ഖണ്ഡഹാറിനും ഗീവറീദിനുമിടയിൽ കേട്ടത്‌…….

മുടവൻകുന്നിനു മുകളിൽ നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ക്രിസ്‌തുമസ്‌ രാത്രിയിലായിരുന്നു ആൻസി ഒറ്റയ്‌ക്കായത്‌. ചരൽക്കല്ലുകൾ നിറഞ്ഞ വഴിയിലൂടെ പാതിരാകുർബാന കഴിഞ്ഞ്‌ നടക്കുമ്പോൾ മനസ്‌​‍്സ വെറുതെ ഓരോന്നോർത്ത്‌ അസ്വസ്ഥമാകുന്നത്‌ അവളറിഞ്ഞു. ‘ഒന്നനങ്ങി നടക്ക്‌ പെണ്ണേ, ഇച്ചിര മയങ്ങിയില്ലെങ്കില്‌, ചെന്നിട്ട്‌ നൂറുകൂട്ടം പണിയൊളളതാ’- അമ്മച്ചി ധൃതിവച്ചു. അപ്പനും ഇച്ചായമ്മാരും നാത്തൂനും മുൻപേ നടന്നിരുന്നു.

ധനുമാസത്തിലെ തണുത്തകാറ്റിൽ അകലെയെവിടെയോ ഇരുന്ന്‌ റാക്കിന്റെ ലഹരിയിൽ കർത്താവിനു സ്തോത്രം പാടുന്ന കുഴിവെട്ടി കുഞ്ഞവറാന്റെ ശബ്ദം നേർത്തു കേൾക്കാമായിരുന്നു.

‘നീ വല്യ കമ്പ്യൂട്ടരെഞ്ചിനീരല്ലേ, അവിടെ നെയ്‌റോബിയില്‌ ഏതെങ്കിലും മദാമ്മയേയും കെട്ടി സുഖമായിട്ടങ്ങു കൂടിക്കോ ഈ പാവം നാട്ടിൻപുറത്തെ മണിപ്രവാളക്കാരിയെ മറന്നേക്ക്‌’- അവളുടെ ആത്മഗതത്തിൽ പരിഭവം കലർന്നിരുന്നു.

‘ഓരോന്നു പറഞ്ഞ്‌ ചുമ്മാ നീയെന്നെ പറ്റിയ്‌ക്കും. ക്രിസ്‌തുമസിന്‌ ഒരു സർപ്രൈസുണ്ടെന്നു പറഞ്ഞിട്ട്‌, വെളളകീറും മുൻപ്‌ സഖാവെന്ത്‌ സർപ്രൈസാണാവോ ഉണ്ടാക്കണത്‌? എക്സ്‌ലേറ്റ്‌’ – ആൻസി മനസ്സിൽ പറഞ്ഞു.

ബണ്ഡഹാറിലെ തണുപ്പ്‌ തുളച്ചുകയറുന്നതായിരുന്നു. യാത്രക്കൊരുങ്ങുമ്പോൾ അത്‌ ഇങ്ങനെ ഒരു നിയോഗത്തിലേക്കായിരിക്കുമെന്ന്‌ ഗീവറീദ്‌ ഓർത്തില്ലായിരുന്നു. നെയ്‌റോബിയിൽ യൂ.എസ്‌ എംബസിയിൽ കമ്പ്യൂട്ടർ എൻജിനീയറായ വർഗീസ്‌ ചെറിയാനെന്ന ഗീവറീദിന്‌ യാത്ര പെട്ടന്ന്‌ തരപ്പെട്ടതായിരുന്നു. നെയ്‌റോബിയയിൽ നിന്നും ഡൽഹിയിലേക്കുളള ഫ്ലൈറ്റ്‌ തീവ്രവാദികൾ റാഞ്ചിയെടുത്ത്‌ ഖണ്ഡഹാറിൽ ക്രാഷ്‌ലാന്റ്‌ ചെയ്യിക്കുകയായിരുന്നു.

‘മിഡിൽ ഈസ്‌റ്റിന്റെ സെയ്‌ഫ്‌നസ്‌, പന്നകള്‌’ – വിഭുവിന്റെ ശബ്‌ദത്തിൽ രോഷം കലർന്നിരുന്നു. മാർത്താണ്ഡത്തുകാരൻ വിഭു ഒരു ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറായിരുന്നു. യാത്രതുടങ്ങുമ്പോൾ വിമാനത്തിനകത്തുണ്ടായിരുന്ന ഒരു തരം അരിസ്‌റ്റോക്രാറ്റിക്‌ കലമ്പൽ എപ്പോഴേ കെട്ടടങ്ങിയിരുന്നു. എയർപോർട്ടിൽവച്ച്‌ സഹയാത്രികയായ ബോംബേയിലെ മോഡൽഗേൾ വിജയകല്ല്യാണിയുടെ അനാട്ടമിയെക്കുറിച്ചും ബോംബേയിലെ ജേർണലിസ്‌റ്റുകൾക്കിടയിൽ അവളെക്കുറിച്ച്‌ പ്രചരിച്ചിരുന്ന ഗോസിപ്പുകളെക്കുറിച്ചുമായിരുന്നു അവർ സംസാരിച്ചുകൊണ്ടിരുന്നത്‌. റാഞ്ചിയുടെ കണ്ണുകൾ ഇടയ്‌ക്കിടെ അവളിലുടക്കിയിരുന്നു. അടുത്ത സീറ്റിലിരുന്ന സർദാർജിയുടെ ഗോതമ്പുനിറമുളള കുഞ്ഞ്‌ കരയാൻ തുടങ്ങി. റാഞ്ചികളിലൊരുവൻ ഒരു മിനറൽവാട്ടർ ബോട്ടിൽ തുറന്ന്‌ കുഞ്ഞിനു വെളളം കൊടുത്തു. ‘ഐ വിൽ ബ്ലോട്ട്‌ ദിസ്‌’ – പിറുപിറുത്തുകൊണ്ട്‌ വിഭു എങ്ങിനെയോ ബാഗുതുറന്ന്‌ ക്യാമറയിൽ വിരലമർത്തി. റാഞ്ചിയുടെ ഉരുക്കുമുഷ്‌ടി വിഭുവിന്റെ ചെകിടത്ത്‌ മൂളിപ്പറന്നു. അയാൾ ക്യാമറ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു. ഗീവറീദ്‌ സ്വയം നിയന്ത്രിച്ച്‌ കുനിഞ്ഞിരുന്നു.

‘നിങ്ങളുടെ സർക്കാരിന്‌ ഞങ്ങൾ അന്ത്യശാസനം നൽകിക്കഴിഞ്ഞു. നിങ്ങളുടെ തടവിൽക്കിടക്കുന്ന ഞങ്ങളുടെ നേതാവ്‌ മസൂദ്‌ അലിയെ വിട്ടുതരിക. അല്ലാത്ത പക്ഷം ഒരിന്ത്യൻ പരിഷയും രക്ഷപ്പെടില്ല.’ -കോക്ക്‌പ്പിറ്റിനു പുറത്ത്‌ റാഞ്ചികളിലൊരുവന്റെ ശബ്‌ദം മുഴങ്ങി.

വെളുത്തതാടി നീട്ടിവളർത്തിയ കറുത്ത നീളങ്കുപ്പായക്കാരൻ റാഞ്ചിയെ ഇടവകപളളിയിലെ കത്തനാരച്ചനെപോലെ ഗീവറീദിനു തോന്നി. ഗീവറീദിനു ചുറ്റും കുന്തിരിക്കത്തിന്റെ മണം പരന്നു. കാൽവരിയിലേക്കു കുരിശുചുമന്നു നടന്നുപോയ തന്റെ അപ്പൻ ബീഡിതെറുപ്പുകാരൻ കുര്യാക്കോസിന്റെ ഗന്ധം അവനറിഞ്ഞു. അപ്പൻ പ്രസ്ഥാനത്തിനു വേണ്ടി രക്‌തസാക്ഷിയാകുമ്പോൾ ഗീവറീദ്‌ കുട്ടിയായിരുന്നു. അമ്മ കുഞ്ഞന്നാമ്മയുടെ കൈപിടിച്ച്‌ ചന്തക്കടവിലിരുന്ന്‌ തെറുക്കുന്ന അപ്പന്റെ കണ്ണുവെട്ടിച്ച്‌ അവനും പളളിയിൽ പോയിരുന്നെങ്കിലും അവൻ ആൾത്താരാ ശുശ്രൂഷകരായ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. പാതിരാത്രി വൈകിവന്നു കയറുന്ന അപ്പനെന്നും പാതി ഉറക്കത്തിൽ വച്ചുനീട്ടിയിരുന്ന എളളുണ്ടപ്പൊതിയുടെ മധുരമായിരുന്നു.

‘എല്ലാവർക്കും വേണ്ടിയാ കുര്യാക്കോസ്‌ ചോരചിന്തിയത്‌. സഖാവിന്റേത്‌ കുറ്റമില്ലാത്ത രക്തമായിരുന്നു.’ അപ്പന്റെ സുഹൃത്ത്‌ പുല്ലുവഴിക്കാരൻ മേനോൻസാറ്‌ പറയുമ്പോ അമ്മച്ചി കണ്ണുതുടക്കുകയായിരുന്നു. പിന്നെ ഉറക്കമില്ലാത്ത പല രാത്രികളിലും അമ്മ പറയുമായിരുന്നു ‘മോന്റപ്പൻ സ്‌നേഹോളേളാനായിരുന്നെ’ന്ന്‌.

പിന്നെ കത്തനാരച്ചന്റെ കാരുണ്യം കൊണ്ട്‌ കോളേജിലെത്തി. കുഴമ്പിന്റെ മണമുളള കീറപ്പായിൽ കുഞ്ഞന്നാമ്മ ഒരു വലിയ മൗനമായി. ഒരു ദിവസം കത്തനാരച്ചനെ കാണാനായി ഗീവറീദ്‌ അരമനയിൽ ചെന്നു.

‘ഞാനും അറിയുന്നുണ്ട്‌ ചിലതൊക്കെ നീയും തുടങ്ങിക്കോ അപ്പനെപ്പോലെ തന്നെ. അതുപിന്നെങ്ങനാ വിത്തുഗുണം പത്തുഗുണമെന്നെല്ലേ. ഒടുക്കം….’ -അച്ഛൻ പാതിയിൽ അർത്ഥം വച്ചു നിറുത്തി. ഒരു പ്രതിഷേധമുണ്ടായിരുന്നു അതിൽ.

‘അച്ഛോ, അതീ വ്യവസ്ഥിതിയുടെ….’

‘വ്യവസ്ഥിതി മണ്ണാങ്കട്ട. അവസാനം വ്യവസ്ഥിതി മാറ്റാനിറങ്ങിയ നിന്റപ്പനെന്താ പറ്റീത്‌? ബാവേടെ ചാത്തതിരുനാളുപോലെ കൊല്ലാക്കൊല്ലം ആഘോഷിക്കണുണ്ടല്ലോ ചിലര്‌. കൊടീം, ജാഥേം, മുദ്രാവാക്വോക്കെയായിട്ട്‌ അപ്പനു തെമ്മാടിക്കുഴിയെങ്കിലും കിട്ടി നിനക്കോ?’ -അച്ഛൻ സംസാരിച്ചു തുടങ്ങിയാൽ കുറ്റിയിൽ കെട്ടിയ പശുവിനെപോലെ അതിൽതന്നെ ചുറ്റിക്കറങ്ങുകയേയുളളുവെന്നറിയാമായിരുന്നതിനാൽ ഗീവറീദ്‌ ഇറങ്ങി നടന്നു.

അരമനയ്‌ക്കു പുറത്ത്‌ വഴിയിൽ വാകപൂക്കളും വെയിലും വാടിവീണിരുന്നു.

‘എടാ ഗീവറീദേ, നീ വല്ലാത്തൊരു ഇൻഹിബിഷനിലാ, ഒരുതരം സ്വപ്‌നാടനക്കാരെപോലുളള നിന്റെ ഈ ഗോണികയറ്റമുണ്ടല്ലോ, ജനിതകഗോവണി. എനിക്കു മനസ്സിലാവില്ലാ അത്‌.’ -ഹോസ്‌റ്റലിലെ അലസമായ പകലുകളിൽ റൂംമേറ്റ്‌ സോമസുന്ദരം പറയുമായിരുന്നു. ഗീവറീദിന്റെ ഉച്ചയോർമ്മകളിൽ തോമാശ്ലീഹയുടെ കപ്പലടുത്തു. കോട്ടേക്കാവിൽ സൂര്യനമസ്‌കാരത്തിനു കൈകളുയർത്തിയ നമ്പൂതിരിമാർക്ക്‌ ഗായത്രി പിഴച്ചു. തീർത്ഥജലം വിരലുകൾക്കിടയിലൂടെ ചോർന്നൊഴുകി. ഓരോ തുളളിയും തിരുമുറിവുകളിലെ രക്‌തത്തുളളികളായി. പൂണൂലുപൊട്ടിച്ചെറിഞ്ഞ്‌ അവർ ദൈവപുത്രന്‌ വീഥിയൊരുക്കി. അന്തർജ്ജനങ്ങൾ റൗക്കമാറ്റി ചട്ടയിട്ടു. മാർഗംകളിയുടെ ശീലുകളിൽ തിരുവാതിരത്താളങ്ങൾ നിറഞ്ഞു. പുത്തൻപുരയ്‌ക്കലും ബംബ്ലായിലും നടുമുറ്റത്ത്‌ കർക്കടകം തകർത്തു പെയ്യുന്ന സന്ധ്യകളിൽ തലമുറകൾ മാറിലെ പൂണൂലിന്റെ തഴമ്പുതടവി തനിച്ചിരുന്നു. വടക്കേ മുറ്റത്തെ പുളിക്കൊമ്പിലെ ബലികാക്കകളുടെ കരച്ചിലിൽ പലപ്പോഴും ഗീവറിദിന്റെ സ്വാസ്ഥ്യം കെട്ടു.

കരയിലെ മാർത്തോമക്കാര്‌ മുടിഞ്ഞൊടുങ്ങുകയായിരുന്നു. കെട്ടുപോയ പഴയ തറവാടുകൾ. കുറ്റിയറ്റുകൊണ്ടിരുന്ന തലമുറകൾ. പുത്തൻപുരയിലേയും ബംബ്ലായിലേയും ഇരുളുവീണ നിലവറത്തണുപ്പിൽ ഓട്ടുകിണ്ടികളും കുത്തുവിളക്കുകളും ചങ്ങലവട്ടകയും അനാദിയായ മൗനത്തിൽ മുങ്ങി. അടിച്ചുതളിക്കാരി കുഞ്ഞന്നാമ്മയുടെ മകൻ ഗീവറീദ്‌ പൂർവപിതാക്കന്മാരുടെ കാൽപ്പെരുമാറ്റങ്ങൾ കേട്ടു.

‘ദൈവ വിചാരോണ്ടോ നിനക്ക്‌ പളളിപ്പോവാമ്പറഞ്ഞാ, ചെകുത്താൻ കുരിശുകണ്ടപോലയാ. കുരിശുവരച്ചു കെടന്നാമതി’- ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോൾ അമ്മച്ചി പറഞ്ഞു. കാമ്പസിലെ നെക്‌സലേറ്റ്‌ കുരിശുവരക്കാതെ ദുഃസ്വപ്‌നങ്ങളെ സ്വയം വരിച്ചു സുഖിച്ചു.

‘എടാ ഗീവറീദേ നീ ഫിസിക്‌സും എൻജിനീയറിങ്ങും പഠിക്കണ നേരത്ത്‌ വല്ല ദൈവശാസ്‌ത്രാം പഠിക്ക്‌ നിന്റെ ഒരു ജനിറ്റിക്കൽ ഹാങ്ങ്‌ഓവർ, നിന്റെ മെറ്റീരിയലിസം എന്തു പിണ്ണാക്കാടാ വേ?’-സോമസുന്ദരന്‌ മനസ്സിലാവാഞ്ഞിട്ടോ തന്റെ ചിന്ത വഴിവളഞ്ഞിട്ടോ എന്തോ അവൻ സാധാരണ തർക്കത്തിനു നിൽക്കാറില്ലായിരുന്നു.

രക്തസാക്ഷി ദിനങ്ങളിൽ തൃക്കാക്കരപ്പനെപ്പോലുളള രക്തസാക്ഷി മണ്‌ഡപത്തിൽ അപ്പന്റെ ചിത്രവും അവൻ കണ്ടിരുന്നു.

കിഴക്കൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം കാതോർത്ത്‌ വിളക്കുകൊളുത്തി ഉറക്കമൊഴിച്ച രാത്രികൾ.

പിന്നെ പോലീസ്‌ ജീപ്പ്‌ കത്തിച്ചതിന്റെ പേരിൽ എഞ്ചിനീയറിംങ്ങ്‌ കോളേജ്‌ ഹോസ്‌റ്റലിൽ പോലീസ്‌ റെയ്‌ഡ്‌, വർഗീസ്‌ ചെറിയാനെന്ന ഗീവറീദിന്റെ അറസ്‌റ്റ്‌.

‘ഇനിയെങ്കിലും നിനക്കു മറന്നൂടെ ഇതിങ്ങനെയൊരു ജന്മം. കോടതീം, കേസ്സും, പോലീസ്‌ സ്‌റ്റേഷനുമൊക്കെയായിട്ട്‌, ആൻസി, നിനക്കു പറ്റിയ ഒന്നാന്തരമൊരച്ചായനെ പാലായീന്നോ, തിരുവല്ലായിന്നോ നിന്റപ്പൻ കൊണ്ടത്തരും’- പലവട്ടം ഗീവറീദ്‌ തന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതായിരുന്നു. ജാമ്യത്തിലിറക്കിയത്‌ കത്തനാരച്ചനായിരുന്നു. ആരുടേയോ പുണ്യം കൊണ്ടെന്നപോലെ ഗീവറീദിന്‌ ബോംബേയിലെ ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജോലി കിട്ടി. ആൻസി പറയും അവളുടെ മാത്രം പ്രാർത്ഥനയാണെന്ന്‌. അവിടെ നിന്നും യൂ.എസ്‌.എംബസിയുടെ തെരഞ്ഞെടുപ്പിൽ നെയ്‌റോബിയിലേക്കും. ഇവിടെ ഉയിരിനും മരണത്തിനുമിടയിലുളള ഈ സന്നിഗ്‌ദ്ധത അവളറിയുമ്പോൾ ഒരുപക്ഷെ ‘വ്യോമമാർഗ്ഗത്തിൽ നഷ്‌ടമായ എന്റെ പ്രിയനെ നിനക്കു ഞാനൊരു മേഘസന്ദേശമെഴുതുകയാണെന്നോ മറ്റോ അവൾ കളിപറയുമായിരിക്കും.

റാഞ്ചികളുടെ പത്താൻകണ്ണിൽ മരുക്കാറ്റുവീശിത്തുടങ്ങി. മണലു പറത്തി ചിറിയടിക്കുന്ന കാറ്റ്‌. ഹീറാഗുഹയുടെ കൽച്ചുവരുകൾക്കുളളിൽ നിന്നും പ്രവാചകന്റെ നിലവിളി ഗീവറീദ്‌ കേട്ടു.

’ആത്‌മവീര്യം കെടുംവരെ കാത്തിരുന്നു കാര്യം നടത്താനാണെങ്കിൽ മരണത്തിനല്ലാതെ ഒരു ഡിപ്ലോമസിക്കും ഇതിനു മറുപടി പറയാനാവില്ല.‘- റാഞ്ചികളിലൊരുവൻ മുഴങ്ങുന്ന ശബ്‌ദത്തിൽ വിളിച്ചു പറഞ്ഞു.

ഖണ്‌ഡഹാറിന്റെ ചരിത്രസ്ഥലികളിൽ നിന്ന്‌ ഒരു കരച്ചിൽ ഗീവറീദിനെ തേടിവന്നു. നൂറുമക്കളെ നഷ്‌ടപ്പെട്ട ഒരമ്മയുടെ കരച്ചിൽ.

അന്ത്യശാസനത്തിൽ പറഞ്ഞിരുന്ന സമയം കഴിഞ്ഞു. ഇടവക പളളിയിൽ മണിമുഴങ്ങാൻ തുടങ്ങി. റാക്കിന്റെ ലഹരിയിൽ കടവത്ത്‌ ബാർബർ ഷോപ്പിന്റെ തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന കുഴിവെട്ടുകുഞ്ഞവറാനെ വെയിലു വന്നു വിളിച്ചു. കുഞ്ഞവറാന്റെ ചുണ്ടിൽ ഒരു വക്രിച്ച ചിരി പരന്നു. വീർത്ത കൺപോളകൾ തുടുത്തു. അയാൾ നടന്നു തുടങ്ങി.

ആൻസി രൂപക്കൂടിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ച്‌ ക്രൂശിതന്റെ മുന്നിൽ മുട്ടുകുത്തി. അപ്പോഴും അവളുടെ നനഞ്ഞ കണ്ണുകൾ ഉയിർപ്പിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.

Generated from archived content: gandaharinum.html Author: praveenayyampilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here