സുഖം സ്വസ്ഥബന്ധനം

ഇത്തിരിപ്പൂവിന്റെ കവിളിലും

കണ്ണുനീരിറ്റുന്നൊരീ വന്ധ്യകാലപ്പകർച്ചയിൽ

സ്വപ്നങ്ങൾ വറ്റും മണൽക്കാടുകൾ താണ്ടി

ദാഹിച്ചു കാറ്റും മടങ്ങുന്ന സന്ധ്യയിൽ

ഭരണവേതാളങ്ങൾ പാഷാണസൗഖ്യങ്ങൾ

നിത്യം നടിക്കുന്ന വേഷപ്പകർച്ചയിൽ

നഗ്നവാർദ്ധക്യങ്ങൾ ചുക്കിച്ചുളിഞ്ഞളിഞ്ഞസ്ഥി

മാത്രസ്ഥിതം ജന്മം പഴിക്കവെ

നേരിനും നേരായ തമ്പുരാനെ

നിന്റെ പാതാളവാസം സുഖം

സ്വസ്ഥബന്ധനം.

പകൽ വിയർക്കാതെന്നുമത്താഴമുണ്ണുവോർ

പലിശക്കണക്കിലുറക്കം കെടുന്നവർ

നേരും നെറിയും മറന്നുളളിലെപ്പൊഴും

നെറിവുകേടിന്റെ നെരിപ്പോടെരിക്കുവോർ

പടയിലെയൂറ്റവും തോറ്റവും

പടിയടച്ചിന്നിന്റെ കാഴ്‌ചയ്‌ക്കു പണയം കൊടുത്തവർ

ഒരുമയിൽ തനിമയെ കാണാതെ തങ്ങളിൽ

തർക്കിച്ചു വ്യത്യസ്ത ചേരിച്ചേക്കേറുവോർ

നേരിനും നേരായ തമ്പുരാനെ

നിന്റെ പാതാളവാസം സുഖം സ്വസ്ഥബന്ധനം.

അയലത്തെ സൗഖ്യവുമത്താഴപഷ്ണിയും

അന്ധവിശ്വാസങ്ങളെന്നു ചൊല്ലുന്നവർ

‘ആരാന്റെ’യെന്നൊറ്റവാക്കിന്റെ തഴുതിട്ടു

തെരുവിലേക്കുളള തൻ കതകുപൂട്ടുന്നവർ

ഇത്തിരിപ്പെട്ടിക്കാഴ്‌ചകൾ തീർക്കുന്ന

പെട്ടിയിൽപ്പണ്ടേയടക്കം കഴിഞ്ഞവർ

നിത്യം വിളമ്പുന്ന പൈങ്കിളിക്കൊഞ്ചലിൽ

സുഖവിരേചന സായൂജ്യമടയുവോർ

നേരിനും നേരായ തമ്പുരാനെ

നിന്റെ പാതാളവാസം സുഖം

സ്വസ്ഥബന്ധനം.

Generated from archived content: sukham_swastham.html Author: praveenayyampilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here