ചൂട്ടെടുക്കുക-രാത്രിയാവുന്നുണ്ട്‌

വേറെയെന്തുണ്ട്‌?

വെറും കുശലമായവൻ

തിളയ്‌ക്കും വിരഹത്തിൽ.

വേറെ….വേറെയുണ്ട്‌;

നരച്ച കണ്ണുകൾ, മൂക്ക്‌,

ചുണ്ടുകൾ, എണ്ണയൊതുക്കാത്ത

മുടിയിഴകൾ, കഴുത്ത്‌, കൈകൾ,

വിളർത്ത മുലകൾ, ഉദരം,

നനഞ്ഞ ജനനേന്ദ്രിയം,

കാലുകൾ, അതിൽ പത്തുവിരലുകൾ

നിലംതൊട്ടുനിൽക്കാത്ത കണ്ണുനീർ.

വേറെയെന്തറിയണം

കുശലമേ, വഴികളോ

നാട്ടുവഴക്കങ്ങളോ

ശവം നാറിപ്പൂക്കളുടെ

ഒളിപ്പുരയിൽ

തൊട്ടറിഞ്ഞ നമ്മളെക്കുറിച്ചോ

ഒന്നുമില്ല പറയാൻ, കേൾക്കാനും

നമുക്കൊന്നുമില്ല, നിറഞ്ഞെരിയാൻ

ഓർമ്മ കത്തിച്ച്‌

യാത്രയ്‌ക്ക്‌ ചൂട്ടെരിച്ച്‌ നീ

ഇന്നൊന്നുമില്ല

വേറെയൊന്നുമില്ല.

നീയുമ്മവച്ച മുലകളും

അടർത്തിമാറ്റിയ കന്യാചർമ്മവുമാണ്‌

അടുക്കളയിലെ വിറകടുപ്പിൽ

തിളയ്‌ക്കുന്നത്‌.

നാട്ടുമാന്യതയുടെ രേതസാണ്‌

തൊടുകറി.

നീയറിയാൻ മറ്റൊന്നുമില്ല.

സമയമുണ്ടെങ്കിൽ

വരിക, അടുത്താണ്‌

പഴയ ഒളിപ്പുര

അടുപ്പെരിയണമിന്നും

ഓർമ്മപ്പൂവിറുക്കൂ

വിരഹമേ, കുശലമേ

അടുക്കളപ്പുറത്തുണ്ട്‌

ആരാന്റെ ഉണ്ണികൾ

Generated from archived content: poem2_aug17_05.html Author: preetha_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here