ഒന്ന്‌

സന്ധ്യ കഴിഞ്ഞ നേരം.

രാധ വീടിന്റെ മുൻവശം അടിച്ചു വാരുന്നു. ചാണകമിട്ട്‌ മെഴുകി മിനുക്കിയ തറയിൽ പൊടി ലേശം പോലുമില്ലെങ്കിലും സന്ധ്യക്ക്‌ മുമ്പേ അടിച്ചു തളിക്കുക എന്ന ജോലി ഒരു കടമയെന്നതിലുപരി ജീവിത ചര്യയുടെ ഒരു ഭാഗമായികൊണ്ട്‌ നടക്കുന്നവളാണ്‌. ഓടിട്ട ഒരു ചെറിയ വീട്‌. മുറ്റത്ത്‌ ഒരു തുളസിത്തറ. മുറ്റത്തിനു താഴെയുള്ള വഴിയുടെ ഇരുവശവും ചെറിയൊരു തോടും. മതിൽക്കെട്ടിനോട്‌ ചേർന്ന്‌ തന്നെ പടിവാതിലിനടുക്കലായി രണ്ടുമൂന്ന്‌ തെങ്ങുകൾ – ഏതാനും വാഴകൾ – വാഴകളിൽ ചിലത്‌ കുലച്ചതാണ്‌. ഒട്ടും ദൂരെയല്ലാതെ, വീടിന്റെ വലതുവശത്തായി ഒന്നുരണ്ട്‌ മാവുകളും.

വീണ്ടും രാധയുടെ അടുത്തേയ്‌ക്ക്‌ മടങ്ങാം.

വരാന്തയും അകവും അടിച്ചു വാരിയ രാധ, നേരെ കിണറ്റിൻ കരയിലേയ്‌ക്ക്‌ മറപ്പുരയ്‌ക്കുള്ളിൽ ഏതാനും മിനിട്ടു നേരം – മേൽ കഴുകി മടങ്ങി വരുന്ന രാധ – പിന്നീട്‌ മുൻവശത്തേയ്‌ക്ക്‌ വരുന്നത്‌ കത്തിച്ച്‌ പിടിച്ച ചെറിയ ഒരു നിലവിളക്കുമായിട്ടാണ്‌. നിലവിളക്കിലെ ഒരു തിരിയെടുത്ത്‌ ദീപനാളത്തിൽ നിന്നും കത്തിച്ച്‌ തുളസിത്തറയിലെ ഒരു ചിരാതിൽ വയ്‌ക്കുന്നു. പിന്നെ വിളക്ക്‌ തുളസിത്തറയിൽ വച്ച്‌ ചിരാതിലെ ദീപം തെളിച്ച്‌ തൊഴുന്നു. കത്തിച്ച നിലവിളക്കെടുക്കാൻ നേരത്താണ്‌ ഒരു ഓടക്കുഴൽ നാദം – ദൂരെയെന്നപോലെ സന്ധ്യയുടെ നിറം മാറി ആകാശം കറുത്ത ആവരണം അണിയാൻ തുടങ്ങുന്നതേയുള്ളു. ദൂരെയെവിടെ നിന്നെന്നപോലെ വരുന്ന നാദം, പിന്നെ അടുത്തടുത്ത്‌ വരുന്നുവോ? ഒരു കുളിർക്കാറ്റ്‌ മുൻവശത്ത്‌ നിരത്തിന്‌ താഴെയുള്ള പുഴകടന്ന്‌ വരുന്നത്‌ എന്തെന്നില്ലാത്ത ആഹ്ലാദമാണ്‌ പകരുന്നത്‌.

ഈശ്വരാ – ഇത്‌ അവനായിരുന്നെങ്കിൽ?

മാധവാ – ഇത്‌ നീ തന്നെയോ? നിനക്ക്‌ മാത്രമല്ലേ ഇങ്ങനെ മധുരമായി വേണുഗാനമുതിർക്കാൻ പറ്റുകയുള്ളു? നിന്റെ കൈവിരൽ ഓടക്കുഴലിലെ ഓരോ ദ്വാരത്തിലൂടെ സ്‌പർശിച്ചുപാവുമ്പോൾ – നിന്റെ ചുണ്ട്‌ ഓടക്കുഴലിലമരുമ്പോൾ എന്റെ കൃഷ്‌ണാ – നിന്റെ അനുഗ്രഹം കിട്ടിയ മാധവൻ – അവനല്ലേ അത്‌?

രാധതലയുയർത്തി വീടിന്റെ മുറ്റത്ത്‌ വലത്‌വശത്ത്‌ അല്‌പം അകലെയായുള്ള ആലയിലേയ്‌ക്ക്‌ നോക്കി. അവിടെ ഗോക്കളും ചെവി വട്ടം പിടിക്കുന്നു. പുൽത്തൊട്ടിയിലെ കച്ചി വായിലേയ്‌ക്ക്‌ വച്ചിട്ട്‌ ചവയ്‌ക്കാതെ ചെവി വട്ടം പിടിക്കുന്നു. അവറ്റകളെ കണ്ടപ്പോൾ – രാധയുടെ ഇടനെഞ്ച്‌ പൊട്ടി.

എന്റെ മാധവാ – നിന്നെ പ്രാണനെപോലെ മനസ്സിലേറ്റി നടന്നിരുന്ന ഇതുങ്ങളെ ഇട്ടേച്ചല്ലേ നീ സ്‌ഥലം വിട്ടെ? എങ്ങോട്ട്‌? നീ പോയട്ടെത്രനാളായി? നിനക്കറിയ്യോ? ഇതുങ്ങള്‌ രുചിയറിഞ്ഞ്‌, മനസ്സറിഞ്ഞ്‌ എന്തെങ്കിലും കഴിച്ചിട്ടെത്ര നാളായെന്ന്‌? ഒരു കടമയെന്നപോലെ – ജീവസന്ധാരണത്തിന്‌ വേണ്ടി എന്തൊക്കെയോ തിന്നുന്നു, കുടിക്കുന്നു, അത്രമാത്രം. അവരുടെ ചൊടിയും ഉത്സാഹവും കിടാങ്ങളുടെ തുള്ളിച്ചാടലുകളും ഒക്കെ നിന്നിരിക്കുന്നു.

മാധവാ – ഇപ്പോഴീ ഓടക്കുഴൽ വിളിക്കുന്നത്‌ നീയ്യോ? നീയാണെങ്കിൽ മാധവാ – ഇനിയും നീ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കല്ലേ? ഇപ്പോൾ വേണുഗാനം കേൾക്കുന്നേയില്ല. ഏതോ ദിവാസ്വപ്‌നം പോലെ ദൂരെ നിന്നൊരു ഗാനം – അങ്ങനൊരു ഗാനം കേട്ടതുപോലെ – എന്റെ കേൾവിക്കോ കാഴ്‌ചയ്‌ക്കോ ഒരു കുഴപ്പവുമില്ല. പക്ഷേ – ഈ ഗാനം കേൾക്കാൻ – നിന്നെ കാണാൻ എത്രയോ നാളുകളായി ഞാൻ കാത്തിരിക്കുന്നു? രാധ വിളക്കുമായി മുറ്റത്ത്‌ നിന്നും വരാന്തയിലേയ്‌ക്ക്‌ കയറി. അവിടെ പൂമുഖ വാതിൽക്കൽ വിളക്ക്‌ വച്ചശേഷം അകത്തേയ്‌ക്ക്‌ – നോക്കി തൊഴുതു. ഏതോ നിയോഗത്താലെന്നവണ്ണം മുറ്റത്തെ തുളസിത്തറയിലേയ്‌ക്ക്‌ നോക്കി തൊഴുതു. പിന്നെ – ചുമരിൽ ഫ്രെയിം ചെയ്‌ത്‌ തൂക്കിയിട്ടരിക്കുന്ന ഫോട്ടോയിൽ നോക്കി. വീണ്ടും തിരിഞ്ഞ്‌ മുറ്റത്തേയ്‌ക്ക്‌ – ദൂരെ പുഴയിറമ്പിലേയ്‌ക്ക്‌ – പുഴയ്‌ക്കിപ്പുറം പുഴയോട്‌ ചേർന്ന്‌ നീണ്ടുനിൽക്കുന്ന വഴിത്താരയിലേയ്‌ക്ക്‌ നോട്ടമങ്ങനെ തുടരുമ്പോൾ – ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

എന്റീശ്വരാ – എന്തിനിങ്ങനെ എന്ത്‌ കാര്യത്തിന്‌ ഏന്താവശ്യത്തിന്‌ – അവനിവിടെ വന്നു? അവൾ അകത്തേയ്‌ക്ക്‌ കടന്നു. അവിടെ മുറിയുടെ ഒരു മൂലയോട്‌ ചേർത്തിട്ടിരുന്ന ചെറിയൊരു മേശയിൽ ചുമരിനോട്‌ ചേർത്ത്‌ വച്ചിരുന്ന ശ്രീകൃഷ്‌ണവിഗ്രഹം, നിറുകയിൽ പീലി. കയ്യിലോടക്കുഴൽ – ചുണ്ടിൽ നറും പുഞ്ചിരി – രാധ – വിഗ്രഹത്തെ നോക്കി തൊഴുതു. കണ്ണടച്ചുകൊണ്ട്‌ കൃഷ്‌ണവിഗ്രഹത്തിന്‌ താഴെയുള്ള ചന്ദനതിരികളിൽ ഒന്നെടുത്ത്‌ കത്തിച്ച്‌ വാഴയിലയുടെ ഉണങ്ങിയ തട മുറിച്ചിട്ടതിൽ കുത്തിനിർത്തി. പിന്നെ ഉള്ളംകൈ രണ്ട്‌കൊണ്ടും പുക ആവാഹിച്ച്‌ മുഖത്തേയ്‌ക്ക്‌ വരുത്തി. വീണ്ടും കൃഷ്‌ണവിഗ്രഹത്തെ നോക്കി തൊഴുതു.

കൃഷ്‌ണാ – നിന്റെ പരീക്ഷണങ്ങൾ ഏറുന്നു. മാധവൻ ഇവിടെ നിന്നും പോയിട്ട്‌ വർഷം എത്രയായെന്നറിയ്യോ? അവൻ വേഗം മടങ്ങാമെന്ന്‌ വാക്ക്‌ പറഞ്ഞ്‌ പോയവൻ – ഇനിയും വന്നിട്ടില്ല. അവനിപ്പോൾ നഗരത്തിൽ എങ്ങനെ കഴിയുന്നു.? അവന്റെ അമ്മ, അച്ഛൻ, സഹോദരങ്ങൾ – മറ്റുകുടുംബാംഗങ്ങൾ അവൻ -കൂടുതലൊന്നും പറഞ്ഞിട്ടില്ല. കുടുംബത്തെപ്പറ്റി ചോദിക്കുമ്പോൾ അധികമൊന്നും സംസാരിച്ചിട്ടില്ല. കൂടുതലൊന്നും ചോദിച്ചിട്ടില്ല. എങ്കിലും പുഴത്തീരത്ത്‌ ഏകാകിയായിരിക്കുമ്പോൾ അവനെന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത്‌ കാണാം. ചില സമയം എന്തൊക്കെയോ തീരുമാനങ്ങളെടുത്തിട്ടാവാം, അവന്റെ മുഖത്തെ ഭാവഭേദങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ, ഒരു നിശ്ചയദാർഢ്യം ആ മുഖത്ത്‌.

ഒരു സമയം ചോദിച്ചപ്പോൾ അവൻ പറഞ്ഞതിങ്ങനെ – എന്താ – എനിക്കി പുഴത്തീരത്ത്‌ കുറെനേരമെങ്കിലും വെറുതെ ഇരുന്നു കൂടെ? അതിനുള്ള സ്വാതന്ത്ര്യം പോലുമില്ലെ? അതിനാര്‌ തടസ്സം നിന്നു? മാധവന്റെ വരവ്‌പോലും എന്തിനായിരുന്നെന്ന്‌ അമ്മ അന്ന്‌ ചോദിച്ചിട്ട്‌ പറഞ്ഞില്ല. മാധവന്റെ അമ്മ പറഞ്ഞിട്ട്‌ വന്നതാന്ന്‌ മാത്രം പറഞ്ഞു. കൂടുതലൊന്നും നീ പറയാൻ താല്‌പര്യം കാട്ടിയില്ല.

മാധവനൊന്നും മിണ്ടിയില്ല. വീണ്ടും ഏതോ ലോകത്തിലൂടെയുള്ള സഞ്ചാരം. പെട്ടെന്നേന്നോണം പിടഞ്ഞെണീറ്റ്‌ രാധ അവിടെ അടുത്ത്‌ നില്‌ക്കുന്നുണ്ടെന്ന കാര്യം പോലും വിസ്‌മരിച്ച്‌ പുഴയിലേയ്‌ക്കൊരു എടുത്തുചാട്ടം. മാധവാ – ഒന്നും ഞാൻ മറന്നിട്ടില്ല. നീ എവിടെയാണിപ്പേൾ എന്നു പോലും അറിഞ്ഞുകൂടാ. നിന്നെ അന്വേഷിച്ചു വന്ന പ്രായം ചെന്ന ആളുടെ വരവ്‌ നീ മടങ്ങി വന്നു കുറേ നേരം നിങ്ങൾ പുഴത്തീരത്ത്‌ എന്തൊക്കെയോ അടക്കിപിടിച്ച സംസാരം. ഇവിടെ ഈ വീട്ടുമുറ്റത്ത്‌ നിന്നാൽ കാണാം. നീ പിന്നെ വന്നത്‌ ഒറ്റക്കാ. അതിഥി പോയ്‌ കഴിഞ്ഞിരുന്നു. നീ ചിന്താനിമജ്‌ഞ്ഞനായിരുന്നു. കൂടുതലൊന്നും സംസാരിച്ചില്ല. മാധവാ – അന്നു നീ ബാഗുമെടുത്ത്‌ പോയത്‌ – നീ പട്ടണത്തിൽ പോയിട്ട്‌ വളരെ വൈകിയാണെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്‌ ഈയവൾ കാത്തിരിക്കുന്നത്‌. പക്ഷേ – നീ – പോയിട്ടെത്രനാളായി?

നീ പോയതോടെ ആണ്ടിന്റെയും നാളിന്റെയും കണക്കുകൾ മറന്നു. പലതവണ ഈയാറ്റിൽ വെള്ളം പൊങ്ങി. നിരവധി വാഹനങ്ങൾ ഇപ്പോഴീ കുഗ്രാമത്തിലെ നിരത്തിൽ വന്നുപോയി. പുഴയ്‌ക്കക്കരെയുള്ള പാടം പലതവണ പച്ചച്ചു വിളഞ്ഞു കൊയ്‌തു – പക്ഷേ, മാധവാ നീ മാത്രം വന്നില്ല. നീയെവിടെ? രാധ കട്ടിലിന്‌ താഴെ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ കണ്ണടച്ച്‌ വളരെപയ്യെ, രാധയ്‌ക്ക്‌ മാത്രം കേൾക്കാൻ പാകത്തിന്‌ കീർത്തനങ്ങൾ പാടുന്നു. പാട്ടിന്റെ അവസാനം അവളുടെ കണ്ണുകൾ ഈറനണിയുന്നു. മനസ്സിലൂറിയ വിഷാദത്തിന്റെ ചെറിയൊരംശം മാത്രമേ അവളുടെ മുഖത്ത്‌ പ്രകടമായികാണാനാവൂ. കണ്ണടച്ച്‌ വീണ്ടും കുറെ നേരം. അപ്പോൾ അതൊക്കെ തോന്നിയതായിരിക്കും അല്ലെ? അല്ലെങ്കിൽ ഇപ്പോൾ അതിനിവിടെ ഓടക്കുഴൽ ആര്‌ വായിക്കാനാണ്‌? അമ്പലപ്പറമ്പിൽ പോലും കഥകളിയും തിരുവാതിരപ്പാട്ടും മോഹിനിയാട്ടവുമൊക്കെപ്പോയി. അവയൊക്കെ കാലഹരണപ്പെട്ട കലാരൂപങ്ങളാണത്രെ. എങ്കിലും – എന്റെ മാധവാ – നിന്റെ പാട്ടുകേട്ടിട്ടെത്രനാളായി? നിന്റെ പുഞ്ചിരി, മധുരഭാഷണം – ഇവയൊക്കെ ഇനി ഉണ്ടാവില്ലെന്നോ? മാധവാ-

Generated from archived content: radha1.html Author: priya_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here