ഒന്നാമത്തെ താളിൽ
പ്രിൻസിപ്പൽ ലില്ലിക്കുട്ടി ടീച്ചർ,
പേന പിടിച്ചെഴുതും മട്ടിൽ
ഒരു പോസ്……
ഫോൺ വച്ച മേശയ്‌ക്കരികിൽ
മാനേജർ ഹാജിയാർക്ക്
ഒരേ നിസംഗത.
പി.ടി.എ. പ്രസിഡന്റ് കുരുവിളയുടെ
ചിരിക്കുന്ന ക്ലോസ്-അപ്
രണ്ടാം പുറം,
പ്രഫഷണൽ നാടകക്കാരുടെ ഷോക്കാർഡുപോലെ,
റമ്മടിച്ചു തുടുത്ത മുഖം.
പിന്നെ, ഒരു ഗ്രൂപ്പു ഫോട്ടോ
ഇടവിളയായി കുട്ടികൾ.
പിൻനിരയിലെ കല്യാണം കഴിക്കാത്ത
സുന്ദരി ടീച്ചർ,
ക്യാമറയ്‌ക്കപ്പുറത്തെ സാധ്യതകളിലേക്ക്
ഒരു പൂവിരിയുംപോലെ……
വലത്തേയറ്റത്തെ ചേട്ടൻ
‘ഞാനും കൂടിയുണ്ടേ’ – എന്ന മട്ടിൽ
ഓടിക്കയറിയ മാതിരി……..മഴ നനഞ്ഞ്……..
അബേദ്‌ക്കറെ അനുസ്‌മരിക്കുന്നു
അമ്മിണി ടീച്ചർ.
ഓട്ട വീണ ഓസോൺ പാളിയിലൂടെ
ടെൻ-ബിയിലെ റീനാമ്മയുടെ കണ്ണുനീർ.
മേം കർത്താവായി വന്നാൽ
ഹും ചേർക്കുമെന്ന ഹുങ്കിൽ,
ഹിന്ദി മേരി ടീച്ചർ.
സൈൻ തീറ്റയും കോസ് തീറ്റയും മേഞ്ഞ്
കുട്ടിശങ്കര മേനവൻ.
പൂച്ച, റോസാപ്പൂവ്
കുഞ്ഞുങ്ങൾ വരയും പടം.
തൊപ്പി വച്ച സ്‌കൗട്ടുകൾ,
സ്‌കാർഫ് ചുറ്റിയ ഗൈഡുകൾ.
കരുവന്നൂർ ജി.എച്ച്.എസ്
ചരിത്രത്തിലേക്ക് കൂട്ടരേ……..
Generated from archived content: poem1_jan30_07.html Author: praveenayyampilly
Click this button or press Ctrl+G to toggle between Malayalam and English