മരുന്നുകഞ്ഞി

കക്കും കായക്കഞ്ഞി ഃ ഈ കഞ്ഞി വളരെ ചൂടാണ്‌. തയ്യാറാക്കുന്നവിധം. കക്കുംകായ തല്ലിപ്പൊട്ടിച്ച്‌ കുതിർത്തി ജീരകവും നാളികേരവും അരച്ച്‌ നവരനെല്ലിന്റെ അരിവേവിച്ച്‌ അതിൽ കലക്കിയൊഴിച്ച്‌ വെട്ടിത്തിളപ്പിച്ച്‌ കഴിക്കണം. കക്കുംകായ തൊലി കളഞ്ഞ്‌ കാലത്ത്‌ വെളളത്തിൽ ഇടണം. കഞ്ഞി വൈകീട്ടു തയ്യാറാക്കിക്കഴിക്കണം. ഇത്‌ നടുവേദനയ്‌ക്ക്‌ ശമനം നൽകും.

ഉഴിഞ്ഞക്കഞ്ഞി ഃ നടുവേദനയ്‌ക്കുളള മറ്റൊരു കഞ്ഞിയാണിത്‌. ഇതും ചൂടാണ്‌. നവരനെല്ലിന്റെ അരിവേവുമ്പോൾ ഉഴിഞ്ഞനീരും നാളികേരപ്പാലും ചേർത്ത്‌ ഒന്നു കൂടി വേവിക്കുക. എന്നിട്ട്‌ വൈകീട്ട്‌ കഴിക്കുക.

ഇടിഞ്ഞിൽ കഞ്ഞി ഃ ഇടിഞ്ഞിൽകൊണ്ടുവന്ന്‌ കല്ലുകൊണ്ട്‌ മുട്ടിയെടുത്ത്‌ അരച്ച്‌ നാളികേരം അരച്ചതും ചേർത്ത്‌ നവരനെല്ലിന്റെ അരിവെന്ത ചോറിൽ ചേർത്ത്‌ തിളപ്പിച്ച്‌ കഴിക്കുക. നടുവേദന മാറാൻ ഇത്‌ നല്ലതാണ്‌.

പാൽക്കഞ്ഞി ഃ തിരിമുറിയാത്ത തിരുവാതിര ഞാറ്റുവേലയിൽ പോലും പാടത്ത്‌ പണിയെടുത്തിരുന്ന നമ്മുടെ പഴമക്കാർ കഴിച്ചിരുന്ന ഒരു ഭക്ഷണമാണ്‌ പാൽക്കഞ്ഞി. വാതരോഗത്തിനായി കഴിക്കുന്ന ഈ ഭക്ഷണത്തിൽ മൂന്നുതരം പാൽചേർത്തു കഞ്ഞിവയ്‌ക്കുന്നു. പശുവിൻപാൽ, എരുമപ്പാൽ, ആട്ടിൻപാൽ എന്നിവ തുല്യമായി എടുക്കണം. ഇതിൽ തവരനെല്ലിന്റെ അരി വേവിച്ച്‌ കഞ്ഞിയാക്കി കഴിക്കുക. പാൽക്കഞ്ഞി ചൂടോ തണുപ്പോ അല്ല, മിതമാണ്‌. ആർക്കും കഴിക്കാം.

നവധാന്യക്കഞ്ഞി ഃ ഇത്‌ വാതരോഗത്തിനു മാത്രമല്ല, ടൈപോയ്‌ഡ്‌ മാറിക്കഴിഞ്ഞും കൊടുക്കാം. ടൈഫോയ്‌ഡിന്റെ ക്ഷീണം മാറാൻ വളരെ നല്ലതാണ്‌. പയറ്‌, ചെറുപയറ്‌, മുതിര, കടല, ഉലുവ, അരി, ഉഴുന്ന്‌, കടുക്‌, ചാമ എന്നീ ധാന്യങ്ങൾ ഒൻപതും കൂടി വെളളത്തിലിട്ട്‌ അരിവേവിച്ചതും ചേർത്ത്‌ വേവിക്കുക. ശർക്കരയും നാളികേരവുംചേർത്ത്‌ കഴിക്കാം.

ഉലുവക്കഞ്ഞി ഃ ഉഷ്‌ണരോഗത്തിന്‌ പണ്ടുളളവർ കഴിച്ചിരുന്നതാണ്‌ ഇത്‌. ഈ കഞ്ഞി തണുപ്പാണ്‌. അതിനാൽതന്നെ ഇത്‌ കുംഭത്തിലാണ്‌ കഴിക്കാറുളളത്‌. ചില സമയത്ത്‌ അതിനടുത്ത മകരം, മീനം, മേടം തുടങ്ങിയ മാസങ്ങളിലും കഴിക്കാറുണ്ട്‌. ഉലുവ കുതിർത്തിയെടുത്ത്‌ നവരനെല്ലിന്റെ അരിയും ചേർത്ത്‌ വേവിക്കുക. നാളികേരവും ശർക്കരയും വേണമെങ്കിൽ ചേർക്കാം. വൈകിട്ടാണ്‌ ഉലുവക്കഞ്ഞി കഴിക്കുന്നത്‌. എല്ലാ കുംഭത്തിലും ഇത്‌ കഴിക്കുന്നവർക്ക്‌ ഉഷ്‌ണരോഗങ്ങൾ ഉണ്ടാവുകയില്ല. നിലപ്പനക്കിഴങ്ങ്‌ ഉണക്കിപ്പൊടിച്ച്‌ പശുവിൻ നെയ്യിൽ കഴിച്ചാൽ ഉഷ്‌ണരോഗം പാടെ മാറും.

മരുന്നുകഞ്ഞി ഃ മരുന്നുകഞ്ഞി മൂത്രാശയരോഗത്തിന്‌ കഴിക്കുന്നതാണ്‌. ഇത്‌ സ്‌ത്രീകൾക്കും പുരുഷൻമാർക്കും കഴിക്കാം. ചെറുളവേര്‌, പാടത്തെ ചുളളിവേര്‌, തഴുതാമവേര്‌ എന്നിവ തുല്യമായിട്ടെടുത്ത്‌ കഴുകി അരിഞ്ഞ്‌ ചതച്ച്‌ വെളളത്തിൽ വയ്‌ക്കുക. എട്ടിടങ്ങഴിവെളളത്തിൽ വച്ച്‌ മൂന്നിടങ്ങഴിയാക്കിയെടുത്ത്‌ അതിൽ നവരനെല്ലിന്റെ അരിയിട്ട്‌ വേവിച്ച്‌ കഴിയ്‌ക്കുക. മൂത്രാശയരോഗങ്ങൾക്കെല്ലാത്തിനും നല്ലതാണ്‌.

തുളസിക്കഞ്ഞി ഃ ധാതുക്കൾ നശിച്ചവർക്കും ഒരു ഭക്ഷണവും കഴിക്കാത്തവർക്കും തുളസിക്കഞ്ഞികൊടുക്കുന്നത്‌ വളരെ നല്ലതാണ്‌. പതിനാറുപലം കൃഷ്‌ണതുളസി സമൂലം കഷായം വയ്‌ക്കുക. എട്ടിടങ്ങഴി കഷായം വേണം. അതിൽ അരനാഴി നവരനെല്ലിന്റെ അരിയിട്ടുവേവിച്ചു പഞ്ചസാരചേർത്ത്‌ ദിവസത്തിൽ ഒരുവട്ടം കഴിക്കുക. ഒരേ നേരത്ത്‌ എട്ടുദിവസം കഴിക്കണം.

പത്തിലക്കറി ഃ പയറിന്റെ ഇല, ചേമ്പിന്റെ ഇല, ചേനയുടെ ഇല, ആനത്തുമ്പയുടെ ഇല, നെയ്യുണ്ണിയുടെ ഇല, തഴുതാമയില, ചീരയില, മത്തയില ഇവപറിച്ച്‌ കറിവച്ചു കഴിക്കാം.

Generated from archived content: annam_july14_06.html Author: preetha_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here