മഴക്കാലത്തിന്റെ ആരംഭമായതേ ഉള്ളു. പക്ഷേ, നിർത്താതെയുള്ള മഴ എല്ലാ ദിനചര്യകളേയും തെറ്റിക്കുന്നു. പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്ക് ആദ്യമുണ്ടായ ഉത്സാഹം മഴ ശക്തമായതോടെ പറന്നകന്നു. ആദ്യം നിരത്തുകളിലും വഴിയരികിലും നിന്ന് മഴ കൊള്ളാൻ ഉത്സാഹം കാണിച്ചവർ ഇപ്പോൾ വീട്ടിനകത്ത് നിന്നു പുറത്തിറങ്ങുന്നതേയില്ല. കുളിക്കടവിലെ കുളിയും തുണിയലക്കലും നിലച്ചു. ആദ്യം പുഴകവിഞ്ഞു നിരത്തുകളിലേയ്‌ക്ക് കയറിയ വെള്ളം ഇപ്പോൾ വീട്ട് മുറ്റത്തേയ്‌ക്കും കടന്നിരിക്കുന്നു. ഭഗവാൻ കൃഷ്‌ണൻ സാഗരതീരത്ത് ദ്വാരകവാസിയായതിനാൽ മഴയെ കൂടുതൽ ഇഷ്‌ടപ്പെട്ടെന്നോ? അമ്പലമുറ്റത്തും ശ്രീകോവിലിന് മുന്നിൽ വരെയും വെള്ളം കയറി.
‘വിഗ്രഹം ഇവിടെത്തന്നെയിരുന്നാൽ മതിയോ?’
എമ്പ്രാന്തിരി – ദാമുവാശാനോട് ചോദിച്ചു.
‘പിന്നെവിടെ വയ്‌ക്കാനാ? ഇനി ഇവിടെ നിന്നെങ്ങോട്ടെങ്കിലും എടുത്തൊന്ന് വയ്‌ക്ക്വാ? തിരിച്ചുകൊണ്ടുവരുമ്പോൾ ശുദ്ധികലശം വരെ നടത്തേണ്ടേ? പിന്നെ അതിനുള്ള പൂജകൾ, അത് നടത്താൻ പുറമേന്ന് തന്ത്രിമാരേയും പൂജാരിമാരെയും – വേണ്ട – വെള്ളം, ദാ ഇവിടെ വരെ വന്ന് പിന്നെ ഇറങ്ങിക്കോളും.’
വെള്ളം ശ്രീകോവിലിനകത്തേയ്‌ക്ക് കയറിയില്ലെങ്കിലും മഴ പിന്നെയും ശക്തമായിത്തന്നെ പെയ്‌തുകൊണ്ടിരുന്നു. പുഴത്തീരത്ത് താമസിക്കുന്നവരും റോഡിന്നരികിലും തോടിന്നിരുവശവും താമസിക്കുന്നവരും ആദ്യമൊക്കെ വീട്ടിന്നകത്തേയ്‌ക്ക് ഉൾവലിഞ്ഞെങ്കിലും പിന്നെ അമ്പലപ്പറമ്പിലും നാട്ടിലെ ഏക സ്‌കൂളിലും പിന്നെ പൊക്കമുള്ള പ്രദേശങ്ങളിലും പരിചയക്കാരുടെ വീടുകളിലും ചായ്‌പുകളിലുമായി തമ്പടിക്കേണ്ടിവന്നു. ആദ്യമാദ്യമൊക്കെ വീട്ടിനുള്ളിൽ കഴിഞ്ഞവർ. നേരത്തേ കുരുതി വച്ചിരുന്ന നെല്ലും അരിയും പയറും മുതിരയുമൊക്കെയായി മഴയിപ്പോൾ മാറും എന്ന ധാരണയിൽ കഴിഞ്ഞുകൂടി. മഴ ഇടവിടാതെ പെയ്യുകയും പുറത്തേക്കിറങ്ങാൻ പറ്റാതെ വരികയും ചെയ്‌തപ്പോൾ പലർക്കും നാട്ടിലെ ജന്മിയുടെ വീട്ടിൽ സഹായത്തിനായി പോവേണ്ടി വന്നു.
ജന്മിയുടെ മകനെ പുഴക്കടവിൽ വച്ച് നാട്ടുകാർ പലരും കാൺകെ ഉപദ്രവിച്ച ഓർമ്മ – ഇനിയും വിട്ടുമാറിയിട്ടില്ല. ജന്മിയുടെ പ്രതികരണം എന്തായിരിക്കും? ആശങ്കപ്പെട്ടവരുടെ കൂട്ടത്തിൽ നമ്പീശനും അമ്പലത്തിനെതിരെ ചായക്കട നടത്തുന്ന നളിനാക്ഷൻ നായരും സർവ്വോപരി അങ്ങാടിക്കവലയിൽ പെട്ടിക്കട നടത്തുന്ന മാത്തുക്കുട്ടിയും. ചിന്നംചിന്നം പെയ്യുന്ന മഴയത്ത് വരാന്തയിലേയ്‌ക്ക് കയറി വന്ന് ദൈന്യതകലർന്ന ഭാവത്തോട നിൽക്കുന്ന നാട്ടുകാരെ പലരെയും കണ്ടപ്പോൾ – ആദ്യമൊക്കെ അവരോട് തന്റെ മകനെ ഭേദ്യം ചെയ്‌തപ്പോൾ അനങ്ങാതെ നിന്നവരോട് ഇപ്പോഴാണ് പകരം ചോദിക്കാൻ പറ്റിയ അവസരമെന്ന് കരുതി, വന്നവരാണെന്നോ, അവരുടെ ആവശ്യമെന്തെന്ന് തിരക്കാതെ മുന്നിൽ നിവർത്തിവച്ച ഒരു വലിയ പുസ്‌തകത്താളിൽ മിഴിയും നട്ട് അനങ്ങാതെയിരുന്നതേ ഉള്ളു. പക്ഷേ, വന്നവരൊന്നും മിണ്ടുന്നില്ല. ജന്മി പുലിക്കോട്ടിൽ ഭവത്രാതൻ നമ്പൂതിരി അവരെ ഗൗനിക്കുന്നെ ഇല്ല. ഈ അവസ്‌ഥ കുറെനേരം നീണ്ടപ്പോഴാണ്, മാധവന്റെ വരവ്. മാധവൻ വന്നത്, മറ്റൊന്നിനുമല്ല, വീട്ടിലെ കാലിക്കൂട്ടങ്ങളിൽ നല്ലകറവയുള്ള നന്ദിനിപ്പശു വഴിതെറ്റി എങ്ങനെയോ മഴയത്ത് ഇവിടെ വന്നുപെട്ടു. അതിനെ ആലയിലാക്കി എന്ന് കേട്ട് അന്വേഷിക്കാൻ വന്നതായിരുന്നു. മറ്റുള്ളവരെല്ലാം, മഴയും നനഞ്ഞ് വരാന്തയിലും മുറ്റത്തുമായി നിന്നപ്പോൾ മാധവൻ, അയാൾ മഴ നനയാതെ ചൂടി വന്ന വലിയ വാഴയില – വരാന്തയോട് ചേർത്ത് പടിയിന്മേൽ വച്ച് കൂസലില്ലാതെ നമ്പൂരിയുടെ മുന്നിലേയ്‌ക്ക് വരികയായിരുന്നു.
‘എന്താ-? താനാരാ?
’ഞാൻ – ഞാൻ മാധവൻ. മുമ്പിവിടുണ്ടായിരുന്ന ദേവകിയമ്മയുടെ മകനാണ്.‘
ഭവത്രാതൻ നമ്പൂരിപ്പാട് കണ്ണടയുടെ ഇടയിൽ കൂടി ഒന്നു തറപ്പിച്ചു നോക്കി. വിശ്വാസം വരാത്ത ഒരു നോട്ടം. പക്ഷേ അടുത്ത നിമിഷം ആ നോട്ടത്തിന് തീക്ഷ്‌ണത കൂടി.
’ഓ – മനസിലായി – ദൂരെയെവിടുന്നോ വലിഞ്ഞു കേറി വന്നവൻ. കയ്യിലിത്തിരി ചട്ടമ്പിത്തരോമായിട്ടാ വരവ് – അല്ലെ? തല്ലും പിടിയും ഒണ്ടാക്കി – ഇവിടം കൊളമാക്കനാണോ ഭാവം?‘ നമ്പൂരിപ്പാട് ഒന്ന് നിർത്തി. ചുറ്റുമുള്ളവരെ മാറി മാറി നോക്കി. ആരും ഒന്നും മിണ്ടുന്നില്ല. തന്റെ മോനെ ഇവൻ തല്ലിനോവിച്ചപ്പോൾ അനങ്ങാനെ നിന്നവർഗ്ഗം – ഇവറ്റകൾക്കാണിപ്പോൾ ഞാൻ സഹായം ചെയ്യണ്ടെ? പെട്ടെന്നായിരുന്നു അയാളുടെ ഭാവമാറ്റം.
’എറങ്ങിക്കോണം ഒക്കെയും മ്പ്‌ടെന്ന് – നിങ്ങൾക്ക് ഭക്ഷണം തരാൻ – ഇതെന്നാ സത്രാ-? മഴപെയ്യുമ്പോഴും ദീനം വരുമ്പോഴും – ഒക്കേനേം കെട്ടിയെടുക്കാൻ – ന്താദ് -? ബ്‌ടെന്നുമില്ല. വേഗം സ്‌ഥലം കാലിയാക്ക്-‘ ചുറ്റും കൂടിനിന്നവർ – മുറ്റത്തും പടിപ്പുരയിലും ഓലക്കുടകളിലും വെട്ടിയ വാഴയിലകൾ ചൂടിവന്നവരും – ഒന്ന് പിന്നോക്കം വലിഞ്ഞു. പലർക്കും മാധവനോടാണിപ്പോൾ ദേഷ്യം. എന്തിനിവനിപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തു? കരപ്രമാണിമാരും കരയോഗക്കാരും കൂട്ടുണ്ടെന്ന ഹുങ്കാണൊ? ജന്മിയദ്ദേഹം എന്തെങ്കിലും തന്ന് സഹായിച്ചേനെ. അതില്ലാതാക്കാനാ ഇവന്റെ പുറപ്പാട് – പടിക്കലേയ്‌ക്ക് നീങ്ങിയ ചിലരെങ്കിലും മാധവൻ തിരിച്ചു വരുന്നതിന് വേണ്ടി കാത്തിരുന്നു.
’ശരിക്കും ഒന്നു പെടയ്‌ക്കണം -‘ അങ്ങനെ കരുതിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, എല്ലാവരും പിൻവാങ്ങിയിട്ടും മാധവനവിടെത്തന്നെ നിന്നതേ ഉള്ളു. ഭവത്രാതൻ നമ്പൂരിപ്പാടിന്റെ ദേഷ്യമിരട്ടിക്കാൻ വേറൊന്നും വേണ്ടിവന്നില്ല.
’ന്താ-ടോ? – തനിക്കെന്നാ കൊമ്പുണ്ടോ? അതോ താനെന്നെയും തല്ലാൻ വന്നതാണോ?‘
’ഞാൻ വന്നതതിനൊന്നുമല്ല. എനിക്കൊരു സഹായോം വേണ്ട. ഇവിടെ – ഞങ്ങടെ ഒരു പശുവിനെ അമ്പലമുറ്റത്ത് നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നെന്നറിഞ്ഞു. അതിനെ വിട്ടുതരണം‘ ഭവത്രാതൻ നമ്പൂരിയുടെ ശബ്‌ദത്തിൽ കനം വയ്‌ക്കാൻ അത് ധാരാളം മതിയായിരുന്നു.
’ഫ്‌ഫ! – എരപ്പേ – നിന്റെ പശുവോ? അതാ കഴകക്കാരീടെ പശുവല്ലെ? അതിങ്ങോട്ടു വന്നതിന് ഞാനെന്നാ വേണം?-‘
’ഇങ്ങോട്ട് വന്നതല്ല – ഇങ്ങോട്ടോടിച്ചുകൊണ്ടുവന്നതാ-‘ മാധവനും തെല്ലുമില്ല കൂസൽ.
’എന്താ – താൻ കണ്ടോ? – ന്നാ – ങ്ങോട്ട് കൊണ്ട് വന്നതാണെന്നിരുന്നോട്ടെ -? അതിപ്പോ – എന്റെ ആലയിലാ. വിട്ട് തരണില്ല. താൻ വല്ല്യചട്ടമ്പിയാണല്ലോ – എന്താന്ന് വച്ചാൽ കാണാല്ലോ-‘
’അങ്ങയോട് തർക്കിക്കാൻ വന്നതല്ല. ഇവിടെ കിടന്നു ചത്തുപോകും. അവിടെ പുല്ലും വെള്ളോം കൊടുത്താലേ അത് തിന്നുള്ളു.‘
’അത് തന്നെയാ വേണ്ടതും – ഇനീംണ്ടല്ലോ അവിടെ മുന്നാലെണ്ണം – ഒക്കേനം – ഇങ്ങോട്ട്‌കൊണ്ടുവരും. ഒക്കെ ചാവണം – അങ്ങനാ അതിന്റെ വിധീന്ന് വച്ചാൽ അങ്ങനെ തന്നെയാവണം.‘
മാധവൻ ഇപ്പോഴും ആ നില്‌പാണ്. ഭയത്തിന്റെയോ വിനയത്തിന്റെയോ യാതൊരു ലാഞ്ചനയുമില്ലാതെ. സത്യത്തിൽ ആ കൂസലില്ലായ്‌മ നമ്പൂരിയേയും തെല്ലലോസരപ്പെടുത്താതിരുന്നില്ല. ഇപ്പോഴീ നാട്ടുകാരുടെ മുന്നിൽ അവൻ തലയെടുപ്പോടെ നില്‌ക്കണ കണ്ടില്ലെ?
ഭവത്രാതൻ നമ്പൂതിരി പയ്യെ എഴുന്നേറ്റു. തന്റെ മുന്നിൽ നിൽക്കുന്ന മാധവനോട് എല്ലാ ശക്തിയുമെടുത്ത് അലറി.
’ഇറങ്ങാൻ – ഇതെന്റെ ഇല്ലം. ഇവിടെ വല്ല ദരിദ്രവാസിയേയം വാഴിച്ചോളാന്ന് നേർന്നിട്ടില്ല. പോ – പോ-‘ രണ്ട് മൂന്ന് പ്രാവശ്യം കൈചലിപ്പിച്ച് കണ്ണടച്ച് – മുഖം ആകാവുന്നിടത്തോളം വക്രിപ്പിച്ച് ഒച്ചയെടുത്തെങ്കിലും മാധവനനങ്ങുന്നില്ല.
നമ്പൂതിരി പിന്നെ പിന്നാമ്പുറത്തെവിടെയോ പണിയെടുക്കുകയായിരുന്ന രണ്ട് മൂന്ന് പേരെ വിളിച്ചു.
’എടാ – കുട്ടപ്പാ – ഗോവിന്ദാ – എവ്‌ടെടാ എല്ലാരും? ഇങ്ങോട്ടൊന്ന് വന്നേടാ – ഈ കഴുവേറിയെ പിടിച്ച് പുറത്താക്ക്. അല്‌പസമയം വേണ്ടി വന്നു, കുട്ടപ്പനും ഗോവിന്ദനും ഓടിവരാൻ. ആ അത്രയും സമയം – നമ്പൂരി കലിബാധിച്ച പിശാചിനെപ്പോലായിരുന്നു. കുട്ടപ്പനും ഗോവിന്ദനും നമ്പൂതിരിയെ നോക്കി അല്‌പസമയം അനങ്ങാതെ നിന്നുപോയി. അതോടെ അങ്ങേരുടെ കോപം ഇരട്ടിച്ചു. കണ്ണുതുറിച്ച് മുഖം ഒന്നുകൂടി വക്രിപ്പിച്ച്.
‘ന്താന്നിനിയും പറഞ്ഞുതന്നോടാ – തെണ്ടികളെ-? ഇവനെ പുറത്താക്കാൻ?’
പുറത്താക്കണമെന്ന ഉദ്ദേശത്തോടെ മാധവന്റടുക്കലേയ്‌ക്ക് വന്നപ്പോൾ – മാധവൻ പയ്യെ ഷർട്ടിന്റെ അടിയിൽ, എളിയിൽ തിരുകിയിരുന്ന ഓടക്കുഴലെടുത്തു. അത് കണ്ടതോടെ എന്തോ മാരകായുധമാണെന്ന് കരുതി, കുട്ടപ്പൻ പിന്തിരിഞ്ഞോടി. അതോടെ ഗോവിന്ദനും പിന്നാലെ ഓടി. ഇപ്പോൾ ഞെട്ടുന്നത് ഭവത്രാതൻ നമ്പൂതിരിയാണ്. അയാൾ മാധവന്റെ കയ്യിലെ ഓടക്കുഴലിനെ സൂക്ഷിച്ചുനോക്കി. വാസ്‌തവത്തിൽ മുളന്തണ്ട് തന്നെയല്ലെ അത്? പിന്നെന്തിനവർ അത് കണ്ടതോടെ ഓടി?
നമ്പൂതിരി പിന്നെ വെളിയിലേയ്‌ക്കു നോക്കി. തന്റെ അരികിൽ സഹായം ചോദിക്കാൻ വന്നവർ പലരും അവിടെത്തന്നെയുണ്ട്. നല്ലൊരേറ്റുമുട്ടലോ, അടിപിടിയോ കാണുമെന്ന് കരുതിവന്നവർ ഇനിയെന്താണ് സംഭവിക്കുന്നതെന്നറിയാൻ അനങ്ങാനെ നിൽക്കുകയാണ്. നമ്പൂതിരിയുടെ അടുക്കൽ നിന്ന് സഹായം എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ, അവർ കൈവെടിഞ്ഞു. തങ്ങളുടെ പ്രതീക്ഷ തകർത്തവൻ മാധവനാണെന്ന വിശ്വസിക്കുന്നവരാണ് ചിലരെങ്കിലും. ആ മാധവനിട്ട് നമ്പൂതിരിയുടെ ജോലിക്കാർ രണ്ട് മൂന്ന് പെരുക്കുന്നത് കാണാൻ കാത്തിരുന്നവർ നിരാശരായി.
മാധവനെ തല്ലിയോടിക്കാൻ വന്ന ജോലിക്കാർ രണ്ട് പേരും പിൻതിരിഞ്ഞോടുന്നത് കണ്ടതോടെ അവർക്കും സംശയം. എന്താണ് മാധവന്റെ കയ്യിൽ? അവർ സൂക്ഷിച്ച് നോക്കി. അവരുടെ ദൃഷ്‌ടിയിൽ അതൊരു മുളന്തണ്ട് മാത്രം. ഇനി മന്ത്രശക്തിയുള്ളതാവുമോ അത്?
അല്‌പനേരം ഭവത്രാതൻ നമ്പൂതിരിയും മാധവനും നേർക്കുനേരെ നിന്നു. മാധവന്റെ കൂസലില്ലായ്‌മയും ആ നോട്ടവും ഒട്ടൊന്നുമല്ല നമ്പൂരിയെ അലോസരപ്പെടുത്തുന്നത്.
ഏതാനും നിമിഷനേരത്തെ നോട്ടം. നമ്പൂതിരി തന്റെ നേരെ നിന്നു മുഖം തിരിച്ചപ്പോൾ മാധവൻ വരാന്തയിലേക്കിറങ്ങി. പിന്നെ മുറ്റത്തോട്ടും. മാധവനിറങ്ങിയെന്നു കണ്ടപ്പോൾ നമ്പൂതിരി ഓടിവന്നു വരാന്തയുടെ വാതിലും പിന്നകത്തോട്ട് കടന്നു മുൻവശത്തെ വാതിലും കൊട്ടിയടച്ച് തഴുതിട്ടു. പക്ഷേ – ഇവൻ വരുത്തിവച്ച നാണക്കേട്- നമ്പൂതിരി വാതിലടച്ചപാടെ – ആ തറയിൽ തന്നെ ഇരുന്നു പോയി.
മഴയിപ്പോഴും ചെറിയതോതിൽ പെയ്യുന്നുണ്ട്. ഇന്നലെ അമ്പലമുറ്റത്തുനിൽക്കുകയായിരുന്ന നന്ദിനി പശുവിനെ പിടിച്ചുകൊണ്ടുവരാൻ കൂടെവന്ന ഗോവിന്ദനോട് പറഞ്ഞതാണ് അബദ്‌ധമായത്. പിടിച്ച് വലിച്ചിട്ടും പോരാത്ത പശുവിനെ മെരുക്കികൊണ്ടുവന്നത് തൊട്ടടുത്ത് കഴുത്തിൽ ചെറിയൊരു ചരടുമായി മേയുന്ന അതിന്റെ കിടാവിനെ ചരടിൽ പിടിച്ച്‌കൊണ്ട് വന്നതോടെയാണ്. കിടാവിന്റെ പിന്നാലെ നന്ദിനി പശുവും അനായാസം പോന്നു. ആലയിലാക്കി വാതിലടച്ചപ്പോഴേ നമ്പൂതിരിക്ക് സമാധാനമായുള്ളു. തന്റെ മോനെ തല്ലിവശം കെടുത്തിയ മാധവൻ, ഇവിടെ വരുമ്പോൾ രണ്ട്‌കൊടുക്കാനായി ചട്ടംകെട്ടി നിർത്തിയിരിക്കുകയായിരുന്ന ഗോവിന്ദനും കുട്ടപ്പനും, മാധവനെ കണ്ടതോടെ പിൻതിരിഞ്ഞോടിയത് എന്തുകൊണ്ടും പിടികിട്ടാ ചോദ്യമാണ് നമ്പൂതിരിയുടെ ഉള്ളിൽ. സ്വയം കുത്തിനോവിക്കുന്ന ആ ചോദ്യവുമായി അധികസമയം നമ്പൂതിരിക്ക് അകത്ത് തറയിൽ ഇരിക്കേണ്ടി വന്നില്ല.
മനസ്സിലെ ഉള്ളിലേയ്‌ക്ക് ആഴ്‌ന്നിറങ്ങുന്ന അനുഭൂതിയുണർത്തുന്ന ഒരു നാദം – ഓടക്കുഴൽ നാദമല്ല അത്? അതെ – അത് തന്നെ അന്തരീക്ഷത്തിൽ അലയടിച്ചുയരുകയായി. ആദ്യം ഒരമ്പരപ്പ് – പിന്നെ നേരിയ ഭയം. പിന്നെ – പിന്നെ, പറഞ്ഞറിയിക്കാനാവാത്ത ഒരസ്വസ്‌ഥത, നാദം മധുരം – രാഗം ആർദ്രം – താളമെന്തെന്നറിയില്ലെങ്കിലും ഈ ഓടക്കുഴൽ വിളികേട്ടാലാരും മനസ്സുകൊണ്ട്‌പോലും ഒരു താളം കൊട്ടും. നമ്പൂതിരിയും അത് തന്നെയാ ചെയ്‌തത്. പക്ഷേ, തന്റെ പുത്രനെ തല്ലിച്ചതച്ചതും പോരാത്തതിന്, ഇവിടെ വന്നു ഈ നാട്ടുകാരുടെ മുന്നിൽ കൂസലന്യെനിന്ന്, ഭേദ്യം ചെയ്യാനായി വന്ന ജോലിക്കാരെ വരെ ഓടിച്ച് നിൽക്കുന്ന ഈ എരണംകെട്ടവന്റെ ഓടക്കുഴൽ വിളിക്ക് ചെവിയോർക്കണമെന്നോ, താളം കൊട്ടണമെന്നോ? അതോടെ നമ്പൂതിരി ഇളിഭ്യനായി. സമീപത്ത് കസേരക്കയ്യിലിട്ടിരുന്ന തോർത്ത് മുണ്ടെടുത്ത് കഴുത്തും മുഖവും തുടച്ചു. മഴപെയ്‌തിട്ടും വിയർക്കുന്നോ എന്ന സംശയം. ആ കഴുവേറീടെ മോനിതെന്തിന്റെ പുറപ്പാടാ? മുറ്റത്ത് – അതും ഈ മഴയത്ത് നിന്നൊരോടക്കുഴൽ വിളി.
അവനെന്തിനിത് ചെയ്‌തന്ന് അടുത്തനിമിഷം മനസ്സിലായി. ആലയിലൊരു ബഹളം. രാധയുടെ പശുവിനെയും കുട്ടിയെയും വെറെയാണ് കെട്ടിയിരിക്കുന്നത്. മറ്റുള്ള പശുക്കൾ ആർത്തിയോടെ പുല്ലും വയ്‌ക്കോലും തിന്നുമ്പോൾ, അതിന്റടുക്കൽ ഒന്നും കൊടുക്കാതെ കുറെ മാറ്റികെട്ടിയിരിക്കുന്നത് – അത് രണ്ടും കണ്ട് കൊതിയൂറി, പിന്നെ തൊണ്ട വരണ്ട് വിശന്ന് കുടൽകത്തി ആദ്യമൊക്കെ കുറെ ബഹളമുണ്ടാക്കിയാലും പിന്നെ തളർന്ന് വീഴട്ടെയെന്ന് വിചാരിച്ചിട്ട് തന്നെയായിരുന്നു.
ആലയിലെ പശുക്കൾ കയറുപൊട്ടിച്ച് വെളിയിൽ ചാടിയെന്നോ? മുറ്റത്ത് അവറ്റകൾ തുള്ളിച്ചാടുന്നെന്നോ? അതെ, അതുതന്നെയായിരുന്നു, സംഭവിച്ചത്. പശുക്കളെല്ലാം ആലയിൽ നിന്നെങ്ങനെയോ പുറത്ത് ചാടിയിരിക്കുന്നു. അവൻ ആ കഴകക്കാരീടെ കാലിയെ മാത്രം പിടിച്ച്‌കൊണ്ട് പോയാപോരായിരുന്നോ? ആരോടാ ഇതൊക്കെ ചോദിക്ക്വാ..?
തീറ്റേം കൊടുത്ത് നിർത്തിയിരിക്കുന്ന വാല്ല്യക്കാര്‌വരെ ഇപ്പോൾ താൻ വിളിച്ചാൽ വരുമോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ തനിക്ക് കഷ്‌ടകാലമാണ്. പറഞ്ഞാൽ കേൾക്കാത്തവനാണെങ്കിലും മോനെ നാട്ടുകാരുടെ മുന്നിൽവച്ച് തല്ലിച്ചതച്ചപ്പോൾ ഒരുത്തൻപോലും വന്നില്ല എന്നതാണടുത്തകാലത്തെ ഏറ്റവും വലിയനാണക്കേട്. അധികാരികളോട് പരാതിപ്പെടുക എന്നുവച്ചാൽ – അവൻ തല്ലുകൊണ്ടസ്‌ഥലം, സമയം, എന്തിന് എന്നചോദ്യം വരുമ്പോൾ എന്ത് മറുപടിയാണ് പറയാൻ പറ്റുക? പോലീസ് കേസാവുമ്പോൾ തന്റെ സ്വാധീനത്താലിവനെ രണ്ട് ദിവസം അകത്തിടാനും രണ്ട്‌കൊടുക്കാനും പറ്റിയേക്കും. പക്ഷേ തൊലിയുരിയുന്ന നാണക്കേടിന് വേണ്ടി, എത്രയൊക്കെ പണം മുടക്കിയാലും പോലീസുകാർ വരുമോ? അതിനേക്കാളുപരി, ആ വാശിക്ക്, ആ പെണ്ണുങ്ങളാരെങ്കിലും ഒരു പരാതി മകനെതിരെ കൊടുത്താൽ-?
തീർന്നില്ലേ – എല്ലാം അത് കൊണ്ടനങ്ങാതിരിക്കുന്നു. എങ്കിലും തരംകിട്ടുമ്പോൾ മാധവന് രണ്ട് കൊടുക്കണമെന്ന പദ്ധതിയാണിപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. മാധവന്റെ പാട്ടിന്റെ പിന്നാലെ തന്റെ ആലയിലെ പശുക്കളും പോയാൽ -?
പയ്യെ ജനൽ പാതി തുറന്ന് വിടവിലൂടെ വെളിയിലേയ്‌ക്ക് നോക്കി. ഇല്ല – ഇവിടത്തെ ആലയിലെ പശുക്കളെയെല്ലാം മാധവൻ എങ്ങനെയോ തിരിച്ച് ആലയിലേയ്‌ക്ക് തന്നെ കയറ്റികഴിഞ്ഞു. പിന്നെ ആലയുടെ വാതിലടച്ച് തഴുതിടുന്ന ശബ്‌ദം.
പടിക്കലൊരു ബഹളം – ഇല്ല – അത് ബഹളമല്ല – മാധവന്റെ പ്ലാൻ വിജയച്ചെന്ന് കണ്ടപ്പോൾ, നാണം കെട്ട പരിഷകൾ അവന്റെ പിന്നാലെ പിന്നെയും കൂടിയിരിക്കുന്നു. സഹായം ചോദിച്ചു വന്നപ്പോൾ ഒരു വാക്ക്‌പോലും ഉരിയാടാതെ ശ്വാസമടക്കി പിടിച്ചിരുന്നതിനുള്ള ശിക്ഷ. എന്തെങ്കിലും നക്കാപിച്ച കൊടുത്തിരുന്നെങ്കിൽ – ആരെങ്കിലും തനിക്ക്‌വേണ്ടി രണ്ട് വാക്ക് സംസാരിക്കാനുണ്ടാവുമായിരുന്നു.
ഇനി എന്താണ് വേണ്ടത്?
എങ്ങനെയെങ്കിലും നഗരത്തിലേയ്‌ക്കൊന്നു പോണം. എന്ത് കുരുത്തക്കേട് കാണിച്ചാലും – തന്റെ സന്തതിയല്ലേ അവിടെ ആശുപത്രിയിൽ കിടക്കണെ? നാളത്തെ യാത്ര. നേരെ നഗരത്തിലേയ്‌ക്ക്.
മാധവൻ ഇതിനോടകം നന്ദിനി പശുവിനെയും കിടാവിനെയും കൊണ്ട് രാധയുടെ വീട്ടിലെത്തക്കഴിഞ്ഞിരുന്നു. പശുവിനെയും കിടാവിനെയും കണ്ടതോടെ രാധയുടെ മുഖത്ത് ഒരു സൂര്യനാണുദിച്ചത്. ആ പ്രകാശം മാത്രം മതിയായിരുന്നു മാധവന് ചാരിതാർത്ഥ്യമുണ്ടാവാൻ.
Generated from archived content: radha12.html Author: priya_k