ഉപാസന

വിടരും വിഭാതത്തിൽ

പുഞ്ചിരികണക്കിതാ

നില്പതുണ്ടെന്മുന്നിലായ്‌

കാവ്യമാം മനോഹരി!

നിതരാമൊളിചേർന്ന

പ്രകൃതീരഥത്തിലായ്‌

വിലസുന്നിവിടെയെ-

ന്നുയിരിൻ പ്രഭാകണം!

നീരവപദസ്പർശ-

മേകിയെന്നരികിലായ്‌

ദേവതേ! നിറഞ്ഞുനീ

നില്പതുണ്ടറിവുഞ്ഞാൻ.

എങ്കിലും കാൺമതില്ല,

കേൾപ്പതി, ല്ലറിവതി-

ല്ലെങ്ങുപോയ്‌ ക്ഷണനേര-

മെങ്ങുപോയ്‌ മറഞ്ഞു നീ?

എന്നുപാസന നിന-

ക്കായി ഞാൻ നല്‌കീടു,ന്നെൻ

ചിന്തകളർപ്പിക്കുന്നൂ,

നിൻ കരസ്പർശമേല്‌ക്കാൻ!

ഒഴുകാൻ നദികണ-

ക്കാകഴൽ നനച്ചുകൊ,-

ണ്ടുഴിയാൻ പ്രാർത്ഥനത-

ന്നാരതി,തിരുമുമ്പിൽ.

വറുതിക്കിടയിലും,

സമൃദ്ധിക്കിടയിലും, മഹാ-

ശാന്തതയിലു, മേറു-

മാരവത്തിലു,മാർദ്ര-

ഹൃദയത്തിലു, മഹോ!

കല്ലുപോലുറച്ചതാം

ഹൃത്തിലും, മഹാഗ്നിതൻ

ചിന്തിലും, മഴയിലു-

മൊരുപോലലിഞ്ഞു നീ

നർത്തനം ചെയ്‌തീടുന്നെ-

ന്നനഘ പ്രകാശമേ,

വാഴുകീ ഭുവനം നീ!

എങ്ങുപോയൊരുക്ഷണം?

വന്നീടുകതിശീഘ്ര,-

മെന്നുപാസനയിതാ

തുടരുന്നനന്തമായ്‌.

ആണ്ടുകൾ കഴിഞ്ഞിടാ-

മെങ്കിലും പിരിയൊല്ല,

നിന്നിലാണെന്റെ വാഴ്‌വും,

സുഖവും, കിനാക്കളും.

Generated from archived content: upasana.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English