ഒറ്റക്കാഴ്‌ചയിൽ നരേന് പൊടുന്നനെ സിനിമയിലെത്തിയ എന്നാൽ അഭിനയം നന്നായി വഴങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ രൂപവും ഭാവവുമാണ്. എന്നാൽ അൽപ്പം സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ കാത്തിരിപ്പിന്റെയും ശിക്ഷണത്തിന്റെയും ഒതുക്കവും നാടകപരിചയത്തിന്റെ മികവും കാണാം. രണ്ടായാലും നരേനോട് ആഭിമുഖ്യമുണ്ട് പ്രേക്ഷകർക്ക്. ഫോർ ദി പീപ്പിളും അച്ചുവിന്റെ അമ്മയും കണ്ടവരുടെ കയ്യടിയിൽനിന്ന് നമുക്കത് മനസ്സിലാകും. മിഷ്‌ക്കിന്റെ ചിത്തിരംപേശുതടിയുടെ തമിഴിലും ഇഷ്‌ടതാരമാവുകയാണ് നരേൻ. തങ്കർ ബച്ചാന്റെ (അഴകി ഫെയിം) ‘പളളിക്കൂട’മാണ് തമിഴിൽ നരേന്റെ പുതിയ പടം. മലയാളത്തിൽ ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സാണ് പുതിയ പ്രോജക്‌ട്.
പത്താം ക്ലാസ് മുതൽ നരേന്റെ മനസ്സിൽ സിനിമയുണ്ടായിരുന്നു. സംവിധാനവും സിനിമട്ടോഗ്രഫിയും അഭിനയവുമെല്ലാം നരേന്റെ മോഹങ്ങളായിരുന്നു. ഫിഫ്‌ത്തിൽ പഠിക്കുമ്പോൾ (അബുദാബിയിലാണ് സ്‌കൂൾ ഫൈനൽവരെ നരേൻ പഠിച്ചത്) സ്‌കൂൾഡേയ്‌ക്ക് മുതിർന്ന രണ്ട് ആൺകുട്ടികൾ നാടകം അവതരിപ്പിച്ചതും മുറിയിൽ വന്ന് അവരെ അനുകരിച്ചു നോക്കിയതും നരേന്റെ ഓർമ്മയിലുണ്ട്. പിന്നീട് തൃശൂർ കേരളവർമ്മ കോളേജിൽ ഡിഗ്രിയ്‌ക്ക് പഠിക്കുമ്പോൾ എഡ്‌വേർഡ് ലീയുടെ സൂ സ്‌റ്റോറി യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്‌റ്റിവലിൽ അവതരിപ്പിച്ച് നരേൻ മികച്ച നടനുളള അവാർഡ് നേടി. (പീറ്റർ, ജെറി എന്നീ രണ്ടു കഥാപാത്രങ്ങളാണ് സൂ സ്‌റ്റോറിയിലുളളത്. ഇതിൽ വളരെ വയലന്റായിട്ടുളള ജെറിയെയാണ് നരേൻ അവതരിപ്പിച്ചത്)
അമിതാഭ് ബച്ചനെയും മോഹൻലാലിനെയും കമൽഹാസനേയും ഇഷ്‌ടപ്പെടുന്ന അഭിനേതാവായ നരേൻ പക്ഷെ അഡയാറിലെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയത് സിനിമട്ടോഗ്രാഫിയിലെ യോഗ്യതയാണ്. കോഴ്‌സ് പൂർത്തിയാക്കി രാജീവ് മേനോന്റെ അസിസ്‌റ്റന്റായി രണ്ടരവർഷം ജോലി ചെയ്തപ്പോഴും നരേന്റെ മനസ്സിൽ അഭിനയമോഹം നിറഞ്ഞുനിന്നു. സ്‌ക്രീൻ ടെസ്‌റ്റുകൾക്ക് പതിവായി പങ്കെടുക്കുകയായിരുന്നു സംഘർഷം കുറയ്‌ക്കാൻ നരേൻ കണ്ടെത്തിയ മാർഗ്ഗം. അസിസ്‌റ്റന്റ് ക്യാമറാമാനുവേണ്ടിയുളള അഭിമുഖത്തിനിടെ തന്നെ രാജീവ് മേനോനോട് നരേൻ വ്യക്തമാക്കിയിരുന്നു അഭിനയമാണ് താൽപ്പര്യമെന്ന്, എങ്കിലും അസി. ക്യാമറാമാനായി രാജീവ് മേനോൻ തിരഞ്ഞെടുത്ത കുറച്ചുപേരിൽ നരേനുമുണ്ടായിരുന്നു. ഒരിക്കൽ രാജീവ് മേനോന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ യൂണിറ്റ് ബുക്ക് ചെയ്യാനെത്തിയ അടൂർ ഗോപാലകൃഷ്‌ണനോട് നരേൻ നേരിട്ട് തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് അടൂരിന്റെ നിഴൽക്കൂത്തിൽ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നരേന് അവസരം ലഭിക്കുന്നത്.
അഡയാറിലെ പഠനകാലത്തും ഇപ്പോഴും ‘സിനിമാലോകം’ എന്ന ഭ്രമകൽപ്പനയിൽ പെടാതിരിക്കാൻ നരേൻ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെയാകാം ഇദ്ദേഹത്തെ കുറച്ചു സിനിമകളിലേ കാണാനാകൂ. തുടക്കത്തിൽ തന്നെ ‘സെലക്‌ടീവ്’ ആകുന്നതിനെക്കുറിച്ച് ബോധവാനാണെങ്കിലും കഥ കേൾക്കുമ്പോൾ സ്വയം തിരിച്ചറിയാൻ കഴിയുന്ന കഥാപാത്രങ്ങളെ മാത്രമേ ഇദ്ദേഹം സ്വീകരിക്കുകയുളളൂ. പിന്നെ സിനിമയിൽ എന്തിനുവന്നു? സിനിമയെ എങ്ങനെ കാണുന്നു? എന്നുളള ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണമല്ലോ-നരേൻ പറയുന്നു. സ്വന്തം കഥാപാത്രങ്ങളെ ഹൃദയത്തോടു ചേർത്തുപിടിക്കുന്നയാളാണ് നരേൻ. ഷൂട്ടിങ്ങിനിടയിൽ അലസമായിരിക്കാനും ബുദ്ധിമുട്ടാണ്.
തൃശൂരാണ് നരേന്റെ സ്വദേശം, ടി.എം.രാമകൃഷ്‌ണന്റെയും ശാന്ത രാമകൃഷ്‌ണന്റെയും ഏകമകൻ. വീട്ടിൽ മറ്റാർക്കും കലാപരമായ കാര്യങ്ങളിൽ വാസനയില്ല. സിനിമയാണ് നരേന്റെ ലക്ഷ്യമെന്നറിഞ്ഞപ്പോൾ സ്വാഭാവികമായും എതിർപ്പുണ്ടായി. നരേൻ വാശിപിടിച്ചു. ആദ്യം ഒരു പ്രൊഫഷണൽ ഡിഗ്രി പിന്നീട് ഇഷ്‌ടംപോലെ എന്ന് അഭിപ്രായമുയർന്നു. അതുകൊണ്ട് പ്ലസ്‌ടു കഴിഞ്ഞപ്പോൾ എൻജിനീയറിങ്ങ് എൻട്രൻസ് എഴുതി, കിട്ടിയില്ല (ഭാഗ്യത്തിന് കിട്ടിയില്ല, കിട്ടിയാൽ നാലര വർഷമാണ് പോവുക‘- നരേൻ) പിന്നീട് കേരളവർമ്മയിൽ നിന്ന് സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ഡിഗ്രി, തുടർന്നാണ് അഡയാറിൽ സിനിമട്ടോഗ്രഫിക്ക് പ്രവേശനം ലഭിക്കുന്നത്. വീട്ടുകാർക്കും ആശ്വാസം; കാരണം അതൊരു ടെക്‌നിക്കൽ ക്വാളിഫിക്കേഷനാണല്ലോ.
അഭിനയത്തിന്റെ പൂർണ്ണതയെക്കുറിച്ച് ചോദിച്ചാൽ അത് ആപേക്ഷികമാണല്ലോ എന്നാണ് നരേൻ പറയുക. ഏതായാലും അധികം ഡൂസും ഡോണ്ട്‌സും ഇല്ലാത്ത, കൊച്ചുകാര്യങ്ങളിൽ സന്തോഷിക്കുന്ന, മിതമായി സൗന്ദര്യം ആസ്വദിക്കുന്ന ഒരാളാണ് ഇദ്ദേഹം. ഒപ്പം Pretty sincere in whatever I do… നരേൻ കൂട്ടിച്ചേർക്കുന്നു.
Generated from archived content: interview1_may26_06.html Author: preetha-k-unnikrishnan