ജാസി ഗിഫ്‌റ്റ്‌ -ദ്രുതതാളങ്ങളുടെ പ്രിയകാമുകൻ

നാടൊട്ടുക്ക്‌ ആരവങ്ങളും വാഗ്വാദങ്ങളും വിവാദങ്ങളുമുയർത്തിയ ‘ലജ്ജാവതി’യുമായി ജാസി ഗിഫ്‌റ്റ്‌ വന്നിട്ട്‌ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും അതിന്റെ അലകളൊടുങ്ങിയെന്ന്‌ പറയാനാവില്ല. ‘അടിപൊടി’യെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഒരുതരം എക്‌സ്‌റ്റസിയാണ്‌ ഈ പാട്ട്‌ അതിന്റെ ആസ്വാദകൾക്ക്‌ പകർന്നു നൽകിയത്‌.

ഫോർ ദ്‌ പീപ്പിളിനുശേഷം ജയരാജ്‌ ഒരുക്കിയ റെയ്‌ൻ റെയ്‌ൻ കം എഗേനിലെ ഗാനങ്ങളും വ്യത്യസ്‌തമായ ഒരു ആസ്വാദനതലം ശ്രോതാക്കൾക്ക്‌ നൽകി. റിലീസ്‌ ചെയ്യാനിരിക്കുന്ന ഡിസംബർ, എന്നിട്ടും എന്നീ ചിത്രങ്ങളിലെ പാട്ടുകളിലും ഇതേ ‘ജാസിടച്ചു’ണ്ടെന്ന്‌ കേട്ടവർ പറയുന്നു.

പാട്ടെഴുതി (ലജ്ജാവതിയിലെ ഇംഗ്ലീഷ്‌ വരികൾ) പുതുമയാർന്ന ഈണവും ആലാപനശൈലിയും പകർന്ന്‌ മലയാളികൾക്ക്‌ പുത്തൻ സംഗീതാനുഭവം നൽകിയ ജാസിയുടെ വിശേഷങ്ങളിലേയ്‌ക്ക്‌…..

പുതിയ കാലത്തിന്റെ ഗായകനുമായി സംസാരിക്കാനിരുന്നത്‌ വൈകിട്ടാണ്‌. ‘ലജ്ജാവതി’യുടെ ചടുലതാളത്തിലും അൽപ്പം വന്യമായ ആലാപനത്തിലും ഇപ്പോഴും രസിക്കുന്ന എറണാകുളത്തെ ഒരു ഉൾപ്രദേശം; ഓട്ടോഗ്രാഫ്‌ വാങ്ങാനും ഒന്നിച്ചു ഫോട്ടോയെടുക്കാനെത്തിയരുടെയും കുട്ടികളുടെയും തിരക്ക്‌. എല്ലാം കഴിഞ്ഞ്‌ അഭിമുഖം തുടങ്ങിയപ്പോൾ പിന്നെയും വൈകി.

പാടുന്നതിനേക്കാൾ കൂടുതൽ വാചകക്കസർത്തു കാണിക്കുന്ന പുതിയ പാട്ടുകാരെ അഭിമുഖം ചെയ്‌തതിന്റെ അനുഭവത്തിൽ തയ്യാറാക്കിയ ചോദ്യങ്ങൾക്ക്‌ മെല്ലെ മെല്ലെ പ്രസക്തിയില്ലാതാകുന്നത്‌ സംസാരിക്കുന്നതിനിടെ അറിഞ്ഞു. സംഗീതമെന്നു കേട്ടാൽ അങ്ങനെയങ്ങ്‌ വികാരപ്രകടനമൊന്നും നടത്താത്ത സംഗീതസംവിധായകനോട്‌ എന്തു ചോദിക്കണമെന്നുപോലും പലപ്പോഴും ശങ്കിച്ചുപോയി.

* പാട്ടു ചെയ്യുമ്പോൾ ഏതു ഘടകമാണ്‌ കൂടുതൽ ശ്രദ്ധിക്കുക?

പ്രധാനമായും സ്‌റ്റേജ്‌ പെർഫോമൻസ്‌. ഗാനമേളയൊക്കെ കാണുമ്പോൾ, ചില പാട്ടു തുടങ്ങുമ്പോഴേയ്‌ക്ക്‌ പബ്ലിക്‌ ഓഡിയൻസിന്റെ ഇടയിലുണ്ടാകുന്ന പ്രതികരണം ശ്രദ്ധിക്കും. ഉദാഹരണത്തിന്‌ ‘ഗില്ലി’യിലെ ‘അപ്പടിപോട്‌’ എന്ന പാട്ട്‌. കംപോസ്‌ ചെയ്യുമ്പോൾ വേറെ പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാറില്ല. ഓഡിയൻസിന്റെ പ്രതികരണം തന്നെയാണ്‌ മനസ്സിലുണ്ടാവുക.

പിന്നെ നല്ല മൂഡ്‌ ആണെങ്കിൽ നല്ല പാട്ട്‌. കൂടുതൽ ഒപ്പോസിഷൻസ്‌ വരുമ്പോൾ കുറച്ചുകൂടി നന്നാക്കണമെന്നു തോന്നും. എതിർക്കുന്നവർ ധാരാളം പേരുണ്ട്‌. (ഒന്നു നിർത്തി) എതിർപ്പെന്നു പറഞ്ഞാൽ അവർ പുറമെ കാണിക്കില്ല. എന്നാലും പറയും ‘ഓ..അവൻ വീണ്ടും’ നമ്മളെ അറിയുന്നവർ തന്നെ. നമുക്കതൊന്നും പെട്ടെന്ന്‌ തടുക്കാൻ പറ്റില്ല. ചിലപ്പോഴൊക്കെ കുറച്ചൊന്ന്‌ ഉൾവലിയാൻ തോന്നും.

* നിരാശ ഉണ്ടാകാറുണ്ട്‌ എന്നാണോ?

അങ്ങനെയല്ല, ഞാൻ മനസ്സിലാക്കിയിടത്തോളം ആർട്ടിസ്‌റ്റുകൾക്കെല്ലാം ഭയങ്കര ജാടയാണെന്നാണ്‌ ആളുകൾ പറയാറ്‌, ജാടയില്ലാതെ നമ്മൾ എല്ലാം തുറന്ന്‌ സംസാരിക്കുകയാണെങ്കിൽ പിന്നെ ‘അവൻ ഇവൻ’ എന്നുളള വിളിയാകും. പിന്നെ അധികം ആളുകളുടെ മുന്നിൽ ചെന്നുപെടാറില്ല. ചെന്നുപെട്ടാൽ നൂറായിരം അഭിപ്രായങ്ങളാകും. ഏതെങ്കിലും ഒരഭിപ്രായം മതി നമ്മൾ ‘ഡെസ്‌പ്‌’ ആകാൻ. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഡെസ്‌പ്‌ ആകുന്ന സംഭവമൊന്നുമില്ല. കാരണം യൂണിവേഴ്‌സിറ്റി കോളജിൽ അങ്ങനെ ഒരു അന്തരീക്ഷമായിരുന്നു. ഹോട്ടലിലൊക്കെ പാടി നടക്കുന്ന കാലമായിരുന്നു.

* മലയാളത്തിലെ സംഗീതസംവിധായകരെല്ലാം പൊതുവെ സാത്വികപ്രകൃതിയുളളവരാണ്‌. ജാസി ഹോട്ടലിൽ പാടിയിരുന്നു എന്നതിനെക്കുറിച്ച്‌ അഭിപ്രായമെന്തെങ്കിലും?

അങ്ങനെ എതിർപ്പായിട്ട്‌ ആരും പറഞ്ഞിട്ടില്ല. പിന്നെ അത്‌ വേറൊരു കൾച്ചറായി കാണുന്നവരുണ്ട്‌. ബി.എ ഫൈനൽ മുതൽ എം.ഫിൽ ചെയ്യുന്നതുവരെ ഞാൻ ഹോട്ടലിൽ പാടി.

*പാട്ടു ചെയ്യുന്നതിൽ പ്രത്യേകിച്ചൊരു ഇൻസ്‌പിരേഷൻ, ഓഡിയൻസിന്റെ പ്രതികരണമല്ലാതെ, സ്ഥായിയായിട്ടുളള ഒരു സൗന്ദര്യബോധം അങ്ങനെയെന്തെങ്കിലും?

അങ്ങനെയൊരു സംഭവമില്ല! അത്തരത്തിൽ ഒരു ഇൻസ്‌പിരേഷൻ തരത്തക്ക ഒരു ഘടകവും എന്റെ മ്യൂസിക്‌ കംപോസിങ്ങിനിടയിൽ ഇത്രനാളും വന്നിട്ടില്ല. പിന്നെ പാട്ട്‌ കേൾക്കുന്നത്‌ ഇഷ്‌ടമാണ്‌. പാട്ടു കേൾക്കുമ്പോൾ പാട്ടു ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്‌. അല്ലാതെ മറ്റൊരു ഇൻസ്‌പിരേഷനും ഇതുവരെ ഉണ്ടായിട്ടില്ല.

* എങ്ങനെയുളള പാട്ടുകളാണ്‌ ഇഷ്‌ടം?

കേട്ടാലിഷ്‌ടപ്പെടുന്ന എല്ലാ പാട്ടുകളും. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി. മുമ്പ്‌ ധാരാളം റേഡിയോ കേൾക്കുമായിരുന്നു. കേൾക്കാൻ കൊളളാവുന്ന എല്ലാ മ്യൂസിക്കും….അത്‌ മലയാളമായാലും ഹിന്ദിയായാലും അറിയാത്ത ഭാഷയായാലും കേട്ടാലിഷ്‌ടപ്പെടണം. അതിപ്പോൾ സ്‌പാനിഷ്‌ ആണെങ്കിൽപോലും. ഞാൻ കൂടുതലായും കേൾക്കുന്നത്‌ പഴയ മലയാളം പാട്ടുകളാണ്‌.

* ഇഷ്‌ടപ്പെട്ട സംഗീതസംവിധായകൻ?

ഇളയരാജ, രവീന്ദ്രൻ, കെ.ജെ.ജോയ്‌, ദേവരാജൻ….കൂടുതലിഷ്‌ടം ഇളയരാജയെ.

* പലതരം സമ്മർദ്ദം മൂലം ഇഷ്‌ടമുളള പാട്ടുചെയ്യാൻ കഴിയുന്നില്ല എന്നു പറഞ്ഞിരുന്നു. ഇഷ്‌ടമുളള സംഗീതം എങ്ങനെയുളളതാണ്‌?

സ്‌പീഡും സ്‌ലോയും എല്ലാം ഇഷ്‌ടമാണ്‌. കേട്ടാൽ ഇഷ്‌ടപ്പെടുന്ന പാട്ടു ചെയ്യാനാണ്‌ താൽപര്യം. ഇപ്പോഴത്തെ കോളജ്‌ സ്‌റ്റുഡന്റ്‌സിന്‌ വേണ്ടി ശുദ്ധ സംഗീതം ചെയ്‌തിട്ട്‌ കാര്യമില്ല, അവർക്കതിൽ താൽപര്യമില്ല. അവർക്ക്‌ നോർത്ത്‌ ഇന്ത്യൻ സ്‌റ്റൈൽ, ഗാനമേളയ്‌ക്കൊക്കെ അടിച്ചുപൊളിക്കാൻ പറ്റുന്ന സിനിമാറ്റിക്‌ സ്‌റ്റൈൽ പാട്ടാണ്‌ വേണ്ടത്‌.

ലജ്ജാവതിയേ…

2004-ന്റെ തുടക്കത്തിൽ ചലച്ചിത്രഗാനപ്രേമികളുടെ സംസാരത്തിലെല്ലാം ‘ലജ്ജാവതി’ നിറഞ്ഞുനിന്നു. ആഘോഷവേളകളിൽ ലജ്ജാവതിയുടെ ഈണവും റാപ്പിന്റെ വേഗവും തുളുമ്പി.

പാട്ടിന്റെ അസാധാരണമായ തുടക്കവും ഗായകന്റെ വ്യത്യസ്‌തമായ ശബ്‌ദവും ഉച്ചാരണശൈലിയുമെല്ലാം കേട്ട്‌ ആദ്യമാദ്യം ശ്രോതാക്കൾ അന്തംവിട്ടു. ലജ്ജാവതിയേയും ഫോർ ദ്‌ പീപ്പിളിലെ മറ്റു ഗാനങ്ങളേയും സ്വീകരിക്കാനും അടക്കിപ്പിടിക്കാനും മനസ്സിലൊരിടം കണ്ടെത്താനാവാതെ കുഴയുകയായിരുന്നു ഭൂരിഭാഗവും. എന്നാൽ വളരെ ചടുലമനസ്സുളള യുവാക്കൾ ലജ്ജാവതിയെ സഹർഷം സ്വീകരിച്ചു. മ്യൂസിക്‌ ചാനലുകളിൽ ആളുകളുടെ ആവശ്യപ്രകാരം ലജ്ജാവതി തുടർച്ചയായി തകർത്താടി. യാഥാസ്ഥിതികർ കാതുപൊത്തി. മാധ്യമങ്ങളിലെല്ലാം ചർച്ചകൾ നിറഞ്ഞു. ദളിതർ തങ്ങളുടെ സ്വന്തം പാട്ടെന്ന അവകാശവാദവുമായെത്തി. ഒപ്പം ജാസിയ്‌ക്ക്‌ നേരേയും ചോദ്യങ്ങളുയർന്നു.

ഒരുപക്ഷേ ഇത്ര ചെറിയ കാലയളവിനുളളിൽ ഇത്രയധികം ചോദ്യശരങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്ന സംഗീത സംവിധായകൻ വേറെയുണ്ടാവില്ല.

പാട്ട്‌ (സിനിമാപാട്ടായാലും) സംസ്‌കാരത്തിന്റെ പരിധിയിലാണ്‌ വരിക, ജാതിയുമതെ. ഇവ രണ്ടും വല്ലാത്തൊരു ഭാവത്തിൽ കൊമ്പു കോർക്കുന്നത്‌ നാമീയിടെ കണ്ടു. ആനുകാലികങ്ങളിൽ നിരന്തരമായി ലേഖനങ്ങൾ വന്നു. ഇപ്പോഴും വരുന്നു. കീഴാളരുടെ പാട്ടെന്ന്‌ ലജ്ജാവതിയെ വിശേഷിപ്പിച്ചതിനെ ഖണ്ഡിച്ചുകൊണ്ട്‌ കാരശ്ശേരി അടുത്തിടെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എഴുതി. വരികളിൽ അത്തരമൊരനുഭവം തീരെയില്ലെന്നും പാട്ടിൽ തോന്നുന്ന കീഴാളത്തം ആസ്വാദകരുടെ അനുഭവമാണെന്നും അതിൽ യുക്തിക്ക്‌ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ജാസിയുടെ സ്വരത്തിന്‌ യുവത്വവും പുതുമയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

* ലജ്ജാവതി ഇപ്പോഴും ചർച്ചകളിൽ നിറയുന്നുണ്ടല്ലോ?

ട്യൂണിട്ടശേഷം ഞാനും ജയരാജ്‌ സാറും കൈതപ്രവും കൂടിയിരുന്ന്‌ വെറും പത്തു മിനിറ്റുകൊണ്ട്‌ എഴുതിയതാണത്‌. അതിത്ര വലിയ സംഭവമാകുമെന്ന്‌ കരുതിയില്ല.

* ജയരാജിന്റെ നിർബന്ധം കൊണ്ടാണോ സംഗീതം ചെയ്യുന്നതിനുപുറമെ ഫോർ ദ്‌ പീപ്പിളിൽ പാടാൻ തയ്യാറായത്‌?

ഞാൻ പാടിയാൽ ഹിറ്റാകുമെന്ന്‌ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹത്തിന്റെ മുൻകാഴ്‌ചയെപ്പറ്റി ഞാൻ പറഞ്ഞതാണ്‌ അത്തരത്തിലുളള വാർത്തകൾക്ക്‌ കാരണം.

* കുട്ടിക്കാലം? കൂട്ടുകാർ?

കുട്ടിക്കാലം… പത്തുവരെ പഠിച്ചത്‌ സെന്റ്‌ തോമസിൽ, പ്രീഡിഗ്രി ഇവാനിയോസിലാണ്‌ ചെയ്‌തത്‌. ബി.എ. മുതൽ എം.ഫിൽ വരെ യൂണിവേഴ്‌സിറ്റി കോളജിൽ.

കൂട്ടുകാർ ഒത്തിരി ഉണ്ടായിരുന്നു. പാട്ടുകേൾക്കാൻ അന്നേ ഇഷ്‌ടമായിരുന്നു. സിനിമ ഭയങ്കര ഇഷ്‌ടമായിരുന്നു. വേറെ പറയത്തക്ക സംഭവങ്ങളൊന്നും കുട്ടിക്കാലത്തുണ്ടായിരുന്നില്ല. പത്തിലൊക്കെ ആയപ്പോൾ ഞാൻ പിയാനോ പഠിക്കാൻ തുടങ്ങി.

* സിനിമയിലേയ്‌ക്ക്‌ വന്നത്‌?

ജയരാജ്‌ സാറിന്റെ അനിയൻ എന്റെ ഒരു ആൽബം കണ്ടിട്ടുണ്ട്‌. അവരാണ്‌ എന്നെപ്പറ്റി ജയരാജ്‌ സാറിനോട്‌ പറഞ്ഞത്‌. അവരെല്ലാം അപ്പോൾ തിരുവനന്തപുരത്ത്‌ ചിത്രാഞ്ജലി സ്‌റ്റുഡിയോയിൽ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ജയരാജ്‌ സാറിനെ പോയികാണുന്നു. ആ പടത്തിന്റെ സിറ്റുവേഷൻ സാർ പറഞ്ഞു. ഞാൻ ‘ഡെമോ’ കൊണ്ടുപോയി കാണിക്കുന്നു. ആ കാണിക്കുന്ന ഡെമോ ആ സിറ്റുവേഷനായിട്ട്‌ ഭയങ്കര സിങ്കായിരുന്നു.

* ജയരാജിനെപ്പറ്റി?

നമുക്ക്‌ ഒട്ടും ബേസ്‌ ഇല്ലാതിരുന്ന ഒരു സമയമാണത്‌. അങ്ങനെയിരിക്കെ നമ്മളെ നല്ല ഒരു പ്രോജക്‌ടിലേയ്‌ക്ക്‌ ഇന്റർഡ്യൂസ്‌ ചെയ്‌തുവെന്നുളളത്‌ സാറിനെപ്പറ്റി പറയാവുന്ന ഏറ്റവും വലിയ പ്ലസ്‌ പോയിന്റാണ്‌. പാടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ ജയരാജ്‌ സാർ നിർബന്ധിച്ച്‌, അങ്ങനെ പാടുകയായിരുന്നു. പിന്നെ ജയരാജ്‌ സാറിന്റെ ഒരു സിനിമയിലേയും പാട്ടുകൾ ഫ്ലോപ്പാവാറില്ല. ഓഡിയോക്ക്‌ എപ്പോഴും നല്ല മാർക്കറ്റുണ്ടാകാറുണ്ട്‌.

* ലജ്ജാവതിയെക്കുറിച്ച്‌, ഇപ്പോഴും മാധ്യമങ്ങളിൽ പരാമർശമുണ്ട്‌.

ആദ്യം ചാനലുകൾക്ക്‌ കൊടുക്കാൻ തീരുമാനിച്ചത്‌ ‘ബല്ലേ ബല്ലേ’യാണ്‌. ഈ പാട്ടും ലജ്ജാവതിയും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്‌. പാറ്റേൺ ഒന്നാണ്‌. പക്ഷെ സെറ്റിലൊക്കെ എല്ലാവരും പാടിനടന്നതും കൂടുതൽ ഇഷ്‌ടപ്പെട്ടതും ‘ലജ്ജാവതി’യാണ്‌. അങ്ങനെ ലജ്ജാവതി ചാനലിന്‌ കൊടുക്കുകയായിരുന്നു.

പിന്നെ, ഞാനാദ്യമായിട്ടല്ലേ പാടുന്നത്‌ അപ്പോൾ അതിന്റെ റിസൽറ്റ്‌ എങ്ങനെ വരുമെന്ന്‌ സംശയമുണ്ടായിരുന്നു. പിന്നെ, പാട്ടിൽ ഇംഗ്ലീഷുണ്ട്‌, അതിനെക്കുറിച്ചൊക്കെ ആളുകളെന്തു പറയുമെന്ന്‌ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ പാട്ടിലെ മെലഡിയിൽ എനിക്ക്‌ നല്ല വിശ്വാസമായിരുന്നു. പക്ഷേ ഇത്രയ്‌ക്ക്‌ പോപ്പുലറാകുമെന്നും പ്രതീക്ഷിച്ചില്ല. പേഴ്‌സണലായിട്ട്‌ പാട്ട്‌ ഭയങ്കര ഇഷ്‌ടമാണ്‌. എപ്പോഴും കേൾക്കുമായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ല, ‘ബല്ലേ ബല്ലേ’യാണ്‌ ആദ്യം ചാനലുകൾക്ക്‌ കൊടുക്കാനിരുന്നതെന്ന്‌ പറഞ്ഞല്ലോ. പക്ഷേ അത്‌ ഏറ്റവും അവസാനമാണ്‌ പുറത്തുവന്നത്‌. മുൻകൂട്ടി കരുതുന്നതുപോലെയല്ല പലതും നടക്കുന്നത്‌.

* സ്വന്തം പാട്ടുകൾ ആസ്വദിക്കാറുണ്ടോ?

പിന്നേ… (ചിരി)

* പാട്ടുകേട്ട്‌ ഞങ്ങളൊക്കെ സ്വപ്നലോകത്ത്‌ പോകാറുണ്ട്‌. അതുപോലെ ഡ്രീംസ്‌ എന്തെങ്കിലും?

അങ്ങനെ ഡ്രീം കാണാറുണ്ട്‌. പണ്ട്‌ പാട്ടുചെയ്യണമെന്നുളള ആഗ്രഹം കൊണ്ടു നടന്നിരുന്നു. അതിപ്പോൾ സാധിച്ചെന്നുളള മെന്റൽ സാറ്റിസ്‌ഫാക്ഷനാണ്‌ കൂടുതലും. പിന്നെ ഡ്രീമെന്നു പറഞ്ഞാൽ മ്യൂസിക്‌ തന്നെ.

* ലജ്ജാവതി ഹിറ്റാവുന്നുവെന്ന്‌ അറിഞ്ഞതെങ്ങനെ?

അത്‌ കാസറ്റൊക്കെ ഇറങ്ങിക്കഴിഞ്ഞപ്പോൾ പലയിടത്തുനിന്നും ഫോൺകോൾസൊക്കെ വരാൻ തുടങ്ങി. കൊച്ചുകുട്ടികളൊക്കെ പാടി കേൾപ്പിച്ചു. കുട്ടികൾക്കും പാട്ട്‌ ഇഷ്‌ടമായെന്ന്‌ മനസ്സിലായി. വെളിയിലൊക്കെ പോകുമ്പോഴും കൊച്ചുകുട്ടികളാണ്‌ പാട്ടുപാടി കേൾക്കാറുളളത്‌. ഇപ്പോൾ ഞാൻ മസ്‌ക്കറ്റിൽ പോയപ്പോൾ പാടിത്തുടങ്ങിയപ്പോൾ തന്നെ പത്തുനാൽപ്പതു കുട്ടികൾ സ്‌റ്റേജിൽ കയറി ഭയങ്കര ഡാൻസും ഒക്കെയായി… മാതാപിതാക്കൾ തന്നെ കൊച്ചുകുട്ടികളെ നമുക്ക്‌ പരിചയപ്പെടുത്തിത്തരും.

* കുട്ടികൾക്ക്‌ ഈ പാട്ട്‌ ഇഷ്‌ടപ്പെടാൻ എന്താണ്‌ കാരണമെന്ന്‌ ആലോചിച്ചിട്ടുണ്ടോ?

അതാണ്‌ എനിക്കും മനസ്സിലാകാത്തത്‌ (ചിരി).

* പാട്ട്‌ കംപോസു ചെയ്യാൻ പ്രത്യേക സ്ഥലം വേണം എന്നൊക്കെയുണ്ടോ?

അങ്ങനെയില്ല. എവിടെയിരുന്നാലും നമുക്കൊരുപോലെയാണ്‌. കംപോസു ചെയ്യാൻ വേണ്ടി ഫ്രാൻസിൽ പോയാലും തിരുവനന്തപുരത്ത്‌ പൊന്മുടിയിലായാലും റിസൽറ്റൊക്കെ ഒരുപോലെയായിരിക്കും.

* ഭാവി പരിപാടികൾ? ആരാധകരൊക്കെ ഒരുപാട്‌ പ്രതീക്ഷിക്കുന്നുണ്ടല്ലോ. അവരോട്‌ എന്താണ്‌ പറയാനുളളത്‌?

ഞാൻ ഇനി എന്തു പാട്ട്‌ ചെയ്യണം, എങ്ങനെ ചെയ്യണം എന്നാണ്‌ ആലോചിക്കുന്നത്‌. കാരണം സംഗീതം നമുക്ക്‌ അങ്ങനെയങ്ങ്‌ ക്രിയേറ്റ്‌ ചെയ്യാൻ പറ്റില്ല. ലജ്ജാവതി തന്നെ അഞ്ചുമിനിറ്റുകൊണ്ട്‌ കംപോസു ചെയ്‌തതാണ്‌. അനുപല്ലവി ഒരു ഓട്ടോയിൽ പൊയ്‌ക്കൊണ്ടിരുന്നപ്പോൾ. ബല്ലേ ബല്ലേ ബസിൽ വെച്ചാണ്‌ ചെയ്‌തത്‌.

* മനസ്സിൽ ഈണമിട്ടിട്ട്‌ എന്തു ചെയ്യും?

മനസ്സിൽ മൂടിയങ്ങിടും, പിന്നെ വീട്ടിൽ വന്നിട്ട്‌ ടേപ്പിൽ റെക്കോർഡ്‌ ചെയ്‌തുവെക്കും.

പിന്നെ ആളുകൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്‌. സ്ഥിരം ഫോർമാറ്റല്ലാതെ മറ്റുപലതും പ്രത്യേകിച്ച്‌ ചെറുപ്പക്കാർ പ്രതീക്ഷിക്കുന്നുണ്ട്‌. അവർക്കാണെങ്കിൽ തമിഴിൽ നിന്നല്ലാതെ അവരുദ്ദേശിക്കുന്ന തരത്തിലുളള പാട്ടു കിട്ടുന്നുമില്ല. മ്യൂസിക്കെന്നു പറയുന്നത്‌ വളരെ ‘ലോക്കലൈസ്‌ഡ്‌’ ആണ്‌. ഇവിടെത്തന്നെ ഓട്ടോക്കാരൻ കണ്ടാൽ കൈ കാണിക്കും. ജർമ്മനിയിലെ അംബാസഡർ ലജ്ജാവതിയേ പാടുന്നുണ്ടെന്നും കേട്ടു. എല്ലാതരത്തിലുളളവർക്കും പാട്ട്‌ ഇഷ്‌ടമാണ്‌. നേരത്തെ പറഞ്ഞപോലെ എന്റെ പാട്ട്‌ കൂടുതൽ ലോക്കൽ ആളുകൾക്ക്‌ ഇഷ്‌ടപ്പെട്ടതാണ്‌ ഇത്ര പോപ്പുലറാകാൻ കാരണം. അതൊരു ഭാഗ്യവുമാണ്‌.

* പോപ്പുലറായപ്പോൾ ദളിത്‌ സംഘടനകൾ ജാസിയെ ഏറ്റെടുത്തിരുന്നല്ലോ?

നമ്മളെ അങ്ങനെയൊക്കെ അങ്ങ്‌ കൊണ്ടുചെന്നെത്തിക്കുകയാണ്‌. ഹിന്ദു, ക്രിസ്‌ത്യൻ, മുസ്ലീം എന്നല്ല ഒരു സംഘടനയിൽനിന്നും ഒരു സപ്പോർട്ടും ഇന്നുവരെ കിട്ടിയിട്ടില്ല. ജാതീയമായിട്ടുളള രീതിയിൽ എന്നെ മാർക്കറ്റ്‌ ചെയ്യാൻ ഞാൻ അനുവദിക്കുകയില്ല.

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുളള മലയാളികൾക്കിടയിൽ തന്റെ ‘ആണത്തമുളള ശബ്‌ദ’വുമായി (ചുളളിക്കാടിന്റെ അഭിപ്രായത്തിൽ) ജാസി ഗിഫ്‌റ്റ്‌ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഫോർ ദ്‌ പീപ്പിളും, സഫലവും, റെയ്‌ൻ റെയ്‌ൻ കം എഗയിനും ഇപ്പോഴും പോപ്പുലറായി തുടരുന്നു. തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷയിലും ലജ്ജാവതി സൂപ്പർ ഹിറ്റ്‌. ഡിസംബറും, എന്നിട്ടും തുടങ്ങിയ സിനിമ പാട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. രണ്ടിലും കേൾവിക്കാരെ ഹരം പിടിപ്പിക്കുന്ന ഗാനങ്ങൾ ഉണ്ടെന്ന്‌ കേട്ടവർ പറയുന്നു. ഇപ്പോൾ ബംഗാളിയിലും ഒറിയയിലും പാട്ടു ചെയ്യാനവസരം കിട്ടിയതിൽ ജാസിയും ഏറെ സന്തോഷവാനാണ്‌.

സമയം നീങ്ങുന്തോറും കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമുളള സാധ്യത ഏറുകയാണെന്ന്‌ തോന്നി. കൂടുതൽ ഔപചാരികമല്ലാത്ത ഒരു സംഭാഷണത്തിൽ അങ്ങനെയാണല്ലോ സംഭവിക്കാറ്‌.

കർണ്ണാടകസംഗീതം പഠിക്കാത്ത, സാധകം ചെയ്യാത്ത, പ്രണയമുണ്ടോയെന്നു ചോദിച്ചാൽ “ഫസ്‌റ്റ്‌ ലൗവ്‌-മ്യൂസിക്‌” എന്നു ചിരിച്ചുകൊണ്ടു പറയുന്ന ഈ സംഗീതകാരന്‌ ഏറെദൂരം ഇനിയും പോകാനുണ്ടല്ലോ. അതുകൊണ്ടുതന്നെ അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കും അവസരങ്ങളിനിയുമുണ്ടാകാം.

വൈകിയെങ്കിലും യാത്രയാക്കാനെത്തിയവരെ ‘ലജ്ജാവതി’യും ‘പൂവിന്നുളളിൽ പൂമഴ’ (തേൻ കിനിയുന്ന പാട്ടെന്ന്‌ ചിലർ)യും പാടി കേൾപ്പിച്ചാണ്‌ ജാസി യാത്ര പറഞ്ഞത്‌.

Generated from archived content: interview_nov22.html Author: preetha-k-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here