ബുദ്ധൻ കരയുന്നു

ഒരു പൂവുവിരിയുവാൻ ദലമാർദ്ദവങ്ങളിൽ

ചിരിയെത്ര ചാലിച്ചുചേർത്തു

ഒരു കായ്‌വിളയുവാനുളളം ത്രസിച്ചെത്ര

മോഹങ്ങൾ കോരിനിറച്ചു.

ജീവരേണുക്കൾക്കു ശ്രുതിപകർന്നീടുവാൻ

ഭൂവന സങ്കീർത്തനമർമരങ്ങൾ

കൊക്കോടു കൊക്കുമുരുമ്മിസ്സജീവിത-

ദിക്കിന്റെ സുപ്രഭാതം നുകരാൻ

ലോകാന്തരത്തിന്റെ ഭാഗധേയങ്ങൾക്കു

സ്വീകാര്യമാകേണ്ട ദർശനങ്ങൾ

ആരുപഠിപ്പിച്ചുറക്കിക്കിടത്തിയോ

നേരറിയാത്തതാം ദുഃഖപർവ്വം

ആരതിൽ നഖരങ്ങളാഴ്‌ത്തിത്തെളിയിച്ചു

ആരും കൊതിക്കാത്ത ക്രൂരതകൾ

ശാന്തിക്കുതുന്നിയ മരണവസ്‌ത്രങ്ങൾതൻ

പട്ടുമിനുസ ദുരിതഭംഗി

കാന്തിചൊരിയേണ്ടമനുജ മഹത്വത്തിൻ

സ്‌പന്ദനങ്ങൾക്കു തിരശ്ശീലയായ്‌

കൊട്ടാരസൗഖ്യാങ്കണത്തിലെ സിദ്ധാർത്ഥൻ

ബോധോദയത്താലുയർന്ന ബിംബം

ചിത്രത്തിൽ വർണ്ണങ്ങളതിരുവരച്ചിട്ടും

അതിരുതിരിക്കാത്ത സ്‌നേഹഭാവം

കാലം വിളയിച്ച സൂക്‌തങ്ങൾ സിദ്ധന്റെ

കാലാതിവർത്തിയാം വിഗ്രഹങ്ങൾ

പൂവുപോൽ ഹാസം ചൊരിഞ്ഞു സുഗന്ധം

പാരം പരത്തിയുയർന്നു നിൽക്കെ

ശിഷ്‌ടമില്ലാസംഗരഭൂവിൽ ശകലങ്ങൾ

കഷ്‌ടമശരണരാണമ്മമാർ മക്കളും

സാക്ഷിയാവുന്നൂ കാലം ശ്രീബുദ്ധൻ കരയുന്നു

അമ്പേറ്റുവീഴും മാടപ്രാവുകളല്ലോ മർത്ത്യൻ

Generated from archived content: poem-jan31.html Author: premanand-champadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here