അഭിശപ്തജാതകക്കുറിപ്പുമായി ഒരു ഗാനം

“Dreaming I was only dreaming

I wake and I find you asleep

In the deep of my heart here

I hope that my dream never haunted you

My heart is telling you how much I

wanted you gloomy sunday….

Gloomy sunday…..”

അഭിശപ്തമായ ഒരു ജാതകമാണ്‌ ഈ പാട്ടിന്റേത്‌, ‘ഗ്ലൂമി സൺഡേ’-ദുഃഖഭരിതമായ ഞായറാഴ്‌ച. ഇതെഴുതിയപ്പോഴും സംഗീതം പകർന്നപ്പോഴും റെസെ സെറസ്‌ എന്ന ഹംഗറിക്കാരൻ സംഗീതജ്ഞൻ ഓർത്തിട്ടുണ്ടാവില്ല ഈ പാട്ട്‌ ലോകമെമ്പാടുമുളള നൂറുകണക്കിനാളുകളുടെ മരണക്കുറിപ്പാകുമെന്ന്‌… 1933-ൽ പിറവിയെടുത്ത ഗ്ലൂമി സൺഡേ നിരാശാഭരിതമായ വരികളാൽ വാരിയെടുത്തത്‌ നൂറുകണക്കിന്‌ ജീവിതങ്ങളെയാണ്‌.

ഗ്ലൂമി സൺഡേ – ആത്മഹത്യയ്‌ക്ക്‌ ഒരു ഗാനം

വിങ്ങിനിൽക്കുന്ന വിഷാദവും ഉൽക്കടമായ മരണവാഞ്ചയും നിറഞ്ഞ വരികളിൽ ഹൃദയഭേദകമായ ഈണം കലർത്തിയപ്പോൾ കേൾവിക്കാർക്കത്‌ മരണാനുഭവത്തിലേയ്‌ക്കുളള പാതയായി. ഓരോ തവണയും ഗ്ലൂമി സൺഡേ കേട്ടവരിൽ ഒരാളെങ്കിലും വൈകാതെ മരണത്തെ പുണർന്നു.

സ്വീഡിഷ്‌, ചൈനീസ്‌, ജാപ്പാനീസ്‌, എസ്‌പരാന്റോ ഭാഷകളിലേയ്‌ക്ക്‌ മൊഴിമാറ്റം നടത്തപ്പെട്ട ഈ ഗാനമെഴുതിയത്‌ ഹംഗേറിയൻ കവിയായ ലാസ്‌ലോ ജാമോറാണെങ്കിലും ഗാനം ചിട്ടപ്പെടുത്തിയ സെറസ്‌ കൂട്ടിച്ചേർത്ത വരികളിലായിരുന്നു വിഷാദാത്മകത മുറ്റിനിന്നിരുന്നത്‌. ഈ പാട്ട്‌ കേൾവിക്കാരുടെ ജീവനെടുക്കാൻ തുടങ്ങിയപ്പോൾ ദുഃഖത്തിന്റെ അരം കുറയ്‌ക്കാൻ സ്വപ്നാഭമായ വരികൾ പിന്നീടെഴുതി ചേർത്തെങ്കിലും ഫലമുണ്ടായില്ല.

വളരെ ബുദ്ധിമുട്ടിയാണ്‌ ഗ്ലൂമി സൺഡേയ്‌ക്ക്‌ സെറസ്‌ വിപണി കണ്ടെത്തിയത്‌. ഇത്ര കണ്ട്‌ വേദന നിറഞ്ഞിരിക്കുന്ന പാട്ടുകേട്ടാസ്വദിക്കാൻ ആരാണ്‌ തയ്യാറാവുക എന്നുപറഞ്ഞ്‌ ഒഴിവാക്കിയവരാണധികവും. ഒടുവിൽ വല്ലവിധേനയും റെക്കോഡ്‌ വിപണിയിലെത്തിച്ചപ്പോൾ ഒരാഴ്‌ചയ്‌ക്കകം വിൽപ്പനയിൽ മുൻപന്തിയിലെത്തിയതും ഇതേ ഗാനം.

ആദ്യത്തെ ഇര-

1933-സെറസിന്റെ പ്രണയിനി.

ആകസ്‌മികതകൾ ഇങ്ങനെയുമാകാം. സെറസ്‌ എഴുതിയ വരികളിലുടനീളം മരണവാഞ്ച നിറഞ്ഞുനിന്നിരുന്നു, ദീർഘകാലത്തെ പ്രണയത്തിനുശേഷം പിരിഞ്ഞ കാമുകിയുമായി വീണ്ടും ഒന്നിച്ചു ചേരാനുളള ആഗ്രഹവും. ഇക്കാര്യം അയാൾ അവരെ അറിയിക്കുകയും ചെയ്‌തു. അതിന്റെ പിറ്റേന്ന്‌ വിഷം കഴിച്ച്‌ മരിച്ച നിലയിൽ അവരെ കിടപ്പുമുറിയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിൽ ഒരേയൊരു വരിമാത്രം -“ഗ്ലൂമി സൺഡേ.”

സ്വയം മരണത്തെ സ്വീകരിക്കുന്നവർ മരണക്കുറിപ്പായി രണ്ടുവരി കവിത എഴുതുന്നതിൽ അത്ഭുതമില്ല. ബുഡാപെസ്‌റ്റിലെ ഷൂ നിർമ്മാണക്കാരൻ ജോസഫ്‌ കെല്ലറുടെ മരണശയ്യയ്‌ക്കരികിലെ കടലാസുതുണ്ടിൽ ഒരു കവിത പകർത്തിയിരുന്നു- ഗ്ലൂമി സൺഡേ….

ജിപ്‌സി ബാൻഡ്‌ പാടി നടന്ന ഗ്ലൂമി സൺഡേ കേൾക്കവെ സ്വയം നിറയൊഴിച്ചു രണ്ടുപേർ. ഡാന്യൂബ്‌ നദിയിൽ ജീവിതമവസാനിപ്പിച്ചവർ നിരവധി, ഡാന്യൂബിന്റെ ഓളപ്പരപ്പിൽ മരിച്ചുമരവിച്ച കൈകളിൽ നിന്ന്‌ വേർപ്പെട്ട ഗ്ലൂമി സൺഡേയുടെ കോപ്പികൾ ഒഴുകി നടന്നു.

നിശാക്ലബ്ബിൽ ഗ്ലൂമി സൺഡേ പാടണമെന്നാവശ്യപ്പെട്ടു ഒരാൾ. പാട്ടുകേട്ട്‌ പുറത്തിറങ്ങിയ ഉടൻ സ്വയം നിറയൊഴിക്കുകയായിരുന്നത്രെ.

നിരോധനം-

ഇതിനിടയിൽ ഈ മരണഗീതത്തിന്‌ വിലക്ക്‌ വീണു. ബുഡാപെസ്‌റ്റ്‌ പോലീസാണ്‌ പാട്ടു നിരോധിച്ചത്‌. ബുഡാപെസ്‌റ്റിൽ (ഹംഗറി) മാത്രമല്ല ലോകത്ത്‌ പലയിടങ്ങളിലും ഗ്ലൂമി സൺഡേ നിരോധിച്ചു. പക്ഷെ ആത്മഹത്യകൾ നിരോധിക്കാനാവില്ലല്ലോ.

ബർളിനിൽ തൂങ്ങിമരിച്ച ഒരു കടയുടമയുടെ കാൽച്ചുവട്ടിൽ നിന്ന്‌ ഗ്ലൂമി സൺഡേയുടെ ഒരു കോപ്പി കണ്ടെത്തി.

ന്യൂയോർക്കിൽ സുന്ദരിയായ ഒരു ടൈപ്പിസ്‌റ്റ്‌ തന്റെ അന്ത്യാഭിലാഷമായി മരണക്കുറിപ്പിലെഴുതിയിരുന്നത്‌ സംസ്‌ക്കാരസമയത്ത്‌ ഗ്ലൂമി സൺഡേ ആലപിക്കണമെന്നായിരുന്നു.

പ്രണയനൈരാശ്യമുളളവർ മാത്രമാണോ ഗ്ലൂമി സൺഡേയുടെ ഇരകളാകുന്നത്‌?

ഗ്ലൂമി സൺഡേയുടെ വരികൾ ഭ്രാന്തമായി പാടിക്കൊണ്ട്‌ ഒരു 80 വയസ്സുകാരൻ ഏഴാംനിലയിൽ നിന്ന്‌ ചാടിമരിച്ചത്‌ പ്രണയനൈരാശ്യം മൂലമോ?! ആത്മഹത്യ ചെയ്‌ത ഒരു പതിനാലുകാരിയുടെ മരവിച്ച കൊച്ചുവിരലുകളിൽ ഗ്ലൂമി സൺഡേയുടെ ഒരു കോപ്പി കുരുങ്ങിക്കിടന്നിരുന്നതോ?

ഒരു തപാൽക്കാരൻ, തീരെ ചെറുപ്പം, റോമിലാണ്‌ സംഭവം. ഭിക്ഷക്കാർ വഴിയരികിൽ ഗ്ലൂമി സൺഡേ ആലപിക്കുന്നത്‌ കേട്ടു. തന്റെ സൈക്കിൾ ഒരരികിൽ ഒതുക്കിവെച്ച്‌ അവർക്ക്‌ തന്റെ കൈയിലുളള പണമത്രയും നൽകി തൊട്ടടുത്തുളള പാലത്തിൽ നിന്ന്‌ നദിയിലേയ്‌ക്ക്‌ ചാടി മരണത്തിലേയ്‌ക്ക്‌ ഊളിയിട്ടുപോയി.

ഇത്രയുമായപ്പോഴേയ്‌ക്ക്‌ ബിബിസി ഉൾപ്പെടെയുളള പ്രമുഖ റേഡിയോ ചാനലുകൾ ഗ്ലൂമി സൺഡേ നിരോധിച്ചു. ഹംഗറിയിൽ പൊതുസ്ഥലങ്ങളിൽ ഈ പാട്ട്‌ പാടരുതെന്ന്‌ നിർദ്ദേശം വന്നു. ഒരു ഫ്രഞ്ച്‌ സ്‌റ്റേഷൻ ആത്മഹത്യയെക്കുറിച്ചുളള കാരണങ്ങളറിയാൻ മനഃശാസ്‌ത്രജ്ഞരുടെ പഠനസംഘത്തെ നിയോഗിച്ചു. പക്ഷെ ആത്മഹത്യാനിരക്കിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

ഏതാനും മാസങ്ങൾ കഴിഞ്ഞു. സ്ഥിതി അൽപ്പം ഭേദമായെന്ന്‌ ബി.ബി.സിക്ക്‌ തോന്നിക്കാണണം. അവർ ഗ്ലൂമി സൺഡേയുടെ ഇൻസ്‌ട്രുമെന്റൽ വേർഷൻ പുറത്തിറക്കാൻ അനുവദിച്ചു.

ഒരു ദിനം. ലണ്ടൻ നഗരം. തൊട്ടടുത്ത ഫ്ലാറ്റിൽ നിന്ന്‌ ഗ്ലൂമി സൺഡേയുടെ ഇൻസ്‌ട്രുമെന്റൽ വേർഷൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ ഒരു പോലീസുകാരന്റെ ശ്രദ്ധയിൽ പെട്ടു. ഫ്ലാറ്റിൽ ചെന്നു നോക്കണമെന്ന്‌ അയാൾക്ക്‌ തോന്നി. സംശയം ശരിയായിരുന്നു. നിലയ്‌ക്കാതെ പാടിക്കൊണ്ടിരുന്ന ഗ്രാമഫോണിനരികിൽ ഒരു സ്‌ത്രീ ഇനിയുണരാത്ത ഉറക്കത്തിൽ…

ഈ സംഭവത്തോടെ ഗ്ലൂമി സൺഡേയുടെ ഇൻസ്‌ട്രുമെന്റൽ വേർഷനും വിലക്കു വീണു. ഇന്നും നിലനിൽക്കുന്നു ആ വിലക്ക്‌. (പക്ഷെ, പ്രൈവറ്റ്‌ റെക്കോർഡുകളിൽ ഇന്നും ഗ്ലൂമി സൺഡേ പാടുന്നുണ്ടെന്നും അങ്ങിങ്ങ്‌ ആത്മഹത്യകൾ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. നിറയെ പോറലുകൾ വീണ ഹംഗറിഭാഷയിലുളള ഗ്ലൂമി സൺഡേ റെക്കോർഡുകൾക്കുപോലും ഭാഷയ്‌ക്കതീതമായി ആളുകളുടെ ജീവനെടുക്കാനുളള കഴിവ്‌ ഇന്നുമുണ്ടത്രെ!)

റെസെ സെറസ്‌ –

സ്വന്തം സംഗീതത്തിന്റെ അസാധാരണമായ തരംഗത്തിൽ അന്ധാളിച്ചുപോയ സെറസിന്റെ വാക്കുകൾ ‘ഒരു കുറ്റവാളിയെ പോലെയാണ്‌ ഞാനീ ’പ്രശസ്തി‘യ്‌ക്ക്‌ നടുവിൽ നിൽക്കുന്നത്‌. ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഞാനെന്റെ നിരാശയും വേദനയും അപ്പാടെ ആ പാട്ടിലേയ്‌ക്ക്‌ ചൊരിഞ്ഞിരുന്നു. എന്റെ കരച്ചിൽ തന്നെയായിരുന്നു ആ പാട്ട്‌. ഒരുപക്ഷെ എന്നെപോലെ മുറിവേറ്റവർക്ക്‌ അതേ വേദന ആ പാട്ടിൽ അനുഭവപ്പെട്ടിരിക്കണം.“

1968-

റെസെ സെറസ്‌ – ഫ്ലാറ്റിന്റെ എട്ടാംനിലയിൽ നിന്ന്‌ ചാടി ജീവനൊടുക്കി.

“Angels have no thoughts of ever returning to you

Would they be angry if I thought of joining you?…

Death is no dream for in death

I’m caressing you

With the last breath of my soul

I will be blessing you…”

പ്രണയത്തിനും വിഷാദത്തിനും വല്ലാതെ അടിപ്പെട്ടു കിടക്കുന്ന വരികൾ….(ഇതിനോടു കലർന്ന്‌ നമുക്കിന്ന്‌ അപ്രാപ്യമായ ഏതോ ഒരീണവും) ആർക്കാണിത്‌ പൂർണ്ണമായി ഉൾക്കൊളളാനാവുക? ഒരുപക്ഷെ ഉൾക്കൊണ്ടവരാകാം പിന്നീടൊരിക്കലും ഒരു സമാന്തരജീവിതത്തിന്‌ തന്നെ വിട്ടുകൊടുക്കാനാകാതെ മരണത്തിന്റെ തമോഗർത്തത്തിൽ സ്വയം സമർപ്പിച്ചത്‌.

Generated from archived content: essay1_jan6.html Author: preetha-k-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English