നിറങ്ങളുടെ തുടുപ്പ്‌

ഒരു വ്യക്തിയിൽ ആശയങ്ങൾ പിറവിയെടുക്കുന്നതിന്‌ എന്തും കാരണമാകാം. യോജ്യമായ ഒരു മീഡിയം കണ്ടുപിടിച്ച്‌ അതിൽ മനസിലെ ആശയം ഭംഗിയായി രൂപപ്പെടുത്തി ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുമ്പോൾ ഒരു ചക്രം പൂർത്തിയാകുന്നു. അതാണല്ലോ കല! പിറവിയെടുക്കലും ആവിഷ്‌ക്കാരവും പ്രദർശനവും.

ഡോക്ടർ ജിഗ്‌മിനിയുടെ കലാസൃഷ്ടികൾ മനോഹരങ്ങളാണ്‌.”Sculpture on Canvas” എന്ന വിശേഷണത്തോടെ ഒക്‌ടോബർ ഒന്നിന്‌ കേരള ലളിതകലാ അക്കാദമി ദർബാർ ആർട്ട്‌ സെന്ററിൽ ആരംഭിച്ച പ്രദർശനം അഞ്ചുദിവസം നീണ്ടു. ഗണപതിയുടെ ഛായയുളള ഡ്രിഫ്‌റ്റുവുഡാണ്‌ കാഴ്‌ചക്കാരെ എതിരേറ്റത്‌. തൊട്ടു പുറകിൽ മെരുക്കപ്പെട്ട കുതിര(Jammed horse)യുടെ തലയെടുപ്പാർന്ന മറ്റൊരു ഡ്രിഫ്‌റ്റുവുഡ്‌. പിന്നീട്‌ ഡോക്ടർ ജിഗ്‌മിനിയുടെ സ്വന്തം കൂട്ടിൽ തീർത്ത ചിത്രശിൽപ്പങ്ങൾ. ഭിത്തിയിൽ തൂക്കിയ ക്യാൻവാസിൽ അവയ്‌ക്ക്‌ ത്രിമാസസ്വഭാവമാണ്‌. ഓർത്തോപീഡിക്‌ ചെയ്‌തപ്പോഴുളള പ്രാക്ടിക്കലിന്റെ ഭാഗമായി കൈവശം കരുതിയ പ്ലസ്‌റ്റർ ഓഫ്‌ പാരീസിൽ ഭർത്താവിന്റെയും മകന്റെയും പാദങ്ങൾ മുൻപിലും പുറകിലുമായി പതിപ്പിച്ച്‌ ചുറ്റും മണൽ തൂകി കടൽക്കരയിലൂടെ നടക്കുന്നതുപോലുളള പ്രതീതി സൃഷ്ടിച്ചായിരുന്നു തുടക്കം. ആർമിയിലെ ലഫ്‌.കേണൽ കെ.എം.സന്തോഷിന്‌ സ്ഥലംമാറ്റം പതിവാണ്‌. ഒരിക്കൽ സ്ഥലം മാറിയപ്പോൾ ഈ ശിൽപ്പം തകർന്നു, മകന്റെ കുഞ്ഞുപാദത്തിന്റെ മാതൃക പൊടിഞ്ഞുകണ്ടപ്പോൾ സങ്കടം തോന്നി. കുറച്ചുകൂടി ഉറപ്പുളള കൂട്ട്‌ ഉണ്ടാക്കാനായി പിന്നീടുളള ഡോക്ടറുടെ ശ്രമം.. അതിനായി സിമന്റും സെറാമികും പശയും പേപ്പറുമെല്ലാം പ്ലാസ്‌റ്റർ ഓഫ്‌ പാരിസിനൊപ്പം ചേർത്ത്‌ അവർ പുതിയ കൂട്ടുണ്ടാക്കി.

ആർമിയുടെ പാർട്ടികളിൽ അനുയോജ്യമായ ശിൽപ്പങ്ങൾ ക്യാൻവാസിൽ ചെയ്‌തുകൊടുക്കുക മാത്രമായിരുന്നു പതിവ്‌. വിശേഷാവസരങ്ങളിൽ അടുപ്പമുളളവർക്ക്‌ സമ്മാനമായി കൊടുത്തതും ഇത്തരം ശിൽപ്പങ്ങൾ തന്നെ. 10-12 വർഷം ഇങ്ങനെ തുടർന്നു.

കൊച്ചിയിൽ വന്നിട്ട്‌ ഇപ്പോൾ ഒന്നരവർഷം. ഡൽഹിയിലാണ്‌ ജനിച്ചത്‌. (ഭൂട്ടാനിൽ വെച്ചാണ്‌ ജിഗ്‌മിനിക്ക്‌ പേരിട്ടത്‌, പകുതി ഭൂട്ടാൻഭാഷയും പകുതി മലയാളവും കലർന്ന പേരാണ്‌ അച്ഛൻ ഇട്ടത്‌) ഇത്‌ ആദ്യത്തെ പ്രദർശനം. നേവിയിലെ സജ്ജീവനി ആശുപത്രിയിൽ സിവിൽ സർജനാണ്‌. ചിത്രകലയോ ശിൽപ്പകലയോ ഇവർ അഭ്യസിച്ചിട്ടില്ല. മനസിലെ സന്തോഷത്തിന്റെ പ്രതിഫലനം ഇവരുടെ സൃഷ്ടികളിൽ കാണാം. കലയെന്നും ചിത്രപ്രദർശനമെന്നും കേൾക്കുമ്പോൾ മങ്ങിയതും ദുഃഖം ഉറഞ്ഞുകൂടിയതുമായ മുഖങ്ങളാകും ഓർമ വരിക; അല്ലെങ്കിൽ അത്തരം ഒരെണ്ണമെങ്കിലുമുണ്ടാകും. അതൊരു ക്ലീഷെയാണ്‌. എന്നാൽ ഇവിടെ അതില്ല. ജോയ്‌, എക്‌സ്‌റ്റസി, ഡിലൈറ്റ്‌ തുടങ്ങി സന്തോഷത്തിന്റെ വിവിധ ഭാവങ്ങളുണ്ട്‌, കൂടുതലും സ്‌ത്രീ രൂപങ്ങൾ, ഓറഞ്ചും ചുവപ്പുമാണ്‌ പ്രധാന നിറങ്ങൾ. ഓയിൽ പെയിന്റാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. “ജിവിക്കുന്നതിന്റെ ആനന്ദം” എന്ന സൃഷ്ടിയിൽ സ്ര്തീയും പുരുഷനുമുണ്ട്‌. ഉത്തരേന്ത്യൻ, പ്രത്യേകിച്ച്‌ രാജസ്ഥാൻ ഗ്രാമീണ വേഷഭൂഷാദികളാണ്‌ ഭൂരിഭാഗം സ്‌ത്രീകൾക്കും. സ്വന്തമായുണ്ടാക്കിയ പ്ലാസ്‌റ്റർ ഓഫ്‌ പാരിസ്‌ സെറാമിക്‌ കൂട്ട്‌ പെട്ടെന്ന്‌ ഉണങ്ങുന്നതാണെങ്കിലും സൃഷ്ടികൾക്ക്‌ മനസിലുദ്ദേശിച്ച ഭാവം പകരാൻ ഡോ.ജിഗ്‌മിനിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ കാഴ്‌ചക്കാർക്ക്‌ ബോധ്യപ്പെടും. മുളയും തടിയും തുടങ്ങി ഭംഗിയുളള ആന്റിക്‌ ഫ്രെയിം വരെ ചിത്രങ്ങൾക്ക്‌ ഉപയോഗിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ ബിംബങ്ങളൊന്നും കാണുന്നില്ലല്ലോ എന്ന്‌ ചിലരെങ്കിലും ചോദിക്കുമ്പോൾ അത്‌ ഇവിടെ എവിടെയും നേരിൽ കാണാമല്ലോ എന്ന്‌ മറുപടി പറഞ്ഞെങ്കിലും ഇനി പച്ചപ്പ്‌ നിറഞ്ഞ കേരളത്തെയും ക്യാൻവാസിൽ ത്രിമാനഭാവത്തോടെ പ്രതിബിംബിപ്പിക്കണമെന്നാണ്‌ കരുതുന്നതെന്നും ജിഗ്‌മിനി പറഞ്ഞു.

Generated from archived content: essay1_oct20_2006.html Author: preetha-k-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here