ഗ്രാമമെന്നോ നഗരമെന്നോ മെട്രോയെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നതായി ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്നതും വളരെ കുറച്ചു സംഭവങ്ങളില്‍ മേല്‍ മാത്രം.
രാജ്യത്തെ ഒരു നഗരവും സ്ത്രീകളെ സംബന്ധിച്ചു സുരക്ഷിതത്വം പ്രദാനം ചെയ്യുന്നവയല്ല. ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു കാര്യം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണു സ്ത്രീകള്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത് എന്നതാണ്. രണ്ടാം സ്ഥാനം വാണിജ്യ തലസ്ഥാനമായ മുംബയ്ക്കാണ്. മൂന്നാം സ്ഥാനമാകട്ടെ ഐ ടി തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാംഗ്ലൂരിനും. കേരളത്തിന്റെ വാണിജ്യതലസ്ഥാന മായ കൊച്ചിയില്‍ മുപ്പതു കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗക്കേസുകള്‍ ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്തത് കോയമ്പത്തൂരിലാണ്. ഒന്‍പതെണ്ണം.
ഐ ടി ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ വൈകിയും ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളത്. പലപ്പോഴും ഇത് ഒഴിവാക്കാന്‍ കഴിയുന്നതല്ല. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വസ്ത്ര നിര്‍മ്മാണ ശാലകള്‍ ഷോപ്പിംഗ് മാളുകള്‍ മറ്റു വ്യവസായ വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വൈകി മാത്രമാണു വീട്ടിലേക്കു മടങ്ങാന്‍ കഴിയുക. ഇതില്‍ ബഹു ഭൂരി പക്ഷവും സ്ത്രീകളാണ്. ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതിയായ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. മെട്രോ നഗരങ്ങളിലുള്‍പ്പെടെ ഈ പ്രശ്നം രൂക്ഷമായി നില നില്‍ക്കുന്നു.
മുന്‍ നിര സ്ഥാപനങ്ങള്‍ മിക്കവയും ഇപ്പോള്‍ ജീവനക്കാര്‍ക്കു യാത്രാ സൗകര്യമൊരുക്കി വരുന്നുണ്ട്. എന്നാല്‍ ഭൂരി ഭാഗവും ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങളാണ്. ജീവനക്കാരെ വൈകിയുള്ള സമയത്തു താമസസ്ഥലത്തെത്തിക്കുവാന്‍ സ്വന്തം ചെലവില്‍ ബസോ വാനോ ഏര്‍പ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല.
വസ്ത്ര നിര്‍മ്മാണ ശാലകളിലും മറ്റും ജോലി ചെയ്യുന്നവരില്‍ ഭൂരി ഭാഗവും സ്ത്രീകളാണ്. താരതമ്യേന കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്കു ലഭിക്കുന്നത് . മെട്രോ നഗരങ്ങളിലെ ബസ് നിരക്കു പോലും ഇവര്‍ക്കു താങ്ങാനാവാത്തതാണ്. ആ സന്ദര്‍ഭത്തില്‍ ആറും ഏഴും പേര്‍ ചേര്‍ന്ന് ഓട്ടോ റിക്ഷയോ ചെറിയ വാനോ പിടിച്ചാണു വൈകിയ സമയത്തു വീടണയുന്നത്. ഈ യാത്രകള്‍ പോലും സുരക്ഷിതമല്ല എന്ന ആശങ്കയാണു ഡല്‍ഹില്‍ നിന്നും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൂട്ട ബലാല്‍സംഗവാര്‍ത്തകള്‍ ഉയര്‍ത്തുന്നത്.
ഇതു നമ്മുടെ രാജ്യത്തെ മാത്രം സ്ഥിതിയല്ല. വികസികത രാജ്യങ്ങളിലെ നഗരങ്ങളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ‘ യൂ ഗോവ്’ ലണ്ടന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഈ വസ്തുത കൂടുതല്‍ വ്യക്തമായി.
അവിടെ പതിനെട്ടിനും മുപ്പത്തിനാലിലും ഇടയില്‍ പ്രായമുള്ള 41 ശതമാനം പേര്‍ പൊതു സ്ഥലങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അലോസരപ്പെടുത്തല്‍ നേരിട്ടിട്ടുണ്ടെത്രെ. ലണ്ടനിലെ ആകെ സ്ത്രീ ജനസംഖ്യയുടെ 21 ശതമാനം വരുമിത്. തന്നെയുമല്ല ലണ്ടനിലെ ട്യൂബ് റെയില്‍ ഉള്‍പ്പെടെയുള്ള പൊതുയാത്രാ സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ത്രീകളില്‍ 28 ശതമാനവും തങ്ങള്‍ക്കു സുരക്ഷയെ പ്രതി പുരുഷന്മരുടെ ഭാഗത്തു നിന്നും ഭീതി നില നില്‍ക്കുന്നതായി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് നഗരത്തിലും സമാനമായ സാഹചര്യങ്ങളാണു നില നില്‍ക്കുന്നതെത്രെ. പൊതുയാത്ര സം വിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ലൈംഗികാക്രമണങ്ങളില്‍ 84 ശതമാനവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇതും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്.
ബ്രിട്ടണില്‍ സ്ത്രീകള്‍ തങ്ങള്‍ക്കെതിരായ ലൈംഗിക കയ്യേറ്റം സംബന്ധിച്ചു പരാതി പറഞ്ഞാല്‍ സംഭവം ശ്രദ്ധയോടെ ചോദിച്ചു മനസിലാക്കുന്നതിനും തുടര്‍ നടപടികള്‍ വേഗം കൈക്കൊള്ളുന്നതിനും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കു പ്രത്യേക പരിശീലനം നല്‍കി വരുന്നു.
കടപ്പാട്
കേരള യുവത
Generated from archived content: essay2_sep8_13.html Author: prince_raj