്യണമെന്ന് ഭഗവാന്റെയും ആഗ്രഹമാണ്. അങ്ങനെയേ രാധയോട് എമ്പ്രാതിരിയും നമ്പീശനും – പഴയ തിരുവാതിരവാതിരക്കളിയുടെ ചുവട്‌വച്ച് ’തനിക്കെന്തെങ്കിലും ചെയ്‌തൂടെ എന്നു ചോദിച്ചപ്പോള്‍ മാധവന് തോന്നിയുള്ളു.
രാധയുടെ മറുപടി ദാമുവാശാനെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
‘എനിക്ക് നൃത്തമൊന്നും അറിഞ്ഞുകൂടാ. മുമ്പൊരിക്കല്‍ അച്ഛന്റെ കൂടെ കാളകെട്ടിയമ്പലത്തിലെ ഉത്സവത്തില്‍നാന്‍ പോയപ്പോള്‍ കണ്ട നൃത്തങ്ങളേ ഓര്‍മ്മയുള്ളു. ആ ഓര്‍മ്മയില്‍ ഞാനെന്ത് ചെയ്യാനാണ്. ’താന്‍ കാലില്‍ ചിലമ്പ് കെട്ടി ഭരതനാട്യമാടാനോ, പിന്നെ കുച്ചിപ്പുടി പോലുള്ള ഡാന്‍സ് ചെയ്യാനോ ഒന്നും പറഞ്ഞില്ല. പണ്ട് താന്‍ കല്യാണിക്കുട്ടീടെ കൂടെ തിരുവാതിരകളി പഠിച്ചതാണല്ലൊ. പാട്ടിനൊത്ത് ചുവട്‌വയ്‌ക്കാന്‍ പറ്റുമല്ലൊ എന്ന ഓര്‍മ്മയില്‍ ചോദിച്ചെന്നേയുള്ളു പറ്റില്ലെങ്കില്‍ വേണ്ട.‘
മാധവന്റെ മുഖത്ത് എത്രപെട്ടെന്നാണ് ഭാവമാറ്റം വന്നത്. ഒറ്റയ്‌ക്കായിരുന്നെങ്കില്‍ ദേഹോപദ്രവം ചെയ്യുമോ എന്നുവരെ രാധ ഭയപ്പെട്ടു. ഓടക്കുഴല്‍ വായിക്കുമ്പോള്‍ മുന്നില്‍ ചുവടുവയ്‌ക്കാനൊരാളുണ്ടെങ്കില്‍ വായന കുറെ നീണ്ടുനിന്നാലും വിരസതയുണ്ടാവില്ല. അല്ലെങ്കില്‍ രണ്ടോമൂന്നോ കീര്‍ത്തനം വായിക്കുമ്പോഴേയ്‌ക്കും തൊണ്ടയിലെ വെള്ളം വറ്റും. ചിലപ്പോള്‍ ശ്വാസമെടുക്കാന്‍ വരെ പ്രയാസം നേരിടും. ഇവിടെയീ അമ്പലമുറ്റത്ത് ഒന്നോരണ്ടോ കീര്‍ത്തനം പാടുമ്പോഴേയ്‌ക്കും നടതുറക്കും. തന്റെ പാട്ടിന്റെ മധുരിമ കേള്‍വിക്കാരുടെ മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റിയ നാദോപാസനയാണെന്ന് തോന്നുന്നത് അതുകൊണ്ടാണ്. കുറച്ചുനേരം നീണ്ടുനിന്നേക്കാവുന്ന ഓടക്കുഴല്‍ വായന അഷ്‌ടമിരോഹിണി ദിവസം നടത്തിക്കൂടേ എന്ന് ചോദിച്ചപ്പോള്‍, തന്റെയീബുദ്ധിമുട്ട് സൂചിപ്പിച്ചതാണ്. പക്ഷേ, അവള്‍ക്ക് തന്നില്‍ രൂഡമൂലമായ വിശ്വാസമാണ് വായന പൊടിപൊടിക്കുമെന്ന്. പക്ഷേ വായന ചേതോഹരമാക്കാന്‍ പറ്റിയ അവസരം വന്നുചേര്‍ന്നപ്പോള്‍ അതിനോട് രാധയുടെ പരുങ്ങിപരുങ്ങിയുള്ള സമീപനം – അതൊട്ടൊന്നുമല്ല, ചൊടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.
ഭാഗ്യത്തിന് ദാമുവാശാന്റെ അടുത്തചോദ്യത്തോടെ രാധ സമ്മതംമൂളി. ’എടോ – താന്‍ ഭയപ്പെടുവൊന്നും വേണ്ട. ഇനി അഥവാ ഒന്നുരണ്ടു തവണയൊക്കെ ചുവടുപിഴച്ചുവെന്ന് വയ്‌ക്കുക. ആര്‍ക്കാണിതൊക്കെ അറിയാന്‍ പറ്റിയ വിവരമുള്ളെ. അതുകൊണ്ട് താന്‍ ചുവടുവയ്‌ക്കാ അഥവാ – ഇനീം പറ്റൂല്ലാന്ന് മറുപടിയെങ്കില്‍ അതിപ്പോള്‍ തന്നെ പറയണം.‘
ദാമുവാശാന്റെ ആ കര്‍ശനമായ താക്കീതോടുകൂടിയ വാക്കുകളോടെ, രാധയ്‌ക്ക് ഒരു മറുപടികൊടുത്തേ ഒക്കൂ എന്നായി. ’ഞാന്‍ വരാം. സ്‌റ്റേജില്‍ മാധവന്‍ ഓടക്കുഴല്‍ വായിക്കുമ്പം നൃത്തം വയ്‌ക്കാന്‍ ഞാനുണ്ടാവും.‘
അഷ്‌ടമിരോഹിണി നാളിലെ സായംസന്ധ്യ. ദീപാരാധനകഴിഞ്ഞു. ഇനി മാധവന്റെ നാദോപാസന. അങ്ങനെയാണ് പേര് കൊടുത്തിരിക്കുന്നത്. നോട്ടീസിലോ – മൈക്കിന് മുമ്പില്‍ നിന്ന് നേരത്തെ അറിയിപ്പ് നടത്തിയവരോ രാധയുടെ നൃത്തത്തെപ്പറ്റി പറഞ്ഞിരുന്നില്ല. രാധയ്‌ക്കതില്‍ ചെറിയ വിഷമമുണ്ട്‌താനും. കല്യാണിക്കുട്ടിയമ്മയാണ് രാധയെ വേഷമണിയിച്ച് നൃത്തസജ്ജമാക്കുന്നത്.
’എന്തിനാമ്മായി ഇത്? എന്റെ പേര് ഇവരാരും പറഞ്ഞില്ലല്ലൊ.‘
’മോളതൊന്നും കാര്യാക്കണ്ട. അത് മനഃപൂര്‍വ്വം പറയാത്തതാ. മോളുടെ നൃത്തമുണ്ടെന്ന് പറഞ്ഞാല്‍ പിന്നറിയാല്ലൊ, പല അഭിപ്രായായിരിക്കും വരിക. അധികം പേരും മോളെ പുച്‌ഛിക്കും. മോള് സ്‌റ്റേജില്‍ കേറുമ്പം മുതല്‍ കുറ്റംകണ്ട് പിടിക്കാനാവും ശ്രമം. അതേസമയം മാധവന്‍ സ്‌റ്റേജിലേയ്‌ക്ക് കയറി, തൊട്ടുപിന്നാലെ മോള് ഡാന്‍സ് ചെയ്യാന്‍ തുടങ്ങുമ്പം അത് പെട്ടെന്നെടുത്തതീരുമാനാന്ന് പറയാം. ഇനി എന്തെങ്കിലും പിഴവ് വന്നാലും സമാധാനമുണ്ട്. മോളിതിനൊന്നും ഉദ്ദേശിച്ച് വന്നതല്ല. ഒരുതയ്യാറെടുപ്പും എടുത്തിട്ടില്ല. അതുകൊണ്ടുവന്ന കൊഴപ്പാ. പക്ഷേ – അതൊന്നും വേണ്ടിവരില്ല, പിന്നെ ഈ കുറ്റംപറയോണോര്‍ക്ക് – അവര്‍ക്കുള്ള മറുപടി ദാമുവാശാന്‍ കൊടുത്തോളും..‘ തന്റെ പേര് നോട്ടീസില്‍ വരാത്തതിലെ വിഷമം അതോടെ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച ഒരു പരിപാടിയായിരുന്നു മാധവന്റേ പാട്ടും രാധയുടെ നൃത്തവും.
മാധവന്റെ ഗണപതിയെ സ്‌തുതിച്ചുള്ള ആദ്യ വായനമാത്രം മതിയായിരിന്നു, സദസ്യരെ കയ്യിലെടുക്കാന്‍. ഇടയ്‌ക്ക് ചെറിയതോതിലുള്ള മഴ ഉണ്ടായിട്ടും ആരും എഴുന്നേറ്റ് പോയില്ല. പലരും കരുതിയിരുന്ന രണ്ടാംമുണ്ടെടുത്ത് തലയിലിട്ടു. കുഞ്ഞുകുട്ടികളുള്ളവരും കുഞ്ഞുങ്ങളുടെ തലയില്‍ ടര്‍ക്കി ടവ്വലിട്ട് അവരെ മടിയിലിരുത്തി, മഴകൊള്ളാതിരിക്കാന്‍ ശ്രദ്ധിച്ചു. അവരുടെയൊക്കെ പ്രാര്‍ത്ഥനയാകാം, മഴപെട്ടെന്ന് നിലച്ചു.
രണ്ടാമത്തൊരു ഭക്തിഗാനവും മാധവന്‍ വായിച്ചു. പിന്നീടാണ് മാധവന്‍ ശരിക്കും ഉണര്‍ന്ന് വായന നടത്തിയത്. സ്‌റ്റേജിന്റെ ഒരരികില്‍ മാത്രം നില്‍ക്കാതെ. പലപ്പോഴും രാധയുടെ ചുവടുകളള്‍ക്കനുസരിച്ചു സ്‌റ്റേജിന്റെ വശങ്ങളിലേക്കും മുന്നോട്ടും – പിന്നെയല്‌പം കഴിഞ്ഞ് പിന്നോട്ടും മാറിക്കൊണ്ടിരുന്നു. രാധയുടെ മുഖത്ത് വിരിയുന്നത് എന്തൊക്കെയാണ്. ഭക്തിയുടെ നിറവില്‍ തുടങ്ങിയ ചുവടുവയ്‌പ് – വായനയുടെ ക്രമമനുസരിച്ച് ചിലപ്പോള്‍ ചടുലമാകുന്നു. ചിലപ്പോല്‍ മന്ദം മന്ദം ഒഴുകിയെത്തുന്ന ഒരരുവിയെപ്പോലെ, അല്ലെങ്കില്‍ ചുറ്റിനും വീശുന്ന കുളിര്‍കാറ്റുപോലെ. അവള്‍ വൃന്ദാവനത്തിലെ രാധയായി മാറിക്കഴിഞ്ഞു. കൃഷ്‌ണന്റെ ഓടക്കുഴല്‍ വിളിചെവിയോര്‍ത്ത് കൃഷ്‌ണനെ തിരക്കുന്ന രാധയായി കാട്ടുചോലയ്‌ക്ക് സമീപം, പൂമരങ്ങളുടെ മറവില്‍ – അപ്പുറമൊഴുകുന്ന നദീതീരത്തുള്ള പുല്‍ക്കുടിലില്‍ – എവിടെയും അവള്‍ കൃഷ്‌ണനെ തിരക്കുന്നു.
’എന്റെ കൃഷ്‌ണാ – നീയെവിടെ? നീയിങ്ങനെ മറഞ്ഞ് നില്‍ക്കാതെ വരൂ മുന്നിലേയ്‌ക്ക് – നിന്നെ കണ്‍നിറയെയൊന്ന് കാണട്ടെ.‘ രാധയിപ്പോഴും കൃഷ്‌ണനെ തേടിയലയുകയാണ്.
ആകാശത്ത് മേഘാവൃതമായി മാറുന്ന – വെണ്ണിലാവ് മാത്രം പൊഴിക്കുന്ന പൂനിലാവിനെത്തേടിയുള്ള താരകങ്ങളെ – നിങ്ങളുടെ പരക്കം പാച്ചിലില്‍ എന്റെ കൃഷ്‌ണനെ കണ്ടുവോ? നിറുകയില്‍ പീലിതിരുകിയ, കൈയില്‍ ഓടക്കുഴലുമായി – മഞ്ഞപ്പട്ടുടുത്ത് ഗോപസ്‌ത്രീകളെ കളിപ്പിക്കുന്ന കൃഷ്‌ണാ – നീയെന്നെവെറുമൊരു ഗോപികയായി കാണാതെ – നിനക്കുവേണ്ടി ഒരുക്കിയ – സുഗന്ധം പൊഴിക്കുന്ന പൂക്കള്‍ കൊരുത്ത മാലയുമായി ഈ രാധ കാത്തിരിക്കുന്നു. കൃഷ്‌ണന്റെ ഓടക്കുഴല്‍വിളി മാത്രമേ ഗോപികമാര്‍ക്ക് കേള്‍ക്കാനാവുന്നുള്ളു. കൃഷ്‌ണന്റെ സാമീപ്യമറിയുന്നത് രാധമാത്രം. കൃഷ്‌ണന്‍ ഒളിച്ച് നിന്ന് എല്ലാവരെയും മോഹിപ്പിക്കുന്ന രാഗം ആലപിക്കുന്ന സ്‌ഥലം കണ്ടുപിടിച്ചത് ഇപ്പോള്‍ രാധമാത്രം. വ്രീളാവിവശയായി രാധ കൃഷ്‌ണന്റെ മാറിലേയ്‌ക്ക് വീഴുകയായിരുന്നു. ഒരുകൈകൊണ്ടവളെ താങ്ങി, ഓടക്കുഴല്‍ എളിയില്‍ തിരുകി കൃഷ്‌ണന്‍ പിന്നെരാധയെ പര്‍ണ്ണശാലയിലേയ്‌ക്ക് നയിക്കുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ഗാനത്തിന് മാദകത്വമുണര്‍ത്തുന്നു വികാരമുണ്ട്, ചടുലതയുണ്ട്. പയ്യെ പയ്യെ – ലാസ്യ ഭാവത്തിലേയ്‌ക്ക് നീങ്ങുന്ന നാദധാരയ്‌ക്ക് പിന്നാലെ – സീല്‍ക്കാരങ്ങള്‍ – ചുടുചുംബനങ്ങള്‍ – പിന്നെ മന്ദഗതിയിലാകുന്നു – മൃദുസാരവികാരമുണര്‍ത്തുന്ന – ഒരു പരിസമാപ്‌തി.
ദാമുവാശാനും നമ്പീശനും പറഞ്ഞ ഒരു മണിക്കൂര്‍ സമയം കഴിഞ്ഞിട്ടും മാധവന്റെ ഓടക്കുഴല്‍ വിളിയോ, രാധയുടെ നൃത്തമോ തീരുന്നില്ല. എന്തിന് കാണികള്‍ക്കിടയില്‍ പോലും അസ്വരസമില്ല.
രാധയേയും മാധവനേയും അവള്‍ രാധാകൃഷ്‌ണന്മാരായി കണ്ടുകഴിഞ്ഞു. ഇനി ഈ ബന്ധത്തെപ്പറ്റി അപഖ്യാതി പറയാതിരിക്കുകയാണ് നല്ലതെന്ന തോന്നല്‍ പലര്‍ക്കുമുണ്ടായി. ’അവനെ സൂക്ഷിക്കണം. പട്ടണത്തില്‍ നിന്ന് വന്നവനാണ്. ഇച്ചിരിയില്ലാത്ത പിള്ളേര്‍വരെ അവിടെ വേണ്ടാതീനം കാട്ടണ്. അവനെന്തെങ്കിലും കേസ്സില്‍പെട്ട് അവിടന്ന് ഒളിച്ചോടി വന്നതല്ലെന്ന് എങ്ങനറിയാം. അതോണ്ട് നീയവനുമായി അധികം അടുക്കാതിരിക്കണതാണ് നല്ലത്.‘ എത്രപേരായിരുന്നു അന്നവര്‍ക്ക് ഉപദേശം കൊടുത്തത്? എന്നിട്ടോ? ആരോ വഴിപാട് നേര്‍ന്ന ഒരു കതിനാവെടി പൊട്ടിയപ്പോഴാണ് ഒരുള്‍വിളിപോലെ മാധവന് സമയത്തെപ്പറ്റി ബോധമുണ്ടായത്. വായന നിര്‍ത്തി അയാള്‍ നോക്കുമ്പോള്‍ രാധ വേച്ച് വേച്ച് തന്റെടുക്കലേയ്‌ക്ക് വരുന്നതാണ്. ഇപ്പോള്‍ വീഴും എന്ന അവസ്‌ഥ വന്നപ്പോള്‍ മാധവന്‍ അവളെ താങ്ങി. അല്ല, അവള്‍ മാധവന്റെ മാറിലേയ്‌ക്ക് തലചായ്‌ക്കുകയായിരുന്നു. മുന്നില്‍ ഇമവെട്ടാതെ തങ്ങളുടെ ചലനങ്ങള്‍ വീക്ഷിക്കുന്ന ഈ പ്രദേശത്തെ ഭക്തര്‍ – അധികവും സ്‌ത്രീകള്‍ – അവരില്‍ തന്നെ ചെറുപ്പക്കാരും സ്‌കൂള്‍കുട്ടികളും അമ്മമാരും പ്രായം ചെന്നവരുമുണ്ടെന്ന ചിന്ത രണ്ടുപേര്‍ക്കുമുണ്ടായില്ല. ഏറ്റവും അദ്‌ഭുതകരമായി മാറിയത് കാഴ്‌ചക്കാരായിരുന്നവരുടെയിടയില്‍ ഒരു മുറുമുറുപ്പുമുണ്ടായില്ല എന്നതാണ്. അവരെറെക്കുറെ ഈ ബന്ധത്തെ അംഗീകരിച്ചമട്ടാണ്. എന്തെങ്കിലും മുറുമുറുപ്പുണ്ടാവേണ്ടത് പ്രായം ചെന്നവരുടെയിടയിലും പിന്നെ വത്സേച്ചിയുടെ നാവില്‍ നിന്നുമാണ് അവരും നിസ്സംഗരായി മാറിയതേ ഉള്ളു. സഹിക്കാന്‍ വയ്യാത്ത മനോവിഷമം വന്നപ്പോള്‍ വത്സേച്ചി പറഞ്ഞു. ’ഈ പേക്കൂത്തു കാണാനാണോ – ഇത്രേം നേരം എല്ലാരേം ഇവിടെ പിടിച്ചിരുത്തീത്? ഇത് ഓടക്കുഴല്‍ വിളിയാണോ? അവളുടേത് എന്താ – തെരുക്കൂത്തോ?‘
വത്സേച്ചി – സദസ്സിന്റെ ഒരറ്റത്ത് നിന്ന്‌കൊണ്ട് ഇങ്ങനെ പറഞ്ഞിട്ടും ആരും അനുകൂലിച്ചോ – ഏതെങ്കിലും ഒരഭിപ്രായമോ മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍, കലിവന്നു ഒരു ഭ്രാന്തിയെപ്പോലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തുള്ളിച്ചാടിപ്പോയി.
ഈ സമയം മാധവന്‍ രാധയെ താങ്ങി സ്‌റ്റേജിന്റെ ഒരു മൂലയിലേക്ക് നീങ്ങി – അവിടെ നിലത്തിരുത്തി. ഇതിനോടകം ഭാരവാഹികളായ ഒന്ന് രണ്ട് പേര്‍ രാധയെ താങ്ങിയെടുത്ത് വേദിക്ക് പിന്നിലുള്ള ചാര്‍ത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മണ്‍കൂജയില്‍ കരുതിയിരുന്ന വെള്ളം ഗ്ലാസ്സിലെടുത്ത് മുഖത്ത് തളിച്ചു. അതോടെ ഒന്ന് ഞെട്ടിയുണര്‍ന്ന രാധ എന്താ സംഭവിച്ചതെന്നറിയാതെ പകച്ചുനോക്കി. പിന്നീടാണവള്‍ക്കെല്ലാം ഓര്‍മ്മവരുന്നത്. അതോടെ ലജ്ജയില്‍ കുതിര്‍ന്ന് ഒരു മന്ദഹാസം അവളുടെ ചുണ്ടില്‍ വിരിഞ്ഞു. സദസ്സിലുള്ളവര്‍ കാണ്‍കെതന്നെ മാധവന്റെ ദേഹത്തേയ്‌ക്ക് താന്‍ ചാഞ്ഞിരിക്കുന്നു. തന്നെ താങ്ങിയതും ഇവിടെ സ്‌റ്റേജിന്റെ പിന്നാമ്പുറത്തെത്തിച്ചതും മാധവനും കൂടിചേര്‍ന്നാണ്. തങ്ങളുടെ മാനസികമായ അടുപ്പം നാട്ടുകാര്‍ കൂടി അറിയട്ടെയെന്ന തന്റെ ആഗ്രഹം ഭഗവാന്‍ കൃഷ്‌ണന്‍ നിവര്‍ത്തിച്ചു തന്നിരിക്കുന്നു. മനസ്സ് കൊണ്ടാണെങ്കിലും അവള്‍ കോവിലിലെ കൃഷ്‌ണനെ തൊഴുതു.
ദാമുവാശാനും നമ്പീശനും ഇതിനോടകം അവിടെ എത്തിക്കഴിഞ്ഞു.
’രാധയ്‌ക്ക് ഇപ്പോള്‍ എങ്ങനെയിരിക്കുന്നു. നടന്നുപോവാന്‍ ബുദ്ധിമുട്ടൊന്നുമില്ലല്ലൊ.‘ അതിനു മറുപടി പറഞ്ഞത് കല്ല്യാണിക്കുട്ടിയമ്മയാണ്.
’എന്ത് ബുദ്ധിമിട്ട്? ഇത്രേംനേരം – അവളൊരിക്കലും ഇങ്ങനെ ചുടുവച്ചിട്ടില്ല. അതിന്റെ തളര്‍ച്ചയാ, അത്രേയുള്ളു. ഏതായാലും നൃത്തമറിയാത്തയാളാണ് രാധ എന്നാര്‍ക്കെങ്കിലും തോന്നിയോ? അത്രയ്‌ക്കും നല്ലതായിരുന്നു രാധയുടെ ആട്ടം. മാധവനും പൊടിപൊടിച്ചു.‘ സാധാരണ കല്ല്യാണിക്കുട്ടിയമ്മ, തിരുവാതിരകളി പഠിക്കാന്‍ വരുന്നവരുടെ മുന്നില്‍ – അവരുടെ കുറ്റങ്ങള്‍ വിളിച്ച് പറഞ്ഞ് നേരെയാക്കുന്ന വാക്കുകളേ പറയാറുള്ളു. വളരെ അപൂര്‍വ്വമായിട്ടേ ഇങ്ങനെ നല്ലവാക്കുകള്‍ പറഞ്ഞിട്ടുള്ളു. ആ മുതിര്‍ന്ന നാട്യക്കാരി – ഇങ്ങനൊരു സ്‌തുതിവാചകം പറയുന്നത് കേട്ട് രാധയ്‌ക്ക് മനം കുളിര്‍ത്തു.
’മാധവാ – ഇനി ഏതായാലും ഒന്നു തീരുമാനിച്ചു. ഈ അമ്പലത്തിലെ വിശേഷാല്‍ പരിപാടികള്‍ക്കൊക്കെ മാധവന്റെ വേണുവായനയുണ്ടാകും. ഭഗവാന്‍ കൃഷ്‌ണനാണ് ആ ഓടക്കുഴലിലിരുന്ന് വായന നടത്തുന്നത്. കൃഷ്‌ണന്റെ അനുഗ്രഹം ഇങ്ങനെ എല്ലാവര്‍ക്കും കിട്ടില്ല. മാധവനിനി ഇവിടെ എന്നുമുണ്ടാവണം.‘ ദാമുവാശാന്റെ ആ വാക്കുകള്‍ക്ക് മാധവന്‍ ഭഗവാന്‍ കൃഷ്‌ണനെയാണ് സ്‌മരിച്ചത്.
‘ഞാനെന്നും ഇവിടെ കഴിയണംന്നോ? -ഈശ്വരാ-‘ മനസ്സിലീ വിചാരം കടന്നുവന്നെങ്കിലും തനിക്ക് കുഴപ്പം കൂടാതെ ഒരു മണിക്കൂര്‍ നേരം ഈ സദസ്യരുടെ മുന്നില്‍ യാതൊരു അസ്വരസങ്ങള്‍ക്കും ഇടകൊടക്കാതെ പാടാനായി എന്നത് ഭഗവാന്റെ അനുഗ്രഹം തന്നെ. തീര്‍ച്ചയായും രാധയുടെ ചുവട്‌വയ്‌പ് തന്നെ സഹായിച്ചിട്ടുണ്ട്. രാധയുടെ നൃത്തം കണ്‍മുന്നില്‍ കാണുമ്പോള്‍ ഓരോരോ രാഗങ്ങള്‍ കടന്നുവരുന്നു. താളബോധത്തോടെ, ഒപ്പം മനസ്സില്‍ തെളിഞ്ഞ വരുന്ന വികാരവിചാരങ്ങള്‍ മുഖത്ത് പ്രതിഫലിപ്പിച്ച് വായ്‌ക്കാനായി എന്നത് അത്രനിസ്സാരകാര്യമല്ല. തനിക്കൊരാത്‌മവിശ്വാസം എല്ലാക്കാര്യത്തിലും ലഭിച്ചിരിക്കുന്നു എല്ലാം ഭഗവല്‍ കടാക്ഷം.
ഗ്രാമജീവിതം സ്വച്‌ഛസുന്ദരമാണെന്ന് മാധവനും തോന്നിത്തുടങ്ങി. ഇപ്പോള്‍ പലപ്പോഴും ഒറ്റയ്‌ക്ക് പുഴയോരത്തുകൂടി നടക്കാന്‍ മാധവനിഷ്‌ടപ്പെടുന്നു. മാധവനെ സംബന്ധിച്ചിടത്തോളം പശുക്കളെ മേയ്‌ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നാലഞ്ചെണ്ണമേയുള്ളുവെങ്കിലും ആലയില്‍ നിന്നും പുറത്തുവിട്ടാല്‍ ഒരു പത്തുപന്ത്രണ്ടെണ്ണമുണ്ടാക്കുന്നവിധം അനുസരണക്കേട് കാട്ടുമായിരുന്നു, മുമ്പെന്നാണ് രാധ പറയുന്നത് – അതുകൊണ്ട് എല്ലാത്തിനേം ഒരുമിച്ചഴിച്ചുവിടില്ലായിരുന്നു. ഓരോ ദിവസവും മാറി മാറി തൊടിയിലിറക്കികെട്ടുകയായിരുന്നു. പുഴയോരത്തും പറമ്പിലും കുന്നിന്‍ ചെരുവിലുമായി പുല്ലുവെട്ടിക്കൊണ്ട് വന്ന് ആലയില്‍ വച്ച് തീറ്റകൊടുക്കുകയായിരുന്നു. മാധവന്‍ വന്നതോടെ എല്ലാത്തിനേം തെളിച്ചുകൊണ്ട് പോവാമെന്നായി. കഴുത്തില്‍ കയറിയിട്ടുണ്ടെങ്കിലും ഒരിക്കലും അതിന്മേല്‍ പിടിക്കേണ്ടിവന്നിട്ടില്ല. മാധവന്‍ ഓടക്കുഴലെടുത്താല്‍ മതി, ഒക്കെ അനങ്ങാതെ ബദ്ധശ്രദ്ധരായി നിന്നുകൊള്ളും.
രാധയ്‌ക്ക് പലപ്പോഴും മാധവനൊപ്പം ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഈയിടയായി വന്ന് ചേര്‍ന്നിരിക്കുന്നത്. കല്യാണിക്കുട്ടിയമ്മയുടെ അകന്ന ചാര്‍ച്ചക്കാരിയായി – തനിക്ക് കൂട്ടുകിടക്കാന്‍ വന്ന സ്‌ത്രീയാണ് ശല്യമായി മാറിയിരിക്കുന്നത്. പലപ്പോഴും പകലുറക്കവും മനോരാജ്യവുമായി കഴിയുന്ന ആ സ്‌ത്രീക്ക് – ഇപ്പോള്‍ അങ്ങനെയിരിക്കുമ്പോള്‍ ഒരു വെളിപാട് വരും. പഴയകാലത്തെ കഥകള്‍ ഓര്‍മ്മിച്ച് പയാന്‍. കേള്‍ക്കാനൊരാളുണ്ടാകണം. കണ്ണുകാണാന്‍ വയ്യാത്ത തള്ളയല്ലേ എന്ന് കരുതി രാധ അനുവദിച്ചസ്വാതന്ത്ര്യം ഇപ്പോള്‍ വിനയായി തീര്‍ന്നിരിക്കുന്നത്. ഉണര്‍ന്നിരിക്കുന്ന അവസരത്തില്‍ കൂടെക്കൂടെ വെള്ളം കുടിക്കണം, ഓവറയിലേയ്‌ക്ക് മൂത്രമൊഴിക്കാന്‍ കൂടെവന്ന് സഹായിക്കണം – പിന്നെ അവന്‍ പറയുന്ന കഥകള്‍ കേട്ടിരിക്കണം. രാത്രിസമയത്ത് തനിക്ക് കൂട്ടുവന്ന ആളല്ലേ – അതും പ്രായം ചെന്നയാള്‍, കാഴ്‌ചശക്തി വളരെ കുറവുള്ള ആള്‍ – അതൊക്കെക്കൊണ്ട് രാധ സഹിക്കുകയാണ്.
തനിക്കൊപ്പം രാധ വരുന്നില്ല എന്നത് മാധവനിപ്പോള്‍ ഒരനുഗ്രഹമായിട്ടാണ് കാണുന്നത്. തന്റെ ഇഷ്‌ടത്തിന്, തനിക്കിഷ്‌ടമുള്ളിടത്ത് പോവാന്‍ പറ്റുന്നു. തനിക്കിഷ്‌ടമുള്ള ഗാനങ്ങള്‍ വായിക്കാന്‍ പറ്റുന്നു. കയ്യിലോടക്കുഴലുണ്ടെങ്കില്‍ പശുക്കള്‍ അനുസരണക്കേട് കാണിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് അവറ്റയുടെ മേല്‍ ഒരു കണ്ണ് വേണമെന്ന ചിന്ത മാധവനെ അലട്ടുന്നില്ല. അമ്പലം കഴിഞ്ഞുള്ള പുഴയോരത്ത് – അവിടെ ചാഞ്ഞ്‌നില്‍ക്കുന്ന ഒരു മാവിന്റെ ചുവട്ടിലാണ് മാധവന്‍ തന്റെ ഇരിപ്പിടമായി കണ്ടത്. ഉച്ചകഴിഞ്ഞുള്ള നേരം മാധവന്‍ എളിയില്‍ നിന്നും ഓടക്കുഴലെടുത്തു. പാടാനായി തോന്നിയത് തീര്‍ത്തും വ്യത്യസ്‌തമായ ഒരു ഗാനം. അല്‌പം നാഗരികത കലര്‍ന്ന പാട്ടിന് ചിലസമയത്തൊക്കെ ദ്രുതതാളം ആവശ്യമായി. ശൃംഗാരവും കരുണവും നര്‍മ്മവും ഓടക്കുഴലാലാപനത്തോടെ വരുത്താനാവുമെന്ന് മുമ്പ് പട്ടണത്തില്‍ വച്ച് തനിക്ക് സാധിച്ച കാര്യമാണ്. പക്ഷേ, ഇവിടെ വന്നതിന് ശേഷം ഈ ഗ്രാമാന്തരീക്ഷത്തില്‍ ഭക്തിക്ക് മുന്‍തൂക്കം കൊടുത്തുള്ള ഗീതകങ്ങളാണ് വായിക്കുന്നത്. അല്‌പം വ്യത്യസ്‌തസ്വഭാവമുള്ള ഒന്നുരണ്ട് പാട്ടുകള്‍ ആലപിച്ചത് കഴിഞ്ഞ അഷ്‌ടമിരോഹിണി നാളിലെ വൈകിട്ടത്തെ രാധയുടെ നൃത്തത്തോടൊപ്പമായിരുന്നു. പക്ഷേ – അതിനെയൊക്കെ മറികടന്നുള്ള ഒരു പാട്ട് – ഇതുവരെ – ഇവിടെ പാടാത്ത ഒന്ന്. അതായിരിന്നു മാധവനാഗ്രഹിച്ചത്.
വളരെ പയ്യെ – പതിഞ്ഞ ശബ്‌ദസൗകുമാര്യത്തോടുകൂടി തുടങ്ങിയ ആലാപനം – അതിന്റെ ആരോഹണാവരോഹണത്തോടെ തുടങ്ങിയതോടെ മാധവനറിയാതെ തന്നെ ഒരുള്‍പ്പുളകത്തിന് വിധേയനായി മാറി. കാണെകാണെ – മുന്‍വശത്തെ പുഴ ഇരുവശത്തും പൂചൂടിയ മരങ്ങള്‍ കൊണ്ട് കൂടുതല്‍ സുന്ദരിയായി മാറുന്നു. പുഴയ്‌ക്കപ്പുറവും ഇപ്പുറവും പൂന്തോട്ടങ്ങളാണ്. വര്‍ണ്ണാഭമായ പൂക്കളാല്‍ ആലംകൃതമായ ഭൂമിപോലും പുഷ്‌പിണിയായ ഒരു യുവതി. വള്ളിക്കുടിലുകള്‍ പുഴയോരത്ത്. നീരാടുന്നതരുണികള്‍ – അപ്പുറം ധ്യാനകേന്ദ്രത്തിന് മുന്നിലെ കുളിക്കടവില്‍ കുളികഴിഞ്ഞ് സൂര്യനെനോക്കി കണ്ണടച്ച് ധ്യാനനിദ്രയിലെന്നപോലെ മുനിവര്യന്മാര്‍. ഈ പ്രപഞ്ചത്തിന്റെ സ്‌പന്ദനം തന്നെ തങ്ങളുടെ കൈകളിലാക്കാന്‍ ശ്രമിക്കുന്നവര്‍. പ്രപഞ്ചവിധാതാവിനെ മുന്നില്‍ വരുത്താനുള്ള ശ്രമം.
ഇപ്പുറം കുളിക്കടവില്‍ നീരാടുന്ന തരുണീമണികള്‍ പുഴയുടെ സൗന്ദര്യത്തിന് മികവേറ്റുന്നു. അവരുടെ കുസൃതിച്ചിരിയും വര്‍ത്തമാനവും ചില സമയത്തെ ആഹ്ലാദഭരിതരായുള്ള പരസ്‌പരം വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ടുളള പൊട്ടിച്ചിരിയിലേയ്‌ക്ക് വഴിമാറുമ്പോള്‍ പുഴമാത്രമല്ല, പുഴയോരമാകെ കോരിത്തരിക്കുന്നു.
മാധവന്റെ ഗാനാലാപനത്തില്‍ ഇപ്പോള്‍ തെളിഞ്ഞ് വരുന്നത് ഗോപികമാര്‍ കൃഷ്‌ണനെത്തേടി വരുന്നതായിട്ടാണ്. കൃഷ്‌ണന്‍ എവിടെയിരുന്നാണ് പാടുന്നത്? പാട്ടുകേള്‍ക്കാമെന്നല്ലാതെ ആളെക്കാണുന്നില്ല. രാധ പരിഭവത്തില്‍ ഒരു പൂമരത്തിന് ചുവട്ടില്‍ കയ്യില്‍ കൊരുത്ത മാലയുമായി നില്‍ക്കുന്നു. കൃഷ്‌ണന്റെ കഴുത്തിലിടാനുള്ള മാല, കൃഷ്‌ണനെ കാണാതെ എങ്ങനെ സമര്‍പ്പിക്കും?
ഗോപികമാര്‍ ഒന്നൊന്നായി വന്നുതുടങ്ങി. പര്‍ണ്ണശാലകളില്‍, പൂമരച്ചുവട്ടില്‍, പുഴയോരത്ത് – വേലിപ്പടര്‍പ്പിനടുത്ത് – എവിടെയും അവള്‍ ആകാംക്ഷയും അഹ്ലാദവും പരിഭവവും പരാതിയും നിറഞ്ഞ മുഖഭാവങ്ങളായി നില്‍ക്കുന്നു. പലരും കൃഷ്‌ണന്റെ ഓടക്കുഴല്‍ നാദംകേട്ട്, ഓടിവന്നപ്പോള്‍ – ചിലര്‍ അടുക്കളയില്‍ നിന്നുവരുന്നു. അവരുടെ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തെളിഞ്ഞു കാണാം. തൈരുകടയുകയായിരുന്ന ഒരുവള്‍ കയ്യില്‍ കടകോലുമായിട്ടാണ് വന്നിരിക്കുന്നത്. വിശ്രമിക്കുകയായിരുന്ന ഒരുവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് വന്നപ്പോള്‍, വസ്‌ത്രംപോലും നേരെചൊവ്വേയിടാന്‍ മറന്നിരിക്കുന്നു. കുഞ്ഞിന് മുലകൊടുക്കുകയായിരുന്നവള്‍ മാറിടം ശരിക്കും മറക്കാതെ, മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പ് തേയ്‌ക്കാന്‍ തുടങ്ങിയ വേറൊരുവള്‍, കയ്യില്‍ വെറ്റിലയും മറുകയ്യിലെ ചൂണ്ടാണി വിരലില്‍ ചുണ്ണാമ്പുമായിട്ടാണ് വരവ്.
ആകാംക്ഷയും ആഹ്ലാദവും ആളെ നേരില്‍ കാണാനായതിന്റെ സന്തോഷവും നിറഞ്ഞ മുഖഭാവവുമായി നില്‍ക്കുന്ന ഒരു പറ്റം സ്‌ത്രീകള്‍ – ചിലര്‍ ഇപ്പോഴും കൗമാരം പ്രായം പിന്നിട്ടിട്ടില്ലാത്തവര്‍ – ഇനി ചിലര്‍ അമ്മമാര്‍, വിവാഹപ്രായം എത്തി നില്‍ക്കുന്നവര്‍, മദ്ധ്യവയസ്സ് കഴിഞ്ഞവര്‍ – എല്ലാവരെയും പെട്ടെന്നെന്നോണം മുന്നില്‍ കണ്ടതോടെ മാധവന് പരിഭ്രമവും നേരിയ ഭയവും – എന്ത് വേണമന്നറിയാത്ത അനിശ്ചിതത്വവും –
മാധവന്‍ ഓടക്കുഴല്‍ വായന നിര്‍ത്തി, നേരെ പുഴയിലേയ്‌ക്കിറങ്ങുകയായിരുന്നു.
Generated from archived content: radha14.html Author: priya_k
Click this button or press Ctrl+G to toggle between Malayalam and English