രാമകൃഷ്ണൻ നായർ
കൈപ്പളളി വീട്
കുന്നുപ്പിളളിശ്ശേരി പി.ഒ.
എളവൂർ.
ആൾത്തൂക്കത്തിന്റെ നാടായ എളവൂരിൽ പലരും ഈ മേൽവിലാസം മറന്നുതുടങ്ങി. എളവൂർക്കാവിലെ തൂക്കച്ചാടിൽ മുതുകിൽ പഞ്ചലോഹക്കൊളുത്തിട്ട് ഗരുഡനായും ദാരികനായും ഒരുപാടു കൊല്ലം വഴിപാടുതൂങ്ങിയ കുഞ്ചുനായരെന്ന രാമകൃഷ്ണൻനായർ കാവിലേക്കുപോയിട്ടും നാളുകളേറെയായി. സുഖമില്ലാതായതോടെ പുറത്തിറങ്ങാതായി. കാഴ്‌ചയും മങ്ങി. എളവൂർക്കാവിൽ തൂക്കവും നിന്നു. രാമകൃഷ്ണൻ നായർ പറയുന്നുഃ ‘വഴിപാടുകാരൻ കുംഭമാസത്തോടെ തൂക്കക്കാരന് വാക്കാൽ കച്ചീട്ടു നൽകും. മീനം ഒന്നിന് വ്രതം തുടങ്ങും. മേടപ്പത്തിനാണ് ഭഗവതിക്കാവിൽ തൂക്കം. നാൽപ്പത്തിയൊന്നു ദിവസം കടുത്ത നൊയമ്പാണ്. വ്രതം തുടങ്ങിയാൽ പിന്നെ ’കട്‌ത്തല‘ എന്ന ആയുധവും കൊണ്ടേ തൂക്കക്കാരൻ നടക്കാവൂ.’
എളവൂർക്കാവ്, പളളത്താംകുളങ്ങര, കോട്ടുവളളിക്കാവ്, ആറ്റുപുഴക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലാണ് തൂക്കം നടന്നുവരുന്നത്. ഇതിൽ എളവൂരിലാണ് പച്ചമാംസത്തിൽ കൊളുത്തിട്ട് തൂക്കം നടത്തിയിരുന്നത്. 1987-ൽ സ്വാമി ഭൂമാനന്ദതീർത്ഥയും തൃശ്ശൂരിലെ ഹിന്ദു നവോത്ഥാന പ്രതിഷ്‌ഠാനും എതിർപ്പുകളുമായി രംഗത്തിറങ്ങിയതോടെ എളവൂർക്കാവിൽ തൂക്കം അവസാനിപ്പിച്ചു. പളളത്താംകുളങ്ങരയിലും കോട്ടുവളളിക്കാവിലും ‘കച്ചത്തൂക്കം’ ഇപ്പോഴും നടന്നുവരുന്നു. കുംഭ ഭരണിനാളിലാണ് ഈ ക്ഷേത്രങ്ങളിൽ തൂക്കം നടക്കുന്നത്. കൊളുത്തിനു പകരം കച്ചകെട്ടി അതിൽ നടത്തുന്ന തൂക്കമാണ് കച്ചത്തൂക്കം. തേക്കു തടിയിൽ നിർമ്മിച്ച ചാടിന്മേൽ തൂക്കക്കാരനെ ഉയർത്തുന്നു. നാട്ടുകാർ ചേർന്ന് ഈ ചാട് ഉയർത്തി ക്ഷേത്രത്തിനു ചുറ്റും മൂന്നു വലംവയ്‌ക്കുന്നു.
എളവൂർ തൂക്കവുമായി ബന്ധപ്പെട്ട വിശ്വാസമിങ്ങനെഃ പണ്ട് ഒരിക്കൽ നാടുമുഴുവൻ നടപ്പുദീനം പടർന്നു പിടിച്ചു. മനുഷ്യർ ചത്തൊടുങ്ങി. അനർഥങ്ങൾ പെരുകി. ഒടുക്കം പ്രതിവിധിയായി ദേവീപ്രതിമയ്‌ക്ക് നരബലി വിധിച്ചു. ഓരോ വർഷവും കരയിലെ ഓരോ വീട്ടിൽനിന്നും ഒരാളെ ബലികൊടുക്കണം. ചാടിലേറ്റിയായിരുന്നു ബലി നൽകിയിരുന്നത്. മൃതദേഹം ചാടിൽ നിന്നിറക്കാറില്ലായിരുന്നു. ഭൂതങ്ങളും പക്ഷിപ്രാണികളും ഭക്ഷിച്ച് ഏഴാം നാളിൽ അസ്ഥിപഞ്ജരം മാത്രമായി തൂങ്ങിനിൽക്കും. ഒടുക്കം ഒരമ്മയുടെ ഒരേയൊരു മകന്റെ ഊഴമായി. ബലി കഴിഞ്ഞു. രാത്രിയിൽ തന്റെ മകനെക്കാണാൻ ചെന്ന അമ്മ മകന് ജീവനുളളതായി കണ്ടു. രാത്രിയുടെ മൂന്നാം യാമത്തിൽ പൂജാരിയും വെളിച്ചപ്പാടുമെത്തി മകനെ ചാടിൽനിന്നും താഴെയിറക്കി.
തൂക്കം പ്രധാനമായും മൂന്നുവിധത്തിലാണ്. ഒറ്റത്തൂക്കം, ദാരികത്തൂക്കം, ഗരുഡത്തൂക്കം. ഇതിൽ ചെലവേറിയ തൂക്കങ്ങൾ ദാരികത്തൂക്കവും ഗരുഡത്തൂക്കവുമാണ്. ഇവയ്‌ക്ക് തൂക്കക്കാരനെ അണിയിച്ചൊരുക്കാൻ മുടിയേറ്റു നടത്തുന്നവർ തന്നെ വേണം. പളളത്താംകുളങ്ങരയിലും കോട്ടുവളളിക്കാവിലും ദാരികത്തൂക്കമാണ്. എളവൂരിലെ തൂക്കത്തിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് രാമകൃഷ്ണൻ പറയുന്നുഃ ‘തൂക്കം നടക്കുന്ന ദിവസം രാവിലെ പുറയാറ്റിൽ കുറുപ്പിന്റെ വീരഭദ്രത്തറയിൽ തൊഴുന്നു. വാളും പരിചയും കൊണ്ട് ഒരു പയറ്റും നടത്തണം. പിന്നെ മുടിവെട്ടിയൊതുക്കണം. ചന്തം ചാർത്തലെന്നാണ് ഇതിനു പറയുന്നത്. തുടർന്ന് തൂക്കം നേർന്നിട്ടുളള വഴിപാടുകാരന്റെ വീട്ടിലേക്കു പോകുന്നു. അവിടെ വിഭവസമൃദ്ധമായ സദ്യയും പാൽക്കഞ്ഞിയുമുണ്ടാകും. സദ്യയ്‌ക്ക് വിളമ്പുന്ന സമയത്ത് തൂക്കക്കാരന്റെ ഇടത്തും വലത്തും വിളമ്പുന്നു. അവസാനത്തെ ഭക്ഷണമാണിതെന്നാണ് സങ്കൽപ്പം. പിന്നെ മേളവും ആർപ്പുമായി കാവിലേക്കു നടക്കും. ആദ്യം ചെല്ലുന്നത് കാവിനു വടക്ക് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലാണ്. അവിടെ വച്ചാണ് വേഷഭൂഷകൾ അണിയുന്നത്.’
തൂക്കത്തിനു മുന്നോടിയായി ഇരുപത്തിയൊന്നു ദിവസത്തെ മുക്കൂട്ട് തിരുമ്മലുണ്ട്. പലവിധ എണ്ണകൾ തേച്ച് ചവിട്ടുതിരുമ്മുന്നതിനെയാണ് മുക്കൂട്ട് തിരുമ്മെന്നു പറയുന്ന്. ഈ തിരുമ്മു വഴിയാണ് മാംസവും തൊലിയും തമ്മിലുളള ബന്ധം വിടുവിക്കുന്നത്. ഈ ഭാഗത്താണ് കൊളുത്തുകുത്തുന്നത്. പഞ്ചലോഹം കൊണ്ടു നിർമ്മിച്ച കൊളുത്തു കുത്തുന്നത് പരമ്പരാഗതമായി കോട്ടയ്‌ക്കൽ മേനോൻമാരാണ്. കൊളുത്തുകുത്തുന്ന സമയത്ത് തൂക്കക്കാരന്റെ ഇരുചെവിയിലും രണ്ടുപേർ ഊതുന്നു. കൊട്ടടയ്‌ക്കയും വെറ്റിലയും തൂക്കക്കാരന്റെ വായിലിട്ടു കൊടുക്കുന്നു. ചെമ്പട്ടിന്റെ പാവാടയും ചുവന്ന തലപ്പാവും കഴുത്തിൽ തെച്ചിമാലയും കയ്യിൽ വാളും പരിചയുമാണ് തൂക്കക്കാരന്റെ വേഷം. രാമകൃഷ്ണൻനായർ പറയുന്നുഃ ‘ഒരു പ്രദക്ഷിണം കഴിഞ്ഞ് രണ്ടാം പ്രദക്ഷിണത്തിന് കഴുത്തിലെ തെച്ചിമാല അറുത്തിടണം. തൂക്കക്കാരൻ താഴെ വീഴുന്നതിന്റെ സങ്കൽപ്പമാണിത്.“ കൊളുത്ത് കുത്തി കഴിഞ്ഞ് ചാട് ഉയർത്തുന്നതോടെ തൂക്കക്കാരന് ബോധം വീഴും. താഴെ നിൽക്കുന്നവരെയൊക്കെ വ്യക്തമായി കാണാം. ഒരു തളികകൊണ്ട് ദേവി താങ്ങിയിരിക്കുന്നതുപോലെയാണ്. പടിഞ്ഞാറെ നടയിലെ കാഞ്ഞിരത്തിനടുത്തെത്തുമ്പോൾ പുറയാറ്റിൽ വീരഭദ്രത്തറയിലെ ഹോമാഗ്നി കാണാം. (തൂക്കം നടക്കുന്ന സമയത്ത് പുറയാറ്റിൽ ഹോമം പതിവായിരുന്നു.) തൂക്കച്ചാടിൽ നിന്നിറങ്ങിയാൽ തൂക്കക്കാരനെ ക്ഷേത്രത്തിനു ചുറ്റും ഓടിക്കുന്നു. പിന്നെ കാവിലെ മഞ്ഞപ്രസാദവും വെറ്റിലയും ചേർത്ത് വച്ച് കച്ചമുണ്ടു മടക്കിത്തിരുമ്മികെട്ടും. ആയിരം തിരിയുഴിച്ചിലാണ് അടുത്തചടങ്ങ്.’ ‘അന്നു രാത്രിയിൽ മലർന്നുതന്നെ കിടക്കണം. കിടക്കുന്നതിനു തൊട്ടുമുകളിൽ ഒരു കയർ മുകളിൽ നിന്നും നീട്ടിയിട്ടിരിക്കും. തിരിഞ്ഞു കിടക്കാനും എഴുന്നേൽക്കാനുമുളള സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.’ – രാമകൃഷ്ണൻനായർ ഓർക്കുന്നു. ‘തൂക്കം കഴിഞ്ഞാൽ കൊളുത്ത് എണ്ണയിലിട്ടു കോട്ടയ്‌ക്കൽ മേനോൻമാരുതന്നെ സൂക്ഷിക്കും. പിന്നെ അടുത്ത വർഷം മേടപ്പത്തിന് പനയോലയിൽ പൊതിഞ്ഞ് കൊളുത്ത് കാവിലെത്തിക്കുകയായിരുന്നു പതിവ്’
സ്വന്തം പെങ്ങൾക്കുവേണ്ടിയായിരുന്നു രാമകൃഷ്ണൻനായർ ആദ്യം തൂങ്ങുന്നത്. പിന്നെ മറ്റുളളവരുടെ നേർച്ചകൾക്കും തൂങ്ങാൻ തുടങ്ങി. തുച്ഛമായ പ്രതിഫലമായിരുന്നു ലഭിച്ചിരുന്നത്. തൂങ്ങുന്നതിനു മുൻപായി അധികാരികളായ പറോത്തമ്പുരാന്മാർക്കും കോട്ടയ്‌ക്കൽ മേനോൻമാർക്കും ദക്ഷിണവയ്‌ക്കണം. കാവിലെ ഭഗവതിക്ക് ‘കാവടക്കംപണം’ നൽകണം. തൂക്കം കഴിഞ്ഞാൽ ഏഴാം ദിവസമെ തൂക്കക്കാരൻ കാവിന്റെ നടമുറിച്ചു കടക്കാവൂവെന്നാണ് വിശ്വാസം. ഒരിക്കൽ എന്റെ ഒരളിയൻ മങ്ങാടൻ കുട്ടപ്പൻനായർ കൊളുത്തു നിവർന്ന് ചാടിൽ നിന്നും വീണിട്ടുണ്ട്. മറ്റൊരാളുടെ കഴുത്തിലാണ് വീണത്. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.-രാമകൃഷ്ണൻ നായർ പഴയ ഒരു സംഭവം ഓർമിക്കുന്നു. ആ വർഷം മങ്ങാടൻ കുട്ടപ്പൻ നായരും രാമകൃഷ്ണൻനായരും തൂക്കം ഏറ്റിരുന്നു. ഇതിനിടയിൽ രാമകൃഷ്ണൻനായരുടെ കുട്ടി മരിച്ചു. ‘നായന്മാർക്ക് പുലയില്ലെന്നും തൂങ്ങണമെന്നും വഴിപാടുകാരനും മറ്റു ചിലരും നിർബന്ധച്ചു. മുൻകൂറായി പണം വാങ്ങിയരുന്നതിനാൽ രണ്ടുപേരും മനസ്സില്ലാമനസ്സോടെയാണ് തൂങ്ങാനെത്തിയത്. ആദ്യം ചാടേറിയ കുട്ടപ്പൻനായർ കൊളുത്തു നിവർന്ന് വീണതോടെ ആ വർഷം പിന്നെ തൂക്കം നടത്തിയുമില്ല. പുറത്തെ ഇരുപത്തിയൊന്ന് കൊളുത്തു പാടുകൾ കാണിച്ചുതന്നുകൊണ്ട് പുതിയ തലമുറക്കാരനായ തൂക്കക്കാരൻ തുരുത്തുമ്മൽ സുന്ദരൻനായർ പറയുന്നുഃ’അഞ്ചു തവണ ഞാൻ എളവൂര് തൂങ്ങിയിട്ടുണ്ട്. ഒരുതവണ കൊളുത്തുകുത്തുമ്പോൾ നാല് പാടുകൾ വീതം ഉണ്ടാവും. ഒരിക്കൽ ഊരിക്കുത്തേണ്ടായും വന്നു.‘ എളവൂരിൽ തൂക്കം നിറുത്തിയശേഷം സുന്ദരൻനായർ മറ്റു ചില ക്ഷേത്രങ്ങളിൽ കച്ചത്തൂക്കം നടത്തുന്നുണ്ട്. ദാരിക സങ്കൽപ്പത്തെ മുൻനിറുത്തി പളളത്താംകുളങ്ങരയിലും കോട്ടുവളളിക്കാവിലും വായ്‌ക്കരിക്കാവിലും സുന്ദരൻനായരാണ് തൂക്കം നടത്തുന്നത്.
പഞ്ചലോഹത്തിൽ കൊളുത്തു കാച്ചിയ കരുവാനും തേക്കിൽ ഭഗവതിച്ചാടു ചമച്ച തച്ചനും ഇന്ന് ഓർമകൾ മാത്രമാണ്. കാഞ്ഞിരത്തണലിൽ നിലപാടു നിന്ന തമ്പുരാൻമാരും പനയോലപ്പൊതിയിൽ കൊളുത്തുകാത്ത കോട്ടയ്‌ക്കലെ മേനോന്മാരും കാലത്തിന്റെ മഹാവിസ്മൃതി.
Generated from archived content: thookkam.html Author: praveenayyampilly
Click this button or press Ctrl+G to toggle between Malayalam and English