ഒരു വിദ്യാസമ്പന്നനെ സംബന്ധിച്ച് എന്‍ജിനീയറും ഡോക്റ്ററും ഒഴിച്ച് ബാക്കി എല്ലാ ജോലികളും രണ്ടാം തരം എന്ന ചിന്ത ഒരു വ്യാഴവട്ടക്കാലം മുമ്പേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് മാറി. ഡോക്റ്ററും എന്‍ജിനീയറും ആയാല്‍ പോര അത് ഗവണ്‍മെന്റ് സര്‍വീസില്‍ ആണെങ്കില്‍ മാത്രമേ കാര്യമുള്ളൂ, അല്ലാത്തവന്‍ മോശക്കാരന്‍ എന്ന മട്ടിലാണ് പലരുടെയും മനോഭാവം. ഒരാള്‍ അധ്യാപന്റെ ജോലി ചെയ്യുന്നു എന്നു കേട്ടാല്‍ വേറെ ജോലിയൊന്നും കിട്ടിയില്ലേ എന്ന് ചോദിക്കുന്നവരും സുലഭം. ഒരു പക്ഷെ അവര്‍ കണ്ടിട്ടിട്ടുള്ളത് അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സംഘടനാപ്രവര്‍ത്തനങ്ങളും സമരങ്ങളും നടത്തുന്ന ഗവണ്‍മെന്റ് അധ്യാപകരെയോ, ഗവണ്‍മെന്റ് സര്‍വീസില്‍ ശിപായി ആയെങ്കിലും കിട്ടിയാല്‍ മഹാപുണ്യം എന്നു കരുതി പിഎസ് സി കറക്കിക്കുത്തിയിരിക്കുന്ന ട്യൂഷന്‍ അധ്യാപകരെയോ മാത്രമായിരിക്കും. എന്നാല്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഇരുന്നും ആത്മാര്‍ഥതയോടെ ജോലി ചെയ്യുകയും സ്വകാര്യ മേഖലയില്‍ ആണെങ്കിലും അധ്യാപനം എന്ന കലയില്‍ ഉറച്ച് നില്‍ക്കുകയും ‘Quantity of Income’ നോക്കാതെ ‘Quality of Service’ ന് പ്രാധാന്യം കൊടുക്കുന്ന പ്രൈവറ്റ് അധ്യാപകരും ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ.
പ്രൈവറ്റ് അധ്യാപകന്‍. ഗവണ്‍മെന്റ് അധ്യാപകന്‍ എന്നൊക്കെ വേര്‍തിരിവുണ്ടാകുന്നത് ഈയടുത്തകാലത്താണ്. സമൂഹത്തില്‍ നിലനിന്നിരുന്ന ഗുരു, ആചാര്യന്‍, ആശാന്‍ തുടങ്ങിയ പദങ്ങള്‍ സൂചിപ്പിക്കുന്നത് അധ്യാപകന്റെ പലതരത്തിലുള്ള വിശേഷണങ്ങള്‍ തന്നെയാണ്. ദാര്‍ശനിക വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ഒരു Recalloing മാത്രമാണ്. അതായത് കൈക്കോട്ട് മുതല്‍ കംപ്യൂട്ടര്‍ വരെയുള്ള ഉപകരണങ്ങള്‍ ഭൂമിയിലുള്ള വസ്തുക്കള്‍ ചേര്‍ത്തു നിര്‍മിച്ചവയാണ്. ഇന്നു നാം ആധുനിക ഉപകരണങ്ങള്‍ എന്നവകാശപ്പെടുന്ന അടിസ്ഥാന ഘടകങ്ങള്‍ ശിലായുഗത്തിലും ഭൂമിയില്‍ നിലനിന്നിരുന്നു. പക്ഷെ, അന്ന് ലോഹങ്ങളും വൈദ്യുതിയും ഒന്നുമില്ല. ഇതിന്റെയൊക്കെ ശ്രേണിയാണ് ഇന്നു കാണുന്ന പല ആധുനിക ഉപകരണങ്ങളും. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിക്കുന്ന പല ഉപകരണങ്ങളും അല്ലെങ്കില്‍ ഒരായിരം കൊല്ലം കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന യന്ത്രസങ്കേതങ്ങളും ഇപ്പോഴും നമുക്കിടയില്‍ ഈ ഭൂമിയില്‍ തന്നെയുണ്ട്. അതിന്റെ മുന്നോടിയായുള്ള വസ്തുക്കളും സാങ്കേതിക വിദ്യകളും കണ്ടെത്താത്തിടത്തോളം കാലം അവ നമുക്കിടയില്‍ അദൃശ്യമായി നിലകൊള്ളുന്നു.
മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നു എന്നു പറയപ്പെടുന്ന ഭൗതിക ശാസ്ത്രമോ രസതന്ത്രമോ ഗണിതമോ വൈദ്യശാസ്ത്രമോ ഇവിടെ വിശദീകരിച്ചാല്‍ തീരാത്ത ഏതു വിഷയമോ അതിന്റെയെല്ലാം speed up ആക്കുന്ന കംപ്യൂട്ടര്‍ ശാസ്ത്രമോ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സാഹിത്യമോ കലയോ എന്നീ ഏതു മേഖലയിലും ‘അറിവ്’ കൈമാറ്റം ചെയ്യുമ്പോഴാണ് അത് പുതിയ കണ്ടെത്തലുകളും സൃഷ്ടികളുമെല്ലാമായി തീരുന്നത്. ‘അറിവ്’ എന്ന പ്രകാശം മറ്റുള്ളവര്‍ക്ക് രസകരമായ രീതിയില്‍ പങ്കുവച്ച് മറ്റുള്ളവരെയും പ്രകാശിപ്പിക്കുന്നവരെല്ലാം തന്നെ ഉത്തമ അധ്യാപകരാണ്. സോക്രട്ടീസ്, ശങ്കരാചാര്യന്‍, സ്വാമി വിവേകാനന്ദന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഗലീലിയോ, കുമാരനാശാന്‍ എന്നിങ്ങനെ എത്രയെത്ര ഗുരുക്കന്മാരാണ് കിഴക്കും പടിഞ്ഞാറുമായി കലയിലും ശാസ്ത്രത്തിലും അധ്യാത്മിക രംഗത്തുമെല്ലാം ഉണ്ടായിരുന്നത്.
നമ്മുടെ കൊച്ചു കേരളം ഈയടുത്തു കണ്ട രണ്ടു പ്രഗത്ഭ ഗുരുക്കന്മാരാണ് കുഞ്ഞുണ്ണി മാഷും സുകുമാര്‍ അഴീക്കോട് മാഷും. കുഞ്ഞുണ്ണി മാഷുടെ ഓരോ കവിതയും ചൊല്ലുകളും പതിരില്ലാത്ത പഴംചൊല്ലുകള്‍ പോല്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ചെങ്കില്‍ തന്റെ ഓരോ പ്രസംഗത്തിലും കാണികളെ വിദ്യ അഭ്യസിപ്പിക്കുന്ന കുട്ടികളെപ്പോലെ തത്പരരാക്കി മാറ്റാന്‍ കഴിവുള്ള സര്‍ഗ പ്രതിഭയായിരുന്നു സുകുമാര്‍ അഴീക്കോട്. കച്ചവട സിനിമയില്‍ ആയുധധാരികളായ പത്തോ പതിനഞ്ചോ പേരെ സംഘട്ടനത്തില്‍ നിഷ്പ്രയാസം തോല്‍പ്പിക്കുന്ന സ്ഥിരം വണ്‍മാന്‍ ഷോ നായകരെ കണ്ടുമടുത്ത നമുക്ക്, ജീവിതത്തിലും വേണമെങ്കില്‍ വണ്‍മാന്‍ ഷോ കാണിക്കാന്‍ കഴിയും എന്നു പ്രവര്‍ത്തിച്ചു കാണിച്ച മഹാനാണ് സുകുമാര്‍ അഴീക്കോട്. അദ്ദേഹം ശക്തികൊണ്ടല്ല ബുദ്ധികൊണ്ടാണ് ഈ കഴിവ് പ്രകടിപ്പിച്ചത്. ‘ആചാര്യന്‍’ എന്നു ബഹുമാനാര്‍ഥം വിളിക്കപ്പെട്ടിരുന്ന ശങ്കരാചാര്യരും ‘മാഷ്’ എന്നു ബഹുമാനാര്‍ഥം വിളിക്കപ്പെട്ടിരുന്ന സുകുമാര്‍ അഴീക്കോടും പ്രതിഭയുടെ കാര്യത്തില്‍ ചെറിയതോതിലെങ്കിലും സമാനതകള്‍ ഉണ്ട്. ശങ്കരാചാര്യരുടെ ദിഗ്വിജയത്തെപ്പറ്റി നമുക്ക് കേട്ടറിവുകള്‍ മാത്രമേയുള്ളൂ. പണ്ഡിത ശ്രേഷ്ഠനായ അദ്ദേഹം നാടുകള്‍ തോറും സഞ്ചരിച്ച് മറ്റു പണ്ഡിതരോട് വിജ്ഞാനമത്സരത്തിലും തര്‍ക്ക ശാസ്ത്രത്തിലും പങ്കെടുത്തു വിജയിക്കുന്ന കാഴ്ച നമുക്ക് ഭാവനയില്‍ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ സുകുമാര്‍ അഴീക്കോട് മാഷ് തന്റെ അറിവിന്റെ ശക്തിയില്‍ മത, താര രാജാക്കന്മാരോട് സംവാദത്തില്‍ ഏര്‍പ്പെട്ടു വിജയം കൈവരിച്ച കാഴ്ച ഈയടുത്ത കാലം വരെ മാധ്യമങ്ങള്‍ മുഖേനയെങ്കിലും നാം കണ്ടു കഴിഞ്ഞു.
ഏകദേശം 125 കൊല്ലങ്ങള്‍ക്കു മുന്‍പ് സ്‌കൂള്‍ അധ്യാപകനായി ജോലി കിട്ടാതെ പോയ നരേന്ദ്രനാണ് പില്‍ക്കാലത്ത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അധ്യാത്മിക ഗുരുവായി തീര്‍ന്ന സ്വാമി വിവേകാനന്ദനായി തീര്‍ന്നത്. ഒരു വന്‍ ആല്‍മരം ഒരു ചെടിയില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല എന്ന പ്രകൃതി സത്യം കൂടിയാണ് ഇവിടെ തെളിയിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ഗ്രന്ഥങ്ങള്‍ പലതും ശാസ്ത്രത്തിലേക്കും പ്രപഞ്ച സത്യങ്ങളിലേക്കും വിരല്‍ ചൂണ്ടൂന്നതാണ്. പ്രശസ്തനാകുന്നതിനു മുമ്പ് തന്നെ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം താന്‍ നേടിയ അറിവുകള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കാന്‍ മടിച്ചില്ല. അദ്ദേഹത്തിന്റെ അറിവിന്റെ തീവ്രതയാണ് സ്വാമി വിവിഷദാനന്ദനെ (പഴയപേര്) ആള്‍വാര്‍ രാജാവിന്റെ അടുക്കല്‍ എത്തിച്ചതും എന്നു ചരിത്രം വ്യക്തമാക്കുന്നു.
ഗലീലിയോ എന്നു കേട്ടാല്‍ ടെലസ്‌കോപ്പ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്നാണ് സാധാരണക്കാരന്റെ ചിന്ത. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ ടെലസ്‌കോപ്പ് കണ്ടുപിടിച്ച് ശാസ്ത്രജ്ഞന്‍ ആയി മാറിയതാണോ .. ഒരിക്കലുമല്ല! ശാസ്ത്രജ്ഞന്‍ എന്നറിപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ഒരു ട്യൂഷന്‍ അധ്യാപകനായിരുന്നു. ബാല്യകാലത്ത് വീട്ടുകാരുടെ നിര്‍ബന്ധം കാരണം വൈദ്യശാസ്ത്ര പഠനത്തിന് ചേര്‍ന്നെങ്കിലും ആ വിഷയത്തില്‍ താത്പര്യം കുറവായതിനാല്‍ പഠനം പകുതിക്ക് നിര്‍ത്തി പ്രകൃതിയുടെ തത്വശാസ്ത്രവും (ഇപ്പോഴത്തെ ഫിസിക്‌സ്) ഗണിതവും പഠിച്ച്, പിന്നീട് ട്യൂഷന്‍ അധ്യാപകന്‍ ആയ്ി മാറുകയും ചെയ്തു. അക്കാലത്ത് ഒരു ഡോക്റ്റര്‍ക്ക് ഉണ്ടായിരുന്ന വരുമാനത്തെ അപേക്ഷിച്ച് ട്യൂഷന്‍ അധ്യാപകനായ ഗലീലിയോയ്ക്ക് വരുമാനം കുറവായിരുന്നെങ്കിലും തന്റെ തൊഴിലിനോടും വിഷയത്തോടുമുള്ള ആത്മാര്‍ഥത അദ്ദേഹത്തെ ഒരു സാധാരണ ഡോക്റ്ററേക്കാള്‍ ഏറെ മുമ്പില്‍ എത്തിക്കാനും ചരിത്രത്തില്‍ വലിയൊരു സ്ഥാനം നേടിക്കൊടുക്കാനും സഹായിച്ചു. ലോകചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഗലീലിയോ.
വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നു ചിന്തിക്കുമ്പോഴും എല്ലാവരും പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. എന്നാല്‍ വിഷയത്തിന്റെ പ്രായോഗികത മനസിലാകാതെ വരിക, പഠനം പരീക്ഷയ്ക്കു വേണ്ടി മാത്രമുള്ളതാണ് എന്ന തെറ്റിദ്ധാരണ, ആരംഭം ശ്രദ്ധിക്കാത്തതിനാല്‍ അതിലെ അവ്യക്തത തുടര്‍ന്നുള്ള പഠനത്തിലും നിലനില്‍ക്കുന്ന അവസ്ഥ എന്നീ കാര്യങ്ങളാണ് ചിലരെ പഠനം എന്നാല്‍ ആരോചകം എന്നവസ്ഥയില്‍ കൊണ്ടെത്തിക്കുന്നത്.
പണ്ടത്തെപ്പോലെ ഗുരക്കന്മാര്‍ ഇപ്പോഴില്ല എന്നുപറഞ്ഞ് നടക്കുന്നവരും ഏറെ! ഫീസ് വാങ്ങുന്നു എന്നാണ് നിലവിലുള്ള അധ്യാപകരെപ്പറ്റിയുള്ള മറ്റൊരു വിമര്‍ശനം. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ പണ്ട് ഗുരുക്കന്മാരുടെ ഇടയിലും ഗുരുദക്ഷിണ എന്ന സമ്പ്രദായം ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്. പഞ്ചപാണ്ഡവരെ ആയുധ വിദ്യകള്‍ പഠിപ്പിച്ചതിനു ശേഷം ദ്രോണാചാര്യര്‍ ആവശ്യപ്പെട്ടത് തന്റെ ശത്രുക്കളെ യുദ്ധത്തില്‍ തോല്‍പ്പിച്ചുവരാനാണ്. ഇതിനെ നാടന്‍ ഭാഷയില്‍ ക്വട്ടേഷന്‍ വര്‍ക്കിനു വിട്ടു എന്നു പറയേണ്ടിവരും. ഇന്നു ഒരു കാരാട്ടെ അധ്യാപകന്‍ ഫീസ് വാങ്ങാതെ വിദ്യാര്‍ഥികളെ അഭ്യസിപ്പിച്ച് അവസാനം ഇത്തരത്തിലുള്ള ഒരു ‘ദക്ഷിണ’ ആവശ്യപ്പെട്ടാലോ? ഗുണ്ടാനിയമപ്രകാരം എല്ലാവരും അകത്തായതു തന്നെ. അതിനാല്‍ ഫീസ് വാങ്ങാതിരിക്കുന്നതിലല്ല മറിച്ച് ഫീസ് വാങ്ങിയാലും അതിനനുസരിച്ച് ആത്മാര്‍ഥ സേവനം നല്‍കുന്നതിലാണ് നല്ല അധ്യാപകന്റെ മിടുക്ക് ഇരിക്കുന്നത്. അധ്യാപനം ആഘോഷിക്കുന്ന ഈ ആഴ്ച എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ നല്‍കി ഈ ലേഖനം പൂര്‍ണമാക്കുന്നതോടൊപ്പം ഏറെ പ്രസക്തമായ ഒരു വാചകം ഉദ്ധരിക്കട്ടേ..’ Teaching is art of knowledge ‘ how to suggest’ and teaching is the profession thet teaches all other profession’.
Generated from archived content: essay1_sep6_13.html Author: praveenvijayan
Click this button or press Ctrl+G to toggle between Malayalam and English