ചടുലതാളങ്ങൾക്കിടയിലെ ഭക്തിപ്രവാഹവുമായി -ഷാൻ

പൗരുഷത്തിന്റെ മൂർദ്ധത്യ ഭാവങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഗാംഭീര്യമുണർത്തുന്ന സംവിധായകൻ ഷാജി കൈലാസിന്‌ തെറ്റുപറ്റിയിട്ടില്ല. മൂന്നുവർഷത്തിനുശേഷമുളള അദ്ദേഹത്തിന്റെ ‘ഇൻവെസ്‌റ്റിഗേഷൻ’ ചിത്രമായ ‘ദി ടൈഗറിലെ’ ചൂടൻ രംഗങ്ങൾക്ക്‌ പശ്ചാത്തലമായെത്തുന്ന ചടുലതാളങ്ങൾക്കിടയിലെ ഭക്തിപ്രവാഹത്തിന്റെ സൃഷ്‌ടാവിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന്‌ തെറ്റുപറ്റിയിട്ടേയില്ല. മാസ്‌റ്റർ സംവിധായകന്റെ ഇൻവെസ്‌റ്റിഗേഷൻ ചിത്രത്തിനായ്‌ ജയദേവ കൃതി തിരഞ്ഞെടുത്ത്‌, ഈണം നല്‌കി, ആലപിക്കുകകൂടി ചെയ്‌ത തിരുവനന്തപുരത്തെ തിരുവല്ലങ്കാരനായ ഷാൻ എന്ന ‘ധനരാജനെ’ അപരിചിതനായി വിചാരിക്കാൻ വരട്ടെ. ആസ്വാദനത്തിന്‌ മറുതലം തുറന്നിട്ട 2004-ലെ ലജ്ജാവതി എന്ന സൂപ്പർഹിറ്റ്‌ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിങ്ങിന്‌ ശേഷം ഉയർന്നുവരുന്ന ‘ദർബാരി ക്യാനഡാ’ രാഗത്തിലുളള ഹമ്മിങ്ങും, റാപ്പിനിടയിലെ ‘ധനരാജാ’ എന്ന പ്രയോഗവും ആലാപനവും ഷാൻ എന്ന യുവഗായകന്റെ മാത്രം സൃഷ്‌ടിയായിരുന്നു. ‘ഫോർ ദ പീപ്പിളിലെ’ തന്നെ ‘നിന്റെ മിഴിമുന’യെന്ന ഗാനത്തിന്റെ തുടക്കവും ഒടുക്കവുമുളള ഹമ്മിങ്ങും ഷാനിന്റെ തന്നെ സംഭാവനകളാണ്‌. ‘ബല്ലേ ബല്ലേ’ പോലുളള കോറസിലും ഇദ്ദേഹത്തിന്റെ ശബ്‌ദം മുഴങ്ങിക്കേൾക്കാം. ജില്ലലൊ, ജില്ലലൊ അടുത്തയിടെ പുറത്തിറങ്ങിയ ഡിസംബറിലെ ‘വാമപതേ വാമയസേ’ തുടങ്ങിയ പഞ്ച്‌ ലൈനുകളിലൂടെയും ഏതാനും ചില ഹിറ്റ്‌ ആൽബം ഗാനങ്ങളിലൂടെയും ഷാൻ ശ്രോതാക്കൾക്ക്‌ പരിചിതനാണ്‌. കൂടാതെ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലുളള അറുപതോളം ആൽബം ഗാനങ്ങൾക്ക്‌ ഷാൻ വരികളെഴുതിയിട്ടുണ്ട്‌. ജീവൻ ടി.വിയിലെ ഇളയനിലയെന്ന സംഗീത പരിപാടിയിലെ അഞ്ച്‌ ഗായകരിലൊരാളായ ഷാൻ പാടുന്നതിനേക്കാളുപരി, എഴുതുന്നതിനേക്കാളുപരി സംഗീത സംവിധാനത്തെ ഏറെ ഇഷ്‌ടപ്പെടുമ്പോൾ മലയാള ചലച്ചിത്രലോകത്തെ മാസ്‌റ്റർ സംവിധായകരിലൊരാളായ ഷാജി കൈലാസിന്റെ സിനിമയിൽ തന്നെ സംഗീതം നല്‌കുവാൻ പ്രഥമാവസരം ലഭിച്ചത്‌ ഭാഗ്യമായ്‌ കരുതുന്നു.

“ഇൻവെസ്‌റ്റിഗേഷൻ മൂഡിൽ ആവേശഭരിതമായ ഭാവത്തിൽ സൃഷ്‌ടിച്ചെടുത്ത മ്യൂസിക്ക്‌ ഒരു ഫിലിമിൽ പോസ്‌റ്റ്‌ ചെയ്യുക എന്നത്‌ റിസ്‌ക്‌ ആണ്‌. അത്തരത്തിൽ ഒരു റിസ്‌ക്‌ എടുക്കാൻ ഷാജിസാർ തയ്യാറായതാണ്‌ എന്റെ ഭാഗ്യം.” ഷാൻ പറയുന്നു.

“കാളിയ വിഷധമനാ….ഭജ്ഞനാ കൃഷ്ണാ.. ദ്രുതതാളങ്ങൾക്കിടയിലൂടെ ഈ വരികൾ പ്രയോഗിക്കുന്നത്‌ ഒരു പുതുമയായി തോന്നുന്നു?

ഷാൻഃ പരമാവധി രാഗങ്ങൾ ഉൾക്കൊളളിക്കാവുന്ന ഒരു ഈസ്‌റ്റേൺ, വെസ്‌റ്റേൺ ബ്ലെൻഡ്‌ അല്ലെങ്കിൽ ഒരു വെസ്‌റ്റേൺ കോഡ്‌ പ്രോഗ്രഷൻ ആണ്‌ ഇത്‌. ദുഷ്‌ടശക്തിയായ കാളിയനെ വധിച്ച ശ്രീകൃഷ്‌ണനെ സ്തുതിക്കുന്ന ഈ വരികൾ ജയദേവ കൃതിയാണ്‌. ദുഷ്‌ടശക്തികളെ നശിപ്പിച്ച്‌ സൽപ്രവൃത്തികൾ ചെയ്യുന്ന കഥാനായകനെ കേന്ദ്രീകരിച്ചുകൊണ്ടാണ്‌ ഈ വരികൾ പ്രയോഗിച്ചിരിക്കുന്നത്‌. ഇങ്ങനെ കഥാതന്തുവുമായി സംഗീതത്തെ കോർത്തിണക്കാൻ ശ്രമിച്ചിട്ടുണ്ട്‌. സിന്ധുഭൈരവി, നടഭൈരവി, ദർബാരി ക്യാനസാ, ഭൈരവി തുടങ്ങിയ രാഗങ്ങളാണ്‌ ഇതിൽ ഉൾക്കൊളളിച്ചിട്ടുളളത്‌.

ഗാനത്തിൽ സന്ദർഭത്തെക്കാളുപരി ആകെയുളള കഥാതന്തുവിനെയാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്‌ തോന്നുന്നു?

ഷാൻഃ അതെ. തീമാറ്റിക്കായി ചെയ്യാനുളള അവസരം വന്നതുകൊണ്ട്‌ അങ്ങനെ ചെയ്തു.

സാധാരണയായി ഷാൻ ഗാനരചന ചെയ്യാറുളളതാണല്ലോ. പിന്നെയെന്തുകൊണ്ടാണ്‌ ഇതിൽ ജയദേവകൃതി ഉപയോഗപ്പെടുത്തിയത്‌?

ഷാൻഃ തീമാറ്റിക്ക്‌ ആയതുകൊണ്ടാണ്‌ ജയദേവകൃതി ഉപയോഗിച്ചത്‌..(ചിരിക്കുന്നു.) പിന്നെ ഈ കഥാതന്തുവിന്‌ ഈ കൃതിയിലെ വരികൾ മാത്രമെ യോജിക്കുകയുളളുവെന്ന്‌ അപ്പോൾ തോന്നി. പിന്നെ വരുന്നത്‌ കാമാ… ഏലമ്മാ…സായാ തുടങ്ങിയ വരികളാണ്‌. കഥയുടെ കാമ്പ്‌ നഷ്‌ടമാവാതെ യംങ്ങ്‌സ്‌റ്റേഗ്‌സിനായി എനർജി ബുസ്‌റ്റിങ്ങ്‌ മൂഡിൽ പ്രയോഗിച്ചതാണ്‌ ഈ പഞ്ച്‌ ലൈനുകൾ.

‘കാമാ…ഏലമ്മ…സായാ…” എന്ന പഞ്ച്‌ ലൈനും കഥയുമായുളള ’ലിങ്ക്‌‘ ഏതു തരത്തിലാണ്‌?

ഷാൻഃ ’കാമാ‘ എന്നത്‌ നീഗ്രോസിന്റെ ഭാഷാ പ്രയോഗമാണ്‌. ’കയറി വരൂ‘ എന്നാണ്‌ അർത്ഥം. ഏലമ്മാ എന്നത്‌ നമ്മുടെ നാട്ടിൽ തടിപിടിക്കുന്നവരും മറ്റും അധ്വാനലഹരിയിൽ ഉപയോഗിക്കുന്ന ഭാഷാപ്രയോഗം. ’സായാ‘ എന്നാൽ ’തുണ‘ എന്നർത്ഥം. ’സായാ‘ ഹിന്ദി വാക്കാണ്‌. കാമാ…ഏലമ്മാ…സായാ… എന്നാൽ ദുഷ്‌ടശക്തിയെ നിഗ്രഹിക്കുന്ന തുണയോട്‌ കയറിവരൂ’ എന്നർത്ഥമാക്കുന്നു.

കേൾവിക്കാരുടെ പ്രതികരണം അറിഞ്ഞു തുടങ്ങിയോ?

ഷാൻ ഃ ശ്രോതാക്കളുടെ പ്രതികരണങ്ങൾ നല്ല രീതിയിൽ തന്നെയാണ്‌ കേട്ടു തുടങ്ങിയിരിക്കുന്നത്‌. ഒരു പാട്ടിന്റെ ഫോർമാറ്റ്‌ എന്നു പറയുന്നത്‌ പല്ലവി, അനുപല്ലവി രീതിയിലാണ്‌. ഇതിൽ യുവാക്കൾക്കുവേണ്ടി പെർക്കഷൻ സൈഡിന്‌ പ്രാധാന്യം കൊടുത്ത്‌ പല്ലവി, അനുപല്ലവി ഫോർമാറ്റ്‌ ഇല്ലാതെയാണ്‌ കംപോസ്‌ ചെയ്തിരിക്കുന്നത്‌. ചില മ്യൂസീഷ്യൻസൊക്കെ നന്നായി അഭിനന്ദിക്കുകയുണ്ടായി.

പരമ്പരാഗതമായ ഒരു കൃതിയും ചടുലതാളങ്ങളും… വിമർശനങ്ങൾക്ക്‌ സാധ്യതയില്ലേ?

ഷാൻ ഃ നേരത്തെ പറഞ്ഞപോലെ കഥാതന്തുവുമായി കോർത്തിണക്കാൻ അനുയോജ്യമായ വരികൾ ജയദേവ കൃതിയോളം മറ്റൊന്നില്ല. അതിൽ ഉൾക്കൊണ്ടിരിക്കുന്ന അർത്ഥം അല്ലെങ്കിൽ ഭാവം അവയെ അനുകരിക്കാൻ ശ്രമിച്ചാൽ പോലും ഒരുപക്ഷെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കില്ല. അതുകൊണ്ട്‌ അവ നേരിട്ടുപയോഗിച്ചു. പിന്നെ ചടുലതാളങ്ങൾ… അവ യുവാക്കളെ കേന്ദ്രീകരിച്ച്‌ പ്രയോഗിച്ചു. നേരത്തെ സൂചിപ്പിച്ചപോലെ ഒരു വെസ്‌റ്റേൺ കോഡ്‌ പ്രോഗ്രഷൻ. ഇത്തരത്തിലല്ലാത്ത മറ്റ്‌ സാധ്യതകൾ ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാൽ ഉണ്ടായിരുന്നു. എന്തിനും സാധ്യതയുമുണ്ട്‌. വിമർശനങ്ങൾ വരട്ടെ.. വിമർശനങ്ങൾക്ക്‌ സ്വാഗതം (ചിരിക്കുന്നു.)

ലജ്ജാവതി മാറ്റിനിർത്തിയാൽ സിനിമാഗാനങ്ങളിലേക്ക്‌ കടന്നുവരുന്നത്‌ ഇതാദ്യമാണോ?

ഷാൻഃ സിനിമയിലെ സംഗീത സംവിധായകനാകുന്നത്‌ ഇതാദ്യം. ഇതിനുമുൻപ്‌ 25-ഓളം ആസ്‌ഫിലിംസ്‌ ചെയ്‌തിട്ടുണ്ട്‌. പിന്നെ ഡിസംബറിലെ ‘അലകടലൊരു’ എന്ന ഗാനം ആലപിച്ചിട്ടുണ്ട്‌. ടി.വി പരിപാടികളായ ‘അശ്വമേധ’ത്തിന്റേയും, ‘തരികിട’യുടെയും ടൈറ്റിൽ സോങ്ങ്‌ ചെയ്‌തിട്ടുണ്ട്‌.

ആൽബങ്ങളിൽ നിന്ന്‌ ഹമ്മിങ്ങിലേക്ക്‌, ഹമ്മിങ്ങിൽനിന്ന്‌ സംഗീത സംവിധാനത്തിലേക്ക്‌ ഈ വിജയഗാഥയെക്കുറിച്ച്‌…?

ഷാൻഃ താഴെനിന്ന്‌ മുകളിലേക്കും മുകളിൽനിന്ന്‌ താഴേക്കുമെന്നതാണ്‌ സംഗീതത്തിന്റെ പൊതുവായ സ്വഭാവം. ബാലഭാസ്‌ക്കറിന്റെ ആൽബം ഗാനങ്ങൾ പാടാൻ സാധിച്ചതും, ജാസി ഗിഫ്‌റ്റിനെ അസിസ്‌റ്റ്‌ ചെയ്യാൻ സാധിച്ചതുമൊക്കെതന്നെ ഒരു പഠനം ആയിരുന്നു. പിന്നീട്‌ ലജ്ജാവതിയുടേയും മറ്റും ഹമ്മിങ്ങുകൾ… അവയൊക്കെ ആൽബം ഗാനങ്ങളിലായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രയും ജനശ്രദ്ധ കിട്ടുമായിരുന്നില്ല. അങ്ങനെ സിനിമയുടെ മറ്റൊരു മുഖം കണ്ടു. ഒരു ഗായകനേക്കാളുപരി സ്വന്തം ആശയം മറ്റുളളവരിലേക്ക്‌ തുറന്നു കാണിക്കാനും ആ ഗാനത്തെ സ്വയമറിഞ്ഞ്‌ ഉപയോഗപ്പെടുത്താനും സംഗീത സംവിധാനത്തിൽ സാധിക്കുന്നു. അത്‌ മാസ്‌റ്റർ സംവിധായകന്റെയും, അഭിനേതാവിന്റെയുമൊക്കെ ചിത്രത്തിനായി ചെയ്യാൻ സാധിച്ചത്‌ ദൈവാനുഗ്രഹം! ഇത്തരത്തിൽ കയറ്റവും ഇറക്കവുമൊക്കെ ഒരു ഭാഗ്യത്താൽ വന്നുചേരുന്നത്‌ മാത്രമാണ്‌.

പുതിയ അവസരങ്ങളെക്കുറിച്ച്‌?

ഷാൻ ഃ ഫെബ്രുവരി തുടക്കത്തോടെ ഒരു ചലച്ചിത്രത്തിലെ നാലു ഗാനങ്ങളുണ്ട്‌.

ആരുടെ ചലച്ചിത്രമാണ്‌?

ഷാൻ ഃ അത്‌ പുറത്ത്‌ പറയുന്നില്ല.. സസ്‌പെൻസ്‌… (ചിരിക്കുന്നു)

ഗായകൻ, ഗാനരചയിതാവ്‌, സംഗീതസംവിധായകൻ-ഇതെല്ലാം ചേർന്ന താങ്കൾ സ്വന്തം ഗാനങ്ങളാലപിക്കേണ്ട ഗായകരുടെ മാനദണ്ഡങ്ങളെക്കുറിച്ചെന്തു പറയുന്നു?

ഷാൻ ഃ ഓരോ സ്വരത്തിനും ഓരോ ഭാവമുണ്ട്‌. ആസ്വാദകരുടെ മനസ്സിലേക്ക്‌ ഈ ഭാവത്തെ കൊണ്ടുവരുന്നതിലുളള കഴിവ്‌. അതാണ്‌ ഗായകരിൽ ഞാൻ കാണുന്ന മാനദണ്ഡം.

പരമ്പരാഗത സംഗീതത്തെ പുകഴ്‌ത്തുകയും നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ‘ജയദേവകൃതിയും ചടുലതാളങ്ങളും’ ഒരു മാറ്റത്തിന്‌ തുടക്കമിടുകയാണോ?

ഷാൻഃ എന്റെ ആശയത്തെ ഞാൻ പ്രായോഗികമാക്കിയെന്നേയുളളു. ഒരു മാറ്റത്തിന്‌ തുടക്കമിടാൻ ഒരു തുടക്കക്കാരനായ ഞാൻ ആളല്ല. ഇപ്പോഴും സംഗീതമഭ്യസിക്കുന്ന ഒരു വിദ്യാർത്ഥി. പഠിച്ചത്‌ പുറത്ത്‌ കൊണ്ടുവരാനുളള ഒരു വഴിയുടെ അന്വേഷകൻ മാത്രമാണ്‌ ഇപ്പോൾ ഞാൻ.

പരമ്പരാഗത സംഗീത സംസ്‌ക്കാരത്തെ കാത്തുസൂക്ഷിക്കാൻ സാങ്കേതികതയുടെ സമൃദ്ധി അനുവദിക്കാതിരിക്കുന്ന പുതിയ കാലത്തിൽ ഷാൻ ഒരു മാറ്റത്തിന്‌ തുടക്കമിടുന്നുണ്ടോ എന്ന്‌ നാം ചിന്തിച്ചുപോകുന്നുണ്ട്‌. 5-​‍ാം വയസ്സിൽ സംഗീതമഭ്യസിച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ ഗുരു അച്‌ഛൻ സോമനാണ്‌. അച്‌ഛനും അമ്മൂമ്മ ലീലാകുമാരിയും അനിയത്തി ഷൈനിയുമടങ്ങുന്നതാണ്‌ ഈ ഗായകന്റെ കുടുംബം. 17-​‍ാം വയസ്സിൽ അമ്മ നഷ്‌ടമായതിന്റെ ദുഃഖം ഗാനങ്ങൾക്കായി ഷാൻ കുറിക്കുന്ന ചില വരികളിൽ നിഴലിക്കാറുണ്ട്‌.

ചടുലതാളങ്ങളിലൂടെ പുതുതലമുറയിലേക്ക്‌ കടന്നുചെന്ന്‌ പഴയകാല കൃതികളിലെ മാനുഷികമൂല്യങ്ങളെ ഉയർത്തിക്കാട്ടാൻ ഷാൻ എന്ന യുവഗായകൻ ശ്രമിക്കുന്നുണ്ട്‌. അങ്ങനെ കാലത്തിന്റെ മാറ്റത്തെ ഉൾക്കൊളളുകയും പഴമയുടെ മൂല്യത്തെ പിൻതുടരുകയും ചെയ്യുന്ന ഷാനിന്‌ ഒരു ജനകീയ സംഗീതത്തെ വാർത്തെടുക്കാൻ സാധിക്കുമോ? കാത്തിരുന്ന്‌ കാണാം.

Generated from archived content: essay_mar15_06.html Author: priy_k_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here