ഉന്മുഖം
നിറങ്ങളോട് നിറഞ്ഞ പുഴയോട്…
ആർത്തുപെയ്യുന്ന മഴയത്രയും
ഉൾത്തളങ്ങളിലേയ്്ക്കാണ്
ചൊടിപ്പിച്ചും ഉളളുലപ്പിച്ചും
മടുപ്പിച്ചും…ഇന്നും….
മഴയിൽ തിളങ്ങുന്നു പച്ചകൾ
പുറത്ത്…
ഉളളിൽ… പൊളളിക്കുന്നോരു
വെയിൽച്ചൂട്..
ജനൽക്കാഴ്‌ചകളിൽ… പക്ഷെ
തിളച്ചുമറിയുന്നൂ പച്ചകൾ
നനഞ്ഞും
പകച്ചും മോഹങ്ങൾപോലെ
പക്ഷികൾ…
അതുകൊണ്ടാകാം
ഇന്നുമുന്മുഖം ജീവിതത്തോട്
കൊച്ചരുവിയെങ്കിലുമതിനോട്…
ഇരുണ്ട മുറികൾ
നിസ്സംഗമായ് മച്ചകം
അനങ്ങാതെന്നപോൽ നേരം..
വീണ്ടും… നനഞ്ഞ്
പരിഭ്രമിച്ച് പക്ഷികൾ
ഒരു വെറും ദിനം പക്ഷെ
മഴദിനം…
അതത്രയും ഉൾത്തളങ്ങളിലേയ്‌ക്കാണ്….
ചരൽക്കുത്തുപോലെ
വേദനിപ്പിച്ച്… പക്ഷെ കരയിക്കാതെ..
മഴയിലിപ്പഴും തിളങ്ങുന്നു പച്ചകൾ…
പറക്കമുറ്റാതെ നനഞ്ഞ പക്ഷികൾ
ഒടിഞ്ഞു തൂങ്ങുന്നു കനപ്പെട്ട കൊമ്പുകൾ
അനിവാര്യം…
അതുകൊണ്ടുമാകാം.. ഉന്മുഖം…
ഇന്നും…… എന്തിനോടും…..
Generated from archived content: poem2_jan11_06.html Author: preetha-k-unnikrishnan