പതിമൂന്ന്‌

മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളമിറങ്ങിയിട്ടില്ല. റോഡിലൂടെ നടന്ന്‌ പോവാമെന്ന്‌ മാത്രം. എരുത്തിലെ പശുക്കള്‍ക്ക്‌ നല്ലവണ്ണം പച്ചപ്പ്‌ തിന്നാന്‍ കിട്ടിയിട്ടെത്രനാളായി? ഇനിയും മഴയിങ്ങനെ നീണ്ടാല്‍? പശുക്കള്‍ക്ക്‌ പുല്ല്‌ കിട്ടുന്ന സ്‌ഥലങ്ങളെല്ലാം വെള്ളത്തിലാണ്‌. വെള്ളമിറങ്ങിയാലും ചെളിയും എക്കലും അടിഞ്ഞ്‌, അവിടെ പുതിയ നാമ്പുകള്‍ കിളിര്‍ത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ കുറെ വേണ്ടിവരും.

രാധയ്‌ക്ക്‌ സ്വന്തം അടുപ്പില്‍ തീ പുകയുന്നതിനേക്കാളും വേദന എരുത്തിലെ പശുക്കള്‍ പട്ടിണി കിടക്കുന്നതിലാണ്‌.

‘ഇനി എന്തുചെയ്യും? ഇവറ്റകളിങ്ങനെ പട്ടിണി കിടന്നോണ്ട്‌ നമുക്കെന്തെങ്കിലും കഴിക്കാര്ന്‍ പറ്റ്വോ?. രാധ അവസാനം സഹികെട്ടെന്നവണ്ണമാണ്‌ മാധവനോടിത്‌ പറഞ്ഞത്‌. മാധവന്‍ പറഞ്ഞതിത്ര മാത്രം.

’ഭവത്രാതന്‍ നമ്പൂതിരിയുടെ അടുക്കല്‍ ചെന്ന ഈ നാട്ടിലെ ആള്‍ക്കാരുടെ സ്‌ഥിതിയാലോചിച്ചോ? അവരും അവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളും പട്ടിണിയല്ലെ?‘

വൈകുന്നേരമായപ്പോള്‍ മാധവനൊരു ശുഭവാര്‍ത്തയുമായിട്ടാണ്‌ വന്നത്‌. അങ്ങാടിക്കവലയിലെ കച്ചവടക്കാരന്‍‍ ഇത്താക്കുമാപ്പിള, അയാളുടെ പീടികയില്‍ നിന്ന്‌ അരിയും പലവ്യഞ്ജനവും വാങ്ങിക്കോളാന്‍ ദാമുവാശാനെ ചുമതലപ്പെടുത്തി. ദാമുവാശാന്‍ അവ ഒന്നായിട്ട്‌ വാങ്ങി അമ്പലത്തിന്റെ പിന്നാമ്പുറത്ത്‌ വച്ച്‌ ആവശ്യക്കാര്‍ക്ക്‌ കൊടുക്കും. അമ്പലപ്പറമ്പിന്റെ പിന്നാമ്പുറം കുറെ പൊങ്ങിയ സ്‌ഥലമാണ്‌. വലിയൊരാലിന്റെ ചുവട്ടില്‍ വച്ച്‌ നാട്ടുകാര്‍ക്ക്‌ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്‌. മഴയൊന്ന്‌ കുറഞ്ഞസ്‌ഥിതിക്ക്‌ അവര്‍ക്കൊക്കെ വീടുകളില്‍ നിന്നുവന്ന്‌വാങ്ങാന്‍ പറ്റും. മാധവന്റെ ഉത്സാഹവും ഇതിന്റെ പിന്നിലുണ്ട്‌. സാധനങ്ങള്‍ വാങ്ങുന്നവര്‍ – അതിന്റെ പണം ഇത്താക്കുമാപ്പിളക്ക്‌ സാവകാശം കൊടുത്താല്‍ മതി. അതിന്റെ പേരില്‍ അയാള്‍ ആരോടും കലഹത്തിന്‌ വരില്ല.

ഇത്താക്കു മാപ്പിള പലചരക്ക്‌ സാധനങ്ങള്‍ കൊടുക്കാമെന്ന്‌ പറഞ്ഞത്‌ നാട്ടുകാര്‍ക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. കടമായിട്ട്‌ ഒരു സാധനവും കടയില്‍ നിന്ന്‌ കൊടുക്കാത്ത, അറുത്ത കൈയ്‌ക്ക്‌ ഉപ്പുപോലും കൊടുക്കാന്‍ മടിക്കുന്നയാള്‍ – അങ്ങനെയൊക്കെയാണ്‌ ആക്ഷേപം.

ദാമുവാശാനും മാധവനും ചെന്ന്‌ ഇത്താക്കുമാപ്പിളയെ വീട്ടില്‍ പോയി കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത്‌ ഇത്ര മാത്രം.

’ശരിയാ – അറുത്തകൈയ്‌ക്ക്‌ ഉപ്പുതേക്കാത്തവനാ. പക്ഷേ അതുകൊണ്ടു എന്റെ കട ഇപ്പോഴും ഇങ്ങനെ നടന്നുപോണെ. ഞാന്‍ കൊള്ളലാഭമൊന്നും എടുക്കണില്ല. ടൗണില്‍ ആഴ്‌ചയിലൊരിക്കലോ മറ്റോ പോവുമ്പോള്‍ സാധനങ്ങള്‍ ഒന്നായി വാങ്ങണമെങ്കില്‍ അവിടെ റൊക്കം കാശ് കൊടുക്കണം. കാളവണ്ടിയിലാപോക്ക്‌. അന്നത്തെചെലവും കാളകള്‍ക്കുള്ള തീറ്റയും എല്ലാം കൂടി നോക്കുമ്പം എനിക്ക്‌ വല്ല്യലാഭമൊന്നുമില്ല. അവിടെയെനിക്ക്‌ കടം കിട്ടുകയാണേലും കൊഴപ്പാ – അപ്പം ഞാനിവിടേം ചെലപ്പം കടം കൊടുത്തെന്നിരിക്കും. അറിയാലോ – കടംകൊടുത്താ – പിന്നതിന്റെ കണക്കു സൂക്ഷിക്കാനും ബഹളം കൂട്ടാനുമേ നേരംണ്ടാവൂ. പക്ഷേ – ഇങ്ങനത്തെ ഒരു ബുദ്ധിമുട്ടൊക്കെ ഒണ്ടാവുമ്പോ – ഞാന്‍ റൊക്കം പണംന്ന്‌ പറഞ്ഞിരിക്കാന്‍ എന്റെ മനസ്സ്‌ സമ്മതിക്കില്ല. ഈ മേടിക്കണോരൊക്കെ കൊറെ കഴിഞ്ഞിട്ടാണേലും തിരിച്ചു തരും. അതെനിക്കൊറപ്പുണ്ട്‌ അതോണ്ട്‌ – സാധനങ്ങളാവശ്യമുള്ളോര്‌ വന്നോളിന്‍ മടിക്കേണ്ട.

ദാമുവാശാന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ‘ആപത്തു കാലത്താ ഈശ്വരന്‍ യഥാര്‍ത്ഥ മനുഷ്യനെ കാണുച്ചുതരണെ’ ദാമുവാശാന്‍ പറഞ്ഞതത്ര മാത്രം.

ഇപ്പോള്‍ ഇളിഭ്യനായത്‌ നാട്ടിലെ വലിയ ജന്മിയെന്നു പേരുകേട്ട ഭവത്രാതന്‍ നമ്പൂതിരിയാണ്‌. രാവിലേം വൈകിട്ടും തേവരെതൊഴുകലും ഈശ്വരഭജനയും നടത്തുന്നവനായിട്ടും – അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മനസ്സ്‌ തുറന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ – പിന്നയാളെന്ത്‌ ഈശ്വരവിശ്വാസിയാ-‘

ദാമുവാശാന്റെ ആ പറച്ചില്‍ കൂടിയായതോടെ – നാട്ടുകാരൊന്നടങ്കം നമ്പൂതിരിയുടെ അടുക്കല്‍ ഇനി പട്ടിണികിടന്ന്‌ ചാവുമെന്ന അവസ്‌ഥ വന്നാലും പോവില്ലാന്ന്‌ തീരുമാനിച്ചു. അയാളതും കെട്ടിപ്പിടിച്ചോണ്ട്‌ കെടന്നോട്ടെ. നമ്പൂതിരിയുടെ സില്‍ബന്ധികള്‍ വഴി വിവരമറിഞ്ഞതോടെ ഇനി ഇവിടുന്ന്‌ കുറെ നാളത്തേയ്‌ക്കെങ്കിലും ഒന്ന്‌മാറുന്നതാ നല്ലതെന്ന്‌ തോന്നി. ഇപ്പോഴും അയാളുടെ ദേഷ്യം മുഴുവനും മാധവനോടാണ്‌. ആ കാലിചെക്കന്‍ വന്നതോടയാണീ കൊഴപ്പം. മോനെ തല്ലിച്ചതക്കല്‍, നാട്ടുകാരുടെ മുന്നില്‍ വച്ച്‌ താനപമാനിതനാവല്‍ – അവനെയൊന്ന്‌ മര്യാദ പഠിപ്പിക്കാനെന്താവഴി? എന്തെങ്കിലും വഴി തെളിഞ്ഞുവരാതിരിക്കില്ല. അങ്ങനെ സമാധാനിക്കാനേ കഴിഞ്ഞുള്ളൂ.

നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ക്ക്‌ കുറെയൊക്കെ പരിഹാരമായെങ്കിലും പശുക്കളുടെ കാര്യം – അവയ്‌ക്കെന്ത്‌ തിന്നാന്‍ കൊടുക്കും? ആലയോടു ചേര്‍ന്നുള്ള ചാര്‍ത്തില്‍ നേരത്തേ കരുതലെന്നപോലെ സൂക്ഷിച്ചിരുന്ന പുല്ലും വയ്‌ക്കോലും ഒക്കെതീരാന്‍ പോകുന്നു. പിണ്ണാക്കും തവിടും ചേര്‍ത്തുള്ള വെള്ളം മാത്രം കൊടുത്തത്‌ കൊണ്ടായില്ലല്ലൊ. നല്ല പച്ചപ്പുല്ലു തിന്നാലേ കാലികള്‍ക്ക്‌ ഉണര്‍വുണ്ടാവൂ. രാധയുടെ ആശങ്ക അതായിരുന്നു. മാധവന്റെ അഭിപ്രായവും അത്‌ തന്നെയാണ്‌, പക്ഷേ അതിനെന്ത്‌ മാര്‍ഗ്ഗം.

’ചെറിയതോതില്‍ മഴ ഇപ്പോഴും പെയ്യുന്നു. അല്ലെങ്കില്‍ പശുക്കളെ പുഴയോരത്തുള്ള പുല്‍പ്പറമ്പിലോ, മറ്റെവിടെങ്കിലും‘ കൊണ്ടുപോവാരുന്നു രാധയ്‌ക്കത്‌ മുഴുവാനാക്കേണ്ടി വന്നില്ല.

’എന്തറിഞ്ഞോണ്ടാണ്‌ രാധയീപ്പറേണെ? പുഴയോരത്തുള്ള പുല്‍പ്പറമ്പിലും വഴിയരികിലും ഒക്കെവെള്ളം നിറഞ്ഞുകെടക്കുവാ. ആകെ ഇനി ഒരു മാര്‍ഗ്ഗേയുള്ളു. പക്ഷേ, അങ്ങോട്ടെങ്ങനെപോവും? ഈ വെള്ളക്കെട്ടീക്കടെ പശുക്കളെ കൊണ്ടുപോവാന്‍ പറ്റ്വോ?.

‘എവിടാ – സ്‌ഥലം?’

‘ഇവിടെ റോഡ്‌ തിരിയേണടത്ത്‌ നിന്ന്‌ വലത്തോട്ട്‌ മേലോട്ടൊരു വഴിയില്ലെ? ആ വഴി ചെല്ലണത്‌ ഒരു കുന്നിന്‍ പുറത്തേയ്‌ക്കാ. നമ്മളൊരുതവണ അവിടെ പോയകാര്യം മറന്നോ? ആ കുന്നിന്റെ അങ്ങേച്ചെരുവില്‍ നല്ല പുല്ലൊണ്ട്‌. ചെളിയും ചേറുമില്ലാത്ത സ്‌ഥലം.

’പക്ഷേ, അങ്ങോട്ടെങ്ങനെ പോവും ? ഇത്‌റ്റങ്ങള്‌ വരോ?‘ മാധവനതിനൊന്നും മറുപടി പറഞ്ഞില്ല പക്ഷേ, ആ മുഖം കണ്ടാലറിയാം, എന്തോ മാര്‍ഗ്ഗം ആലോചിക്കുവാണെന്ന്‌. എരുത്തിലേയ്‌ക്ക്‌ മാധവനും രാധയും ചെന്നതേയുള്ളു. പശുക്കള്‍ തലയാട്ടുകയും ചെറിയതോതില്‍ നിലവിളിക്കുകയും ചെയ്യുന്നു.

നന്ദിനിപ്പശു – കഴിഞ്ഞതവണ ഭവത്രാതന്‍ നമ്പൂതിരിയുടെ ആലയില്‍ കുറെസയം ചെലവഴിച്ച ആ പശു – അതിന്റെ കണ്ണില്‍ക്കൂടി വെള്ളമൊഴുകുന്നത്‌ കണ്ടപ്പോള്‍ മാധവനു സഹിച്ചില്ല.

’ഒരാഴ്‌ചയായിട്ട്‌ – ഇവിടെയിതേ നില്‌പാണ്‌. ഉണക്കപ്പുല്ലും വയ്‌ക്കോലും കാടിവെള്ളവും, ഒക്കേന്റെയും ഉന്മേഷം കെട്ടിരിക്കുന്നു. അതും പറഞ്ഞ്‌ മാധവന്‍ ആലയിലേയ്‌ക്ക്‌ കടന്നു. ഓരോന്നിന്റെയും താടയിലും മുഖത്തും – നെറ്റിയിലുമൊക്കെ തലോടി. കാലിവര്‍ഗ്ഗമാണേലും – വന്നുപെട്ട ബുദ്ധിമുട്ടുകള്‍ അവറ്റയ്‌ക്കും ബോദ്ധ്യമുണ്ടെന്ന്‌ തോന്നുന്നു. പരസ്‌പരം ദുഃഖം പങ്കുവച്ചുള്ള നില്‌പായിരുന്നു, അനങ്ങാതെ അല്‌പനേരം. രാധ ഓരോന്നിനും വിളിച്ച്‌ വെള്ളം കൊടുക്കുമ്പോഴും അവളുടെ മുഖവും ദുഃഖസാന്ദ്രമായിരുന്നു. കരയുന്നില്ലെന്ന്‌ മാത്രം. പെട്ടെന്നാണ്‌ മാധവന്‍ ഒരു ചോദ്യം രാധയോട്‌ – ഓര്‍ക്കാപ്പുറത്തെന്നോണം.

‘നമുക്കവിടംവരെയൊന്ന്‌ പോയാലോ?’

‘എവിടെ-?

’ഞാന്‍ പറഞ്ഞില്ലെ – ഈ റോഡിന്റെ അങ്ങേയറ്റത്തുള്ള വഴിയെ മേലോട്ട്‌ കയറി കുന്നിന്റെ മണ്ടയ്‌ക്ക്‌-

‘പക്ഷേ – അവിടം വരെങ്ങനെപോവും? ഞാനും ഇപ്പഴാ ഓര്‍ത്തെ – ആ കുന്നിന്‍പുറത്തേയ്‌ക്ക്‌ കയറേണേന്‌ മുന്നെ ’ഒരു തോടില്ലെ? ആ തോട്ടില്‍ കഷ്‌ടിച്ച്‌ നമുക്കൊക്കെ ഇറങ്ങിക്കയറാര്‍ പറ്റും – ഇത്‌ങ്ങളോ?

വീണ്ടും മൗനത്തിലാണ്ടുനില്‍ക്കുന്ന മാധവന്‍. എന്തെങ്കിലും ഒരു പോംവഴി കണ്ടുപിടിച്ചേപറ്റു-

‘രാധ – വേഗം വീട്‌ പൂട്ടി വാ – എന്നിട്ട്‌ ഇത്‌റ്റുങ്ങളെ അഴിച്ച്‌ വിട്‌ – മാര്‍ഗ്ഗൊണ്ട്‌.’

‘മാര്‍ഗ്ഗോ-? എങ്ങനെ?’

‘വാന്ന്‌ – നമുക്ക്‌ നോക്കാം -’

തലയിലൊരു തുണികൊണ്ട്‌ ഒരുകെട്ട്‌ – അതിന്റെ മേലെ തൊപ്പിപോലെ ഒന്ന്‌ – മാധവന്‍ അങ്ങുദൂരെ നഗരത്തില്‍ നിന്ന്‌ വന്നപ്പോള്‍ കൊണ്ട്‌വന്നതാണ്‌. ഇപ്പോഴാണ്‌ ഉപയോഗിക്കുന്നതെന്ന്‌ മാത്രം. പിന്നെ പതിവുള്ള വേഷം – ഒരു ഷര്‍ട്ട്‌ – മുണ്ട്‌ – ഷര്‍ട്ടിന്റെ താഴത്തെ പോക്കറ്റില്‍ സന്തതസഹചാരിയായ ഓടക്കുഴല്‍. രാധ കയ്യിലൊരു അരിവാളും ഒരു കൊട്ടയും – ചെറിയൊരു കുട – പശുക്കളെ അഴിച്ച്‌വിട്ടപ്പോള്‍ മുറ്റത്തേയ്‌ക്കിറങ്ങാന്‍ കാണിച്ച ഉത്സാഹം – പിന്നെ മുന്നോട്ട്‌ കണ്ടില്ല. പക്ഷേ മാധവനെ മുന്നില്‍ കണ്ടതോടെ അവറ്റകളുടെ ഉത്സാഹംകൂടി. വെള്ളത്തില്‍കൂടി കുറെ ബുദ്ധിമുട്ടിയാണെങ്കിലും അവറ്റകള്‍ നടന്നു. കൂടെ മുതിര്‍ന്ന പശുക്കിടാങ്ങളെയും കൂട്ടിയിട്ടുണ്ട്‌. വെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ടാണ്‌ അവറ്റയുടെ നടത്തം. എപ്പോഴെങ്കിലും റോഡരികിലെ കാനയിലേയ്‌ക്കോ – അങ്ങ്‌താഴെ പുഴത്തീരത്തേയ്‌ക്കോ പോകുമ്പോള്‍, മാധവന്‍ തന്റെ മാന്ത്രിക ദണ്ഡെടുക്കുന്നു. ഓടക്കുഴല്‍ ചുണ്ടത്ത്‌ വയ്‌ക്കേണ്ട താമസമേയുള്ളു – അവ ഓട്ടം നിര്‍ത്തി. മാധവ​ന്റെ അടുക്കലേയ്‌ക്ക്‌, നനഞ്ഞ്‌ കുളിച്ചാണെങ്കിലും കുറെ നേരത്തെ നടത്തികൊണ്ട്‌ റോഡരികിലുള്ള കുന്നിന്‍ ചെരുവിലേയ്‌ക്കുള്ള വഴിതിരിയുന്നിടത്തെത്തി. തോട്ടില്‍ നിറയെ വെള്ളം. എങ്ങനെ അക്കരെ കടക്കും?

തോട്ടില്‍ ആദ്യം മാധവന്‍ തന്നെയിറങ്ങി. മുട്ടിനുമേലെ വെള്ളമുണ്ടെങ്കിലും ഒഴുക്കിന്‌ ശക്തിയില്ല. കാലുറപ്പിച്ച്‌ നില്‍ക്കാന്‍പറ്റും. ഓടക്കുഴല്‍ എളിയില്‍ തിരുകി ആദ്യം രാധയെ കൈപ്പിടിച്ച്‌ – അല്‌പം ബലം പ്രയോഗിച്ച്‌ തോട്ടിനക്കരെ കയറ്റി. പിന്നെ പശുക്കിടാവുകള്‍ രണ്ടെണ്ണത്തിനെയും മാറോട്‌ ചേര്‍ത്ത്‌ പിടിച്ച്‌, അപ്പുറം നില്‍ക്കുകയായിരുന്ന രാധയെ ഏല്‌പിച്ചു. പശുക്കിടാങ്ങള്‍ അപ്പുറതെത്തിയതോടെ, ആദ്യം ഒന്നുമടിച്ച്‌ നിന്ന പശുക്കളോരോന്നും തോട്ടിലേയ്‌ക്കിറങ്ങി. കഴുത്തിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കയറിന്മേല്‍ പിടിച്ച്‌ മാധവന്‍ ഓരോന്നിനേം അക്കരെ കയറ്റി. അപ്പുറം കയറിയതോടെ അവയുടെ ഉത്സാഹം ഇരട്ടിച്ചു. മേലോട്ടുള്ള വഴിയിലൊരിടത്തും വെള്ളം കെട്ടികിടക്കുന്നില്ല. വഴിയോട്‌ ചേര്‍ന്ന്‌ ചിലയിടത്തൊക്കെ പുല്ല്‌വളര്‍ന്ന്‌ നില്‌പുണ്ട്‌. അത്‌ തന്നെ ധാരാളം മതിയായിരുന്നു, പശുക്കള്‍ക്ക്‌ ഉണര്‍വ്‌ കിട്ടാന്‍. ആദ്യം കാണുന്ന ഓരോ നാമ്പും കടിക്കും. പിന്നെ മുന്നോട്ട്‌ – കുന്നിന്റെ മണ്ടയില്‍ എത്തിയപ്പോഴേയ്‌ക്കും പലതും കിതച്ചു. എങ്കിലും അപ്പുറവും നിറയെ പുല്ലാണെന്ന്‌ കണ്ടതോടെ അവയുടെ ക്ഷീണമകന്നു. അപ്പുറത്ത്‌ ചെറിയൊരു നീരൊഴുക്ക്‌. പശുക്കളില്‍ ഒന്നുരണ്ടെണ്ണം അതിനടുത്ത്‌ ചെന്ന്‌ – ആദ്യം ഒന്ന്‌ മണത്തുനോക്കി അഴുക്കില്ലാത്തവെള്ളമാണെന്നറിഞ്ഞതോടെ, അവറ്റകള്‍ കുറെവെള്ളം കുടിച്ച്‌ നടന്നുവന്നു ക്ഷീണമകറ്റി. പിന്നെപതിയെ പുല്‍മേടുകളിലേയ്‌ക്ക്‌ തിരിഞ്ഞു.

രാധ അത്‌ഭുതം കൂറുകയായിരുന്നു.

‘നോക്കൂ – അവിടെയാ മരച്ചുവട്ടില്‍ നിന്നാല്‍ ഒരുതുള്ളി പോലും ദേഹത്തു വീഴില്ല. നമ്മള്‍ മുമ്പിവിടെ വന്നപ്പോള്‍ ഇതൊക്കെ കണ്ടതായിരുന്നു. എന്തോ – ഞാനതോര്‍ത്തില്ല.

മഴ നനയാതെയും പുല്ലുതിന്നാന്‍ പറ്റും എന്നായപ്പോള്‍ പശുക്കളുടെ ഉത്സാഹം ഒന്നുകൂടി ഇരട്ടിച്ചു. പിന്നെ ഓരോന്നും അവരവര്‍ക്കിഷ്‌ടമുള്ള സ്‌ഥലത്തേയ്‌ക്ക്‌ തിരിച്ചു. ഒരാഴ്‌ചക്കാലം ശരിക്കും പച്ചപ്പുകാണാതെ കിടക്കുകയായിരുന്നല്ലൊ.

കുന്നിനോട്‌ ചേര്‍ന്നുള്ള മരച്ചുവട്ടില്‍ തന്നെ കൃഷ്‌ണന്‍ സ്‌ഥനമുറപ്പിച്ചു. രാധ കയ്യില്‍ കരുതിയിരുന്ന കാപ്പിപ്പാത്രവും ഗ്ലാസും താഴെവച്ച്‌ കാപ്പി പകര്‍ന്ന്‌ മാധവന്‌ കൊടുത്തു.

പക്ഷേ മാധവന്‍ അതിനെക്കാളൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചത്‌ തന്റെ സന്തതസഹചാരിയായ ഓടക്കുഴലിലാണ്‌.

ഓടക്കുഴല്‍ മാധവന്‍ കയ്യിലെടുത്തു എന്ന്‌ കണ്ടതോടെ രാധയും പകര്‍ന്ന്‌വച്ച കാപ്പി ഗ്ലാസുകള്‍ അതേപടി അവിടെ വച്ചു മാധവന്റെ അടുത്തേയ്‌ക്ക്‌ നീങ്ങി. രാധ ഇതേവരെ കേട്ടിട്ടില്ലാത്ത ഒരു ഗാനമാണ്‌ മാധവന്‍ ഓടക്കുഴലിലൂടെ ആലപിച്ചത്‌. അവിടെ ഭക്തിക്കല്ല പ്രാധാന്യം. ആ നാദം രോമകൂപങ്ങളെ എഴുന്ന്‌ നിര്‍ത്തുന്നു. സിരകളിലെ രക്തത്തിന്‌ ചൂട്‌പിടിക്കുന്നത്‌ പോലുള്ള അനുഭവം. മനസ്സില്‍ നിറയുന്നത്‌ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി. അറിയാതെ എന്നവണ്ണം അവള്‍ ചുവടുകള്‍ വച്ചു. നര്‍ത്തനത്തിന്റെ ബാലപാഠംപോലും മനസ്സിലാക്കിയിട്ടില്ലാത്ത രാധ, പാട്ടിന്റെ താളലയങ്ങള്‍കൊണ്ട്‌ ചുവടു വയ്‌ക്കുന്നത്‌ അദ്‌ഭൂതാഹ്ലാദങ്ങളോടെ മാധവന്‍ നോക്കിക്കണ്ടു.

മാധവന്റെ വയനയും സന്ദര്‍ഭത്തിനൊത്ത്‌ പുതിയ പുതിയ രാഗങ്ങള്‍ തേടി. അവിടെ പ്രണയത്തിന്‌ പുതിയ മാനം നല്‍കി. കാല്‌പനികതയുടെ മാന്ത്രികധ്വനി ആ രാഗത്തില്‍ തുടിച്ചു നിന്നു. രാധയുടെ ചുവടുവയ്‌പുകള്‍ ഇപ്പോള്‍ ലാസ്യഭാവത്തില്‍ നിന്നുണര്‍ന്ന്‌ സാവകാശം വീണ്ടും പുതിയ പുതിയ ഭാവങ്ങളിലേയ്‌ക്ക്‌ തിരിയുകയായിരുന്നു.

അവളുടെ ചുവടുവയ്‌പുകള്‍ക്ക്‌ ദ്രുതതാളമുണ്ട്‌. കണ്ണുകള്‍ ദൂരെയെവിടെയോ നില്‍ക്കുന്ന കാമുകനെ തേടിയലഞ്ഞു. പിന്നെ പെട്ടെന്നെന്നോണം-

പിന്നെ രാധയുടെ നര്‍ത്തനവേദി ഇന്ദ്രസദസ്സിലെ നൃത്തമണ്ഡപമായി മാറിയത്‌ അവളറിയാതെ പോയി.

അവളുടെ ചുവടുവയ്‌പുകള്‍ ഒരൊറ്റയാളെ ലക്ഷ്യമാക്കിയായിരുന്നു. ഇപ്പോള്‍ ഇന്ദ്രസദസ്സിലാണെങ്കിലും ലക്ഷ്യം ഇന്ദ്രനല്ല. വേണുഗാനമുതിര്‍ക്കുന്ന ഗായകന്‍. അവിടെയാഗായകനും അവളോടൊപ്പം നൃത്തമാടുന്നു. വേണുവൂതികൊണ്ടുതന്നെ. അവിടെ വേദിക്ക്‌ മുന്‍പിലിരിക്കുന്നവര്‍ അമ്പരക്കുന്നു. ഇവിടെ ഗായകനെന്ത്‌ പ്രസക്തി? നൃത്തമാടുന്നവളോടൊപ്പം ചുവടുവയ്‌ക്കാന്‍ ഇവനോടാരു പറഞ്ഞു. പക്ഷേ അവരുടെ ചോദ്യരൂപേണയുള്ള നോട്ടങ്ങള്‍, അസഹിഷ്‌ണത – അവരുടെ മുഖത്തുദിച്ചുയരുന്ന കോപംകലര്‍ന്നഭാവം – അതൊന്നും രാധയേയും മാധവനേയും ഏല്‍ക്കുന്നില്ല. നൃത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. ഋതുക്കള്‍ പലതും മാറിമാറിവരുന്നു. വസന്തവും ഹേമന്തവും ശിശിരവും ഗ്രീഷ്‌മവും – ഓരോന്നായി വന്നുപോയി. പക്ഷെ മാധവനും രാധയും ഇതൊന്നുമറിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം എന്നും വസന്തമാണ്‌. പൂക്കളുടെ സൗരഭ്യമാണ്‌. ആ സൗരഭ്യം ചുറ്റിനും പരത്തുന്ന സുഗന്ധവാഹിയായ കുളിര്‍കാറ്റ്‌. കല്‌പാന്തകാലത്തോളം നീണ്ടുനിന്നേക്കാവുന്ന ഈ രാഗതാളലാസ്യനൃത്തോത്സവം – പക്ഷേ – ഏത്‌ തുടക്കത്തിനും ഒരവസാനമുണ്ട്‌. ആനന്ദതാണ്ഡമാടുന്ന വേളയില്‍ രാധ – മാധവന്റെ മാറോട്‌ ചേര്‍ന്ന്‌, മാധവന്റെ കാലുകളില്‍ തന്റെ കാലുകളുറപ്പിച്ച്‌ പിന്നെ ഉപ്പൂറ്റിയിലൂന്നി – ചുണ്ടുകള്‍ അവന്റെ വേണുവില്‍ പതിഞ്ഞചുണ്ടുകളിലേയ്‌ക്കമര്‍ത്തി. സന്ദര്‍ഭത്തിനൊത്ത്‌ മാധവനുയര്‍ന്നു. ഓടക്കുഴല്‍ ഒരുകൈകൊണ്ട്‌ എളിയില്‍ തിരുകി, മറ്റെക്കയ്യ്‌കൊണ്ട്‌ അവളെ ബലമായ്‌ ചേര്‍ത്ത്‌ തന്റെ അധരപാനം തേടിവരുന്ന ചുണ്ടുകളിലേയ്‌ക്ക്‌ മുഖമമര്‍ത്തി. കാലം സാക്ഷിയായി നിന്നു. ഋതുക്കള്‍ പിന്നെയും വന്നു പോയുമിരുന്നു. പക്ഷേ രാധയെ സംബന്ധിച്ചിടത്തോളം – ഈ രാഗോല്‍സവ നൃത്തമാടുന്ന ഋതു. ആ ഋതു നഷ്‌ടപ്പെടാതിരിക്കാനായി അവള്‍ മാധവന്റെ ദേഹത്തേയ്‌ക്ക്‌ പടര്‍ന്നുകയറി. മുല്ലവള്ളി ആലംബത്തിനായി കണ്ടുപിടിച്ച തേന്മാവ്‌. സുഗന്ധമുതിര്‍ക്കുന്ന പൂക്കള്‍. പുഷപവൃഷ്‌ടികൊണ്ട്‌ അലംകൃതമായ ശയ്യയില്‍ അവര്‍ ആലിംഗനബദ്ധരായി കിടന്നു.

ആ കിടപ്പ്‌ എത്രനേരം കിടന്നു? രാധയ്‌ക്കറിയില്ല. മാധവനും, കമിതാക്കളുടെ ഇംഗിതമറിഞ്ഞ്‌ പ്രകൃതി അവര്‍ക്ക്‌ തണലും വിശ്രമവും നല്‍കി. ദാഹാര്‍ത്തയായ ഭൂമി കാത്തിരിക്കുകയായിരിന്നു. കന്നിമണ്ണിലാണ്‌ വിത്തിറക്കിയതെന്ന്‌ മാത്രമേ കാലത്തിന്‌ പറയാനുള്ളു.

Generated from archived content: radha13.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English